ഭാഷാപത്മപുരാണാഭിപ്രായം (പ്രബന്ധം)

രചന:ചട്ടമ്പിസ്വാമികൾ
"മഹാകവി വള്ളത്തോളിന്റെ പത്മപുരാണ തർജ്ജമയെക്കുറിച്ച് ചട്ടമ്പിസ്വാമികൾ എഴുതിയ അഭിപ്രായമാണു് ഈ ലേഖനം."

ചട്ടമ്പിസ്വാമികളുടെ
കൃതികൾ

ചട്ടമ്പിസ്വാമികൾ
കൃതികൾ

 · ക്രിസ്തുമതനിരൂപണം
 · പ്രാചീനമലയാളം
 · പ്രാചീനമലയാളം 2
 · വേദാധികാരനിരൂപണം
 · അദ്വൈതചിന്താപദ്ധതി
 · നിജാനന്ദവിലാസം
 · ജീവകാരുണ്യനിരൂപണം
 · ആദിഭാഷ
 · ശ്രീചക്രപൂജാകല്പം
 · പ്രപഞ്ചത്തിൽ സ്ത്രീപുരുഷന്മാർക്കുള്ള സ്ഥാനം
 · ദേവാർച്ചാ പദ്ധതിയുടെ ഉപോദ്ഘാതം
 · ദേവീമാനസപൂജാസ്തോത്രം
 · പ്രണവവും സംഖ്യാദർശനവും
 · ഭാഷാപത്മപുരാണാഭിപ്രായം
 · കേരളത്തിലെ ദേശനാമങ്ങൾ
 · മലയാളത്തിലെ ചില സ്ഥാനനാമങ്ങൾ
 · കവിതകൾ
 · കത്തുകൾ
 · തിരുമൊഴികൾ
 · തമിഴകവും ദ്രാവിഡമാഹാത്മ്യവും
 · കേരളചരിത്രവും തച്ചുടയ കയ്മളും


ഭാഷാപത്മപുരാണാഭിപ്രായം

തിരുത്തുക

ശ്രുതിസ്മൃതി പുരാണങ്ങൾ ഇവ വേണ്ടുവോളം ജ്ഞാനവിജ്ഞാനങ്ങളെ ഉപദേശിക്കുന്നവയാണു്. അതിനാൽ ഇവയിൽ ഏതെങ്കിലും ഒന്നു പോരെയോ? ഈ മൂന്നും കൂടി എന്തിനാണു്? എന്നാണെങ്കിൽ മനുഷ്യരുടെ സ്വഭാവഗുണ താരതമ്യത്തെ അനുസരിച്ച് ഈ മൂന്നും അവശ്യം വേണ്ടവതന്നെയാണു്. അതു കൊണ്ടു് ആദ്യമായിട്ട് ഈ മൂന്നു പ്രമാണങ്ങളുടെ സ്വരൂപങ്ങളേയും അനന്തരം ഇവയുടെ സ്ഥാനമാനതാരതമ്യങ്ങളുടെയും പിന്നീട് ഇവ മനുഷ്യർക്ക് ഇന്ന നിലയിലാണു് ജ്ഞാനവിജ്ഞാനങ്ങളെ ഉപദേശിക്കുന്നതെന്നും ചുരുക്കത്തിൽ പറഞ്ഞുകൊള്ളട്ടെ.

സ്വരൂപലക്ഷണങ്ങൾ

തിരുത്തുക

ധർമ്മാധർമ്മങ്ങൾ ഇതിന്റെ സഹയത്താൽ കേൾക്കപ്പെടുകകൊണ്ടു് ഇതിനു ശ്രുതി,"ശ്രൂയത ഇതി ശ്രുതി",ശ്രവിക്കപ്പെടുകയാൽ ശ്രുതിയെന്ന് [1] നാമം
"വേദാർത്ഥസ്മരണപൂർവകം രചിതത്വാത് സ്മൃതിഃ" മഹർഹിമാരാൽ വേദാർത്ഥസ്മരണപൂർവകം രചിക്കപ്പെട്ടു എന്നതിനാൽ സ്മൃതി [2]
"പുരാഭവം പുരാണം" പണ്ടുകഴിഞ്ഞ കഥയെപ്പറ്റിപ്പറയുന്നതു്, "പുരാ അതീതാനാഗതാവർത്ഥാ വണതി" അതീതങ്ങളായും(കഴിഞ്ഞവക) അനാഗതങ്ങളായും (ഇനിവരാൻ പോകുന്ന വക) ഇരിക്കുന്ന കഥകളെപ്പറ്റിപ്പറയുന്നു.

സർഗ്ഗശ്ച പ്രതിസർഗ്ഗശ്ച
വംശോ മന്വന്തരാണി ച
വംശാനു ചരിതം ചൈവ
പുരാണം പഞ്ചലക്ഷണം

പുരാണമെന്നതു് അഞ്ച് ലക്ഷണങ്ങളോടു കൂടിയവയാകുന്നു.

അഞ്ചു ലക്ഷണങ്ങൾ

1. സർഗ്ഗം 2. പ്രതിസർഗ്ഗം 3. വംശം 4. മന്വന്തരങ്ങൾ 5. വംശാനുചരിതം, ഇവയിൽ സർഗ്ഗമെന്നത് ആകാശാതി പഞ്ചഭൂതങ്ങൾ, ചക്ഷുരാദി ദശേന്ദ്രിയങ്ങൾ, അന്തഃകരണം, സത്വ രജസ്തമസ്സുകളുടെ വിഷമാവസ്ഥയിൽനിന്നുള്ള ഇവയുടെ ഉത്പത്തി. പ്രതിസർഗ്ഗമെന്നതു് ബ്രഹ്മാവിന്റെ ദേവതിര്യങ്മനുഷ്യാദി സൃഷ്ടിയും സംഹാര(പ്രളയ)വും വീണ്ടുമുള്ള സൃഷ്ടിയും. വംശമെന്നത് രാമകൃഷ്ണാദ്യവതാരങ്ങളുടെയും ആ കാലത്തുണ്ടായിരുന്ന മറ്റു ഭക്തന്മാരുടെയും വംശ വർണ്ണന. മന്വന്തരങ്ങൾ; ഓരോ മനുക്കളുടേയും ഭരണചരിത്രങ്ങൾ, വംശാനുചരിതം, മനുക്കളുടെ പിൻവാഴ്ചക്കാരുടെ ചരിത്രം സ്ഥാനമാന താരതമ്യങ്ങൾ

യദദൃഷ്ടം ഹിം വേദേഷു
തദ്‌‌ദ്രഷ്ടവ്യം സ്മൃതൗകില
ഉഭാഭ്യാം യദദൃഷ്ടം ഹി
തത് പുരാണേഷു പഠ്യതേ
ശ്രുതിസ്മൃതി പുരാണേഷു
വിരുദ്ധേഷു പരസ്പരം
പൂർവ്വം പൂർവ്വം ബലീയഃസ്യാ-
ദിതിന്യായ വിദോ വിദുഃ
(ആപസ്തംബസ്മൃതി)

വേദത്തിൽ കാണാത്ത വിഷയത്തെ സ്മൃതിയിൽനിന്നും ഗ്രഹിച്ചുകൊള്ളാം. ഈ രണ്ടിലുമില്ലാത്തവ പുരാണങ്ങളിൽ നിന്നും ഗ്രഹിക്കാം. എന്നാൽ ശ്രുതിസ്മൃതി പുരാണങ്ങളിൽ പരസ്പരം വിരുദ്ധമായി കാണുമ്പോൾ പുരാണത്തേക്കാൾ സ്മൃതിയും സ്മൃതിയേക്കാൾ ശ്രുതിയും ബലീയസ്സാകുന്നു. [3]

ശ്രുതിസ്മൃതി വിരോധേഷു
ശ്രുതിരേവ ഗരീയസീ
അവിരോധേ സദാകാര്യം
സ്മാർത്തം വൈദികവത്സദാ
(ജാബാലസ്മൃതി)

ശ്രുതിക്കും സ്മൃതിക്കും വിരോധമിരിക്കുന്ന അവസരങ്ങളിൽ ശ്രുതി തന്നെ പ്രബലപ്രമാണമാകും. അവയ്കു ഭിന്നിപ്പില്ലാത്ത പക്ഷത്തിൽ ശ്രുതിലേപ്പോലെ തന്നെ സ്മൃതിയും അംഗീകാര്യമാകും

ശ്രുതിസ്മൃതി പുരാണാനാം
വിരോധോ യത്ര ദൃശ്യതേ
തത്ര ശ്രൗതം പ്രമാണം തു
തയോർ ദ്വൈധേ സ്മൃതിർവരാ

വേദത്തിനു വിരോധമായ ശ്രുതിവാക്യം വകയല്ലാ. ഈ രണ്ടിനും വിരോധമായ പുരാണവചനവും വകയല്ല. ഇപ്രകാരം നീക്കേണ്ടവയെത്തള്ളി സ്വീകരിച്ചിരിക്കുന്ന പുരാണങ്ങൾ ശ്രുതിസ്മൃതികൾക്കു വിരോധം കൂടാതെ സമ്മതമായിട്ടുള്ളവയാണ്.

ഇനി ഉപദേശ നിലകളെ പറയുന്നു. ഇവയിൽ ശ്രുതിയാകട്ടെ, ഒരു ചക്രവർത്തി രാജാവിന്റെ നിലയിൽ ആജ്ഞാപിക്കും പോലെ അതിഗൗരവമായിട്ടും, സ്മൃതിയാകട്ടെ ഒരു സ്നേഹിതൻ അന്യോന്യം സമനിലയിൽ ഇരുന്നുകൊണ്ട് സന്തോഷപ്പെടുത്തി പറയുന്നതുപോലെ വളരെ ഇഷ്ടമായിട്ടും , പുരാണമാകട്ടെ , ഒരു ഭാര്യ സന്തോഷോത്സാഹം സമയം നോക്കി , ശൃംഗാരാദി രസസമേതം കൊഞ്ചിക്കുഴഞ്ഞു വശീകരിച്ചു ബോധിപ്പിക്കുന്നതുപോലെ അതിപ്രേമരൂപത്തിലും ഉപദേശിക്കും . ഈ ഒടുക്കം പറഞ്ഞ പുരാണമാർഗ്ഗം ഏകദേശം മനുഷ്യർക്കെല്ലാം രസകരമായിരിക്കുമല്ലോ. ഇതുതന്നെയാണല്ലോ കവികുലതിലകനായ വള്ളത്തോൾ നാരായണമേനോൻ അവർകളുടെ പരിശുദ്ധ ഹൃദയമാകുന്ന അലങ്കാര മണ്ഡപത്തിൽ തന്റെ സംസ്കൃതപദ്യരൂപങ്ങളായ പുരാതനവാസസ്ഥാനങ്ങളിലെ സ്ഥിതിയോടുകൂടി കോമളമായ മലയാളവാണീവിലാസമാർഗ്ഗത്തൂടെ കടന്നുകയറി അനന്തജ്ഞാനപ്രകാശത്തിനു നടനം ചെയ്തു കൊണ്ട് ടി ഓമന മലയാള ഭാഷയെത്തന്നെ നവീന സുഖവാസ സ്ഥാനാന്തരമായി സ്വീകരിച്ച് അതിൽ കല്യാണ മനോഹര ഗദ്യപദ്യ രൂപത്തിൽ ബഹിർഭാഗത്തേയ്ക്കെഴുന്നരുളി പ്രസരിച്ചു വിളങ്ങുന്നവയാണല്ലോ ഈ പുരാണരത്നങ്ങൾ . ഈ സ്ഥിതിക്കു ഇവയെ സാദരം പൂജിച്ചിരുത്തുന്നതിലേയ്കു , വിശേഷിച്ചു മലയാളികളും രസജ്ഞന്മാരുമായ എല്ലാ പേരുടേയും ഉത്തമാംഗങ്ങൾ ഉത്തമ സൽപീഠങ്ങളായി ഭവിക്കട്ടെ! ഒരു പക്ഷേ ആരും തന്നെ ഇപ്രകാരം അപേക്ഷിക്കുകയും അനുഗ്രഹിക്കുകയും ചെയ്തില്ലെങ്കിലും സ്വയം അപ്രകാരമായിപ്പോകുമാറുള്ള ഒരീശ്വരാനുഗ്രഹമാഹാത്മ്യം ഈ നവീന പുരാണങ്ങൾക്കുണ്ട്. വിശേഷിച്ചു പണ്ഡിത ശിരോരത്നങ്ങളുടെ വിലയേറിയ അഭിപ്രായാനുഗ്രഹങ്ങളും കൂടി ഇതിലിരിക്കുന്ന സ്ഥിതിക്കു പിന്നെ പറയണമോ?

ഇനി ഒന്നു കൂടിയുണ്ട്. എന്തെന്നാൽ സംസ്കൃത ഭാഷയെ തങ്കത്തിനോടും തമിഴ് അല്ലെങ്കിൽ തമിഴ് ഭാഷയുടെ ഒരു വകഭേദമായ നമ്മുടെ മലയാള ഭാഷയെ മണ്ണിനോടും സമമാക്കി മുൻകാലങ്ങളിൽ (ഇക്കാലത്തും ഇല്ലെന്നില്ല) ചില പണ്ഡിത കവികൾ പറയാറുണ്ട്. ആ മുറയ്ക് നോക്കുമ്പോൾ സംസ്കൃതത്തിൽ നിന്നും മലയാളത്തിലേയ്കുള്ള തർജ്ജിമ തങ്കപ്പാത്രത്തിലിരിക്കുന്ന അമൃതത്തെ മൺപാത്രത്തിലും കൂടീ ആക്കി വച്ചതുപോലെയും വയ്കുന്നതുപോലെയും ആകുന്നുവെന്നു വല്ലവരും വിചാരിച്ചുപോയേക്കാം . എങ്കിലും ഇതു നിമിത്തം ഇതിലേയ്കു എന്തെങ്കിലും ഒരു ന്യൂനതയുണ്ടോ എന്നു നോക്കിയാൽ അല്പം പോലുമില്ലെന്നുതന്നെ പറയേണ്ടിവരും . എന്തെന്നാൽ മൺപാത്രത്തിലിരിയ്കുന്നതുകൊണ്ട് അമൃതത്തിനു പാത്രഭേദമല്ലാതെ രസഭേദം ലവലേശം ഇല്ല. അപ്രകാരം ഇവിടെയും ഭാഷാഭേദമല്ലാതെ അർത്ഥഭേദം ഒട്ടും തന്നെ ഇല്ല. ഒന്നിൽ നിന്ന് മറ്റൊന്നിലേയ്കുള്ള തർജ്ജിമയുടെ പ്രയോജനം അധികം ബഹുജനങ്ങൾക്കു സംഗതി മനസ്സിലാകണമെന്നുള്ളതാണല്ലോ.തങ്കപ്പാത്രമുള്ളവർ ചിലരും മൺപാത്രമുള്ളവർ പലരുമാകകൊണ്ട് പ്രയോജനം എത്രയും അധികമാണെന്നുള്ളതിലേയ്ക് സംശയമില്ല. പദ്യമായിട്ടുമാത്രമേ ആകാവൂ എന്ന് നിർബന്ധം കൂടാതെ യഥാസൗകര്യം വിട്ടിരിക്കകൊണ്ടു വൃത്തം പ്രാസം മുതലായവ ഭയന്നു കടുത്ത സംസ്കൃതവാക്കുകളെ കുത്തിച്ചെലുത്തുന്ന വിഷയത്തിൽ സംഭവിച്ചുപോകാവുന്ന ന്യൂനതകളൊന്നും ഇതിൽ സ്ഥാനം പിടിച്ചിട്ടില്ല; പിടിക്കാനും തരമില്ല. ഗദ്യപദ്യങ്ങളായിട്ടു മാറി മാറി വരികകൊണ്ട് അല്പവും മുഷികയില്ലെന്നുതന്നെയുമല്ല,നാടകം ചമ്പു, കഥചെയ്കൽ,രാഗവിസ്താരവും പാട്ടും , ഇവ കേൾക്കുമ്പോൾ ഉണ്ടാവുന്നതുപോലെയുള്ള ശ്രവണരസവും നല്ലപോലെയുണ്ട്. പദ്യനിർബന്ധമില്ലാതെയും തന്നിമിത്തം സംസ്കൃതവാക്കുകൾ തുലോം കുറഞ്ഞും ഉള്ളതു സാധാരണ അറിയത്തക്കതുമായിരിക്കയാൽ സാമാന്യക്കാർക്കും മനസ്സിലാക്കിക്കൊണ്ടൂപോകുന്നതിലേയ്ക് വിഘ്നമോ വിളംബനമോ [4] ഒന്നും തന്നെയില്ല. ഇങ്ങേ അറ്റം പറയുന്നതായാൽ മൂന്നുലക്കകൾ കൊണ്ട് തങ്ങളിൽ കൂട്ടിമുട്ടാതെ ഒന്നിച്ചു നെല്ലുകുത്തുന്ന മൂന്നു സ്ത്രീക, തിളച്ചു തുടുതുടുത്ത കഞ്ഞിയോടുകൂടി അടുപ്പത്തുകിടക്കുന്ന ചോറ്റിനെ ആ അടുപ്പിൽ വച്ചുകൊണ്ടുതന്നെ സൂക്ഷിച്ചുവാർക്കുന്ന സ്ത്രീ, മലയാള വർഗ്ഗത്തിലുള്ള ഈ ഇവർക്കു പോലും ആ സമയത്ത് ഈ തർജ്ജിമ വായിച്ചുകേട്ടാൽ ഒരുവിധം മനസ്സിലാകാതെയിരിക്കുകയില്ല.


കുറിപ്പുകൾ

തിരുത്തുക
  1. ഋക്, യജുസ്,സാമം,അഥർവം, എന്നീ നാലു വേദങ്ങൾ അവയുടെ മന്ത്രങ്ങൾ , ബ്രാഹ്മണങ്ങൾ,ആരണ്യകങ്ങൾ ഉപനിഷത്തുക്കൾ എന്നീ നാലു ഭാഗങ്ങളോടും കൂടിയതാണു് ശ്രുതി.
  2. ഭഗവദ്ഗീത തുടങ്ങിയവയത്രേ സ്മൃതികൾ
  3. ബലീയസ്സ് = കൂടുതൽ ബലമുള്ളത്
  4. വിളംബനം = വിളംബം =താമസം