ഭാഷാഭൂഷണം
രചന:എ.ആർ. രാജരാജവർമ്മ
ദോഷപ്രകരണം

ഘടകം:Message box/ambox.css താളിൽ ഉള്ളടക്കം ഒന്നുമില്ല.

ശബ്ദാർത്ഥങ്ങൾക്ക് ഉണ്ടാകുന്ന അലങ്കാരങ്ങളെ വിവരിച്ചതിന്റെ ശേഷം അവയ്ക്ക് സംഭവിക്കുന്ന ദോഷഗുണങ്ങളെ നിരൂപണം ചെയ്യുന്നു:-



രസക്കേടുളവാക്കുന്ന

തൊക്കെയും ദോഷമാമത്

പദ,മർത്ഥം, വാക്യമെന്ന

മൂന്നിലും സംഭവിച്ചിടും

121


വായിക്കുന്നവർക്ക് മനസ്സിന് മടുപ്പുവരുത്തുന്നതെല്ലാം ദോഷമാകുന്നു. കാവ്യത്തിന്റെ ജീവനായത് രസം. അതിൻ പ്രതീതിക്ക് തടസ്സമോ താമസമോ ഉളവാക്കുന്ന ധർമം ദോഷമാകുന്നു. പദം, അർത്ഥം, വാക്യം, ഈ മൂന്നെണ്ണവും ദോഷത്തിന് ആശ്രയമായി വരാം. അതിൽ പദത്തെ ആശ്രയിച്ചുനിൽക്കുന്നത് പദദോഷം; അർത്ഥത്തെ ആശ്രയിച്ചുനിൽക്കുന്നത് അർത്ഥദോഷം; വാക്യത്തെ ആശ്രയിച്ചു നിൽക്കുന്നത് വാക്യദോഷം. നിത്യദോഷം, അനിത്യദോഷം എന്നു ദോഷങ്ങൾക്കു വേറേ ഒരു വക വിഭാഗവുമുണ്ട്. എന്നും എല്ലായിടത്തും ഒരുപോലെ ദോഷമായി നിൽക്കുന്നത് നിത്യദോഷം; ചിലേടത്തും ചിലപ്പോഴും മാത്രം ദോഷമായി വരുന്നത് അനിത്യദോഷം. അതിൽ ആദ്യം പദദോഷങ്ങളെപ്പറ്റി പറയുന്നു.

പദദോഷങ്ങൾ തിരുത്തുക

ദുശ്‌ശ്രവം, ച്യുതസംസ്കാരം

അപ്രയുക്തം, നിരർത്ഥകം

ഗ്രാമ്യം, നേയാർത്ഥ,മശ്ലീലം,

അപ്രതീത,മവാചകം

സന്ദിഗ്ധാ,നുചിതാർത്ഥങ്ങൾ

പദദോഷങ്ങളാമിവ.

122


ദുശ്‌ശ്രവം തിരുത്തുക

ഉച്ചരിക്കുന്നതിനുള്ള ക്ലേശം നിമിത്തം കർണകഠോരമായി തോന്നുന്നത് ദുശ്‌ശ്രവം.

ഉദാഹരണം ---

മടിച്ചു വേല ചെയ്യാതെ മനം കാഞ്ഞുള്ള വാക്കുകൾ

സ്വല്പവും സ്വാമിയെക്കൊണ്ടു കൽ‌പ്പിപ്പതു കഷ്ടമാം. ----സ്വ.


ഇതിൽ ‘കൽ‌പ്പിപ്പതു’ എന്ന പദം വ്യാകരണപ്രകാരം സാധുവാണെങ്കിലും സഹൃദയന്മാർക്ക് ശ്രുതികടുവായി തോന്നുന്നു. ശബ്ദപ്രയോഗം കവിക്ക് ഇച്ഛപോലെ ചെയ്യാവുന്നതായിരിക്കെ ദുർഘടവർണങ്ങളെക്കൊണ്ട് ശ്രോതാക്കൾക്ക് ഉദ്വേഗം ജനിപ്പിക്കുകയാകുന്നു ഇവിടെ ദൂഷകതാബീജം. രൗദ്രാദിരസത്തിലും വൈയാകരണാദികൾ വക്താക്കളായിരിക്കുമ്പോഴും മറ്റും ഇതിന് ദോഷത്വം സിദ്ധിക്കാത്തതിനാൽ ദുശ്‌ശ്രവം അനിത്യദോഷമാകുന്നു.

ച്യുതസംസ്കാരം തിരുത്തുക

വ്യാകരണപ്രകാരം തെറ്റായുള്ള ശബ്ദം ച്യുതസംസ്കാരം.

ഉദാഹരണം -

“ആകാരംകൊണ്ടഹോ! നമ്മുടെ മുഖമൊടു പോരിട്ടു പോരായ്മയോടും

രാകാരംയേന്ദുപോയോരളവു കുമുദിനീപ്രേയസിക്കായതിന്നാൽ

ശോകാരംഭം തുടങ്ങിപ്പെരുകി മിഴിയടച്ചിങ്ങു രോദിപ്പതിപ്പോൾ

കാകാരാവച്ഛലത്താൽ ചെവിയിലത തറയ്ക്കുന്നു വല്ലാതെ വന്ന്.” ------ അതിമോഹം നാടകം.


ഇവിടെ ‘ആയതിന്നാൽ’ എന്നത് ദുഷ്ടം. വ്യാകരണപ്രകാരം ഉദ്ദേശികാവിഭക്തിയിൽ മാത്രമേ ദ്വിതത്തിന് വികല്പമുള്ളു. പ്രയോജികയിൽ ‘അതിനാൽ’ എന്നേ സുശബ്ദമാവുകയുള്ളു.


വേറെ ഉദാഹരണം-

അഹോവൃത്തിക്കു ഗതിയി-

ങ്ങഹോ! കാണായ്കമൂലമായ്

മാനവന്മാരുരയ്ക്കുന്നു

മനോസാക്ഷിവിരുദ്ധമായ്. -സ്വ.


ഇതിൽ ‘അഹോവൃത്തി’യും ‘മനോസാക്ഷി’യും സംസ്കൃതവ്യാകരണപ്രകാരം മുറയ്ക്ക് അഹർവൃത്തി എന്നും മനസ്സാക്ഷി എന്നും വേണ്ടതാകുന്നു.


വേറെയും ഉദാഹരണം -

“കാമപാലപശുപാലസമേതൻ

താമസേന രഹിതം പുരി പുക്കാൻ

കാമിനീജനകടാക്ഷമതാകും-

ദാമദൂഷിതമനോഹരരൂപൻ.” - ശ്രീകൃഷ്ണചരിതം മണിപ്രവാളം.

ഇതിൽ ‘താമസേന’ എന്ന പദം ച്യുതസംസ്കാരം. വിളംബം എന്ന അർത്ഥമായ താമസശബ്ദം സംസ്കൃതമല്ലാത്തതിനാൽ ‘താമസേന’ എന്നു സംസ്കൃതതൃതീയ ചേർത്തതു സാധുവല്ല. ഇത് ഒരിക്കലും സാധുവല്ലായ്കയാൽ നിത്യദോഷമാകുന്നു.

വേറെയും ഉദാഹരണം -

“വട്ടംകൂട്ടി മഹാനസേ ഭോജനത്തിനു താമസേ ഹേതുരേഷജരഠൻ.” - അംബരീഷചരിതം കഥകളി.

എന്നാൽ,

“മണ്ടന്തി പാന്ഥനിവഹാഃ പടിബന്ധപേട്യാ”

ഇത്യാദി വിദൂഷകവാക്യങ്ങളിൽ ചിലതിന് അദോഷത്വം കല്പിക്കാം.


അപ്രയുക്തം തിരുത്തുക

നിഘണ്ടുപ്രകാരവും മറ്റും സാധുവായിരുന്നാലും കാലഭേദം കൊണ്ടും മറ്റും പ്രചാരക്കുറവു വന്നിട്ടുള്ളത് അപ്രയുക്തം.


ഉദാഹരണം-

“വിള്ളു തിന്നു മുതുവെള്ളരുതേറിയ

വെള്ളിമലയനെന്നുണ്ടൊരു കള്ളൻ.” - കിരാതം കഥകളി


ഇവിടെ ‘വിള്ള്’ എന്നത് അപ്രയുക്തം; വിഷപര്യായമായിരിക്കാമെന്നു തോന്നുന്നു. വേറേ ഉദാഹരണം -

“രുഷ്ടോ/സൗ ബത കാട്ടനും വിജയനും....” - കിരാതം കഥകളി.

ഇതിൽ ‘കാട്ടൻ’ അപ്രയുക്തം.

കവിസമയത്തെ ലംഘിച്ചതിനുള്ള പ്രയോജനത്തെ അന്വേഷിക്കുന്നതിലുള്ള സംരംഭത്തിൽ അർത്ഥപ്രീതിക്ക് ഉണ്ടാകുന്ന വിളംബമാകുന്നു ഇവിടെ ദൂഷകതാബീജം.

നിരർത്ഥകം തിരുത്തുക

വൃത്തപൂരണത്തിനും മറ്റും വേണ്ടി അർത്ഥവിവക്ഷ കൂടാതെ പ്രയോഗിക്കുന്നത് നിരർത്ഥകം. ഉദാഹരണം-


“പാടേ നാളം പിരിഞ്ഞുള്ളൊരു സരസിജമൊക്കുന്ന മുഗ്ധാനനത്തെ

കൂടക്കൂടെത്തിരിച്ചഗ്ഗതിയതിലുമഹോ! ദക്ഷയാം പക്ഷ്മളാക്ഷി

ബാഢം പീയൂഷവും വൻ‌വിഷവുമധികമായ് തേച്ചെടുത്തക്കടാക്ഷം

ഗാഢം മന്മാനസത്തിൽ കഠിനമിഹ കുഴിച്ചിട്ടതിന്മട്ടിലാക്കി.” -- മാലതീമാധവം.


ഇതിൽ പാടേ, അഹോ, ബാഢം, വൻ, ഇഹ - ഈ ശബ്ദങ്ങൾ ഒരർത്ഥവിശ്ലേഷത്തേയും കുറിക്കായ്കയാൽ നിരർത്ഥകങ്ങൾ. “യാത്യാമുഹു...” എന്ന ശ്ലോകത്തിന്റെ തർജമയെന്നു നോക്കുമ്പോൾ ദക്ഷ, അധികമായ് ഇത്യാദിയും കൂടി നിരർത്ഥകങ്ങളെന്നു ഗണിക്കപ്പെടും. ബന്ധശൈഥില്യവും, നിരർത്ഥകപദപ്രയോക്താവിന്റെ കൃതിയിൽ തോന്നുന്ന വൈമുഖ്യവും മറ്റും ഇതിൽ ദൂഷകതാബീജം.


ഗ്രാമ്യം തിരുത്തുക

സഭയിൽ പ്രയോഗിക്കത്തക്ക പ്രൗഢത പോരാത്തത് ഗ്രാമ്യം. സാധാരണ ഇതിന് ‘കന്നത്തം’ എന്നും പേർ പറയാറുണ്ട്. ഉദാഹരണം -

“കഷ്ടം വെച്ചങ്ങുനിന്നു പിതൃപതിതനയൻ വായുജൻ കൈകുടഞ്ഞു

ധൃഷ്ടൻ പാർത്ഥൻ സകോപം ധൃതിയൊടുടനുടൻ കയ്യു തമ്മിൽ തിരുമ്മി

ഒട്ടും നന്നല്ലിതെന്നാ യമജർ ബഹുവിധം ഭാവഭേദം നടിച്ചൂ.

പെട്ടെന്നിങ്ങോട്ടു ഞാനും തവ കഴലിണ കണ്ടീടുവാൻ വെച്ചടിച്ചൂ.” - ലക്ഷണാസംഗം നാടകം


നാലാം പാദത്തിലെ ‘വെച്ചടിച്ചൂ’ എന്നത് ഗ്രാമ്യം.

വേറേ ഉദാഹരണം-

“വാക്കൊന്നെന്നുടെ വായിൽനിന്നൊരുവിധം വീണാലിതിന്നേതുമേ

നീക്കം പിന്നെ വരുന്നതല്ലൊരു മുഖം നോക്കും നമുക്കില്ലതിൽ

വക്രത്വത്തൊടു രാജകല്പാന വൃഥാ ലംഘിച്ചിടുന്നോർകളെ-

ച്ചക്രശ്വാസമൊടിട്ടിഴച്ചു കഷണിപ്പിക്കും കണക്കെന്നിയേ.” - ഭഗവദ്‌ദൂത് നാടകം.


ഇതിൽ നാലാം പാദത്തിലെ മിക്ക പദങ്ങളും ഗ്രാമ്യങ്ങളാകുന്നു. ഏതാനും കുഗ്രാമങ്ങളിൽ മാത്രം നടപ്പുള്ള ദേശ്യപദങ്ങളെ പ്രയോഗിക്കുന്നതും ഗ്രാമ്യദുഷ്ടമെന്ന് വിചാരിക്കപ്പെടും. കവി നാഗരികനല്ലെന്ന് തെളിയിക്കുന്നതിനാൽ ശ്രോതാവിന് ഉണ്ടാകുന്ന വൈമുഖ്യമാകുന്നു ഇതിൽ ദൂഷകതാബീജം.


നേയാർത്ഥം തിരുത്തുക

അർത്ഥം ശ്രവണമാത്രത്താൽ സ്പഷ്ടമാകാതെ ലക്ഷണംകൊണ്ടും മറ്റും ഊഹിച്ചെടുക്കേണ്ടതായി വരുന്നത് നേയാർത്ഥം.

ഉദാഹരണം -

തരുണാരുണചാരുപങ്കജത്തിൻ-

കരണക്കുറ്റി തകർത്തിടാനൊരുങ്ങും

ചരണം ഭവദീയമൊന്നു തന്നേ

ശരണം മേ ധരണീധരേന്ദ്രകന്യേ! - സ്വ.


ഇവിടെ ‘കരണക്കുറ്റി തകർത്തിടാനൊരുങ്ങുക’ എന്നതിന് ലക്ഷണം കൊണ്ട് ‘ജയിക്ക’ എന്നർത്ഥം വിവക്ഷിതം. എന്നാൽ ഈ ലക്ഷണയിൽ പ്രസിദ്ധിയോ പ്രയോജനമോ ഇല്ല.


വേറേ ഉദാഹരണം-

“മുക്തശങ്കമയി! നിന്റെ മൃത്യുസമയത്തിനർത്ഥവചനങ്ങളാൽ

വ്യക്തമാക്കിയിതനർഗളം പ്രിയതയേവനാസ്സഖി തവാന്തികേ

നിൽക്കവേ സുതനു! ഭീതിയെന്തിനതിനീചനാകുമിവനിപ്പൊളീ-

യുഗ്രപാപഫലമോർത്തതിന്നു വിപരീതമായനുഭവിച്ചിടും!“ - മാലതീമാധവം, 5- 26


രൂഢിയും സ്പഷ്ടമായ പ്രയോജനവും കൂടാതെ ചെയ്യുന്ന ലക്ഷണമൊക്കെയും നേയാർത്ഥത്തിന് ഉദാഹരണമാകുന്നു. ഇതിൽ പ്രതീതി വിളംബം ദൂഷകതാബീജം.


അശ്ലീലം തിരുത്തുക

ലജ്ജ, ജുഗുപ്സ, അമംഗലം ഇവയ്ക്ക് ഇടകൊടുക്കുന്നത് അശ്ലീലം.

ലജ്ജയ്ക്ക് ഉദാഹരണം -

“വീതാതങ്കം വിധു സ്ത്രീവടിവു വിധുധരൻ കണ്ടു കാമിച്ചണഞ്ഞി-

ട്ടേതാണ്ടൊക്കെ പ്രവർത്തിച്ചളവവതരണം ചെയ്ത ചൈതന്യമൂർത്തി

ഭൂതാധീശൻ പുമാൻ പെറ്റൊരു പുതുമപെടും പുണ്യനുണ്ണിക്കിടാവുൾ-

ജ്ജാതാനന്ദത്തൊടെന്നെസ്സതതമഴകിൽ വീക്ഷിച്ചു രക്ഷിച്ചിടട്ടേ! - വെണ്മണി മഹൻ.


ഇതിൽ ‘ഏതാണ്ടൊക്കെ’ എന്നത് ലജ്ജാവഹം.

ജുഗുപ്സയ്ക്ക് ഉദാഹരണം -

“ഒഴിച്ചു വിണ്മൂത്രമറിഞ്ഞിടാതെയൊഴിച്ചു മണ്ടിച്ചിലരത്രയല്ല

തഴച്ച ഭീത്യാ ചിലർ കണ്ണടച്ചു മിഴിച്ചുനിന്നൂ ചിലരുൾഭ്രമത്താൽ” - ഭഗവദ്‌ദൂത്.


അമംഗലത്തിന് ഉദാഹരണം -

“സുരവസതിയിലാശയെങ്കിൽ വേണോ

തപമിതു നിൻപിതൃഭൂമി ദിവ്യയല്ലേ

അഥ കണവനിലെങ്കിൽ വേണ്ടിതാരും

മണിയെ വരിക്കുമതാരെയും വരിക്കാ.” - കുമാരസംഭവം


ഇതിൽ ‘പിതൃഭൂമി’ ശബ്ദം ശ്മശാനമെന്നർത്ഥമുള്ളതാകയാൽ അമംഗലത്തെ വ്യഞ്ജിപ്പിക്കുന്നു. ‘പിതൃനാട്’ എന്ന് വായിക്കുന്നതായാൽ ഈ ദോഷത്തിന് അവകാശമില്ല.


ഈ വകകൾ ലജ്ജാദികളെ ഉദ്ബോധിപ്പിക്കുന്നതിനാൽ രസാസ്വാദനയ്ക്കുള്ള വൈമുഖ്യജനനം തന്നെ ഇവയിൽ ദൂഷകതാബീജം. ശിവലിംഗസുഭഗാദിശബ്ദങ്ങൾ അതിപ്രസിദ്ധങ്ങളായിപ്പോയതിനാൽ ഈ ദോഷം അവയെ ബാധിക്കുന്നില്ല. അവയിൽ അവയവാർത്ഥത്തെക്കാൾ സമുദായാർത്ഥത്തിനാണ് പ്രാബല്യം.

അപ്രതീതം തിരുത്തുക

ശാസ്ത്രമാത്രത്തിലല്ലാതെ ലോകത്തിൽ പ്രസിദ്ധി കുറഞ്ഞത് അപ്രതീതം.

ഉദാഹരണം -

നല്ലേഴാമെടമുണ്ടെങ്കിലില്ലംതാനിന്ദ്രലോകമാം

അല്ലെങ്കിലോ നരകമാം ചൊല്ലേറുന്നിന്ദ്രലോകവും - സ്വ.


ഇവിടെ ഏഴാമെടം എന്നതിനു ഭാര്യ എന്ന അർത്ഥത്തിന് ജ്യോതിശ്ശാസ്ത്രത്തിൽ മാത്രമേ പ്രസിദ്ധിയുള്ളു. അർത്ഥബോധത്തിലുള്ള പ്രതീതിവിളംബം തന്നെയാകുന്നു ഇവിടെയും ദൂഷകതാബീജം.


അവാചകം തിരുത്തുക

വിവക്ഷിതമായ അർത്ഥത്തെ കുറിക്കാൻ ശക്തിയില്ലാത്തത് അവാചകം. ഇതു പലമാതിരിയിൽ വരാം.

ഉദാഹരണം -

“യാദവർക്കു കുരുപാണ്ഡവാദിയിൽ

ഭേദമെന്തു നിരൂപിച്ചുനോക്കിയാൽ

മോദമോടിവിടെയാരു മുമ്പിൽ‌വ-

ന്നാദരിക്കുമവരോടു ചേരണം.” - ഭഗവദ്‌ദൂത്.


ഇവിടെ ‘ആദരിക്ക’ എന്നതിന് ‘ക്ഷണിക്ക’ എന്നർത്ഥം ആവശ്യപ്പെട്ടിരിക്കുന്നു. ആ അർത്ഥം ശബ്ദത്തിന് ഇല്ലാത്തതിനാൽ അവാചകം.

വേറെ ഉദാഹരണം -

“മന്നവരണിമണിമൗലേ!

വന്ന വിശേഷം കഥിക്ക വഴിപോലേ

നന്ദി നമുക്കതിനാലേ

വന്നീടും പാർക്കിലിന്നു മെന്മേലേ.” - ഭഗവദ്‌ദൂത്.


ഇവിടെ ‘നന്ദി’ ശബ്ദം അവാചകം.


വേറേയും ഉദാഹരണം -

ഇഹ സംസാരനീരാഴി ദേഹികൾക്കതിദുസ്തരം

കണ്ണൻ കരുണയാം കപ്പൽ കിടച്ചെങ്കിൽ കടന്നിടാം. - സ്വ.


ഇവിടെ ‘നീരാഴി’ ശബ്ദത്തിന് സമുദ്രം എന്നർത്ഥം. അവയവാർത്ഥത്താൽ ജനിക്കുമെങ്കിലും കുളമെന്ന അർത്ഥത്തിൽ പ്രബലതരയായ രൂഢിയാൽ അതു നിയമിക്കപ്പെട്ടുപോയതിനാൽ അശക്തി.


വിവക്ഷിതമായ അർത്ഥത്തിന്റെ അപ്രതീതി തന്നെ ദൂഷകതാബീജം; അതിനാൽ ഇതു നിത്യദോഷവുമാകുന്നു.


സന്ദിഗ്ധം തിരുത്തുക

അതോ ഇതോ വിവക്ഷിതമെന്നു സംശയത്തിന് ആസ്പദമായത് സന്ദിഗ്ധം.

ഉദാഹരണം -

“സഖികളഴലിയന്നു കാത്തുനോക്കും

വ്രതകൃശയാമിവളെപ്പരിഗ്രഹിപ്പാൻ

അസുലഭനവനെന്നു താൻ വരുന്നോ.” - കുമാരസംഭവം.


ഇവിടെ ‘എന്നു’ എന്നത് ‘ഏതു കാലത്ത്’ എന്നർത്ഥമായ തദ്ധിതരൂപമോ, ‘ഇപ്രകാരം’ എന്നർത്ഥമായ ഘടകനിപാതമോ എന്ന് സന്ദേഹം. ആദ്യത്തേതായാൽ ‘ഏതു കാലത്താണാവോ അവൻ വരാൻ പോകുന്നത്?’ എന്ന് ഉത്കണ്ഠയിൽ അർത്ഥപര്യവസാനം; രണ്ടാമതായാൽ, ‘അവൻ അസുലഭൻ എന്നുതന്നെ വന്നേക്കുമോ’ എന്നു നിരാശയിൽ പരിണാമം. അതിനാൽ വിവക്ഷിതാർത്ഥം സ്ഫുടമാകുന്നതിന് ‘അസുലഭനവനേതുനാൾ വരുന്നോ’ എന്നു പഠിക്കണം. സംശയത്താൽ അർത്ഥബോധത്തിനുള്ള പ്രതിബന്ധം തന്നെ ദൂഷകതാബീജം. സന്ദേഹം തന്നെ വിവക്ഷിതമായിട്ടുള്ള പഞ്ചനളീയാദിസ്ഥലങ്ങളിൽ ഇത് ദോഷമല്ല. പ്രത്യുത, ഗുണമായി ചമയുന്നതിനാൽ അനിത്യം. പ്രകൃതോദാഹരണത്തിൽ തന്നെ ‘കരിവിയലും കൃഷിയേവലാരിപോലെ’ എന്നുള്ള ഉപമാവാക്യമായ നാലാം‌പാദംകൂടി ചേർക്കുമ്പോൾ അന്വയസിദ്ധിക്കായി വിവക്ഷിതാർത്ഥത്തെ സ്വീകരിക്കേണ്ടിവരും.


അനുചിതാർത്ഥം തിരുത്തുക

വിവക്ഷിതത്തിന് വിരുദ്ധമായത് അനുചിതാർത്ഥം.

ഉദാഹരണം -

“നാലാണീഞങ്ങളൃത്വിക്കുകളപി ച ചടങ്ങോതുവാൻ വാസുദേവൻ

മേലാളാണീക്ഷിതീശൻ ദ്രുപദസുത ഗൃഹീതവ്രതാ പത്നിയല്ലോ

മാലേറും കൗരവന്മാരിൽ പശുകുലമാം യുദ്ധമാമദ്ധ്വരത്തിൽ

ഭൂലോകേശാൻ ക്ഷണിക്കുന്നതിനിഹ പറകൊട്ടുന്നു പെട്ടെന്നിദാനീം.” - വേണീസംഹാരം.


ഇവിടെ യുദ്ധത്തെ അദ്ധ്വരമാക്കാനുള്ള സംരംഭത്തിൽ വീരന്മാരായ കൗരവരെ പശുക്കളാക്കിയത് അനുചിതം. പശുശബ്ദം ഭീരുത്വത്തെ ദ്യോതിപ്പിക്കുന്നു; എതിർക്കുന്നവരെ അല്ലാതെ ഭീരുക്കളെ വധിക്കുന്നത് വീരധർമമല്ല. ‘മാലേറും’ എന്ന കൗരവവിശേഷണം ഈ അനൗചിത്യത്തെ പ്രബലപ്പെടുത്തുകയും ചെയ്യുന്നു. വിരുദ്ധാർത്ഥപ്രതീതി വൈരസ്യജനകമാകയാൽ ദോഷത്വം സ്പഷ്ടം.


ഇതിൽ ചിലതു വാക്യത്തിൽ

പദാംശത്തിങ്കലും വരാം. 121


മേൽ ചൊന്ന പദദോഷങ്ങളിൽ അപ്രയുക്തമൊഴികെ എല്ലാം വാക്യദോഷമായിട്ടും കാണും. ഇവിടെ പല പദം ചേർന്നത് വാക്യം എന്നേ വിവക്ഷിച്ചിട്ടുള്ളു. ഒറ്റപ്പദത്തിൽ മാത്രം സംഭവിക്കാവുന്നതിനെയാണ് പദദോഷമെന്നു ഗണിച്ചത്. എന്നാൽ ഉദാഹരണങ്ങളിൽ ചിലത് സമാസപദമായിട്ടും വന്നുപോയിട്ടുണ്ട്. അവയ്ക്ക് ഒറ്റപ്പദമായുള്ള ഉദാഹരണങ്ങൾ സ്വയം ഊഹിക്കാവുന്നവയാകുന്നു. ഏതാനും ചിലത് പാദാംശത്തിലും സംഭവിക്കും.


വാക്യദോഷമായി വരുന്നതിന് ഏതാനും ഉദാഹരണങ്ങൾ - ശ്രുതികടു അല്ലെങ്കിൽ ദുശ്‌ശ്രവം -

“തെറ്റെന്നാ മെയ്‌ലയിച്ചോ മമ ഹൃദി നിഴലിച്ചോ

വരച്ചോ പണിഞ്ഞോ

പറ്റിച്ചോ ചേർത്തു വജ്രപ്പശയിലിഹ പതിച്ചോ

കുഴിച്ചുള്ളിൽ‌വെച്ചോ?” - മാലതീമാധവം


“ചുറ്റും നല്ല കരിമ്പു നെൽകൃഷി കൊടൂരാർ തെക്കതൃക്കും വട-

ക്കറ്റം കാണിതുതന്നെ മേലതിരുമാം ചേണാർന്ന ഗൗണാനദി

ആറ്റിൻ‌കൈക്കിതരാപഗാപ്രസൃതകൈത്തോടും കിഴക്കന്തമായ്

ചുറ്റുന്നിസ്ഥലവേശ്മ താഴിയഘടസ്ഥാനേച്ചുകൂടീ കുടീ.” - മനോരമാവിജയം


ച്യുതസംസ്കാരം -


“നലമുള്ളൊരു നവഗുണപരിമളനെ

നളനെന്നൊരു നൃപനെ അവൾ വരിച്ചു.” - നളചരിതം കഥകളി.


ഇവിടെ ‘പരിമളനെ’ എന്നത് ‘നൃപനെ’ എന്നതിന്റെ വിശേഷണമായിട്ട് കവി വിവക്ഷിച്ചിരിക്കുന്നു. വിശേഷണങ്ങൾക്ക് വിഭക്തിചെയ്യുന്നത് ഭാഷാവ്യാകരണവിരുദ്ധമാകയാൽ ച്യുതസംസ്കാരം.


നിരർത്ഥകം -


“അത്യന്തം മെയ് സ്വതേ താനതിലളിതമഹോ! സൗകുമാര്യൈകസാരം

സത്യംതാൻ പാർത്തുകണ്ടാൽ പുനരപി നിതരാം മാരനും ക്രൂരനതേ.” - മാലതീമാധവം.


ഇതിൽ രണ്ടാം‌പാദത്തിൽ ‘നിതരാം’ എന്നുവരെ ഉള്ള ഭാഗം നിരർത്ഥകമാകുന്നു.


ഗ്രാമ്യം -


“എന്തോ കഥിക്കുന്നതു നീയിടഞ്ഞാ-

ലെന്താണു തേങ്ങാക്കുലയാണെനിക്ക്.” - വെണ്മണി മഹൻ


“നിലയ്ക്കാത്ത മോഹം നിനച്ചങ്ങിടഞ്ഞാ-

ലുലക്കേടെ മൂടാണെനിക്കെന്തു ചേതം.” - വെണ്മണി മഹൻ


നേയാർത്ഥം -

“യോഗിമർ സതതം പൊത്തും

തുഞ്ചത്തെത്തള്ളയാരഹോ!

നാഴിയിൽ‌പാതിയാടീലാ

പലാകാശേന വാ നവാ.” -- നമ്പ്യാർ


“ഇതിൽ ‘മൂക്കറ്റത്തെ അമ്മാർ ഉരിയാടീല്ല. ബഹുമാനംകൊണ്ടോ അല്ലയോ?’ എന്നർത്ഥം ഊഹിച്ചെടുക്കേണ്ടതായിരിക്കുന്നു.


അശ്ലീലം -

പറിച്ചോരചലത്തിന്റെ

പാറച്ചുവടതിൽ പുരാ

നിറുത്തിഗ്ഗോപരെക്കാത്ത

നീരിത്താർനയനൻ തുണ. ------ സ്വ.


ഇതിൽ ഒന്നാം പാദം പദച്ഛേദം കൊണ്ട് വ്രീഡാജുഗുപ്സകളെ ഉളവാക്കുന്നു.


പദദോഷങ്ങളിൽ പലതും പദാംശത്തിലും സംഭവിക്കും. അവയ്ക്ക് ഉദാഹരണങ്ങൾ സ്വയം ഊഹിച്ചുകൊള്ളുക. ഗ്രന്ഥവിസ്താരഭയത്താൽ ഇവിടെ അവയെ ഉദാഹരിക്കുന്നില്ല.


അനതരം വാക്യത്തിനുമാത്രം വരുന്ന ദോഷങ്ങളെപ്പറയുന്നു:


ക്ലിഷ്ടം വിരുദ്ധബന്ധാഖ്യം

വിസന്ധിഹതവൃത്തവും

ഉക്തന്യൂനാധികപദം

സമാപത പുനരാത്തവും 122


പതത് പ്രകർഷം സങ്കീർണ്ണം

അഭവന്മതയോഗവും

ഗർഭിതാനുക്തവാച്യങ്ങൾ പ്രസിദ്ധിഹതവും പുനഃ 123

അവിമൃഷ്ടവിധേയാംശം

അസ്ഥാനസ്ഥപദം തഥാ

വിരുദ്ധബുദ്ധിപ്രദവും

ഭഗ്നപ്രക്രമമക്രമം 124


പത്തൊൻപതിവ ദോഷങ്ങൾ

വാക്യമാത്രത്തിനുള്ളവ 125


1. ക്ലിഷ്ടം


അർത്ഥപ്രതീതിയിൽ ക്ലേശമുള്ളത് ക്ലിഷ്ടം. ക്ലേശം വരുന്നത് ദുരാന്വയം കൊണ്ടാകുന്നു.


ഉദാഹരണം -

“സന്ധിക്കും ലക്ഷണാസംഗമതഴകൊടുതാൻ ചേർത്തു സാംബന്നുമൊന്നായ്

ബന്ധിക്കും ചെഞ്ചിടക്കൂടിനുമിളകുകിലും ഗംഗയാൽ ഭംഗിയാക്കി.

എന്തൊക്കെക്കാട്ടിയെന്നാലതു മുഴുവനുമേ വെണ്മയാം രേവതീശൻ

തൻ‌തത്കാലപ്പകിട്ടാലരുണിതകിരണം നിങ്ങളെക്കാത്തിടട്ടേ.” - ലക്ഷണാസംഗം.


2. വിരുദ്ധബന്ധം


വിവക്ഷിതമായ രസത്തിന് വിരുദ്ധമായ ബന്ധം ഉപ്യോഗിക്കുന്നിടത്ത് വിരുദ്ധബന്ധം.


ഉദാഹരണം -

“പ്രേമം പരം പ്രണയമീടുറ്റതായ് പരിചയാലുള്ള രാഗമിവചേ-

ർന്നാമഞ്ജുനേത്രയുടെ ജാത്യാമനോജ്ഞതപെടും ചേഷ്ടകൾക്കു ബത ഞാൻ

പാത്രീഭവിക്കണമനല്പാശയോടുമവയോർത്താലുമുൾത്തടമുടൻ

പേർത്തൊന്നിലും ചെറുതു ചേരാതെ സാന്ദ്രപരമാനന്ദസത്തിൽ മുഴുകും.” - മാലതീമാധവം.


ഇതിൽ ടവർഗം, ർത്ത, ത്ര മുതലായ പരുഷവർണങ്ങളുടെ ആധിക്യം പ്രകൃതമായ ശൃംഗാരരസത്തിന് പ്രതികൂലം.


വേറേ ഉദാഹരണം -

“ദുഃഖംകൊണ്ടോ ഭയാദ്വാ ദ്രുപദനൃപസുതൻ തന്നുടേ പാണി മൗലൗ

വെയ്ക്കും നേരം പിതാ മേ ഝടിതിയതു തടുത്തീലയെന്നുള്ളതാസ്താം

മൂർഖന്മാർമുമ്പനാം നിൻ‌തലയതിലിഹ ഞാനെന്നുടേ വാമപാദം

വെയ്ക്കുന്നേൻ ശക്തനെന്നാകിലതു ബലനിധേ! സാമ്പ്രതം നീ തടുത്തോ” - വേണീസംഹാരം.


അശ്വഥാമാവ് ദേഷ്യപ്പെട്ട് വിറച്ചുംകൊണ്ട് പറയുന്ന ഈ ശ്ലോകത്തിൽ പരുഷവർണങ്ങൾ കുറഞ്ഞുപോയത് രൗദ്രരസത്തിന് വിരുദ്ധം.


“ദുഃഖത്താലോ ഭയാദ്വാ ദ്രുപദനൃപസുതൻ ഹസ്തമാ മസ്തകത്തിൽ ചേർക്കും നേരത്തു താതൻ മമ ഝടിതി തടുത്തില്ലതെന്നുള്ളതാസ്താം മൂർഖന്മാർമുമ്പനാം നിൻ‌മുടിനടുവിലിടങ്കാലിതാ മുഷ്കൊടേ ഞാ- നിക്കാലം വെച്ചിടുന്നേനതു സപദി തടുത്തീടു നീ ശക്തനെങ്കിൽ.”

എന്നോ മറ്റോ ഭേദപ്പെടുത്തിയാലേ രൗദ്രത മതിയാകുന്നുള്ളു.

3. വിസന്ധി

വിരൂപമായ സന്ധിയുള്ളത് വിസന്ധി. വൈരൂപ്യം നാലു മാതിരിയിൽ വരാം. (1) സന്ധികാര്യം ചെയ്യാതിരിക്കുക. (2) കർണകഠോരമായ പദയോഗം (3) സന്ധിച്ചേർച്ചയാൽ അശ്ലീലാർത്ഥപ്രതീതി (4) സംസ്കൃതസന്ധികാര്യം അടുത്തുനിൽക്കുന്ന മലയാളപദത്തെ ബാധിക്ക.

ഉദാഹരണം -

(1) “ഉപകാരവിധൗ ത്വമസ്യ ശക്തൻ

അപി ജീവൻ പുനരെന്തിനിപ്രകാരം.” - വേണീസംഹാരം.

“എന്നേ അദ്ദേഹമാണീയിവനിതിവിധമാം പ്രത്യഭിജ്ഞാന്വിതം പോൽ.” - മാലതീമാധവം.


ഇവിടെ, വ്യാക്ഷേപകനിപാതമായ ‘എന്നേ’ അന്നത് അടുത്ത ‘അദ്ദേഹം’ എന്ന പദത്തോട് സന്ധിചേരാതെ നിൽക്കുന്നു.


(2) “ചന്തം ചേർന്നണയട്ടെ യാദൃതുവുമൊത്തുദ്യാനശോഭയ്ക്കിനി.” - ചൂഡാമണി.

ഇതിൽ “ആർ+ഋതു” എന്ന സന്ധി ദുശ്‌ശ്രവമായിരിക്കുന്നു.


(3) ‘മറഞ്ഞാനുമ്പരോടേവമോതീട്ടംഭോജസംഭവൻ.’ -സ്വ.

ഇതിൽ രണ്ടാംപാദത്തിന്റെ ആദ്യപദങ്ങളുടെ സന്ധിയിൽ അശ്ലീലപ്രതീതി.


(4) ‘പദാൽ പദമിളച്ചിടാതവനല്ല ഞാനോഥവാ.” - വേണീ.


ഇവിടെ ‘ഞാനോ’ എന്നതിൽ ഭാഷയിലെ വികല്പനിപാതമായ ഓംകാരത്തിന് അടുത്ത ‘അഥവാ’യിലെ അകാരത്തോട് പ്രശ്ലേഷസന്ധി ദുഷ്ടം.


“ഗുരോർഞാംശ്ചരണാവിങ്ങു വന്ദ എന്നെന്നുമേനഘൗ.” - സ്വ.

ഇത്യാദി പ്രയോഗിച്ചാൽ കർണകഠോരമായിരിക്കും എന്നതിന് എന്തു സന്ദേഹം?


4. ഹതവൃത്തം


വൃത്തവിഷയത്തിൽ ദോഷപ്പെട്ടത് ഹതവൃത്തം. ഇത് പലവിധത്തിലും വരും. ഉദാഹരണം -

“ജഗാദ മന്ദം ഗജരാജഗാമിനി

ഗതാമുകുന്ദസ്യ പദാരവിന്ദം

സ്വസോദരം പ്രാപ്തദരം ദരോദരീ

മോക്തും ശുചാ മേചകചാരുകുന്തളാ.” - രുക്മി - കഥ.


ഇവിടെ വംശസ്ഥയും ഇന്ദ്രവംശയും ചേർന്ന ഉപജാതിവൃത്തത്തിന് രണ്ടാം‌പാദത്തിൽ ഒരക്ഷരം കുറഞ്ഞുപോയതിനാൽ ഛന്ദോഭംഗം.


“ചാരത്തുള്ളോന്നതിൽ തന്നെയുമിഹ ശരിയായ് ദൃഷ്ടി തട്ടുന്നതില്ലേ

പാരം ശീലിച്ച കാര്യ/ത്തിലുമുടനുളവാ/കുന്നിതേറ്റം പ്രമാദം

പോരേതും ശീതമാം പൊ/യ്കയുമുഡുപതിയും താപശാന്തിക്കു ചിത്തം

ധൈര്യോപേതം ഭ്രമിക്കു/ന്നിതു ചിലതു വിചാ/രിക്കയും ചെയ്തിടുന്നു.”


ഇവിടെ സ്രഗ്ധരാവൃത്തത്തിന് 7, 14, 21 എന്ന് മൂന്നു യതികളായിട്ട് നാലുപാദത്തിലും കൂടി 12 യതിസ്ഥാനങ്ങളുള്ളതിൽ ചരിഞ്ഞ വരകൊണ്ട് കാണിച്ചിരിക്കുന്ന പ്രകാരം ആറുസ്ഥലങ്ങളിലും യതിഭംഗം വന്നിരിക്കുന്നു. ചില കവികൾ യതിഭംഗത്തെ ലേശം വകവയ്ക്കുന്നില്ല. എന്നാൽ ശാലിനി, മാലിനി, മന്ദാക്രാന്ത, ശിഖരിണി, പ്രഹർഷിണി മുതലായ യതിദാർഢ്യമുള്ള വൃത്തങ്ങളിൽ യതിഭംഗം ഒരു പ്രബലദോഷം തന്നെയാണെന്ന് അനുഭവസിദ്ധമാകുന്നു. പ്രകൃതി പ്രത്യയവിഭാഗം കൊണ്ടോ സന്ധിഛേദംകൊണ്ടോ ഏതുവിധത്തിലെങ്കിലും ഒരു വേർതിരിപ്പിന് മാർഗമുള്ളേടത്ത് യതിഭംഗദോഷം കല്പിക്കേണ്ടതില്ല. അതിനാൽ താഴെ കാണിക്കുന്ന പാദങ്ങളിൽ യതിഭംഗമില്ല.

‘മത്യാമോർക്കുന്നീല ഞാൻ വേട്ടതായി’ - ശാകുന്തളം

‘തെരുതെരെയുരചെയ്തീടുന്നിതാ ചാരുവാക്യം’ - സ്വ.

‘ആലോചിപ്പതിനുമിതെത്ര ര‌മ്യമത്രേ‘ -സ്വ.

പദ്യങ്ങൾ രണ്ടർദ്ധങ്ങളായിട്ട് പകുക്കപ്പെടുന്നതിനാൽ രണ്ടും മൂന്നും പാദങ്ങൾ തമ്മിൽ സന്ധിസമാസാദികൾ ചെയ്താലും വൃത്തദോഷം.

ഉദാഹരണം-

“കൂർപ്പുകൂടുമൊരു ബുദ്ധികൊണ്ടു ക-

ണ്ടീപ്രവൃത്തി പിഴയെന്നുവെച്ചതിൻ

തീർപ്പുചെയ്തു കൃപവെച്ചെനിക്കു നീ

മാപ്പു തന്നതിനു കൈതൊഴുന്നു ഞാൻ.” - ലക്ഷണാസംഗം.


ഇവിടെ ‘അതിൻ‌തീർപ്പ്’ എന്നു സമാസം.

പാദാന്തലഘുവിന് വികല്പേന ഗുരുത്വം വിധിച്ചിട്ടുണ്ടെങ്കിലും അതിനെ ഇന്ദ്രവജ്ര, വസന്തതിലകം മുതലായി അപൂർവം ചില വൃത്തങ്ങളിലേ കവികൾ ഉപയോഗിക്കാറുള്ളു. അതിനാൽ മറ്റു വൃത്തങ്ങളിൽ പാദാന്തലഘുവിനെ ഗുരുവാക്കിക്കല്പിക്കുന്നത് ഹതവൃത്തദോഷമായിത്തീരും.


ഉദാഹരണം -

“ദ്വിജചപലതമൂലമിന്നെനിക്കു

സഖിതനിനച്ചൊരു ചോദ്യമുണ്ടുചെയ്‌വാൻ.” -- കുമാരസംഭവം.


ഇന്ദ്രവജ്രാവസന്തതിലകങ്ങളിലായാലാകട്ടെ ഇത് ദോഷമല്ല.

എങ്ങനെ -

“പതിവ്രതാവൃത്തിയിൽ നിഷ്ഠമൂല-

മസാദ്ധ്യയാമേതൊരു സുന്ദരാംഗി” - കുമാരസംഭവം.


ചില്ലുകളെ ആധ്മാനം ചെയ്ത് ഗുരുവാക്കുന്നതും ഹതവൃത്തദോഷം തന്നെ.

ഉദാഹരണം -

“ഒന്നായ്ഗ്രാഹ്യയിവൾ പരിഗ്രഹഗണേ” - ശാകുന്തളം

കേവലം വൃത്തത്തിന്റെ ആവശ്യത്തിനു മാത്രം വേണ്ടി ചില നിപാതങ്ങളുടേയും പ്രത്യയങ്ങളുടേയും സ്വരങ്ങളെ കുറുക്കുകയും നീട്ടുകയും ചെയ്യുന്നതും സഹൃദയർക്ക് കർണോദ്വേജകമാകയാൽ ഹതവൃത്തമെന്നുതന്നെ ഗണിക്കപ്പെടേണ്ടതാകുന്നു.

എങ്ങനെ

“പാരിന്നധീശ! തവ നന്ദനനല്ലെ രാമൻ.” - ഉത്തരരാമചരിതം.

“...പാരിതു ഭരിക്കുന്നില്ലെ വിക്റ്റോറിയാ.” - സുഭാ.

“...ഇവളുടേ രൂപമനഘം.” -ശാകുന്തളം

5. ഉക്തപദം

ഇത് ഒരേ പാദത്തെ ഒരേ അർത്ഥത്തിൽത്തന്നെ ഒരു പദ്യത്തിൽ ഒന്നിലധികം പ്രാവശ്യം പ്രയോഗിക്കുകയാകുന്നു. കവിക്കുള്ള ശബ്ദദാരിദ്ര്യം വെളിപ്പെടുന്നത് ദൂഷകതാബീജം.

ഉദാഹരണം -

“കല്യൻ ബ്രാഹ്മണനാകുമക്കവിയെ വാഗ്‌ദേവി സ്വയം വശ്യയാം

മല്ലാക്ഷീമണിയെന്നവണമനുവർത്തിച്ചീടിനാളദാരാൽ

ചൊല്ലേറും രസമോടുമക്കവിവരൻ നിർമ്മിച്ചതാം നാടകം.” - ഉത്തരരാമചരിതം.


ഇതിൽ കവിശബ്ദം ഒരേ ശബ്ദത്തിൽ രണ്ടെടത്താവർത്തിക്കപ്പെട്ടിരിക്കുന്നു.


“ധനരഹിതനവൻ ധനത്തിനെല്ലാം

പ്രഭവമധീശനവൻ ശ്മശാനവാസി.” - കുമാരസംഭവം.

ഇത്യാദിപോലെ ഉദ്ദേശ്യപ്രതിനിർദ്ദേശ്യഭാവമുള്ളിടത്ത് ഈ ആവൃത്തി പ്രത്യുത ഗുണമായിത്തീരും.


6. ന്യൂനപദം


ആവശ്യപ്പെടുന്ന പദങ്ങളെ പ്രയോഗിക്കാതിരിക്കുന്നത് ന്യൂനപദം.

ഉദാഹരണം -

“പഠിപ്പുകാട്ടും ചിലർ കേൾ ചിലർക്കു

മിടുക്കതന്യന്നു മനസ്സിലാക്കാൻ

പടുത്വമീരണ്ടിനുമുള്ള വിദ്വാൻ

നടക്കണം ശിക്ഷകവര്യനായി” - മാളവികാഗ്നിമിത്രം.


ഇവിടെ രണ്ടെന്നു പറഞ്ഞത് തനിക്ക് പഠിപ്പുണ്ടായിരിക്കെ, അന്യനെ പഠിപ്പിക്കാൻ മിടുക്കുണ്ടായിരിക്ക ഇതുകളാകുന്നു. ഒന്നാം പാദത്തിൽ, അതുകൊണ്ട്, തനിക്ക് എന്നുകൂടി ചേർക്കേണ്ടിയിരിക്കുന്നു.


7. അധികപദം


ആവശ്യമില്ലാത്ത പദത്തെ പ്രയോഗിക്കുക അധികപദം


ഉദാഹരണം-

“വെള്ളരിക്കുന്നിന്മെൽ മാനക്കൊടുമുടി പൊടിയായ് പോയൊരാളർജ്ജുനൻ താൻ

തള്ളിക്കാരാഗൃഹത്തിൽ ബഹുദിവസമടച്ചിട്ടവൻ ബാലി പിന്നെ

വള്ളിയ്ക്കൊക്കുന്ന വാലാൽ കരനിര മുറുകെക്കെട്ടിയോൻ നീ ത്രിലോകി-

യ്ക്കുള്ളോരദ്ധൂമകേതുപ്രതിമനറിയുമേ നിന്നെ ഞാനാശരേശ!“ - ചൂഡാമണി.


ഇവിടെ നാലാം‌പാദത്തിൽ ‘ഉള്ളോരു’ എന്നത് അധികം. ത്രിലോകിക്ക് ധൂമകേതുപ്രതിമൻ എന്നേ ആവശ്യമുള്ളു. ത്രിലോകിക്ക് പ്രസിദ്ധനായ ഒരു ധൂമകേതു ഇല്ലാത്തതിനാൽ ‘ഉള്ളോരു’ എന്ന് സിദ്ധമാക്കിപ്പറയുന്നതെങ്ങനെ?


8. സമാപ്തപുനരാത്തം


സമാപ്തമായ വാക്യത്തിൽ പിന്നീട് ഏച്ചുകെട്ടിച്ചേർക്കുന്നത് സമാപ്തപുനരാത്തം. ഉത്ഥാപ്യാകാംക്ഷതന്നെ വൈരസ്യഹേതു.


ഉദാഹരണം -


“സ്നാനം ചെയ്തുവരുന്ന വൻ‌കുതിരയും സന്നിന്ദയോടക്ഷര-

ജ്ഞാനം ചേർന്നൊരു ശൂദ്രനും പടുമദം പാടുള്ള നല്ലാനയും

ഗാനം ചേർന്നൊരു പട്ടരും പരമടുത്താലുണ്ടനർത്ഥം സുരാ-

പാനം ചെയ്തവനും സ്മരാർത്തി കരളിൽ കാളുന്നൊരക്കാളയും” - കാമതിലകഭാണം.


ഇതിൽ നാലാം‌പാദം ഏച്ചുകെട്ടിയതുപോലെ തോന്നുന്നു. ദീപാലങ്കാരത്തിന് ഉദാഹരണമായ ഈ ശ്ലോകത്തിൽ അപ്രകൃതനായ കുടിയനെ വിട്ടേച്ച് പ്രകൃതമായ കാളയെ മാത്രം ക്രിയാപദത്തിന്റെ പിൻഭാഗത്തു വെച്ചിരുന്നെങ്കിൽ ഈ ദോഷം പ്രത്യുത ഗുണമാകുമായിരുന്നു. ദീപകത്തിൽ സമാനധർമമായ ക്രിയ അനേകം അപ്രകൃതകർത്താക്കളോട് അന്വയിക്കുന്നതിനാൽ വാക്യപൂർത്തി വന്നാലും പ്രകൃതശ്രവണംവരേയും ശ്രോതാവിന് ആകാംക്ഷ ശമിക്കുന്നതല്ല.


വേറെ ഉദാഹരണം -


മല്ലന്മാർക്കിടിവാൾ ജനത്തിനരചൻ മീനാങ്കണേണാക്ഷിമാ-

ർക്കില്ലത്തിൽ സഖി വല്ലവർക്കരി ഖലർക്കന്നന്ദനോ നന്ദനൻ

മൂലം വൃഷ്ണികുലത്തിനെന്നു കരുതീ മാലോകരക്കണ്ണനെ-

ക്കാലൻ കംസനു ദേഹികൾക്കിഹ വിരാൾ ജ്ഞാനിക്കു തത്ത്വം പരം. - സ്വ.


9. പതത്പ്രകർഷം


ഇത് ഓജസ്സാലുള്ള ഔജ്ജ്വല്യത്തിന് ക്രമേണ അവരോഹമാകുന്നു.

ഉദാഹരണം -


പൃഥീഭൃത്തുകൾ മസ്തകത്തടമതിൽ ചീർത്തോരു പാദങ്ങളെ-

ച്ചേർത്തിട്ടാർത്തികൾ നീക്കി മൈത്രി കരുതും നൽത്താമരത്താരിന്

ഊനംവിട്ടു മുറയ്ക്കുയർന്നു മുതിരും ഘോരപ്രതാപത്തോടേ

വാനിന്മദ്ധ്യമണഞ്ഞിടുന്നു ഭഗവാനംഭോജിനീവല്ലഭൻ! - സ്വ.


ഇതിൽ എടുപ്പിലുള്ള ഔജ്ജ്വല്യം ക്രമേണ ക്ഷയിക്കുന്നുവെന്നു സ്പഷ്ടം..

10. സങ്കീർണം

ഒരു വാക്യത്തിലേപ്പദങ്ങളിൽ മറ്റൊരു വാക്യത്തിലേപ്പദം കലർന്നിരിക്ക.


ഉദാഹരണം -

“പാർത്ഥൻ ഗൗരീ ദേവം പരിചിനൊടു തപസ്തപ്തുമേവം തമീശം

ഗത്വാതീർത്ഥാനി തീർത്ത്വാവനനഗരനഗാൻ ദേവസദ്മാന്യനേകാൻ

നത്വാ പിന്നിട്ടുചെന്നൂ രജതഗിരിവരോപാന്തഗംഗാതടാന്തേ

ശുദ്ധാത്മാ ചിന്ത ചെയ്തങ്ങൊരു പദമവനിലൂന്നീ നിന്നാദിനാഥം.” - കിരാതം.


ഇവിടെ (1) അനേകാൻ വനനഗരനഗാൻ തീർത്ത്വാ(2) ദേവസദ്മാനിനത്വാ എന്നന്വയിക്കേണ്ടിയിരിക്കുന്നതിനാൽ ‘ദേവ സദ്മാനി’ എന്ന രണ്ടാം വാക്യത്തിലെ പദം ഒന്നാം വാക്യത്തിൽ ഉൾപ്പെട്ടിരിക്കുന്നു. ‘ഗൗരീശദേവം തപസ്തപ്തും’ എന്നിടത്ത് മറ്റൊരു മാതിരി സങ്കീർണദോഷമുണ്ട്. ഇതിലെ പദങ്ങളെല്ലാം സംസ്കൃതങ്ങളായിരിക്കേ ആ ഭാഷയിൽ ഇവയ്ക്ക് അന്വയമില്ല. തപസ്സുചെയ്ക എന്ന സമസ്തക്രിയ ഭാഷയിലേ ഉള്ളു. അതിനാൽ ഓരോ പദത്തേയും ഭാഷയിൽ തർജമചെയ്തതിൽ‌പ്പിന്നീടേ വാക്യത്തിന് അർത്ഥബോധം ഉണ്ടാകുകയുള്ളു. അതുകൊണ്ട് ഇത് ഭാഷാസങ്കീർണം.


11. അഭവന്മതയോഗം

അഭിമതമായ സംബന്ധം സംഭവിക്കാത്തത്. കവി വിവക്ഷിച്ചിരിക്കുന്ന അന്വയം ഘടിക്കാത്തിടത്ത് ഈ ദോഷമെന്നർത്ഥം. ഇത് പലവിധത്തിലും കാണും. ഏതാനും ഉദാഹരണങ്ങൾ -

“അന്നച്ഛനുണ്ടധികമോദമൊടാദരിപ്പാ-

നെന്നല്ല നാം പുതിയ പത്നികളോടുകൂടി.” - ഉത്തരരാമചരിതം.


ഇവിടെ ‘പത്നികളോടുകൂടിയ കാലം പുതിയതായിരുന്നു’ എന്നാണ് കവിക്ക് വിവക്ഷിതം; യഥാസ്ഥിതത്തിൽ ‘പത്നികൾ പുതിയവർ’ എന്നേ വരുന്നുള്ളു; അപ്പോൾ ചില പഴയ പത്നികൾ ഇരുന്നിരിക്കാമെന്നു വരുന്നു.

“നന്ദനസമാനമാമുദ്യാനഭംഗം ചെയ്താൻ.” - കേ. രാമാ.

ഇവിടെ നന്ദനസമാനമെന്ന വിശേഷണം ഉദ്യാനഭംഗത്തിനല്ല ഉദ്യാനത്തിനാകുന്നു വിവക്ഷിതം. എന്നാൽ, ‘സമസ്തപദത്തിൽ വിശേഷണം ചേരാ’ എന്ന വ്യാകരണസൂത്രത്താൽ ആ അന്വയം യോജിക്കുന്നില്ല.

“ഗുണയുതനഖമാർന്നിത്തന്വിതൻ പല്ലവശ്രീ-

യണിയുമടികൾ കൊള്ളാം രണ്ടുപേരെച്ചവിട്ടാൻ

അണിമലരണവാൻ പൂക്കാത്തശോകത്തെയും നല്-

പ്രണയകലഹകാലേ കാൽതൊഴും കാന്തനേയും.” - മാളവികാഗ്നിമിത്രം.


ഇവിടെ തന്വിയുടെ അടികൾ രണ്ടുപേരെ രണ്ടവസരത്തിൽ ചവിട്ടാൻകൊള്ളാം: 1. അശോകം പൂക്കാതിരുന്നാൽ അതിനെ പൂപ്പിക്കുന്നതിന്; 2. കാന്തൻ അപരാധം ചെയ്താൽ അവനെ ശിക്ഷിക്കുന്നതിന്, എന്നുള്ള വിവക്ഷിതാർത്ഥം ‘അശോകത്തേ’ യും ‘കാന്തനേയും’ എന്ന കർമവിഭക്തി, അവയോടു ചേർന്ന് ‘ ഉം’ എന്ന സമുച്ചയനിപാതം ഇതുകളുടെ അന്വയവൈഷമ്യത്താൽ ഘടിക്കുന്നില്ല.


12. ഗർഭിതം

ഒരു വാക്യത്തിന്റെ ഗർഭത്തിൽ മറ്റൊരു വാക്യത്തെ തള്ളിക്കേറ്റുന്നത്.

ഉദാഹരണം -

കല്യാണി! കാലാന്തകവല്ലഭേ! കേൾ

ചൊല്ലാർന്ന നൽ‌പല്ലവതുല്യശോഭം

(കില്ലില്ല തെല്ലും) തവ പാദപദ്മ-

മല്ലാതെനിക്കില്ലവലംബമൊന്നും. - സ്വ.


ഇതിൽ വലയാങ്കിതമായ വാക്യം ഗർഭിതം. ധാരാവാഹിയായ അർത്ഥത്തിന് മദ്ധ്യേ വിച്ഛേദം വരുന്നതാണ് ഇവിടെ ദോഷബീജം. സമർത്ഥന്മാരായ വൈദ്യന്മാർ ചിലപ്പോൾ വിഷത്തെ ഔഷധമാക്കും‌പോലെ സാരവേദികളായ കവികൾ ഈ ദോഷത്തെ ഗുണമാക്കിച്ചമയ്ക്കാറുണ്ട്. പാഞ്ഞൊഴുകുന്ന ആകാംക്ഷ ഇടയ്ക്ക് സ്വല്പം ഒന്നു തടഞ്ഞ് അങ്ങോട്ടോ ഇങ്ങോട്ടോ എന്ന് ക്ഷണം സംശയിച്ചിട്ട് സൗകര്യമുള്ള വശത്തേക്കു ചരിഞ്ഞ് ദ്വിഗുണമായ വേഗത്തോടെ പ്രസരിക്കുന്നത് നിരർഗളപ്രവാഹത്തെക്കാൾ സരസതരമായിട്ട് തോന്നും. എങ്ങനെ -


രാവിപ്പോൾ ക്ഷണമങ്ങൊടുങ്ങിടുമുഷസ്സെങ്ങും പ്രകാശിച്ചിടും

ദേവൻ സൂര്യനുദിക്കുമിക്കമലവും കാലേ വിടർന്നിടുമേ

ഏവം മൊട്ടിനകത്തിരുന്നരുളി മനോരാജ്യം തുടർന്നീടവേ

ദൈവത്തിൻ‌മനമാരുകണ്ടു? പിഴുതാൻ ദന്തീന്ദ്രനപ്പദ്മിനീം. -സ്വ.


13. അനുക്തവാച്യം

അവശ്യം പറയേണ്ടുന്ന അംശത്തെ പറയാതിരിക്ക.

ഉദാഹരണം -

“ഈ ഞങ്ങളാണർത്ഥികൾ കാര്യമോർത്താ-

ലിപ്പാരു മൂന്നിനുമനർത്ഥശാന്തി

തെല്ലല്ലലില്ലാത്തൊരു വേല വില്ലാൽ

ചെയ്യേണ്ടതും നിൻ‌വിരുതെത്ര നന്ന്.” - കുമാരസംഭവം.

ഇതിൽ മൂന്നാം‌പാദത്തിൽ ‘തെല്ലുപോലും അല്ലലില്ലാത്ത’ എന്നു പറയേണ്ടതായിരുന്നു. വാചകങ്ങളായ നാമാദിപദങ്ങളുടെ ന്യ്യുനതയിൽ ‘ന്യൂനപദം’, ദ്യോതകങ്ങളായ നിപാതാവ്യയപദങ്ങളുടെ അപ്രയോഗത്തിൽ ‘അനുക്തവാച്യം’ എന്ന് രണ്ടിനും വിഷയവിഭാഗം.


14. പ്രസിദ്ധിഹതം

പ്രസിദ്ധിക്ക് വിരുദ്ധമായത് പ്രസിദ്ധിഹതം. ആന അമറുക; കോഴി കൂവുക; പട്ടി കുരയ്ക്കുക ഇത്യാദിയായ ശബ്ദങ്ങൾക്കും മറ്റും സർവസമ്മതമായുള്ള വ്യവസ്ഥയെ ലംഘിക്കുന്നിടത്ത് ഇദ്ദോഷമെന്നു താത്പര്യം.

ഉദാഹരണം -

“പൊന്തുന്നൂ പൊത്തിൽ വാഴും കരടികൾ...” - ഉത്തരരാമചരിതം.


ഇവിടെ ‘പൊത്ത്’ എന്ന ശബ്ദം രന്ധ്രവാചകമായാലും വൃക്ഷകോടരത്തെ അല്ലാതെ ഗുഹയെ കുറിക്കുന്നതല്ല. കരടികൾ വാഴുന്നത് ഗുഹകളിലുമാകുന്നു. പ്രസിദ്ധി വാസ്തവത്തിനു വിരുദ്ധമായിരുന്നാലുംകൂടി ബലവത്തരയാകുന്നു. അതിനാൽ -

മൂക്കുകൊണ്ടു ജലം കോരുന്നൂ‍ക്കനാമിക്കരീശ്വരൻ - സ്വ.

എന്ന് പ്രയോഗിച്ചാലും പ്രസിദ്ധിഹതം തന്നെ.


15. അസ്ഥാനസ്ഥപദം

പാദങ്ങളെ വേണ്ട സ്ഥാ‍നത്തിൽനിന്ന് തെറ്റി പ്രയോഗിക്കുക.

ഉദാഹരണം-

“പക്ഷിശ്രേഷ്ഠൻ ജടായുസ്സിതിനുടെ വലുതായുള്ള ശൃംഗത്തിൽ വാണാൻ

ഇക്ഷോണീധ്രച്ചുവട്ടിൽ സുഖമൊടുമുടജേ ഞങ്ങളും വാണു മുന്നം.” - ഉത്തരരാമചരിതം.


ഇവിടെ ‘ഇതിനുടെ’ എന്ന സർവനാമം മുമ്പിലും അത് പരാമർശിക്കുന്ന ‘ക്ഷോണീധ്ര’ മെന്ന നാമം പിമ്പിലും പ്രയോഗിച്ചിരിക്കുന്നു.


16. അവിമൃഷ്ടവിധേയാംശം


വിധിക്കേണ്ടതായ ഭാഗത്തെ പ്രധാനമായി നിർദേശിക്കാതിരിക്കുക. വിധിയെ പ്രത്യേകിച്ചെടുത്തു പറയാതെ അനുവാദ്യകോടിയിൽ ചേർക്കുന്നിടത്ത് ഈ ദോഷമെന്നർത്ഥം.

ഉദാഹരണം -

“സ്ഥൂലനിതംബം ക്ഷീണത

കോലും മധ്യം കനത്ത കുചയുഗളം

നീളം പെരുകും മിഴിയിവ-

കളെഴുമെൻ ജീവനുണ്ടിത വരുന്നു!‌“ - മാളവികാഗ്നിമിത്രം.


ഇതിൽ സ്ഥൂലമായ നിതംബം എന്നു വേർതിരിച്ച് പ്രയോഗിക്കേണ്ടിയിരിക്കുന്നു. സമാസത്തിൽ, വിധിക്കേണ്ടതായ സ്ഥൂലത്വത്തിന് പ്രാധാന്യമില്ലാതെപോയി.


വേറേ ഉദാഹരണം -

“പ്രഥമവിധികുലത്തിലാണു ജന്മം

ത്രിഭുവനസുന്ദരമാം ശരീരമോർത്താൽ

വിഭവസുഖസമൃദ്ധിയീ വയസ്സും

നവമിനിയെന്തു തപസ്സുകൊണ്ടു വേണ്ടൂ.” - കുമാരസംഭവം.

ഇവിടെ ‘വിഭവസുഖത്തിന് സ‌മൃദ്ധിയുണ്ട്’ എന്നോ ‘വിഭവസുഖം സ‌മൃദ്ധമാണ്’ എന്നോ പറഞ്ഞാലേ സ‌മൃദ്ധിക്ക് പ്രാധാന്യേന വിധേയത്വം സിദ്ധിക്കയുള്ളു. ‘വിഭവസുഖമനല്പമീ വയസ്സും നവം’ എന്നു പാഠം മാറ്റുമ്പോൾ ദോഷം നീങ്ങുന്നു.


17. വിരുദ്ധബുദ്ധിപ്രദം


വായിക്കുന്നവന് പ്രഥമദൃഷ്ടിയിൽ കവി വിവക്ഷിക്കാത്തതായ ദുരർത്ഥത്തെ ഉളവാക്കുന്നത്. ഇതിന് ദുഷ്പ്രതീതി എന്നും പേർ പറയും.

ഉദാഹരണം -

“കോദണ്ഡഹസ്തനഭിമാനി സുയോധനാഗ്രേ

രാധേയശല്യകുരുബന്ധുസമക്ഷമിപ്പോൾ

കൃഷ്ണാദുകുലഹരഹൃത്തടമധ്യതോ ഞാ-

നുഷ്ണം കുടിച്ചു രുധിരം നഖരൈർവിഭിന്ദൻ.” - വേണീസംഹാരം


ഇവിടെ ‘കോദണ്ഡഹസ്തൻ’, ‘അഭിമാനി’ ഇതു രണ്ടും സുയോധനന് വിശേഷണമായിട്ടാണ് കവി വിചാരിച്ചിരിക്കുന്നത്. എന്നാൽ ‘സുയോധനാഗ്രേ’ എന്നു സമാസിപ്പിച്ചതിനാൽ അവയ്ക്ക് സുയോധനനിൽ അന്വയം തോന്നുകയില്ല. ദൂരത്തിരിക്കുന്ന ‘ഞാൻ’ എന്നതിനോട് ചേരുന്നതായിട്ടാണ് പ്രതീതി.

വേറേ ഉദാഹരണം-

“ഒട്ടേറെഗ്‌ഘോരമാകും ഘടഘടരവമോടഗ്രഭാഗങ്ങൾ ചുറ്റി-

ക്കെട്ടീട്ടാടുന്ന ഞാണാൽ നടുവുടനെവളഞ്ഞീടുമിച്ചാപദണ്ഡം

ഒട്ടുക്കൊന്നായ് ഗ്രസിപ്പാനലറി രസനയെദ്ദംഷ്ട്ര മുട്ടുന്ന മട്ടിൽ

പെട്ട്ന്നാട്ടിപ്പിളർക്കും വികടയമമുഖത്തോടു നേരായിടട്ടെ.” - ഉത്തരരാമചരിതം


ഇവിടെ ‘ചാപദണ്ഡം ഒട്ടുക്കൊന്നായ് ഗ്രസിക്കും’ എന്നേ അർത്ഥം തോന്നുകയുള്ളു. കവിയുടെ വിവക്ഷയാകട്ടെ ‘ചാപദണ്ഡം (കർത്താവ്) ഒട്ടുക്ക് (=പ്രപചം മുഴുവനും) ഗ്രസിപ്പാനായ് വാ പിളർക്കുന്ന യമന്റെ മുഖത്തോട് തുല്യമായിത്തീരട്ടെ!‌“ എന്നാകുന്നു.


വേറേവിധത്തിൽ വരുന്നതിന് ഉദാഹരണം -

അകാര്യബന്ധു ഭക്തന്മാർക്കേകനദ്വയനവ്യയൻ

ഭവാനീപതിയായീടും ഭഗവാനെബ്ഭജിക്കുവിൻ! - സ്വ.


ഇതിൽ അകാര്യബന്ധു കാര്യമുദ്ദേശിക്കാതെ ബന്ധുവായവൻ എന്നാണർത്ഥം എങ്കിലും അകാര്യത്തിൽ ബന്ധു എന്ന ദുഷ്പ്രതീതി ദുഷ്പരിഹരയായിരിക്കുന്നു. ഭവാനീപതി എന്നതും ദുഷ്ടമാകുന്നു. ഭവന്റെ ഭാര്യ ഭവാനീ; ഭവാനിയുടെ പതി എന്നു ചേർക്കുമ്പോൾ ദുരർത്ഥം തോന്നുന്നു.


18. ഭഗ്നപ്രക്രമം

തുല്യരൂപങ്ങളായ വസ്തുക്കളെക്കുറിച്ച് പ്രസ്താവിക്കുമ്പോൾ ആരംഭിച്ച വാക്യരീതിയെ ഇടയ്ക്ക് വിടുകയോ ആദ്യം എടുത്ത പദത്തിനു പകരം പിന്നീട് പര്യായം ഉപയോഗിക്കുകയോ ചെയ്യുന്നിടത്ത് ഈ ദോഷം. ഏകരൂപമായി പ്രസരിക്കുന്ന പ്രതീതിക്ക് മദ്ധ്യേ ഭംഗം മനസ്സു മടുപ്പിക്കുന്നു. ഇതാണ് ഇവിടെ ദോഷബീജം. ഇത് പലവിധമായി വരും.


ഉദാഹരണം -

“കാട്ടിൽ കൂട്ടുവിളിപ്പതാം...” നിദർശനോദാഹരണം.


ഇതിൽ വിളിപ്പതാം, കാണിപ്പതാം, കർഷിപ്പതാം ഇത്യാദി ഭാവിരൂപങ്ങളുടെ മദ്ധ്യേ തലോടുന്നതാം, നട്ടീടുന്നതാം എന്ന് രണ്ടെണ്ണം‌മാത്രം വർത്തമാനരൂപങ്ങളാക്കിയതിൽ പ്രക്രമഭംഗം. നട്ടീടുന്നതാം എന്ന് ഇടയ്ക്കൊരു ദിക്കിൽ മാത്രം ‘ഉം’ എന്ന സമുച്ചയം ചേർത്തതിൽ വേറേയും ഒരു പ്രക്രമഭംഗമുണ്ട്.


“വദനം പ്രസാദസദനം സദയം ഹൃദയം സുധാസമം വാക്യം

കരണം പരോപകരണം പറയുന്നിവ പുരുഷന്റെ പാരമ്യം.” - സുഭാ. രത്നാ.


ഇതിൽ വിശേഷണവിശേഷ്യങ്ങൾക്ക് ക്രമത്തെറ്റ്.


“കർണ്ണൻ ത്വക്കും മാംസം ശിബിയും ജീമൂതവാഹനൻ പണ്ട്

ജീവനെ, -യസ്ഥി ദധീചിയു-

മേകി; മഹാത്മാക്കളെന്തു നൽകില്ല.” - സുഭാ. രത്ന.


ഇതിൽ കർത്തൃകർമ്മങ്ങളേയും ‘ഉം’ എന്ന സമുച്ചയത്തേയും ക്രമം കൂടാതെ പ്രയോഗിച്ചിരിക്കുന്നു. ‘ഏകി’ എന്നതിന് എതിരായി ‘നൽകില്ല’ എന്ന പര്യായപ്രയോഗത്തിൽ മറ്റൊരുവിധം പ്രക്രമഭംഗം.

“കുട്ടിക്കു ബാല്യമതിൽ വേണ്ട വിവേകമേകി-

പ്പുഷ്ടിപ്പെടുത്തുവതിനും ദയിതന്റെ കാര്യം

ഇഷ്ടാനുസാരമഖിലം നിറവേറ്റുവാനും

മട്ടാർന്നവാണികളിൽ വിദ്യ വിശേഷഹേതു.” - സുഭാ. രത്ന.


ഇവിടെ ‘പുഷ്ടിപ്പെടുത്തുവതിനും’ എന്ന് ആദ്യം താദർത്ഥ്യം കുറിപ്പാൻ ചതുർത്ഥി പ്രയോഗിച്ചിട്ട് പിന്നീട് ‘നിറവേറ്റുവാനും’ എന്ന് പിൻ‌വിനയെച്ചം ഉപയോഗിച്ചത് ശരിയായില്ല.


“താപം തീരെശ്ശമിച്ചു തരണി ജലധിയിൽ ചെന്നു താനേ പതിച്ചൂ

ദീപം പാരം ജ്വലിച്ചു ദിശിദിശി ശശിബിംബം പ്രകാശിച്ചുദിച്ചൂ

ചാപല്യത്തിന്നുറച്ചൂ ചടുലനയനമാർ ഭാഷണൗഘം ധരിച്ചൂ

ശ്രീപദ്മത്തെ ത്യജിച്ചൂ ചിതമൊടു സമയം സായമേവം ഭവിച്ചൂ.” - ഭഗവദ്‌ദൂത്.

ഇതിൽ മൂന്നാം‌പാദത്തിൽ മാത്രം രീതി മാറിപ്പോയി. പ്രക്രമബലത്താൽ ഭാഷണൗഘം (കർത്താവ്) എന്തിനെയോ ധരിച്ചു എന്നർത്ഥം തോന്നിപ്പോകുന്നു.

“നിൻ നേത്രത്തിനു തുല്യമാം കുവലയം” - പ്രതീപോദാഹരണം

ഇതിൽ കർത്തരിപ്രയോഗങ്ങളുടെ മദ്ധ്യേ രണ്ടാം‌പാദത്തിൽ മാത്രം കർമണിപ്രയോഗം. ഇതുപോലെ വേറേയും പ്രകാരഭേദങ്ങൾ ഊഹിച്ചുകൊൾക.


19. അക്രമം


നിപാതങ്ങൾ അടുത്തിരിക്കുന്ന പദത്തിലേ അന്വയിക്കൂ. അവയെ ക്രമം‌മാറ്റി പ്രയോഗിക്കുന്നിടത്ത് ഈ ദോഷം.

ഉദാഹരണം -

“ഇന്നിസ്വൈരമയേ! കളിക്കുക ചിരിച്ചെന്നോതുമാളീജനം

തന്നെക്കണ്മുനകൊണ്ടടിക്കുമഗജാ പാലിക്കണം നിങ്ങളെ.”


ഇവിടെ ‘എന്ന്’ എന്ന നിപാതം ‘ചിരിച്ച്’ എന്നതിനു മുൻപിൽ പ്രയോഗിക്കേണ്ടതായിരുന്നു. ‘എന്നു ചിരിച്ചോതി’ എന്നാണ് വിവക്ഷിതാർത്ഥം.

വേറേ ഉദാഹരണം -

“ശുശ്രൂഷചെയ്‌വാനുമ കാത്തുനിൽക്കു-

ന്നെന്നാശു കൂപ്പീട്ടറിയിച്ചു നന്ദി

ഭ്രൂക്ഷേപമാകുന്നൊരനുജ്ഞ വാങ്ങി

പ്രവേശവും നൽകിയിവൾക്കു വേഗാൽ.” - കുമാരസംഭവം.


ഇവിടെ ‘പ്രവേശം നൽകയും ചെയ്തു’ എന്ന് ക്രിയകൾക്കാണ് സമുച്ചയം വിവക്ഷിതം.


അനന്തരം അർത്ഥദോഷങ്ങളെ പരിഗണിക്കുന്നു -

അപുഷ്ടം വ്യാഹതം മിശ്രം

സാകാങ്‌ക്ഷമനവീകൃതം

പുനരുക്തം വിശേഷാദി-

പുരിവൃത്തവുമിങ്ങനെ. 126

മുൻ‌ചൊന്നൊരശ്ലീലാദിക്കു

പുറമേ വാക്യദോഷമാം 127

അപുഷ്ടം മുതലായ ഏഴെണ്ണം അർത്ഥത്തിനുമാത്രം സംഭവിക്കുന്ന ദോഷങ്ങൾ. വിശേഷാദിപരിവൃത്തം എന്നിടത്ത് ആദിശബ്ദത്താൽ സാമാന്യം, നിയമം, അനിയമം ഇവയെ ഗ്രഹിക്കേണ്ടതാകുന്നു. അതിനാൽ വിശേഷപരിവൃത്തം, സാമാന്യപരിവൃത്തം, നിയമപരിവൃത്തം, അനിയമപരിവൃത്തം എന്നു പരിവൃത്തങ്ങൾ നാല്. ഇങ്ങനെ ആകെ അർത്ഥദോഷങ്ങൾ പത്ത്. ഇവകൂടാതെ മുമ്പു പദവാക്യങ്ങൾക്കു പറഞ്ഞിട്ടുള്ള ദോഷങ്ങളിൽ അശ്ലീലാദി പലതും അർത്ഥത്തിനും സംഭവിക്കുന്നതിനാൽ അവയേയും കൂടി ചേർത്തുകൊള്ളണമെന്നർത്ഥം. അശ്ലീലാദിയാവിത് - അശ്ലീലം, ക്ലിഷ്ടം, അക്രമം, ഗ്രാമ്യം, സന്ദിഗ്ധം, പ്രസിദ്ധിഹതം, അപദസ്ഥപദം (അല്ലെങ്കിൽ അപദയുക്തം), വിരുദ്ധമതികാരി (അല്ലെങ്കിൽ പ്രകാശിതവിരുദ്ധം), അവിമൃഷ്ടവിധേയം (അല്ലെങ്കിൽ വിധ്യയുക്തം; ഇതിൽ അനുവാദയുക്തം കൂടിച്ചേർക്കാം), സമാപ്തപുനരാത്തം ഇവയാകുന്നു. പദത്തിൽമാത്രം സ്പർശിക്കുന്നത് പദദോഷം; വാക്യത്തെ ബാധിക്കുന്നതു വാക്യദോഷം; പദവും വാക്യരീതിയും ഭേദപ്പെടുത്തിയാലും പോകാത്തത് അർത്ഥദോഷം എന്നുള്ള താരതംയം ഓർത്തുകൊണ്ട് ഇവ അർത്ഥദോഷങ്ങളായി വരുന്നതിനു സ്വയമെ ഉദാഹരണങ്ങൾ ആലോചിച്ചു കൊൾക. അപുഷ്ടാദി പത്തുകൾക്കു മുറയ്ക്കു ലക്ഷണവും ഉദാഹരണവും-


1. അപുഷ്ടം

നിഷ്പ്രയോജനമോ അന്യഥാസിദ്ധമോ ആയത്.

ഉദാഹരണം -

നീരുൾക്കൊണ്ടൊരു കാർകൊണ്ടൽ നിരാലംബനമായിടും

വാനത്തിതാ വിളങ്ങുന്നു മാനം വിടുക മാനിനി! - സ്വ.


ഇവിടെ ‘നിരാലംബനമായിടും’ എന്ന വാനിന്റെ വിശേഷണത്താൽ ‘കാർകൊണ്ടൽ വിളങ്ങുന്നു’ എന്ന പ്രതിപാദ്യവസ്തുവിന് ഒരു ഫലവും സിദ്ധിക്കുന്നില്ല. അതിനാൽ അതു നിഷ്പ്രയോജനം. മേഘം കറുക്കുന്നതു നീരുൾക്കൊണ്ടിട്ടാകയാൽ ‘കാർകൊണ്ടലി’ന് ‘നീരുൾക്കൊണ്ട’ എന്ന വിശേഷണം അന്യഥാ സിദ്ധം. ‘വാചം ബഭാഷെ’, ‘വാണീമഭാണിൽ’ (ആട്ടക്കഥകളിൽ), ‘മനസ്സുകൊണ്ടു വിചാരിച്ചു’ ‘കണ്ണുകൊണ്ടു കണ്ടു’ ഇത്യാദി പ്രയോഗങ്ങൾ ഈ ദോഷത്തിനു മുഖ്യോദാഹരണങ്ങളാകുന്നു. എന്നാൽ വാക്ക്, മനസ്സ് മുതലായതിനു വല്ല വിശേഷണവും ചേർക്കുന്നതിനുവേണ്ടി അവയെ എടുത്തുപറയുന്നപക്ഷം യാതൊരു ദോഷവുമില്ല. എങ്ങനെ-

ശുചാന്ധമാം മനംകൊണ്ടു വിചാരിച്ചിട്ടരക്ഷണം

കർക്കശാക്ഷരമായീടും വാക്യമൊന്നവനോതിനാൻ - സ്വ.


2. വ്യാഹതം

ഒരു വസ്തുവിന് ആദ്യം ഉത്കർഷമോ അപകർഷമോ പറഞ്ഞിട്ട് ഉടൻ‌തന്നെ അതിനു നേരേമറിച്ച് അപകർഷമോ ഉത്കർഷമോ പ്രതിപാദിക്ക ഇത്യാദിമട്ടിൽ പർസ്പരവിരോധമുള്ളത്.

ഉദാഹരണം -

“നന്നായ് പാരിൽ ജയിക്കുന്നൊരു ശശികല തൊട്ടുള്ള വസ്തുക്കളോരോ-

ന്നിന്നുണ്ടേറ്റം സ്വതേ ര‌മ്യതയൊടുമവയ്ത്കണ്ഠ ചേർക്കുന്നുമുണ്ട്

എന്നാലീയുള്ളവന്നീഭുവനമതിലഹോ! ലോചന ജ്യോത്സനയാമ-

ക്കന്യാവിൻ കാഴ്ചയൊന്നേ കൊടിയൊരു മഹമാകുന്നതിജ്ജന്മമെല്ലാം” - മാലതീമാധവം.


ഇവിടെ പൂർവാർദ്ധത്തിൽ ചന്ദ്രക്കല, ചന്ദ്രിക മുതലായതെല്ലാം തനിക്കു നിസ്സാരങ്ങളാണെന്നു പറഞ്ഞിട്ട് ഉത്തരാർദ്ധത്തിൽ ‘ലോചനജ്യോത്സ്നയാമക്കന്യാവിൻ’ എന്ന് ഉത്കർഷത്തിനുവേണ്ടി അവളെ ജ്യോത്സ്നയായിട്ടു രൂപണം ചെയ്തതിനാൽ പരസ്പരവിരോധം.


3. മിശ്രം


നല്ലതും ചീത്തയും കൂട്ടിക്കലർത്തുക. ഇതിനു സഹചരഭിന്നം എന്നാണു പഴയപേർ.


ഉദാഹരണം -

വിനയംകൊണ്ടു വിദ്വാനും വ്യസനംകൊണ്ടു മൂർഖനും

പ്രതാപംകൊണ്ടു രാജാവും പ്രകാശിച്ചീടുമേ ഭൃശം. - സ്വ.


ഇതിൽ ഉത്കൃഷ്ടങ്ങളായ വിനയപ്രതാപങ്ങളുടെ മദ്ധ്യേ നികൃഷ്ടമായ വ്യസന (ദ്യുതാദി)ത്തേയും വിദ്വാൻ, രാജാവ് ഇവരുടെ കൂട്ടത്തിൽ മൂർഖനേയും ചേർത്തതു ദോഷം; ഉത്കൃഷ്ടനികൃഷ്ടങ്ങളെ ഒന്നുപോലെ ഭാവിച്ചതായുള്ള പ്രതീതി ദൂഷകതാബീജം.


4. സാകാങ്‌ക്ഷം

ആകാംക്ഷ ശമിക്കാത്തത്.

ഉദാഹരണം -

“പരിഭവഭയാദ്യേനായുക്തം ഗൃഹീതമതായി നീ-

യൊരു പൊഴുതിലും യന്മാഹാത്മ്യാൽ പിഴച്ചതുമില്ല നീ

പരിഹൃതമതായ് തേനാദ്യ ത്വം സുതവ്യസനത്തിനാൽ

പരിചിതമഥാപി ത്വാം ശസ്ത്ര! ത്യജിച്ചിടുമിന്നു ഞാൻ.” - വേണീസംഹാരം.


പിതൃവധം കേട്ടു വ്യസനിക്കുന്ന അശ്വത്ഥാമാവിന്റെ ഈ വാക്യത്തിൽ താൻ ശസ്ത്രം ത്യജിക്കുന്നതിനുള്ള കാരണം സ്പഷ്ടമാകാത്തതിനാൽ ആകാംക്ഷയ്ക്കു പൂർത്തിവരുന്നില്ല. ഈ മാതിരിയിൽ ഹേതുവിൽ ആകാംക്ഷയുള്ളത് ‘നിർഹേതു’, ഹേതുവൊഴികേയുള്ളതിൽ ആകാംക്ഷ ശമിക്കാത്തത് ‘സാകാംക്ഷം’ എന്നാണു പൂർവാചാര്യന്മാരുടെ മതം.


5. അനവീകൃതം


ഭങ്‌ഗികൾ മാറ്റി പുതുപ്പിക്കാതെ ഒരേ മട്ടിൽ നീളെത്തുടരുന്നത്.

ഉദാഹരണം -

എപ്പോതുമേ ഭാനു രഥേ ചരിക്കു-

ന്നെപ്പോതുമേ വായു ചലിച്ചിടുന്നു

എപ്പോതുമേ ക്ഷാമാമുരഗം വഹിക്കു-

ന്നെപ്പോതുമേ ഭൂപനുമുണ്ടു ഭാരം. - സ്വ.


ഇതിൽ ഉപമാനവാക്യങ്ങൾ മൂന്നിനുമുള്ള ഐകരൂപ്യം സഹൃദയർക്കു ഹൃദയോദ്വേജകമായിരിക്കുന്നു. ഈ അർത്ഥം തന്നെ,

‘തുരഗമാൻ ചേർത്തു സകൃഗ്രഥേ രവിർ-

നിരന്തരാരബ്ധഗതിഃ സദാഗതിഃ

ഭരം ധരിക്കുന്നു ഭുവഃ സദാ ഫണീ

ധുരം വഹിക്കും നൃപതിക്കുമിക്രമം.” - ശാകുന്തളം.

എന്നു ഭേദപ്പെടുത്തിയാൽ നവീകൃതമായി പ്രകാശിക്കും.


6. പുനരുക്തം

ഉക്തത്തെ ആവർത്തിച്ചു പറയുന്നത് പൗനരുക്ത്യം. പദാർത്ഥനിഷ്ഠമായോ വാക്യാർത്ഥനിഷ്ഠമായോ വരാം.

ആദ്യത്തേതിന് ഉദാഹരണം -

“കഷ്ടം! മര്യാദ കൈവിട്ടിഹ ഗുരുവരനിൽ ചെയ്തിടും പാപകൃത്യം

ദുഷ്ടന്മാരാം ഭവാന്മാരനുമതിയൊടു പാർത്തീലയോ നിസ്ത്രപന്മാർ

പെട്ടെന്നാ നിങ്ങളെല്ലാവരെയുമിഹ രണേ കൃഷ്ണനൊന്നിച്ചിദാനീം

ദിഷ്ടാന്തം ചേർത്തു രക്തക്കുരുതിബലി ദിശാദേവികൾക്കേകുവെൻ ഞാൻ.” - വേണീസംഹാരം.


“അല്ലയോ യുധിഷ്ഠിര! സാത്യകേ! ഭീമ! കൃഷ്ണ! എന്ന് കൃഷ്ണനെക്കൂടി പ്രത്യേകം സംബോധന ചെയ്തിട്ട് പറയുന്ന ഈ അശ്വത്ഥാമവാക്യത്തിൽ ‘നിങ്ങൾ’ എന്നതിൽ കൃഷ്ണൻ‌കൂടി ഉൾപ്പെട്ടുപോയതിനാൽ ‘കൃഷ്ണനൊന്നിച്ച്’ എന്നത് പുനരുക്തം.

രണ്ടാമത്തേതിന് ഉദാഹരണം-

വിവേകമില്ലായ്കിലനേകമാപ-

ത്തെവന്നുമുണ്ടാമവനീതലത്തിൽ

അകാര്യവും കാര്യവുമിന്നതെന്ന-

തോർക്കുന്നവൻ‌തന്നെ വിപദ്വിദൂരൻ. - സ്വ.


ഇതിൽ പൂർവ്വാർദ്ധത്തിന്റേയും ഉത്തരാർദ്ധത്തിന്റേയും വാക്യാർത്ഥം പര്യവസാനത്തിൽ ഒന്നുതന്നെ.


7. വിശേഷപരിവൃത്തം


വിശേഷം വേണ്ടിടത്ത് സാമാന്യം പറയുന്നത്.

ഉദാഹരണം -

“അർദ്ധരാത്രിസമയത്തിലുമില്ലി-

പ്പട്ടണത്തിലഭിസാരികന്മാർക്ക്

തീച്ചെടിച്ഛടതഴച്ചിടുമച്ഛ-

ജ്വാലയാൽ തിമിരബാധയശേഷം” - കുമാരസംഭവം.


ഇവിടെ ‘ദുർദ്ദിനാർദ്ധനിശയിങ്കലും’ എന്ന് രാത്രിവിശേഷം പറയേണ്ടതാണ്. നിലാവോ നക്ഷത്രവെളിച്ചമോ ഉള്ള രാത്രികളിൽ തിമിരബാധയ്ക്ക് പ്രസക്തിയില്ലല്ലോ!


8. സാമാന്യപരിവൃത്തം


സാമാന്യം വേണ്ടിടത്ത് വിശേഷം പറക

ഉദാഹരണം -

അല്ലേ സമുദ്ര! മഹിതം മണിജാലമെല്ലാം

കല്ലോലതീവ്രഹതികൊണ്ടവമാനിയായ്ക;

ഉല്ലാസമേറുമൊരു കൗസ്തുഭകാരണത്താൽ

മല്ലാരിയും നിജകരം ത്വയി നീട്ടിയില്ലേ? - സ്വ.


ഇവിടെ കൗസ്തുഭം എന്ന രത്നവിശേഷത്തെ എടുത്തുപറഞ്ഞത് ശരിയായില്ല. കൗസ്തുഭം മാത്രം ഉപകരിച്ചതുകൊണ്ട് ശേഷമുള്ളതിനെ അവമാനിച്ചു കൂടെന്നു വരുന്നതല്ലല്ലോ! അതിനാൽ ‘ഉല്ലാസമേറുമതിലൊന്നു നിമിത്തമായി’ എന്ന് സാമാന്യമായിപ്പറയേണ്ടതാണ്.


9. അനിയമപരിവൃത്തം


നിയമം വേണ്ടാത്തിടത്ത് അതു ചെയ്യുന്നത്.

ഉദാഹരണം - വദനം ചന്ദ്രകാന്തം താൻ പാദമോ പദ്മരാഗമാം പ്രതാപം സൂര്യകാന്തം തേ രത്നരൂപൻ ഭവാൻ നൃപ! - സ്വ.

ഇവിടെ ‘ചന്ദ്രകാന്തം താൻ’ എന്ന നിയമം അനാവശ്യകം.

10. സനിയമപരിവൃത്തം

നിയമം വേണ്ടിടത്ത് അതു ചെയ്യാതിരിക്കുന്നത്.

ഉദാഹരണം -

കരം ഗ്രഹിച്ചൻപൊടു രാഗമേറി-

വരുംവിധം ലാളന ചെയ്തുനിത്യം

പ്രജോദയത്തിൽ തുനിയാതിരിക്കും

പ്രജേശ്വരൻ ഭൂവിനു ശബ്ദഭർത്താ. - സ്വ.


ഇതിൽ ശബ്ദംകൊണ്ടുമാത്രം ഭർത്താവെന്ന് നിയമം വേണ്ടതാണ്. അതിനാൽ ‘ഭൂപതി ശബ്ദമത്രേ’ എന്ന് പാഠം ആക്കണം.


അലങ്കാരത്തിലേദ്ദോഷ-

മിവയിൽത്തന്നെയുൾപ്പെടും 128


ഇച്ചൊന്ന പദവാക്യാർത്ഥദോഷങ്ങളിൽ അന്തർഭവിക്കാതെ അലങ്കാരദോഷങ്ങൾ വേറേ ഒരുവകയായിട്ടില്ല. എങ്ങനെയെന്നാൽ സാമ്യമൂലാലങ്കാരങ്ങളിൽ(1) സാധാരണ ധർമത്തിന് അപ്രസിദ്ധി. (2) ഉപമാനത്തിന് അസംഭവം. അതിനുതന്നെ. (3) ജാതി. (4) പ്രമാണങ്ങളിൽ. (5) ആധിക്യ. (6) ന്യൂനതകൾ; അർത്ഥാന്തരന്യാസത്തിൽ. (7) ഉല്പ്രേക്ഷിതമായ വിശേഷത്തിനോ സാമാന്യത്തിനോ സമർത്ഥനം ഇത്യാദികൾ ‘ അനുചിതാർത്ഥ’ ത്തിന്റെ വകഭേദങ്ങളാകുന്നു.


ക്രമേണോദാഹരണങ്ങൾ -

(1) സ്പഷ്ടാർത്ഥരശ്മിയൊടു കാവ്യശശീ വിഭാതി.

ഇതിൽ ആഹ്ലാദകത്വം എന്ന സാധാരണധർമം അപ്രസിദ്ധം.

(2) ചേലൊത്ത ചെന്തളിരിൽനിന്നുളവായ നല്ല

മുല്ലപ്രസൂനമതിനോടു സമം സ്മിതം തേ.

(3) ചണ്ഡൻ ചണ്ഡാളനെപ്പോലേ ശണ്ഠയിൽ പാണ്ഡുനന്ദനൻ.

(4) വന്മലയ്ക്കുള്ള ശിഖരം വൽമീകമ്പോലെയുന്നതം.

(5) നീലകണ്ഠൻ ബർഹിയിവൻ നീലലോഹിതതുല്യനാം.

(6) ആഴിപോലെ വിളങ്ങുന്നിതാഴമേറുന്ന വൻ‌കുഴി.

(7) “കാക്കുന്നിവൻ കതിരവന്റെ കരപ്രഹാരം

പേടിച്ചൊളിച്ചു ഗുഹയേറിടുമന്ധകാരം

സ്നേഹിച്ചിടുന്നിഹ മഹത്തുക്കളാശ്രയിച്ചാൽ

കൂറോടു സത്തിലുമസത്തിലുമൊന്നുപോലെ.” - കുമാരസംഭവം.


ഇവിടെ ഹിമവാൻ ഗുഹകളിൽ അന്ധകാരത്തെ സൂര്യനിൽനിന്നു രക്ഷിക്കുന്നു എന്നത് കവി ഉത്പ്രേക്ഷകൊണ്ട് ചമച്ചതേ ആകുന്നുള്ളു. അതിനെ പിന്നീട് സമർത്ഥിക്കാൻ പുറപ്പെടുന്നതാവശ്യകമില്ല. ഉപമയിൽ സധാരണധർമത്തിന് ആധിക്യം അധികപദത്തിനും ന്യൂനത ന്യൂനപദത്തിനും ഉദാഹരണമാകുമെന്ന് സ്പഷ്ടം.

(1) സമാസോക്തിയിൽ വിശേഷണസാമ്യത്താൽ അപ്രകൃതാർത്ഥത്തിന് പ്രതീതി വരുന്നതായിരിക്കേ അതിനെ ശബ്ദംകൊണ്ട് പറകയും(2) അപ്രസ്തുതപ്രശംസയിൽ വ്യഞ്ജനംകൊണ്ട് പ്രകൃതത്തിന് സ്ഫൂർത്തി വരുന്ന സ്ഥിതിക്ക് അതിനെ എടുത്തു പറകയും പുനരുക്തത്തിൽ ചേരും.


ഉദാഹരണം -


(1) വ്യയിച്ചുതീർന്നു വസുവെന്നു കാൺകവേ

സുരക്തനായ് താനമരുന്ന സൂര്യനെ

നിജാങ്കണത്തിന്നു പുറത്തിറക്കിനാൾ

പ്രതീചിയാം വേശ്യ വിശങ്കയെന്നിയേ. - സ്വ.


ഇവിടെ സമാസോക്തിബലത്താൽ പ്രതീചിക്ക് വേശ്യാത്വം സിദ്ധിക്കുന്നതിനാൽ ‘പ്രതീചിയാംവേശ്യ’ എന്ന രൂപകത്തിൽ പൗനരുക്ത്യം.

(2) പക്ഷിക്കുള്ള വിരുന്നിൽ വന്ന മശകന്നഗ്രാസനം വാര്യമോ?

രത്നത്തിൻ ഗണനത്തിലഭ്രമതിനും സ്ഥാനം കിടയ്ക്കും ധ്രുവം;

തേജസ്വിയ്ക്കവകാശമുള്ളതിൽ വിടാ മിന്നാമിനുങ്ങൊന്നുമേ;

ജാത്യുത്കർഷമപൗരുഷപ്രഭുതപോൽ നിസ്സാരമാം നിർഗ്ഗുണം. - സ്വ.


ഇവിടെ പാദത്രയത്തിലെ അന്യാപദേശംകൊണ്ട് അപൗരുഷനായ പ്രഭുവിന്റെ നിസ്സാരതയാകുന്ന പ്രകൃതത്തിന് വ്യക്തി ഇരിക്കേ ഉപമകൊണ്ട് അതു വിളിച്ചുപറഞ്ഞത് പുനരുക്തം. ഉപമയിൽ സാധാരണമായ വിശേഷണത്തിന് ഉപമാനോപമേയങ്ങളിൽ (ലിംഗ (2) വചനഭേദം പ്രക്രമഭംഗമാകും.


ഉദാഹരണം -

(1)‘ ഇന്ദീവരാക്ഷിനിൻ വക്ത്രം സുന്ദരം ചന്ദ്രനെന്നപോൽ.’

ഇവിടെ ‘വക്ത്രം സുന്ദരം’; ‘ചന്ദ്രൻ സുന്ദരൻ’, എന്ന് ലിംഗഭേദം.

(2) ‘പല്ലവാധരി! നിൻ പല്ലു മുല്ലമൊട്ടുകൾപോൽ സിതം.’

ഇവിടെ ‘പല്ല് സിതം’ ; ‘മുല്ലമൊട്ടുകൾ സിതങ്ങൾ’ എന്ന് വചനഭേദം.

ഇത്യാദി വേറേയും ഊഹിക്കുക.


ഇനി ദോഷങ്ങൾക്കു ചിലേടത്ത് അനിത്യത ഉള്ളതിനെ എടുത്തുകാണിക്കുന്നു.


രസക്ഷതികരം ദോഷം

രസക്ഷതി വരായ്കിലോ

വിഷൗഷധന്യായവശാൽ

ദോഷമെല്ലാമദോഷമാം 129


രസക്കേടുളവാക്കുന്നതാണ് ദോഷം; ദോഷങ്ങളിൽ ഒന്നിന്റെ ലക്ഷണമിരുന്നാലും ഒരിടത്ത് പ്രകരണാദിമാഹാത്മ്യത്താൽ ആ രസക്കേട് തോന്നാത്തപക്ഷം അവിടെ ദോഷമുള്ളതായി വിചാരിച്ചുകൂടാ; വിഷം ചിലപ്പോൾ ഔഷധമാകുന്നതുപോലെ എന്ന് ദൃഷ്ടാന്തം. ഈ സാമാന്യവിധിപ്രകാരം ദോഷം ചിലേടത്ത് ഉദാസീനമായും ചിലേടത്ത് പ്രത്യുത ഗുണമായും വരുമെന്നു കാൺക. മാർഗപ്രദർശനത്തിനായി ചില അപവാദസ്ഥലങ്ങളെ ചൂണ്ടിക്കാണിക്കുന്നു.


ഉദ്ധതം വസ്തു ചൊല്ലുമ്പോൾ,

ക്രുദ്ധന്റെ വചനത്തിലും,

ബീഭത്സരൗദ്രങ്ങളിലും,

ദുശ്‌ശ്രവം ഗുണമായ്‌വരും. 130


ഇതിലെല്ലാം ബന്ധപാരുഷ്യം ശോഭാകരമാകയാൽ ദുശ്‌ശ്രവം അതിനെ ബലപ്പെടുത്തുകയേ ഉള്ളു എന്ന യുക്തിയാൽ അതിന് ഗുണത്വം. ഉദാഹരണങ്ങൾ സ്വയം ഊഹിച്ചുകൊള്ളുക. ഇതുകൂടാതെ മുൻ‌ചൊന്ന ദുശ്‌ശ്രവോദാഹരണം ഒരു വൈയാകരണൻ തന്റെ സാമർത്ഥ്യം കാണിപ്പാൻ വേണ്ടി പറയുന്ന വാക്യമാണെങ്കിൽ അതിൽ ‘കൽ‌പ്പിപ്പതു’ എന്നത് ഗുണമായിത്തന്നെ ഇരിക്കും.


ഗ്രാമ്യാശ്ലീലാപ്രയുക്തങ്ങൾ

നീചപാത്രോക്തിയിൽ ഗുണം.

‘മാർത്താൺദവർമ്മ’ എന്ന ആഖ്യായികയിൽ ശങ്കുവാശാന്റേയും സുന്ദരയ്യന്റേയും മറ്റും വാക്കുകൾ ഉദാഹരണം. ഇവിടെ ദോഷം വക്തൃതാദാത്മ്യബോധം ഉളവാക്കുന്നതിന് ഉപകരിക്കയാൽ ഗുണമായിച്ചമയുന്നു.

അപുഷ്ടാർത്ഥാപ്രയുക്തങ്ങൾ

ശ്ലേഷത്തിൽ ദോഷമായിടാ. 131

ശ്ലേഷസമ്പാദനത്തിന് ഉപയോഗപ്പെടുന്നതിനാൽ ദോഷകോടിയിൽ ചേരാതെ ഉദാസീനമായിരിക്കുമെന്നർത്ഥം. ശ്ലേഷപ്രകരണത്തിൽ കൊടുത്തിട്ടുള്ള ഉദാഹരണത്തിൽ ‘പുഷ്ടവനാന്തവിലാസം’ എന്നത് അപുഷ്ടത്തിനും ‘കമലം’ അപ്രയുക്തത്തിനും ഉദാഹരണം.


അപ്രതീതം പദം കൊള്ളാം

ശാസ്ത്രീയപ്രകൃതങ്ങളിൽ

പ്രകരണൗചിത്യത്താൽ ദോഷാഭാവം. അദ്ധ്യാത്മരാമായണാ‍ദിയിലെ ഈശ്വരസ്തുതികളിൽ സാംഖ്യവേദാന്താദിശാസ്ത്രീയ ശബ്ദബാഹുല്യം.

ഉദാഹരണം -

1. വിസ്മയാദി വികാരത്തിൽ

2. ലാടാനുപ്രാസമെന്നതിൽ

3. അർത്ഥാന്തരസംക്രമിത-

വാച്യമാം ധ്വനിയിങ്കലും

വിധിച്ചൗവദിക്കുന്ന-

പോതുമുക്തപദം ഗുണം. 132

(1) വിസ്മയം, വിഷാദം, ദൈന്യം, ദയ, പ്രസാദനം മുതലായത് വിസ്മയാദിവികാരം.

ഉദാഹരണം -

“ചിത്രം ചിത്രം ധരണിയിലിതാ കാൺക സമ്പൂർണചന്ദ്രൻ.”

(2) ലാടാനുപ്രാസം-

നരന്നു ഭാഗ്യമുണ്ടെങ്കിൽ കുലശീലാദിയെന്തിന്?

നരന്നു ഭാഗ്യമില്ലെങ്കിൽ കുലശീലാദിയെന്തിന്?

(3) അർത്ഥാന്തരസംക്രമിതം -

“വസന്തമാം കാലമണഞ്ഞിടുമ്പോ-

ളക്കാക്ക താൻ കാക്ക, പികം, പികം താൻ.”


“രക്തനാമുദയേ സൂര്യൻ രക്തനസ്തമയത്തിലും.”

പ്രതീതിക്കുറവില്ലെങ്കിൽ

സാകാംക്ഷോനപദങ്ങളും

ദോഷമല്ലെന്നു ചേർക്കണം. അതിന് ഉദാഹരണം -

(1) “...................................................

ഏവം നീയിഷ്ടവാക്യം പലതുമനുസരിച്ചോതിയൊന്നിച്ചുവാണാ-

പ്പാവത്തെത്തന്നെ കഷ്ടം! ശിവശിവയിനി ഞാനെന്തിനോതുന്നുശേഷം? - ഉത്തരരാമചരിതം.


(2) “കാലുഷ്യത്തോടു ലോലായിതഭുജലതയാൽ ഗാഢമാബദ്ധ്യ സായം-

കാലേ കേളീഗൃഹത്തിൽ പ്രിയതമനെ നയിച്ചാളിമാർ നോക്കിനിൽക്കേ

‘മേലാലീവണ്ണ’മെന്നങ്ങിടറിയരുളിയാഗസ്സിനെസ്സൂചയിത്വാ

ലോലാക്ഷീനിഹ്നവോത്കം പ്രഹരതി രുദതീ ധന്യമേനം ഹസന്തം.” - അമരുകശതകം.


ഇതിൽ ‘മേലാലീവണ്ണം’ എന്നുള്ള ന്യൂനപദം അർത്ഥത്തിന് അധികം പുഷ്ടിവരുത്തുന്നതിനാൽ ഗുണം. ചിലേടത്ത് ഗുണവും ദോഷവും അല്ലാതിരിക്കും.

ഉദാഹരണം -

മായോപായമെടുത്തിടാഞ്ഞവൾ മറഞ്ഞൂ ശുണ്ഠിമാറും ക്ഷണം

പോയോ വിണ്ണിനു നൂനമെന്നിലനുരാഗാദ്രാശയാണായവൾ

ആയോ നമ്മുടെ മുന്നിൽ നിൽക്കുമവളെദ്ദൈതേയർ തൊട്ടീടുമോ

ഹാ! യോഷാമണി ദൃശ്യയല്ലവളിതെന്താവോദ്യ ദൈവോദ്യമം.” - വിക്രമോർവശീയം.


ഇതിൽ ശങ്കകളുടെ മദ്ധ്യേ ‘അത് യോജിക്കില്ല’. ‘അങ്ങനെ വരുകയില്ല’ എന്നോ മറ്റോ ഉള്ള പദങ്ങളുടെ ന്യൂനതകൊണ്ട് വിശേഷിച്ച് ഗുണവും ദോഷവും പറവാനില്ല.

ഉദാസീനമതായ് കാണും

സമാപ്തപുനരാത്തവും 133

ഉദാഹരണം -

“പാരിലാരിന്നു പോരാളി-

പ്പെരുമാളോടെതിർത്തിടും

പുരാരിക്കു പിറന്നുണ്ടാം

പുരുഷൻ പരനെന്നിയേ?”


ഗർഭിതാദി ചിലതിന് അദോഷത്വം അവിടവിടെത്തന്നെ പ്രസ്താവിച്ചിട്ടുണ്ട്. ഇതിനുമേൽ രസദോഷങ്ങളെ വിവരിക്കേണ്ടതുണ്ട്. അത് രസനിരൂപണാനന്തരം ചെയ്യപ്പെടും.


ഇതി ദോഷപ്രകരണം.

"https://ml.wikisource.org/w/index.php?title=ഭാഷാഭൂഷണം/ദോഷപ്രകരണം&oldid=211361" എന്ന താളിൽനിന്ന് ശേഖരിച്ചത്