പ്രാചീനമലയാളം 2/മലയാളം ബ്രാഹ്മണരുടെ നാമങ്ങൾ
←ഉള്ളടക്കം | പ്രാചീനമലയാളം 2 രചന: മലയാളം ബ്രാഹ്മണരുടെ നാമങ്ങൾ |
എമ്പ്രാൻ→ |
[ 2 ]
മലയാള ബ്രാഹ്മണർക്കുള്ള മൂന്നു് നാമങ്ങളും അതുകളുടെ അർത്ഥങ്ങളും: ൬൪ ഗ്രാമങ്ങളിലെ ബ്രാഹ്മണർക്കു എമ്പ്രാൻ എന്നും, നമ്പൂരിയെന്നും, പോറ്റിയെന്നും മൂന്നു് നാമങ്ങൾ ഉണ്ടു്. എന്നാൽ ആ മൂന്നു് നാമങ്ങളേയും പറ്റി കേരള മാഹാത്മ്യത്തിൽ ഒന്നും തന്നെ പറഞ്ഞു കാണുന്നില്ല. ഒരു കേരളോല്പത്തിയിൽ ആര്യാവർത്തത്തിൽ നിന്നും വന്നവരെ നമ്പൂരിയെന്നും പറയും എന്നു മാത്രം കാണുന്നു. മാപ്പിളത്തിരുമുല്പാടിന്റെ കേരളാവകാശക്രമം എന്ന ഗ്രന്ഥത്തിലും ജാതിനിർണ്ണയത്തിലും എമ്പ്രാൻ ശബ്ദത്തിനുമാത്രം അർത്ഥം പറഞ്ഞുകാണുന്നു. പാച്ചുമൂത്തതിന്റെ കേരളോല്പത്തിയിൽ ഈ മൂന്നു ശബ്ദങ്ങൾക്കും അർത്ഥം പറഞ്ഞിട്ടുണ്ടു്.
'ഹെബ്രാഹ്മണാർദ്ധനാമാനൊ' (ജാതിനിർണ്ണയം)
പരശുരാമൻ ഇവരെ 'ഹെബ്രാഹ്മണാ' എന്നു വിളിക്കുകയും അതിൽ പകുതി ഭാഗത്തെ ഇവരുടെ പേരാക്കി കല്പിച്ച് ഇവരെ 'ഹേബ്രാ' എന്നു പറഞ്ഞുവരികയും ആയതു് എമ്പ്രാൻ ആയി എന്നു് മാപ്പിള തിരുമുല്പാടിന്റെ ജാതിനിർണ്ണയത്തിൽ പറഞ്ഞിരുന്നു.
പാച്ചുമൂത്തതിന്റെ കേരളോല്പത്തിയിൽ എം. പെരുമാൻ എന്നുള്ളതു് ലോപിച്ചു് എന്റെ രക്ഷിതാവു് എന്നർത്ഥമുള്ള എമ്പ്രാൻ ആയിത്തീർന്നു എന്നു പറഞ്ഞിട്ടുണ്ടു്.
നമ്പൂരി എന്ന വാക്കിൽ ബ്രഹ്മപരമായിരിക്കുന്ന 'ന' ശബ്ദത്തിനു് വേദം എന്നർത്ഥമാകയാൽ അതിനു് 'നം-പൂരയതി ഇതി നമ്പൂരി' എന്നിങ്ങനെ വേദത്തെ പൂരിപ്പിക്കുന്നവൻ അല്ലെങ്കിൽ [ 3 ] വേദപാരായണപ്രധാനൻ എന്നു അർത്ഥമാകുന്നു എന്നു് മൂത്തതു് അഭിപ്രായപ്പെട്ടിരിക്കുന്നു. ൯
‘പോറ്റി’ ശബ്ദത്തിനു് ‘ഈശ്വരൻ’ എന്നു അർത്ഥമാകുന്നു എന്നും അതിൽ കാണുന്നു.
‘ഇതുകളിൽ എമ്പ്രാൻ ശബ്ദം പെരുമ്പുഴയ്ക്കു വടക്കു് മുപ്പത്തിരണ്ടു തുളുഗ്രാമത്തിലുള്ളവർക്കും, നമ്പൂരി ശബ്ദം പെരുഞ്ചല്ലൂരു മുതൽ കാടമുറിവരെയുള്ള എല്ലാ പേർക്കും, തെക്കു അമ്പലപ്പുഴയും അരിപ്പാട്ടുവരെയും വടക്കു നിന്നും വന്ന ചിലർക്കും പോറ്റി ശബ്ദം അതിനു തെക്കുള്ളവർക്കും ആകുന്നു’ എന്നും അതിൽ പറഞ്ഞിരിക്കുന്നു.
മാപ്പിള തിരുമുല്പാടു് എമ്പ്രാൻ എന്ന ശബ്ദത്തെ സംസ്കൃത വാക്കായിട്ടു ചേർത്തു ‘ഹെബ്രാഹ്മണാർദ്ധനാമാനൊ’ എന്നുള്ള വ്യാഖ്യാനത്തെ സ്വീകരിച്ചിരിക്കുന്നു. പാച്ചുമൂത്തതു് എമ്പ്രാൻ ശബ്ദത്തെ തമിഴു് വാക്കു് അല്ലെങ്കിൽ മലയാളവാക്കായിട്ടു ചേർത്തു് അതു് ‘എമ്പെരുമാൻ’ എന്നുള്ളതു് ലോപിച്ചതും ‘എന്റെ രക്ഷിതാവു്’ എന്നർത്ഥമുള്ളതും ആകുന്നു എന്നും മാപ്പിളതിരുമുല്പാടു പറഞ്ഞതിനു നേരേ വിപരീതമായിട്ടും മുപ്പത്തിരണ്ടു തുളുഗ്രാമക്കാർക്കു മാത്രമുള്ളതാണെന്നും പറഞ്ഞിരിക്കുന്നു.
പാച്ചുമൂത്തതു് ‘നമ്പൂരി’ ശബ്ദത്തെ സംസ്കൃത വാക്കായി ചേർത്തു് മുൻ കാണിച്ചപ്രകാരം വേദത്തെ പൂരിപ്പിക്കുന്നവൻ എന്നു് വ്യാഖ്യാനിച്ചിരിക്കുന്നു. മാപ്പിളതിരുമുല്പാടു് ഇങ്ങനെയുള്ള കൃത്രിമ വ്യാഖ്യാനമൊന്നും അതിലില്ലെന്നു വിചാരിച്ചായിരിക്കാം സാധാരണ ശേഖരത്തിൽ വിട്ടു കളഞ്ഞതു്.
പാച്ചു മൂത്തതു് ‘പോറ്റി’ ശബ്ദത്തിനെ മലയാള വാക്കായിട്ടു കരുതി ആയതിന്നു ഈശ്വരനെന്നു് അർത്ഥം കല്പിച്ചു. തിരുമുല്പാടു് വിശേഷിച്ചൊന്നും പറയാനില്ലെന്നും സാധാരണ എല്ലാപേർക്കും അറിയാവുന്നതാണെന്നും കരുതിയായിരിക്കാം അതിനെക്കുറിച്ചു് ഒന്നും പറയാതെ വിട്ടു കളഞ്ഞിരിക്കുന്നതു്.
ഈ മലയാള ബ്രാഹ്മണർ (എമ്പ്രാൻ, നമ്പൂരി, പോറ്റി) എല്ലാപേരും അന്യദേശങ്ങളിൽ നിന്നു് ഭാർഗ്ഗവനാൽ കൊണ്ടുവരപ്പെട്ടവരെന്നു് പ്രമാണങ്ങളിൽ കാണുന്നുവല്ലോ. എന്നാൽ അപ്രകാരം തന്നെ ചിന്തിച്ചു നോക്കാം. ആ സ്ഥിതിയ്ക്കു് മുമ്പറഞ്ഞ മൂന്നു് നാമങ്ങളും ഇവിടെ [ 4 ] വരുന്നതിനു് മുമ്പ് ഇവർ ഇരുന്നിരുന്ന സ്വദേശങ്ങളിൽ ഉണ്ടായിരുന്നവയൊ ഇങ്ങോട്ടുവരുമ്പോൾ മാർഗ്ഗത്തിൽ നിന്നും സിദ്ധിച്ചവയൊ ഇവിടെ വന്നു ചേർന്നതിന്റെ ശേഷം ഇവിടെ നിന്നും ലഭിച്ചവയൊ ആയിരിക്കണം.
മുമ്പറഞ്ഞ കേരളോല്പത്തിയിൽ നമ്പൂരിമാരുടെ പൂർവ്വ വാസസ്ഥാനമായി പറഞ്ഞിരിക്കുന്ന ആര്യാവർത്തത്തിലാകട്ടെ ഇവിടെകൊണ്ടുവരപ്പെട്ട ബ്രാഹ്മണരുടെ സ്വദേശങ്ങളായി കേരള മാഹാത്മ്യത്തിൽ പറഞ്ഞിരിക്കുന്ന കൃഷ്ണാതീരം, മദ്ധ്യാർജ്ജുനം, ശാലീവാഹം, മധുര (ഉത്തരമധുരയൊ ദക്ഷിണ മധുരയൊ രണ്ടും കൂടി ആയാലും ശരി) മുതലായ സ്ഥലങ്ങളിലാവട്ടെ (എമ്പ്രാൻ, നമ്പൂരി, പോറ്റി) ഈവക ശബ്ദങ്ങൾ ഒരു കാലത്തും ഉണ്ടായിരുന്നില്ല. ഇപ്പോഴുമില്ല. അഥവാ അങ്ങിനെ ഉള്ളപോലെതോന്നുന്ന പക്ഷം ഈ ദ്രാവിഡവാക്കു് ഇവിടെ (ഗോകർണ്ണ)ത്തിനു തെക്കു വശത്തുള്ള ദിക്കുകളിൽ നിന്നു് അങ്ങോട്ടു ചെന്നിട്ടുള്ളവയായിരിക്കും. അത്ര തന്നെയുമല്ല, മലയാളത്തെ ഒഴിച്ചു് മറ്റു സ്ഥലങ്ങളിൽ ബ്രാഹ്മണരെല്ലാം ഈ നാമത്രയത്തെ നിസ്സാര സ്ഥിതിയിലും ചേരാത്തതായിട്ടാണു് വച്ചിരിക്കുന്നതു്. അതിനാൽ ഈ നാമങ്ങൾ അവരുടെ സ്വദേശത്തു നിന്നും സിദ്ധിച്ചിട്ടുള്ളവയല്ല.
മലയാള ഭൂമിയുടെ വടക്കേ അതിർത്തിയും തുളുനാട്ടിന്റെ തെക്കേ അതിർത്തിയും കൂടിച്ചേർന്ന സ്ഥലമായ കാഞ്ഞിരോട്ടു പുഴയുടെ വടക്കെക്കര തൊട്ടു് വടക്കോട്ടു് അതായതു് തുളുഗ്രാമങ്ങളിലാകട്ടെ[1] മലയാളമൊഴിച്ചുള്ള മറ്റെവിടെയെങ്കിലുമാകട്ടെ ഒരിടത്തും എമ്പ്രാൻ, നമ്പൂരി, പോറ്റി എന്നുള്ള ശബ്ദങ്ങളും ഇതുകളെക്കുറിച്ചുള്ള ബഹുമാനവും അല്പംപോലും ഇല്ലാതെ തന്നെ ഇരിക്കകൊണ്ടു് മാർഗ്ഗ മദ്ധ്യത്തിൽ വച്ചു സിദ്ധിച്ചിരിപ്പാനുമിടയില്ല.
വിശേഷിച്ചും തുളുഗ്രാമത്തിലുള്ളവർക്കു അയ്യൻ, പട്ടൻ മുതലായ വേറെ നാമങ്ങളല്ലാതെ എമ്പ്രാനെന്ന നാമം ഒരു നാളും (ഇന്നുവരെയും) അവരുടെ സ്വദേശത്തു് ഉണ്ടായിട്ടില്ലാത്തതുകൊണ്ടു്, മലയാളത്തിൽ കൊണ്ടിരുത്തിയശേഷം പോയേച്ചു രണ്ടാമതു വന്ന ബ്രാഹ്മണർക്കു എമ്പ്രാനെന്ന നാമവും കൊടുത്തു ൩൨ ഗ്രാമങ്ങളിൽ ഭാഗ്ഗവൻ ഇരുത്തി എന്നു പറയുന്നതു ശരിയല്ല.
[ 5 ] [ 6 ] എല്ലാം കൊണ്ടു് കാഞ്ഞിരോടുപുഴ മുതൽ തെക്കോട്ടുള്ള ദിക്കായ ഈ മലയാളത്തു് ഈ നാമങ്ങളും ഇതുകളെപ്പറ്റിയുള്ള ബഹുമാനവും ധാരാളം നടപ്പായിരിക്കയാൽ ഈ നാമങ്ങളുടെ ജനനഭൂമി ഇവിടം തന്നെയാണെന്നുള്ളതു സ്പഷ്ടമാകുന്നു.അത്രയുമല്ല, പൂർവകാലം തുടങ്ങി അടുത്തകാലം വരെയുള്ള ആധാരപ്രമാണങ്ങൾ, പുരാണങ്ങൾ, ഗ്രന്ഥവരികൾ മന്ത്രങ്ങൾ, ഇതിഹാസങ്ങൾ, പലവകപാട്ടുകൾ മുതലായ സകല രേഖാപ്രമാണങ്ങൾ, പ്രഭുക്കൾ, മരങ്ങൾ, ശരീരാവയവങ്ങൾ എന്നു വേണ്ട സകല പദാർത്ഥങ്ങളുടേയും നാമങ്ങൾ ഇതുകളെല്ലാം തമിഴു ഭാഷയിൽ ഇരിക്കുന്നു. ‘നന്നൂൽ’ എന്ന തമിഴ് വ്യാകരണ (ഇലക്കണ)൦.
- ‘തെൻ പാണ്ടികുട്ടം, കുടം, കർക്താ, വെൺപൂഴി
- പന്റി, യരുപാ, വതൻവടക്കു നന്റായ ചീതം
- മലൈനാട്ടു, പുന്നാട്ടു, ചെന്തമിഴ് ചേർ,
- ഏതമിൽ പന്തിരുനാട്ടെൻ’
ഈ പ്രമാണം കൊണ്ടും ഇവിടം (ഈ മലയാള ദേശം) ആകട്ടെ തമിഴു് ദേശം[2] അല്ലെങ്കിൽ തമിഴു് ദേശങ്ങളിലൊന്നായ ഒരു ദേശമെന്നുള്ളതു പ്രത്യക്ഷപ്പെടുന്നു.
ഒരു ദേശത്തെ പ്രഭു, ഭൂമിവിഭാഗം, ഭവനം, മുതലായതുകൾക്കു് ഓരോരൊ സംഗതികളെ കാരണമാക്കി ആദേശത്തിലെ സ്വഭാഷയിൽ നാമം ഏർപ്പെട്ടിരിക്കുമെന്നുള്ളതു് യുക്ത്യനുഭവങ്ങൾക്കു ചേർന്നതാണല്ലോ.
ആ സ്ഥിതിക്കു് അതാതുദേശത്തെ ഭാഷയിലുള്ള നാമങ്ങൾക്കു് അതുകൾ ഏർപ്പെടുവാനുള്ള കാരണങ്ങളെ അടിസ്ഥാനപ്പെടുത്തിയും വാക്കുകളെ ഭേദപ്പെടുത്താതേയും ശരിയായി അർത്ഥം കല്പിക്കേണ്ടതാണു്.
[ 7 ] അല്ലാതെ അതാതിന്റെ നാമമായ വചനത്തെ വികാരപ്പെടുത്തി അന്യ ഭാഷയിലെ വചനമെന്നാക്കി ആവശ്യത്തിനു തക്കതായ വിധത്തിൽ അതിലേക്കു് കൃത്രിമമായിട്ടു് അർത്ഥം കല്പിക്കയൊ അല്ലെങ്കിൽ ആ വാക്കിനെ ഒരു മാതിരി ഭേദപ്പെടുത്തി ആ ഭാഷയിൽ തന്നെയുള്ള വേറൊരു വചനമെന്നാക്കി അതിന്നു ചേരുന്ന പടി വല്ല അർത്ഥത്തേയും കല്പിക്കയൊ, അല്ലാത്തപക്ഷം വചനമങ്ങനെ തന്നെയിരിക്കവെ അയഥാർത്ഥമായ അർത്ഥത്തെ കല്പിക്കയൊ ചെയ്താൽ ആയതു് വാസ്തവ സംഗതിയെ മറയ്ക്കുന്നതിന്നും വേറെ കൃത്രിമസംഗതിയെ ഉണ്ടാക്കി ചേർക്കുന്നതിനും വേണ്ടി മാത്രമാണെന്നു കരുതി ആയതിനെ ത്യജിച്ചു കളയേണ്ടതാകുന്നു.
മലയാളത്തിലെ ദേശഭാഷ, മലയാളഭാഷ തന്നെ ആയിരിക്കാനല്ലേ പാടൊള്ളു? ആ മുറയ്ക്കു് അന്യനാട്ടിൽ തീരെ ഇല്ലാത്തവയും ഈ നാട്ടിൽ ധാരാളം നടപ്പുള്ളവയും ഇവിടെ നിന്നു സിദ്ധിച്ചിട്ടുള്ളവയുമായ ഈ നാമങ്ങൾക്കു് ഇവിടുത്തെ ദേശഭാഷയായ മലയാളത്തിൽ നിന്നും കിട്ടുന്ന അർത്ഥത്തെ മാത്രമേ കല്പിക്കാൻ പാടൊള്ളു എന്നു ന്യായമായിരുന്നിട്ടും അവ സംസ്കൃതഭാഷയിലുള്ളതുകളാണെന്നു നടിച്ചു് തോന്ന്യാസമായിട്ടു് അർത്ഥം ചെയ്തിട്ടുള്ളതു് അജ്ഞാനം കൊണ്ടൊ അന്യായമായ വല്ല ഉദ്ദേശം കൊണ്ടൊ തന്നെ ആയിരിക്കണം.
ഇനി ഇതുകളെല്ലാം തെറ്റായ അർത്ഥങ്ങളാണെന്നു് പ്രത്യേകം എടുത്തുകാണിക്കാം.