ദുരവസ്ഥ

(ദുരവസ്ഥ (കുമാരനാശാൻ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദുരവസ്ഥ

രചന:എൻ. കുമാരനാശാൻ (1922)
വൃത്തം-മഞ്ജരി

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ




മുമ്പോട്ടു കാലം കടന്നുപോയീടാതെ
മുമ്പേ സ്മൃതികളാൽ കോട്ട കെട്ടി

വമ്പാർന്നനാചാരമണ്ഡച്ഛത്രരായ്
നമ്പൂരാർ വാണരുളുന്ന നാട്ടിൽ,

കേരളജില്ലയിൽ കേദാരവും കാടു-
മൂരും മലകളുമാർന്ന ദിക്കിൽ,

ക്രൂര മുഹമ്മദർ ചിന്തുന്ന ഹൈന്ദവ-
ച്ചോരയാൽ ചൊല്ലെഴും 'ഏറനാട്ടിൽ',

വെട്ടുപാതകളിലൊന്നിൽനിന്നുള്ളോട്ടു
പൊട്ടിവളഞ്ഞു തിരിഞ്ഞു പോകും

ഊടുവഴിഞരമ്പൊന്നങ്ങൊരു ചെറു-
പാടത്തിൽ ചെന്നു കലാശിക്കുന്നു.

പൊക്കം കുറഞ്ഞു വടക്കുപടിഞ്ഞാറേ-
പ്പക്കത്തിൽ കുന്നുണ്ടതിൻ ചരിവിൽ,

ശുഷ്കതൃണങ്ങൾക്കിടയിലങ്ങിങ്ങായി
നിൽക്കുന്നിതു ചില പാഴ്മരങ്ങൾ.

കുറ്റിച്ചെടിയിലപ്പുൽത്തറയിൽ ചേർന്നു
പറ്റിയിടയ്ക്കിടെ മിന്നീടുന്നു

ഇറ്റിറ്റു വീണുള്ള ചോരക്കണങ്ങൾപോൽ
തെറ്റിപ്പഴത്തിൻ ചെറുകുലകൾ.

അപ്പാഴ്മരങ്ങളും വാച്ച മുളകിന്റെ
നല്പാകമാം കതിർ ഞാന്നു കാണായ്,

കുപ്പായത്തിൽ തെറിച്ചോലും നിണമോടും
മുല്പെട്ട മാപ്പിളക്കയ്യർപോലെ.

ചെറ്റുദൂർത്തച്ചരിവിലൊരു ജലം-
വറ്റിയ തോടാണതിന്റെ വക്കിൽ

ഒട്ടു കിഴക്കായൊരില്ലിക്കൂട്ടം തെന്നൽ
തട്ടി വടക്കോട്ടു ചാഞ്ഞു നില്പൂ!

വേണുപ്രരോഹമോരോന്നങ്ങതിൽപ്പൊങ്ങി-
ക്കാണുന്നുതേ നിശിതാഗ്രമോടും

കാർക്കശ്യമേലുന്ന കുന്തം കലർന്നൊരു
'ഗൂർക്കപ്പട'തൻ നളികം‌പോലെ.

അങ്ങടുത്തായ് മേഞ്ഞു നാളേറെയായ് നിറം
മങ്ങിപ്പതിഞ്ഞു പാഴ്പുല്ലുമാടം

കാണാം ചെറുതായകലെനിന്നാലൊരു
കൂണെന്നപോലെ വയൽവരമ്പിൽ.

അന്തികത്തിൽ ചെല്ലുന്തോറുമൊരു ചൊവ്വും
ചന്തവുമില്ലക്കുടിലു കണ്ടാൽ

വൃത്തവും കോണും ചതുരവുമല്ലതി-
ലെത്തിനോക്കീട്ടില്ല ശില്പിതന്ത്രം.

വണ്ണംകുറഞ്ഞൊരു രണ്ടു ചാൺ പൊക്കത്തിൽ
മണ്ണുചുവരുണ്ടകത്തു ചുറ്റും

കോണും മുഴകളും തീർത്തിട്ടില്ലായതിൽ-
ക്കാണുന്നു കൈവിരല്പ്പാടുപോലും.

മുറ്റും കിഴക്കായി വീതികുറഞ്ഞൊരു
മുറ്റമതിനുണ്ടതിൽ മുഴുവൻ

പറ്റിക്കറുകയും പർപ്പടകപ്പുല്ലും
മറ്റു തൃണങ്ങളും മങ്ങിനില്പൂ.

പൊട്ടക്കലമൊന്നിൽ നീരുമൊരു കരി-
ച്ചട്ടിയും കാണാം വടക്കരികിൽ

കന്നുകടിച്ചിലപോയിത്തല ചാഞ്ഞു
നിന്നിടും തൈവാഴതൻ ചുവട്ടിൽ.

തിറ്റാമിപ്പുല്ലുകുടിലിന്നുമംബരം
മുട്ടിവളരുമരമനയ്ക്കും

ചട്ടറ്റ വിത്തൊന്നുതന്നെ-യിതാ വിത്തു
പൊട്ടിവന്നീടും പൊടിപ്പുതന്നെ.

എന്തുള്ളൂ ഭേദമിതുകളിൽപ്പാർക്കുന്ന
ജന്തുക്കൾതാനും സഹജരല്ലോ.

അന്തണനെച്ചമച്ചുള്ളൊരു കൈയല്ലോ
ഹന്ത നിർമ്മിച്ചു ചെറുമനേയും.

ബാഹുവീര്യങ്ങളും ബുദ്ധിപ്രഭകളും
സ്നേഹമൊലിക്കുമുറവകളും

ആഹന്തയെത്ര വിഫലമാക്കിത്തീർത്തു
നീ ഹിന്തുധർമ്മമേ, 'ജാതി'മൂലം!

എത്ര പെരുമാക്കൾ ശങ്കരാചാര്യന്മാ-
രെത്രയോ തുഞ്ചന്മാർ കുഞ്ചന്മാരും

ക്രൂരയാം ജാതിയാൽ നൂനമലസിപ്പോയ്
കേരളമാതാവേ, നിൻവയറ്റിൽ.

തേച്ചുമിനുക്കിയാൽ കാന്തിയും മൂല്യവും
വാച്ചിടും കല്ലുകൾ ഭാരതാംബേ.

താണുകിടക്കുന്നു നിൻ കുക്ഷിയിൽ ചാണ
കാണാതെയാറേഴു കോടിയിന്നും.

എന്തിന്നു കേഴുന്നു ദീനയോ നീ ദേവി,
എന്തു ഖേദിപ്പാൻ ദരിദ്രയോ നീ?

ഹന്തയിജ്ജാതിയെ ഹോമിച്ചാഴിച്ചാൽ നിൻ
ചിന്തിതം സാധിച്ചു രത്നഗർഭേ.

തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ
ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ

കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ-
യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ!

ഭേദങ്ങളറ്റ പൊരുളിനെക്കാഹള-
മൂതിവാഴ്ത്തീടുന്നു വേദം നാലും,

വൈദികമാനികൾ മർത്ത്യരിൽ ഭേദവും,
ഭേദത്തിൽ ഭേദവും ജല്പിക്കുന്നു!

എന്തൊരു വൈകൃതം ബ്രഹ്മവിദ്യേ, നിന്നി-
ലെന്താണിക്കാണുന്ന വൈപരീത്യം?

നിർണ്ണയം നിന്നെപ്പോൽ പാരിലധോഗതി
വിണ്ണവർഗംഗയ്ക്കുമുണ്ടായില്ല.

പോകട്ടെ,യെന്തു പറവൂ-കഥയിതു
പോകട്ടെ-മുൻചൊന്ന ലക്ഷണത്താൽ

കേവലം ശൂന്യമല്ലക്കുടിലുണ്ടതിൽ
പാവങ്ങളായ പുലയരാരോ.

തഞ്ചാറില്ലായതിലാളേറെ മുറ്റത്തു
സഞ്ചരിക്കാറുമില്ലേറെയാരും

പാടത്തിറങ്ങും വഴിതന്നഹോ കഴൽ-
പ്പാടേറ്റു നന്നേ തെളിഞ്ഞിട്ടില്ല.

അല്ലെങ്കിലിങ്ങീയടിമകൾ പേടിച്ചു
മെല്ലെ നടപ്പതു മണ്ണറിയാ

എല്ലാറ്റിലും തുച്ഛമല്ലോ ചെറുമക്കൾ
പുല്ലുമിവർക്കു വഴിവഴങ്ങാ.

മറ്റുള്ളവർക്കായുഴാനും നടുവാനും
കറ്റകൊയ്യാനും മെതിക്കുവാനും

പറ്റുമിക്കൂട്ടരിരുകാലിമാടുകൾ
മറ്റു കൃഷിപ്പണി ചെയ്യുവാനും

ഒന്നോർത്താൽ മാടും കയർക്കുമിതുകളോ-
ടൊന്നായവറ്റയെ നാം ഗണിച്ചാൽ

പാരം പവിത്രങ്ങൾ പയ്ക്ക,ളിപ്പാവങ്ങൾ
ദൂരത്തും തീണ്ടുള്ള നീചരല്ലോ

നാഗരികനരലോകത്തിൻ ശ്യാമമാ-
മാകൃതിപൂണ്ട നിഴൽകണക്കേ

പ്രാകൃതർ താണുകിടക്കുന്നുതേയിവ-
രേകാന്തദീപ്തമാമിക്കാലത്തും

എങ്കിലും ഹിന്തുക്കളെന്നുമിവരെ നാം
ശങ്കകൂടാതെ കഥിച്ചിടുന്നു

മുങ്ങിക്കുടക്കും കളിമണ്ണും നേരോർത്താൽ
തുംഗമാം പാറയുമൊന്നാമല്ലോ

അക്ഷരമെന്നതറിവീല, ചാത്തനും
യക്ഷിയും പേയുമിവർക്കു ദൈവം

കുക്ഷിയിൽക്കൊണ്ട കരിക്കാടിയല്ലാതെ
നിക്ഷേപമായിവർക്കൊന്നുമില്ല.

കൂറത്തരമില്ല താരുണ്യത്തിൽ, ചിലർ
കീറക്കരിത്തുണിച്ചീന്തൽ ചാർത്തി

നാണം‌മറയ്ക്കും, ചിലർ നിജായുസ്സൊരു
കോണകംകൊണ്ടു കഴിച്ചുകൂട്ടും.

ഇപ്പോലെ കഷ്ടമധിവസിച്ചീടുന്നി-
തിപ്പൊഴും ലക്ഷങ്ങൾ കേരളത്തെ

അപ്പാവങ്ങൾക്കുള്ളെടുപ്പിന്റെ കേമത്ത-
മിപ്പുല്ലുമാടം പറയുമല്ലൊ.

എന്നാൽ കുടിലിലുമെന്തെങ്കിലും നന്മ-
യൊന്നുണ്ടാം, ദൈവം ദയാലുവല്ലേ!

സന്ദേഹമില്ലിങ്ങു സൗധങ്ങളിൽനിന്നു
പോന്നിപ്പോൾ ശാന്തത മേവുന്നുണ്ടാം.

ഹന്ത പാളയ്ക്കുള്ളിൽ മൂടിമറച്ചൊരു
ചന്തമേറീടും വദനമല്ലേ!

കാണുന്നു നോക്കിൽ പുറമ്പോള നീങ്ങാതെ
ചേണുറ്റു മിന്നുന്ന പൂവുപോലെ.

തറ്റുടുത്തൂരുമറഞ്ഞ മനോജ്ഞമാ-
മൊറ്റക്കണങ്കാൽ മടക്കിവച്ചും,

മറ്റേക്കഴൽ നിലത്തൂന്നിയമ്മുട്ടിന്മേൽ
പറ്റിയ കൈത്തണ്ടിൻചെന്തളിരിൽ

പൂമഞ്ജുവക്ത്രം ചരിച്ചുവച്ചും, മറ്റേ-
യോമൽക്കൈത്താർ നിലത്തൂന്നിക്കൊണ്ടും

കീറപ്പനമ്പായിലാരോ മുഷിഞ്ഞൊരു
കൂറ പുതച്ചു കുനിഞ്ഞിരിപ്പൂ.

നീണ്ടു ചുരുണ്ടേറെ വാച്ച തലമുടി
വേണ്ടപോൽ കെട്ടാതടിക്കഴുത്തിൽ

താറുമാറായ്ക്കിടക്കുന്നുണ്ടൊട്ടൊട്ടു
പാറുന്നുമുണ്ടമ്മുഖാംബുജത്തിൽ

ഓലയിട്ടേറ്റം വടിഞ്ഞിപ്പോൾ ശൂന്യമായ്
ലോലമനോജ്ഞമാം കാതിഴകൾ

തോളോളം തൂങ്ങുന്നു നല്ലാർമുഖശ്രീക്കു
ദോളകൾപോലെ പഴയമട്ടിൽ

നൂനമിവളിക്കുടിലിലിരിക്കിലും
ദീനയെന്നാലും ചെറുമിയല്ല.

കോമളമായിളം‌മാന്തളിർപോലല്പം
ശ്യാമളമാകിലും പൂവൽമെയ്യും

ആഭയും മട്ടുമുടുപ്പുമിവൾക്കുള്ളോ-
രാഭിജാത്യത്തിന്റെ മെച്ചമോതും

അത്തലാർക്കും വായ്ക്കുമിക്കാലം ചാളയി-
ലിത്തയ്യൽ വന്നുകുടുങ്ങിയെന്നാം

നത്തക്കുളത്തിൽ നിയതിയാൽ നീതമാം
മുത്തേലുമോമനച്ചിപ്പിപോലെ.

അയ്യോ ശരി, നെറ്റിത്തിങ്കൾക്കലയിലും,
അയ്യേൽമിഴിപ്പൂങ്കപോലത്തിലും

വാടാത്ത ചെന്തളിർപോലെ മിനുത്തിന്നും
പാടലമാമച്ചൊടികൾമേലും,

ഓടാതെനിൽക്കും കടക്കണ്ണിൻകോണിലും
കേടറ്റ ലാവണ്യരാശിക്കുള്ളിൽ

ആടലിൻവിത്തു കുഴിച്ചിട്ടിരിക്കുന്നു
പാടവമുള്ള മിഴിക്കു കാണാം.

വിണ്ടലത്തെങ്ങോ വിളങ്ങിയ താരമേ!
കുണ്ടിൽ പതിച്ചു നീ കഷ്ടമോർത്താൽ!

ഉന്നതഭാഗ്യങ്ങളൊന്നും സ്ഥിരമല്ല,-
യിന്നതിന്നാർക്കേ വരുവെന്നില്ല.

ഭള്ളാർന്ന ദുഷ്ടമഹമ്മദന്മാർ കേറി-
ക്കൊള്ളയിട്ടാർത്തഹോ തീ കൊളുത്തി

വെന്തുപോയോരു വമ്പിച്ച മനയ്ക്കലെ
സന്താനവല്ലിയാണിക്കുമാരി.

കൊള്ളക്കാരൊട്ടാളെ വെട്ടിക്കൊലചെയ്തും
'അള്ളാ' മതത്തിൽ പിടിച്ചു ചേർത്തും

ഉള്ളിൽ നടക്കും തിരക്കിലിരുട്ടിലി-
പ്പുള്ളിമാൻ കണ്ണിയാൾ ചാടിപ്പോന്നാൾ.

നായാട്ടിനായി വളഞ്ഞ വനം വിട്ടു
പായുന്നൊരൊറ്റ മാൻകുട്ടിപോലെ,

വേകുന്ന സൗധം വെടിഞ്ഞു പറന്നുപോ-
മേകയാം പ്രാവിൻകിടാവുപോലെ,

ആയാസമാർന്നികുലകന്യ ഹാ! വിധി-
ത്തായാട്ടിനാൽ വന്നീ മാടം‌പൂക്കാൾ.

പാവമിപ്പെൺകൊടി ശാപം‌പിണഞ്ഞൊരു
ദേവതപോലെയധഃപതിച്ചാൾ.

ഒട്ടുവെളിക്കോട്ടുഴന്നുനോക്കിത്തണ്ടും
മുട്ടും മിനുത്തെഴുമില്ലിത്തൂണിൽ

കെട്ടിവളർത്തിക്കുലച്ച പൂവല്ലിപോൽ
മുട്ടിയിരുന്നിപ്പൊളിന്നതാംഗി

മറ്റൊരു ലക്ഷ്യത്തിൽ കണ്ണയച്ചീടുന്നു
മുറ്റും തൻമുമ്പിൽ കുടിലിനുള്ളിൽ.

ഉറ്റവരുണ്ടാമടുത്താരോ തന്വിക്കു
ചെറ്റനങ്ങുന്നുണ്ടു ചുണ്ടുതാനും.

അംഗുലീപല്ലവം ചൂണ്ടുന്നഹോ,
ഭംഗിയിൽ തയ്യൽ കുലുക്കിടുന്നു.

അല്ലലിൻഭാരം കുറയുമാറാരോടോ
സല്ലപിക്കുന്നിവൾ തർക്കമില്ല.

ഹന്ത! മിനുത്ത മുളമ്പീലിച്ചട്ടങ്ങൾ
പന്തിയിൽ നല്പനനാരാൽ കെട്ടി

ചന്തത്തിലീർക്കിലാൽ തീർത്ത കിളിക്കൂടൊ-
ന്നന്തികത്തുണ്ടിതാ തൂങ്ങിടുന്നു.

ആയതിന്മദ്ധ്യേ വിലങ്ങനെ വച്ചിട്ടു-
ള്ളായതമായൊരു കോലിൽപ്പറ്റി

ആനതപൂർവ്വാംഗിയായെതിരേയൊരു
'മൈന'യിരിക്കുന്നു കൊഞ്ചിക്കൊഞ്ചി.

ചുട്ടകിഴങ്ങിൻമുറിയും ചിരട്ടയി-
ലൊട്ടു ജലവുമക്കൂട്ടിൻകോണിൽ

ഇച്ഛവരുമ്പോളെടുത്തു കഴിപ്പാനായ്
വച്ചിരിക്കുന്നുണ്ടു വൃത്തിയായി.

തങ്കദ്യുതിയാർന്ന ചൂണ്ടുമതേനിറം
തങ്കും നയനപരിസരവും

മാവിൻകരുന്തളിർമേനിയും തൂവെള്ള-
ത്തൂവൽതിളങ്ങുമടിച്ചിറകും

താവുന്നൊരിക്കളിക്കോപ്പിനോടാണിവൾ
പാവം സംസാരിപ്പതിന്നഥവാ,-

ആധിപ്രവാഹം കരക‌വിഞ്ഞോടുന്ന
ചേതസ്സിനേതു പഴുതു പോരാ.

ചൊല്ലുന്നു തേന്മൊഴിയാളച്ചിറകേലും
ചെല്ലസ്സഖിയോടാ'യോമലാളേ,

വല്ല കഥയും പറകെടോ നീ, കാലം
വല്ലാത്ത ഭാരമായ്, നീങ്ങാതായി.

ഇറ്റിറ്റു വീഴുന്ന തേന്തുള്ളിയെൻ ചെവി-
ക്കിറ്റിച്ചിന്നാർത്തി നീയേറ്റിടുന്നു.

ഒറ്റമൊഴിയും മുറിവാക്യവും മേലിൽ
പറ്റില്ലെനിക്കു മുഷിഞ്ഞു മൈനേ.

എന്തെടോ നോക്കുന്നിതെന്നെ,പ്പുകയുന്നോ
ചിന്തയാൽ നിന്റെ ചെറുതലയും?

സ്വന്തകുലവും കുലായവും വിട്ടിന്നു
ബന്ധനമാർന്നല്ലോ വാഴ്വു നീയും.

പക്ഷേ,യെനിക്കിന്നതുകൊണ്ടുതാൻ നിന്നിൽ
പക്ഷമേറുന്നതാം പക്ഷിവര്യേ.

തുല്യവിപത്താർന്നോർ തമ്മിലേലും വേഴ്ച
തെല്ലൊരാശ്വാസമേകുന്നതല്ലോ.

കഷ്ടം! കനകമുഖിയെനിക്കായ് വൃഥാ
കഷ്ടപ്പെടുന്നു നീ, വേണ്ട വേണ്ട,

വിട്ടുകളവൻ പ്രിയേ, നിന്നെ, നിന്മേലു-
ള്ളിഷ്ടമേയെൻ കൈ തടയുന്നുള്ളു."

എന്നാഞ്ഞു പഞ്ജരവാതിൽ തുറക്കുവാൻ
സുന്ദരി കൈവല്ലിയൊട്ടു നീട്ടി;

സന്ദേഹിക്കുന്നു നെടുവീർപ്പിടുന്നഹോ
മന്ദാക്ഷമാർന്നു വിരമിക്കുന്നു.

"അല്ലല്ല! തെറ്റിയെനിക്കോമനേ, ചെയ്യാ-
വല്ലിതു നിന്നെ വിടാവതല്ല.

തെല്ലതിന്നാകാതെയെൻ കൈ തടയുന്നു
വല്ലാത്ത ചങ്ങല വേരൊന്നയ്യോ!

എന്നിലലിഞ്ഞേകനേകിയേകാന്തത്തിൽ
നിന്നെയെനിക്കു വിനോദമേകാൻ

എങ്ങനെ ഞാൻ തല്പ്രണയം ഗണിയാതെ
ചങ്ങാതിയാളേ, വിടുന്നു നിന്നെ;

എന്നല്ല, നീയിനി മോചിച്ചു കൂട്ടത്തിൽ
ചെന്നാലും പക്ഷികൾ ശണ്ഠകൂട്ടാം.

ഇല്ലങ്ങളൊന്നിലീ ഞാൻ ചെന്നാലപ്പോലെ-
യെല്ലാരുമാട്ടിപ്പുറത്തുതള്ളാം

പോകേണ്ട, പോകേണ്ടയോമനേ, നമ്മൾക്കു
ചാകും‌വരയ്ക്കിക്കുടിലിൽ വാഴാം

ഏകട്ടെയാശ്വാസം നമ്മൾക്കിനി നമ്മെ-
ശ്ശോകത്തിലാഴ്ത്തിയ ദൈവംതന്നെ.

പ്രത്യേകിച്ചോമലേ, നിന്നഴലിന്നെന്റെ
ദുഃസ്ഥിതിയോർക്കുമ്പോൾ സാരമില്ല.

സ്വച്ഛന്ദമോടിനടക്കാമെന്നുള്ളൊരു
മെച്ചമേയുള്ളു നിനക്കു പോയാൽ.

ഇത്തരം കൂടൊരു കാട്ടുപക്ഷിക്കില്ല-
യിത്ര സുഖവുമില്ലോർത്തുകണ്ടാൽ.

ഞാനോ വലിയൊരു നമ്പൂരിയാഢ്യന്റെ
മാനദയായ പെൺകുട്ടിയല്ലോ

എന്തറിവൂ നീ മനയ്ക്കലെ പ്രൗഢിയു-
മന്തസ്സും ഞാനതു ചൊല്ലിയാലും.

ഉച്ചമാമില്ലത്തെ വെണ്മാടമൊന്നിന്റെ
മച്ചിന്നകത്തേ മണിയറയിൽ

ഇച്ഛാനുകൂലസുഖം‌പൂണ്ടു മേവിനേ-
നച്ഛനുമമ്മയ്ക്കും പ്രാണനായ് ഞാൻ

എന്തു ചെയ്തീടാനുമേറെപ്പരിജന-
മോടിവന്നങ്ങു വണങ്ങിനിൽക്കും

സ്വന്തനീരാട്ടുമുടയാടചാർത്തലും-
കൂടിയവർ നിന്നെ ചെയ്യിപ്പിക്കും.

പന്തിയിൽ ചിക്കിയുണക്കും തലമുടി
ചന്തത്തിൽ കോതി മുടഞ്ഞുകെട്ടും.

തക്ക മിനുക്കിയണിയിക്കും കർണ്ണത്തിൽ
സംസ്കരിക്കും മിഴിയഞ്ജനത്താൽ.

വെൺകലക്കാപ്പുകളെല്ലാം കരങ്ങളിൽ
തങ്കപ്രഭയിൽ വിളക്കിച്ചാർത്തും.

തോഴിമാരിങ്ങനെ ചെയ്യുമെല്ലാമെനി-
ക്കൂഴംതെറ്റാതെയും നിത്യമായും.

കോണിയിറങ്ങീട്ടില്ലോമനേയേറെ ഞാൻ
നാണം വെടിഞ്ഞു നടന്നിട്ടില്ല.

വട്ടക്കുടയും 'വൃഷലി'യും കൂടാതെ-
യൊട്ടെൻ കുളക്കടവോളവും ഞാൻ

ധന്യനാമച്ഛനൊഴിഞ്ഞെൻ മുഖം തന്നെ-
യന്യപുരുഷന്മാർ കണ്ടിട്ടില്ല.

കൊഞ്ചി ഞാൻ ചൊൽവതു കേട്ടിട്ടില്ലാരുമെൻ-
പഞ്ചവർണ്ണപ്പൂങ്കിളിയല്ലാതെ.

വേണ്ടാ പറയേണ്ടയെന്റെയബ്ഭാഗ്യങ്ങൾ
വീണ്ടും വരാതെ പറന്നുപോയി.

തണ്ടലർസംഭവനങ്ങനെയെൻപിഞ്ചു-
മണ്ടയിൽ താഴ്ത്തിയെഴുതിപ്പോയി.

നിന്നെ മുഷിപ്പിക്കുന്നുണ്ടാവാം, നിർത്തി ഞാൻ,
പൊന്നേലും ചുണ്ടാളേയെൻ പുലമ്പൽ.

അല്ല! നീയാസ്യം ചരിച്ചു ചെവികൊടു-
ത്തെല്ലാം ശ്രദ്ധിച്ചുതാൻ കേൾക്കുന്നല്ലോ.

ചൊല്ലുവാൻ കെഞ്ചുപോലോമൽചെറുമിഴി
തെല്ലു ചാച്ചെൻ മുഖം നോക്കുന്നല്ലോ.

വീണ്ടും പറവൻ, നിനക്കു രസമുണ്ടു;
നീണ്ട പകൽതാണ്ടാനുണ്ടെനിക്കും.

ഇണ്ടലിൻഭാരം മൊഴിയാൽ കുറകിലുൾ-
ത്തണ്ടിനു താങ്ങാറാം ജീവിതവും.

അല്ലലെനിക്കു പിണഞ്ഞതു ചൊല്ലുവൻ
കല്ലും കരഞ്ഞുപോമക്കഥ നീ

ഓമനേ, കേട്ടു നിലവിളിച്ചീടല്ലേ,-
യാമയം നീയെനിക്കേറ്റിടല്ലേ.

ചിന്നുന്ന വെൺകതിർ തൂവിയോരന്തിയിൽ
കന്നിയിളന്തിങ്കൾ പൊങ്ങിനിന്നു,

പശ്ചിമദിക്കിന്റെ നെറ്റിയിൽ മാലേയ-
ക്കൊച്ചുതിലകത്തിൻകീറുപോലെ.

പിച്ചി വിടർന്നു പുതിയ പരിമളം
മച്ചിന്മേലെൻകിളിവാതിലൂടേ

പിച്ചയായുള്ളിൽ ചരിക്കുമിളങ്കാറ്റിൽ
സ്വച്ഛന്ദമേറിപ്പരന്നിരുന്നു.

തൂമഞ്ജുചന്ദ്രികയെന്റെ മഞ്ചത്തിലെ-
പ്പൂമെത്തമേൽ വെൺവിരിപ്പിന്മീതെ

ശ്രീമെത്തുമന്യവെൺപട്ടുഗവാക്ഷത്തിൻ-
സീമയിലൂടെ വിരിച്ചിരുന്നു.

വ്യോമത്തിൽ വർണ്ണം തെളിഞ്ഞുവിളങ്ങിയൊ-
ട്ടോമനത്താരങ്ങൾ പൂമുറ്റത്തിൽ

തൂമുല്ല തങ്കച്ചെറുചമ്പകമോമൽ-
ച്ചേമന്തിയെന്നീ പൂവൃന്ദം‌പോലെ,

അത്താഴവും വായനയും കഴിഞ്ഞു ഞാൻ
ചിത്താനന്ദം പൂണ്ടു കട്ടിലേറി,

പൊക്കിത്തല പൂന്തലയണമേൽ ചേർത്ത-
ങ്ങക്കാഴ്ചകണ്ടു ശയിച്ചിരുന്നു.

തെറ്റെന്നു പിന്നെ പ്രകാശമിരുട്ടിന്റെ
മറ്റേത്തലയെന്നു ചൊല്ലിച്ചൊല്ലി

വെണ്മതിക്കൂമ്പു തമസ്സിൽ മുങ്ങി മെല്ലേ
മന്മതി മുങ്ങി സുഷുപ്തിയിങ്കൽ.

അയ്യോ! പൊന്നോമനേ,യപ്പുറം ചൊല്ലുവാൻ
വയ്യേ, നിനയ്ക്കുവാൻപോലും വയ്യേ!

ചീർപ്പുണ്ടാകുന്നു ശരീരം വിറയ്ക്കുന്നു,
വീർപ്പുമുട്ടുന്നു കുഴങ്ങുന്നു ഞാൻ

അത്ര ഭയാനകമിപ്പോഴുമോർക്കുമ്പോൾ
ചിത്തം ഞടുങ്ങിപ്പോമച്ചരിതം

ഒട്ടാകെയങ്ങൊരു ഘോരാരവം കേട്ടു
ഞെട്ടിപ്പിണഞ്ഞഹോ ഞാനെണീറ്റു.

ലോകം തകരും‌വിധം തോന്നി, ഞാനോർത്തു
ഭൂകമ്പമെന്നോ പ്രളയമെന്നോ.

മുറ്റത്തേക്കാഞ്ഞു ജനവാതിലൂടെ ഞാൻ
ചെറ്റൊന്നു നോക്കിപ്പകച്ചുപോയി.

കണ്ണു കബളിപ്പിക്കുന്നെന്നു തോന്നി,യെൻ-
കാതെന്നെ വഞ്ചിക്കുന്നെന്നു തോന്നി.

ദുർന്നരകത്തില്പ്പതിക്കയോ ഞാൻ ഘോര-
ദുസ്സ്വപ്നം കാൺകയോയെന്നു തോന്നി.

കാളുന്ന പന്തങ്ങൾ തീവെട്ടികളിവ
മേളിച്ച ദീപ്തി പരന്നുകാണായ്

ഉഗ്രമായ്ച്ചൂഴുമിരുട്ടിന്റെ മദ്ധ്യത്തൊ-
രഗ്നിമയമാം തുരുത്തുപോലെ.

ക്രൂരമുഖവും കടുത്ത തടിയുമായ്
പാരം ഭയങ്കരരയ്യോ! കൈയിൽ

വാളും വാക്കത്തിയും തോക്കും വടിയുമു-
ള്ളാളുകളെങ്ങും ഞെരുങ്ങിക്കാണായ്.

താടികൾ നീട്ടിയും വെട്ടിപ്പലവിധം
പേടിയാമ്മാറു തെറുത്തുവച്ചും

തൊപ്പിയിട്ടും ചിലർ കുപ്പായമിട്ടുമ-
ങ്ങല്പം ചിലർ നിലയങ്കിയാർന്നും,

കട്ടി'ക്കയലി'മീതേയരഞ്ഞാൺ ചേർത്തു
കെട്ടിയുടുത്തും ചിലർ, ചിലപേർ

വക്കിൽ നിറംകാച്ചിയോരു വെണ്മുണ്ടര-
വാറിട്ടിറുക്കിയുടുത്തുമുള്ളോർ.

ഒട്ടാൾ മരച്ചെരുപ്പുള്ളോ,രില്ലാത്തവ-
രൊട്ടുപേരങ്ങനെയങ്കണത്തിൽ

കഷ്ടം! കാണായിതസംഖ്യമ്പേരെല്ലാരും
ദുഷ്ടമഹമ്മദരാക്ഷസൻമാർ!

കൂർത്തോരിരുമ്പുകോൽകൊണ്ടകത്തേ മതിൽ
കുത്തിച്ചിലർനിന്നിടിച്ചിടുന്നു.

കട്ടികൂടീടും കതകുകൾ മേലോങ്ങി
വെട്ടുന്നഹോ ചിലർ, വെണ്മഴുവാൽ.

താക്കോൽ ലഭിക്കുവാൻ കാര്യസ്ഥനെച്ചിലർ
നോക്കിത്തിരക്കിൽ നടന്നിടുന്നു.

തോക്കൊഴിക്കുന്നിതിടയിൽ മനയ്ക്കലെ-
യാൾക്കാരണഞ്ഞാലവരെ നോക്കി.

ഉദ്ധതന്മാർ പിന്നെക്കോപം സഹിയാഞ്ഞു
ചത്തുവീണോരെച്ചവിട്ടിടുന്നു.

ശുദ്ധിയില്ലാത്ത മലയാള ഭാഷയിൽ
ക്രുദ്ധിച്ചസഭ്യങ്ങൾ ചൊല്ലിച്ചൊല്ലി

താനേ ചിലർ കലിയാർന്നു മദം‌പെടു-
മാനപോൽ കൂക്കിവിളിച്ചിടുന്നു.

ഘോരമിശ്ശബ്ദങ്ങൾ മാറ്റൊലിക്കൊണ്ടഹോ!
ദൂരത്തിരുട്ടുമലറിടുന്നു!

അയ്യോ! കാര്യസ്ഥനെ ദുഷ്ടരിതാ പിന്നിൽ
കൈയുകൾ കെട്ടിക്കുനിച്ചുനിർത്തി

ഹാ പാപം! വാളൊന്നു പാളുന്നിതായിടി-
ത്തീപോലെ തദ്ഗളനാളത്തൂടെ.

ചുറ്റുമറകളിലുള്ള പരിജനം
മുറ്റത്തു ചാടിനിന്നീടും‌മുമ്പേ

കഷ്ടം! നിലം‌പതിക്കുന്നിതാ പാവങ്ങൾ
വെട്ടുകളേറ്റും വെടികൾകൊണ്ടും.

ഘോരം! ശവങ്ങൾ പിടഞ്ഞടിഞ്ഞും ചുറ്റും
ചോരച്ചെഞ്ചോല ചുഴിഞ്ഞുപാഞ്ഞും

വിട്ടുപോയൊന്നു ഭവതിക്കെന്നാത്തോലേ,
യൊട്ടധികം പേരിവരിൽ മുമ്പേ

ഹന്ത! നായന്മാർ തുടങ്ങിക്കീഴ്‌പോട്ടുള്ള
ഹിന്ദുക്കളായുമിരുന്നോരത്രേ,

ആട്ടും, വിലക്കും, വഴിയാട്ടും, മറ്റുമിക്കൂട്ടർ
സഹിച്ചു പൊറുതിമുട്ടി

വിട്ടതാം ഹിന്ദുമതം – ജാതിയാൽ താനെ
കെട്ടുകഴിഞ്ഞ നമ്പൂരിമതം.

കേരളത്തിങ്കൽ മുസൽമാന്മാർ പശ്ചിമ-
പാരങ്ങളിൽനിന്നു വൻകടലിൻ

ചീറും തിരകൾ കടന്നോ ഹിമാലയ-
മേറിയോ വന്നവരേറെയില്ല.


"https://ml.wikisource.org/w/index.php?title=ദുരവസ്ഥ&oldid=216985" എന്ന താളിൽനിന്ന് ശേഖരിച്ചത്