തിരുവിതാംകൂർ ഭൂമിശാസ്ത്രം
(രണ്ടാം ഭാഗം, (നാലാം ക്ലാസിലേയ്ക്ക്))

രചന:സി.ആർ. കൃഷ്ണപിള്ള
അദ്ധ്യായം ൧൧.


[ 51 ]

അദ്ധ്യായം ൧൧.

തിരുത്തുക

അഞ്ചൽ, തപാൽ, കമ്പി.

തിരുത്തുക

ഈ സംസ്ഥാനത്തിനുള്ളിൽ കുടിപാർപ്പുള്ള എവിടെയും എഴുത്തോ ചെറുവക ഉരുപ്പടികളോ പണമോ എത്തിച്ചു കൊടുക്കുന്നതിനു ഗവർമ്മെന്റുവകയായി ഒരഞ്ചൽ ഡിപ്പാർട്ടുമെന്റു് ഏർപ്പെടുത്തിയിട്ടുണ്ടു്. ഏകദേശം അൻപതു കൊല്ലത്തിനു മുമ്പാണു് അഞ്ചൽ എന്ന സമ്പ്രദായം ഇവിടെ സ്ഥാപിച്ചതു്. അതു് ഗവർമ്മെന്റു വകയായ എഴുത്തുകളും വലിയ കൊട്ടാരത്തിലേയ്ക്കു് ആവശ്യമുള്ള കോപ്പുകളും അയയ്ക്കുന്നതിനു മാത്രം ഉദ്ദേശിച്ച ഒന്നായിരുന്നു. പിന്നീടു ക്രമേണ പരിഷ്കരിച്ചു പൊതുജനങ്ങൾക്കു് ഏറ്റവും ഉപകാരമുള്ള ഒരു ഡിപ്പാർട്ടുമെന്റാക്കിത്തീർത്തു. ബ്രിട്ടീഷ് തപാലിനേക്കാൾ ഇതിനു കൂലി കുറവാണു്. എഴുത്തിനു കുറഞ്ഞകൂലി ആറുകാശും പണമയയ്ക്കുന്നതിനു കുറഞ്ഞകൂലി ഒന്നരച്ചക്രവുമാകുന്നു. ബ്രിട്ടീഷുതപാൽ നടപടിയെപ്പോലെ സ്റ്റാമ്പു്, കാർഡ്, മണിയാർഡർഫാറം മുതലായവ ഇവിടെപ്ര [ 52 ] ത്യേകമായി ഉണ്ടു്. തിരുവിതാംകൂർ അഞ്ചൽ ഉരുപ്പടികളെ കൊച്ചീ സംസ്ഥാനത്തും കൊച്ചിയിലുള്ളവയെ ഇവിടെയും വിശേഷാൽകൂലി കൂടാതെ അയയ്ക്കുന്നതിനു് ഏർപ്പാടു ചെയ്തിരിക്കുന്നു. ഹുണ്ടിയും വാല്യൂപേയബിളും സേവിംഗ്സുബാങ്ക്സും നടപ്പാക്കിയതോടുകൂടി ഡിപ്പാർട്ട്മെന്റിനു് അഭിവൃദ്ധിയുണ്ടായി. ഇതിന്റെ ചുമതല വഹിക്കുന്നതു് അഞ്ചൽ സൂപ്രണ്ട് എന്ന് ഉദ്യോഗസ്ഥനാണു്.

ബ്രിട്ടീഷു തപാൽ.

തിരുത്തുക

ഇതു മുഖ്യമായി ഇവിടെനിന്നു് അന്യരാജ്യങ്ങളുമായുള്ള എഴുത്തുകുത്തുകൾ മുതലായവയ്ക്കു് ഉപയോഗപ്പെടുന്നു. ഈ സംസ്ഥാനത്തു് ഇംഗ്ലീഷ്‌വർഷം ൧൮൫൭-ൽ ആണു് ബ്രിട്ടീഷു തപാൽ ഏർപ്പെടുത്തിയതു്. ആദ്യത്തെ ആഫീസു് സ്ഥാപിച്ചതു ആലപ്പുഴയാണു്. താപാലാഫീസുകൾ ധാരാളം നിരന്നിട്ടുണ്ടെങ്കിലും അഞ്ചാലാപ്പീസുകളുടെ തുകയോളം ഇല്ല. എഴുത്തിനു കുറഞ്ഞകൂലി മുക്കാൽ അണയും പണമയയ്ക്കുന്നതിനു രണ്ടണയും ആകുന്നു. ഇതിന്റെ ഭരണാധികാരം ബ്രിട്ടീഷുഗവണ്മെന്റിനാണു്. ഇതുവഴി ഭൂലോകത്തിലെവിടെയും എഴുത്തും സാമാനവും അയയ്ക്കാം. ഇൻഡ്യയ്ക്കു പുറമേ പോകുന്നതിനു കൂലി കൂടുതലുണ്ടു്. എഴുത്തിനു ചുരുങ്ങിയ കൂലി രണ്ടണയാണു്. ഇപ്പോൾ വിമാനംവഴിയും എഴുത്തയയ്ക്കാം. അതിനു കാർഡിനു ൪-അണയും കവറിനു ൮-ണയുമാകുന്നു കൂലി.

ദൂരദേശവർത്തമാനങ്ങൾ ഉടനുടൻ അറിയുന്നതിനും അറിയിപ്പിക്കുന്നതിനും ലോകംമുഴുവൻ മിക്കവാറും ചുറ്റിക്കിടക്കുന്ന കമ്പിത്തപാൽ ഈ സംസ്ഥാനത്തിലേയ്ക്കും നീട്ടപ്പെട്ടിട്ടുണ്ടു്. ഇതു ഇവിടെ നടപ്പാക്കിയതു് ൧൮൬൪-ൽ ആണു്. ആദ്യത്തെ കമ്പിആഫീസും ആലപ്പുഴത്തന്നെ. ഇതുവഴി വർത്തമാനം അറിയിക്കുന്നതു രണ്ടുതരത്തിലാണു്. കുറഞ്ഞതരം ൮ വാക്കിനു ൯ അണയാണു് കൂലി. കൂടിയതു് ൮ വാക്കിനു ൧ രൂപ ൨ ണ കൂലിയുള്ള അടിയന്തരക്കമ്പിയാണു്. അടിയന്തരക്കമ്പി കുറഞ്ഞതരം കമ്പിയേക്കാൾ ക്ഷണത്തിൽ മേൽവിലാസക്കാരനു് കൊടുക്കപ്പെടും. ഇപ്പോൾ ചില സന്ദർഭങ്ങളിൽ അനുമോദനം നൽകുക മുതലായവയ്ക്കു സാധാരണയിൽ കുറഞ്ഞു് ആറു വാക്കിനു് ആറണ എന്നൊരുതരം കമ്പിയും നടപ്പിലായിട്ടുണ്ടു്. ഈ സംസ്ഥാനത്തു തിരുവനന്തപുരത്തും, കൊല്ലത്തും, ആലപ്പുഴയും ഓരോ പ്രധാന കമ്പി ആഫീസും നാഗർകോവിൽ, തക്കല, കുളച്ചൽ, മാർത്താണ്ഡം, നെയ്യാറ്റുങ്കര, ആറ്റുങ്ങൽ, ചെങ്കോട്ട, ചെങ്ങന്നൂർ, [ 53 ] കോട്ടയം, ചങ്ങനാശ്ശേരി, പീരുമേടു, പറവൂർ മുതലായയിടങ്ങളിൽ താണതരം ആഫീസുകളും ഉണ്ടു്. ആവിവണ്ടിപ്പാതആഫീസുകളിൽ കമ്പനിവക ആഫീസുകളും ഉണ്ടു്.