മണിമാല (കവിതാസമാഹാരം)
രചന:എൻ. കുമാരനാശാൻ
സ്വാതന്ത്ര്യഗാഥ

മണിമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ



സ്വാതന്ത്ര്യരാജ്യത്തിൻ സമ്രാട്ടെ, തേജസ്സിൻ
വ്രാതമാം സ്വർണ്ണസിംഹാസനത്തിൽ
ജ്യോതിഷ്കിരണാവലിച്ചെങ്കോൽ തൃക്കയിൽ
ദ്യോതിപ്പിചമ്പുന്ന തമ്പുരാനെ.

നിന്തിരുവാഴ്ച ജയിക്കട്ടെ! പീഡയിൽ
പിന്തിരിയാത്ത തലമുറകൾ,
സന്തതം ഘോഷിച്ചു മാറ്റൊലിക്കൊള്ളട്ടെ!
നിന്തിരുനാമം ഭുവനമെങ്ങും.

അന്ധകാരത്തിന്റെയാഴത്തിൽ ക്രൂരമാ-
മെന്തൊരു മായവ്യവസ്ഥയാലോ
ബന്ധസ്ഥരായ് ഞങ്ങൾ കേഴുന്നു ദേവ, നിൻ
സ്വന്തകിടാങ്ങൾ, നിരപരാധർ.

ഓരുന്നു ഞങ്ങൾ പിതാവെ, നിൻ കൺ‌മുന
ദൂരത്തും തേന്മഴ ചാറുമെന്നും
ക്രൂരതതന്നുടെ നേരേയതുതന്നെ
ഘോരമിടിത്തീയായ് മാറുമെന്നും.

ചട്ടറ്റ നിൻ കരവാളിൽ ചലൽ‌പ്രഭ
തട്ടുമാറാക ഞങ്ങൾക്കു കണ്ണിൽ
വെട്ടിമുറിക്കുക കാൽച്ചങ്ങല വിഭോ!
പൊട്ടിച്ചെറികയിക്കൈവിലങ്ങും

ഞങ്ങളെപ്പൊക്കുക, കൂരിരുട്ടിൻ‌കോട്ട-
യെങ്ങും ചവിട്ടി നിരത്തുവാനും
തങ്ങളിൽ കൈകോർത്തു മോക്ഷസുഖബ്ധിയിൽ
മുങ്ങിക്കളിച്ചു പുളയ്ക്കുവാനും.

സത്യം ശ്വസിച്ചും സമത്വം കണ്ടും സ്നേഹ-
സത്തു നുകർന്നും കൃതാർത്ഥരായി
സദ്ധർമ്മത്തൂടെ നടക്കട്ടെ, മാനവ-
രിദ്ധര സ്വർഗ്ഗമായ്‌ത്തീർന്നിടട്ടെ.

"https://ml.wikisource.org/w/index.php?title=മണിമാല/സ്വാതന്ത്ര്യഗാഥ&oldid=35144" എന്ന താളിൽനിന്ന് ശേഖരിച്ചത്