ഭാഷാഭൂഷണം
രചന:എ.ആർ. രാജരാജവർമ്മ
ശബ്ദാർത്ഥപ്രകരണം

കാവ്യശാരീരമായ ശബ്ദാർത്ഥങ്ങളുടെ അലങ്കാരങ്ങളേയും ദോഷഗുണങ്ങളേയും വിവരിച്ചതിന്റെശേഷം ആ ശബ്ദാർത്ഥങ്ങളുടെ സ്വരൂപത്തെ നിരൂപണം ചെയ്യുന്നു.


ശബ്ദം മൂന്നാം വാചകാഖ്യം

ലക്ഷകം വ്യഞ്ജനം തഥാ

151


വാച്യം ലക്ഷ്യം വ്യംഗ്യമെന്നു

മുറയ്ക്കർത്ഥവുമങ്ങനെ

വ്യാപാരവും മുന്നഭിധാ-

ലക്ഷണാവ്യഞ്ജനാഖ്യയം

152

സാഹിത്യശാസ്ത്രപ്രകാരം 'വാചകം', 'ലക്ഷകം', 'വ്യഞ്ജകം' എന്നു ശബ്ദം മൂന്നുവിധമാകുന്നു. അവയിൽ വാചകശബ്ദത്തിന്റെ അർത്ഥം 'വാച്യം'; ലക്ഷകത്തിൻറേതു 'ലക്ഷ്യം'; വ്യഞ്ജകത്തിൻറേതു 'വ്യംഗ്യം' എന്നർത്ഥവും മൂന്നുവിധം. ഈ അർത്ഥത്തെ പ്രതിപാദിക്കുന്ന ശബ്ദവ്യാപാരവും ഈ മുറയ്ക്കുതന്നെ 'അഭിദ', 'ലക്ഷണ', 'വ്യഞ്ജന' എന്നു മൂന്നുവിധമാകുന്നു. ശബ്ദത്തിന്റെ വ്യാപാരം എന്നുവെച്ചാൽ ശബ്ദത്തിന് അർത്ഥത്തോടുള്ള സംബന്ധമാകുന്നു. ഇനി ഇവയ്ക്ക് മുറയ്ക്കു് ലക്ഷണം പറയുന്നു.


നേരേ സാങ്കേതികാർത്ഥത്തെ

വചിക്കുന്നതു വാചകം

അതിൻവ്യാപാരമഭിധ-

യത്തിന്റെ പൊരുൾ വാച്യമാം

153