ഭാഷാഭൂഷണം
രചന:എ.ആർ. രാജരാജവർമ്മ
ഗുണപ്രകരണം

ദോഷങ്ങളെ വിവരിച്ചതിന്റെ ശേഷം ഗുണങ്ങളെ നിരൂപണം ചെയ്യുന്നു. രസത്തിന് അപകർഷം വരുത്തുന്ന ധർമം ദോഷം എന്ന് ദോഷലക്ഷണം ചെയ്ത സ്ഥിതിക്ക് രസത്തിന് ഉത്കർഷം വരുത്തുന്ന ധർമം ഗുണം എന്ന് ഗുണലക്ഷണവും സിദ്ധിക്കുന്നു. എന്നാൽ രസോത്കർഷകാരികളുടെ കൂട്ടത്തിൽ അലങ്കാരങ്ങളും ഉൾപ്പെടുന്നതിനാൽ അവയ്ക്കും ഗുണങ്ങൾക്കും തങ്ങളിൽ എന്തു ഭേദമെന്ന് ചോദ്യം വരുന്നു. അതിനാൽ രണ്ടു വകയ്ക്കും വിഷയവിഭാഗം ചെയ്തുകൊണ്ട് ലക്ഷണം പറയുന്നു:


അങ്‌ഗിയായ രസത്തിന്റെ-

യുത്കർഷത്തിനു ഹേതുവാം

സ്ഥിരം ധർമം തന്നെ ഗുണം

ശൗരാദ്യാത്മാവിനെന്നപോൽ. 134


സ്ഥിതമായ രസത്തിന്റെ-

യങ്ഗങ്ങൾക്കുപകാരിയായ്

ചേരും ധർമമലങ്കാരം

ഹാരാദ്യാത്മാവിനെന്നപോൽ. 135


അനേകം അംഗങ്ങളുള്ള മനുഷ്യശരീരത്തിൽ എങ്ങനെ ആത്മാവ് പ്രധാനമോ അങ്ങനെ കാവ്യശരീരത്തിൽ രസം പ്രധാനം. ആത്മാവിന് ശൗര്യം മുതലായതെന്നപോലെ രസത്തിന് ഉത്കർഷമുളവാക്കുന്നതും വേർപെട്ടു പോകാത്തതുമായി യാതൊരു ധർമമുണ്ടോ അതുതന്നെ ഗുണമെന്ന് പറയപ്പെടുന്നത് എന്ന് ഗുണലക്ഷണം. അലങ്കാരമാകട്ടെ, കണ്ഠാദിമനുഷ്യാംഗത്തിനു മുത്തുമാല മുതലായതെന്നപോലെ ശബ്ദാർത്ഥങ്ങളാകുന കാവ്യാംഗങ്ങൾക്ക് ശോഭയുളവാക്കുന്നതുമുഖേന ആത്മാവായ രസത്തിന് ഉപകരിക്കാവുന്നതും വേർപെട്ടിരിക്കാവുന്നതും ആയ ധർമമാകുന്നു. ഈ നിർവചനപ്രകാരം ഗുണമെന്നത് നേരേ രസധർമമാണ്.; അലങ്കാരമോ പരമ്പരയാ രസധർമമായി വരാമെന്നതേ ഉള്ളൂ. ഒന്ന് ആന്തരവും ശാശ്വതവുമാണ്; മറ്റേത് ബാഹ്യവും അനിത്യവും ആകുന്നു. രസമില്ലാത്തിടത്ത് ഗുണവുമില്ല; അലങ്കാരം രസമില്ലാത്തിടത്തും വരാം. അതാണ് ‘സ്ഥിതമായ രസത്തിന്റെ’ എന്ന് വിശേഷണം ചെയ്തത്. രസമുള്ള പക്ഷം അലങ്കാരം അതിന് ഉപകരിക്കണം എന്ന് നിർബന്ധവുമില്ല.


എല്ലാത്തിനും ഉദാഹരണം-


“കുന്നിച്ചീടും കുളുർമതിരുചാ സുന്ദരേ മന്ദിരേ നാ-

മൊന്നിച്ചിന്ദീവരദളഹളഗ്രാഹിനേത്രേ! സുഖേന

ചെന്നിട്ടോരോ കളികളിലെഴും കൗതുകത്തോടു വാണോ-

രന്നിക്കഷ്ടസ്ഥിതി വരുവതായോർത്തിരുന്നോ തരിമ്പും?” - മ. സം.


ഇവിടെ കരുണരസത്തിന് അനുപ്രാസം ശബ്ദാലങ്കാരം ഉപകാരകം.


“ഭീമം വ്യാപിച്ചിടുന്നു ഗരളസദൃശമുന്മാഥിയായ ചിത്തതാപം

ധൂമംകൂടാതെ വായ്ച്ചൊരെരികനലതുപോലുജ്ജ്വലിക്കുന്നു നിത്യം

കാമം ചേർക്കുന്നിതംഗം‌പ്രതി രുജയനിശം ഘോരമാകും ജ്വരം‌പോ-

ലീ മാം രക്ഷിപ്പതിന്നെൻ‌ജനകനുമിഹ മാതാവുമാളല്ല നീയും.” - മാലതീമാധവം.


ഇവിടെ ഉപമ അർത്ഥത്തെ അലങ്കരിച്ചുകൊണ്ട് രസത്തെ പോഷിപ്പിക്കുന്നു. വിഷസാദൃശ്യം വ്യാപിക്ക മുതലായ ക്രിയകൾക്ക് അതിശയം സമ്പാദിക്കുന്നതുകൊണ്ട് വിപ്രലംഭത്തിന് ഉത്കർഷം ഫലിക്കുന്നല്ലോ!

“ദയയൊരു ലവലേശം ..” അന്ത്യപ്രാസോദാഹരണം. ഇതിൽ രസമൊന്നും ഇല്ല എങ്കിലും ശബ്ദാലങ്കാരമായ അനുപ്രാസം ഉണ്ട്.

“ആർത്താ താർത്തേന്മൊഴിയരികിലുള്ളിഷ്ടയാം ചേടിയോടെൻ-

വാർത്താമാവർത്തനമൊടനുയോഗിക്കുമുത്കണ്ഠമൂലം

പാർത്താലാരുല്ലോരു തരുണിയിന്നിത്തരം ഭർത്തൃഭക്താ

മൂർത്താ പുണ്യോത്കരപരിണിതിഃ കേവലം സാ മദീയാ” - മ. സം.


ഇതിൽ ശൃഗാരരസം സ്ഥിതമെങ്കിലും അതിന് പ്രാസം പരുഷവർണഘടിതമാകയാൽ ഉപകരിക്കുന്നില്ല. പ്രത്യുത, പ്രതികൂലാക്ഷരമെന്ന ദോഷത്തെ ഉളവാക്കി രസത്തിന് അപകർഷം ആണ് ചെയ്യുന്നത്. അർത്ഥാലങ്കാരവും ഇതുപോലെ രസത്തിന് ഉപകരിക്കാതെ വരുന്നതിന് ഉദാഹരണം തേടിപ്പിടിക്കാവുന്നതാകുന്നു. ആകട്ടെ, ഗുണവും ഈ മട്ടിൽ രസമില്ലാത്തിടത്ത് കാണുകയില്ലയോ? സുകുമാരവർണഘടിതമായിട്ട് ഒരു നീരസശ്ലോകം ചെയ്താൽ അതിൽ മാധുര്യഗുണമിരിക്കയില്ലയോ? എന്നാണ് ഇനി ഒരു ചോദ്യം വരുന്നത്. ശരിതന്നെ. എന്നാൽ അത് ഭ്രമമാത്രമാണ്. വിരിഞ്ഞ നെഞ്ചും നീണ്ട കൈകളും മറ്റുമുള്ള ഒരു പുരുഷനെക്കണ്ടാൽ അവന് ശൗര്യമുണ്ടെന്നു നമുക്കു തോന്നും; വാസ്തവത്തിൽ അവൻ ശൂരനല്ലെന്നു വരാം. അതുപോലെ താദൃശകാവ്യങ്ങളിൽ മാധുര്യഗുണത്തിന് സ്വരൂപയോഗ്യതയേ ഉള്ളൂ. നീരസത്തിൽ ഗുണങ്ങളെ സ്വീകരിക്കുന്നില്ലെന്ന് സിദ്ധാന്തം.


ഇനി ഗുണങ്ങളെ ഗണിക്കുന്നു:-

ഗുണം - പ്രസാദം, മാധുര്യ,-

മോജസ്സെന്നിവ മൂന്നുതാൻ.


പ്രസാദം, മാധുര്യം, ഓജസ്സ് എന്ന് ഗുണം മൂന്നെണ്ണമേ ഉള്ളൂ. പ്രാചീനന്മാർ “ശ്ലേഷം, പ്രസാദം, സമതാ, മാധുര്യം, സുകുമാരതാ; അർത്ഥവ്യക്തി, -യുദാരത്വം, ഓജഃ, കാന്തി, സമാധിയും” എന്ന് പത്താക്കി പറഞ്ഞിരിക്കുന്നു. അതിനെ നിരാകരിപ്പാനായിട്ടാണ് ‘മൂന്നുതാൻ’ എന്നു നിയമിച്ചത്.

മുറവിട്ട് സൗകര്യത്താൽ ആദ്യം മാധുര്യത്തെ ലക്ഷിക്കുന്നു.

നീരിൽ കൽക്കണ്ടമെന്നോണ-

മാഹ്ലാദത്തിൽ മനസ്സിനെ

അലിച്ചാശു ലയിപ്പിക്കും

ഗുണം മാധുര്യസംജ്ഞിതം. 136


മനസ്സലിഞ്ഞ് ആഹ്ലാദത്തിൽ ലയിച്ചതുപോലെ തോന്നിപ്പോകുന്നതിന് ഹേതുഭൂതമായ ഗുണത്തിന് മാധുര്യമെന്നു പേർ.


സംഭോഗം, കരുണം, വിപ്ര-

ലംഭം, ശാന്തമിവറ്റയിൽ

ഉത്തരോത്തരമുത്കർഷം

മാധുര്യത്തിനു വന്നിടും 137


സംഭോഗശൃംഗാരത്തേക്കാൾ കരുണത്തിൽ, അതിനേക്കാൾ വിപ്രലംഭശൃംഗാരത്തിൽ, അതിനേക്കാൾ ശാന്തത്തിൽ എന്ന് മാധുര്യഗുണത്തിന് ആശ്രയങ്ങളായ രസങ്ങളുടെ വിവേചനം.


ദീപ്തികൊണ്ടു മനം പെട്ടെ-

ന്നുജ്ജ്വലിച്ചതുപോലവേ

പ്രതീതിയുളവാക്കുന്ന

ഗുണമോജസ്സതായിടും. 138


ഏതിന്റെ വൈഭവത്താൽ മനസ്സിന് ഒരു ജ്വലിതത്വപ്രതീതിയുളവാകുന്നുവോ ആ ഗുണം ഓജസ്സാകുന്നു.


വീരബീഭത്സരൗദ്രങ്ങൾ

മേൽക്കുമേലിതിനാശ്രയം

ഓജസ്സ് വീരത്തിലും അതിനേക്കാൾ ബീഭത്സത്തിലും അതിനേക്കാൾ രൗദ്രത്തിലും അധികം കാണും. ഇവിടെ പ്രത്യേകിച്ച് എടുക്കാത്ത ഹാസ്യാദ്ഭുതഭയാനകങ്ങളിൽ മാധുര്യൗജസ്സുകൾ രണ്ടിനും സമപ്രാധാന്യമെന്നു പറയുന്നു.

സമപ്രധാനമാം രണ്ടും

ശേഷം മൂന്നു രസങ്ങളിൽ 139


രണ്ട് = മാധുര്യവും ഓജസ്സും. ശേഷം മൂന്ന് = വീരബീഭത്സരൗദ്രങ്ങൾ.


ശുഷ്കേന്ധനത്തിൽ തീപോലെ

പെട്ടെന്നു മനമാകവേ

പരന്നു വികസിപ്പിക്കും

ഗുണമങ്ങു പ്രസാദമാം. 140


ഉണങ്ങിയ വിറകിൽ തീ പിടിക്കുന്നതുപോലെ പെട്ടെന്ന് മനസ്സിൽ ഒന്നായി വ്യാപിച്ച് അതിന് ഒരു വികാസപ്രതീതി ഉണ്ടാക്കുന്ന ഗുണം പ്രസാദം. ഇതിന് എല്ലാ രസവും ഒന്നുപോലെ ആശ്രയമാകയാൽ ആശ്രയഭേദേന ഉത്കർഷാധിക്യം പറയുന്നില്ല. ഏവഞ്ച, ദ്രുതി, ദീപ്തി, വികാസം എന്ന ചിത്തവൃത്തികൾക്ക് കാരണഭൂതങ്ങളായ കാവ്യധർമങ്ങൾ മുറയ്ക്ക് മാധുര്യൗജഃപ്രസാദ സംജ്ഞങ്ങളായ ഗുണങ്ങളെന്നു സിദ്ധിക്കുന്നു.


ശബ്ദാർത്ഥാദിയിലും ചൊല്ലു-

മുപചാരാൽ ഗുണങ്ങളെ


ഉപചാരമെന്നാൽ കാര്യകാരണാദികളുടെ അഭേദാധ്യവസായംകൊണ്ട് ഒന്നിന്റെ ധർമത്തെ മറ്റൊന്നിലാരോപിക്കയാകുന്നു. അതിൻപ്രകാരം ആത്മഗുണമായ ശൗര്യാദിയെ ആകൃതിക്ക് കല്പിക്കും‌പോലെ വ്യംഗ്യവ്യഞ്ജകങ്ങൾക്ക് അഭേദം കല്പിച്ച് രസധർമമായ മാധുര്യാദിയെ തദ്‌വ്യഞ്ജകങ്ങളായ വൃത്തിവർണരചനകൾക്കും പറയാറുണ്ട്.


ടവർഗ്ഗഭിന്നമാം വർഗ്ഗ്യം

മുന്നിൽ പഞ്ചമസംയുതം,

ലഘുരഫേണകാരങ്ങൾ,

സമാസക്കുറവും തഥാ. 141

മൃദുവാകും രചനയും

മാധുര്യവ്യഞ്ജകങ്ങളാം


ടവർഗമൊഴികെയുള്ള വർഗാക്ഷരത്തിനു മുൻപിൽ അതാതിന്റെ അനുനാസികം ചേർന്നുണ്ടാകുന്ന ങ്ക, ഞ്ച, ങ്‌ഗ, ഞ്ജ ഇത്യാദി കൂട്ടക്ഷരം ഹ്രസ്വസ്വരം ചേർന്ന് രേഫണകാരങ്ങൾ, സമാസിക്കാത്തതോ ഒന്നു രണ്ടു ശബ്ദം മാത്രം സമാസിച്ചതോ ആയ പദങ്ങൾ, കാർക്കശ്യം തോന്നിക്കാത്ത രചന ഇവ മാധുര്യത്തെ വ്യഞ്ജിപ്പിക്കും.


ഉദാഹരണം -

“കൊഞ്ചും കോകിലവാണിമാർ കുതുകമോടന്നങ്ങനേകം രസം

തഞ്ചും ചഞ്ചലലോചനങ്ങളെഴുതിച്ചന്തങ്ങൾ തിങ്ങും വിധം

അഞ്ചാതഞ്ചിതഭൂഷണങ്ങളുമണിഞ്ഞെത്തുന്ന കണ്ടാൽ കിട-

ന്നഞ്ചും പഞ്ചശരന്റെ നെഞ്ചകവുമെഞ്ചാരുസ്മിതാർദ്രാനനേ! - പൂരപ്രബന്ധം.


ദ്വിരുക്തം രേഫസംയോഗം,

ശഷ രണ്ടും, ടവർഗ്ഗവും

നീളും വൃത്തിയുമോജസ്സിൽ

കൊള്ളാമുദ്ധതബന്ധവും. 142


ക്ക, ക്ഖ, ഗ്ഗ, ഗ്‌ഘ, ങ്ങ ഇത്യാദി ഇരട്ടിച്ച അക്ഷരം, ർക്ക, ക്ര ഇത്യാദി രേഫം ചേർന്ന കൂട്ടക്ഷരം, ശകാരഷകാരങ്ങൾ, ടവർഗം എന്ന ഈ വർഗ്യങ്ങളും നീണ്ടുനീണ്ടു വരുന്ന സമാസവും ഔദ്ധത്യം തോന്നിക്കുന്ന രചനയും ഓജസ്സിന് വ്യഞ്ജകങ്ങൾ.

ഉദാഹരണം -

“പേടിച്ചദ്രിഗുഹാന്തരത്തിലലറും കുംഭീന്ദ്രകർണ്ണങ്ങളെ-

ക്കൂടിദ്ദുന്ദുഭിഘോഷമിശ്രഗുണനാദത്താൽ തകർത്തിശ്ശിശു

ഓടും ഘോരകബന്ധമുണ്ഡനിരയെത്തൃപ്താന്തകൻ‌തന്റെ വാ-

യാടുമ്പോളുതിരുംവിധംദ്രുതമറുത്തിപ്പാരിൽ വീഴ്ത്തുന്നിതാ!‌“ - ഉത്തരരാമചരിതം.


ഈ പരിഗണനയിൽ ഉൾപ്പെടാത്ത വർണങ്ങളെല്ലാം ഉദാസീനങ്ങളെന്നറിക.

കേൾക്കുന്നതോടുകൂടിത്താ-

നർത്ഥസ്ഫൂർത്തി വരുത്തിടും

രചനാവൃത്തിവർണ്ണങ്ങൾ

പ്രസാദവ്യഞ്ജകങ്ങളാം. 143


ഏതുമാതിരി വർണമോ, പദമോ, ബന്ധമോ ഉപയോഗിച്ചാൽ ശ്രവണലക്ഷണത്തിൽ അർത്ഥപ്രതീതി വരുമോ ആ മാതിരിയിൽ അവയെ പ്രയോഗിക്കുന്നതുതന്നെ പ്രസാദത്തിന് വ്യഞ്ജകം.


മുൻ‌ചൊന്നതുപോലെ ഒരു നിയമം ഇതിന് ദുഷ്കരമെന്നു താത്പര്യം.

ഉദാഹരണം -

“പാലിക്കാനായ്ബ്ഭുവനമഖിലം ഭൂതലേ ജാതനായ-

ക്കാലിക്കൂട്ടം കലിതകുതുകം കാത്ത കണ്ണന്നു ഭക്ത്യാ

പീലിക്കോലൊന്നടിമലരിൽ നീ കാഴ്ചയായ് വെച്ചിടേണം

മൗലിക്കെട്ടിൽ തിരുകുമതിനെത്തീർച്ചയായ്ബ്ഭക്തദാസൻ.” - മ. സം.


വക്താ, വാച്യം, പ്രകരണ-

മെല്ലാം നോക്കി യഥാവലേ

രചനാവൃത്തി വർണ്ണങ്ങ-

ളൗചിത്യം‌പോലെ ചേർക്കണം. 144


രചനാ, വൃത്തി, വർണം ഇവയ്ക്ക് വിവേചനം ചെയ്തതെല്ലാം സാധാരണാഭിപ്രായേണ ആകുന്നു. തത്ത്വാലോചനയിൽ ഔചിത്യമൊന്നേ ഇതിലേക്കു നിയാമമാകുകയുള്ളു. വക്താവ്, വചിക്കേണ്ടുന്ന സംഗതി, ഏതുമാതിരി പ്രസ്താവം ഇവയെല്ലാം നല്ലവണ്ണം ആലോചിച്ച് ഏതിനേതുചിതമോ അതിനെ സ്വീകരിക്കേണ്ടത്. മാധുര്യം വ്യഞ്ജിക്കേണ്ടിടത്ത് വക്താവ് കോപിച്ചവനെങ്കിൽ സ്വല്പം ഔദ്ധത്യം ചേർക്കണം. ഇത്യാദി മട്ട് സ്വയം ഊഹിക്കുക.


ശ്ലേഷാദി പത്തു ഗുണമെ-

ന്നോതുന്നു ചില പൂർവ്വികർ

അവയിൽ ചിലതിച്ചൊന്ന

മൂന്നിലന്തർഭവിച്ചിടും; 145


അന്യഥാ സിദ്ധമാം ശേഷം

ദോഷമില്ലായ്കമാത്രവും


“ശ്ലേഷഃപ്രസാദഃ സമതാ മാധുര്യം സുകുമാരതാ

അർത്ഥവ്യക്തിരുദാരത്വമോജഃകാന്തിസമാധയഃ”


എന്നു ഗുണങ്ങൾ പത്തെണ്ണമുണ്ടെന്നാണ് പൂർവാചാര്യന്മാരുടെ മതം. എന്നാൽ അവയിൽ മിക്കതും മാധുര്യാദിത്രയത്തിൽത്തന്നെ ഉൾപ്പെടും. ശേഷം മറ്റു പ്രകാരത്തിൽ സിദ്ധിക്കുന്നവയാണ്. ചിലത് ദോഷാഭാവമാത്രങ്ങളാകയാൽ ഉദാസീനങ്ങളാകുന്നു. പൂർവികന്മാർ ഈ പത്തു ഗുണങ്ങളെ ശബ്ദത്തിലും അർത്ഥത്തിലും പറയുന്നുണ്ട്. അതിൽ ആദ്യം ശബ്ദഗുണങ്ങൾക്ക് അന്യഥാസിദ്ധിയെ കാണിക്കാം.


(1) നീരക്ഷീരങ്ങൾ എന്നപോലെ ചേരുവയുടെ നിരപ്പുകൊണ്ട് അനേകം പദങ്ങൾ ഏകപദം എന്നപോലെ തോന്നുന്നത് ‘ശ്ലേഷം’ എന്ന ഗുണം. (2) ആരോഹാവരോഹക്രമം ‘സമാധി’ എന്ന ഗുണം. (3) പദങ്ങൾ നൃത്തം ചെയ്യുന്ന പോലെ തോന്നുന്നത് ‘ഉദാരത’ എന്ന ഗുണം. ഈ വിധമുള്ള പദങ്ങളുടെ ബന്ധത്തിന് വികടമായ ബന്ധം എന്നുപേർ പറയും. (4) ശൈഥില്യം ചേർന്ന ഓജസ്സ് ‘പ്രസാദം’ എന്ന ഗുണം. ഈ നാലും ഓജസ്സിന്റെ വ്യഞ്ഞകങ്ങളാകയാൽ ഓജസ്സിൽ അന്തർഭവിക്കുന്നു. (5) അധികം സമാസങ്ങളെ ചെയ്യാതിരിക്കുക ‘മാധുര്യം’ എന്ന ഗുണം. ഇത് രണ്ടു മതക്കാർക്കും സമം തന്നെ. (6) കേട്ടാലുടൻ അർത്ഥപ്രതീതി വരുന്നത് ‘അർത്ഥവ്യക്തി’ എന്ന ഗുണം. ഇത് പ്രസാദത്തിൽ അന്തർഭവിക്കുന്നു. (7) ആരംഭിച്ച രീതിയെ വിടാതെ ഇരിക്കുന്നത് ‘സമത’ എന്ന ഗുണം. വൈദർഭ്യദിരീതികൾ വാച്യത്തെ അനുസരിച്ച് ഭേദപ്പെടുത്തേണ്ടവയാകയാൽ ഈ ഗുണം ചിലേടത്തേ ഗുണമായി പരിണമിക്കുന്നുള്ളു. (8) നിഷ്ഠുരവർണങ്ങളില്ലാതെ ഇരിക്കുന്നത്’ സുകുമാരത’ എന്ന ഗുണം. ഇത് പ്രതികൂലാക്ഷരം എന്ന ദോഷത്തിന്റെ അഭാവമാത്രമാകയാൽ ഉദാസീനം. (9) പദങ്ങളുടെ ഔജ്ജ്വല്യം ‘കാന്തി’ എന്ന ഗുണം. ഔജ്ജ്വല്യം എന്നുവെച്ചാൽ ഗ്രാമ്യപദങ്ങളെ ഉപയോഗിക്കാതിരിക്കുക; ഇത് ഗ്രാമ്യം എന്ന ദോഷത്തിന്റെ അഭാവമാത്രമെന്നു സ്പഷ്ടം. (10) ‘ഓജസ്സി’നെ നവീനന്മാരും സ്വീകരിച്ചിട്ടുള്ളതുതന്നെയാണല്ലോ!


ഇനി ഇവ അർത്ഥഗുണങ്ങളായി വരുന്നതിന് അന്യഥാ സിദ്ധി കാണിക്കാം.

(1) അർത്ഥത്തിനുള്ള പ്രൗഢി ‘ഓജസ്സ്’ ഇത്, (എ) പദംകൊണ്ട് സാധിക്കാവുന്നിടത്ത് വാക്യം പ്രയോഗിക്ക.


ഉദാഹരണം -

“ഏതിനോങ്കാരമാരംഭം സ്വരം മൂന്നുച്ചരിപ്പതിൽ

യജ്ഞം പൊരുൾ ഫലം സ്വർഗ്ഗമമ്മൊഴിക്കു ഭവാൻ കൃതി.” - കുമാരസംഭവം.

ഇവിടെ ‘വേദം’ എന്ന് ഒരു പദം കൊണ്ട് പറയേണ്ട സ്ഥലത്ത് മൂന്നുപാദം.


(ബി) മറിച്ച് വാക്യം പറയേണ്ട ദിക്കിൽ പദം പ്രയോഗിക്ക;

(സി) വിസ്തരിച്ച് പറയേണ്ടേടത്ത് ചുരുക്കുക;

(ഡി) മറിച്ച് ചുരുക്കേണ്ടതിനെ വിസ്തരിക്കുക;


ഉദാഹരണം - (ഡി) “ഒരേ പുമാൻ താനതു മൂന്നു മൂർത്തിയായ്-

പ്പിരിഞ്ഞു മൂവർക്കിഹ മൂപ്പുമൊപ്പമേ

ഹരൻ ഹരിയ്ക്കാദ്യനവന്നു വിഷ്ണുതാ-

നവർക്കു വേധസ്സവരങ്ങവന്നുമാം.” - കുമാരസംഭവം


ഉദാഹരണം (സി) “യാത്രചൊന്നവിടെനിന്നു പുറപ്പെട്ടാ-

ശുചെന്നു ഗിരിശന്നരികത്തിൽ

കാര്യസിദ്ധിയറിയിച്ചനുവാദം

വാങ്ങി വീണ്ടുമവരേറി വിയത്തിൽ - കുമാരസംഭവം


(ഇ) അർത്ഥം സാഭിപ്രായമായിരിക്കുക; ഇപ്രകാരം അഞ്ചുള്ളവയിൽ ആദി നാലും വാക്ചാതുര്യത്തിന്റെ വകഭേദമെന്നല്ലാതെ ഗുണങ്ങളെന്നു പറയാൻ മാത്രമില്ല. അഞ്ചാമത്തേത് അപുഷ്ടാർത്ഥദോഷത്തിന്റെ അഭാവം മാത്രമാകുന്നു.


(2) അർത്ഥത്തിന്റെ നൈർമല്യം ‘പ്രസാദം’.

നൈർമല്യമെന്നാൽ നിഷ്പ്രയോജനമായി പദങ്ങളെ പ്രയോഗിക്കാതെ ഇരിക്കുക. ഇത് ‘അധികപദം’ എന്ന ദോഷത്തിന്റെ അഭാവം മാത്രമാകുന്നു.

(3) അർത്ഥങ്ങളെ പല ഭംഗികളിൽ പറക, ‘മാധുര്യം’. ഇത് അനവീകൃതമെന്ന ദോഷത്തിന്റെ അഭാവം.

(4) പരുഷമായ അർത്ഥത്തേയും മൃദുപ്പെടുത്തിപ്പറയുക. ‘സൗകുമാര്യം’. ഇത് അമംഗലരൂപമായ അശ്ലീലത്തിന്റെ ത്യാഗം മാത്രമേ ആകുന്നുള്ളു.

(5) അർത്ഥം ഗ്രാമ്യമല്ലാതിരിക്കുക, ‘ഉദാരത’. ഇതിന് ഉദാസീനത്വം സ്പഷ്ടം.

(6) വസ്തുസ്വഭാവം സ്ഫുടമായിരിക്കുന്നത്, ‘അർത്ഥവ്യക്തി’. ഇത് സ്വഭാവോക്ത്യലങ്കാരംകൊണ്ട് ഗതാർത്ഥമായി.

(7) രസത്തിന്റെ ദീപ്തി, ‘കാന്തി’. ഇത് ധ്വനിയിലുൾപ്പെട്ടുപോകുന്നു.

(8) ക്രമകൗടില്യത്തിന്റെ വ്യക്തത, ‘ശ്ലേഷം’. ഇത് ഉക്തിവൈചിത്ര്യമാത്രമേ ആകുന്നുള്ളു.

(9) അർത്ഥത്തിന്റെ വൈഷ‌മ്യാഭാവം, ‘സമത’. സ്പഷ്ടം.

(10) പുനരർത്ഥദർശനം, ‘സമാധി’. ഇത് കാവ്യത്തിന്റെ ശരീരം തന്നെയാകയാൽ ഗുണങ്ങളുടെ ശേഖരത്തിൽ ചേർക്കേണ്ടതേ ഇല്ല.


ഇതി ഗുണപ്രകരണം.

"https://ml.wikisource.org/w/index.php?title=ഭാഷാഭൂഷണം/ഗുണപ്രകരണം&oldid=81668" എന്ന താളിൽനിന്ന് ശേഖരിച്ചത്