പ്രപഞ്ചവും മനുഷ്യനും/മനസ്സും ശരീരവും
[ 219 ]
21
മനസ്സും ശരീരവും
തീ കത്തുമ്പോൾ ചൂടും വെളിച്ചവുമുണ്ടാകുന്നു. ഇവിടെ തീ ചൂടും വെളിച്ചവും ഉൽപാദിപ്പിക്കുകയാണോ? അതോ, തീ ചൂടിന്റെയും വെളിച്ചത്തിന്റെയും ഉപാധിയാണോ? യഥാർത്ഥത്തിൽ ഈ രണ്ടു വിധത്തിലുമല്ല തീക്ക് ചൂടും വെളിച്ചവുമായുള്ള ബന്ധം. തീനാളങ്ങളിൽ നിന്ന് പ്രവഹിച്ചു കൊണ്ടിരിക്കുന്ന 'ഫോട്ടോൺ' എന്നറിയപ്പെടുന്ന അതിസൂക്ഷ്മകണികകളുടെ പ്രസരത്തെയാണ് 'വെളിച്ച'മെന്നു നാം വിളിക്കുന്നത്. അതുപോലെ തീനാളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അതീവ വേഗതയിലുള്ള പരമാണുകണികകളുടെ ചലനമാണ് 'ചൂട്' ആയി നമുക്കനുഭവപ്പെടുന്നത്. ഈ രണ്ടു സ്വഭാവങ്ങളുമുള്ള വസ്തുവിനെ മാത്രമെ നാം തീ എന്നു വിളിക്കുകയുള്ളൂ. അതുകൊണ്ട്, ഫോട്ടോണുകൾ എന്നു വിളിക്കപ്പെടുന്ന കണികകൾ പ്രസരിച്ചുകൊണ്ടിരിക്കുന്നതും, അസാധാരണ വേഗത്തോടെ നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന പരമാണുഭാഗങ്ങളടങ്ങിയതും ആയ പദാർത്ഥരൂപത്തെ, അഥവാ തീനാളത്തെ, അതിന്റെ ഈ രണ്ടു പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിൽ നാം വ്യാഖ്യാനിക്കാനുപയോഗിക്കുന്ന ഭാഷാ മാധ്യമങ്ങളാണ് 'ചൂട്', 'വെളിച്ചം' എന്നീ പദങ്ങൾ. അപ്പോൾ തീ ചൂടിന്റെയും വെളിച്ചത്തിന്റെയും ഉപാധിയാണെന്ന സങ്കൽപം അർത്ഥശൂന്യമായി തീരുന്നു. തീ ചൂടിന്റെയും വെളിച്ചത്തിന്റെയും ഉപാധിയാകണമെന്നുണ്ടെങ്കിൽ ചൂടിൽ നിന്നും വെളിച്ചത്തിൽ നിന്നും വ്യത്യസ്തമായ ഒരു വസ്തുവായിരിക്കണം തീ. വാസ്തവമതല്ലല്ലോ. ചൂടും വെളിച്ചവുമില്ലാത്ത വസ്തു ഒരിക്കലും തീ ആവില്ലല്ലോ. യഥാർത്ഥത്തിൽ, ചൂടും വെളിച്ചവും തീയും വ്യത്യസ്തങ്ങളല്ല, അനന്യങ്ങളാണ്.
ഇതുപോലെതന്നെയാണ് ശരീരവും മസ്തിഷ്കവും, ജീവന്റെയും മനസ്സിന്റെയും ഉപാധികളാണെന്ന സങ്കല്പവും. ജീവികളുടെ സവിശേഷതകൾക്ക് നിദാനമായ ഗുണങ്ങൾ പ്രകടമാക്കുന്നത് ഡി.എൻ.എ. എന്ന രാസവസ്തുവും അതിനോടു ബന്ധപ്പെട്ട പ്രവർത്തനങ്ങളുമാണെന്നു പറഞ്ഞാൽ, അതു 'ജീവ'ന്റെ ഉപാധി മാത്രമേ ആകുന്നുള്ളൂവെന്നു ചിലർ വാദിക്കാറുണ്ട്. ഇത് നിരർത്ഥകമായ ഒരു വാദഗതിയാണ്. ഡി.എൻ.എ.യ്ക്ക് തനതായ ചില ഗുണങ്ങളുണ്ട്. ആ ഗുണങ്ങളുടെ ആകെത്തുകയെയാണ് നാം ഡി.എൻ.എ. എന്നു വിളിക്കുന്നത്. അല്ലാതെ ആ ഗുണങ്ങളിൽ നിന്ന് വ്യത്യസ്തമായി ഡി.എൻ.എ. എന്ന ഒരു വസ്തു നിലനിൽക്കുന്നില്ല. അപ്പോൾ ഡി.എൻ.എ.യ്ക്ക് അതിൽനിന്നു വ്യത്യസ്തമായ ഒന്നിന്റെ ഉപാധിയാകാൻ കഴിയില്ലെന്ന് വ്യക്തം. പക്ഷെ, ഡി.എൻ.എ.യുടെയും മറ്റും ഗുണങ്ങളെ പൊതു [ 220 ] വായി നമുക്ക് മറ്റൊരു പേരിനാൽ സൂചിപ്പിക്കാം. പക്ഷേ, അത് നാം സൗകര്യാർത്ഥം ഉപയോഗിക്കുന്ന ഒരു ഭാഷാമാധ്യമം മാത്രമാണെന്നുള്ള വസ്തുത മറക്കുമ്പോൾ പല യുക്തിഹീനതകളും കടന്നുകൂടും.
മസ്തിഷ്കത്തിലെ നാഡീകോശങ്ങളുടെ പ്രവർത്തനമാണ് യഥാർത്ഥത്തിലുള്ളതെന്നും അവയെയാണ് നാം വിവിധ മാനസികപ്രവർത്തനങ്ങളായി വ്യാഖ്യാനിക്കുന്നതെന്നുമുള്ള ആധുനിക ശാസ്ത്രനിഗമനങ്ങൾ ഉന്നയിക്കുമ്പോഴും ചിലർ ഈ 'ഉപാധി'യുടെ പ്രശ്നം എടുത്ത് കാട്ടാറുണ്ട്. മസ്തിഷ്ക പ്രവർത്തനങ്ങൾ 'മനസ്സി'ന്റെ ഉപാധി മാത്രമാണെന്നാണവരുടെ വാദം. മനസ്സിന് പ്രവർത്തിക്കാനുള്ള മാധ്യമം എന്ന നിലയിലാണ് തലച്ചോറിനെ കാണുന്നതെങ്കിൽ അവിടെയും പിശകുണ്ട്. മസ്തിഷ്കപ്രവർത്തനത്തിന് തനതായ ചില ഫലങ്ങളുണ്ട്. അവയുടെ ഉപാധിയാണ് മസ്തിഷ്കം എന്ന് പറയുന്നതിൽ യാതൊരർത്ഥവുമില്ല. മസ്തിഷ്കം, അതിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു പ്രതിഭാസത്തിന്റെ ഉപാധിയോ മാധ്യമമോ ആകുന്നില്ല. അതേ സമയം, മസ്തിഷ്കപ്രവർത്തനങ്ങൾക്കെല്ലാം കൂടി ഒരു പൊതു സംജ്ഞ നൽകാൻ കഴിയും. മനസ്സ് എന്ന സങ്കല്പത്തിന് അത്തരമൊരു പൊതുസംജ്ഞയുടെ സ്ഥാനം മാത്രമേയുള്ളൂ.
മനസ്സിനെക്കുറിച്ച് വസ്തുനിഷ്ഠപഠനങ്ങൾ നടത്തണമെങ്കിൽ, സങ്കൽപത്തെ മാറ്റിനിർത്തിക്കൊണ്ട് യഥാർത്ഥത്തിൽ നില നിൽക്കുന്ന മസ്തിഷ്കപ്രവർത്തനങ്ങളുടെ മേഖലയിലേക്ക് നമുക്ക് പ്രവേശിക്കേണ്ടിയിരിക്കുന്നു. പക്ഷേ, അതിനു മുമ്പായി, വിവിധ മാനസിക പ്രവർത്തനങ്ങളും മസ്തിഷ്കത്തിലെ നാഡീകോശ പ്രവർത്തനങ്ങളും തമ്മിലുള്ള ബന്ധവും അനന്യതയും വ്യക്മായി ചർച്ച ചെയ്യേണ്ടതുണ്ട്. നാഡീകോശധർമ്മ ശാസ്ത്രത്തിന്റെ അഭൂതപൂർവമായ വളർച്ച മൂലം ഈ വിഷയത്തിൽ വളരെയധികം കാര്യങ്ങൾ നമ്മുടെ മുന്നിൽ തുറന്നു വയ്ക്കപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ പഠനം നടത്തിക്കൊണ്ടിരിക്കുന്നവരിൽ വലിയൊരു വിഭാഗം ശാസ്ത്രജ്ഞന്മാർ മാനസികപ്രവർത്തനങ്ങൾക്ക് സമമാണ് നാഡീകോശപ്രവർത്തനങ്ങൾ, അഥവാ അവ രണ്ടും അനന്യമാണ് എന്ന ചിന്താഗതിയെ പിന്താങ്ങുന്നവരാണ്.
അനന്യത
തിരുത്തുകഅവരുടെ വാദഗതിയുടെ അടിസ്ഥാനമിതാണ്. ബാഹ്യമോ ആന്തരികമോ ആയ ചോദനംവഴി ഉടനടി ബോധതലത്തിലെത്തുന്ന എല്ലാ അനുഭവങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് നാഡീകോശപ്രവർത്തനം നടക്കുന്നുണ്ട്. അതിനാൽ ഒരാൾക്ക് ആന്തരികമായ അനുഭവത്തോടൊപ്പം തന്നെ തന്റെ തലച്ചോറ് തുറന്നുവെച്ചിരിക്കുകയാണെങ്കിൽ ഒരു കണ്ണാടിയിൽ കൂടി ആ അനുഭവത്തോടു ബന്ധപ്പെട്ട നാഡീകോശചലനം ദർശിക്കാനിടയാകും. ഇത് ഒരു താത്വിക സാദ്ധ്യത മാത്രമാണ്. പ്രായോഗികമായി നാഡീകോശങ്ങളിലെ ചലനങ്ങൾ അതീവ സൂക്ഷ്മതരമായതിനാൽ ദർശിക്കുക എളുപ്പമല്ല. [ 221 ] എങ്കിലും താത്ത്വികാടിസ്ഥാനത്തിലാണ് ഈ പ്രശ്നം ഇവിടെ ചർച്ച ചെയ്യുന്നതെന്നതു കൊണ്ട് ഈ സാധ്യത നമുക്കംഗീകരിക്കാം. ഇങ്ങനെ ആന്തരികാനുഭവത്തോടൊപ്പം മസ്തിഷ്കപ്രവർത്തനങ്ങൾ കൂടി ദൃശ്യമാകുമ്പോൾ ഒരേ പ്രതിഭാസത്തിന്റെ രണ്ടു വശങ്ങളാണ് അയാൾ അനുഭവിക്കുന്നതെന്ന പ്രതീതിയാണാദ്യമുണ്ടാവുക. തുടർന്നു നേരിട്ടുള്ള ആന്തരികാനുഭവവും ദൃശ്യവസ്തുതയും തമ്മിൽ താദാത്മ്യം പ്രാപിച്ചിട്ടുള്ളതായി കാണാൻ കഴിയും.
ഒരാൾ വീണയുടെ പ്രത്യേക കമ്പി മീട്ടിയാലുണ്ടാകുന്ന മധുരശബ്ദം ശ്രവിക്കുന്നു എന്നിരിക്കട്ടെ. അപ്പോൾ അയാൾക്ക് ഉടനടി ഉണ്ടാകുന്ന ആന്തരികമായ അനുഭവത്തോടൊപ്പം തന്നെ അയാളുടെ മസ്തിഷ്കത്തിലെ ടെമ്പറൽ ലോബിലെ (ചെന്നിഭാഗം) ഏതാനും നാഡീകോശങ്ങൾ ഒരു പ്രത്യേക രീതിയിൽ ചലിക്കും. ഇവ രണ്ടും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുകയാണെന്നു വ്യക്തമാണ്. പക്ഷേ, നാഡീകോശങ്ങളുടെ പ്രവർത്തനം ശ്രവണബോധത്തിൽ നിന്നു തികച്ചും വ്യത്യസ്തമാണ്. മസ്തിഷ്കത്തിൽ ഈ സമയത്തു നടക്കുന്ന പ്രക്രിയകൾ നിരീക്ഷിക്കുന്ന ശരീരക്രിയാ ശാസ്ത്രജ്ഞൻ നാഡീകോശപ്രവർത്തനങ്ങളെ സംബന്ധിക്കുന്ന ദൃശ്യവസ്തുതകൾ വിവരിക്കുന്നു. അനുഭവസ്ഥനാകട്ടെ, തന്റെ ശ്രവണാനുഭവം വിശദീകരിക്കുന്നു. അപ്പോൾ അന്തർമുഖനിരീക്ഷകന്റെ ശ്രവണാനുഭവത്തെക്കുറിച്ചുള്ള, പ്രസ്താവനയും ശരീരക്രിയാശാസ്ത്രജ്ഞന്റെ ദൃശ്യവസ്തുതകളെക്കുറിച്ചുള്ള പ്രസ്താവനയും തമ്മിൽ സാമ്യമുണ്ടാവാൻ സാദ്ധ്യതയില്ല.
ഇവിടെ ആന്തരികാനുഭവസ്ഥന്റെയും ശരീരക്രിയാശാസ്ത്രജ്ഞന്റെയും റിപ്പോർട്ടുകൾ പ്രതീകാത്മകമായ പ്രസ്താവനകളാണെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഇവ രണ്ടും ഒരേ കാര്യത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നതെന്നതും ശ്രദ്ധേയമായ വസ്തുതയാണ്. പക്ഷേ രണ്ടിലേയും പ്രതീകങ്ങൾ തികച്ചും വ്യത്യസ്തങ്ങളാണ്. ഭാഷാപരമായ പ്രതീകങ്ങൾ തമ്മിലുള്ള അന്തരം പ്രതിപാദ്യത്തെ വ്യത്യസ്തമാക്കിത്തീർക്കുന്നു. 'ഇതൊരു ഭംഗിയുള്ള പൂവാണ്' എന്നതും 'This is a beautiful flower' എന്നതും മലയാളം മാത്രമറിയാവുന്നവനെയും ഇംഗ്ലീഷ് മാത്രമറിയാവുന്നവനെയും സംബന്ധിച്ചിടത്തോളം വ്യത്യസ്തങ്ങളാണ്. അതേസമയം ഈ രണ്ടു ഭാഷയും അറിയാവുന്നവന് ഈ രണ്ടു പ്രസ്താവനകളും ഒന്നുതന്നെയാണ്. മുകളിൽ പ്രതിപാദിച്ച പ്രശ്നത്തിലും സ്ഥിതി ഇതുതന്നെ. ആന്തരികാനുഭവസ്ഥന്റെ ശ്രവണാനുഭവത്തെ വ്യക്തമാക്കുന്ന ഭാഷയും, നാഡീകോശങ്ങളുടെ ചലനത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ശരീരക്രിയാശാസ്ത്രജ്ഞന്റെ ഭാഷയും അറിയാവുന്ന ഒരാളെ സംബന്ധിച്ചിടത്തോളം രണ്ടും ഒരേ സംഭവത്തെയാണ് കൈകാര്യം ചെയ്യുന്നത്. മറിച്ച്, ഏതെങ്കിലുമൊരു ഭാഷാരീതി മാത്രമറിയാവുന്നവന്റെ ദൃഷ്ടിയിൽ അവ രണ്ടും തികച്ചും വ്യത്യസ്തങ്ങളുമാണ്. യഥാർത്ഥത്തിൽ ഈ രണ്ടു പ്രസ്താവനകളും തമ്മിലുള്ള ഗുണപരമായ അന്തരത്തിനു കാരണം അവ രണ്ടും കൈകാര്യം ചെയ്യുന്ന ഭാഷാമാധ്യമങ്ങളുടെ [ 222 ] ഗുണപരമായ ഭിന്നതയാണ്. ഇവിടെ നിലനിൽക്കുന്ന മാനസിക ഭൗതികബന്ധത്തെ, ഒരേ സംഭവത്തെ വ്യത്യസ്ത ഭാഷകളുപയോഗിച്ച് പ്രതിപാദിക്കുന്ന പ്രസ്താവനകൾ തമ്മിലുള്ള ബന്ധമായി വ്യാഖ്യാനിക്കാം. ഈ രണ്ടു പ്രസ്താവനകളും ഒരേ സംഭവത്തെക്കുറിച്ചു തന്നെയായതു കൊണ്ട് അവ തമ്മിലുള്ള ബന്ധത്തിൽ സംശയത്തിനു വകയില്ല. അപ്പോൾ യഥാർത്ഥത്തിൽ ബന്ധപ്പെട്ടതും സമാന്തരവുമായി നിലനിൽക്കുന്നത് രണ്ടു ഭാഷകളാണ്. അവ തമ്മിലുള്ള ബന്ധം അനിവാര്യമായി തീരുന്നത്, അവ കൈകാര്യം ചെയ്യുന്നത് ഒരേ സംഭവമാണെന്നതു കൊണ്ടാണ്.
പക്ഷേ, ഈ പ്രശ്നത്തിനു മറ്റൊരു വശം കൂടിയുണ്ട്. ശരീരക്രിയാശാസ്ത്രജ്ഞന്റെ പ്രസ്താവന മസ്തിഷ്കത്തിൽ നടക്കുന്ന ദൃശ്യമായ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണ്. അതും ആന്തരികാനുഭവസ്ഥന്റെ ശ്രവണാനുഭവവും തമ്മിൽ ബന്ധമുണ്ടെന്നു പറയുന്നിടത്ത് അപാകതയുണ്ട്. ശാസ്ത്രജ്ഞന്റെ തലച്ചോറിൽ ദർശനാനുഭവത്തോടനുബന്ധിച്ചുണ്ടായ നാഡീകോശപ്രവർത്തനങ്ങളും അന്തർമുഖാനുഭവസ്ഥന്റെ തലച്ചോറിൽ നടന്ന പ്രവർത്തനങ്ങളും വിഭിന്നങ്ങളാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഒരുവന്റെ മാനസിക പ്രവർത്തനങ്ങൾക്കു മറ്റൊരാളുടെ മസ്തിഷ്കത്തിലെ പ്രവർത്തനങ്ങളുമായി ബന്ധമില്ല. ഇവിടെ പ്രതിപാദ്യവിഷയമായ സിദ്ധാന്തപ്രകാരം ഒരാളുടെ മാനസികപ്രവർത്തനങ്ങൾക്ക് അയാളുടെതന്നെ തലച്ചോറിലെ പ്രവർത്തനങ്ങളുമായി മാത്രമേ ബന്ധമുള്ളൂ. മറ്റൊരു വസ്തുത കൂടി ഇവിടെ കണക്കിലെടുക്കേണ്ടതുണ്ട്. മാനസികാനുഭവത്തോട് നേരിട്ട് ബന്ധപ്പെടുന്ന ഭൗതിക സംഭവം, ജീവിയുടെ പരിതസ്ഥിതിയിലുള്ള ഏതെങ്കിലും ബാഹ്യസംഭവമല്ല, മറിച്ച് തലച്ചോറിലെ നാഡീകോശപ്രവർത്തനമാണ്. ഈ നാഡീ കോശോത്തേജന സിദ്ധാന്തമനുസരിച്ച് നേരത്തെ സൂചിപ്പിച്ച വീണയുടെ മധുരനാദം തലച്ചോറിലെ നാഡീകോശപ്രവർത്തനവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. അല്ലാതെ ബാഹ്യപ്രചോദനമായ വീണക്കമ്പിയുടെ കമ്പനവുമായിട്ടല്ല. ഇന്ദ്രിയഗോചരമായ ധാരണയിലൂടെ ശബ്ദത്തിനു കാരണം വീണക്കമ്പിയുടെ കമ്പനമാണെന്നു നാം പഠിക്കുകയാണ് ചെയ്യുന്നത്. പക്ഷെ, അതുകൊണ്ട് ഫലത്തിൽ ആ ചരടിന്റെ കമ്പനമാണ് അതിന്റെ ശ്രാവ്യഗുണമെന്നു വരുന്നില്ല. ഈ പ്രശ്നം ഒന്നുകൂടി വിശദീകരിച്ചു നോക്കാം. വീണക്കമ്പി ചലിച്ചുകൊണ്ടിരുന്നാലും ബധിരനായ ഒരുവനെ സംബന്ധിച്ചിടത്തോളം ശബ്ദമുണ്ടാകുന്നില്ല. കാരണം, അവന്റെ ശ്രവണകേന്ദ്രത്തിൽ ഒരു ചലനവുമുണ്ടാകുന്നില്ല. അപ്പോൾ വാസ്തവത്തിൽ വീണക്കമ്പിയുടെ ചലനമല്ല ശബ്ദത്തിന്റെ മൂലകാരണമെന്ന് കരുതേണ്ടി വരുന്നു. വീണക്കമ്പി ചലിച്ചാലുമില്ലെങ്കിലും കേൾക്കുന്നയാളിന്റെ ശ്രവണകേന്ദ്രത്തിലെ നാഡീകോശചലനമാണ് ശബ്ദബോധമുളവാക്കുന്നത് അഥവാ ശബ്ദത്തിന്റെ അസ്തിത്വം സ്ഥിരീകരിക്കുന്നത്. പക്ഷെ മറിച്ചും ചിന്തിക്കാം. ഒരുവന്റെ ശ്രവണേന്ദ്രിയം പ്രവർത്തനക്ഷമമാണെന്നു കരുതുക. വീണക്കമ്പി ചലിച്ചില്ലെങ്കിൽ വീണയുടെ നാദം അയാൾക്ക് ശ്രവിക്കാൻ കഴിയുമോ? ഇല്ല തന്നെ. അപ്പോൾ ഇവിടെ വീണകമ്പിയുടെ കമ്പ [ 223 ] നമല്ലേ വീണനാദത്തിന്റെ മൂലഹേതു? അതെയെന്നു സമ്മതിക്കേണ്ടിവരും. അങ്ങനെ വരുമ്പോൾ പരസ്പര വിരുദ്ധങ്ങളായ ഈ വാദഗതികളിൽ ഏതു തെറ്റ്, ഏതു ശരിയെന്ന് എങ്ങനെ നിർണ്ണയിക്കും? ഇവ രണ്ടും ഒരേ സമയത്ത് ശരിയാണെന്ന് വരുമോ?
ഈ പ്രശ്നത്തെ മറ്റൊരു വീക്ഷണകോണിൽനിന്നു നോക്കിക്കണ്ടാൽ ഈ പ്രഹേളികയ്ക്കു ഭാഗികമായിട്ടെങ്കിലും ഉത്തരം കാണാൻ കഴിയും. നമുക്കു ചുറ്റും അനന്തമായ വൈവിധ്യം പുലർത്തുന്ന സംഭവങ്ങൾ നിരന്തരം നടന്നുകൊണ്ടിരിക്കുകയാണ്. നമ്മുടെ ഇന്ദ്രിയങ്ങളെല്ലാം പ്രവർത്തനോൻമുഖമായിരുന്നാലും ഈ സംഭവങ്ങളെല്ലാം നമ്മുടെ അറിവിൽപെടുന്നില്ല. അവയുടെ വളരെ ചെറിയ ഓരോ മേഖല മാത്രമേ നമ്മുടെ ഇന്ദ്രിയബോധത്തിന്റെ പരിധിയിൽ വന്നുപെടുന്നുള്ളൂ. ഇങ്ങനെ ലഭിക്കുന്ന ഭാഗികമായ ഇന്ദ്രിയബോധത്തെ അടിസ്ഥാനമാക്കിയാണ് നാം പ്രപഞ്ചത്തെക്കുറിച്ചുള്ള ധാരണ രൂപീകരിക്കുന്നത്. അപ്പോൾ ഒരർഥത്തിൽ നമ്മുടെ അറിവിൽ പെടുന്ന പ്രപഞ്ചം നമ്മുടെ ഇന്ദ്രിയബോധപരമായ സൃഷ്ടിയാണെന്നു വരുന്നു. നമ്മുടേതിൽ നിന്നു വ്യത്യസ്തമായ ബോധേന്ദ്രിയങ്ങളോടുകൂടിയ ഒരു ജീവിയെ സംബന്ധിച്ചിടത്തോളം ഈ പ്രപഞ്ചം തികച്ചും വ്യത്യസ്തമായിരിക്കും. ആ നിലയ്ക്ക് ഇന്നു നാം യാഥാർത്ഥ്യമെന്നു കരുതുന്ന ഈ പ്രപഞ്ച ധാരണ രൂപീകരിക്കുന്നതിൽ നമ്മുടെ മാനസിക പ്രവർത്തനങ്ങൾക്കു നിർണ്ണായക പങ്കുണ്ട്. നമ്മുടെ ബോധേന്ദ്രിയങ്ങളുടെയും ബാഹ്യപ്രപഞ്ചത്തിന്റെയും പ്രതിപ്രവർത്തനങ്ങളുടെ അനന്തരഫലമാണ് നമ്മുടെ മാനസികപ്രർത്തനങ്ങൾ. അങ്ങനെ വരുമ്പോൾ ബാഹ്യപ്രപഞ്ചത്തിൽനിന്നു മാനസികപ്രവർത്തനങ്ങളെയോ, മാനസിക പ്രവർത്തനങ്ങളിൽ നിന്ന് ബാഹ്യ പ്രപഞ്ചത്തെയോ വേർതിരിച്ചുനിറുത്തുക സാധ്യമല്ല. അവ വ്യത്യസ്ത പ്രതിഭാസങ്ങളല്ല, അവ അനന്യങ്ങളാണ്.
ഈ അടിസ്ഥാനത്തിൽ മുകളിൽ ഉന്നയിക്കപ്പെട്ട പ്രശ്നത്തിന് എളുപ്പത്തിൽ പരിഹാരം കണ്ടെത്താം. വീണക്കമ്പിയുടെ ചലനവും ശ്രവണകേന്ദ്രത്തിലെ നാഡീകോശങ്ങളും പരസ്പരം പ്രതിപ്രവർത്തിക്കുന്നതാണ് ആന്തരികാനുഭവസ്ഥനു – മധുരശബ്ദമായി അനുഭവപ്പെടുന്നത്. ഈ അനുഭവവും നാഡീകോശപ്രവർത്തനവും വീണക്കമ്പിയുടെ ചലനവും പരസ്പരബദ്ധമായ സംഭവങ്ങളാണ്. അത്കൊണ്ടു തന്നെ അവ അനന്യങ്ങളുമാണ്.
ബോധേന്ദ്രിയങ്ങൾ വഴി മസ്തിഷ്കത്തിൽ എത്തിച്ചേരുന്ന വാർത്താശകലങ്ങൾ ഭാഷാപദങ്ങളുടെ മാധ്യമത്തിലൂടെയാണ് പ്രപഞ്ചധാരണയിലെ ഭാഗഭാക്കുകളായിത്തീരുന്നത്. പദങ്ങളാകട്ടെ, പ്രതീകാത്മകങ്ങളായിരിക്കും. അതുകൊണ്ട് വിദൂരസ്ഥമായ ഒരു ബാഹ്യവസ്തുവിനെക്കുറിച്ചുള്ള ദൃശ്യമോ ശ്രാവ്യമോ ആയ ഒരു ധാരണ യഥാർത്ഥത്തിൽ ആ വസ്തുവിന്റെ പ്രതീകാത്മകമായ വിവരണത്തിന്റെ രൂപത്തിലായിരിക്കും മാനസികതലത്തിൽ മുദ്രിതമാകുന്നത്. [ 224 ] അന്തർമുഖാനുഭവസ്ഥന്റെ തലച്ചോറിലെ നാഡീകോശപ്രവർത്തനത്തെപ്പറ്റി ശരീരക്രിയാശാസ്ത്രജ്ഞൻ രൂപീകരിക്കുന്ന ദൃശ്യധാരണ, പദങ്ങളുടെ പ്രതീകങ്ങളിലൂടെ പ്രകടിപ്പിക്കപ്പെടുന്ന തികച്ചും പ്രതീകാത്മകമായ വിവരണമാണ്. ഈ വിവരണത്തെ രണ്ടായി തരംതിരിക്കാം. (1)സാങ്കേതിക ഭാഷയുടെ സാങ്കേതിക പദാനുബദ്ധമായ വിവരണം (2)ദൃശ്യധാരണയുടെ അടിസ്ഥാനത്തിലുള്ള വിവരണം. വീണാനാദാനുഭവത്തെക്കുറിച്ചുള്ള ആന്തരികാനുഭവസ്ഥന്റെ പ്രസ്താവനയുമായി ഇവയ്ക്കു രണ്ടിനും സാമ്യമില്ല. മുകളിൽ വിവരിച്ച നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ അവയ്ക്ക് ശാസ്ത്രജ്ഞൻ സൂചിപ്പിക്കുന്ന നാഡീകോശപ്രവർത്തനവുമായി ബന്ധമുണ്ടെങ്കിലും, ശാസ്ത്രജ്ഞന്റെ വിവരണം പ്രതീകാത്മകമാണ്, സൂചനാപരമാണ്, തെറ്റു പറ്റാനിടയുള്ളതുമാണ്.
ഒരു കാര്യം ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഏതു വസ്തുതയും പദങ്ങളിലൂടെ പ്രകടിപ്പിക്കുമ്പോൾ അതു പ്രതീകാത്മകമായി തീരുന്നു. ആന്തരികാനുഭവസ്ഥന്റെ പ്രസ്താവനയും തജ്ജന്യമായ ഭാഷയിൽ തന്നെയാണ്. പക്ഷെ, അയാളുടെ പ്രസ്താവനയിൽ പ്രതിപാദിക്കുന്ന സംഭവത്തിന്റെ ആ അടിയന്തിരഗുണം, അഥവാ അയാളുടെ നേരിട്ടുള്ള അനുഭവം ഒരിക്കലും ഭാഷാപരമോ പ്രതീകാത്മകമോ ആയിരിക്കയില്ല. അതിനു തെറ്റുപറ്റാനുമിടയില്ല. അപ്പോൾ അതിനെക്കുറിച്ചുള്ള പ്രസ്താവന ആ അടിയന്തിരാനുഭവവുമായി തികച്ചും സാദൃശ്യമുള്ളതായിരിക്കില്ല. ഈ അടിസ്ഥാനത്തിൽ, ഒരേ സംഭവത്തെ തന്നെ വ്യത്യസ്ത പ്രതീകങ്ങളുപയോഗിച്ച് വിവരിക്കുന്നത് കൊണ്ടുണ്ടാകുന്ന ഭിന്നതയാണ് വ്യത്യസ്ത സംഭവങ്ങളായി അതിനെ കണക്കാക്കാൻ നമ്മെ പ്രേരിപ്പിക്കുന്നതെന്ന് വ്യക്തമാണ്.
മാനസിക പ്രവർത്തനങ്ങളും നാഡീകോശ പ്രവർത്തനങ്ങളും സമാനമാണെന്ന ഈ ചിന്താഗതിക്കെതിരായി സാരമായ ഒരു സന്ദേഹം ഉന്നയിക്കപ്പെടാനിടയുണ്ട്. വളരെ ലളിതമായ ഒരു ആന്തരികാനുഭവത്തോടു ബന്ധപ്പെട്ട നാഡീകോശപ്രവർത്തനം വളരെ സങ്കീർണ്ണമാണ്. ചുവപ്പുനിറം കാണുക എന്ന ലളിതവൃത്തിക്ക് പിന്നിൽ സങ്കീർണ്ണമായ നാഡീകോശ ചലനങ്ങളാണ് ശാസ്ത്രജ്ഞൻ വരച്ചുകാട്ടുക. സങ്കീർണ്ണമായ ഒരു പ്രതിഭാസവും ലളിതമായ മറ്റൊന്നും സമാനമാണെന്ന് പറയാമോ? ഈ പ്രശ്നം പരിഹരിക്കുന്നതിന് ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാ സംഭവങ്ങളും മറ്റു സംഭവങ്ങളുമായി സാന്ദർഭികമായ ബന്ധം പുലർത്തുന്നുണ്ട്. ഒന്നും തന്നെ ഒറ്റതിരിഞ്ഞു സംഭവിക്കുന്നില്ല. ഓരോ സംഭവത്തെയും ഘടകങ്ങളാക്കി വിശകലനം ചെയ്യുന്നതു നമ്മുടെ ഭാഷാപരവും മറ്റുമായ സൗകര്യത്തിനു വേണ്ടിയാണ്. യഥാർത്ഥത്തിൽ എല്ലാ സംഭവങ്ങളും സാന്ദർഭികമായി വിവിധഗുണങ്ങളുടെ സംയോജനത്തിൽ നിന്നാണ് രൂപം കൊള്ളുന്നത്. ചുവപ്പുനിറം 'അനുഭവിക്കുക' എന്ന ലളിത സംഭവം സങ്കീർണ്ണമായ നാഡീകോശ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരണത്തിൽ സൂചിപ്പിച്ചിട്ടുള്ള ഗുണങ്ങളുടെ സംയോജനത്തിലൂടെയാണ് നടക്കുന്നത്. എന്നാൽ, ചുവപ്പ്, വിവിധ സംഭവ [ 225 ] ങ്ങളുടെ സംയോജനഫലമായ ഒരു ഗുണമാണെന്നു പറയുമ്പോൾ അതിനെ എന്തുകൊണ്ടു ഘടകങ്ങളായി വിശ്ലേഷിപ്പിക്കാൻ കഴിയുന്നില്ല എന്നു ചോദിച്ചേയ്ക്കാം. ഉത്തരമുണ്ട്. നാഡീകോശപരമായ പ്രവർത്തനങ്ങളിലൂടെയുള്ള തരംതിരിക്കലിനു ഒരു പരിധിയുണ്ട്. വീണക്കമ്പികളുടെ ഓരോ ചലനത്തിൽനിന്നും ഉണ്ടാകുന്ന ശബ്ദവീചികളെല്ലാം തിരിച്ചറിയാൻ നമ്മുടെ ശ്രവണേന്ദ്രിയത്തിന് കഴിയുന്നില്ല. ഒരു പ്രത്യേക പരിധി കഴിഞ്ഞാൽ ഈ സൂക്ഷ്മഘടകങ്ങളെ വിവേചിച്ചറിയാൻ നാഡീകോശ പ്രവർത്തനത്തിനു കഴിയാതെ വരുന്നു. ഓരോ ജീവിയുടെയും വിവേചനശക്തിയുടെ പരിധി നിർണയിക്കപ്പെടുന്നത് അതിന്റെ ജീവശാസ്ത്രപരമായ ഘടനയുടെ സങ്കീർണതയനുസരിച്ചാണ്. ഈ പരിധിക്കു താഴെയുള്ള എല്ലാ പ്രചോദനങ്ങളും വിശ്ലേഷണം ചെയ്യാൻ പറ്റാത്തതായി അനുഭവപ്പെടുമെന്നേയുള്ളു.
മനസ്സിനെക്കുറിച്ചുള്ള വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ വ്യാഖ്യാനങ്ങളെല്ലാം അഭിമുഖീകരിക്കുന്ന പല സങ്കീർണ്ണപ്രശ്നങ്ങൾക്കും ഈ ചിന്താഗതി പരിഹാരമേകുന്നു. മാനസിക പ്രവർത്തനങ്ങളെന്നപേരിൽ നാം വ്യവഹരിക്കുന്ന പ്രതിഭാസങ്ങളെല്ലാംതന്നെ, നാഡീവ്യൂഹത്തിൽ നടക്കുന്ന തികച്ചും ഭൗതിക രാസപ്രവർത്തനങ്ങളുടെ പ്രതീകാത്മകമായ വിവരണങ്ങളാണെന്നു വരുമ്പോൾ, വസ്തുനിഷ്ഠ ഗവേഷണങ്ങൾ നടത്താനുള്ള കളമൊരുങ്ങുന്നു. നാഡീവ്യൂഹത്തിന്റെ എല്ലാ മേഖലകളിലും നടക്കുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെയെല്ലാം രഹസ്യം അനാവരണം ചെയ്യപ്പെടുന്നതോടെ, ദുരൂഹമെന്ന് ഇന്ന് കണക്കാക്കിപ്പോരുന്ന മനശാസ്ത്ര പ്രശ്നങ്ങളെല്ലാം തന്നെ പരിഹരിക്കപ്പെടും. തന്മൂലം മാനസികപ്രക്രിയകൾ എന്നെന്നും നമുക്കജ്ഞാതമായി നില കൊള്ളുമെന്ന വാദഗതി തള്ളിക്കളയേണ്ടിയിരിക്കുന്നു.