തിരുവിതാംകൂർ ഭൂമിശാസ്ത്രം
(രണ്ടാം ഭാഗം, (നാലാം ക്ലാസിലേയ്ക്ക്))

രചന:സി.ആർ. കൃഷ്ണപിള്ള
അദ്ധ്യായം ൮.


[ 38 ]

അദ്ധ്യായം ൮.

തിരുത്തുക

തിരുവിതാംകൂറിലെ മുഖ്യതൊഴിൽ കൃഷിതന്നെ. കച്ചവടം കൈത്തൊഴിൽ മുതലായവ ചുരുക്കമാണു്. ആകെയുള്ള ജനസംഖ്യയിൽ മുക്കാൽഭാഗവും കൃഷിക്കാരാണു്. സ്വദേശികളിൽ കച്ചവടക്കാർ അധികംപേർ ഇല്ല. പ്രധാന കൈത്തൊഴിലുകളെ താഴെ വിവരിക്കുന്നു.

൧. വസ്ത്രം നെയ്യുക:-ഇരണിയൽ, കോട്ടാർ, ഉണ്ണാവിളക്കട, അമരവിള, ബാലരാമപുരം, കുന്നത്തൂർ, കൊല്ലം, കോട്ടയം, പറവൂർ ഇവിടങ്ങളിൽ വസ്ത്രം നെയ്യുന്നു. പട്ടാൎയ്യർ, പട്ടുനൂൽക്കാർ, ചാലിയന്മാർ, ഈഴവർ, ചെട്ടികൾ മുതലായ ജാതിക്കാരാണു് ഇതു സാധാരണമായി നടത്തിവരുന്നതു്. പട്ടാൎയ്യന്മാർ പണ്ടു ചേരമാൻപെരുമാളാൽ കാശിയിൽനിന്നു് ഇവിടെ കൊണ്ടുവരപ്പെട്ടവരാണെന്നു പറഞ്ഞുവരുന്നു. കോട്ടാർ കവണികളും [ 39 ] ഇരണിയൽ നേര്യതും പ്രസിദ്ധങ്ങളാണു്. കോട്ടയത്തും കോട്ടാറ്റും ഉടുപ്പിനുള്ള പലമാതിരി ചെക്കുതുണികൾ ഉണ്ടാക്കുന്നുണ്ടു്. കൊല്ലത്തു തുണികൾ നെയ്യുന്നതിനു വേണ്ട നൂൽ ഉണ്ടാക്കുന്നതിന്നു ഒരു യന്ത്രം സ്ഥാപിച്ചിട്ടുണ്ടു്. ഇപ്പോൾ ഇവിടെയും പലവിധ തുണികൾ നെയ്യുന്നു. യന്ത്രസ്ഥാപകന്മാർക്കു് ഇതുകൊണ്ടു വളരെ ആദായമുള്ളതിനു പുറമെ വളരെപ്പേരുടെ ഉപജീവനമാർഗ്ഗവും ഇതിനാൽ ലഭിക്കപ്പെടുന്നു.

൨. ഓട്ടുപാത്രങ്ങൾ വാർക്കുക:-കോട്ടാർ, കൊല്ലം, വാഴപ്പള്ളി, ചങ്ങനാശ്ശേരി, മാന്നാർ, ഇടപ്പള്ളി, രാമമംഗലം ഈ സ്ഥലങ്ങൾ വാർപ്പുപണിക്കു പ്രസിദ്ധങ്ങളാണു്. കന്നാൻ, ആശാരി, മൂശാരി മുതലായവർ വാർപ്പുപണികളിലും, തുലുക്കന്മാർ ആ വക സാമാനങ്ങളെ കച്ചവടം ചെയ്യുന്നതിലും സാധാരണയായി ഉൾപ്പെട്ടിരിക്കുന്നു. ആറന്മുളയിൽ ഓടു വാർത്തു മിനുക്കി കണ്ണാടി ഉണ്ടാക്കുന്നതിനു സമർത്ഥന്മാരായ തൊഴിലാളികൾ ഉണ്ടു്. ഇവരുടെ ആറന്മുളക്കണ്ണാടി പ്രസിദ്ധപ്പെട്ടതത്രെ.

൩. കയറുപിരിക്കുക:-ചിറയിൻകീഴുമുതൽ വടക്കോട്ടു കായൽ‌വാരങ്ങളിൽ താമസിക്കുന്നവർ ഈ തൊഴിൽ ചെയ്തുവരുന്നു. വക്കം, ചവറ, പന്മന, തേവലക്കര ഇവ ഈ വകയ്ക്കു പ്രസിദ്ധപ്പെട്ടിരിക്കുന്നു. കയറുപിരിക്കുന്നതിനും വടം മുറുക്കുന്നതിനും കയറ്റുപായ് നെയ്യുന്നതിനും രണ്ടു യന്ത്രം ആലപ്പുഴെ സ്ഥാപിച്ചിട്ടുണ്ടു്.

൪. തേങ്ങാ കരിമ്പു മുതലായവ ആട്ടുക:-വടക്കൻ‌താലൂക്കുകളിൽ മിക്കവാറും നടപ്പിൽ ഉണ്ടു്. വെളിച്ചെണ്ണ ആട്ടിയെടുക്കുക തൊഴിലായി സാധാരണ നടത്തിവരുന്നവർ വാണിയന്മാർ എന്നൊരു ജാതിക്കാരാകുന്നു. വെളിച്ചെണ്ണ ആട്ടിയെടുക്കുന്നതിനു ആവിയന്ത്രങ്ങൾ ആലപ്പുഴ, ചേർത്തല, കൊല്ലം മുതലായ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുണ്ടു്.

കരിമ്പ് ആട്ടിയെടുക്കുന്നതിനു തിരുവല്ലാത്താലൂക്കിൽ ഇരമല്ലിക്കരെ ഒരു ആവിയന്ത്രം സ്ഥാപിച്ചിട്ടുണ്ടു്. കോട്ടയംതാലൂക്കിൽ 'പുന്നത്തറ' എന്ന സ്ഥലത്തും കല്ക്കുളത്തു 'തക്കല'യിലും പഞ്ചസാരയന്ത്രങ്ങൾ സ്ഥാപിച്ചിരുന്നു. പുന്നത്തറയിലേതു നിന്നു പോയി. തക്കലയിലേതു് അമാന്തത്തിൽ കിടന്നുവെങ്കിലും ഇപ്പോൾ ഊർജ്ജിതത്തിൽ പ്രവർത്തിച്ചുവരുന്നു.

൫. കൊപ്രാവെട്ടു്:-തേങ്ങാ അധികമുള്ള സ്ഥലങ്ങളിലൊക്കെ ഈ പ്രവൃത്തിയുണ്ടു്. നായന്മാർ, ഈഴവർ, മാപ്പിളമാർ, മഹമ്മദീയർ ഇവരെല്ലാം ഈവകയിൽ ഉത്സാഹികളാണു്. [ 40 ] ൬. പായ് നെയ്യുക:-മെത്തപ്പായ് വിശേഷതരത്തിൽ തഴവാ, കായംകുളം, കൊല്ലം മുതലായ ദിക്കുകളിലും, പുല്പായ് കോട്ടാറ്റും, പനയോലപ്പായ് തെക്കൻ താലൂക്കുകളിലും, വേമ്പായ്, നെടുമങ്ങാടും ഉണ്ടാക്കുന്നു.


൭. മദ്യങ്ങൾ വാറ്റിയെടുക്കുക:-വടക്കൻ താലൂക്കുകളിൽ നിന്നു തെങ്ങിൻകള്ളും, ചൂണ്ടപ്പനക്കള്ളും, തെക്കൻതാലൂക്കിൽനിന്നു കരിമ്പനക്കള്ളും (അക്കാനി) എടുക്കുന്നുണ്ടു്. ഇവയെ വാറ്റിയാണു് ലഹരിയുള്ള ചാരായങ്ങൾ ഉണ്ടാക്കപ്പെടുന്നതു്. ഈ കള്ളുകളിൽ നിന്നു കരിപ്പുകട്ടി ഉണ്ടാക്കപ്പെടുന്നു. ധാരാളമുള്ളതു പനങ്കരിപ്പുകട്ടിയാണു്. കുളച്ചൽ തുറമുഖംവഴി അസംഖ്യം കരിപ്പുകട്ടി അന്യരാജ്യങ്ങളിലേയ്ക്കു് അയയ്ക്കപ്പെട്ടിരുന്നു. ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ (തെക്കൻ ദിക്കുകളിൽ) ചാന്നാന്മാരാണു്. പനകളുടെ പുറത്തുനിന്നു് ഒരുമാതിരി നാരു ശേഖരിച്ചു് ഈയിടെ യൂറോപ്പിലേയ്ക്കു അയയ്ക്കപ്പെടുന്നുണ്ടു്. ഇതു ബ്രഷ് മുതലായവ ഉണ്ടാക്കുന്നതിനാണുപോൽ.

൮. ചിത്രവേലകൾ:-ഇതിനു സമർത്ഥന്മാരായിട്ടു പലയിടത്തും ആളുകൾ ഉണ്ടു്. പനയോല, കയറു്, ദന്തം, മരം മുതലായവകൊണ്ടു വളരെ വിശേഷമാതിരിയിൽ അലങ്കാരസാധനങ്ങൾ ഉണ്ടാക്കപ്പെടുന്നു. ചിത്രപ്പണിക്കൾക്കായി തിരുവനന്തപുരത്തു സ്ഥാപിച്ചിട്ടുള്ള കരകൗശലശാലയിലെ കൈത്തൊഴിൽഫലങ്ങൾ പ്രദർശനാവസരങ്ങളിൽ വലുതായ പ്രശംസയ്ക്കു പാത്രീഭവിച്ചിട്ടുണ്ടു്. പൊൻ, വെള്ളി ഇവകൊണ്ടു വിശേഷമാതിരി ആഭരണങ്ങൾ ഉണ്ടാക്കുന്നവരും വളരെപ്പേരുണ്ടു്.

൯. മൺപാത്രങ്ങൾ:-ഈ രാജ്യത്തു് മിക്കയിടങ്ങളിലും കളിമണ്ണുമെനഞ്ഞു പാത്രങ്ങൾ ഉണ്ടാക്കപ്പെടുന്നു. അവയിൽ പ്രധാനമായവ തോവാളത്താലൂക്കിൽ താഴക്കുടിയും കല്ക്കുളം താലൂക്കിൽ തഴക്കരയും ചെങ്ങന്നൂരിനടുത്തുള്ള കല്ലിശ്ശേരിയുമാകുന്നു. ഇതു കൂടാതെ ഓടുണ്ടാക്കുന്നതിനും പലയിടങ്ങളിലും യന്ത്രങ്ങൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ടു്. കൊല്ലത്തും മുളമൂട്ടിലുമുള്ളവ പ്രസിദ്ധങ്ങളത്രേ.

൧൦. റേന്ത:-ഇതു നൂലുകൊണ്ടുണ്ടാക്കപ്പെടുന്ന ഒരു വിശേഷമാതിരി നാടയാകുന്നു. ക്രിസ്ത്യാനിസ്ത്രീകൾ ഇതിനെ അവരുടെ വസ്ത്രത്തിൽ അലങ്കാരമായി കുത്തിപ്പിടിപ്പിക്കുന്നു. കൊല്ലം, തങ്കശ്ശേരി, നാഗർകോവിൽ, മുളകുമൂടു് ഈ സ്ഥലങ്ങളിലെ നാട്ടുക്രിസ്ത്യാനിസ്ത്രീകളാണു് പ്രധാനമായും ഈ തൊഴിലിൽ ഉൾപ്പെട്ടിരിക്കുന്നതു്. [ 41 ] ൧൧. മറ്റു തൊഴിലുകൾ:-കടലാസുണ്ടാക്കുന്നതിനു പുനലൂരും തീപ്പെട്ടിക്കു പുനലൂരും ആലുവായ്ക്കടുത്ത മുടിയ്ക്കലും യന്ത്രശാലകൾ ഉണ്ടു്. ഈയിട തിരുവനന്തപുരത്തു് ഒരു റബ്ബർവ്യവസായശാല സ്ഥാപിതമായിട്ടുണ്ടു്. കൊല്ലത്തു് പറങ്കിയണ്ടിവ്യവസായം അഭിവൃദ്ധമായി ഭവിക്കുന്നു. ഇതിനടുത്തു 'കുണ്ടറ'യിൽ പിഞ്ഞാൺ വ്യവസായശാല സ്ഥാപിച്ചുവരുന്നു.

കച്ചവടം.

തിരുത്തുക

സമുദ്രതീരത്തു് ഒന്നുരണ്ടു വലിയ തുറമുഖങ്ങൾ ഉള്ളതുകൊണ്ടും രാജ്യത്തിനുള്ളിൽ കായൽ, ആറു്, തോടു്, റോഡു്, റെയിൽപാത മുതലായി ജലമാർഗ്ഗമായും കരമാർഗ്ഗമായും സഞ്ചരിക്കുന്നതിനു വേണ്ട സൗകര്യങ്ങൾ ഉളതുകൊണ്ടും രാജ്യത്തിന്റെ അന്തർഭാഗങ്ങൾ തമ്മിലും പൊതുവിൽ അന്യരാജ്യങ്ങളുമായിട്ടും ഇവിടെ കച്ചവടം നടത്തുന്നതിനെളുപ്പമുണ്ടു്. തിരനെൽവേലി, മധുര, കോയമ്പത്തൂർ, കൊച്ചി ഈ രാജ്യങ്ങളുമായിട്ടാണു് കരമാർഗ്ഗമായുള്ള കച്ചവടം നടത്തിവരുന്നതു്. കച്ചവടക്കാർ പരദേശബ്രാഹ്മണർ, ചെട്ടികൾ, തുലുക്കന്മാർ മുതലായവരാണു്. കൊച്ചി, ബാംബെ, സിലോൺ, ഇംഗ്ലണ്ടു് ഈ സ്ഥലങ്ങളുമായി ജലമാർഗ്ഗമായി കച്ചവടം നടത്തുന്നുണ്ടു്. തുറമുഖങ്ങളായ കൊല്ലം, ആലപ്പുഴ, കുളച്ചൽ ഈ സ്ഥലങ്ങളിൽ താമസിച്ചുവരുന്ന യൂറോപ്യന്മാരും സേട്ടന്മാരുമാണു് പ്രധാന കച്ചവടക്കാർ. സ്വദേശിയരിൽ കച്ചവടക്കാർ വളരെ ചുരുക്കമാണു്. തുറമുഖങ്ങളിൽ കപ്പൽക്കാർക്കു സഹായമായിരിക്കാൻ തക്കവണ്ണം ദീപസ്തംഭങ്ങൾ പണികഴിപ്പിച്ചിട്ടുണ്ടു്. ആലപ്പുഴയും കുളച്ചലുമുള്ള ദീപസ്തംഭങ്ങൾ തിരുവിതാംകൂർ സർക്കാർവകയും കൊല്ലത്തു തങ്കശ്ശേരിയിലുള്ളതു ബ്രിട്ടീഷ് വകയുമാണു്. ഈ സംസ്ഥാനത്തെ വലിയ കച്ചവടം ആലപ്പുഴയാണു്. ഈ പട്ടണത്തിന്റെ സ്ഥാപകൻ വിശ്രുതനായ രാജാകേശവദാസൻ അത്രേ. കൊച്ചി തുറുമുഖപ്പണികൾ പൂർത്തിയായാൽ നമ്മുടെ വിദേശീയക്കച്ചവടം അധികവും അതുവഴിയായിരിക്കും നടക്കുന്നതു്.

ഏറ്റുമതിച്ചരക്കുകൾ:-ഇവിടെനിന്നു് അന്യരാജ്യങ്ങളിലേയ്ക്കു് അയയ്ക്കുന്ന സാമാനങ്ങൾക്കു് ഏറ്റുമതിച്ചരക്കുകൾ എന്നു പറയപ്പെടുന്നു. അങ്ങനെ അയയ്ക്കപ്പെടുന്നവ ഇവിടെ ധാരാളം ഉണ്ടാകുന്നവയും, ഇവിടെ ഉള്ളവരുടെ ആവശ്യം കഴിഞ്ഞു ബാക്കിയുള്ള സാധനങ്ങളിൽ അന്യരാജ്യക്കാർക്കു് ഉപയോഗമുള്ളവയുമാണല്ലോ. നെല്ലു് ഇവിടത്തെ പ്രധാന കൃഷിയാണെങ്കിലും [ 42 ] ആവശ്യത്തിനു തക്കവണ്ണംപോലും ഉണ്ടാകാത്തതിനാൽ ഏറ്റുമതി ചെയ്യപ്പെടുന്നില്ല. തേങ്ങ, കൊപ്ര, വെളിച്ചെണ്ണ, കയറു്, ചകരി, കരിപ്പുകട്ടി, ശർക്കര, മരച്ചീനി, കൂവപ്പൊടി, വെട്ടുപാക്കു്, നല്ലമുളകു്, ഏലം, തേയില, റബ്ബർ, കൂന്തുരുക്കം, തടി, തോൽ, പുളി, പാത്രങ്ങൾ, ഉപ്പുമീൻ, എണ്ണക്കുരുക്കൾ മുതലായവയാണു് പ്രധാന ഏറ്റുമതിച്ചരക്കുകൾ.

ഇറക്കുമതിച്ചരക്കുകൾ:-അന്യരാജ്യങ്ങളിൽ നിന്നു് ഇവിടെ കൊണ്ടുവരപ്പെടുന്ന സാമാനങ്ങൾക്കു് ഇറക്കുമതിച്ചരക്കുകൾ എന്നു പേർപറയുന്നു. ഇവ ഈ സംസ്ഥാനത്തുള്ളതുകൊണ്ടു മതിയാകാഞ്ഞതുകൊണ്ടോ തീരെ ഇല്ലാത്തതുകൊണ്ടോ ഇവിടത്തെ ഉപയോഗത്തിനായി അന്യരാജ്യങ്ങളിൽനിന്നു കിട്ടുന്നവയാണു്. അവ നെല്ലു്, ജവുളി (തുണിച്ചരക്കു്) സ്ഫടികസാമാനങ്ങൾ, കടലാസു്, കത്തികൾ, മദ്യങ്ങൾ, മരുന്നുകൾ, പുകയില, യന്ത്രങ്ങൾ, നാഴികമണി, കുട, വ്യഞ്ജനം, മണ്ണെണ്ണ, നൂൽ, ഉപ്പു് മുതലായവയാണു്.

ഇപ്പോഴത്തെ കണക്കിൻപ്രകാരം ഈ സംസ്ഥാനത്തിലെ ആകെ കച്ചവടത്തുക പതിനാറുകോടിയിൽ ചില്വാനം രൂപയാണു്. അതിൽ ഏകദേശം പകുതിവീതം ഇറക്കുമതികൾക്കും കണക്കാക്കിയിരിക്കുന്നു. ഈ ചരക്കുകൾക്കു തീരുവ (ചുങ്കം) ഏർപ്പെടുത്തിയിട്ടുണ്ടു്. ഇവ മുഖ്യമായി പുകയില, കറുപ്പു്, മദ്യം മുതലായ ഇറക്കുമതിച്ചരക്കുകൾക്കും കൊപ്ര, വെളിച്ചെണ്ണ, ഏലം മുതലായ ഏറ്റുമതിച്ചരക്കുകൾക്കും ആണു്. ഇവയിൽനിന്നുള്ള തീരുവ ഈടാക്കുന്നതിനു ചവുക്കകൾ ഏർപ്പെടുത്തിയിട്ടുണ്ടു്. പ്രധാന ചവുക്കസ്ഥലങ്ങൾ അരൂക്കുറ്റിയും ആരുവാമൊഴിയുമാണു്. ഉപ്പു് സർക്കാർമുഖാന്തിരം വരുത്തി പണ്ടകശാലകളിൽ ശേഖരിച്ചു വിറ്റുവരുന്നു. തീരുവ ഇനത്തിൽ ഉദ്ദേശം നാല്പതുലക്ഷം രൂപാ മുതലെടുക്കുന്നുണ്ടു്.

സംസ്ഥാനത്തിനുള്ളിൽ സാമാനങ്ങൾ ശേഖരിച്ചു് അവിടവിടെയായി കച്ചവടം നടത്തുന്നതിനു് അനേകം ചന്തകൾ ഏർപ്പെടുത്തിയിട്ടുണ്ടു് ഇവയിൽ പ്രധാനപ്പെട്ടവ തെക്കൻ തിരുവിതാംകൂറിൽ തിങ്കളാഴ്ചച്ചന്ത, കനകമൂലച്ചന്ത (വടശ്ശേരിച്ചന്ത) കളീക്കവിളച്ചന്ത ഇവയും വടക്കു ശാസ്താംകോട്ട, ചങ്ങനാശ്ശേരി മാഞ്ഞാലി ഇവയുമാണു്.