നിജാനന്ദാനുഭൂതി

രചന:എൻ. കുമാരനാശാൻ

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ



ബ്രഹ്മാദിക്കുമമന്ദസുന്ദരപരാ-
നന്ദൈകസന്ദായിനീ!
ബ്രഹ്മശ്രീ ബഹുവേദവിസ്തരധുരാ-
ലംബേ! ശിവാലംബികേ!
കർമ്മാകർമ്മവികർമ്മവിഭ്രമവിവാ-
ദാമൂലവിധ്വംസിനീ!
ബ്രഹ്മധ്യാനകലേ! സമാധികുശലേ!
ബാലേ! കടാക്ഷിക്ക നീ.

ജന്മാപായജയോപയോഗപദവീ-
ജിജ്ഞാസുവിജ്‌ജ്ഞാപികേ!
ജിഹ്മാതീതപഥാന്ധപാന്ഥപരിഷ-
ത്സ്വാധേയപാഥേയമേ!
ബ്രഹ്മാനന്ദരസപ്രമാണകലനാ-
കുംഭായമാനേ! മഹാ-
നിമ്നദ്ധ്യാനകലേ! നിതാന്തസുഖദേ!
നിത്യേ! കടാക്ഷിക്ക നീ.

കന്ദർപ്പാദിപിശാച നീചപടല-
പ്രോച്ചാടനോങ്കാരിണീ!
സന്ദിഗ്‌ദ്ധാന്തസംസ്തസംസൃതിരുജാ-
സഞ്ജാതസഞ്ജീവനീ!
സന്ദർഭോദയസാരമൗനസരസാ-
ലാപേ! സദാ സച്ചിദാ-
നന്ദദ്ധ്യാനകലേ! സമാധികുശലേ!
ബാലേ! കടാക്ഷിക്ക നീ.

അക്ഷാദിപ്രസൃദാത്മബോധകലികാ-
സന്ദോഹചന്ദ്രാത്മികേ!
വിക്ഷേപോദ്ഭവവിശ്വവൃദ്ധികലികാ-
മന്ദാരകന്ദാത്മികേ!
"അക്ഷാതീതചിദന്തരീക്ഷവിഹര-
ന്നിഷ്പക്ഷപക്ഷീ മഹാ-
വിക്ഷേപക്ഷയസൂക്ഷ്മസാക്ഷി"ന പരോ-
ക്ഷാക്ഷീ! കടാക്ഷിക്ക നീ.

സംസാരമയഘോരസാഗരതരീ-
ഭൂതേ! സമസ്തേശ്വരീ!
ഹിംസാപതേഹിരണ്യഗർഭദയിതേ!
ഹീരോപലോദ്യൽപ്രഭേ!
ഹംസാരാധിതഹംസവാഹനസുതേ!
ഹംസാത്മികേ! ഹംസികേ!
ഹംസധ്യാനകലേ! ഹരാംഗനിലയേ!
അമ്മേ കടാക്ഷിക്ക നീ.

പ്രേമസ്രവണപ്രസന്നവദന-
പ്രേക്ഷാപരോക്ഷപ്രദേ!
കാമക്രോധവിഘാതഗാധഹൃദയാ-
ക്രാന്താന്ധകാരോൽകരേ!
നേമിപ്രായഭവഭ്രമപ്രതിഭട-
പ്രൗഢേ! ദൃഢേ! നിത്യനി-
ഷ്കാമദ്ധ്യാനകലാകലാപകലഭേ!
കാന്തേ! കടാക്ഷിക്ക നീ.

വേദാഭിജ്ഞരസജ്ഞവിജ്ഞവദനാം-
ഭോജാതജാതാമൃതേ!
വാദാപേതവിധാവിതർക്കജനിജ-
പ്രജ്ഞാനവിജ്ഞാപിതേ!
നാദാതീതപരേ! നിരങ്കുശനിരാ-
ലംബാത്മനിർവ്വാണനിർ-
ഭേദധ്യാനകലാധുരന്ധരകലേ!
കാലേ കടാക്ഷിക്ക നീ.

ശല്യാഘാതശതാധികക്ഷതരുജാ-
ഹൃദ്വേദനാനോദനാ
തുല്യാമോദതുഷാരതുന്ദിലദയാ-
പിയൂഷധാരാദരേ!
കല്യാണാലയകാലയാപനഘനാ-
സക്തേ! വിരക്തേംബ! കൈ-
വല്യാധ്യാനകലാവിലാസകലിതാ‌-
നന്ദേ! കടാക്ഷിക്ക നീ.

മായാമാർഗ്ഗനിസർഗ്ഗനിർഗ്ഗളദഘൗ-
ഘാസാരദുർഗ്ഗാമുഖം
മേയാതെന്നെയെടുത്തു മൗനമണിസൗ-
ധത്തിൽക്കടത്തംബികേ!
നീയെന്യേ ഗതിയില്ലഞാനൊരു നിരാ-
ലംബൻ നിരാലംബധൗ-
രേയധ്യാനകലേ ധരാധരകര-
സ്ഥൈര്യേ! കടാക്ഷിക്ക നീ.

കൈവല്യാദ്രിമഹാവിഹാരകമനീ-
യോന്നീതചേത:പ്രിയേ!
ദൈവാഭോഗവിഭോഗദൈത്യദലനേ!
ദേവീ! ദയാവാരിധേ!

നൈവന്നൈവമിതിപ്രവൃത്തനടനേ
നാഥേ! നമസ്തേ നമ-
ശ്ശൈവധ്യാനകലേ! ശശാങ്കവിമലേ!
ശാന്തേ! കടാക്ഷിക്ക നീ.

നാരായണായ ഗുരവേ നരകാന്തകായ
നാദാന്തയോഗനഗരാന്തരനായകായ
നാകാവനീസുരനിരസ്തനിജാഭിലാഷ-
നാമാംകുരായ ഭവതേ! നതിരസ്തു നിത്യം.

"https://ml.wikisource.org/w/index.php?title=നിജാനന്ദാനുഭൂതി&oldid=55826" എന്ന താളിൽനിന്ന് ശേഖരിച്ചത്