തിരുവിതാംകൂർ ഭൂമിശാസ്ത്രം
(രണ്ടാം ഭാഗം, (നാലാം ക്ലാസിലേയ്ക്ക്))

രചന:സി.ആർ. കൃഷ്ണപിള്ള
അദ്ധ്യായം ൯.


[ 43 ]

അദ്ധ്യായം ൯. തിരുത്തുക

ഗതാഗതസൗകര്യങ്ങൾ. തിരുത്തുക

ജനങ്ങൾക്കു ഗതാഗതത്തിനും കച്ചവടത്തിനും സൗകര്യമായിട്ടു രണ്ടു മാർഗ്ഗങ്ങൾ ഇവിടെയുണ്ടു്. അവ കരമാർഗ്ഗവും ജലമാർഗ്ഗവും ആണു്. കരമാർഗ്ഗം മുഖ്യമായി റോഡുകളും ജലമാർഗ്ഗം തോടു, കായൽ, ആറു് മുതലായവയുമാകുന്നു. തിരുവനന്തപുരത്തിനു വടക്കു കടൽത്തീരത്തുള്ള താലൂക്കുകളിലാണു് തോടു പ്രധാന ഗതാഗതമായിരിക്കുന്നതു്. ഇവയെല്ലാം ഈയിടെ വളരെ പരിഷ്കൃതരീതിയിൽ വന്നിട്ടുണ്ടു്. സംസ്ഥാനത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം പട്ടണംതന്നെ ഈ മാർഗ്ഗങ്ങളുടേയും തലസ്ഥാനമെന്നു പറയാം.

൧. തെക്കൻ മെയിൻറോഡ്:‌-(എസ്. എം. റോഡ്) ഇതു തിരുവനന്തപുരത്തുനിന്നും പുറപ്പെട്ടു്, നേമം, ബാലരാമപുരം, നെയ്യാറ്റുങ്കര, പാറശ്ശാല, കുഴിത്തുറ, തക്കല, ഒഴുകിണശ്ശേരി, തോവാള ഇവയെക്കടന്നു ആരുവാമൊഴിയിൽക്കൂടി തിരുനെൽവേലിയിലേക്കു പോകുന്നു. ഈ റോഡു തിരുവിതാംകൂറിലെന്നു മാത്രമല്ല തെക്കെ ഇൻഡ്യയിലുള്ള റോഡുകളിൽവച്ചു പ്രഥമസ്ഥാനത്തിനർഹതയുള്ളതാണു്. തിരുവിതാംകൂർ അതിർത്തിവരെ ദൂരം ൫൦ മൈൽ. തിരുനെൽവേലിക്കു ൯൩-മൈൽ. ഇതിന്റെ ഒരു ശാഖ ഒഴുകിണശ്ശേരിയിൽവച്ചു പിരിഞ്ഞു് നാഗർകോവിൽ, കോട്ടാർ, ശുചീന്ദ്രം അഗസ്തീശ്വരം ഇവയെ കടന്നു കന്യാകുമാരിക്കു പോകുന്നു.

൨. മെയിൻ സെൻട്റൽ റോഡ്:-(എം.സി. റോഡ്) തിരുവനന്തപുരത്തുനിന്നും പുറപ്പെട്ടു വാമനപുരം, കിളിമാനൂർ, നിലയ്ക്കൽ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂർ, മൂവാറ്റുപുഴ, പെരുമ്പാവൂർ മുതലായ സ്ഥലങ്ങളേയും പെരിയാറ്റിനേയും കടന്നു കൊച്ചിയുടെ അതിരായ അങ്കമാലിവരെ പോകുന്നു. അങ്കമാലിയിൽ ഒരു റെയിൽവേ സ്റ്റേഷനുണ്ടു്. നീളം ൧൫൫-മൈൽ. ഇതിൽ പെരിയാറു കടക്കുന്നിടത്തു മാത്രമേ പാലമില്ലാതുള്ളു. പെരുമ്പാവൂർ നിന്നൊരു ശാഖ ആലുവാ കടന്നു പറവൂരേക്കു പോകുന്നു.

൩. തിരുവനന്തപുരം ചെങ്കോട്ട റോഡ്:‌-ഇതു തിരുവനന്തപുരത്തുനിന്നും പുറപ്പെട്ടു് നെടുമങ്ങാട്, പാലോട്, മടത്തുറക്കാണി, [ 44 ] കുളത്തൂപ്പുഴ, തെന്മല, ആര്യങ്കാവ് പുളിയറ, ചെങ്കോട്ട ഇവയിൽകൂടി കുറ്റാലംവരെ പോകുന്നു. നീളം ൬൪-മൈൽ.

൪. തിരുവനന്തപുരത്തുനിന്നും പടിഞ്ഞാറൻവഴി വടക്കോട്ടുള്ള റോഡു്:-ഉള്ളൂർ, കഴക്കൂട്ടം, പള്ളിപ്പുറം, ആറ്റിങ്ങൽ [ 45 ] നാവായിക്കുളം, ചാത്തന്നൂർ ഇവയെക്കടന്നു കൊല്ലത്തു എത്തുന്നു. ഇതു് അവിടെനിന്നും വടക്കോട്ടുപോയി നീണ്ടകരപ്പാലം കടന്നു കൃഷ്ണപുരം, കായംകുളം, ഹരിപ്പാടു്, പുറക്കാടു, അമ്പലപ്പുഴ, ഇവയിൽ കൂടി ആലപ്പുഴ ചെല്ലുന്നു. ഈ പാതയെ ചേർത്തലവഴി വടക്കോട്ടു അതിർത്തിവരെ നീട്ടിയിട്ടുമുണ്ടു്. തിരുവനന്തപുരത്തുനിന്നു കൊല്ലത്തേയ്ക്കു ദൂരം ൪൫-മൈലും അവിടുന്നു് ആലപ്പുഴയ്ക്കു ൫൩-മൈലും, അവിടുന്നു അതിർത്തിയ്ക്കു ൨൮ മൈലുമാണു്.

മറ്റു ചെറുതരം റോഡുകളിൽ പ്രാധാന്യം കൂടിയവയെ താഴെ വിവരിക്കുന്നു.

(എ) നാഗർകോവിൽനിന്നും ഇരണിയൽവഴി ഒരു പിരിവു കുളച്ചലിലേയ്ക്കു്. നീളം ൧൪-മൈൽ.

(ബി) തൊടുവെട്ടിയിൽ (കുഴിത്തുറയ്ക്കു് ഒരു മൈൽ കിഴക്കു) നിന്നു തിരുവട്ടാർ കുലശേഖരം ഇവയെ കടന്നു പേച്ചിപ്പാറയ്ക്കു്. ദൂരം ൧൪-മൈൽ.

(സി) കൊല്ലത്തുനിന്നും കിഴക്കോട്ടു് കിളികൊല്ലൂർ, കുണ്ടറ, കൊട്ടാരക്കര, പുനലൂർ ഇവയിൽകൂടി തെന്മലയ്ക്കു സമീപത്തുവച്ചു തിരുവനന്തപുരം ചെങ്കോട്ട റോഡിൽ ചേരുന്നു. ദൂരം ൪൧-മൈൽ. ചെങ്കോട്ടവരെ ൫൯-മൈൽ.

(ഡി) കായംകുളത്തുനിന്നും തെക്കുകിഴക്കായി പള്ളിക്കൽ, അടൂർ, പത്തനാപുരം ഇവയെക്കടന്നു പുനലൂരേയ്ക്കു് ദൂരം ൩൫-മൈൽ.

(ഇ) കോട്ടയത്തുനിന്നും കിഴക്കോട്ടുള്ള റോഡ്:-വാഴൂർ, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഇവിടങ്ങളിൽകൂടി പീരുമേട്ടിൽ എത്തുന്നു. അവിടെനിന്നും കിഴക്കോട്ടുപോയി പെരിയാർ കടന്നു ഗൂഡലൂർതാവളം വഴി കുമിളിയിൽകൂടി അതിർത്തി കടന്നു് അമിയനായ്ക്കനൂർ റെയിൽവേ സ്റ്റേഷനിലേയ്ക്കു പോകുന്നു. അമിയനായ്ക്കനൂർ വരെ ആകെ ദൂരം ൧൪൧ മൈൽ. അതിർത്തിവരെ ൯൦ മൈൽ.

(എഫ്) എറ്റുമാനൂർനിന്നു കിഴക്കോട്ടുപോയി പാലായിൽ എത്തി അവിടന്നു വടക്കോട്ടുചെന്നു തൊടുപുഴവഴി മൂവ്വാറ്റുപുഴ വച്ചു് മെയിൻറോഡിൽ ചേരുന്നു. ദൂരം പാലായ്ക്കു ൧൦ മൈലും തൊടുപുഴയ്ക്കു ൨൮ മൈലും, മുവ്വാറ്റുപുഴയ്ക്കു ൪൧ മൈലുമാണു്.

(ജി) എം.സി. റോഡിൽ ഏറ്റുമാനൂർനിന്നു വടക്കുപടിഞ്ഞാറായി ഒരു റോഡു കടുത്തുരുത്തി, വടയാറു്, വൈയ്ക്കം ഇവ കടന്നു കൊച്ചിക്കു പോകുന്നു. വൈയ്ക്കത്തിനു വടക്കു ഇത്തിപ്പുഴപ്പാലവും അതുകഴിഞ്ഞു മുറിഞ്ഞപുഴ പൂത്തോട്ടാൽ എന്നു രണ്ടു കടത്തുകളും ഉണ്ടു്. ദൂരം വൈയ്ക്കത്തേയ്ക്കു ൧൮ മൈലും അതിർത്തിക്കു ൩൦ മൈലുമാകുന്നു. [ 46 ] (എച്ച്) എം.സി. റോഡിൽ മൂവാറ്റുപുഴനിന്നു് ഒരു ശാഖ കിഴക്കോട്ടുതിരിച്ചു നേര്യമംഗലത്തുവച്ചു പുതുതായി പണികഴിച്ച പാലത്തിൽകൂടി പെരിയാർ കടന്നു മന്നാൻകണ്ടം വഴി മൂന്നാറിലേയ്ക്കു പോകുന്നു. ദൂരം ൫൮ മൈൽ. മൂന്നാറിൽനിന്നു വടക്കുകിഴക്കേ കോണിൽ ചിന്നാർ അതിർത്തി കടന്നു ഒരു റോഡ് ബ്രിട്ടീഷ് സ്ഥലത്തുകൂടി കോയമ്പത്തൂരേയ്ക്കു പോകുന്നു. ചിന്നാറുവരെ ദൂരം ൩൭ മൈൽ.

ഇവകൂടാതെ പറയത്തക്ക രീതിയിൽത്തന്നെ സംസ്ഥാനത്തിന്റെ കിഴക്കൻ മലഞ്ചരിവുകളിൽകൂടി തെക്കുവടക്കു നീളത്തിൽ മിക്കവാറും ഇടങ്ങളിൽ റോഡു പോകുന്നുണ്ടു്. ഈ കിഴക്കൻ റോഡുകളിൽ പ്രാധാന്യംകൂടിയതു രണ്ടാണു്.

(1) തെക്കൻമെയിൻറോഡിൽ നാഗർകോവിൽനിന്നു പുറപ്പെട്ടു ഭൂതപ്പാണ്ടി, അഴകിയപാണ്ടിപുരം, പൊന്മന, കുലശേഖരം, തൃപ്പരപ്പു്, കോവില്ലൂർ, ആര്യനാട് ഇവയിൽകൂടി കടന്നു പാലോടിനു സമീപത്തുവച്ചു ചെങ്കോട്ടറോഡിൽ ചേരുന്നു. ദൂരം ൬൦-മൈൽ.

(2) കൊല്ലം-ചെങ്കോട്ടറോഡിൽ പുനലൂർനിന്നും വടക്കോട്ടു ഒരു റോഡു പുറപ്പെട്ടു പത്തനാപുരം, കോന്നി, റാന്നി, മണിമല ഇവയിൽകൂടി കാഞ്ഞിരപ്പള്ളിയിൽ എത്തുന്നു. അവിടെ വച്ചു കോട്ടയം-കുമിളിറോഡു് കടന്നു് ഈരാറ്റുപേട്ടയിൽകൂടി പടിഞ്ഞാറോട്ടുതിരിഞ്ഞു പാലായിൽ എത്തി തൊടുപുഴവഴി ചെന്നു മൂവാറ്റുപുഴവച്ചു് എം.സി. റോഡിൽ ചേരുന്നു. ദൂരം ൯൯ മൈൽ.

വഴിയാത്രക്കാരുടേയും മറ്റും സൌകര്യത്തിനായിട്ടു് അവിടവിടെ വഴിയമ്പലങ്ങളും ചുമടുതാങ്ങികളും സ്ഥാപിച്ചിട്ടുണ്ടു്. പ്രധാന സ്ഥലങ്ങളിൽ മുസാവരിബംഗ്ലാവുകളും സത്രങ്ങളും പണി കഴിപ്പിച്ചിരിക്കുന്നു. എല്ലാ പ്രധാന റോഡുകളിലുംകൂടി ഇപ്പോൾ മോട്ടോർവാഹനങ്ങൾ ധാരാളം സഞ്ചരിക്കുന്നുണ്ടു്.

ജലമാർഗ്ഗങ്ങൾ തിരുത്തുക

ജലമാർഗ്ഗങ്ങളിൽ പ്രധാനപ്പെട്ടവ:- തോടു്, ആറു്, കായൽ ഇവയിൽകൂടി തിരുവനന്തപുരം മുതൽ വടക്കോട്ടു പറവൂർ വരെ സമുദ്രതീരത്തുള്ള മാർഗ്ഗമാണു്. തിരുവനന്തപുരത്തുനിന്നു തിരിച്ചു മുറയ്ക്കു ചാക്കയിൽതോടു്, വേളീക്കായൽ, ചാന്നാങ്കരത്തോടു്, കഠിനംകുളംകായൽ, ചിറയിൻകീഴ്‌തോടു്, അഞ്ചുതെങ്ങിൽകായൽ, വർക്കലത്തോടു്, നടയറക്കായൽ, പരവൂർതോടു്, പരവൂർക്കായൽ, കൊല്ലംതോടു്, അഷ്ടമുടിക്കായൽ, ചവറയിൽത്തോടു്, [ 47 ] പന്മനത്തോടു്, ആയിരംതെങ്ങുതോടു്, കായംകുളംകായൽ, തൃക്കുന്നപ്പുഴത്തോടു്,അമ്പലപ്പുഴത്തോടു്, പള്ളാത്തുരുത്തിയാറു്, (പമ്പയുടെ ഒരു ശാഖയാണു്) വേമ്പനാട്ടുകായൽ ഇവയിൽകൂടി എറണാകുളം കടന്നു പറവൂർ വടക്കേ അതിർത്തിയിൽചെന്നു കൊച്ചീസംസ്ഥാനത്തിലേക്കു പോകുന്നു. വടക്കു് തിരൂർ റെയിൽവേ ആഫീസ്സുവരെ വള്ളം വഴി പോകാവുന്നതാണു്. തിരുവനന്തപുരം മുതൽ കൊല്ലംവരെ ദൂരം ൪൦ മൈൽ. ആലപ്പുഴവരെ ൮൯ മൈൽ. കൊച്ചി വരെ ൧൩൨ മൈൽ. പറവൂർ അതിർത്തിക്കു ൧൫൦-മൈൽ.

ഈ പ്രധാന കൈവഴിയിൽനിന്നു കായംകുളത്തുവച്ചു് ഒരു ശാഖ പിരിഞ്ഞു പത്തിയൂർ, കരിപ്പുഴ, വീയപുരം, രാമങ്കരി, ചങ്ങനാശ്ശേരി ഇവിടങ്ങളിൽക്കൂടി കോട്ടയത്തേക്കു പോകുന്നു. തോടുകൾ അധികം ഉള്ളതു കുട്ടനാട്ടിലാണു്. വള്ളത്തിന്റെ സഹായംകൂടാതെ ഒരു രണ്ടുനാഴിക ദൂരമെങ്കിലും കുട്ടനാട്ടിൽ സഞ്ചരിക്കാൻ സാധിക്കയില്ല. ഇവിടെയുള്ള സ്ത്രീകൾകൂടെ വള്ളംതുഴയുന്നതിനു സാമർത്ധ്യമുള്ളവരാണു്.

തിരുവനന്തപുരത്തിനു തെക്കു് ഒരു പ്രസിദ്ധപ്പെട്ട തോടു വെട്ടപ്പെട്ടിട്ടുണ്ടു്. ഇതു പൂവാറ്റുനിന്നും സമുദ്രതീരത്തുകൂടി തേങ്ങാപ്പട്ടണം വഴി കുളച്ചൽവരെ എത്തിയിട്ടുള്ള അനന്തവിൿടോറിയാമാർത്താണ്ഡൻ ക്യനാൽ ആകുന്നു. ഈ പേരു സിദ്ധിച്ചതു് അനന്തശായിയായ ശ്രീപത്മനാഭസ്വാമിയുടെ നാട്ടിൽ വിൿടോറിയാ ചക്രവർത്തിനിയുടെ ഭരണകാലത്തു മാർത്താണ്ഡവർമ്മമഹാരാജാവിനാൽ കഴിക്കപ്പെട്ടിട്ടുള്ളതുകൊണ്ടാണു്. ചുരുക്കിപ്പറയുന്നതു് എ. വി. എം. തോടു് എന്നാണു്. ഇടയ്ക്കിടെ നികന്നു പോയിട്ടുള്ളതിനാൽ ഈ തോടുകൊണ്ടു് ഇപ്പോൾ അധികം പ്രയോജനമില്ല.

ആവിവണ്ടിപ്പാത. തിരുത്തുക

പരിഷ്കൃതരാജ്യത്തിലെ മുഖ്യ ഗതാഗതമാർഗ്ഗമാകുന്ന ആവിവണ്ടിപ്പാതയും ഈ രാജ്യത്തു നടപ്പിൽ വന്നിട്ടുണ്ടു്. ഷൊറണൂർനിന്നു എറണാകുളത്തേക്കുള്ള കൊച്ചിറെയിൽപ്പാതയുടെ ഒരു ഭാഗം ഈ സംസ്ഥാനത്തുകൂടി പോകുന്നു. ഇതു മിക്കവാറും അങ്കമാലി മുതൽ ആലുവാവഴി ഇടപ്പള്ളി കടന്നുവരുന്ന ഭാഗമാണു്. തിരുവിതാംകൂറിൽകൂടി ഈ പാത പോകുന്ന ആകെ ദൂരം ൧൮-മൈലാകുന്നു. അങ്കമാലിയും ആലുവായും ഇടപ്പള്ളിയും തിരുവിതാംകൂറിൽചേർന്ന ആഫീസുകളാണു്. അങ്കമാലിക്കും ആലുവായ്ക്കും മദ്ധ്യേ കൊച്ചിയിൽചേർന്ന ചൊവ്വരസ്റ്റേഷനും ഉണ്ടു്. [ 48 ] തിരുവിതാംകൂറിലേക്കു പ്രത്യേകമായി ഒരു റെയിൽവഴിയും തീർന്നിട്ടുണ്ടു്. ഇതു തെക്കേഇൻഡ്യൻ റെയിൽപ്പാതയുടെ തെക്കേ അറ്റമാകുന്ന തിരുനൽവേലിയിൽനിന്നും ചെങ്കോട്ടവഴി തിരുവനന്തപുരത്തു വന്നചേരുന്നു. തിരുവനന്തപുരംമുതൽ ചെങ്കോട്ടവരെയുള്ള ആഫീസുകൾ:-

തിരുവനന്തപുരം (തമ്പാനൂർ), പേട്ട, കഴക്കൂട്ടം, കണിയാപുരം, മുരുക്കുംപുഴ, ചിറയിൻകീഴു്, കടയ്ക്കാവൂർ, അകത്തുമുറി, വർക്കല, കാപ്പിൽ, ഇടവാ, പരവൂർ, മയ്യനാടു്, കൊല്ലം, കിളികൊല്ലൂർ, കുണ്ടറ, ഏഴുകോൺ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, ഇടമൺ, തെന്മല, ആര്യങ്കാവു്, ഭഗവതിപുരം, ചെങ്കോട്ട ഇവയാകുന്നു.

സഹ്യപർവ്വതനിരങ്ങളിലുള്ള ഒരു ഇടുക്കുവഴിയായ ആ‌ര്യങ്കാവിൽ കൂടിയാണു് ഈ പാത മലയ്ക്കിപ്പുറം കടന്നുവരുന്നതു്. ഈ ഇടുക്കിനു ൬൫൦ അടി പൊക്കമേയുള്ളൂ. ഇരുവശങ്ങളും മൂവായിരം അടിക്കു മേൽ പൊക്കം കൂടിയവയാണു്. റെയിൽവണ്ടി പോകുന്നതിനായി ഇതിനു സമീപം അഞ്ചിടത്തു മലകൾ തുരന്നു് തുരങ്കങ്ങൾ ഉണ്ടാക്കീട്ടുണ്ടു്. അവയിൽ വലുതു കിഴക്കേ അറ്റത്തുള്ള ആര്യങ്കാവു തുരങ്കമാണു്. ഇതിനു് ൨൮൦൦ അടി നീളമുണ്ടു്. പുനലൂർ മുതൽ ചെങ്കോട്ടവരെ മലവഴി പോകുന്ന ഭാഗത്തിനു ഘട്ടഖണ്ഡം എന്നു പറയുന്നു. ചിലപ്പോൾ ഇവിടെ മുമ്പിലും പുറകിലും ഓരോ എഞ്ചിൻ തൊടുത്തിയാണു് വണ്ടി ഓടിക്കുന്നതു്.

സംസ്ഥാനത്തുള്ള റെയിൽആഫീസുകളിൽ വച്ചു് ഏറ്റവും വലുതു് തിരുവനന്തപുരം (തമ്പാനൂർ) സ്റ്റേഷനാകുന്നു. ഇവിടെ വൻതുക ചെലവാക്കി ഗംഭീരമായ ഒരു കെട്ടിടം പണികഴിച്ചിട്ടുണ്ടു്. കൊല്ലത്തെ സ്റ്റേഷൻ മുമ്പു പട്ടാളം കിടന്നിരുന്ന മൈതാനസ്ഥലത്താണു്. സ്റ്റേഷനിൽ മഹാരാജാവു് തിരുമനസ്സുകൊണ്ടു് എഴുന്നള്ളുമ്പോൾ വിശ്രമിക്കുന്നതിനായി ഒരു ചെറിയ കൊട്ടാരവും പണിയിച്ചിരിക്കുന്നു. പ്രധാന സ്റ്റേഷനിൽനിന്നു് ആശ്രാമത്തു റസിഡണ്ടുബംഗ്ലാവിനു സമീപമുള്ള പുള്ളിക്കടവുവരെ ഒരു ശാഖ നീട്ടിയിട്ടുണ്ടു്. ഈ ശാഖവഴി വണ്ടിയിൽനിന്നു വള്ളത്തിലേയ്ക്കും വള്ളത്തിൽനിന്നു വണ്ടിയിലേയ്ക്കും സാമാനങ്ങൾ ഇറക്കുന്നതിനും കയറ്റുന്നതിനു സൌകര്യമാണു്. ഈ റെയിൽപ്പാതകൊണ്ടു തിരുവിതാംകൂറിന്റെ ഏറ്റുമതി ഇറക്കുമതി മുതലായവയ്ക്കു വളരെ എളുപ്പമുണ്ടെന്നു മാത്രമല്ല, കൊച്ചീതുറമുഖംമുതൽ തിരുവിതാംകൂർവഴി തിരുനെൽ‌വേലി, തൂത്തുക്കുടി, കൊളമ്പു മുതലായ സ്ഥലങ്ങൾവരെയുള്ള കച്ചവടത്തിനു് അഭിവൃദ്ധിയും സിദ്ധിക്കുന്നുണ്ടു്. തെക്കേഅറ്റത്തു തിരുവനന്തപുരംമുതൽ കൊല്ലത്തെ പ്രധാന സ്റ്റേഷൻവരെയുള്ള ദൂരം ൩൮ മൈലാണു്. കൊല്ലംമുതൽ [ 49 ] ചെങ്കോട്ടവരെ ദൂരം ൫൮ മൈലും തിരുനെൽവേലിവരെ ൧൪൫ മൈലും മദ്രാസുവരെ ൫൫൨ മൈലുമാകുന്നു. ചെങ്കോട്ടവരെ ൫൮ മൈൽ രെയിൽപ്പതയിടുന്നതിനു് ഏകദേശം രണ്ടുകോടിരൂപായ്ക്കുമേൽ ചെലവായിട്ടുണ്ടു്. ഈ റെയിൽവേയിൽനിന്നും ആണ്ടുതോറും കിട്ടിവരുന്ന തുകകൊണ്ടുകമ്പനിക്കാർക്കു ചെലവായതിൽ നൂറ്റിനു രണ്ടുവീതം പലിശപോലും നടക്കുന്നില്ല, അതുകൊണ്ടു കരാറിൻപ്രകാരം കമ്പിനിക്കാരുടെ നഷ്ടപരിഹാരത്തിനായി പ്രതിവർഷം ഒരു ലക്ഷം രൂപായ്ക്കുമേൽ ഗവർമ്മെന്റിൽനിന്നും കൊടുത്തുവരുന്നു. തിരുവനന്തപുരം മുതൽ നാഗർകോവിൽ വരെയും കൊല്ലം മുതൽ പറവൂർ വരെയും ഈ പാതയെ നീട്ടാൻ വേണ്ട ഏർപ്പടുകൾ ഗവർമ്മെന്റിൽ നിന്നും ചെയ്തുവരുന്നുണ്ടു്.

ഗതാഗതസൌകര്യങ്ങൾ എല്ലാം നാൾക്കുനാൾ അഭിവൃദ്ധമായി വരുന്നു. കല്ലിട്ടുറപ്പിച്ച റോഡുകൾ ഉണ്ടായിത്തുടങ്ങിയിട്ടു് ഏകദേശം അറുപതുകൊല്ലമെ ആയിട്ടുള്ളു. അതിനുമുമ്പു പ്രധാന സ്ഥലങ്ങളെ യോജിപ്പിക്കുന്നതിനായി "നടക്കാവുകൾ" എന്ന വഴികൾ ഉണ്ടായിരുന്നു. ഇപ്പോൾ ജനബാഹുല്യമുള്ള മിക്ക സ്ഥലങ്ങളും നല്ല റോഡുകളാൽ ഘടിപ്പിക്കപ്പെട്ടിരിക്കുന്നു. സംസ്ഥാനത്ത് ഇപ്പോൾ നാലായിരം മൈലോളം നല്ല റോഡുണ്ടു്. മുമ്പു ജനങ്ങൾ വഴിയാത്ര ചെയ്തിരുന്നതു മിക്കവാറും കാൽനടയായിട്ടായിരുന്നു. അപൂർവം ചില പ്രഭുക്കന്മാർ മേനാവും, മഞ്ചലും, കുതിരയും വാഹനങ്ങളായി ഉപയോഗപ്പെടുത്തി വന്നിരുന്നു. ഇപ്പോഴാകട്ടെ കാളവണ്ടി, കുതിരവണ്ടി, ചവിട്ടുവണ്ടി, ആവിവണ്ടി, മോട്ടോർവണ്ടി എന്നിവ റോഡുകളിലും സാധാരണ വള്ളങ്ങൾക്കും ബോട്ടുകൾക്കും പുറമേ മോട്ടോർബോട്ടും ആവിബോട്ടും ജലമാർഗ്ഗങ്ങളിലും വാഹനങ്ങളായി ഉപയോഗിച്ചുവരുന്നു. സംസ്ഥാനത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം പട്ടണത്തിൽ മാത്രമുള്ള റോഡുകളുടെ ആകെ നീളം കണക്കാക്കിയാൽ നൂറു മൈലിനുമേൽ ഉണ്ടായിരിക്കുന്നതാണു്. പട്ടണത്തിലെ എല്ലാ പ്രധാന റോഡുകളും "കീലു"കൊണ്ടു പൊതിഞ്ഞു പൊടിയുടെ ബാധയിൽനിന്നു സുരക്ഷിതമാക്കിയിട്ടുണ്ടു്. എല്ലാ പരിഷ്കൃത വാഹനങ്ങളും ഇവിടെ നടപ്പുണ്ടു്. രാത്രികാലങ്ങളിൽ പട്ടണത്തിലെ പ്രധാന റോഡുകളിൽ പ്രകാശമേറിയ "വിദ്യുച്ഛ്ക്തിദീപവും" മറ്റു റോഡുകളിൽ സാധാരണ റാന്തൽ വെളിച്ചവും ജനങ്ങൾക്ക് വലുതായ സൌകര്യത്തെ കൊടുക്കുന്നു.