നിജാനന്ദവിലാസം
കുമാരനാശാന്റെ സ്തോത്രകൃതികൾ (സ്തോത്രകൃതി) രചന: നിജാനന്ദവിലാസം |
(ആദ്യകാലത്തെ തത്വചിന്താ പ്രധാനമായ ഒരു സ്ത്രോത്രകൃതി, കവിതാരീതി പഴയതരത്തിൽപ്പെട്ടതാണ്. പക്ഷേ, ജീവിതതത്വാന്വേഷണം ഈ കൃതിയിൽ പിൽക്കാലകവിതകളുമായി ബന്ധപ്പെടുത്തുന്നു. ) |
കാവ്യങ്ങൾ
വീണ പൂവ് · ഒരു സിംഹപ്രസവം |
കവിതാസമാഹാരം
|
വിവർത്തനം
|
സ്തോത്ര കൃതികൾ
|
മറ്റു രചനകൾ
|
|
ആധാരബ്രഹ്മമാരാഞ്ഞഖിലമതിലട-
ക്കിക്കളഞ്ഞങ്ങുനിൽക്കും
മേധാവിപ്രൗഢനും തന്നഴിവിലതിരഴി-
ഞ്ഞന്ധനായന്തരിക്കും;
വേധാവോതുന്ന വേദം മുഴുവനറികിലും
വേലചെയ്താലുമെന്തേ
ബോധാചാര്യക്കഴൽച്ചെങ്കമലമതിനടി-
ക്കാണു നിർവാണലോകം.
ആനന്ദാരംഭമാകുന്നമൃതകലശവാ-
രാശിമദ്ധ്യത്തനന്ത-
സ്ഥാനത്തിൽ സാന്ദ്രമോദം സതതസരസസ-
ദ്യോഗനിദ്രൻ വിനിദ്രൻ
നാനാലോകാനുരൂപൻ നതജനനരകാ-
രാതി നാരായണാഖ്യൻ
ജ്ഞാനാചാര്യൻ ജയിക്കുന്നിതു മമ നിജനി-
വാണലക്ഷ്മീനിവാസൻ.
മന്ദാരപ്പൊംകൊടിക്കൈമലർ മധുരമെടു-
ത്തെന്നെ മാനിച്ചു മായ-
ക്കന്ദാപായം ഭവിക്കുമ്പടിയുടല്പുണരും
കൗശലത്തിൽ കലർത്തി,
മന്ദാഭാവാനുകമ്പം മമ മുകളിൽ മുകർ-
ന്നൂറുമദ്വൈതസമ്പ-
ത്സന്ദാനംചെയ്ത സാരാമൃതലഹരിമൊഴി-
ക്കേതു ഞാനാദരിപ്പൂ!
മന്ദൻ ഞാനെങ്കിലും മറ്റൊരുമതി കരുതാ-
തെന്നെ നീ ഞാനതെന്നെൻ
സന്ദേഹം വിട്ടു സാധിച്ചരുളിയൊരു സമാ-
ധാനധാമത്തിലെന്നും
നിന്ദാർഹൻ ഞാനിരുന്നീടുലുമിഹ നിയതം
നിർമ്മലബ്രഹ്മ നിത്യാ-
നന്ദക്കല്പാന്ത വെള്ളക്കടലും കരകവി-
ഞ്ഞെന്നെ മുക്കുംവരെയ്ക്കും.
ചിദ്വിഭ്യാസമ്പ്രദായം ചിരപരിചിതമാ-
ണെങ്കിലും പങ്കജപ്പൂ-
മദ്ധ്യത്തിൽ പള്ളികൊള്ളുന്നവനു മതിവരു-
ന്നില്ല തെല്ലും മനോജ്ഞേ
സദ്യോ നിർവാണസൗഖ്യപ്രദമതു സകലം
സംഗ്രഹിച്ചെൻ ഗൃഹത്തി-
ന്നദ്വൈതാനന്ദവാണീ! വരിക ജനനി വ-
ന്നാടുകന്നാടകം നീ.
മണ്ണപ്പും തീ മരുത്തും മുടിയുമഥ മഹാ-
ധൂളിയും ധൂളിയായി-
ക്കണ്ണിൽക്കാണാതെ ശൂന്യക്കരിയിരുൾ കബളം
കൊണ്ടതും കണ്ടുനിൽക്കും
എണ്ണിക്കാണുന്നനേരത്തെരിചുടരെതിരി-
ല്ലന്ധകാരത്തരിമ്പീ-
വണ്ണം വേരറ്റു വിശ്വം നിറയുമൊരു മഹാ
വിദ്യയെക്കൈതൊഴുന്നേൻ.
കാണപ്പെട്ടുള്ളതറ്റക്കണികലരുമരും
കണ്ണുമറ്റെണ്ണമറ്റ-
പ്രാണപ്പറ്ററ്റു പറ്റിപ്പടരുമൊരു പട-
പ്പൊക്കെയറ്റുൾക്കുരുന്നിൽ
വാണിപ്രാതീതനൈജപ്രിയ വടിവിൽ വള-
ന്നുള്ള വിശ്വപ്രബോധ-
പ്രാണപറ്റാമപാരപ്രകൃതിപതിയെ ഞാൻ
പിന്നെയും കൈതൊഴുന്നേൻ.
തന്നത്താനാദരികും ധരണിയിലരുമ-
ത്തമ്പുരാൻതന്റെ പാദം
തന്നിൽത്താനുല്ലസിക്കും തരളതയവിടെ-
ത്തന്നെയും മുന്നിടുമ്പോൾ
തന്നിൽ തത്ത്വം പദം പോയഴിയുമസിയുമറ്റ-
പ്പുറത്താത്മബോധം
തന്നിൽ താങ്ങറ്റ തത്ത്വത്രിപുടിമുടിവിനെ
ത്താണിതാ കൈതൊഴുന്നേൻ.
ജ്ഞാനച്ചെന്തീമിഴിക്കോണിളകിയരിപുരം
ചുട്ടു നിർദ്ധൂളിയാക്കി-
ബ്ഭാനത്തിന്നന്ധകാരം പറവതു ശരിയ-
ല്ലാതെയില്ലാതെയായി
മാനംവിട്ടുല്ലസിക്കും മഹിതതമമഹാ-
മൗനമാകും മഹസ്സിൽ
താനേ ഞാനെന്നെവച്ചത്തലവനെയധികം
താണിതാ കൈതൊഴുന്നേൻ.
ഭാനം ഭാനം പ്രപഞ്ചപ്രകൃതി സകലവും
ഭാനുമേൽ ഭാനുവിങ്കൽ
കാനൽ“ക്കേണീ”പ്രവാഹം കളവുകളവുതാ-
നെന്നു താനൊന്നറിഞ്ഞാൽ
സ്ഥാനം മറ്റില്ല താനില്ലവിടെയൊരു തട-
സ്സങ്ങളില്ലെന്നുമല്ലാ-
താനന്ദാകാരമായ് നിന്നരുളുമതിശയം
തന്നെയാണെന്റെ ദൈവം.
ഓമെന്നോതുന്നതും പോയൊലിയുമൊഴിയുമ-
ങ്ങുള്ളിനുള്ളായിനിൽക്കും
നാമം വേരറ്റു നാനാനരസുരനരക-
സ്ഥാദികൾക്കേകമായി
പ്രേമാവാസപ്രബോധപ്രഥിതവെടിവൊടും
നിന്നു സർവം ഭരിക്കും
സീമാതീതാനുകമ്പാമൃതമഴപൊഴിയും
സദ്ഘനം സാധുദൈവം!
ഓങ്കാരത്തിന്നുമൊറ്റത്തരിയുടയമുഴു-
ക്കത്തിനും ലൿഷ്യമെങ്കിൽ
ഭാകാരത്തിന്നുമേവം പലതിനുമതുപോ-
ലാകുമെന്നാകുമെന്യേ
ഞാൻ കാണുന്നില്ല ചൊല്ലുന്നതിനൊരു പദവും
നാദബിന്ധുക്കളറ്റ-
ത്തേൻ കാരുണ്യപ്രവാഹം ത്രിഭുവനവടിവായ്-
നിന്നൊരൊന്നാണു ദൈവം.
കാണും ദ്രവ്യങ്ങളാകും ഘടപടമഖിലം
കാൽക്ഷണം കാലതത്ത്വ-
ന്നൂണിന്നാമുമ്പർകോനും തൃണവുമൊരുകണ-
ക്കാക്കുമെന്നാകിലപ്പോൾ
കാണാനില്ലെങ്കിലില്ലക്കലനമതു മഹാ
കാളരാത്രിക്കരത്തിൽ
പ്രാണാപായം ഭവിക്കുന്നതിനുമതിനുമ-
ങ്ങപ്പുറത്തെന്റെ ദൈവം.
എണ്ണം നാണിച്ചുനിൽക്കുന്നിരവിമതിതുട-
ർന്നുള്ള ഗോളങ്ങളെല്ലാ-
മുണ്ണിക്കൈകൊണ്ടുരുട്ടാന്നൊരുവിധമരുമ-
ക്കന്ദുകക്രീഡയാടി
വിണ്ണും വിണ്ണെന്നുചൊല്ലുംപടി വിരിവിൽ വള-
ർന്നുള്ള വിശ്വപ്രപഞ്ച-
ക്കണ്ണിൽ കാണായ കാന്തക്കതിരൊളിയതിനും
കാതാലാണെന്റെ ദൈവം.
കാണപ്പെട്ടില്ല കാണുംതിറമൊടതിനു ക-
ണ്ണില്ല കൈയില്ല, കാലി-
ല്ലാണല്ലല്ലാതെ മറ്റല്ലണുവുമളവുമി-
ല്ലാദിയില്ലന്തമില്ല
സ്ഥൂണപ്രായം ജഡത്വം ചെറുതു പറയുവാ-
നില്ല മറ്റൊന്നുമല്ലി-
ക്കാണും ബ്രഹ്മാണ്ഡകോടീകപടനടകലാ-
ശാലിയാണെന്റെ ദൈവം.
ഭൂതോയം ജാതവേദസ്സനിലനമരഭൂ-
വബ്ജനാദിത്യനേഴും
ഹോതാവും ചേർന്ന രൂപത്തിനുമമലമഹ-
സ്സാമരൂപസ്ഥിതിക്കും
ധ്യാതാവിൻ വൃത്തിമദ്ധ്യത്തുയരുമുഭയരൂ-
പത്തിലോരോന്നിയറ്റും
ധാതാവാദിക്കുമുള്ളായ് വിലസുമൊരുമഹാ-
ധാമമാണെന്റെ ദൈവം.
വേദംനാലിൻ മുടിക്കും വിരവിൽ വിവിധമാ-
മാഗങ്ങൾക്കുമോരോ
ഭേദം പറ്റിപ്പിണങ്ങും പലപല സമയ-
ങ്ങൾക്കുമുൾക്കാതലായി
വാദംപോകും വഴിക്കിന്നധികമകലെയായ്
വാസ്തവം കണ്ട കണ്ണിൻ
ഖേദക്കണ്ണീർ തുടച്ചക്കനിമഴ പൊഴിയും
കൊണ്ടലാണെന്റെ ദൈവം.
അല്ലല്ലെന്നോതി യന്ത്യത്തമരമൊഴി മടു-
ത്തന്തരിച്ചാദരിക്കും
ചൊല്ലെത്താതൊന്നു ചൂണ്ടിത്തരുമിയ ചിദാ-
കാശദേശാന്തരത്തിൽ
ഉല്ലോലാനന്ദബാഷ്പാമൃതമധുവൊഴുകും
യോഗിചിത്താംബുജത്തി-
ന്നല്ലില്ലാതുള്ളഹസ്സിന്നനിശശരണമാ-
മംശുമാനെന്റെ ദൈവം.
സത്താ സാമാന്യസാക്ഷാൽക്കരണസരണിയിൽ
സാന്ദ്രസൗഭാഗ്യമായി
ചിത്തായിച്ചേതനാചേതനജഡനിചയം
ചെയ്ത ചൈതന്യമായി
മുത്തായ് മാണിക്യമായ് വന്മരതകമലയായ്
മോഹികൾക്കും മുനിക്കും
സത്തായ് സാനന്ദതേജോമയമഹിതമതായ്
നിന്നൊരൊന്നാണു ദൈവം.