തിരുവിതാംകൂർ ഭൂമിശാസ്ത്രം/അദ്ധ്യായം ൧൨

(തിരുവിതാംകൂർ ഭൂമിശാസ്ത്രം/അദ്ധ്യായം ൧൨. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിരുവിതാംകൂർ ഭൂമിശാസ്ത്രം
(രണ്ടാം ഭാഗം, (നാലാം ക്ലാസിലേയ്ക്ക്))

രചന:സി.ആർ. കൃഷ്ണപിള്ള
അദ്ധ്യായം ൧൨.


[ 53 ]

അദ്ധ്യായം ൧൨.

തിരുത്തുക

ഇക്കഴിഞ്ഞ ൧൯൩൧-ലെ സെൻസസു് പ്രകാരം ഈ സംസ്ഥാനത്തെ ജനസംഖ്യ ഉദ്ദേശം അൻപത്തിഒന്നുലക്ഷമാകുന്നു. ഇതിൽ ഏറെക്കുറെ പകുതിവീതം സ്ത്രീകളും പുരുഷന്മാരുമാണു്. പുരുഷന്മാർ സ്ത്രീകളെക്കാൾ മുപ്പത്തിഅയ്യായിരം കൂടുതൽ ഉണ്ടു്. ജനസംഖ്യയിൽ മുന്നിട്ടുനിൽക്കുന്ന താലൂക്ക് തിരുവല്ലായാണു്. സംസ്ഥാനത്തിന്റെ ക്ഷേത്രഫലം ൭൬൨൫ ചതുരശ്രമൈൽ ആണെന്നു പറഞ്ഞുവല്ലോ. ഈ ക്ഷേത്രഫലംകൊണ്ടു് ആകെയുള്ള ജനസംഖ്യയെ ഹരിച്ചാൽ ശരാശരി ച. മ. ഒന്നിനു് ൬൬൬ ആളുകൾവീതം ഉണ്ടായിരിക്കും. അധികം തിങ്ങികുടിപ്പാർപ്പുള്ളതു തിരുവനന്തപുരം, കരുനാഗപ്പള്ളി, കാർത്തികപ്പള്ളി ഈ താലൂക്കുകളിലാണു്. ഇവിടെ ശരാശരി ച.മ ഒന്നിനു രണ്ടായിരം ആളുകൾ താമസിക്കുന്നുണ്ടു്. ജനസംഖ്യ കുറഞ്ഞ താലൂക്കുകൾ ദേവികുളം, പീരുമേടു് ഇവയാകുന്നു. നമ്മുടെ സംസ്ഥാനത്തെ ഇൻഡ്യയിലെ നാട്ടുരാജ്യങ്ങളോടു താരതമ്യപ്പെടുത്തുന്നപക്ഷം വിസ്തീർണ്ണത്തിൽ ൭-ആമത്തെ സ്ഥാനമാണുള്ളതെങ്കിലും ജനസംഖ്യയിൽ ൩-ആമതായിട്ടു നില്ക്കുന്നതായിക്കാണാം.

ഇവിടെ പലവർഗ്ഗത്തിലുൾപ്പെട്ട ആളുകൾ ഉണ്ടു്. സ്വദേശിയർ സമീപവാസികളിൽനിന്നു ചില വ്യത്യാസങ്ങൾ ഉള്ളവരാണു്. വസ്ത്രധാരണവും അലങ്കാരവും സദേശീയരുടെ ഇടയിൽ ചുരുങ്ങിയമട്ടിലാകുന്നു. ശുദ്ധ വെള്ളവസ്ത്രം ധരിക്കുന്നതിനാണു് ഇഷ്ടമുള്ളതു്. അരയിൽ ധരിക്കുന്നതിനും മേൽഭാഗം മറയ്ക്കുന്നതിനും ഇവർ വെവ്വേറെ മുണ്ടുകൾ ഉപയോഗിക്കുന്നു. ഭക്ഷണത്തിന്റെ രീതിയിലും വിശേഷതയുണ്ടു്. സംസാരിക്കുന്ന ഭാഷ മലയാളമാണു്. തെക്കേ അറ്റത്തു നാഞ്ചിനാട്ടിലും കിഴക്കേ അതിരിൽ ചെങ്കോട്ടയിലും ഭാഷ തമിഴാണു്.

ഇവിടെയുള്ള നാനാജാതിക്കാരെ പ്രധാനമായി മൂന്നു സംഘക്കാരായിട്ടു ഗണിക്കാം. അതായതു്:[ 54 ]

൧. ഹിന്ദുമതത്തിൽ ഉൾപ്പെട്ട ആളുകൾ (മുപ്പത്തിഒന്നുലക്ഷം)
൨. ക്രിസ്തുമതത്തിലുൾപ്പെട്ടവർ (പതിനാറുലക്ഷം)
൩. മഹമ്മദുമതത്തിൽ ഉൾപ്പെട്ടവർ (മൂന്നരലക്ഷം)

൧. ഹിന്ദുമതത്തിൽ ഉൾപ്പെട്ടവർ:-ഇവരുടെ ഇടയിലാണു്, ജാതിവ്യത്യാസം പ്രത്യക്ഷമായിരിക്കുന്നതു്. പ്രധാനജാതിക്കാർ ബ്രാഹ്മണർ, ക്ഷത്രിയർ, നായന്മാർ, ഈഴവർ, ചാന്നാന്മാർ, പുലയർ, പറയർ ഇവരാകുന്നു.

ബ്രാഹ്മണർ:-(അറുപത്തിഎണ്ണായിരം) ഇവരിൽ നമ്പൂരിമാർ, പോറ്റിമാർ, പരദേശബ്രാഹ്മണർ എന്നീ മൂന്നു സംഖക്കാരുണ്ടു്. മലയാളബ്രാഹ്മണർ അധികം വടക്കൻ താലൂക്കുകളിലും പരദേശബ്രാഹ്മണർ തെക്കൻ താലൂക്കുകളിലുമാണു് താമസം. ഇവരുടെ മുഖ്യമായ ധർമ്മം വേദശാസ്ത്രപാരായണമാണു്.

ക്ഷത്രിയർ:-(മൂവായിരം വരും) കോയിത്തമ്പുരാക്കന്മാർ, തമ്പുരാക്കന്മാർ, ഇവരും തമ്പാൻ, തിരുമുല്പാടു മുതലായവരും മലയാളക്ഷത്രിയനാണു്. ആകൃതിയും വേഷവും ആചാരങ്ങളും മലയാളബ്രാഹ്മണരുടേതുപോലെയാണു്. വടക്കൻ താലൂക്കുകളിലാണു് ഇവർ അധികം താമസിക്കുന്നതു്.

നായന്മാർ:-(എട്ടുലക്ഷത്തി അറുപത്തി എണ്ണായിരം) ൧൯൨൧-ലെ സെൻസസ്സുവരെ ഹിന്ദുവർഗ്ഗത്തിൽ ഏറ്റവും കൂടുതൽ നായന്മാരായിരുന്നു. ഇപ്പോൾ രണ്ടാമത്തെ സ്ഥാനമാണു് ഇവർക്കുള്ളതു്. ഇവരുടെ പ്രവൃത്തി മുഖ്യമായി കൃഷിയാണു്. അവകാശക്രമം മരുമക്കവഴി അനുസരിച്ചായിരുന്നു. ഇപ്പോൾ മിക്കവാറും മക്കവഴിയായിത്തീർന്നിട്ടുണ്ട്. മുമ്പു് ഇവർ ധൈര്യശാലികളായ യോദ്ധാക്കന്മാർ ആയിരുന്നു. ടിപ്പുവിന്റെ കാലത്തു നായർപട്ടാളം യൂറോപ്യന്മാരുടെ പ്രശംസയ്ക്കു പാത്രീഭവിച്ചിട്ടുള്ളതാണു്. ഇവരിൽ അനേകം ഉൾപ്പിരിവുകൾ ഉണ്ടു്.

അമ്പലവാസികൾ:-(എണ്ണായിരം) ഇതു ക്ഷേത്രസംബന്ധമായ പണികൾ നടത്തുന്ന മിക്കവർക്കുംകൂടി പൊതുവായുള്ള ഒരു പേരാകുന്നു. ഇവരിൽ വാര്യർ, പുഷ്പകൻ, നമ്പ്യാർ, ചാക്യാർ, പിഷാരടി, കുരുക്കൾ, ഉണ്ണി മുതലായി പല ഇനക്കാർ ഉണ്ടു്, ഇവരെല്ലാം സ്വദേശീയരാണു്.

സാമന്തന്മാർ:-ഇവർ ടിപ്പുവിന്റെ പടയെ പേടിച്ചു് തിരുവിതാംകൂറിൽ അഭയം പ്രാപിച്ച ചില്ലറ നാടുവാഴികളുടെ സന്താനങ്ങൾ ആണു്. പണ്ടാല, ഉണ്ണിയാതിരി, നെടുങ്ങാടി ഇവർ ഈ ഇനത്തിൽ ഉൾപ്പെടുന്നു. ജനസംഖ്യ വളരെ കുറവാണു്. [ 55 ] കൊങ്കിണികൾ:-(ഒൻപതിനായിരം) ഇവർ കൊങ്കണദേശത്തുനിന്നു വന്നിട്ടുള്ളവരാണു്. ഇവരെ ഗൗഡസാരസ്വതർ എന്നും വിളിക്കാറുണ്ടു്. കച്ചവടമാണു് മുഖ്യതൊഴിൽ. ഇവരുടെ വക ആലപ്പുഴ, ചേർത്തല മുതലായ സ്ഥലങ്ങളിൽ തിരുമല ദേവസ്വത്തിലുൾപ്പെട്ട ക്ഷേത്രങ്ങൾ ഉണ്ടു്.

ഈഴവർ:-(എട്ടു ലക്ഷത്തി എഴുപതിനായിരത്തോളം ഉണ്ടു്.) ജനസംഖ്യയിൽ ഹിന്ദുവർഗ്ഗത്തിൽ ഒന്നാമത്തെ സ്ഥാനം ഇവർ വഹിക്കുന്നു. ഇതു നായന്മാരുടെ സംഖ്യയെക്കാൾ അല്പം കൂടുതലാണു്. ഇവർ സിലോണിൽ നിന്നു് ഇവിടെ വന്നു കുടിയേറിപ്പാർത്തവരാണെന്നു ഗണിക്കപ്പെട്ടിരിക്കുന്നു. ഈഴം, സിംഹളം എന്നിവ സിലോണിന്റെ പഴയ പേരുകളാകുന്നു. കൃഷിയും കച്ചവടവുമാണു് പ്രധാന തൊഴിലുകൾ. ഇവർ വ്യവസായശീലന്മാരാകയാൽ അനേക കൈത്തൊഴിലുകളെ സ്വീകരിച്ചുവരുന്നു. അവകാശക്രമം മക്കവഴിയും മരുമക്കവഴിയും രണ്ടുതരത്തിലുണ്ടു്. എന്നാൽ ഇപ്പോൾ മരുമക്കവഴി കുറഞ്ഞും മക്കവഴി കൂടിയും വരുന്നു. ഇവർ വൈദ്യം, ജ്യോതിഷം മുതലായവ അഭ്യസിക്കുന്നതിനു താല്പര്യമുള്ളവരാണു്. പ്രമാണികളിൽ ചിലർക്കു മൂപ്പൻ, ചാന്നാൻ, പണിക്കർ എന്ന സ്ഥാനപ്പേരുകൾ ഉണ്ടു്. ഇവരുടെ വക "ശ്രീനാരായണധർമ്മപരിപാലനയോഗം" മൂലം സമുദായത്തിനു വലിയ ഉണർച്ച ഉണ്ടായിട്ടുണ്ടു്.

ചാന്നാന്മാർ:-(അഞ്ചരലക്ഷം) ഇവർ തെക്കൻതിരുവിതാംകൂറിലേ അധികമുള്ളു. ആകൃതിയും വേഷവും ഭാഷയും തമിഴുരീതിതന്നെ. പനയേറ്റവും കൃഷിയുമാണു് പ്രധാന തൊഴിലുകൾ. കല്ക്കുളം, അഗസ്തീശ്വരം ഈ താലൂക്കുകളിലാണു് അധികം പാർത്തുവരുന്നതു്. ഈ വർഗ്ഗത്തിൽനിന്നു വളരെപ്പേർ ക്രിസ്ത്യാനികളായിട്ടുണ്ട്.

പുലയരും പറയരും:-ഏഴുലക്ഷത്തിൽ കൂടുതൽ ഉണ്ട്. ഈ രണ്ടിൽ പുലയരാണു് അധികം ഉള്ളത്. പറയരുടെ ഇരട്ടിയിലധികം പുലയരാണു്. ഇവർ ഈ സംസ്ഥാനത്തു പുരാതനകാലം മുതല്ക്കേ ഉള്ളവരാണെന്നു വിചാരിക്കപ്പെട്ടിരിക്കുന്നു. നിലംപുരയിടങ്ങളിൽ കൃഷിപ്പണി നടത്തുന്നതു് ഇവരാണു്. ഒരു കാലത്തു ഇവർ അടിമകളായി ഗണിക്കപ്പെട്ടിരുന്നു. എന്നൽ ഇപ്പോൾ സ്വാതന്ത്ര്യമുള്ളവരായിത്തീർന്നിട്ടുണ്ടു്. വളരെ പുരാതനകാലത്തു ഇവരിൽ ചില്ലറ നാടുവാഴികൾ ഉണ്ടായിരുന്നു. തിരുവനന്തപുരത്തിനടുത്തുള്ള "പുലയനാർകോട്ട"യും നെടുമങ്ങാടുള്ള "ഉഴമലയ്ക്ക"ലും, കൊക്കോതമംഗലവും, കൊല്ലത്തിനടുത്തുള്ള ചാത്ത [ 56 ] ന്നൂരും, കൊട്ടാരക്കരയുള്ള 'ചടയമംഗലവും' ഇവരുടെ വകയായിരുന്നു. ഇപ്പോഴത്തെ ഇവരുടെ സാമുദായികസ്ഥിതി വളരെ വ്യത്യാസപ്പെട്ടുവരുന്നു. ഇവരുടെ സാമുദായികപരിഷ്കരണത്തിനു പലരും ശ്രമിക്കുന്നുണ്ടു്. നെയ്യാറ്റിങ്കരത്താലൂക്കിൽ സ്ഥാപിച്ചിട്ടുള്ള ഇവരുടെ വക സധുപരിപാലനസംഘവും, തിരുവല്ലായിലെ ചേരമർമഹാജനസംഘവും, അഖിലേന്ത്യാ ഹരിജനസേവകസംഘവും ഇതിലേയ്ക്കു പ്രത്യേകം ഉതകുന്നവയാണു്. ഈ വർഗ്ഗത്തിൽ നിന്നു ചിലരെ നിയമസഭാമെംബറന്മാരായി തെരഞ്ഞെടുക്കയും ചെയ്തിട്ടുണ്ടു്.

കാട്ടുജാതിക്കാർ:- മൂവായിരത്തോളമേ കണക്കാക്കിയിട്ടുള്ളു. ഇവരെയും ഹിന്തുജനങ്ങളിൽ കൂട്ടാം. മലമുകളിലും മലഞ്ചരിവുകളിലും ആണു് ഇവർ താമസിക്കുന്നതു്. ഇവരിൽ വേലൻ, മലങ്കുറവൻ, മലവേടൻ, കാണിക്കാരൻ എന്നിങ്ങനെ പല ഇനക്കാരുമുണ്ടു്. കപ്പ (മരച്ചീനി) വാഴ മുതലായ കൃഷികൾ ഇവർ മലയിൽ ചെയ്യുന്നു. ഇവർ ക്രമേണ കുറഞ്ഞുവരുന്നു.

ഹിന്ദുവർഗ്ഗത്തിൽപ്പെട്ട ചില ജാതിക്കാർക്കു മുൻപുണ്ടായിരുന്ന അസമത്വങ്ങൾ എല്ലാം ഈയിടപ്രസിദ്ധപ്പെടുത്തിയ തിരുവെഴുത്തുവിളംബരം കൊണ്ടു നീക്കപ്പെടുകയും ജാതിഭേദംകൂടാതെസകലഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശനം ലഭിയ്ക്കയും ചെയ്തിരിക്കുന്നു.

൨. ക്രിസ്തുമതത്തിലുൾപ്പെട്ടവർ:-

ഇവരെ മൂന്നു ഇനക്കാരായി ഗണിക്കാം.

(എ) നാട്ടുക്രിസ്ത്യാനികൾ ....(പതിനാറുലക്ഷം)

(ബി) യൂറേഷ്യന്മാർ ...............(ആറായിരം)

(സി) യൂറോപ്യന്മാർ ..................(അറുനൂറ്)

(ഏ) നാട്ടുക്രിസ്ത്യാനികൾ:-ഇക്കൂട്ടത്തിൽ ലത്തീൻ കത്തോലിക്കരും, സുറിയാനികളും, പ്രോട്ടസ്റ്റന്റുകാരും ഉൾപ്പെടുന്നു.

ലത്തീൻ കത്തോലിക്കക്കാർ അധികം താമസമുള്ളതു സമുദ്രതീരം സംബന്ധിച്ച താലൂക്കുകളിലാണു്. ഇവരുടെ ഭാഷ ഒരുമാതിരി ദുഷിച്ച മലയാളമാകുന്നു. കൃഷിക്കാർ ഇവരുടെ ഇടയിൽ കുറവാണു്. (ജനസംഖ്യ മൂന്നരലക്ഷത്തിൽ കൂടുതലുണ്ടു്.)

സുറിയാനികൾ:-ഇവർ വടക്കൻതാലൂക്കുകളിലാണു് താമസം. ഇവരുടെ തൊഴിൽ കൃഷിയും കച്ചവടവും മറ്റുമാണു്. ഇക്കൂട്ടത്തിൽ പുത്തൻ‌കൂറ്റുകാർ, പഴയകൂറ്റുകാർ, ചർച്ചുമിഷ്യൻകാർ മുതലായ പ്രത്യേക സംഘക്കാർ ഉണ്ടു്. പുത്തൻകൂറ്റുകാർ നാലരലക്ഷത്തിൽ കൂടുതൽ ഉണ്ടു്. പഴയകൂറ്റുകാർ നാലരലക്ഷത്തോളമേയുള്ളു. ചർച്ചുമിഷ്യൻകാരുടെസംഖ്യ എൺപത്തിഅയ്യായിരമാണു്. [ 57 ] പ്രോട്ടസ്റ്റന്റുകാർ:-ഇവരിലധികംഭാഗം തെക്കൻ തിരുവിതാംകൂറിലാണു് താമസം. മിക്കപേരും ലണ്ടൻമിഷ്യൻ സമുദായത്തിൽ ചേർന്നവരാകുന്നു. വേഷവും ഭാഷയും തമിഴുരീതി തന്നെ. തൊഴിൽ കൃഷിയും കച്ചവടവും മറ്റുമാകുന്നു. ഈ കൂട്ടത്തിൽ ഉൾപ്പെട്ടവരാണു രക്ഷാസൈന്യക്കാരും ലൂതറൻകാരും. ലണ്ടൻമിഷ്യൻകാർ ഒന്നരലക്ഷത്തോളം വരും. രക്ഷാസൈന്യക്കാർ അരലക്ഷത്തിൽ കൂടുതൽ ഉണ്ടു്.

(ബി) യൂറേഷ്യന്മാർ:- ഇവരിൽ അധികം പേരും പോർട്ടുഗീസുവംശക്കാരുടെ സന്താനങ്ങളാണു്. ഡച്ചു്, ഇംഗ്ലീഷ്, ഫ്റഞ്ച് മുതലായവരോടു സംബന്ധപ്പെട്ടവരും ഏതാനുംപേർ ഉണ്ടു്. സമുദ്രതീരത്തുള്ള താലൂക്കുകളിലാണു് ഇവർ മിക്കവാറും താമസിക്കുന്നതു്. വസ്ത്രധാരണം ആകപ്പാടെ യൂറോപ്യൻസമ്പ്രദായം തന്നെ. സംസാരിക്കുന്ന ഭാഷ ഇംഗ്ലീഷ് ആകുന്നു. പോർട്ടുഗീസുകാരും ഡച്ചുകാരും പണ്ടു കച്ചവടംനടത്തിവന്ന കൊല്ലം, ആലപ്പുഴ, പറവൂർ മുതലായ പട്ടണങ്ങളിലാണു് ഇവർ അധികം താമസമുള്ളതു്. ഇവരെ ആദികാലത്തു തുപ്പായികൾ എന്നു വിളിച്ചുവന്നിരുന്നു. തുപ്പായി എന്നപദം ദ്വിഭാഷി എന്നതിന്റെ തത്ഭവമാണു്. ഇവർക്കു നാട്ടുഭാഷയും ഒരു യൂറോപ്യൻഭാഷയും അറിയാമായിരുന്നതുകൊണ്ടാണു് ഇങ്ങനെ ഒരു പേർ ഉണ്ടായതു്. ഇവരുടെ സംഖ്യ എണ്ണൂറോളമേയുള്ളു.

(സി) യൂറോപ്യന്മാർ:-ഇവർ സംഖ്യയിൽ വളരെ കുറച്ചേയുള്ളു. എങ്കിലും പ്രാബല്യം കൂടുതൽ ഉള്ളവരാണു്. ഇവിടെതാമസിക്കുന്ന യൂറോപ്യന്മാർ കാപ്പിത്തോട്ടങ്ങളിൽ കൃഷിക്കാരായിട്ടോ ഉയർന്നതരം ഉദ്യോഗസ്ഥന്മാരായിട്ടോ കച്ചവടംനടത്തുന്ന കമ്പനിക്കാരായിട്ടോ ആണു് കാണപ്പെടുന്നതു്. ഇവർ അധികം താമസിക്കുന്നതു് പീരുമേട്ടിലാകുന്നു. ഇവരുടെ വക കൊല്ലത്തു് ഒരു ഓടുയന്ത്രശാലയും, ആലപ്പുഴ ഒരു കയറ്റുയന്ത്രശാലയും ഉണ്ടു്. തിരുവിതാംകൂർ മലകളിൽ കൃഷി ധാരാളമായി ചെയ്വാൻ തുടങ്ങിയതു് ഇവരുടെ പ്രവേശനത്തോടു കൂടിയാകുന്നു. ഇവർ നായാട്ടിലും കുതിരസ്സവാരിയിലും വ്യായാമസംബന്ധമായ കളികളിലും പ്രിയമുള്ളവരാണു്. ഇവരുടെ ആനന്ദത്തിനായി തിരുവനന്തപുരത്തു് അതിമനോഹരമായ ഒരു ക്ലബ്ബ് സ്ഥാപിച്ചിട്ടുണ്ടു്.

മഹമ്മദുമതത്തിൽ ഉൾപ്പെട്ടവർ:-(മൂന്നുലക്ഷത്തി അൻപതിനായിരത്തിലധികം ഉണ്ടു്.) പൊതുവിൽ ഇവരെ മുസൽമാന്മാർ എന്നു വിളിച്ചുവരുന്നു. ഇവർ തലയിൽ സദാ തൊപ്പി [ 58 ] ധരിക്കുന്നുണ്ടു്. ഇവരുടെ ഇടയിൽ മേത്തൻ, ജോനകൻ, തുലുക്കൻ എന്ന വിഭാഗങ്ങളുണ്ടു്.

മേത്തന്മാർ:-(ഒരുലക്ഷത്തി മുപ്പത്തിനാലായിരം) മുൻ കാലങ്ങളിൽ കച്ചവടത്തിനായി അന്യരാജ്യങ്ങളിൽനിന്നു് ഇവിടെവന്നു താമസിച്ച മഹമ്മദീയരുടെ സന്താനങ്ങളാണു്. അവരാൽ മതത്തിൽ ചേർക്കപ്പെട്ടവരും ധാരാളമുണ്ടു്. ഇപ്പോൾ വെച്ചുവാണിഭം എന്നു പറയപ്പെടുന്ന ചില്ലറക്കച്ചവടം നടത്തുന്നതു മിക്കവാറും ഇവരാണു്.


ജോനകർ:-(ഒരുലക്ഷത്തി പതിനായിരം) ഇവരിലധികവും മൈസൂർ രാജാവായിരുന്ന ടിപ്പു മലയാളത്തെ ആക്രമിച്ചപ്പോൾ മഹമ്മദുമതത്തിൽ ചേർക്കപ്പെട്ടവരുടെ സന്താനങ്ങൾ ആണു്. ഇവർ ധൈര്യശാലികളും ഐക്യമുള്ളവരുമാണു്. വടക്കൻ ദിക്കുകളിലാണു് ഇവർ അധികം താമസിക്കുന്നതു്.


തുലുക്കന്മാർ:-(എൺപതിനായിരം) ഇവർ പാണ്ടിദേശത്തുനിന്നു കച്ചവടത്തിനായി ഇവിടെ വന്നിട്ടുള്ളവരാണു്. സുഗന്ധദ്രവ്യങ്ങൾ, മരുന്നുകൾ, പുല്ലുപായ് ഇവയാണു ഇവരുടെ മുഖ്യ കച്ചവടസാധനങ്ങൾ. ഇവരിൽ ചിലരെ റാവുത്തന്മാർ എന്നു വിളിക്കുന്നു.

മേൽപറഞ്ഞ ജാതിക്കാർ കൂടാതെ ഏതാനും ജൂതന്മാരും ബുദ്ധമതസ്ഥന്മാരും തിരുവിതാംകൂറിൽ ഉണ്ടു്. ജൂതന്മാരുടെ സംഖ്യ വളരെ കുറവാണു്. ഉദ്ദേശം മുന്നൂറുപേരേയുള്ളു. ഇവർ പറവൂർ താലൂക്കിലാണു് താമസം. മുൻപു പ്രബലന്മാരായ കച്ചവടക്കാർ ആയിരുന്നു. ഇപ്പോൾ ഇവരിൽ കച്ചവടക്കാരും കൃഷിക്കാരും ഉണ്ടു്.

ബുദ്ധമതക്കാർ:-ഇവർ കാപ്പിത്തോട്ടങ്ങളിൽ കൃഷിക്കായി സിലോണിൽനിന്നു് ഇവിടെവന്നു താമസിച്ചു വരുന്നവരാണു്. ഇവർ ദൃഢഗാത്രന്മാരും പരിശ്രമശീലരും ആകുന്നു. ആകെ ൬൭ പേരേയുള്ളു. ഒരുകാലത്തു ബുദ്ധമതം ഇവിടെ വ്യാപിച്ചിരുന്നുവെന്നുള്ളതിനു് അമ്പലപ്പുഴയ്ക്കു കിഴക്കു കാണുന്ന കരുമാടിക്കുട്ടനും ചിന്നിച്ചിതറി അവിടവിടെ കാണുന്ന മറ്റു വിഗ്രഹങ്ങളും സാക്ഷ്യം വഹിക്കുന്നുണ്ടു്.