പ്രണവവും സംഖ്യാദർശനവും
പ്രണവവും സംഖ്യാദർശനവും രചന: |
പ്രണവവും സംഖ്യാദർശനവും
തിരുത്തുകപ്രണവം എന്നത് രണ്ടു വിധം. ഒന്നു നാദരൂപം (നിഷ്‌കള ബ്രഹ്മം) രണ്ട് അക്ഷര രൂപം (സകലബ്രഹ്മം). നിഷ്‌കളബ്രഹ്മത്തിന്റെ വിശകലനം ലോക സൃഷ്ട്യാദിദ്വാരാ ജീവേശ്വരജഗദ്‌ഭേദങ്ങളിൽ പടർന്നുപിടിച്ചു കയറിപ്പോകുന്നു. അത് ഇവിടെ വിഷയമല്ല. പരബ്രഹ്മത്തിൽ ആരോപിക്കപ്പെട്ട മൂലപ്രകൃതി (അവ്യക്തം) ഗുണഭേദമനുസരിച്ച് ഈശ്വര ജീവ ജഗദ്രൂപമായ പ്രപഞ്ചത്തിനു കാരണമായതുപോലെ പരപ്രണവത്തിൽ ആരോപിക്കപ്പെട്ട അപരപ്രണവം, വർണ്ണാക്ഷര സംഖ്യകൾക്ക് എന്നല്ല വേദ വേദാന്ത വേദാംഗാദി സകല വിദ്യകൾക്കും ആദികാരണമാകുന്നു.
ഏകാക്ഷരമായ ഓംകാരം അ കാര ഉ കാര മ കാരങ്ങളുടെ സമുച്ചയമാണ്. അതുകൾ സത്വരജസ്തമസ്സുകളും ആകുന്നു. ത്രിഗുണങ്ങളുടെ ന്യൂനാധിക സമതാ ഭേദമനുസരിച്ച് ഓരോന്നു മുമ്മൂന്നായി പിരിയുന്നു. സത്വഗുണം ന്യൂനമാകയാൽ 1, സത്വഗുണം അധികമായാൽ 2, സത്വഗുണം സമമായാൽ 3 (ന്യൂനാധികം ഇല്ലാതിരുന്നാൽ). ഇങ്ങനെ സത്വഗുണം മൂന്നുവിധമായതുപോലെ രജോഗുണവും തമോഗുണവും മൂന്നുവിധം.[1] ആകെ ഗുണവികൃതി 9 വിധം. പ്രണവം ഒന്ന്. അതിന്റെ ഘടകങ്ങൾ മൂന്ന് ഗുണവികൃതികൾ ഒമ്പത്. (1 – 3 – 9) എന്ന മൂന്ന് സംഖ്യകൾ സംജാതങ്ങളായി. ഒരു സംഖ്യയെ അതേ സംഖ്യകൊണ്ടു തന്നെ പെരുക്കിയാൽ അതിന്റെ ഫലത്തിനു വർഗ്ഗം എന്നും കൃതിയെന്നും പേർ പറയാം. അതുകൊണ്ടു ഗുണവികൃതി എന്നുപറയുന്നതു മൂന്നിന്റെ വർഗ്ഗമാകുന്നു. മൂന്നെന്ന സംഖ്യയ്ക്കും ഒൻപത് എന്ന സംഖ്യയ്ക്കും പ്രത്യേകം പ്രാധാന്യം ഉണ്ടെന്നു സാരം. ഒന്നിനും മൂന്നിനുമുള്ള സങ്കലന വ്യവകലനം കൊണ്ട് 4 – എന്നും 2 – എന്നും രണ്ടു സംഖ്യകൾ കൂടി ഉണ്ടായി. 1 – 2 – 3 – 4 – എന്ന നാലു സംഖ്യകൾ മൂന്നിന്റെ വർഗ്ഗമായ 9 – ൽ നിന്നും വ്യവകലനം ചെയ്താൽ 8 – 7 – 6 – 5 – എന്നു് 4 സംഖ്യകൾ കൂടി കിട്ടുന്നു. ഒന്നു മുതൽ 4 വരെയുള്ള നാലു സംഖ്യ അനുക്രമമായും ഒൻപതു മുതൽ അഞ്ചുവരെയുള്ള 5 സംഖ്യ അപക്രമമായും യോജിപ്പിച്ചാൽ 1,2,3,4,5,6,7,8,9 എന്ന ഒൻപത് അക്കങ്ങൾ പ്രത്യക്ഷപ്പെടുന്നു. സകലത്തിന്റെയും മൂലബീജമായ അവ്യക്തത്തിലുള്ള ഹിരണ്യഗർഭസങ്കേതം മഹാകാശമാണ്. അത് ശൂന്യവും ആകുന്നു. ശൂന്യത്തിനു പൂജ്യമെന്നും സൂന്നമെന്നും പേരുണ്ട്. അത് പത്താമത്തെ അക്കമാണെന്നു ചിലർക്കഭിപ്രായമില്ലാതില്ല. ഒന്ന് എന്ന അക്കം രണ്ടാം സ്ഥാനത്തിലും പൂജ്യം ഒന്നാം സ്ഥാനത്തിലും ഇട്ടാൽ 10 എന്നുള്ള സംഖ്യ 9നു മേലായി പ്രകാശിക്കും. ഒന്നുമുതൽ ഒൻപതുവരെയുള്ള അക്കങ്ങളും പൂജ്യവും ചേർത്തു ഏകസ്ഥാനം മുതൽ പരാർദ്ധ (18)[2] സ്ഥാനം വരെ യഥേഷ്ടം സംഖ്യകളെ നിർമ്മിക്കുന്നതിനും വ്യവഹരിക്കുന്നതിനുമുള്ള യുക്തിരഹസ്യം പ്രണവത്തിൽ അന്തർലീനമാകുന്നു. മൂന്ന് മൂന്നിന്റെ കൃതി, ഒമ്പത് ഒമ്പതിന്റെ കീഴും മേലുള്ള എട്ട്, പത്ത്, ഈ നാലു സംഖ്യകളും ഏറ്റവും പ്രധാനപ്പെട്ടവ തന്നെ. പ്രണവാന്തരിതങ്ങളായ സംഖ്യകളുടെ വിനിമയത്തിൽ ജ്യോതിശ്ശാസ്ത്ര ത്തിന്റെയും, തച്ചുശാസ്ത്രത്തിന്റെയും സംഗീത ശാസ്ത്രത്തിന്റെയും, മറ്റു ശാസ്ത്രങ്ങളുടെയും എല്ലാ യുക്തി രഹസ്യം അച്ചടക്കമാണ്. ദേവാലയമോ മനുഷ്യാലയമോ സ്ഥാപിക്കുന്നതിനു ഭൂമി പരിഗ്രഹം ചെയ്തു ചതുരശ്രമാക്കി ശാസ്ത്രരീത്യാ അഷ്ടാങ്കദിഗ്വർഗ്ഗ പദങ്ങളിൽ അതായതു 8,9,10 എന്നു മേൽ പറഞ്ഞ സംഖ്യകളുടെ വർഗ്ഗങ്ങളിൽ (8x 8 = 64, 9x 9 = 81, 10×10 = 100) ഒന്നുകൊണ്ട് ഖണ്ഡിതമായ ഏതെങ്കിലും ഒരു പദത്തിൽ വിധിപരമായി സ്ഥാനം നിർണ്ണയിക്കുന്നു. 64 ഖണ്ഡങ്ങൾ അടങ്ങിയ പദം അഷ്ടവർഗ്ഗപദം. 81 ഖണ്ഡങ്ങൾ അടങ്ങിയ പദം അങ്കവർഗ്ഗപദം, 100 ഖണ്ഡങ്ങൾ അടങ്ങിയ പദം ദിഗ്വർഗ്ഗപദം. ഇവയ്ക്കു ക്രമത്തിനു; ചതുഃഷഷ്ടി പദം, ഏകാശീതിപദം, ശതപദം[3] എന്നും പേരുണ്ട്. ഇങ്ങനെ മൂന്നു വിധത്തിൽ പദകല്പന കാണുന്നുണ്ട്. ഗുണസംഖ്യകൊണ്ട് ഓരോ പദത്തിലും മൂന്നിനും അവാന്തരപദങ്ങളും ചുറ്റുചുറ്റായി ഉണ്ടായിരിക്കണമെന്നുമനുമാനിക്കാം. അതായത്, മദ്ധ്യത്തിൽ ബ്രാഹ്മം, അതിന്റെ പുറം ചുറ്റിൽ ദൈവം, അതിന്റെ പുറം ചുറ്റിൽ മാനുഷം ഇതുകൾ അവാന്തരപദങ്ങളാണ്. നാഡികൾ, രജ്ജുക്കൾ, സൂത്രങ്ങൾ, മർമ്മങ്ങൾ, വീഥികൾ എന്നിതുകളും, പദങ്ങളിൽ അടങ്ങിയിട്ടുണ്ട്. അതുകൾ ഒന്നിൽ മറ്റൊന്നു വേധിക്കാതെ ശരിക്കുകാണാവുന്ന പദം ഏകാശീതി പദമാണ്. അതുകൊണ്ട് അങ്കവർഗ്ഗപദത്തിനു മറ്റുപദങ്ങളെക്കാൾ പ്രാധാന്യവും പ്രാഥമ്യവും കല്പിച്ചിട്ടുണ്ട്. അങ്കവർഗ്ഗം 81 ഇതു ഗൃഹനിർമ്മാണത്തിനുപയുക്തങ്ങളായ കണക്കുകളുടെയെല്ലാം ആദിജന്മസ്ഥാനമാണെന്നു പറയാം. ഗൃഹത്തിന്റെ പര്യന്തം (ചുറ്റ്- ചുറ്റളവ്) കോലും ശിഷ്ടമംഗുലമായിട്ടുമാണ് സാധാരണ കണ്ടിട്ടുള്ളത്. യവാദിമാനങ്ങൾക്ക്[4] അതിൽ പ്രസക്തിയേ ഇല്ല. അപ്പോൾ 81 എന്ന സംഖ്യ അംഗുലമാക്കി കല്പിക്കാം. അതിന് മൂന്നേകാലേ അരയ്ക്കാൽ കോൽ അളവുണ്ട്. ഇതു കണക്കുകളുടെ ജന്മസന്ധിയാകുമ്പോൾ അത്രയും കാലം ഗർഭവാസമായിട്ടുകാണാം. ജനനമുണ്ടെങ്കിൽ മരണവും തീർച്ച. അപ്പോൾ അവസ്ഥകളും കൂടിയേ തീരൂ. ബാല്യം, കൗമാരം, യൗവ്വനം, വാർദ്ധക്യം, മരണം ഇങ്ങനെയാണ് അവസ്ഥകൾ. ഓരോ അവസ്ഥയ്ക്കും ഗർഭവാസത്തിലുള്ള പരിമാണം തന്നെ സ്വീകാര്യം. ഗർഭവാസം മൂന്നേകാലേ അരയ്ക്കാൽ, ബാല്യം മൂന്നേകാലേ അരയ്ക്കാൽ, കൗമാരം മൂന്നേകാലേ അരയ്ക്കാൽ, യൗവ്വനം മൂന്നേകാലേ അരയ്ക്കാൽ വാർദ്ധക്യം മൂന്നേകാലേ അരയ്ക്കാൽ. ആകെ 16 കോൽ 21 അംഗുലം. ഈ സന്ധിക്കു കണക്കിന്റെ മരണം. പിന്നീട് മൂന്നേകാലേ അരയ്ക്കാൽ ഗർഭവാസം. പിന്നീട് അതിന്റെ സന്ധിക്ക് ഇരുപതു കോൽ ആറ് അംഗുലത്തിന് (ഇരുപതേ കാൽ കോലിന്) വീണ്ടും ജനനം. ഇങ്ങനെ ജനനവും മരണവും കണക്കുകൾക്കു കാണുന്നു. നൂറുകോലിനകമായിട്ട് ആറു ജനനവും അഞ്ചുമരണവും കണക്കാക്കാം. കണക്കാക്കുന്ന ബ്രഹ്മത്തിൽ പര്യന്ത (ചുറ്റളവ്) മാകുന്ന മൂലപ്രകൃതി വിജ്യംഭിക്കുമ്പോൾ യോനിയാകുന്ന ജീവൻ ഉണർന്നെഴുന്നേല്ക്കുമെന്നാണ് ശാസ്ത്ര സിദ്ധാന്തം. ഓരോ ദിക്കിലും ഓരോ വിദിക്കിലും[5] ഓരോ യോനികൾക്കു പ്രാമാണ്യം കാണുന്നു. വിദിക്കിലെ യോനി സാധാരണ ഉപയോഗിക്കാറില്ല 1 കിഴക്കുദിക്ക് അവിടെ ധ്വജയോനി, 2. അഗ്നി കോൺ വിദിക്ക്,[6] ധൂമയോനി, 3. തെക്കുദിക്ക് സിംഹയോനി, 4. നിരൃതികോൺ വിദിക്ക്[7] ശ്വയോനി, 5. പടിഞ്ഞാറുദിക്ക് – വൃക്ഷയോനി, 6. വായുകോൺ വിദിക്ക്8 ഖരയോനി, 7, വടക്കു ദിക്ക് ഗജയോനി, 8. ഈശകോൺ വിദിക്ക്[8] കാകയോനി ഇങ്ങനെ ദിക്വിദിക്കുകളും യോനികളും കാണുന്നുണ്ട്. ചുറ്റുകണക്കിലുള്ള സംഖ്യ3,8 ഈ സാധനങ്ങളുടെ വിനിമയം കൊണ്ട് യോനി കല്പിക്കാം. ചുറ്റിനേ മൂന്നിൽ പെരുക്കി എട്ടിൽ ഹരിച്ചാൽ ശിഷ്ടം ദിക്കും യോനിയും ആയി വരും. ചുറ്റുകണക്കു മൂന്നുകോൽ 16 അംഗുലം എന്നിരിക്കട്ടെ. അതിനെ മൂന്നിൽ പെരുക്കിയാൽ 11 എന്ന സംഖ്യ കിട്ടും. അതിനെ എട്ടിൽ ഹരിച്ചാൽ ശിഷ്ടം മൂന്ന് എന്നു കിട്ടും. അപ്പോൾ മൂന്നാമത്തെ ദിക്ക് തെക്ക് എന്നും മൂന്നാമത്തെ യോനി സിംഹം എന്നും ക്ലിപ്തമായി വന്നു. ദ്വിഘനമായി ത്രിവർഗ്ഗത്തിന്റെ കീഴിൽനിന്നു എട്ടും, ഗുണസംഖ്യയായ മൂന്നും, ചുറ്റിൽ ഉൾപ്പെട്ട സംഖ്യയും ദിക്കിന്റെ യോനിയുടേയും ക്രിയാസാധനങ്ങളായിത്തീർന്നു. ഇതിനു സമുച്ചയവചനവും ഉണ്ട്. ‘ഇഷ്ടതാനവിതാനമാനനിചയേ – ത്രിഘ്‌നേഷ്ടഭിർഭാജിതേ ശിഷ്ടയോനിഃ”’ഇത്യാദി മൂന്നേകാലേ അരയ്ക്കാൽ കോലിനു കണക്കു ജനിച്ചാലും അതു പര്യന്തത്തിൽ പൂർണ്ണമായി തീരുകയില്ല. പൂർണ്ണതവരണമെങ്കിൽ സപ്താംഗസംസ്‌കാരം കൂടി ചെയ്യണം. ഓരോ അംശത്തിനും ഓരോ അംഗുലം വീതം കണക്കാക്കി ഏഴംഗുലംകൂടി 81 അംഗുലത്തിൽ കലർത്തണം. 88 അംഗുലമാകും. അപ്പോൾ മൂന്നുകോൽ 16 അംഗുലം എന്നൊരു കണക്ക് ഒന്നാമതായി വരും. അതിനകത്തുള്ള കണക്കുകൾ ഒന്നും ഗൃഹത്തിനുപയോഗിച്ചുകൂടാ എന്നുണ്ട്. അഷ്ടാംഗുല സംസ്‌കാരം കൊണ്ട് ഇഷ്ടയോനി നിർണ്ണയിക്കാം. അതിന്റെ വിധം ഇങ്ങനെയാണ്. മുൻപറഞ്ഞ മൂന്നുകോൽ 16 അംഗുലത്തിന്റെ 8 അംഗുലം കൂട്ടിയാൽ 4 കോൽ പൂർണ്ണമാകും. അതിനെ മൂന്നിൽ പെരുക്കി 8 – ൽ ഹരിച്ചാൽ ശിഷ്ടം 4 വരും. 4-ാമത്തെ ദിക്കും 4-ാമത്തെ യോനിയും ആകും. അതിൽ എട്ടംഗുലം കൂട്ടിയാൽ 4 കോൽ 8 അംഗുലം വരും. അതിനെ മൂന്നിൽ പെരുക്കി 8 ൽ ഹരിച്ചാൽ ശിഷ്ടം 5 കിട്ടും. 5-ാമത്തെ ദിക്കും 5-ാമത്തെ യോനിയും വരും. ഇങ്ങന[9], – 8 അംഗുലം ക്രമേണ കൂട്ടിക്കൂട്ടി (അഷ്ടാംഗുല സംസ്‌കാരം ചെയ്തു) ക്രിയ നടത്തിയാൽ മേലേമേലേ അടുത്തടുത്ത ദിക്കും യോനിയും കാണാം. ഇതാണ് അഷ്ടാംഗുലസംസ്‌കാരം കൊണ്ടുള്ള പ്രയോജനം. ഒന്നാമത്തെ കണക്ക് മൂന്നു കോൽ 16 അംഗുലത്തിൽ ഉള്ളതും 1-ാമത്തെ യോനി സിംഹയോനിയും ഒന്നാമത്തെ ഗൃഹം തെക്കിനിയുമാകുന്നു. സിംഹയോനിക്കും തെക്കിനിക്കുമുള്ള മേന്മ പ്രാഥമ്യംകൊണ്ടുതന്നെയാണ്. ശ്വവൃക്ഷഖരഗജകാകധ്വജധൂമയോനികൾ സിംഹയോനിയുടെ സഹോദരസ്ഥാനികളാണ്. 81 അംഗുലം അല്ലെങ്കിൽ മൂന്നേകാലേ അരയ്ക്കാൽ ജ്യോതിശ്ചക്രവൃത്തപരിധിയാണ്. 12 രാശികളും 27 നക്ഷത്രങ്ങളും രണ്ടു പക്ഷങ്ങളിലും കൂടിയുള്ള 30 തിഥികളും. എല്ലാം ഈ കാലചക്രപരിധിക്കു ഉള്ളടക്കം നില്ക്കുന്നു. ആറേമുക്കാൽ അംഗുലത്തിൽ ഒരു രാശിയും അതിൽത്തന്നെ രണ്ടേകാൽ നക്ഷത്രവും രണ്ടര തിഥിയും അന്തർഭവിക്കുന്നു. 3 അംഗുലത്തിൽ ഒരു നാളും ഒരംഗുലത്തിൽ 20 നാഴികയും കണക്കാക്കാം.
മാനസാധനവും മാഹാത്മ്യവും
തിരുത്തുകബ്രഹ്മവാചകമാണ് ഓങ്കാരം. അതു പ്രണവം. പരബ്രഹ്മസ്വരൂപം. അതിൽനിന്ന് അതിന്റെ ഘടകങ്ങളെ ആശ്രയിച്ച് സത്വം, രജസ്സ്, തമസ്സ് എന്ന മൂന്നു ഗുണങ്ങളും അതിനെ തുടർന്ന് ശക്തികളും, മൂർത്തികളും, കാലങ്ങളും, ലോകങ്ങളും എല്ലാം സംജാതങ്ങളായി. ‘ഭൂഃ ഭുവഃ സ്വഃ’ എന്ന വ്യാഹൃതികളും ‘ഐം ക്ലീം സൗഃ’ എന്ന ബീജമന്ത്രങ്ങളും ‘ഓം തത് സത്,’ എന്ന ബ്രഹ്മമന്ത്രവും, മറ്റു മന്ത്രങ്ങളും സകലവിധ ത്രിവർഗ്ഗങ്ങളും വേദവേദാന്തവേദാംഗാദിവിദ്യകളും ഒന്നിനൊന്നു തുടരെ പ്രണവത്തിൽ നിന്നു തന്നെ പ്രകാശമാനങ്ങളായിത്തീർന്നു. സൃഷ്ടികർത്താവു തന്നെ അതിപ്രധാനങ്ങളായ ഋക്, യജുസ്സ്, സാമം എന്ന മൂന്നു വേദങ്ങളിലുമുള്ള രഹസ്യഭാഗങ്ങൾ സാരസമുച്ചയം ചെയ്തു പ്രത്യേകം സംഗ്രഹിച്ചിട്ട് എട്ടെട്ടക്ഷരങ്ങളിലാക്കി ഗായത്രീഛന്ദസ്സിൽ ചേർത്തു മൂന്നു പാദങ്ങൾ കൂട്ടി അഞ്ചു സന്ധികൾ കാട്ടി 24 അക്ഷരത്തിൽ ഒരു മഹാമന്ത്രം നിർമ്മിച്ചിട്ടുണ്ട്. അതാണ് ‘ഗായത്രി’ എന്ന സുപ്രസിദ്ധമായ മഹാമന്ത്രം.[10] പ്രപഞ്ചം നിശ്ശേഷം അതിന്നധീനമാണെന്നു പറഞ്ഞാൽ പിന്നെ അതിന്റെ മാഹാത്മ്യം വർണ്ണിക്കണമെന്നുണ്ടോ? ഇല്ല. നിശ്ചയം. അങ്കവർഗ്ഗം 81 അംഗുലം. അതു കാലചക്രപരിധി. അതിൽ രാശിചക്രകലാരൂപത്തിൽ 21600 ശ്വാസങ്ങൾ അടങ്ങിയിട്ടുണ്ട്. ത്രിവർഗ്ഗ (9 അംഗുലം) ത്തിൽ 2400 ശ്വാസങ്ങൾ കണക്കാക്കാം. ദിഗ്വർഗ്ഗം എന്നത് 100 ദിഗ്വർഗ്ഗംകൊണ്ട് 2400നെ കഴിച്ചാൽ (2400 100 = 24) ഫലം 24 എന്നുവരും. ഇതാണ് മാനസാധനത്തിനുള്ള (മുഴക്കോൽ) അംഗുലസംഖ്യ, ഇരുപത്തിനാലുപ്രാണമുദ്രയാണ് 24 അംഗുലമായി പരിണമിച്ചതെന്നും അനുമാനിക്കാം. അംഗുലത്തിന്റെ മാനപ്രമാണം പ്രാണമുദ്ര തന്നെയാണ്. പ്രാണമുദ്രയെന്നത് കരോപഹാരകൽപനയിൽ പ്രാണാഹൂതിക്ക് ‘പ്രാണായസ്വാഹാ’ എന്നുച്ചരിക്കുമ്പോൾ ഒരു മുദ്ര കാണിക്കുക പതിവുണ്ട്. അതു വലതുകൈ ചെറുവിരലിലും പവിത്രവിരലും ചേർത്തുപിടിച്ച് അതിൽ പെരുവിരൽത്തുമ്പ് കൊള്ളിക്കുന്നതാണ്. ആ മുദ്രയാണ് പ്രാണമുദ്ര. അതുതന്നെയാണ് അംഗുലം. സാമാന്യം ഒരു പുരുഷന്റെ പവിത്രവിരലും ചെറുവിരലും ചേർത്ത് പവിത്രവിരലിന്റെ കടയിൽ നിന്നും മേലോട്ട് രണ്ടാമത്തെ വരയേ ലക്ഷ്യപ്പെടുത്തി വിലങ്ങനെ ഒരു തോതിടണം. എന്നാൽ അത് ഒരംഗുലമായിത്തീരും. വിരലുകൾക്ക് കേടുപാടുകളും തഴമ്പും ഒന്നും ഇല്ലാതെയും ഇരിക്കണം. ഈ തോതിൽ 24 അംഗുലം കൂട്ടുമ്പോൾ ഒരു കോൽസമ്പൂർണ്ണം. അംഗുലം എന്നത് ഒരു വിരൽ എന്നും പ്രമാണം ഉണ്ട്. അങ്ങിനെ വരുമ്പോൾ പവിത്രവിരലിന്റെ നടുത്തുണ്ടത്തിൽ വച്ച് വിലങ്ങനെ ഒരു തോതെടുക്കണം. അതാണ് ഒരു വിരൽ പ്രമാണമായ അംഗുലം. മുഴക്കോൽ ഗായത്രീരൂപം എന്നുതന്നെയല്ല, മൂർത്തിത്രയാത്മകവും ആണ്. ദ്വിഘനത്തെ (8-നെ) ഗുണസംഖ്യ (3) കൊണ്ടു ഗുണിച്ചാൽ (8×3= 24) 24 എന്ന സംഖ്യ കിട്ടും. ചതുർവിംശതി സംഖ്യാകമായ[11] ഗായത്രിമന്ത്രത്തിന്റെ അക്ഷരങ്ങളിൽ എട്ടെണ്ണവും എടുത്ത് എട്ടെട്ടംഗുലങ്ങളാക്കി മാനസാധനത്തിന്റെ (മുഴക്കോലിന്റെ) കടയ്ക്കലും നടുക്കും, തലയ്ക്കലും ന്യസിച്ചിട്ടുണ്ട്. ബ്രഹ്മാവിനേയും, വിഷ്ണുവിനേയും, ശിവനേയും കട മുതൽ മൂന്നു സ്ഥാനങ്ങളിലും അടക്കം ചെയ്തിട്ടുമുണ്ട്. ‘തത്”മുതൽ ‘ണ്യം’ വരെ 8 അക്ഷരം ബ്രഹ്മസ്വരൂപമാക്കി മുഴക്കോലിന്റെ ചുവട്ടിലും ‘ഭ”മുതൽ ‘ഹി”വരെ 8 അക്ഷരം വിഷ്ണുസ്വരൂപമാക്കി മുഴക്കോലിന്റെ മദ്ധ്യത്തിലും. ‘ധി’ മുതൽ ‘യാത്”വരെ 8 അക്ഷരം ശിവസ്വരൂപമാക്കി മുഴക്കോലിന്റെ അഗ്രത്തിലും അംഗുലരൂപേണ സ്ഥാപിച്ചിരിക്കുകയാണ്. ഇതുകൊണ്ട് മൂർത്തിത്രയാത്മകം’എന്നു മേൽ പ്രസ്ഥാവിച്ചത് സ്പഷ്ടമാണല്ലോ. മുഴക്കോലിന് ചുവടും തലയുമുണ്ടോ എന്നു ചിലർ ചോദിക്കാറുണ്ട്. അതിന്റെ രഹസ്യം അവർക്കറിഞ്ഞുകൂടാ. അതുകൊണ്ടു ചോദിച്ചതാണെന്നു സമാധാനിക്കണം. ശില്പികൾ ഗായത്ര്യുപാസകന്മാരായിരിക്കണം. അവർ ബ്രഹ്മസർവസ്വമായ മുഴക്കോലിനെ ഗായത്രീമന്ത്രാക്ഷരം ന്യസിച്ച് പൂജിച്ച് സംഗ്രഹിക്കണം, അല്ലെങ്കിൽ മഹനീയമായ ഈ മാനദണ്ഡം കൊണ്ട് മറ്റുള്ളവർ അതിന്റെ മാഹാത്മ്യം അറിയാതെ പട്ടി, പൂച്ച മുതലായവയെ തല്ലുന്നതിനും കാക്ക, കോഴി മുതലായവവയെ എറിയുന്നതിനും ഊന്നി നടക്കുന്നതിനും ഉപയോഗമുള്ളതാണെന്നു കരുതിയേക്കാം.
കുറിപ്പുകൾ
തിരുത്തുക- ↑ രജോഗുണം ന്യൂനമായാൽ 1. രജോഗുണം അധികമായാൽ 2. രജോഗുണം സമമായാൽ 3.
തമോഗുണം ന്യൂനമായാൽ 1. തമോഗുണം അധികമായാൽ 2. തമോഗുണം സമമായാൽ 3. എന്നിങ്ങനെ. - ↑ 100,000,000,000,000,000.
- ↑ ചതുഃഷഷ്ടി = അറുപത്തിനാല്. ഏകാശീതി = എൺപത്തൊന്ന്. ശതം = നൂറ്.
- ↑ രണ്ടുയവം ഒരു കുന്നി തുടങ്ങിയ അളവുകൾക്ക് എന്നർത്ഥം.
- ↑ വിദിക്ക് = ഇടദിക്ക്
- ↑ കിഴക്കുതെക്കേ വിദിക്ക്.
- ↑ തെക്കുപടിഞ്ഞാറേ വിദിക്ക്
- ↑ വടക്കു കിഴക്കേ വിദിക്ക്.
- ↑ വടക്കുപടിഞ്ഞാറേ വിദിക്ക്
- ↑ ഓം ഭൂര് ഭുവ സ്വ തത്സവിതുർവരേണ്യം
ഭർഗോദേവസ്യധീമഹി
ധിയോ യോ നഃ പ്രചോദയാത്
എന്നത്രേ മന്ത്രസ്വരൂപം. - ↑ ചതുർവിംശതി = ഇരുപത്തിനാല്.