പുഷ്പവാടി/തോട്ടത്തിലെ എട്ടുകാലി
←പൂക്കാലം | പുഷ്പവാടി രചന: തോട്ടത്തിലെ എട്ടുകാലി |
അമ്പിളി→ |
കാവ്യങ്ങൾ
വീണ പൂവ് · ഒരു സിംഹപ്രസവം |
കവിതാസമാഹാരം
|
വിവർത്തനം
|
സ്തോത്ര കൃതികൾ
|
മറ്റു രചനകൾ
|
|
|
തളിർത്തുലഞ്ഞു നിന്നിടും തരുക്കൾതന്റെ ശാഖയിൽ
കൊളുത്തിനീണ്ട നൂലു രശ്മിപോലെ നാലു ഭാഗവും,
കുളത്തിനുള്ളു കാണുമർക്കബിംബമൊത്തു കാറ്റിലീ-
വെളുത്ത കണ്ണിവച്ചെഴും വിചിത്രരൂപനാരിവൻ?
അടുത്തിടുന്നൊരീച്ച പാറ്റയാദിയായ ജീവിയെ-
പ്പിടിപ്പതിന്നു കണ്ണിവച്ചൊളിച്ചിരുന്നുകൊള്ളുവാൻ
പഠിച്ച കള്ളനാരു നീ പ്രഗൽഭനായ മുക്കുവ-
ക്കിടാത്തനോ? കടുത്ത കാട്ടിലുള്ള കൊച്ചുവേടനോ?
മിനുത്തു നേർത്ത നൂലിതെങ്ങുനിന്നു? മോടികൂടുമീ-
യനർഘമാം നെയിത്തുതന്നെയഭ്യസിച്ചതെങ്ങു നീ?
നിനയ്ക്ക നിന്റെ തുന്നൽ കാഴ്ചവേലതന്നിലെത്തിയാൽ
നിനക്കു തങ്കമുദ്ര കിട്ടുമെട്ടുകാലി നിശ്ചയം!
നവംബർ 1910