ഭാസ്ക്കരമേനോൻ (നോവൽ)
രചന:രാമവർമ്മ അപ്പൻ തമ്പുരാൻ
ഏഴാമദ്ധ്യായം
[ 53 ]
ഏഴാമദ്ധ്യായം

'മടിയിൽ കനമുണ്ടെങ്കിലെ വഴിയിൽ ഭയമുള്ളൂ.'
-പഴമൊഴി


കിട്ടുണ്ണിമേനവന്റെ ശവം മറവുചെയ്തുകഴിഞ്ഞപ്പോൾ നേരം മണി നാലു കഴിഞ്ഞു. ഭാസ്ക്കരമേനോൻ കാലത്തു കുറെ കാപ്പി കുടിച്ചിട്ടുള്ളതല്ലാതെ പിന്നീടു ജലപാനം കഴിച്ചിട്ടില്ല. തല്ക്കാലത്തെ ജോലി ഒരുവിധം ഒതുങ്ങിയപ്പോൾ സ്വന്തം വാസസ്ഥലത്തെത്തുവാൻ അദ്ദേഹത്തിനു തിടുക്കമായി. അവിടെചെന്നു് ഉടുപ്പെല്ലാം അഴിച്ചുവെച്ചു് ഉണ്ണുവാൻ ചെന്നിരുന്നപ്പോൾ ആറിത്തണുന്ന ചോറും കറിയും സ്വതേതന്നെ വയറുകാഞ്ഞതുകൊണ്ടു മങ്ങിയിരിക്കുന്ന രുചി മുഴുവനും കെടുത്തി. ഉണ്ടുവെന്നും ഉണ്ടില്ലെന്നും വരുത്തി വേഗം എഴുന്നേറ്റു കൈകഴുകി. എന്നിട്ടു ശിഷ്യനെ വിളിച്ചു കാപ്പിയും പലഹാരവും ഉണ്ടാക്കിക്കൊണ്ടുവന്നാൽ മണി അടിക്കുവാൻ പറഞ്ഞേല്പിച്ചിട്ടു ചേരിപ്പറമ്പിൽ കാരണവരോടു വഴക്കടിച്ചു വാങ്ങിച്ചിട്ടുള്ള മരുന്നുകുപ്പിയും കിണ്ടിയുംകൊണ്ടു വായനമുറിയിലേക്കു കടന്നു.

ഈ അകത്തുതന്നെയാണഉ് സ്വകാര്യമായ പല റിക്കാർട്ടുകളും കരകൌശലം സംബന്ധിച്ച ബഹുവിധ സാമഗ്രികളും അന്യദൃഷ്ടിയിൽ പെടുവാൻ പാടില്ലാത്തവയും നിജവേലയെ സംബന്ധിച്ചവയുമായ മറ്റനേകം [ 54 ] സാധനങ്ങളും അദ്ദേഹം സൂക്ഷിച്ചിട്ടുള്ളതു്. സ്വന്തം ശിഷ്യരാകട്ടെ, അടുത്ത ബന്ധുക്കളാകട്ടെ, ഉറ്റ സ്നേഹിതന്മാരാകട്ടെ, ആരുതന്നെയായാലും, ഈ മുറിയിലേയ്ക്കു കടക്കുക പതിവില്ല. ഈ അകത്തിനു ഒരു വാതിലും രണ്ടു ജനാലകളും മാത്രമേ ഉള്ളു. വാതിൽ അകത്തും പുറത്തും പൂട്ടാവുന്ന മാതിരിയിലാണു്. പുറത്തു സാക്ഷാൽ പൂട്ടിനു പുറമെ ഒരു കോൽത്താഴിട്ടുപൂട്ടുകകൂടി പതിവുണ്ടു്. കതകുകൾ ഇരുമ്പുചങ്ങലകളെക്കൊണ്ടു് ഉമ്മറപ്പടിയിന്മേലുള്ള ഇരുമ്പു കുറ്റികളോടുകൂടി ബന്ധിച്ചിട്ടാണു് കോൽത്താഴിട്ടുപൂട്ടുന്നതു്. കുറ്റികൾ ഉമ്മറപ്പടിയുടെ ചെരിവിൽകൂടി അയവായിട്ടു അകത്തേക്കു തുളച്ചു കൊള്ളിച്ചിട്ടു അപ്പുറത്തു വിലങ്ങത്തിൽ തടവിട്ടു് ഉറപ്പിച്ചിരിക്കുന്നു. കുറ്റികൾ വലിച്ചാൽ ഏകദേശം ഒരംഗുലത്തോളം പുറത്തേക്കുവരും. അകത്തു ഒരു മുക്കുപലകയിന്മേൽ തീത്തൈലം മുതലായ തൈലങ്ങളും, നാകപ്പലക, ചെമ്പുതകിടു മുതലായവയും അടങ്ങി കുറെ മൺപാത്രങ്ങൾ ഇരിപ്പുണ്ടു്. ഇതുകളുടെ അടുത്തു കുടയുള്ള പിച്ചളയാണികളുടെ ആകൃതിയിൽ ചിലതു് ഒരു ചെറിയ വാർണീഷിട്ട പലകയിന്മേൽ ഉറപ്പിച്ചിട്ടും ഉണ്ടു്. ഈ പാത്രങ്ങളും ആണികളും അകത്തു പാടുകൊണ്ടു് ഉമ്മറപ്പടിയിലുള്ള കുറ്റികളും തമ്മിൽ കമ്പികളേക്കൊണ്ടു ഘടിപ്പിച്ചിട്ടുണ്ടു്. അതിനു പുറമെ സ്റ്റേഷൻ ആപ്സർ കിടക്കുന്ന അകത്തു വൈദ്യുതശക്തികൊണ്ടു അടിക്കുന്ന ഒരു മണി വച്ചിട്ടുള്ളതിനോടുകൂടി ഇവയെല്ലാം യോജിപ്പിച്ചിട്ടുമുണ്ടു്. ആരെങ്കിലും കോൽത്താഴു് തുറക്കുവാൻ ഉത്സാഹിച്ചാൽ കുറ്റികൾ പുറത്തേയ്ക്കു വലിയുകയും, ഈ വലിവു് കമ്പിയിൽകൂടി ആണികളിൽ എത്തുമ്പോൾ വൈദ്യുതശക്തി വ്യാപരിക്കുവാൻ തുടങ്ങുകയും, കിടക്കുന്ന അകത്തെ മണി അടിക്കുകയും [ 55 ] ചെയ്യും. സ്റ്റേഷൻ ആപ്സരുടെ വായനമുറിയെന്നൊ സ്വകാൎയ്യമുറിയെന്നൊ പറയുന്നതിലും ഇങ്ങനെയൊരു മണിയുണ്ടു്. അതു് അടിക്കുവാൻ തളത്തിൽ ചുവരിന്മേലുള്ള ഒരാണി അമൎത്തിയാൽ മതി. സ്റ്റേഷൻ ആപ്സർ സ്വകാൎയ്യമുറിയിൽ ഇരിക്കുമ്പോൾ ആൎക്കെങ്കിലും അദ്ദേഹത്തിനെ കാണേണമെന്നുണ്ടെങ്കിൽ ഈ ആണി അമൎത്തിയാൽ അദ്ദേഹം പുറത്തേയ്ക്കു വരുന്നതാണെന്നു അതിന്റെ ചുവട്ടിൽ എഴുതിപ്പതിപ്പിച്ചിട്ടുമുണ്ടു്. ആണി തള്ളിയാൽ സ്റ്റേഷൻ ആപ്സർ പുറത്തുചാടുന്ന അത്ഭുതക്കാഴ്ച കാണുവാൻവേണ്ടി ചില കൂട്ടർ ആദ്യകാലങ്ങളിൽ വന്നു ഉപദ്രവിച്ചിരുന്നതുകൊണ്ടു്, 'ആണി അമൎത്തിയാൽ മണിയടിക്കും, അനാവശ്യമായി ആരും മണിയടിച്ചുകൂടാ' എന്നുകൂടി പിന്നീടു സ്റ്റേഷൻ ആപ്സൎക്കു ചേൎക്കേണ്ടിവന്നു. ഭാസ്കരമേനോൻ ഈ വൎത്തമാനം പലപ്പോഴും സ്നേഹിതന്മാരോടു പറഞ്ഞു പൊട്ടിച്ചിരിക്കാറുണ്ടു്.

ജനാലകൾക്കു മരവാതിലുകളും കണ്ണാടിവാതിലുകളും ഇരുമ്പഴികളും ഉണ്ടു്. കണ്ണാടിച്ചില്ലുകളിൽ വെളിച്ചെണ്ണ പുരട്ടി ഉണക്കിയ കടലാസ്സുകൾ ഒട്ടിച്ചിട്ടുള്ളതുകൊണ്ടു വെളിച്ചം കടക്കുന്നതല്ലാതെ അകത്തുള്ളതു പുറത്തുനിന്നും പുറത്തുള്ളതു് അകത്തുനിന്നും കാണുവാൻ നിവൃത്തിയില്ല. അഥവാ ജനാലകൾ തുറക്കുന്ന സമയം കാത്തുനിന്നു വല്ലവരും എത്തിനോക്കിയെങ്കിലോ എന്നു വിച്ചാരിച്ചിട്ടെന്നുതോന്നുംവണ്ണം മുറ്റത്തായിട്ടു ജനാലകളുടെ നേരെ കുണ്ഡലം മുതലായ ലതകൾ പടൎത്തീട്ടുള്ള മറകൾ തീൎത്തിട്ടുണ്ട്. [ 56 ] ജനാലകൾ ഇല്ലാത്ത പുറത്തുള്ള ചുമരുകളിൽ അഞ്ചാറുവരിപലക തറച്ചിട്ടു അതുകളിലെല്ലാം പുസ്തകങ്ങളും കടലാസ്സുകെട്ടുകളും നിരത്തീട്ടുണ്ടു്. പടിഞ്ഞാറെ ജനാലയുടെ അടുത്തുള്ള അലമാരിയിൽ അനവധി കുപ്പികളും മരുന്നുകളും കുപ്പിക്കുഴലുകളും രസതന്ത്രത്തെ സംബന്ധിച്ച മറ്റനേകം ഉപകരണങ്ങളും, അടുത്തുതന്നെ വേറെ ഒരു അലമാരിയിൽ പ്രകൃതിശാസ്ത്രസംബന്ധമായ കുറെ സാമാനങ്ങളും വേറെ പല കരുക്കളും വച്ചിട്ടുണ്ടു്. വടക്കേ ജനാലയുടെ അടുത്തു ഒരു എഴുത്തുമേശയും അതിന്മേൽ പലതരം എഴുത്തുകടലാസ്സുകളും കിടപ്പുണ്ടു്. ആ ജനാലയുടെ അടുത്തുതന്നെ ഒരു ചാരുകസാലയും മേശയുടെ അടുത്തു് ഒരു കൈയില്ലാത്ത കസാലയും കിടക്കുന്നുണ്ടു്. അകത്തേയ്ക്കുള്ള വാതലിന്റെ ഇടത്തു പുറത്തായിട്ടു ഒരു വലിയ ഇരുമ്പുപെട്ടി ഇരിപ്പുണ്ടു്. ഒത്ത നടുക്കുകിടക്കുന്ന ഒരു നീണ്ടമേശ അകത്തിന്റെ വീതി ഒട്ടുമുക്കാലും വ്യാപിച്ചിട്ടുണ്ടു്. പലമാതിരി മരുന്നുകൾ വീണിട്ടു ഈ മേശയുടെ പുറം നാനാവർണ്ണങ്ങൾക്കും ഇരിപ്പിടമായിത്തീർന്നിരിക്കുന്നു. ഒരു പിടിമൊന്തക്കുപ്പിയിൽ കുറെ ആവിവെള്ളം, ബ്രാണ്ടിയെണ്ണ ഒഴിച്ചു കത്തിക്കുന്ന ഒരു ജാതി കുപ്പിവിളക്കു്, ഒരു ചെറിയ പീഠത്തിന്മേൽ തുളച്ചു് ഇറക്കിയതും വിരലിന്റെ സമ്പ്രദായത്തിൽ ഉള്ളതുമായ ഒരു തരം കനംകുറഞ്ഞ കുപ്പിക്കുഴലുകൾ, വൃത്താകാരത്തിൽ വെട്ടിവച്ചിട്ടുള്ള അരിപ്പുകടലാസുകൾ, തീപ്പെട്ടി, മുതലായ പല സാമാനങ്ങളും മേശയുടെ മുകളിൽ വിതറീട്ടുണ്ടു്.

ഭാസകരമേനോൻ കിണ്ടിയും മരുന്നുകുപ്പിയും മേശപ്പുറത്തുകൊണ്ടുപോയി വെച്ചിട്ടു്, അലമാരിയിൽനിന്നു ചില മരുന്നുകളും എടുത്തുകൊണ്ടുവന്നു. എന്നിട്ടു പീഠത്തിന്മേലിരിക്കുന്ന 'അംഗുലക്കുഴലുകൾ' ഓരോന്നായി [ 57 ] എടുത്തു മരുന്നുകൾ അങ്ങോട്ടു പകർന്നിട്ടും, തിളപ്പിച്ചിട്ടും അരിച്ചിട്ടും, അരിച്ചുകിട്ടുന്ന ഉറലെടുത്തു സ്ഫുടം വച്ചിട്ടും, ഇടക്കിടെ ചിലതൊക്കെ നോട്ടുപുസ്തകത്തിൽ കുറിച്ചിട്ടും ഇടമുറിയാതെ ഒന്നരമണിക്കൂറോളം പ്രയത്നിച്ചു. ഒടുവിൽ അപ്പാത്തിക്കരിയുടെ മരുന്നിൽ വ്യാജമൊന്നും കാണുന്നില്ല എന്നു മന്ത്രിച്ചുകൊണ്ടു് അടുത്തിരിക്കുന്ന കിണ്ടിയിലെക്കു കുറെ ആവിവെള്ളം പകർന്നു.

ഈ അവസരത്തിൽ അകത്തുള്ള മണി തെരുതെരെ അടിക്കുവാൻ തുടങ്ങി. സ്റ്റേഷനാപ്സർ ആ വേല തല്ക്കാലം നിർത്തിവെച്ചു വാതിൽതുറന്നു പൂമുഖത്തേക്കു കടന്നപ്പോൾ ശിഷ്യൻ കാപ്പിയും പലഹാരവും കൊണ്ടുവന്നു തയാറാക്കിയിട്ടുണ്ടായിരുന്നു. ശിഷ്യന്റെ പരിഭ്രമം കരിച്ചുപൊരിച്ചിട്ടുള്ള പലഹാരത്തിലും വാടവെള്ളത്തിൽ മൊരൊഴിച്ചു കടുവറുത്തപോലെയുള് കാപ്പിയിലും വിശദമായി പ്രകാശിച്ചിരുന്നു എങ്കിലും ഭാസ്കരമേനോൻ മുടിയറ്റം മനോരാജ്യത്തിൽ മുങ്ങിയിരുന്നുതകൊണ്ടു് ഈ വട്ടമൊന്നും അദ്ദേഹത്തിന്റെ ദൃഷ്ടിയിൽ പെട്ടില്ലെന്നു മാത്രമല്ല. ഭക്ഷണസാധനങ്ങൾ രസനേന്ദ്രിയത്തിന്റെ സ്പർശംകൂടാതെ മനോവേഗത്തിൽ അകത്തേയ്ക്കു കടന്നുപോയതുകൊണ്ടു് അവയുടെ ദോഷങ്ങളൊന്നും അദ്ദേഹത്തിന്റെ രുചിക്കു ഗോചരമായതേ ഇല്ല. എട്ടുപത്തു മിന്നിട്ടു് ഈ വിധം ജഠരാഗ്നിശാന്തിക്കായി ചിലവഴിച്ചതിന്റെ ശേഷം പകുതിയാക്കി വെച്ചിട്ടുള്ള വേല മുഴുവനാക്കുവാൻ വേണ്ടി സ്വകാര്യമുറിയിലേക്കു തിരിച്ചു പുറപ്പെട്ടപ്പോൾ-

"ഏമാനെ അന്വേഷിച്ചുകൊണ്ടു് അല്പം മുമ്പു കറുത്തു തടിച്ചു് ഉയരത്തിൽ ഒരാൾ ഇവിടെ വന്നിരുന്നു. ഏമാൻ വായിക്കുകയാണു്. കാപ്പികുടിക്കുവാൻ ഇപ്പോൾ [ 58 ] ഇങ്ങോട്ടുവരും, എന്നു ഞാൻ പറഞ്ഞപ്പോൾ 'അദ്ദേഹത്തിനെ ഇപ്പോൾ അസഹ്യപ്പെടുത്തേണ്ടാ. ഞാൻ ഒന്നു പുറത്തിറങ്ങീട്ടുവരാം' എന്നു പറഞ്ഞു് അയാൾ വേഗം പോയി. ഞാൻ അയാളെ അറിയില്ല. അയാളും മുമ്പു ഇവിടെ വന്നിട്ടുണ്ടെന്നു തോന്നുന്നില്ല. "അകത്തു കടന്നപ്പോൾ നാലുപുറവും പകച്ചുനോക്കി" എന്ന വിവരം ശിഷ്യൻ യജമാനനെ ധരിപ്പിച്ചു.

സ്റ്റേഷനാപ്സരുടെ ദൃഷ്ടിയിൽപ്പെടാതെ അദ്ദേഹത്തിന്റെ വീട്ടിൽ നടക്കുന്ന സകല സംഗതികളേയും യാതൊരു ഏറ്റക്കുറവും കൂടാതെ വഴിക്കുവഴിയായി അദേദഹത്തിനെ ബോദ്ധ്യപ്പെടുത്തിക്കൊള്ളേണമെന്നു് ഒന്നായിട്ടു ശിഷ്യനു കല്പനകൊടുത്തിട്ടുണ്ടു്. ഇതിൽ നിന്നു് ഒരു ശകലം പോലും തെറ്റിനടന്നാൽ പകൃത്യാ ശിഷ്യവത്സലനും ദയാലുവും ആയ ഭാസ്ക്കരമേനോന്റെ വേഷം ആകമാനം പകരുമെന്നു അനുഭവംകൊണ്ടു് ശിഷ്യനു കടുകട്ടിയായി അറിയാമായിരുന്നു. "മുറ മുമ്പു്, ദയ പിമ്പു്" എന്നതായിരുന്നു ഭാസ്ക്കരമേനവന്റെ കുലധർമ്മം. മുറ മറന്നാൽ പിന്നെ കഥതീർന്നു. ഈ ഒരു ഭയമാണു് സ്റ്റേഷനാപ്സരുടെ മനോരാജ്യത്തിനു വിഘനം വരുത്തുവാൻ ശിഷ്യനു ധൈര്യമുണ്ടാക്കിത്തീർത്തതു്. ശിഷ്യന്റെ വാക്കു കേട്ടപ്പോൾ "അസഹ്യപ്പെടുത്തേണ്ട, പകച്ചുനോക്കി, വേഗം പോയി അല്ലേ? സൂക്ഷിക്കണം, ഉപായക്കാരനല്ല, പൊരുതുവാൻ തക്കവനാണു്, കേസ്സു കനക്കുവാൻ വഴിയുണ്ടു്, ആകെക്കൂടി രസംപിടിക്കുമെന്നാണു തോന്നുന്നതു്" എന്നു വിചാരിച്ചുകൊണ്ടു് ഭാസ്ക്കരമേനോൻ തളത്തിൽ തന്നെ ഒരു ചാലു ലാത്തി. എന്നിട്ടു് ശിഷ്യനോടായിക്കൊണ്ടു്-

"അയാൾ പരിഭ്രമിച്ചാണോ അകത്തേയ്ക്കു കടന്നുവന്നതു്?" എന്നു ചോദിച്ചു. [ 59 ] "അല്ല. മെല്ലെ കടന്നുവന്നു സ്വകാര്യമായിട്ടാണു എന്നോടു ചോദിച്ചതു്" എന്നു്, തന്റെ ചോദ്യത്തിന്റെ അഭിപ്രായം അറിഞ്ഞിട്ടെന്നപോലെ, മറുവടിയിൽ ഒരു കൈകൂടി ശിഷ്യൻ കടത്തിവച്ചതിൽ ഭാസ്കരമേനവനു സന്തോഷമാണു് ഉണ്ടായതു്.

ശിഷ്യവർഗ്ഗത്തിൽ അസാധാരണമായ ഈ പടുത്വം അഭ്യാസബലംകൊണ്ടും യജമാനന്റെ ശിക്ഷാസാമർത്ഥ്യംകൊണ്ടും ലഭിച്ചിട്ടുള്ളതാകയാൽ അതിന്റെ മെച്ചം മുഴുവനും ശിഷ്യനു കൊടുക്കുന്നതു് അനുചിതമായിരിക്കും. എങ്കിലും ശിഷ്യർക്കുള്ള സ്വാതന്ത്ര്യത്തെ അതിക്രമിക്കാത്തവയും ഉപകാരവത്തുക്കളുമായ ഇമ്മാതിരി പൊടിക്കൈകൾ ഭാസ്ക്കരമേനവൻ കൊണ്ടാടുക പതിവായിരുന്നു. ഈ സംഗതിയിലും കീഴ്നടപ്പിനെ അനുസരിച്ചു പ്രശംസാവഹമായ പുഞ്ചിരികൊണ്ടു അദ്ദേഹം പ്രദർശിപ്പിച്ച തൃപ്തിഭാവം ശിഷ്യനു അനാമാന്യമായ സന്തോഷത്തിനും അഭിമാനത്തിനും ഉത്സാഹത്തിനും കാരണമായിത്തീർന്നു. മുറ നടത്തിക്കുന്നതിൽ ദാക്ഷിണ്യമില്ലായ്ക, അതിരുകവിഞ്ഞു സംസാരിക്കുകയോ പ്രവർത്തിക്കുകയൊ ചെയ്യുവാൻ അനുവദിക്കായ്ക, ഉപകാരസ്മരണ ഉണ്ടാവുക, പ്രത്യുപകാരം ചെയ്ക, അവനവന്റെ വാക്കിലും പ്രവൃത്തിയിലും ചപലത ഇല്ലായ്ക - ഇവയുടെ ശരിയായ യോഗമാണു സ്വാമിയുടെ പേരിൽ അനശ്വരമായ ഭയഭക്തിവിശ്വാസം ശിഷ്യനു ജനിപ്പിക്കുവാനും സ്വാമിയുടെ നില കാക്കുവാനും ഉത്തമമായ ഔഷധമെന്നു സൂക്ഷ്മബുദ്ധിയായ ഭാസ്കരമേനവനു വഴിപോലെ അറിയാമായിരുന്നു. മറ്റുള്ള നിയമങ്ങളിൽ എന്നപോലെ ഈ കാര്യത്തിലും അദ്ദേഹത്തിനു നല്ല നിഷ്ഠയുണ്ടായിരുന്നു, ഇതിന്റെ ഫലം ശിഷ്യന്റെ നടവടിയിൽ എത്രമാത്രം പ്രകാശിച്ചിരുന്നു എന്നു പറഞ്ഞറിയിക്കേണ്ടതില്ല. [ 60 ] ഭാസ്ക്കരമേനവൻ ശിഷ്യന്റെ മറുപടി മന്ദസ്മിതത്തോടുകൂടി കൈക്കൊണ്ടതിന്റെ ശേഷം-

'തനിക്കു പരിചയമില്ലാത്ത ആളുകൾ ആരെങ്കിലും ഞാൻ അകത്തിരിക്കുന്ന സമയം ഇവിടെ വന്നാൽ മണിയടിച്ചു് എനിക്കു അറിവതരണം. അല്ലാതെ അയാളോടൊന്നും ചോദിക്കേണ്ട. ഞാൻ പുറത്തേക്കു പോയിരിക്കയാണെങ്കിൽ എല്ലാം പണ്ടത്തെ ഏർപ്പാടുപോലെതന്നെ' എന്നു പറഞ്ഞു. സ്വകാര്യമുറിയിലേക്കു വീണ്ടും പ്രവേശിച്ചു വേല രണ്ടാമതും തുടങ്ങി. കിണ്ടിയെടുത്തു നല്ലവണ്ണം ഇളക്കി അതിലുള്ള വെള്ളം മുരലിൽകൂടി ഒരു സ്ഫടികത്തംപ്ളറിലേക്കു ഒഴിച്ചു. എന്നിട്ടു് അപ്പാത്തിക്കരിയുടെ മരുന്നുകൊണ്ടു കാട്ടിയ പ്രയോഗങ്ങളെല്ലാം ഈ വെള്ളംകൊണ്ടു പുനരായിട്ടു് ആരംഭിച്ചു. എന്നാൽ ഇത്തവണയുണ്ടായ പരീക്ഷാക്രമത്തിൽ ഓരോപടി കയറുംതോറും പരിശ്രമം ഫലവത്താകുമെന്ന വിശ്വാസം വർദ്ധിച്ചുവന്നിരുന്നതു് അദ്ദേഹത്തിന്റെ മുഖഭാവത്തിലും പ്രവൃത്തിയിലും ക്രമേണ വെളിപ്പെട്ടിരുന്നു. മുഖം പ്രസന്നമായിത്തുടങ്ങി. ശുഷ്കാന്തി മുഴുത്തു തുടങ്ങി. ശ്രദ്ധ മറ്റൊരേടത്തും വ്യാപിക്കാതെയായി. വേലയുടെ അവസാനം കണ്ടുതുടങ്ങി. ഈ അവസരത്തിൽ അന്ധകാരം വന്നു പരക്കുന്നതു് അദ്ദേഹം അറിയുന്നതേ ഇല്ല. മരുന്നുകൾ തിളപ്പിക്കുവാനായി കത്തിച്ചിരുന്ന ബ്രാണ്ടിഎണ്ണവിളക്കിന്റെ പ്രഭ മാത്രമേ വേല നടത്തുവാൻ അദേദഹത്തിനെ സഹായിച്ചിരുന്നുള്ളു.

അകത്തു ദുഷ്ടവായു സഞ്ചരിക്കാതിരിക്കുവാൻ വേണ്ടി പടിഞ്ഞാറെ ജനാലയുടെ മരവാതിൽ മുഴുവനും കണ്ണാടിവാതിൽ കുറഞ്ഞൊന്നും തുറന്നിട്ടിരുന്നു. സ്റ്റേഷനാപ്സർ ഏകാഗ്രചിത്തനായി നിജവേലയിൽ നിമർജ്ജിച്ചിരിക്കുമ്പോൾ [ 61 ] ഇരുമ്പിനോടു തുല്യങ്ങളായ രണ്ടു കൈകൾ ജനാലയുടെ അഴികളിന്മേൽ മുറുകെപ്പിടിച്ചു ഗാഢമായ ഒരു ശരീരത്തെ മേല്പോട്ടുയർത്തുവാൻ ആരംഭിച്ചതും കാലിന്നു ആധാരമായിരുന്ന പൂച്ചട്ടി മറിഞ്ഞതും ഒരേ സമയത്തു കഴിഞ്ഞു. ചട്ടി മറിഞ്ഞതോടുകൂടി കനത്ത ശരീരം അവലംബശൂന്യമായിട്ടു തൂങ്ങുകയാൽ അതിന്റെ ഉടമസ്ഥൻ കൈവിട്ടു ചട്ടിയുടെമീതെ വീഴുകയും ചെയ്തു. ഈ ഒച്ചകേട്ടു ഭാസ്ക്കരമേനോൻ പെട്ടെന്നു ജനാലയുടെ അടുക്കൽ ചെന്നപ്പോൾ ഇരുട്ടുകൊണ്ടു യാതൊന്നു തെളിഞ്ഞു കണ്ടുകൂടാ. വിളക്കു കൊളുത്തിനോക്കിയപ്പോൾ അടുത്തു കഴിഞ്ഞ സംഭവത്തിന്റെ ഉച്ഛിഷ്ടങ്ങളായി ഇളകിമറിഞ്ഞ കുഴമണലും പൊട്ടിപ്പൊളിഞ്ഞ ചട്ടിയും മാത്രമെ കിടപ്പൂള്ളു. തന്റെ പ്രവൃത്തികളേയും ഗതാഗതങ്ങളേയും ഗൂഢമായി കാത്തുകൊണ്ടു നടക്കുന്ന ഈ ചാരപുരുഷനെ തൽക്കാലം തേടിപ്പോയിട്ടു പ്രയോജനമില്ലെന്നു അതിന്നു തക്കഅവസരം വരുമ്പോൾ അവനെ കുടുക്കിക്കൊള്ളാമെന്നും കരുതി, സ്റ്റേഷനാപ്സർ ബാക്കിയുള്ള വേലയും മൂഴുവനാക്കി പുറത്തേക്കു പുറപ്പെടുവാൻ ഒരുങ്ങിത്തുടങ്ങി.

'ജനാലകളെല്ലാം ഭദ്രമായി ബന്ധിച്ചു. പോലീസ്സുടുപ്പൊന്നും എടുത്തില്ല. സ്വസ്ഥന്മാരുടെ നിലയിൽ മുണ്ടുടുത്തു്, ഷർട്ടുമിട്ടു തലയിലൊരു കെട്ടും കെട്ടി, വടിവാളോ വടിത്തോക്കോ എടുക്കേണ്ടതെന്നു സംശയമായി. ഒടുവിൽ വടിവാൾ മതിയെന്നു തീർച്ചയാക്കി, അതും കയ്യിലെടുത്തു കാലിന്മേൽ കരയുന്ന തോൽചെരുപ്പിട്ടു പുറത്തേക്കു കടന്നു് അകം പൂട്ടി. ശിഷ്യനെ അന്വേഷിച്ചപ്പോൾ അയാൾ വിളക്കുംകൊണ്ടു മിറ്റത്തു നടക്കുകയായിരുന്നു. കാരണം ചോദിച്ചപ്പോൾ, [ 62 ] 'ആരോ പറമ്പിൽകൂടി ഓടുന്ന ഒച്ചകേട്ടിട്ടു് ആരാണെന്നു നോക്കുകയായിരുന്നു' എന്നു മറുപടി പറഞ്ഞു. സ്റ്റേഷനാപ്സർ ഇതുകേട്ടു് ഒന്നു ചിരിച്ചു. എന്നിട്ടു്-

'ഞാൻ മടങ്ങി വരുന്നതുവരെ ഉറങ്ങിപ്പോകരുതു്. നല്ലവണ്ണം കാത്തിരിക്കണം' എന്നു ശിഷ്യനെ പറഞ്ഞേല്പിച്ചു വീട്ടിൽ നിന്നു പുറത്തിറങ്ങി.

സമയം ഏകദേശം അഞ്ചരനാഴിക രാച്ചെന്നിരിക്കണം. ചക്രവാളത്തിനു സമീപിച്ചിരിക്കുന്ന ചന്ദ്രശകലം വൃക്ഷസമൂഹത്തിൽ മറഞ്ഞിരുന്നു. നാട്ടുവഴിയിൽ മനുഷ്യസഞ്ചാരം തീരെ ഒതുങ്ങി. ഏകബന്ധുവായിരുന്ന കിട്ടുണ്ണിമേനവന്റെ വേർപാടുനിമിത്തം എളവല്ലൂർദേശം ദീർഘനിദ്രയെ അംഗീകരിച്ചതോ എന്നു തോന്നുമാറു ഭയാവഹമായ ഒരു നിശ്ശബ്ദത എല്ലാടവും വ്യാപിച്ചിരുന്നു. നാട്ടുവെളിച്ചമാകുന്ന തുണയോടുകൂടി ഭാസ്കരമേനോൻ ഇടമട്ടു വേഗത്തിൽ നടക്കുകയും, കൂടക്കൂടെ ദൃഷ്ടികളെ അങ്ങുമിങ്ങും വ്യാപരിക്കുകയും ചെയ്തിരുന്നു. കുറെ ചെന്നപ്പോൾ ഒരു സ്വരൂപം അകലത്തുകൂടി നിഴലെന്നപോലെ തന്നെ പിന്തുടരുന്നുണ്ടെന്നു തോന്നി സ്റ്റേഷനാപ്സർ തന്റെ ഗതിവേഗം ഒന്നു ചുരുക്കി; അപ്പോൾ ആ സ്വരൂപവും അപ്രകാരം ചെയ്തു. സ്റ്റേഷനാപ്സർ നിന്നപ്പോൾ സ്വരൂപവും വൃക്ഷത്തിന്റെ ഇടയിൽ മറഞ്ഞു. അദ്ദേഹം വീണ്ടും മുറുകി നടന്നുതുടന്നുതുടങ്ങിയപ്പോൾ അതും ബദ്ധപ്പെട്ടു നടന്നുതുടങ്ങി. അദ്ദേഹം നേർവഴിവിട്ടു വൃഥാവിൽ ഒരു ഇടവഴിയിലേക്കു തിരിഞ്ഞപ്പോൾ അതു പിൻതുടരുവാൻ മടിച്ചു. അദ്ദേഹം തിരിച്ചു റോട്ടിൽകൂടി നടന്നുതുടങ്ങിയപ്പോൾ അതും അദ്ദേഹത്തിനെ അനുഗമിക്കുവാൻ തുടങ്ങി. [ 63 ] ഇങ്ങനെ സ്റ്റേഷനാപ്സർ ആസ്പത്രിയിൽ ചെന്നു കേറുന്നതുവരെ ഈ സ്വരൂപം പിന്നാലെ വരുന്നതുകണ്ടു.

ആസ്പത്രിയുടെ കോലായിൽ ചുമരിനോടുചേർന്നു ഒരു ബഞ്ചിന്മേൽ കമ്പൌണ്ടർ ഇരുന്നു് ഉറങ്ങുന്നുണ്ടായിരുന്നു. സ്റ്റേഷനാപ്സർ അയാളെ വിളിച്ചുണർത്തി എന്തോ സ്വകാര്യം പറഞ്ഞു രണ്ടുപേരുംകൂടി മരുന്നുകൾ വച്ചു സൂക്ഷിക്കുന്ന മുറിയിലേക്കു കടന്നു. സ്റ്റേഷനാപ്സർ അവിടെയുണ്ടായിരുന്ന മരുന്നുകളെല്ലാം സൂക്ഷമമായി പരിശോധിച്ചതിന്റെ ശേഷം കമ്പൌണ്ടരെ നോക്കി-

'ഈ മരുന്നു നിങ്ങൾ അടുത്ത ദിവസങ്ങളിൽ ഉപയോഗിക്കുകയുണ്ടായിട്ടുണ്ടോ? എന്നു്; ഒരു കല്ലടപ്പുകുപ്പി ചൂണ്ടിക്കാണിച്ചുകൊണ്ടു ചോദിച്ചു.

'ഇല്ല' എന്നു കമ്പൌണ്ടർ മറുപടി പറഞ്ഞു.

'എന്നാൽ കുപ്പിയുടെ വക്കത്തും അടുത്തു താഴത്തും മരുന്നു വിതറിക്കാണുന്നതിന്നു കാരണമെന്താണു്?'

'രൂപമില്ല. ഞാൻ എടുക്കുകയുണ്ടായിട്ടില്ല; നിശ്ചയം തന്നെ.

'വേറെ ആരെങ്കിലും എടുത്തിട്ടുണ്ടോ?'

'വൃഥാവിൽ ആരും ഈ അകത്തു കടന്നുകൂടാ എന്നാണു നിയമം'.

'ഈ നിയമം നിങ്ങൾ ശരിയായിട്ടു കൊണ്ടാടാറുണ്ടോ?'

'അപ്പാത്തിക്കരിയുടേയെ എന്റെയോ അപൂർവം ചില വേഴ്ചക്കാർ അകത്തു വരാറില്ലെന്നില്ല. എന്നാൽ ഇവരാരും മരുന്നുകളും മറ്റും എടുത്തു പെരുമാറുക പതിവില്ല.'

'നിങ്ങൾ അറിയാതെ കണ്ടു ഈ അകത്തേക്കു കടക്കുവാൻ വഴിയില്ലേ?' [ 64 ] 'ഇല്ല, എന്നു മാത്രമല്ല ഞാൻ ഇവിടെ ഇല്ലാത്ത സമയം അകം തുറന്നിടാറുമില്ല.'

'അകം തുറന്നു കിടക്കുമ്പോൾ ആസ്പത്രിവിട്ടു ഈയ്യിടെ എങ്ങും നിങ്ങൾ പുറത്തു പോയിട്ടില്ലേ?'

'പരിവട്ടുത്തു കുമാരൻ നായർ ഇന്നലെ മരുന്നു മേടിക്കുവാൻ ഇവിടെ വന്നിരുന്നപ്പോൾ അദ്ദേഹമായിട്ടു സംസാരിച്ചുകൊണ്ടു കുറച്ചുനേരം പിന്നാലെ പോയി. കഷ്ടിച്ചൊരു അഞ്ചു മിന്നിട്ടുനേരം ഇവിടെ ഇല്ലാതിരുന്നിരിക്കാം'

'നിങ്ങൾ സംസാരിച്ചുകൊണ്ടു പുറത്തേക്കു പോയതെന്തിനാണു്? ഇവിടെത്തന്നെ നിന്നു സംസാരിക്കുവാൻ വിരോധമെന്തായിരുന്നു?'

'മരുന്നു വാങ്ങിക്കൊണ്ടുപോകുവാൻ വന്ന രോഗികളിൽ ചിലർ ഇവിടെ കോലായിൽ നില്പുണ്ടായിരുന്നു ആയതുകൊണ്ടു കുമാരൻനായർക്കു സ്വകാര്യം പറവാൻ സൌകര്യമുണ്ടായിരുന്നില്ല. ഇതാണു പുറത്തേക്കു പോകുവാൻ കാരണം.'

'നിങ്ങൾ ഈ കേസ്സിൽ ഉൾപ്പെടാതെ കഴിച്ചാൽ കൊള്ളാമെന്നു മോഹമുണ്ടെങ്കിൽ ഉണ്ടായ സംഗതികളെല്ലാം എന്നോടു തുറന്നു പറയണം. അല്ലെങ്കിൽ ഒടുവിൽ വ്യസനിക്കേണ്ടി വന്നേക്കാം.'

'അയ്യോ! എന്റെ ഭാസ്ക്കരമേന്നേ! ഈ സാധുവിനെ വെറുതേ ശങ്കിക്കരുതേ. ചേരിപ്പറമ്പിൽ ബാലകൃഷ്ണമേനോൻ ഒരു നൂലു പണയംവെച്ചു അഞ്ചുറുപ്പിക എന്നോടുവാങ്ങിച്ചിട്ടുണ്ടായിരുന്നു. ആ നൂലു കുമാരൻനായരുടെ ഉടപ്പിറന്നവളായ അമ്മുവിന്റെയാണത്രെ. കടം തീർത്തു പണ്ടം വാങ്ങിക്കൊണ്ടുപോകേണ്ട ആവശ്യത്തിന്നും; പതിവായിട്ടു ശീലിച്ചുവരുന്ന മരുന്നു വാങ്ങേണ്ടതിലേക്കും [ 65 ] ആയി കുമാരൻനായർ ഇവിടെ വന്നതാണു്. ഈ കാൎയ്യങ്ങളെപ്പറ്റിയല്ലാതെ വേറെ യാതൊന്നും ഞങ്ങൾ തമ്മിൽ സംസാരിക്കുക ഉണ്ടായിട്ടില്ല.'

'അമ്മുവിന്റെ നൂലു് ബാലകൃഷ്ണമേനോൻ എങ്ങനെ സമ്പാദിച്ചു?'

അഞ്ചുറുപ്പിക അത്യാവശ്യമാണെന്നു പറഞ്ഞു ഒരു ദിവസം ബാലകൃഷ്ണമേനോൻ പരിവട്ടത്തുചെന്നുവത്രെ. അപ്പോൾ അമ്മുമാത്രമേ അവിടെയുണ്ടായിരുന്നുള്ളു. അവരുടെ കയ്യിൽ ഉറുപ്പിക ഉണ്ടായിരുന്നതുമില്ല. എന്നിട്ടു തൽക്കാലത്തെ അത്യാവശ്യം നിവൎത്തിച്ചുകൊടുക്കുവാൻ വേണ്ടി അമ്മു നൂലു് അഴിച്ചുകൊടുത്തുവെന്നും ഇതുവരെ ബാലകൃഷ്ണമേനോൻ ആ എടവാടു തീൎത്തിട്ടില്ലെന്നും കുമാരൻനായർ പറഞ്ഞു. അദ്ദേഹം തന്നെ ഈ വിവരം ഇന്നു് ഉടപ്പിറന്നവൾ പറഞ്ഞപ്പോളേ അറിഞ്ഞുള്ളുവത്രെ'.

'എന്നാണു് നിങ്ങൾ ഉറുപ്പിക കൊടുത്തതു്?'

'ഒരു മാസം കഴിഞ്ഞു"

'ആ! ഹാ!! എന്നിട്ടു് ഇതുവരെ അമ്മു മിണ്ടാതിരുന്നു, അല്ലേ? ആ കായ്യം പോട്ടെ, മരുന്നുവാങ്ങുവാൻ വന്നു നിന്നിരുന്ന രോഗികൾ ആരെല്ലാമായിരുന്നു?' എന്നു സ്റ്റേഷനാപ്സർ ചോദിച്ചപ്പോൾ കമ്പൌണ്ടർ ഒരു രജിസ്തർ പുസ്തകം മലൎത്തിക്കാണിച്ചുകൊടുത്തു. അതിൽനിന്നു തലേദിവസം വന്നിരുന്നവരുടെ പേരുകൾ സ്റ്റേഷനാപ്സർ തന്റെ നോട്ടുപുസ്തകത്തിൽ കുറിച്ചെടുത്തിട്ടു്-

'നിങ്ങൾ തിരിയെ വന്നപ്പോൾ ആരെല്ലാം ഇവിടെയുണ്ടായിരുന്നു?' എന്നുവീണ്ടും കുത്തിച്ചോദിച്ചപ്പോൾ--

'ആദ്യം ഉണ്ടായിരുന്നവരെല്ലാം അതാതു ദിക്കുകളിൽതന്നെ നിന്നിരുന്നു.' എന്നു കമ്പൌണ്ടർ സമാധാനം പറഞ്ഞു. [ 66 ] 'നിങ്ങൾ കുമാരൻനായർ ഒരുമിച്ചു പുറത്തേക്കു പോയ സമയം ഏതായിരുന്നു?'

'ഏകദേശം എട്ടുമണി കഴിഞ്ഞു.'

'നിങ്ങളുടെ മുറിയിൽനിന്നു രോഗികൾ കിടക്കുന്ന പൂമുഖത്തേക്കുള്ള വാതിൽ തുറന്നിട്ടുണ്ടായിരുന്നൊ?'

'ഉവ്വു്; പക്ഷെ അവിടെ കിടക്കുന്ന ദീനക്കാരൊക്കെ കിടക്കുന്ന കിടപ്പിൽനിന്നു് അനങ്ങുവാൻ വയ്യാത്തവരാണു് 'എന്നു കമ്പൌണ്ടർ പറഞ്ഞപ്പോൾ-

'ആട്ടെ, നിങ്ങൾ ഇവിടെ നിൽക്കു' - എന്നു് അഭിപ്രായത്തോടുകൂടി സ്റ്റേഷനാപ്സർ രോഗികൾ കിടക്കുന്ന തളത്തിൽ കടന്നു സ്വബുദ്ധിയോടുകൂടി സംസാരിക്കുവാൻ ത്രാണിയുള്ളവരോടൊക്കെ ഓരോന്നു ചോദിച്ചകൂട്ടത്തിൽ കമ്പൌണ്ടരുടെ മുറിയിലേക്കു കടക്കുന്ന വാതിലിന്റെ അടുത്തു കിടക്കുന്ന ഒരുവൻ-

'ഇന്നലെ സന്ധ്യമയങ്ങിയതിന്റെ ശേഷം ആരോ ഒരാൾ പരിഭ്രമിച്ചു കാക്കൽ കടന്നു പോകുമ്പോൾ എന്റെ കാലു വേദനയാക്കി' എന്നു പറഞ്ഞു.

സ്റ്റേഷനാപ്സർ രോഗിയോടു വിസ്തരിച്ചു ചോദ്യം ചെയ്തപ്പോൾ, കാലു വേദന എടുത്തപ്പോളെ അയാൾ കണ്ണുതുറന്നു നോക്കിയുള്ളു എന്നും, കടന്നു പോയ ആളുടെ മുഖം അയാൾക്കു കാണുവാൻ കഴിഞ്ഞില്ലെന്നും, ഉയരം കൊണ്ടു് അയാൾ ഒത്ത ഒരാളാണെന്നും മനസ്സിലാക്കി.

ഇത്രയും വിവരങ്ങൾ തിരക്കി അറിഞ്ഞതിന്റെ ശേഷം ഭാസ്ക്കമേനോൻ കമ്പൌണ്ടരോടു യാത്രയും പറഞ്ഞു വീട്ടിലേക്കു തിരിച്ചു. ആസ്പത്രിയിലേയ്ക്കു വരുംവഴി പിന്തുടൎന്നിരുന്ന സ്വരൂപം വീട്ടിലെ പടിക്കകത്തു കടക്കുന്നതുവരെ പിന്നാലെതന്നെയുണ്ടായിരുന്നു.