തിരുവിതാംകൂർ ഭൂമിശാസ്ത്രം/അദ്ധ്യായം ൪
←അദ്ധ്യായം ൩. | തിരുവിതാംകൂർ ഭൂമിശാസ്ത്രം (രണ്ടാം ഭാഗം, (നാലാം ക്ലാസിലേയ്ക്ക്)) രചന: അദ്ധ്യായം ൪. |
അദ്ധ്യായം ൫.→ |
അദ്ധ്യായം ൪.
തിരുത്തുകകായലുകൾ.
തിരുത്തുകകിഴക്കുഭാഗത്തു മലയും, കുന്നും, കാടും, തോടും കാഴ്ചയ്ക്കു എത്ര മനോഹരങ്ങളായിരിക്കുന്നുവോ അപ്രകാരംതന്നെ പടിഞ്ഞാറുഭാഗത്തു സമുദ്രതീരത്തോടടുത്തു കിടക്കുന്ന കായലുകളും മനോഹരങ്ങളായിരിക്കുന്നു. കായലുകൾ എന്നു് ഇവിടെ പറയുന്നതു പടിഞ്ഞാറുവശത്തു സമുദ്രത്തിൽനിന്നും കരയ്ക്കുള്ളിലേയ്ക്കു തള്ളിക്കിടക്കുന്ന ജലാശയങ്ങളെയാണു്. ഇവകൾ കിടപ്പുകൊണ്ടും പരപ്പു കൊണ്ടും മന്ദമായി വീശുന്ന കാറ്റുകൊണ്ടും, കരകളിൽ തിങ്ങിനില്ക്കുന്ന തെങ്ങു മുതലായ വൃക്ഷങ്ങളെക്കൊണ്ടും പ്രശോഭിതങ്ങളായിരിക്കുന്നു. കച്ചവടസൗകര്യത്തിനും ഗതാഗതങ്ങൾക്കും സമീപദേശങ്ങളുടെ അഭിവൃദ്ധിക്കും ഇവ വളരെ ഉപയുക്തമായിരിക്കുന്നുണ്ടു്. മിക്ക കായലുകളും സമുദ്രത്തോടു നേരിട്ടോ തോടുമുഖേനയോ സംബന്ധപ്പെട്ടവയാണു്. ചില കായലുകൾ വർഷകാലത്തു മാത്രമേ സമുദ്രത്തോടു സംബന്ധിക്കപ്പെട്ടിരിക്കുന്നുള്ളു. അല്ലാത്തപ്പോൾ ഇടയ്ക്കു മണൽത്തിട്ടയുണ്ടായിരിക്കും. ഇതിന്റെ പേർ പൊഴി എന്നാണു്. പൊഴിമുറിയുമ്പോൾ സമുദ്രത്തോടു ചേരും. സദാ സമുദ്രത്തോടു തൊട്ടുകിടക്കുന്ന ഭാഗങ്ങളെ അഴി എന്നു പറയുന്നു. കായലുകളിലെ വെള്ളം ഉപ്പുള്ളതാണു്. ഏറ്റം ഇറക്കം മുതലായ മാറ്റം കായലുകൾക്കും ഉണ്ടു്. ഏറ്റം സമയത്തു് ഏകദേശം മൂന്നടി വെള്ളം പൊങ്ങും. ആറുകൾവഴി ആണ്ടുതോറും വളരെ വളം കായലുകളിൽ വന്നു ചേരുന്നു. അതുകൊണ്ടു് അധികം ആഴമില്ലാത്ത ഭാഗങ്ങൾ ചിറയിട്ടെടുത്തു ചിലപ്പോൾ കൃഷി ചെയ്യപ്പെടുന്നുണ്ടു്. കായലുകളിൽ പലമാതിരി മത്സ്യം, ചീങ്കണ്ണി, മുതല, നീർനായ് മുതലായവ കാണപ്പെടുന്നു. കരകളിൽ ഒതളം ഒട്ടൽ പന്ന മുതലായവ ധാരാളം ഉണ്ടാകുന്നു. ഏകദേശം തെക്കേ അറ്റം മുതൽ വടക്കേ അറ്റംവരെ സമുദ്രതീരത്തുകൂടി കായലുകൾ ഉണ്ടു്. തിരുവനന്ത [ 21 ] പുരംമുതൽ വടക്കോട്ടുള്ള കായലുകൾ തോടുകളാലും ആറുകളാലും യോജിപ്പിക്കപ്പെട്ടിരിക്കുന്നു. തെക്കു രണ്ടു കായലുകളാണു പറയത്തക്കവയായിട്ടുള്ളതു്. അവ അഗസ്തീശ്വരം താലൂക്കിൽ ചേർന്ന മണിക്കുടിക്കായലും നെയ്യാറ്റുങ്കരത്താലൂക്കിൽ ചേർന്ന വെള്ളായണിക്കായലുമാകുന്നു. കുട്ടനാട്ടിൽ ചെയ്തുവരുന്നമാതിരി പുഞ്ചൿകൃഷി അപൂർവമായി വെള്ളായണിയിലും ചെയ്യാറുണ്ടു്. വടക്കോട്ടുള്ള കായലുകളെ തിരുവനന്തപുരംമുതൽ മുറയ്ക്കു താഴെ വിവരിക്കുന്നു.
൧. വേളീക്കായൽ:-ഇതു തെക്കുവടക്കു ഒരു നാഴിക നീളത്തിൽ കിടക്കുന്നു. കിഴക്കേക്കര പാറക്കൂട്ടങ്ങളോടുകൂടിയ ഒരു ചെറിയ കുന്നാണു്. ഈ കുന്നിന്റെ പേരു "പുലയനാർകോട്ട" എന്നാകുന്നു. ഇവിടെ ഒരു പുലയൻപ്രഭു ഉണ്ടായിരുന്നു എന്നും ചുറ്റുപാടും സ്ഥലങ്ങൾ അയാളുടെ അധീനത്തിലായിരുന്നു എന്നും കേൾവിയുണ്ടു്. ഇതിന്റെ താണ ചരിവിലും, മറ്റു കരകളിലും തെങ്ങിൻതോപ്പുകൾ ഉണ്ടു്. തിരുവനന്തപുരം പട്ടണത്തിൽനിന്നും നാലുനാഴികയിലധികം ദൂരമില്ലാത്തതുകൊണ്ടു വിശേഷദിവസങ്ങളിൽ പട്ടണവാസികളായ യുവാക്കൾ ഇവിടെ വള്ളംകളി മുതലായ ആഘോഷങ്ങൾ നടത്തുന്നതിനു് എത്താറുണ്ടു്. കായലും കുന്നും കാഴ്ചയ്ക്കു വളരെ മനോഹരങ്ങളാണു്. ഇതിനെ ചാക്കയിൽതോടു തിരുവനന്തപുരം പട്ടണത്തോടു ചേർക്കുന്നു.
൨. കഠിനകുളം:-ഇതു് തിരുവനന്തപുരംതാലൂക്കിന്റെ വടക്കേ അതിർത്തിയിലാണു്. നീളം ഏകദേശം മൂന്നുനാഴികയുണ്ടു്. ചാന്നാങ്കരത്തോടു വേളീക്കായലിനെ കഠിനംകുളത്തിനോടു ചേർക്കുന്നു. ഈ തോടു വെട്ടപ്പെട്ടതു് പാർവ്വതിറാണിയുടെ കാലത്താണു്. കരകളിൽ തെങ്ങുകൃഷിയുണ്ടു്.
൩. അഞ്ചുതെങ്ങിൽകായൽ:-ഇതു് ചിറയിൻകീഴുതാലൂക്കിന്റെ പടിഞ്ഞാറുഭാഗത്താണു്. ഇതിനു വടക്കാണു കോഴിത്തോട്ടംകായൽ. രണ്ടുംകൂടി രണ്ടുനാഴിക നീളമുണ്ടു്. ഇതിൽ വീഴുന്ന വാമനപുരം ആറ്റിന്റെ മുഖത്തുള്ള പൊഴിയെ "മുതലപ്പൊഴി" എന്നു വിളിക്കുന്നു. കഠിനംകുളംകായലിനെ ചിറയിൻകീഴുതോടു് അഞ്ചുതെങ്ങിനോടു ചേർക്കുന്നു. ഈ കായലുകളുടെ കരകളിൽ തെങ്ങുകൃഷി സാമാന്യത്തിലധികം നന്നായി ചെയ്യുന്നുണ്ടു്. ചുറ്റും താമസിക്കുന്ന ഈഴവർ പരിശ്രമശീലന്മാരാണു്. ഈ കായലിന്റെ പടിഞ്ഞാറുവശത്തുള്ള ഇടുങ്ങിയ കരയാണു് ബ്രിട്ടീഷുകാരുടെ വക അഞ്ചുതെങ്ങു്.
൪. ഇടവാ, നടയറ:-ഇവയും ചിറയിൻകീഴുതാലൂക്കിൽ ഉൾ [ 22 ] പ്പെട്ടവതന്നെ. ചൊവ്വില്ലാതെ വളഞ്ഞുതിരിഞ്ഞാണു കിടപ്പു്. കരകൾ വളരെ ഉറപ്പുള്ളവയും ഇടുങ്ങിയവയുമാണു്. ആഴം കൂടുതൽ ഉണ്ടു്. കാറ്റുള്ളപ്പോൾ ഇതിലെ കാറ്റും ഓളവും വളരെ വൈഷമ്യമുള്ളവയാണു്. വർഷകാലത്തു ചിലപ്പോൾ വള്ളങ്ങൾക്ക് അപകടം സംഭവിക്കാറുണ്ടു്. രണ്ടിനുംകൂടി തെക്കുവടക്കു നീളം നാലുമൈൽ വരും. കോഴിത്തോട്ടത്തെ ഇടവാക്കായലിനോടുചേർക്കുന്നതു വർക്കലത്തോടാണു്. ഇതിൽ രണ്ടു പ്രസിദ്ധ തുരങ്കങ്ങൾ ഉണ്ടു്. വർക്കലക്കുന്നു തുരന്നുണ്ടാക്കീട്ടുള്ള ഈ തുരങ്കങ്ങൾ വഴിയാത്രക്കാർക്കും കച്ചവടക്കാർക്കും വളരെ സൗകര്യത്തെ കൊടുത്തിരുന്നു. വലിയ തുരപ്പിനു് ൨൩൬൪ അടിയും ചെറിയ തുരപ്പിനു് ൯൨൪ അടിയുമാണു നീളം. തെക്കേ തുരപ്പാണു് ചെറുതു്. ഇവ രണ്ടും പണികഴിപ്പിച്ചതു് ആയില്യംതിരുനാൾ മഹാരാജാവിന്റെ കാലത്താണു്. ഈ തുരപ്പിന്റെ തെക്കുവശത്തു സമുദ്രം ആക്രമിച്ചുവരുന്നു. അതിനെ തടുക്കാനായി അനവധി ദ്രവ്യം ചെലവുചെയ്തു എൻജിനീയർവേലകൾ നടത്തീട്ടുണ്ടു്. വർക്കലത്തോടും തുരപ്പുകളുംകൂടി ഏഴുമൈൽ നീളമുണ്ടു്. ഇവയുടെ പണിയും തൂക്കായുള്ള ഉറച്ച കരകളും അവയെ അലങ്കരിക്കുന്ന പന്ന, ഈന്തൽ, കൈത, ഞാറ മുതലായ ചെടികളും വളരെ മനോഹരങ്ങൾ ആണു്.
൫. പരവൂർക്കായൽ:-ഇതു കൊല്ലംതാലൂക്കിൽ ചേർന്നതാണു്. ഇതും ഇതോടു ചേർന്നുകിടക്കുന്ന ഇരവിപുരംകായലുംകൂടി അഞ്ചുമൈൽ നീളമുണ്ടു്. കിഴക്കേവശം കുന്നും, മറ്റുതീരങ്ങൾ മണൽപ്രദേശങ്ങളുമാണു്. നടയറക്കായലിനെ പരവൂരിനോടു ചേർക്കുന്നതു പരവൂർതോടാകുന്നു. പാർവ്വതിറാണിതിരുമനസ്സിലെ കാലത്താണു് ഈ തോടു വെട്ടിച്ചിട്ടുള്ളതു്. തോട്ടിന്റെ ഇരുകരകൾക്കും വളരെ പൊക്കമുണ്ട്. ഈ കായലിന്റെ കിഴക്കേക്കരയിൽ വടക്കുമാറി ഭൂമിക്കടിയിൽ സിമന്റുപാറയും തെക്കുമാറി കൽചുണ്ണാമ്പും ഉള്ളതായി അറിയപ്പെടുന്നു.
൬. അഷ്ടമുടിക്കായൽ:-ഇതും കൊല്ലംതാലൂക്കിൽ ചേർന്നതു തന്നെ. കിടപ്പു കിഴക്കുപടിഞ്ഞാറു നീളത്തിലാണു്. തിരുവിതാംകൂറിലെ മറ്റു കായലുകളെ അപേക്ഷിച്ചു് ഇതു് അഷ്ടമുടിയുടെ ഒരു വിശേഷയോഗ്യതയാകുന്നു. നീളം ൧൦-മൈൽ. ഇതിനു പല ഉൾക്കായലുകൾ ഉണ്ടു്. പ്രധാനമായി എട്ടു ശാഖകൾ ഉള്ളതുകൊണ്ടാണു് "അഷ്ടമുടി" എന്നു പറയുന്നതു്. അഷ്ടമുടിയുടെ കിഴക്കുള്ള കാഞ്ഞിരക്കോട്ടുകായൽ രുചിയും ഗുണവുമുള്ള മത്സ്യങ്ങൾക്ക് പ്രസിദ്ധപ്പെട്ടതാണു്. കൊല്ലത്തിനു സമീപം കുരുവി [ 23 ] പ്പുഴ, തേവള്ളി മുതലായ ഭാഗങ്ങൾ ഓളംകൊണ്ടും കാറ്റു് പിശറു് മുതലായവകൊണ്ടും അപകടകരങ്ങളാകുന്നു. ഇവയുടെ കരയ്ക്കുള്ള തേവള്ളിക്കൊട്ടാരം, ആശ്രാമത്തു റസിഡൻസി, കുരുവിപ്പുഴ ബംഗ്ലാവു് മുതലായ കെട്ടിടങ്ങൾ വിശേഷാലങ്കാരങ്ങൾ ആണു്. ഈയിടെ സ്ഥാപിച്ച "കുണ്ടറ" പിഞ്ഞാൺവ്യവസായശാല അഷ്ടമുടിയുടെ തെക്കുകിഴക്കെക്കരയിൽ സ്ഥിതിചെയ്യുന്നു. കൊല്ലംതോടു പരവൂർക്കായലിനെ അഷ്ടമുടിയോടു ചേർക്കുന്നു. അഷ്ടമുടിയുടെ കരകളും കാഴ്ചയ്ക്കു മനോഹരങ്ങളാണു്. നീണ്ടകര അഴി ഇതിനെ സദാ സമുദ്രത്തോടു യോജിപ്പിക്കുന്നു. നീണ്ടകര അഴിക്കു കുറുക്കെ ഈയിടെ പണിതീർക്കപ്പെട്ട വലിയ ഇരുമ്പുപാലം സംസ്ഥാനത്തെ എൻജിനീയർവേലകളിൽ മാന്യസ്ഥാനത്തെ അർഹിക്കുന്ന ഒന്നാണു്. ഈ അഴിയിൽകൂടി പത്തേമാരികൾ പോക്കുവരത്തുചെയ്യുന്നു. ഇതിനു പാലത്തിൽ വിശേഷസൂത്രപണികൾ ചെയ്തിട്ടുണ്ടു്.
൭. കായംകുളത്തുകായൽ:-ഇതു കരുനാഗപ്പള്ളി കാർത്തികപ്പള്ളി ഈ താലൂക്കുകളിൽ കിടക്കുന്നു. പരന്നതും ആഴമില്ലാത്തതുമാണു്. ഈ കായലിന്റെ അഴിയിൽകൂടി ചെറുതരം ഉരുക്കൾ ഉള്ളിൽകടന്നു മുൻപു് കായംകുളംപട്ടണത്തിലെ കച്ചവടത്തിനു പ്രസിദ്ധിയുണ്ടാക്കിയിരുന്നു. പണ്ടു് ഈ കായലിൽ കള്ളന്മാരുടെ ശല്യമുണ്ടായിരുന്നിട്ടുണ്ടു്. "കായംകുളം കൊച്ചുണ്ണി", "ആറാട്ടുപുഴ വേലായുധൻ" എന്ന പേരുകൾ ഇപ്പോഴും ഭയത്തെ ഉണ്ടാക്കുന്നവയാണു്. മുമ്പു് ഇതിന്റെ കരയിൽ ഒരു ചെറിയപോലീസ്സുസ്റ്റേഷനും അവിടവിടെ രണ്ടുമൂന്നു കാവൽസ്ഥലങ്ങളും ഉണ്ടായിരുന്നു. ഇതിനു ചുറ്റുമുള്ള കരകൾ കൃഷിക്കു പ്രസിദ്ധപ്പെട്ടവയാണു്. സമീപവാസികൾ മിക്കവാറും സമ്പന്നന്മാരാകുന്നു. ചവറ, പന്മന മുതലായ തോടുകളും മഞ്ഞപ്പാടം, പൊന്മന, ആയിരംതെങ്ങു് എന്ന കായലുകളും അഷ്ടമുടിയെ കായംകുളത്തോടു യോജിപ്പിക്കുന്നു.
൮. വേമ്പനാട്ടുകായൽ:-ഇതു് അമ്പലപ്പുഴ, ചങ്ങനാശ്ശേരി, കോട്ടയം, വൈക്കം, ചേർത്തല ഈ താലൂക്കുകളുടെമദ്ധ്യേകിടക്കുന്നു. കൊച്ചീസംസ്ഥാനത്തിന്റെ തെക്കെഅറ്റം ഇതിനെ തൊട്ടാണു് കിടക്കുന്നതു്. ഇതിനു ഏകദേശം ൩൦-മൈൽ നീളമുണ്ടു്. ശരാശരി വീതി ൯-മൈൽ. ഈ സംസ്ഥാനത്തിലുള്ള കായലുകളിൽ വെച്ചു് ഏറ്റവും വലുതു് ഇതാണു്. തൃക്കുന്നപ്പുഴത്തോടു്, തോട്ടപ്പള്ളി, കരുമാടി ഈ തോടുകളും പമ്പാനദിയുടെ ശാഖകളായ പൂക്കൈതയാറും പള്ളാത്തുരുത്തിയാറും കായംകുളത്തു കായലിനെ [ 24 ] വേമ്പനാട്ടു കായലിനോടു ചേർക്കുന്നു. തണ്ണീർമുക്കം കൈതപ്പുഴ മുതലായ ഭാഗങ്ങൾ അപകടസ്ഥാനങ്ങളാണു്. നമ്മുടെ ആലപ്പുഴ, കോട്ടയം, ചങ്ങനാശ്ശേരി ഈ പട്ടണങ്ങളും കൊച്ചിയും തമ്മിലുള്ള ഗതാഗതസൗകര്യത്തിനു് ഇതിൽകൂടി ആവിബോട്ടു നടത്തപ്പെടുന്നു. കരയ്ക്കുസമീപം ഈ കായലിന്റെ ചില ഭാഗങ്ങൾ ചിറയിട്ടെടുത്തു് പുഞ്ചക്കൃഷിചെയ്തുവരുന്നു. ഈ കായലിൽ ഒന്നു രണ്ടു ദ്വീപുകൾ ഉണ്ടു്. അവയിൽ വലതു് പാതിരാമണലാണു്. പള്ളിപ്പുറവും പെരുമ്പളവും വേമ്പനാട്ടുകായലിൽ ദ്വീപുകളുടെ കൂട്ടത്തിൽ ഗണിക്കത്തക്കവയാണു്. കൊച്ചീലഴി ഇതിനെ സദാ സമുദ്രത്തോടു യോജിപ്പിക്കുന്നു. അഴിക്കുള്ളിൽകൂടി വൻകപ്പലുകളെ അകത്തുകടത്തി കച്ചവടത്തെ അഭിവൃദ്ധമാക്കുന്നതിനു തുറമുഖപ്പണികൾ മിക്കവാറും തീർന്നുകഴിഞ്ഞിട്ടുണ്ടു്. ഇതുനിമിത്തം യൂറോപ്പു് അമേരിക്ക മുതലായ ഖണ്ഡങ്ങളുമായി കപ്പൽവ്യാപാരത്തിനു ശക്തികൂടിവരുന്നു.
൯. കൊടുങ്ങല്ലൂർകായൽ:-ഇതു തിരുവിതാംകൂറിനും കൊച്ചിക്കും ഇടയ്ക്കുള്ള ഒരു കായലാണു്. പറവൂർത്താലൂക്കിന്റെ വടക്കാണു് കിടപ്പു്. വേമ്പനാട്ടുകായലിനെ കൊടുങ്ങല്ലൂരിനോടു യോജിപ്പിക്കുന്നതു വീതി നന്നാക്കുറഞ്ഞു നെടുനീളത്തിലുള്ള ഒരു ജലാശയമാണു്.
൧൦. ശാസ്താംകോട്ടക്കായൽ:-ഇതിന്റെ കിടപ്പു സമുദ്രതീരത്തല്ല. അഷ്ടമുടിക്കായലിനു വടക്കുകിഴക്കുമാറി കുന്നത്തൂർ താലൂക്കിലാണു്. വെള്ളം ഉപ്പുള്ളതല്ല. ഈ സംസ്ഥാനത്തെ ശുദ്ധജലതടാകങ്ങളില്‌വച്ചു വലുതു് ഇതാണു്. തോവാളത്താലൂക്കിലെ താഴക്കുടികുളവും, കല്ക്കുളം താലൂക്കിലെ മേക്കോട്ടുകുളവും ചെറിയ തടാകങ്ങളാണെന്നു പറയത്തക്ക വലിപ്പമുള്ളവയാണു്.
മേൽ വിവരിക്കപ്പെട്ട കായലുകളിൽ അഷ്ടമുടിയും വേമ്പനാടും മാത്രമേ സദാ സമുദ്രത്തോടു തൊട്ടുകിടക്കുന്നുള്ളു. മറ്റു കായലുകൾ ഏറക്കുറെ വർഷകാലത്തു പൊഴിമുറിഞ്ഞു സമുദ്രവുമായി യോജിച്ചിരിക്കും. അഷ്ടമുടിയെ യോജിപ്പിക്കുന്ന അഴിക്കു നീണ്ടകര അഴിയെന്നും വേമ്പനാട്ടിനെ യോജിപ്പിക്കുന്നതിനു കൊച്ചീലഴിയെന്നുമാണു് പേരുകൾ. നീണ്ടകര അഴിക്കു കുറുക്കെ ഇപ്പോൾ പാലം പണിയിച്ചിട്ടുണ്ടു്. പൊഴികളിൽ പ്രധാനപ്പെട്ടവ പരവൂരും കായംകുളവുമാണു്. വടക്കുപടിഞ്ഞാറേ ഭാഗത്തു കൊച്ചിയുടേയും തിരുവിതാംകൂറിന്റേയും ഇടയ്ക്കു് അതിർത്തിയിൽ അന്തകാരഅഴി കിടക്കുന്നു. [ 25 ]സമുദ്രതീരം.
തിരുത്തുകഈ സംസ്ഥാനത്തിനു ൧൬൮-മൈൽ സമുദ്രതീരം ഉണ്ടു്. ഇതു തിരമറിഞ്ഞു വീഴുന്ന കടൽക്കരയിൽനിന്നും ഒരു ഫർലാംഗ് വീതിയിൽ കുറവില്ലാത്തപരന്നുതാണമണൽപ്രദേശമാണു്. അവിടവിടെ ഉറച്ചു് അല്പം ഉന്തിനിൽക്കുന്ന മുനമ്പു് ഉണ്ടു്. കന്യാകുമാരി, മുട്ടം, കോവളം, വർക്കല, തങ്കശ്ശേരി മുതലായ മുനമ്പുകൾ (കോടികൾ) ഉറപ്പുള്ളവയാണു്. സമുദ്രതീരം മിക്കവാറും തെങ്ങുകളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്നു. കടപ്പുറത്തെ മണലിന്റെനിറം സാധാരണയായി മഞ്ഞൾ കലർന്ന ഒരു ഇരുണ്ട നിറമാണെങ്കിലും ഇവിടത്തെ സമുദ്രതീരത്തു ചിലയിടങ്ങളിൽ പലനിറത്തിലുള്ള മണൽ കാണുന്നുണ്ടു്. കന്യാകുമാരിയിലെ മണൽ തരത്തിലും നിറത്തിലും നാനാവിധമായിട്ടുള്ളതാണു്. ഇരുണ്ട ചുവപ്പുനിറത്തിലുള്ള ഒരുതരം മണൽ ഇവിടുന്നു അന്യരാജ്യങ്ങളിലേക്കു കയറ്റി അയയ്ക്കുന്നുണ്ടു്. "മാണോസൈറ്റു്" എന്നാണു് ഇതിന്റെ പേരു്. ഇതു് അവിടെ പലകൈത്തൊഴിലുകൾക്കും ഉപകരിക്കുന്നുണ്ടത്രേ. കൊല്ലത്തിനു വടക്കു, കുറേദൂരം കറുത്തിരുണ്ടതും മിനുസമുള്ളതുമായ ഒരുവക നല്ല പൊടിമണൽ ഉണ്ടു്. ഒപ്പുകടലാസ്സു ധാരാളമായി വന്നുതുടങ്ങുന്നതിനു മുമ്പു് എഴുതിയ മഷി ഉണക്കുന്നതിനു് ഈ മണൽ ഉപയോഗപ്പെടുത്തി വന്നിരുന്നു. തിരുവനന്തപുരത്തിനു പടിഞ്ഞാറുഭാഗത്തു പരന്നുകിടക്കുന്ന ശുദ്ധവെള്ളയായും നേർമ്മയായും ഉള്ള പൊടിമണൽ കാഴ്ചയ്ക്കു കൗതുകകരമായിട്ടുള്ളതാണു്. ഇതിനെ രസികൻകുന്നെന്നാണു് വിളിച്ചു വരുന്നതു്.
തുറമുഖങ്ങൾ. ഈ സംസ്ഥാനത്തിൽ നെടുനീളത്തിൽ കിടക്കുന്ന സമുദ്രതീരത്തെ മുറിച്ചു വിടുവിക്കുന്നതിനായി അനേകം നദീമുഖങ്ങളും കായൽ സംബന്ധിച്ച ഏതാനും അഴികളും ഉണ്ടു്. നദികളുടെ മുഖം പരന്ന ചെറിയ കായലുകളുടെ സ്ഥിതിയെ പ്രാപിച്ചിരിക്കുന്നു. വലിയ തുറമുഖങ്ങൾ അധികമില്ലെങ്കിലും കാറ്റും പിശറുമുള്ളകാലങ്ങളിൽ കപ്പലിനു രക്ഷ നല്കത്തക്കതായ സ്ഥലങ്ങൾ ഏതാനും ഉണ്ടു്. ഇവയിൽവച്ചു ഏറ്റവും പ്രധാനമായതു് ആലപ്പുഴയാണു്. ഇവിടെ കരയിൽനിന്നും മൂന്നുമൈൽ അകലെയായി ഒരു ചിറ സമുദ്രത്തിനുള്ളിലുണ്ടു്. ചെളിയാൽ നിർമ്മിതമായ ഈ ചിറ പുറക്കാട്ടിനു തെക്കുവരെ ഉദ്ദേശം ആറുമൈൽ നീളത്തിൽ നീണ്ടുകിടക്കുന്നു. ഭയങ്കരമായ കാറ്റുള്ളപ്പോൾ കപ്പലുകൾക്കു് ഇവിടെ നിർഭയമായി നിൽക്കാം. കൊല്ലം കുളച്ചൽ, അഞ്ചുതെങ്ങു്, വിഴിഞ്ഞം, പൂവാറു്, മണക്കുടി ഇവയും തുറമുഖങ്ങളാണു്. തിരുവനന്തപുരം പട്ടണത്തിനു പടിഞ്ഞാറുള്ള 'വ [ 26 ] ലിയതുറ' ഗണ്യമായ ഒരു തുറമുഖമായി ഭവിച്ചിരിക്കുന്നു. സദാ കാറ്റുകൊണ്ടു ക്ഷോഭിച്ചിരിക്കുന്നതായ കന്യാകുമാരിക്കു വടക്കായി ലീപുരത്തിനടുത്തു ശ്രീമുലപുരത്തു് ഒരു തുറമുഖം സ്ഥാപിക്കാൻ ചെയ്ത ശ്രമം ഫലവത്തായില്ല. കുളച്ചലിനു സമീപം മുട്ടത്തും കൊല്ലത്തു തങ്കശ്ശേരിയിലും ആലപ്പുഴയും ഓരോ ദീപസ്തംഭം പണികഴിപ്പിച്ചിട്ടുണ്ടു്. തിരുവനന്തപുരത്തും ആലപ്പുഴയും ഓരോ കടൽപ്പാലവും തീർത്തിട്ടുണ്ടു്.
തീരസ്ഥലങ്ങളിൽ ചിലേടത്തു സമുദ്രംകയറി ആക്രമിച്ചിട്ടുള്ളതായും മറ്റു ചിലേടത്തു പിൻവാങ്ങിയിട്ടുള്ളതായും കാണുന്നുണ്ടു്. തൃക്കുന്നപ്പുഴ കടപ്പുറത്തു തിരമാലകളുടെ ഇടയിൽകൂടി ചിലപ്പോൾ കാണാവുന്ന ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും പുറക്കാട്ടു കാണാവുന്ന കോട്ടയുടെ അംശങ്ങളും കടൽകയറിയതിനുള്ള ലക്ഷ്യങ്ങളാണു്. ഇരണിയൽ ചിലേടത്തും അമ്പലപ്പുഴയും സമുദ്രം പിൻവാങ്ങിയതായും കാണുന്നു. ഈയിടെ കൊല്ലത്തു തങ്കശ്ശേരിയിലും കല്ക്കുളത്തു കുളച്ചലിലും സമുദ്രം ആക്രമിച്ചു വളരെ നാശങ്ങൾ ചെയ്തിട്ടുണ്ടു്. സമുദ്രതീരത്തു് അവിടവിടെ ഭഗവതി ക്ഷേത്രങ്ങൾ ഉണ്ടു്. ഇവയും മലവാരത്തുള്ള ശാസ്താക്കളും പരശുരാമപ്രതിഷ്ഠകളാണെന്നു ഊഹിക്കപ്പെട്ടിരിക്കുന്നു.