പ്രപഞ്ചവും മനുഷ്യനും/പദാർത്ഥം-പഴയതും പുതിയതുമായ വീക്ഷണങ്ങളിൽ

[ 57 ]

4

പദാർത്ഥം - പഴയതും പുതിയതുമായ വീക്ഷണങ്ങളിൽ

ആധുനികശാസ്ത്രത്തിന്റെ മുമ്പിലുള്ള 'പദാർത്ഥ'ത്തിനു പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യംവരെ ശാസ്ത്രത്തിന്റെ അറിവിൽ പെട്ടിരുന്ന 'പദാർത്ഥ'വുമായി വലിയ സാമ്യമൊന്നുമില്ല. അവ അടിസ്ഥാനപരമായും വ്യത്യസ്തങ്ങളാണ്. തന്മൂലം പഴയ ആശയത്തെ പ്രതിനിധാനം ചെയ്യുന്ന പദാർത്ഥം എന്ന പദംതന്നെ, നവീന ധാരണ വിശദമാക്കാൻ ഉപയോഗിക്കുന്നതുകൊണ്ട് ആശയക്കുഴപ്പമുണ്ടാകാനിടയുണ്ട്. പക്ഷേ, പഴയ പദം ഒഴിവാക്കിക്കൊണ്ട് പുതിയതൊന്ന് ആവിഷ്കരിക്കുക അത്ര എളുപ്പമല്ലാത്തതുകൊണ്ട് ഇന്നും നാം ആ പദം തന്നെ ഉപയോഗിക്കുന്നു. പുതിയ ആശയത്തെ പഴയ പദങ്ങൾകൊണ്ടുതന്നെ വിശദീകരിക്കാൻ നാമിന്നു നിർബ്ബദ്ധരാണ്. പുതിയ വീഞ്ഞ് പഴയ കുപ്പിയിൽത്തന്നെ നിറയ്ക്കുന്നതുകൊണ്ട് അതിന്റെ പുതുമ എളുപ്പം ശ്രദ്ധയിൽപ്പെടുകയില്ല.

നവീനവീക്ഷണത്തിന്റെ പ്രാധാന്യം ഗ്രഹിക്കണമെങ്കിൽ പഴയ ചിന്താഗതിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണം. അവേധ്യമായ (ഭേദിച്ചുകടക്കാൻ പറ്റാത്ത) ഒന്നായിട്ടാണ് അന്ന് പദാർത്ഥത്തെ കണക്കാക്കിപ്പോന്നിരുന്നത്. അനന്തമായി വ്യാപരിച്ചുകിടക്കുന്ന സ്ഥലത്തിന്റെ ചില ഭാഗങ്ങൾ ഈ പദാർത്ഥംകൊണ്ട് പൂർണ്ണമായും നിബദ്ധമാക്കപ്പെട്ടിരുന്നു. അനന്തമായ കാലത്തിൽ അതു സ്ഥിരമായി നിലകൊണ്ടു. ഈ ചിത്രത്തിൽ സ്ഥലവും കാലവും പദാർത്ഥവും വ്യത്യസ്തങ്ങളാണ്; അവയ്ക്കു തമ്മിൽ ബന്ധമുണ്ടെങ്കിലും.

പദാർത്ഥത്തിന്റെ അടിസ്ഥാനരൂപം പരമാണുവാണെന്ന് അംഗീകരിക്കപ്പെട്ടിരുന്നു. പ്രപഞ്ചത്തിന്റെ അനന്തവിശാലമായ സ്ഥലത്തിൽ ചില ഭാഗങ്ങൾ മാത്രം ഈ പരമാണുക്കളാൽ നിറയ്ക്കപ്പെട്ടിരുന്നു. ബാക്കിയുള്ള സ്ഥലം മുഴുവനും ശൂന്യമായിരുന്നു. ഇങ്ങനെ ശൂന്യസ്ഥലങ്ങൾക്കിടയ്ക്കു നിലനില്ക്കുന്ന പരമാണുസഞ്ചയത്തെയാണ് ഭൗതികവസ്തുക്കൾ എന്നു വിളിക്കുന്നത്. ഈ ഭൗതികവസ്തു സഞ്ചയങ്ങൾ നിശ്ചലങ്ങളല്ല; അവ ചലിച്ചുകൊണ്ടിരിക്കുന്നു; യന്ത്രവിജ്ഞാനനിയമങ്ങൾക്ക് അനുസൃതമായിട്ടാണ് അവ ചലിക്കുന്നതെന്നുമാത്രം. ഇങ്ങനെ പദാർത്ഥം സ്ഥലത്തിൽ നിബദ്ധമായിരിക്കുന്നതാണെന്നു കരുതുമ്പോൾ അത് അവേധ്യവും അവിഭാജ്യവും അക്ഷയവും ദൃഢവും ഏകാത്മകവുമാണെന്നു സിദ്ധിക്കുന്നു. [ 58 ] പത്തൊമ്പതാം നൂറ്റാണ്ടിലെ ശാസ്ത്രം പദാർത്ഥത്തിൽ ഈ ഗുണങ്ങളോരോന്നും അവരോധിച്ചതെങ്ങനെയാണെന്നു നോക്കാം.

നമുക്കു ദൃശ്യമാകുന്ന ഭൗതികവസ്തുക്കൾ പലതിനെയും ഭേദിച്ചുകടക്കുക എളുപ്പമാണ്. വിവിധ വസ്തുക്കൾ പലതും പരസ്പരം ഭേദിച്ച് കൂടിക്കലർന്നു കിടക്കുന്നു. പക്ഷേ ഈ വേധനം ഉപരിപ്ലവമത്രേ. നമ്മുടെ ഇന്ദ്രിയങ്ങളുടെ പരിമിതിയാണ് ഇത്തരമൊരു ധാരണയ്ക്കു കാരണം. വാസ്തവത്തിൽ എല്ലാ വസ്തുക്കളുടെയും അടിസ്ഥാനഘടകങ്ങൾ പരസ്പരം കൂടിച്ചേരാതെ തൊട്ടുരുമ്മി സ്ഥിതിചെയ്യുകയാണ്. ഉദാഹരണത്തിനു ലായിനികളുടെയും രാസമിശ്രിതങ്ങളുടെയും യൗഗികങ്ങളുടെയും മറ്റും കാര്യമെടുക്കുക. ഇവയിൽ വിവിധ വസ്തുക്കൾ പരസ്പരം തുളച്ചുകയറി കൂടിക്കലർന്നിരിക്കുകയാണെന്നു തോന്നും. പക്ഷേ, വസ്തവത്തിൽ അവയുടെ അടിസ്ഥാനകണികകൾ അതേപടി വേധിക്കപ്പെടാതെതന്നെയാണ് നിലനില്ക്കുന്നത്. നമുക്കതു ദൃശ്യമാകുന്നില്ലെന്നേയുള്ളു. ഇതുപോലെ തന്നെയാണ് അവിഭാജ്യതയുടെ സ്ഥിതിയും. പരമാണുവാദത്തിന്റെ മൂലക്കല്ലാണ് പരമാണുവിന്റെ അവിഭാജ്യത. സാധാരണഗതിയിൽ നാം കാണുന്ന ഭൗതികവസ്തുക്കളുടെ വിഭജനം ഈ നിയമത്തെ ലംഘിക്കുന്നില്ല; കാരണം, ഇവിടെ വാസ്തവത്തിൽ വിഭജനമല്ല നടക്കുന്നത് നേരത്തേ തന്നെ വിഭജിതാവസ്ഥയിൽ കഴിയുന്ന ഘടകങ്ങൾ തമ്മിലുള്ള അകലം വർദ്ധിക്കുകയാണു ചെയ്യുന്നത്. ഉദാഹരണത്തിന് ഒരു കല്ലിൻകഷ്ണമെടുക്കുക. എളുപ്പത്തിൽ നമുക്കതിനെ ഛിന്നഭിന്നമാക്കാം. പക്ഷേ, ഭിന്നിക്കുന്നതിനു മുമ്പുതന്നെ ആ കല്ലിൻകഷ്ണം പ്രത്യേകം പ്രത്യേകം പരമാണുക്കൾ അസംഖ്യം ചേർന്നുണ്ടായ ഒരു സംഘാതം മാത്രമാണ്. അത് ഛിന്നഭിന്നമായപ്പോൾ ഒന്നിച്ചുചേർന്നിരുന്ന പരമാണുക്കൾ പല വിഭാഗങ്ങളായി വേർതിരിയുകമാത്രമാണുണ്ടായത്. ഇതിൽനിന്നും പരമാണുക്കൾ അവിഭാജ്യങ്ങളാണെന്നുതന്നെ ഊഹിക്കാമല്ലോ. പത്തൊമ്പതാം നൂറ്റാണ്ടിൽ പരമാണുവാദത്തിനടിസ്ഥാനമായി നിന്നത് ഈ ധാരണയാണ്.

ഇതുപോലെ, പദാർത്ഥത്തിന്റെ അക്ഷയസ്വഭാവത്തെപ്പറ്റി അഥവാ സ്ഥിരതയെക്കുറിച്ച് പഴയ ഭൗതികശാസ്ത്രത്തിനു പല വാദഗതികളും ഉന്നയിക്കാനുണ്ട്. പദാർത്ഥത്തിന്റെ അന്തിമഘടകങ്ങൾ അവയുടെ ദ്രവ്യമാനത്തിലും വ്യാപ്തത്തിലും രൂപത്തിലും തികഞ്ഞ സ്ഥിരത പുലർത്തുന്നവയാണെന്നു കരുതപ്പെട്ടിരുന്നു. ദ്രവ്യമാനത്തിന്റെ സ്ഥിരത സ്ഥാപിക്കുന്ന സിദ്ധാന്തമാണ് പദാർത്ഥത്തിന്റെ സംരക്ഷണനിയമം. പ്രാപഞ്ചിക ദ്രവ്യമാനം പരമാണുക്കളുടെ ദ്രവ്യമാനത്തിന്റെ ആകത്തുകയാണെങ്കിൽ, പരമാണുക്കളുടെ ദ്രവ്യമാനം സ്ഥിരമായിരിക്കുന്നേടത്തോളംകാലം പ്രാപഞ്ചികദ്രവ്യമാനവും സ്ഥിരമായിരിക്കും. പരമാണുവിന്റെ വ്യാപ്തവും രൂപവും ഇതുപോലെതന്നെ സ്ഥിരമാണെന്നു സ്ഥാപിക്കപ്പെട്ടിരിക്കുന്നു. പക്ഷേ, പിൽക്കാലഗവേഷണങ്ങൾ അവയെ ചോദ്യം ചെയ്യത്തക്കവിധത്തിലുള്ള വസ്തുതകളാണ് വെളിച്ചത്തു കൊണ്ടുവന്നത്. പരമാണുവാദത്തിന്റെ [ 59 ] ഇത്തരം അടിസ്ഥാന പ്രമാണങ്ങൾതന്നെ ചോദ്യം ചെയ്യപ്പെടാൻ തുടങ്ങിയതോടെ ഈ പ്രമാണങ്ങളിൽനിന്നു പദാർത്ഥത്തിന്റെ പരമാണുത്വം തന്നെ നിഗമിച്ചെടുക്കുവാൻ പറ്റില്ലെന്നു സ്ഥിതി വന്നു.

ഏതായാലും പദാർത്ഥത്തെക്കുറിച്ചുള്ള ആധുനികധാരണ എന്താണെന്നു പരിശോധിക്കുന്നതിനുമുമ്പ് പഴയ യാന്ത്രിക നിയമങ്ങൾക്കനുസൃതമായ ചിത്രത്തിന്റെ അടിസ്ഥാനപ്രമാണങ്ങൾ സംഗ്രഹിക്കാം.

  1. തികച്ചും ദൃഢവും നിബദ്ധവുമായ ഘടകങ്ങളാൽ നിർമ്മിതമായ പദാർത്ഥം യന്ത്രവിജ്ഞാനത്തിന്റെ കർക്കശനിയമങ്ങൾക്കനുസൃതമായി സ്ഥലത്തിലൂടെ ചലിച്ചുകൊണ്ടിരിക്കുന്നു.
  2. പ്രകൃതിയിൽ പ്രകടമാവുന്ന ഗുണപരമായ എല്ലാ വ്യത്യാസങ്ങളും ഈ അടിസ്ഥാനഘടകങ്ങളുടേയോ അവയുടെ സംഘാതങ്ങളുടേയോ ക്രമീകരണത്തിലോ ചലനത്തിലോ ഉള്ള വ്യത്യാസങ്ങൾ മൂലമാണ്.
  3. പ്രകടമാവുന്ന ഗുണപരമായ എല്ലാ മാറ്റങ്ങളും പ്രാഥമിക ഘടകങ്ങളുടേയോ അവയുടെ സംഘാതങ്ങളുടേയോ സ്ഥാനാന്തരണത്തിൻ്റെ ഉപരിപ്ലവഫലങ്ങൾ മാത്രമാണ്.
  4. അടിസ്ഥാനകണികകൾ തമ്മിലുള്ള എല്ലാ പരസ്പരപ്രവർത്തനങ്ങളും അവയുടെ നേരിട്ടുള്ള സ്വാധീനംകൊണ്ടു മാത്രമാണ്.
  5. ഗുണപരമായ വൈവിധ്യവും അതുപോലെ ഗുണപരമായ രൂപാന്തരണവും, നിരീക്ഷിക്കുന്ന മനുഷ്യമനസ്സിന്റെ വെറും തോന്നലുകളാണ്. യഥാർത്ഥത്തിൽ പ്രകൃതിയിൽ സംഭവിക്കുന്നവയല്ല അവ.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യംവരെ ശാസ്ത്രലോകം പൊതുവെ നിലനിർത്തിപ്പോന്ന പ്രാപഞ്ചികചിത്രത്തിന്റെ മൗലിക പ്രമാണങ്ങളിവയായിരുന്നു.

പരമാണുവിന്റെ ഘടനയെക്കുറിച്ചു വ്യക്തമായ ധാരണ രൂപംകൊള്ളുന്നതിനു മുമ്പുതന്നെ ഇലക്ട്രോൺ കണ്ടുപിടിക്കപ്പെട്ടുവെന്ന് രണ്ടാമദ്ധ്യായത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടല്ലോ. പരമാണുക്കളേക്കാൾ വളരെ ചെറിയ കണികകളായ ഇലക്ട്രോണുകളുടെ കണ്ടുപിടുത്തം പരമാണുവിനെക്കുറിച്ചുള്ള ഡിമോക്രിറ്റൻ സങ്കല്പത്തെ തകർത്തുവെങ്കിലും പരമാണുവാദം അതോടെ തകരുകയുണ്ടായില്ല. പക്ഷേ, പിൽക്കാലത്തു തുടരെത്തുടരെ കണ്ടുപിടിക്കപ്പെട്ട പരമാണുകണികകളെല്ലാം ചിരസമ്മത പരമാണുവാദം ആവിഷ്കരിച്ച ഗുണങ്ങൾ പ്രദർശിപ്പിക്കാത്തവയായിരുന്നു. ഒന്നാമതായി പഴയ പ്രതീക്ഷകൾക്കു വിപരീതമായി ഈ കണികകളുടെ ദ്രവ്യമാനവും വ്യാപ്തവുമായി ആനുപാതികത്വമില്ലെന്നു വ്യക്തമായി. ഇതു പഴയ പരമാണുവാദത്തിന്റെ അടിത്തറയെത്തന്നെ ഇളക്കി. പരമാണുവിന്റെ ഏറെക്കുറെ മുഴുവൻ ദ്രവ്യമാനവും അടങ്ങിയിരിക്കുന്നത് അണുകേന്ദ്രത്തിലാണ്. [ 60 ] ഹൈഡ്രജൻ അണുവിൽ ഇലക്ട്രോണിന്റെയും അണുകേന്ദ്രത്തിന്റെയും ദ്രവ്യമാനങ്ങൾ തമ്മിലുള്ള അനുപാതം 1:1834 ആണ്. എന്നാൽ അണുകേന്ദ്രം ഇപ്രകാരത്തിൽ പ്രസ്തുത പരമാണുവിന്റെ ദ്രവ്യമാനം ഏറെക്കുറെ മുഴുവനായും ഉൾക്കൊള്ളുമ്പോൾ തന്നെ അതിന്റെ വ്യാസാർദ്ധം ഇലക്ട്രോണിന്റേതിനു സമാനമാണത്രേ! അതായത് ദ്രവ്യമാനത്തിൽ ഇത്ര വലിയ അന്തരമായിട്ടും അവയുടെ വ്യാപ്തം ഏറെക്കുറെ തുല്യമാണ്. അപ്പോൾ പരമാണുഘടനയുടെ ദ്രവ്യമാനവും വ്യാപ്തവും ആനുപാതികമാണെന്നു പറയാനെങ്ങനെ കഴിയും?

പഴയ പരമാണുവാദത്തിന്റെ കുറേക്കൂടി സുപ്രധാനമായ ഒരടിസ്ഥാനപ്രമാണമാണല്ലോ മൗലികകണികകളുടെ ദ്രവ്യമാനത്തിന്റെ സ്ഥിരത. പദാർത്ഥസംരക്ഷണ നിയമത്തിനടിസ്ഥാനവും ഇതാണല്ലോ. എന്നാൽ ഈ നിയമവും അടിസ്ഥാനകണികകളെ സംബന്ധിച്ചിടത്തോളം അപാകതയുള്ളതാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇലക്ട്രോണുകളുടെ കാര്യത്തിൽ അവയുടെ ദ്രവ്യമാനം എല്ലായ്പ്പോഴും സ്ഥിരമായി നിൽക്കുന്നില്ല. അവയുടെ ദ്രവ്യമാനം പ്രവേഗത്തിന്റെ ഫലമാണ്. പ്രവേഗം കൂടുന്നതിനനുസൃതമായി അവയുടെ ദ്രവ്യമാനവും കൂടിക്കൂടി വരുന്നു. ആദ്യം ഈ വർദ്ധനവ് വളരെ മന്ദഗതിയിലാണ്. പക്ഷേ പ്രകാശത്തിന്റെ പ്രവേഗത്തോടടുത്തുവരും തോറും പരീക്ഷണങ്ങൾവഴി കണ്ടുപിടിക്കാൻ കഴിയാത്ത വിധത്തിൽ അവയുടെ ദ്രവ്യമാനം വർദ്ധിക്കുന്നു. ഇങ്ങനെയാണെങ്കിൽ പദാർത്ഥത്തിന്റെ സംരക്ഷണനിയമം തെറ്റാണെന്നു വരികയില്ലേ? ഇല്ല. അതിനുള്ള പരിഹാരം ഐൻസ്റ്റീന്റെ സാപേക്ഷതാസിദ്ധാന്തം നൽകുന്നുണ്ട്.

സാപേക്ഷതാസിദ്ധാന്തം അനുസരിച്ച് ഒരു കണികയുടെ ദ്രവ്യമാനത്തിലുണ്ടാകുന്ന വർദ്ധനവ് ശൂന്യതയിൽ നിന്ന് ഉടലെടുക്കുന്നതല്ല. ചലിച്ചുകൊണ്ടിരിക്കുന്ന കണികയിലെ ഗതിക ഊർജ്ജത്തിലുണ്ടാകുന്ന വർദ്ധനവാണ് ദ്രവ്യമാനവർദ്ധനവിനു കാരണം. അഥവാ ഊർജ്ജമാണ് ദ്രവ്യമാനമായി രൂപാന്തരപ്പെടുന്നത്. അങ്ങനെ ഊർജ്ജവും ദ്രവ്യമാനവും സമാനങ്ങളായി തീർന്നതോടെ ഇലക്ട്രോണിന്റെ പ്രവേഗവർദ്ധനയ്ക്കനുസൃതമായുണ്ടാവുന്ന ദ്രവ്യമാനവർദ്ധനവ് പദാർത്ഥത്തിന്റെ സംരക്ഷണനിയമത്തെ ലംഘിക്കുന്നില്ലെന്നുവരുന്നു. പക്ഷേ, ആ നിയമത്തിനൊരു വ്യത്യാസം വന്നു എന്നു മാത്രം. പണ്ട് പ്രത്യേകം പ്രത്യേകമായി കരുതപ്പെട്ടിരുന്ന ഊർജ്ജസംരക്ഷണനിയമവും പദാർത്ഥസംരക്ഷണനിയമവും ഇപ്പോൾ ഒരുമിക്കുകയും ഒരേ നിയമമായി മാറുകയും ചെയ്തു - ഊർജ്ജത്തിന്റേയും പദാർത്ഥത്തിന്റേയും സംരക്ഷണനിയമം.

പദാർത്ഥത്തിന്റെ മൗലികഘടനയെക്കുറിച്ചു പറഞ്ഞപ്പോൾ അണുകേന്ദ്രത്തിൽനിന്നു വമിക്കപ്പെടുന്ന ഇലക്ട്രോണുകൾ ആസമയം ഊർജ്ജം രൂപാന്തരപ്പെട്ടുണ്ടാവുന്നതാണെന്നും അതോടൊപ്പമുണ്ടാവുന്ന പോസിട്രോണുകൾ ഇലക്ട്രോണുകളുമായി കൂട്ടിമുട്ടി വീണ്ടും ഊർജ്ജമായി മാറുന്നു എന്നും വ്യക്തമാക്കുകയുണ്ടായി. ഇതുപോലെതന്നെ മറ്റനേകം പരമാണു [ 61 ] ഘടകങ്ങളും ഊർജത്തിൽനിന്ന് ഉടലെടുക്കുകയും ഊർജമായി പരിണമിക്കുകയും ചെയ്യുന്നുണ്ട്. ഈ കണികകളിൽ പലതിന്റേയും ജീവിതകാലം സെക്കന്റിന്റെ വളരെ ചെറിയൊരംശം മാത്രമേയുള്ളു. മറ്റൊരുവിധത്തിൽ പറഞ്ഞാൽ കണികകൾ നിരന്തരം ഊർജ്ജവൽക്കരിക്കപ്പെടുകയും വീണ്ടും പദാർത്ഥവൽക്കരിക്കപ്പെടുകയും ചെയ്യുന്നു.

ഈ വസ്തുതകൾ മുന്നോട്ടുവെക്കുന്ന താത്ത്വികപ്രശ്നങ്ങളെന്തെല്ലാമാണെന്നു നോക്കാം. പ്രപഞ്ചത്തിന്റെ വിശാലമായ സ്ഥലത്തിൽ പലയിടത്തും നിറഞ്ഞുനിൽക്കുന്ന വസ്തുസഞ്ചയങ്ങളും അവയ്ക്കിടയിലുള്ള ശൂന്യസ്ഥലവും ഇന്നു നിലവിലില്ല. മറിച്ച്, ഇന്നു ദ്രവ്യമാനം ചുറ്റുമുള്ള സ്ഥലകാലമാധ്യമവുമായി അഭേദ്യമാംവിധം ബന്ധപ്പെട്ടു സ്ഥിതിചെയ്യുന്നു. നാം 'കണികക'ളെന്നു വിളിക്കുന്നവയെ തമ്മിൽ ബന്ധിച്ചുകൊണ്ട് സ്ഥലകാലമാധ്യമം പ്രപഞ്ചത്തിലെങ്ങും അഭംഗുരമായി നിലകൊള്ളുന്നു. തന്മൂലം പ്രപഞ്ചത്തിൽ ശൂന്യവും നിബദ്ധവുമായ പ്രദേശങ്ങളിന്നില്ല.

ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള പരമാണുകണികളിൽ ഭൂരിപക്ഷവും അക്ഷയങ്ങളോ സൃഷ്ടിക്കാൻ പറ്റാത്തവയോ അല്ല. കാരണം, ബീറ്റാറേഡിയോപ്രസരണത്തിൽ വമിക്കപ്പെടുന്ന ഇലക്ട്രോൺ കണികകൾ അണുകേന്ദ്രത്തിൽ നേരത്തേ നിലനിന്നിരുന്നവയല്ല; അവ ആ നിമിഷാംശത്തിൽ സൃഷ്ടിക്കപ്പെടുന്നവയാണ്. അതോടൊപ്പം നിർമ്മിക്കപ്പെടുന്ന പോസിട്രോണുകളുടെ ജീവിതകാലം 1/100000000 സെക്കൻഡാണ്. അതുപോലെ നിഷ്പക്ഷപയോണുകളുടെ ജീവിതകാലം 10-14 സെക്കൻഡാണ് (1/100000000000000 സെക്കൻഡാണ്). ഇത്രയും ചുരുങ്ങിയ കാലയളവുകൊണ്ട് ഈ പരമാണുഘടകങ്ങൾ സൃഷ്ടിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്നു! ഇത്രയ്ക്കു അല്പായുസ്സുകളായ ഘടകങ്ങളെ 'കണികകൾ' എന്നു വിളിക്കുന്നതു നിരർത്ഥകമാണ്. ഡിമോക്രിറ്റസിന്റെ നിർവ്വചനമനുസരിച്ചുള്ള സ്ഥിരമായ ദ്രവ്യമാനവും വ്യാപ്തവും രൂപവുമുള്ള പദാർത്ഥഘടകത്തെയാണ് 'കണിക' എന്നുവിളിക്കുന്നത്. എന്നാൽ ആധുനികശാസ്ത്രം നമുക്കു കാണിച്ചുതന്നിട്ടുള്ള പ്രപഞ്ചത്തിന്റെ അടിസ്ഥാനഘടകങ്ങൾക്ക് ഈ കണികകളുമായി യാതൊരു ബന്ധവുമില്ല.

ഇനിയും നാം 'കണികകൾ' 'പരമാണുക്കൾ' എന്നെല്ലാം ഉള്ള പദങ്ങൾ ഉപയോഗിക്കുന്നത് പുതിയ വീഞ്ഞ് പഴയ കുപ്പിയിലൊഴിക്കുന്നതിന് തുല്യമാണ്. ആധുനിക ഭൗതികശാസ്ത്രഗവേഷണങ്ങൾ തുറന്നു കാണിച്ചിട്ടുള്ള പ്രപഞ്ചത്തിന്റെ അടിസ്ഥാനഘടകങ്ങൾ കണികയല്ല, 'സംഭവങ്ങൾ' ആണ്. നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഈ 'സംഭവങ്ങ'ളുടെ അനുസ്യൂതത്വമാണ് പ്രപഞ്ചത്തിന് നിദാനമായി വർത്തിക്കുന്നത്. 'കണിക' എന്നതിനു പകരം 'സംഭവം' എന്ന പദം പ്രയോഗിക്കുന്നതിന് ഉപോൽബലകമായ മറ്റൊരു വസ്തുതകൂടിയുണ്ട്. [ 62 ] സാപേക്ഷതസിദ്ധാന്തമനുസരിച്ച് സ്ഥലവും കാലവും അനന്യമായ വിധം സമന്വയിക്കപ്പെടുകയുണ്ടായി. (അടുത്ത അദ്ധ്യായത്തിൽ ഇത് വിശദമായി വിവരിച്ചിട്ടുണ്ട്). അതേപോലെ ഊർജവും ദ്രവ്യമാനവും സമാനങ്ങളായിത്തീർന്നു. ഈ സമാനപ്രക്രിയ ഇതുകൊണ്ടുമവസാനിച്ചില്ല. സ്ഥലകാലവും ഊർജ-ദ്രവ്യമാനവും തമ്മിലും സമന്വയം നടന്നു. ഇങ്ങനെ രൂപംകൊണ്ട ചതുർമാന പ്രപഞ്ചം പഴയ യാന്ത്രികത്രിമാന പ്രപഞ്ചചിത്രത്തിൽ നിന്ന് തുലോം വ്യത്യസ്തമാണ്. ഈ പുതിയ പ്രാപഞ്ചികധാരണയുടെ അടിസ്ഥാനത്തിൽ, പണ്ട് നാം 'കണിക' എന്നു വിളിച്ചിരുന്നത് യഥാർത്ഥത്തിൽ, ഈ ചതുർമാനപ്രപഞ്ചത്തിൽ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന അനുക്രമിക സംഭവങ്ങളുടെ കണികകളെന്നോ പരമാണുക്കളെന്നോ വിളിക്കുന്നത് എത്ര അപര്യാപ്തമാണെന്ന് ഇതിൽനിന്ന് വ്യക്തമാവുന്നുണ്ട്. ഇത്തരമൊരു പ്രാപഞ്ചികധാരണ ഉൾക്കൊള്ളാൻ മാത്രം നാം തയ്യാറായിട്ടില്ലെന്നതു മാത്രമാണ് ഇവിടെ അവശേഷിക്കുന്ന പ്രധാന തടസ്സം.

സ്ഥല-കാലത്തെക്കുറിച്ച് അടുത്ത അദ്ധ്യായത്തിൽ ചർച്ചചെയ്യുന്നത്, ഈ അദ്ധ്യായത്തിൽ ഉന്നയിക്കപ്പെട്ട പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലുള്ള പുതിയ വീക്ഷണഗതി ഉറപ്പിക്കുന്നതിനും വിശദമാക്കുന്നതിനും സഹായകമാവും.