പുഷ്പവാടി/ദീപാർപ്പണം
←സങ്കീർത്തനം | പുഷ്പവാടി രചന: ദീപാർപ്പണം |
കാവ്യങ്ങൾ
വീണ പൂവ് · ഒരു സിംഹപ്രസവം |
കവിതാസമാഹാരം
|
വിവർത്തനം
|
സ്തോത്ര കൃതികൾ
|
മറ്റു രചനകൾ
|
|
ഭാവബന്ധമൊടു സത്യരൂപനാം,
ദേവ, നിന്മഹിമയാർന്ന കോവിലിൽ
പാവനപ്രഭയെഴും വിളക്കിതാ
സാവധാനമടിയൻ കൊളുത്തിനേൻ.
അല്പമെങ്കിലുമതിൻ പ്രഭാങ്കുരം
സല്പതേ,യിരുൾ തുരന്നു മെല്ലവേ
ശില്പരമ്യപദപീഠഭൂവിൽ നി-
ന്നുല്പതിച്ചു തിരുമെയ്യിലെത്തണേ!
സ്ഥേമയാർന്ന മണിഭൂഷണത്തിലും
തൂമനോജ്ഞമലർമാലതന്നിലും
ഹേമവിഗ്രഹമരീചി തേടുമി-
ക്കോമളപ്രഭ തിളങ്ങണേ വിഭോ!
മാറ്റി നിന്മുഖരസംമറച്ചിതിൽ
പോറ്റി, പുൽകരുതു ധൂമരേഖകൾ;
മാറ്റിയന്ന മണിവാതിലൂടെഴും
കാറ്റിലാടരുതിതിൻ ശിഖാഞ്ചലം.
ചീർത്തിതിന്നൊളി തെളിഞ്ഞു പൊങ്ങി നെയ്
വാർത്തിടായ്കിലുമെരിഞ്ഞു മേൽക്കുമേൽ
നേർത്തിതീശ, മിഴിയഞ്ചിടുന്ന നിൻ-
മൂർത്തി മുൻപു നിഴൽ നീങ്ങി നില്ക്കണേ!
സെപ്തംബർ 1919