മാർത്താണ്ഡവർമ്മ
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം ആറ്


"കോപിതയമോപദേശാനനിയോഗാൽ,
ആസകലമാശരമഹാബലമസഖ്യം
നാലുപുറത്തും വലിയ ഗോപുരങ്ങളുടെ
തിക്കി ഞെരിച്ചാശു പുറപ്പെട്ടു ഹരിരാമ."

ത്മനാഭപുരത്തുതെക്കേത്തെരുവിൽ ഒരുദിവസം പുലർച്ച ആയപ്പോൾ ജനബാഹുല്യം സാധാരണയിൽ അധികമായി കാണപ്പെടുന്നു. അവിടവിടെ ആയി അനേകം ജനങ്ങൾ കൂടി നിൽക്കുന്നുണ്ട്. അധികവും രാജപരിവാരങ്ങളായ ജനങ്ങളാണ്. ആളുകളുടെ സംഖ്യ മുന്നൂറിൽ ഒട്ടും കുറവില്ലെങ്കിലും എല്ലാവരും നിരുദ്ധവീര്യന്മാരാക്കപ്പെട്ട സർപ്പങ്ങളെപ്പോലെ നിശ്ചേഷ്ടരായി നിൽക്കുന്നു. വഴിപോക്കരായുള്ളവർ അവരുടെ യാത്രയിൽ വടക്കരികിൽ ഒതുങ്ങുകയുംഛത്രങ്ങളെ ആ വശത്തോട്ടു ചരിച്ചു പിടിച്ചുകൊള്ളുകയും ഇടയ്ക്കിടെ തെക്കോട്ട് അതിബഹുമതിയോടുകൂടി നോക്കുകയും വഴിക്ക് തെക്കുവശത്തായി നിൽക്കുന്ന ഒരു മാളികയുടെ പുരോഭാഗത്താകുമ്പോൾ ഛത്രാദികളായി കൈയിലുള്ള സാധനങ്ങൾ നിലത്തു വയക്കുകയും രണ്ടാംമുണ്ടുകൾ അരയിലോ തലയിലോ പ്രായഭേദംപോലെ കെട്ടുകയും ചെയ്തുകൊണ്ടു താണുതൊഴുകയും-ഇത്രയും ഒക്കെ വിശേഷവിധികൾ അനുഷ്ഠിക്കുന്നുണ്ട്. മേൽപറഞ്ഞ മാളിക പത്മനാഭപുരം രാജമന്ദിരത്തിന്റെ ഒരു ഭാഗമാണ്. തെക്കേത്തെരുവിൽ ആണെന്നു സൂചിപ്പിച്ചതുകൊണ്ട് ഈ മാളിക കൊട്ടാരത്തിന്റെ ദക്ഷിണഭാഗത്താണെന്നു വായനക്കാർ ഗ്രഹിക്കരുത്. ആ നഗരത്തിലുള്ള തെരുവുകൾ കൊട്ടാരത്തിനെയോ വല്ല പ്രധാനക്ഷേത്രത്തോയോ ചുറ്റിയുള്ളതല്ല; കൊട്ടാരത്തിന്റെ വടക്കുഭാഗത്തുള്ള ഗൃഹങ്ങളെ ചുറ്റി രഥോത്സവത്തിനായി ഉണ്ടാക്കപ്പെട്ടിട്ടുള്ള വീഥികളാണ്. ഈ തെരുവുകളിൽ തെക്കേത്തെരുവ് കൊട്ടാരത്തിന്റെ വടക്കേ അതിർത്തിയാണ്.

കൊട്ടാരത്തിനകത്തുനിന്ന് പ്രമാണികളായ ചിലർ പുറത്തേക്ക് അപ്പൊഴപ്പോൾ ഓടിവരികയും ചിലരെ കൈകാട്ടി വിളിക്കുകയും ഓരോ നിർദ്ദേശങ്ങൾ ഭരമേൽപ്പിച്ച് അവരെ നാനാദിക്കിലേക്ക് ഓടിക്കയും ചെയ്യുന്നു. മാളികയുടെ മുകളിൽനിന്ന് ' വിശാരിപ്പുകാരൻ ' എന്ന് ഒരാൾ വിളിക്കുന്നത് നാവിക ഇടയിൽ നാൽപ്പത് ഉരു കേൾക്കുന്നുണ്ട്. 'സ്വാമി ' എന്നുവിളികേട്ടുകൊണ്ട് പൊന്നുകെട്ടീട്ടുള്ള വേത്രദണ്ഡം ധരിക്കുന്ന ഒരു കുംഭോദരൻ മേൽപോട്ട് ഓടിക്കയറുകയും ഉടനേ കീഴ്‌പോട്ട് ഇറങ്ങുകയും അങ്ങുമിങ്ങും പാഞ്ഞുനടക്കുകയും ഓരോരുത്തരെ ശാസിക്കയും പിന്നെയും വിളി കേൾക്കുമ്പോൾ മേൽപ്രകാരമുള്ള നടപടികൾ എല്ലാം ആവർത്തിക്കയും ചെയ്യുന്നു. വേണാട്ടധിപനായ മഹാരാജാവിന്റെ ജ്യേഷ്ടപുത്രൻ ശ്രീപത്മനാഭൻതമ്പിഅങ്ങുന്ന് അവർകളുടെ പരിചാരകന്മാരാണ് തെരുവിൽ കൂടിനിൽക്കുന്നത്. അദ്ദേഹത്തിന്റെ ആജ്ഞാകരന്മാരാണ് ഓടിനടക്കുന്നത്. വഴിപോക്കർ കണ്ടു വന്ദിക്കുന്നത് ' ഉമ്പർകോനു സമവിഭവനായ തമ്പിയങ്ങത്തെ'യാണ്. അദ്ദേഹം മാളികയിൽ രണ്ടാമത്തെ നിലയിലുള്ള വരാന്തയിൽ അക്ഷമനായിട്ട് നടക്കുന്നു.

ശ്രീപത്മനാഭൻതമ്പിയുടെ നിറം പരിപൂർണ്ണ പക്വവസ്ഥയെ പ്രാപിച്ച് സ്വർണ്ണകാന്തിയെയും അധഃകരിക്കുന്നതായ ജംഭാരഫലത്തിന്റെ വർണ്ണത്തിലും അധികം ശോഭായമാനമായിട്ടുള്ളതാണ്. തമ്പിയുടെ രൂപം കണ്ടാൽ 'പുണ്ഡരീകഭവസൃഷ്ടികൗശലമഖണ്ഡമായി വിലസുന്നു' എന്നു വർണ്ണിച്ചിട്ടുള്ളത് ഇദ്ദേഹത്തെ ഉദ്ദേശിച്ചായാൽ ഉചിതമായിരിക്കും. ചേതോമോഹിനികളായ സ്ത്രീരത്‌നങ്ങളുടെ കേശഭാരത്തെ ലജ്ജിപ്പിക്കുന്ന നീണ്ട, പക്ഷേ ചുരുണ്ടല്ലാതുള്ള, പൂർവ്വശിഖയെ കെട്ടിനീട്ടി വാമനേത്രത്തെ മിക്കവാറും ആച്ഛാദിക്കുന്ന സ്ഥിതിയിൽ നിർത്തിയിരിക്കുന്നതിന്റെ പുച്ഛം പൂവൻകോഴിയുടെ അങ്കവാൽ എന്നപോലെ പുറകോട്ടു വളഞ്ഞു കിടക്കുന്നു. ഇരുഭാഗത്തോട്ടും കോതി ഒതുക്കിയിരിക്കുന്ന കൃതാക്കളുടെ ഇടയിൽക്കൂടി കാണപ്പെടുന്ന കർണ്ണഭൂഷണങ്ങൾ വായുവേഗത്തിൽ വിച്ഛിന്നമാക്കപ്പെട്ട കാർമേഘങ്ങളുടെ ഇടയിൽ വിലസുന്ന നക്ഷത്രങ്ങളെപ്പോലെ ശോഭിക്കുന്നു. വക്ഷസ്ഥലത്തിന്റെ വിരിവും മദ്ധ്യപ്രദേശത്തിന്റെ ഒതുക്കവും ബാഹുക്കളുടെ ദാർഢ്യവും സ്‌കന്ധങ്ങളുടെ പൃഥുലതയും അദ്ദേഹത്തിൽ കാണപ്പെടുന്നതുപോലെ മൽപിടിത്തക്കാരയ അഭ്യായികളിലും കാണുന്നതല്ല. തമ്പിയുടെ വൻപു നടിച്ചുള്ള ഞെളിവും പ്രൗധിയോടുള്ള കൈവീശലും ശ്വാസം അടക്കി തലപൊക്കിയുള്ള നോട്ടങ്ങളും കാണികൾ തൊഴുമ്പോൽ അലക്ഷ്യമായി തലവെട്ടിത്തിരിച്ചുകളയുന്നതും കാണുന്നവർ അദ്ദേഹത്തിന്റെ മഹത്ത്വത്തെക്കുറിച്ച് വളരെ അതിശയിക്കാറുണ്ട്. നേത്രങ്ങളുടെ സാധാരണ ക്രൗര്യം ഹേതുവായിട്ട് അദ്ദേഹത്തിന്റെ മുഖത്തുനോക്കി സംസാരിക്കുന്നതിന് അന്യന്മാർ സന്നദ്ധരാകുന്നതല്ലെന്നു സേവകന്മാർ പറഞ്ഞു ധരിപ്പിച്ചിട്ടുള്ളതിനാൽ അങ്ങുന്ന് തരാതരംകൂടാതെ ആരെക്കണ്ടാലും ഇമകളെ വിടർത്തി, അണകളെ അമർത്തി, വട്ടമിട്ടു നോക്കിത്തുടങ്ങും. ഈ ദുശ്ശീലം എങ്ങനെ സിദ്ധിച്ചു എന്നുള്ളതിന്റെ സൂക്ഷമമറിയാത്ത ആളുകൾ അതിനെ അദ്ദേഹത്തിന്റെ രൗദ്ര്യപ്രകൃതയുടെ ബാഹ്യലക്ഷണമായി വ്യാഖാനിച്ചുവന്നു. മാറിൽ ഒരു പച്ചമാലയും കൈകളിൽ വീരശൃംഖലകളും രത്‌നഖചിതമായ കൈക്കെട്ടുകളും വിരലുകൾ എട്ടിൽ മോതിരങ്ങളും അണിഞ്ഞിരിക്കുന്നു. ഉടുത്തിരുന്ന കസവുപട്ടക്കര വസ്ത്രധാരണത്തിന്റെ ുദ്ദേശ്യത്തെ നിറവേറ്റുന്നില്ലെങ്കിലും അരയിൽ പൊന്നരഞ്ഞാണവും കല്ലുവച്ച ഏലസ്സുകളും ധരിച്ചിരിക്കുന്നതിന്റെ ഭംഗി അച്ഛന്റെ പ്രജകൾ കണ്ടുരസിച്ചുകൊള്ളട്ടെ എന്നുള്ള അദ്ദേഹത്തിന്റെ അപാരമായുള്ള പരോപകാരതത്പരതാജന്യമായ അഭിലാഷത്തെ സാധിപ്പിക്കുന്നുണ്ട്.

ശ്രീപത്മനാഭൻതമ്പിഅങ്ങുന്ന് എന്നും പപ്പുത്തമ്പി എന്നും വലിയ തമ്പി എന്നും ഈ കഥയിൽ പറയപ്പെടുന്ന ഈ മഹാന്റെ കീർത്തി ദേശിംഗനാട്, ചെമ്പകശ്ശേരി, കോഴിക്കോട്, ആർക്കാട്, മധുര,തഋശ്ശിനാപ്പള്ളി മുതലായ ദിക്കുകളിലും പരന്നിട്ടുണ്ട്. നാട്ടുകാർ ഇദ്ദേഹത്തിന്റെ മുമ്പിൽ മാർജ്ജാരനെക്കണ്ട മൂഷികനെപ്പോലെ വിറയക്കും. ഇന്ദ്രനെയും വിരിഞ്ചനെയും തൃണംപോലെ വിചാരിക്കുന്ന എട്ടുവീട്ടിൽപിള്ളമാരായ പരാക്രമശാലികളും 'തമ്പി ' എന്ന ശബ്ദമാത്രത്തെപ്പോലും ഭയപ്പെടുന്നുണ്ട്. അച്ഛൻ നാടുനീങ്ങിയാൽ സിംഹാസനം പുത്രനു തന്നെ എന്നു നാട്ടിൽ എങ്ങനെയോ ഒരു വിശ്വാസം പരന്നിട്ടുണ്ട്. അതുകൊണ്ടു സകല ജനങ്ങൾക്കും തമ്പിയെക്കുറിച്ചുള്ള ഭയം ഇത്രയെന്നു പറഞ്ഞുകൂടുന്നതല്ല.

ഇപ്രകാരമെല്ലാമിരിക്കുന്ന തമ്പി അങ്ങു്‌നനാണ് പത്മനാഭപുരത്തു തെക്കേത്തെരുവിലുള്ള മാളികയിൽ, താമസം സഹിക്കുന്നില്ല എന്നുള്ള ഭാവത്തിൽ പല്ലുകൾ കടിച്ചുകൊണ്ടു നടക്കുന്നത്. പുറകേ അദ്ദേഹത്തിൻരെ നിഴലെന്ന മട്ടിൽ സുന്ദരയ്യനുമുണ്ട്. സുന്ദരയ്യൻ അന്നു രാവിലെ അവിടെ എത്തിയതേയുള്ളു. യജമാനന്റെ കോപത്തെ ശമിപ്പിക്കുന്നതിനായി സുന്ദരയ്യൻ സമാധാനം പറയുന്നുണ്ടെങ്കിലും തമ്പി അതുകളെ സാരമാക്കുന്നില്ല. ഒടുവിൽ സഹിക്കാൻ പാടില്ലാഞ്ഞിട്ട് , സുന്ദരയ്യൻ കുറച്ചു കോപത്തോടുകൂടി ഇങ്ങനെ പറഞ്ഞു: 'എന്ന തിടുക്കം ഇത്. വരുവാരങ്കത്തെ, ഇപ്പോ വരുവാർ, തിടുക്കപ്പെട്ടതിനാലെ എന്നവും ആഹുമോ ? പറ്റിത്ത്-അതുതാൻ ഇവളവു നേരം.'

തമ്പി: (ഝടിതിയിൽ തിരിഞ്ഞു സുന്ദരയ്യനെ മുഖത്തു പിടിച്ചു പിറകോട്ടു തള്ളീട്ട് ) 'പറ്റിത്ത്----ഇപ്പോൾ പറ്റിത്ത് ഒലക്കയാണു പറ്റിയത്. '

സുന്ദരയ്യൻ: 'എന്നവും ആട്ടും പൊറുക്കവേണം അങ്കത്തെ... '

തമ്പി: 'പൊറുക്കവേണം. ഫോ പെറുക്കി ! മിനക്കെട്ട വേലയ്ക്ക് വേലുവിനെ അയച്ചു. കാലത്തെ വന്നു മുഖം കഴുകുന്നതിനു മുമ്പിൽ ഒരു കള്ളം! '

സുന്ദരയ്യൻ: ( കണ്ണനൂരോടുകൂടി--ആവശ്‌സപ്പെടുമ്പോൾ പുറപ്പെടുന്നതിന് ഈ സാധനം സദാ സുന്ദരയ്യന്റെ പക്കൽ ഹാജരുണ്ട് ) 'മഹാപ്രഭു അങ്കത്തെ കോപപ്പെട്ടാൽ നാങ്കലെല്ലാം അശുക്കൾ പിളക്കറത്... '

തമ്പി: 'മുമ്പിൽ നിന്ന് അവലക്ഷണം മോങ്ഹാതിരിക്കൂ. കണ്ടുപോലും!?എന്നാൽ എവിടെ ? പറന്നുകളഞ്ഞോ?'

സുന്ദരയ്യൻ: 'പാർത്തതു നിജം. അങ്ങത്തയുടെ തിരുപ്പാദങ്ങളെ പിടിച്ചു (ക്രിയയും നടത്തുന്നു ) ശൊല്ലുറേൻ. സത്യം. '

തമ്പി: 'സത്യം! ഹരിശ്ചന്ദ്രന്റെ അടുത്ത വീട്ടുകാരൻ!കള്ളം എന്നതു കണികണ്ടിട്ടോ മറ്റോ ഉണ്ടോ? അയ്യ! നിന്റെ സത്യം!എടോ താൻ.....പിന്നെ----ആ എന്തുവീട് ?ചെമ്പകശ്ശേരി. ശരി--അവിടെ പോയോ ? '

സുന്ദരയ്യൻ: 'ഉത്തരവ്--പോനേൽ-പോനേൻ .'

തമ്പി: 'കണ്ടോ ?'

സുന്ദരയ്യൻ: (മന്ദസ്മിതത്തോടുകൂടി ) 'സുമാറാഹ... '

തമ്പി: ' ഇന്നു കണ്ടപോലെതന്നെ ആയിരിക്കും?'

സുന്ദരയ്യൻ: (ധൃതിയിൽ ) 'അതല്ലെ. '

തമ്പി: 'അങ്ങനെ സമ്മതിക്കൂ. പരമേശ്വരൻപിള്ളയെക്കണ്ടതോ അവളെക്കണ്ടതോ കളവ്? താൻ നാക്കെടുത്തു വളച്ചുതുടങ്ങിയതിൽപ്പിന്നെ ഒരു സത്യമെങ്കിലും പറഞ്ഞിട്ടുണ്ടോടോ? ഗണപതിക്കു കുറിച്ചതേ കള്ളം. തന്നെയും പട്ടരെന്നു പറയുന്നല്ലോ.'

സുന്ദരയ്യൻ: (വല്ലാതെ വിറച്ചുകൊണ്ട് ) 'എന്നെയാ?.... അങ്കത്തെ-നാൻ--എൻ ഗോത്രം...'

തമ്പി: 'തന്റെ ഗോത്രത്തെക്കൊണ്ടു ചുടൂ. എടോടോ നോക്കൂ. അതേ പോകുന്ന സ്ത്രീയെ നോക്കൂ. എന്തു കുണുങ്ങലാണ് !അടി !നമ്മെ നോക്കി കടാക്ഷിക്കുന്നുമുണ്ട്. ഫൂ രസികത്തി ! (സ്ത്രീ തന്റെ വഴിക്കു സ്വസ്ഥമായി പോകുകയായിരുന്നു. 'കുണുങ്ങി ' എന്നുള്ളതും മറ്റും കേവലം തമ്പിയുടെ മനോരാജ്യവും ആയിരുന്നു ) എന്തു തലമുടി! ആ!'

സുന്ദരയ്യൻ: 'അങ്കത്തയുടെ അഴകു ശെയ്കിറ ശെയ്തി ഒന്നും ശൊല്ല ആഹാത്. അവളുക്ക് മുന്നടി എഴുമ്പറതില്ലിയെ-അവൾ കണ്ണെല്ലാം ഇങ്കെത്താൻ. '

സുന്ദരയ്യന്റെ സ്തുതിയും വ്യാജവും കേട്ടപ്പോൾ യുവരാജാവിനെ വധിച്ചുവരുന്നതിനു വേലുക്കുറുപ്പിനെ താൻ നിയോഗിച്ചിട്ട് വേലുക്കുറുപ്പിന്റെ ശ്രമപരിണാമം എങ്ങനെ എന്ന് അറിയാഞ്ഞതിനാൽ കോപിച്ചു നിൽക്കയായിരുന്നു എന്നുള്ളതുംമറ്റും തമ്പി മറന്നു.

തമ്പി: 'ഏഴാംകുടിയേക്കാൽ ഓമനയെടാ--ആരെന്നന്വേഷിക്കണം. പാറുക്കുട്ടി ആൾ ഇതിലും....?'

സുന്ദരയ്യൻ : 'മെച്ചം-മെച്ചം-ഉർവ്വശിതാൻ-കിളികിളിപോലിരിക്ക്.'

തമ്പി : 'നമ്മുടെ ശിവകാമിയേക്കാൾ?'

സുന്ദരയ്യൻ: 'കിഴട്ടുപ്പിണഞ്ഞ പോട്ട് സദൃശംകൂട്ട ഇഴാതും. ഒമ്മുടെ കണ്ണേ ഒഴിച്ചു വാർക്കത്താൻ വേണം. '

സുന്ദരയ്യൻ ദാസനെന്നുള്ള നിലയും 'അങ്കത്തെ ' 'ഉത്തരവ് ' ഇത്യാദിയായ ബഹുമാനവാചകങ്ങളും മറന്നിരിക്കുന്നു. 'യഥാ നാഥഃതഥാ ഭൃത്യഃ ' എന്നുള്ള പ്രമാണം അനുസരിച്ച് തമ്പി തൻരെ ക്രോധവും ക്രോധമൂലവും മറന്നതുകൊണ്ട് സുന്ദരയ്യനും വല്ലതും മറക്കേണ്ടതാണല്ലോ.

തമ്പി: 'ഫൂ! അസത്തേ, നിന്റെ മുഖത്തെയാണ് ഉട്ചചുവാർക്കേണ്ടത്. ആട്ടെൃതന്റെ ഉർവ്വശിയെ ഒന്നു വർണ്ണിക്കൂ. '

സുന്ദരയ്യൻ : 'വർണ്ണിക്ക അനന്തൻതാൻ വേണം. എന്നാലാഹാത്. '

തമ്പി: 'ഞാൻ ചോദിക്കാം. നിറം ?'

സുന്ദരയ്യൻ : 'തങ്കം-പഴുക്കച്ചുട്ട തങ്കം.'

തമ്പി: 'തരം?'

സുന്ദരയ്യൻ: 'ഒമ്മുടെനെഞ്ചളവ് ഉയരം. ഉടലോ ? 'സരസാംഗയഷ്ടി ' എങ്കിറതുതാൻ. പ്രായമോ ? പതിനാറ്- നവമാന യൗവ്വനം, കൊട്ടാത്ത് മാങ്കായ് പഴുത്തപ്പോലെ ഇരിക്ക്. തിങ്കത്താൻവേണം. ഒമ്മുടെ യോഗം താൻ യോഗം.'

തമ്പി'തലമുടി ?'

സുന്ദരയ്യൻ : 'അതെപ്പോട്ട് ഒമ്മേയും ശിന്ന അങ്ഖത്തേയും രെണ്ടുപേരേയും മൂടിയുടലാം. ഒമ്മാണെ പോയിപ്പാരും.'

തമ്പി: 'ശണ്ഠീ, വീണത്വം പറയുന്നോ ?'

സുന്ദരയ്യൻ : 'സുന്ദോപസുന്ദരാട്ടം വരക്കക്കൂടാത്. '

തമ്പി: 'അല്ലാ, തനിക്കു വല്ലതും കിട്ടുമേ. '

സുന്ദരയ്യൻ : 'കിട്ടെ(അടുത്ത്)പ്പോനാൽ താവംപൂ വാടൈ(ഗന്ധം). പാതത്തൂടെ അടി ചെന്താമരപുഷ്പത്തുടെ വർണ്ണം. എന്ന സരളമാന പേച്ച് ! തായാർ കൽത്തൂണെപ്പോലെ ഇരുന്താൾ. പാറുക്കുട്ടി അമ്മാൾ-കൊച്ചമ്മ-അടൈ അബ്ബ! എന്ന പേച്ച്-ശരവർഷം. തേൻ ഒഴുകിറാപ്പോല-ധട-ധട ധടാ-എന്ന മാധുര്യം !'

തമ്പി : 'ഉം, കൊള്ളാം. മിടുക്കൻ. തലയും കാലും നാക്കും മാത്രമേ അവൾക്കുള്ളു ?'

സുന്ദരയ്യൻ : 'കൈകൾ- '

തമ്പി: 'ഫൂ! മൺതലയ ! '

സുന്ദരയ്യൻ : 'കണ്ണ്-ശൊല്ലണമോ ? കാമനുടെ വസതിയെ അങ്കെത്താൻ. '

തമ്പി : 'എടോ ഏഭ്യശിരോമണി, അതല്ല, സാരമായുള്ള- '

സുന്ദരയ്യൻ : 'എന്നെ നീർ ആഭാസനെന്നെണ്ണിനീരോ ? കൊച്ചമ്മ യാകപ്പോകറുത്-കുചം കുചം എല്ലാം നാൻ വർണ്ണിത്തു ശൊല്ലണമാക്കും. ന്യായം താൻ! നല്ല മുറൈ! എന്നുടെ കണ്ണൈ ശൂന്തുവച്ചുപ്പോടുവാരാ നീർ-നാൻ പാർക്കറതാ? -സറി സറി!'

തമ്പി സുന്ദരയ്യന്റെ മുതുകിൽ സന്തോഷപരവശനായി ഒന്നു തലോടി :

'ശരി, പട്ടരായാലും ഗുരുത്വമുണ്ട്. സുന്ദരം, എനിക്കൊന്നു കാണണമല്ലോ.'

സുന്ദരയ്യൻ : 'വരുത്തമാ? നാൻ സുമാറു ശെയ്യുറേൻ. തപസ്സു ചെയ്യ വേണമേ, ഒമ്മെ കിടയ്ക്ക. അവൾ കാത്തിരുപ്പാളെ. മാമനാർ, തായാർ, കീയാർ എല്ലാം വന്ത് ഒമ്മുടെ കാലിൽ വീഴുവാരെ. '

തമ്പി : 'എല്ലാം ഇവിടുന്നു പോയെങ്കിലല്ലേ നടക്കൂ. (പിന്നെയും ദേഷ്യം തുടങ്ങി) കഴുത വേലുക്കുറുപ്പ്-ശവം! ആണുങ്ങൾക്കു വേണം ചോറുകൊടുക്കുന്നത്. ശവത്തുക്കഴുത. ഹേയ്! മുഷിയുന്നു. ഈ അനർത്ഥത്തെ ഒഴിക്കാൻ ആരാലും കഴിയുന്നില്ലല്ലോ. എന്തു വിശേഷമാണ്? എട്ടുവീടർ പഠിച്ച വിദ്യ എല്ലാം നോക്കി. നാമും ഒട്ടും ഉപേക്ഷ കാണിച്ചിട്ടില്ല. കയ്യിൽ കിട്ടുന്നില്ലല്ലോ. '

സുന്ദരയ്യൻ : 'അദോ അന്ത ശത്തം എന്ന? വന്തുട്ടിത്- വേലുക്കുറുപ്പു താൻ-ഏണിപ്പടി കിടുങ്കിറതെ കേൾക്കലയാ? ഇതൊ-അവൻതാൻ- '

വേലുക്കുറുപ്പ് വാടിവിയർത്ത മുഖത്തോടുകൂടി അകത്തുപ്രവേശിച്ചു. 'കണ്ടോ, കാച്ചിയോ ?' എന്ന് സംശയസംഭ്രമങ്ങളോടുകൂടി തമ്പിചോദ്യം ചെയ്തു.

വേലുക്കുറുപ്പ്: 'കാച്ചുണു! ഇന്ത്രശാലം മഹേന്ത്രശാലം ഒക്കെ പടിച്ച് കറ്റവരെ കാണുന്നു. നല്ല തരം-പൊന്നങ്ങുന്നേ, തെറ്റിപ്പോയി....രക്ഷിക്കണം. '

സുന്ദരയ്യൻ: 'അങ്കത്തെ, നാൻ ശൊന്നതിപ്പം നിജം താനേ?'

തമ്പി : 'സുന്ദരം, കൊടുക്കൂ അവന്റെ ചെവിട്ടിൽ. കൊടുക്കൂ നാല്. ഇന്ദ്രജാലം-മഹേന്ദ്രജാലം!നിന്റെ-നിന്റെ-നിന്റെ മറ്റവന്റെ ജാലം !'

വേലുക്കുറുപ്പ്: 'ഇന്ന് ആദ്യമോ അങ്ങുന്നെ ?കള്ളിയങ്കാട്ടുവച്ച് പട്ടരുടെ വേഷമായി; പട്ടരേ അദ്യം എന്നും തോന്നിച്ചില്ലയോ?പനത്തറപ്പൊഴിയിൽ കുറ്റാക്കുറ്റിരുട്ടത്ത് കടലും ആറും ഒന്നായി കിടക്കണ ഇടവപ്പാതിയിൽ പാതിരാത്രി, അറ്റിൽ വെള്ളത്തിന്റെ മീതേകൂടി അല്ലയോ ഓടിക്കളഞ്ഞത് ? പെരുങ്കടവിള വച്ച് ഈഴക്കുടിയിൽ കയറിയ ആളിനെപ്പിന്നെ കാണാനേ ഇല്ല. നെടുമങ്ങാട്ട് കോട്ടയ്ക്കകത്തുവീട്ടിൽ വച്ചാണ് ആകായത്തുകൂടി പറന്നുകളഞ്ഞത്.'

തമ്പി ഭഗ്നോദ്ദേശ്യനായി ചിന്താകുലനായി മിണ്ടാതെ നിന്നു.

വേലുക്കുറുപ്പ് : ' കേൾക്കണം അങ്ങുന്നേ. ഉത്തരവായി കേൾക്കണം. ഇന്നു കടന്നുപിടിച്ചപ്പോൾ പക്ഷികളായി പറന്നുകളഞ്ഞു. ആ പരമുപിള്ളയെയും പഠിപ്പിച്ചിരിക്കുന്നു. ഞങ്ങലു പിന്നെയും തിരഞ്ഞു നടന്നു. ആരോടു ചോദിക്കുന്നത്? ഒരു ചാന്നാനെ വല്ലവണ്ണവും കണ്ടുകിട്ടി. ആളുമാറി നിക്കയാണന്നുവച്ച് അവനെ പിടിച്ചു. കൂടുവിട്ടു കൂടു മാറണ ശാലംകൂടി ഒണ്ടെങ്കിലോ എന്നു വിചാരിച്ച് അവനെ പിടിച്ചപ്പോൾ ഒണ്ടല്ല. എന്റെ പൊന്നങ്ങുന്നേ, അങ്ങുന്നു കണ്ടില്ലല്ലോ! ചോറുതരണ അങ്ങത്തെ കാലാണെ, അച്ചനാണെ, തിരുവാണപ്പടിയാണെ, എൻരെ ആയാനാണെ-ഞാൻ പറഞ്ഞാൽ പോരാ-അവിടം ഒക്കെ അമ്പുകൊണ്ടുമൂടി; കുട്ടിപ്പിള്ളയും പപ്പനാച്ചാരും ചടയൻപിള്ളയും ഊളിനായരും പരപ്പൻനായരും ഒക്കെ തൊലഞ്ഞു. ഞാൻ എന്റെ ആയുസ്സിന്റെ വലിപ്പങ്കൊണ്ട് ഇങ്ങുവന്നു പിഴച്ചു.' ഈ കഥയുടെ അവസാനത്തിൽ വേലുക്കുറുപ്പു ദീർഘമായി ഒന്നു നിശ്വസിച്ചു.

തമ്പി: 'നിനക്കുംകൂടി തൊലഞ്ഞൊഴിഞ്ഞുപാകാൻ പാടില്ലായിരുന്നോ? ഒരു അമ്പിനു നിന്റെ കാളക്കഴുത്തും കൊണ്ടുപോകാൻ കഴിഞ്ഞില്ലല്ലോ !'

വേലുക്കുറുപ്പ് : 'ആ പൂച്ശ്രാണ്ടം ഒന്നും ഈ പരിച എന്റെ കയ്യിലുള്ളപ്പോൾ പറ്റില്ല. ഏഴുകോടി താന്വന്ത്രം ആണ് ഇതിൽ അഹോർനമ്പൂതിരിപ്പാടു ജപിച്ച് ആവാഹിച്ചിട്ടുള്ളത്. അങ്ങുന്നേ, വരുന്നവഴിക്കു ഒരമ്പു കണ്ടുകിട്ടി; അതിതാ നോക്കണം. അതെങ്ങനെ അവിടെ വന്നു എന്ന് എനിക്കൊരിത്.'

തമ്പി അസ്ത്രം വാങ്ങിനോക്കി, അതിൽ 'ചടച്ചിമാർത്താണ്ഡപ്പിള്ള ' എന്നു പേർ വെട്ടിയിരിക്കുന്നതിനെ വായിച്ചിട്ടു കുറേനേരം ആലോചനയോടുകൂടി നിന്നു. ഒടുവിൽ സുന്ദരയ്യനെ ഭസ്മമാക്കാനെന്നു തോന്നിക്കും വിധം, കോപിച്ചു ചുവന്ന ജ്വലിക്കുന്ന നേത്രങ്ങളോടുകൂടി ബ്രാഹ്മണന്റെ മുഖത്തു നോക്കീട്ട്, 'നിന്റെ സുമാറ്! പിടി പട്ടരുടെ കൊങ്ങയക്ക് (വേലുക്കുറുപ്പ് ഉടനെ കടന്നു സുന്ദരയ്യന്റെ കണ്ഠത്തിൽ പിടികൂടി) ചോദിക്ക്, ചുള്ളിയിൽ ചടച്ചി മാർത്താണ്ഡപ്പിള്ള ഏതു ഭാഗത്താണെന്ന്. അസ്ത്രങ്ങൾ അയച്ചതു ചടച്ചിയാണ്. ചാന്നാൻ ആരാ? ചടച്ചി അടുത്തുണ്ട്. ചാന്നാന്മാരു കുറച്ചു കവിഞ്ഞുപോണു' എന്ന് ക്രോധത്തോടുകൂടി പറഞ്ഞു.

സുന്ദരയ്യൻ : (ഉറക്കെ വാവിട്ടു കരഞ്ഞുകൊണ്ട്) 'അങ്കത്തേ, കൊല്ലാതും അങ്കത്തെ. വിട ഉത്തരവു കൊടുത്തു കാപ്പാത്തും. കിട്ടക്കെകാണറ ചാണാപയകളെ മുച്ചൂടും കറകറനെ ഇഴുത്തുകൊണ്ടര ഉത്തരവു കൊടും. ഇതിലെ എന്നവോ പിരട്ടിരിക്ക്. അതുക്കു പിഴച്ചതു നാനാ പൊന്നങ്കത്തെ? എന്നുടെ സുമാർ സുമാറാകത്താനിരിക്കും. രെണ്ടു നാളുക്കുള്ളെ കാണാലാം.'

തമ്പി : 'ശവത്തിനെ വിട് വേലൂ. കേൾക്ക്, കാണുന്ന ചാന്നാപ്പരിഷകളെ അരനാവികയക്കകം ഇവിടെ. ഫോ! ഇതിൻരെ അവസാനം കണ്ടിട്ട് മേൽക്കാര്യം. അത്ര മുതിർന്നുപോയല്ലോ ഓരോരുത്തർ. പോ! കൊണ്ടുവാ. തെളിയുമോ ഇല്ലയോ എ്‌റിയിട്ടെ. മുഴുവനും ജാലമല്ല; തീർച്ചയാണ്. വൈകുംമുമ്പിൽ ആ ചാന്നാനെ കൊണ്ടന്നില്ലെങ്കിൽ ഒന്നിന്റെ കഴുത്തിനെ വെച്ചേക്കൂല്ല- ഫോ. ' ഗംഭീരഭാവത്തോടുകൂടി കൊടുക്കപ്പെട്ട ഈ ആജ്ഞ കേട്ടു വേലുക്കുറുപ്പു പറയുന്നതിനെന്നുള്ള ഭാവത്തിൽ സുന്ദരയ്യനും പുറകേ എത്തി.

സുന്ദരയ്യൻ : 'അടേ, എന്ന പൊയ്യെടാ? അവർ ഓടിയൂട്ടാരാക്കും. '

വേലുക്കുറുപ്പ് : 'പറന്നേകളഞ്ഞു. തൊറന്തു്പപാത്തേനു, പറന്തുപ്പോച്ചാൻ! ബ്ല, ചങ്കിച്ചുംപോയി. പിന്നെ എന്തുചെയ്യും? '

സുന്ദരയ്യൻ : 'അന്ത ശാണാൻ ആര്? '

വേലുക്കുറുപ്പ് : 'അത് അറവലയോ?'

സുന്ദരയ്യൻ : 'അന്ത അനപുടെ കതയോ ? '

വേലുക്കുറുപ്പ് : 'അതൊള്ളതുതന്നെ. ?'

സുന്ദരയ്യൻ : 'ശെത്തത് എത്തിന പേർ? '

വേലുക്കുറുപ്പ് : 'രണ്ടേ രണ്ട്. ഇനി ഇപ്പോൾ ഞാൻ എന്തുവേണം? ചാന്നാന്മാരെ കൊണ്ചന്നിട്ട് എന്തുവേണം?'

സുന്ദരയ്യൻ : 'അവരുക്കുതാൻ തെരിയും. എന്നത്തെയോ കേട്ട് എന്നത്തെയോ ശൊല്ലൂട്ടാർ. ഉനക്കെന്ന? പോ അപ്പാ പോ. എല്ലാത്തെയും ഇവ്. ഇഴുത്തിഴുത്തിങ്കെ കൊണ്ട്‌പോട്. എന്നവും ശെയ്യട്ടും. അതിലെ ഒന്നിരിക്ക്. അന്ത ചടച്ചിപ്പിള്ളെ പറ്റിച്ചുപൊട്ടാർ പോലിരിരുക്ക്. ചാണാപ്പയലെ കൊണ്ടുവന്നാൽ അമ്പുടെ കാര്യത്തെപ്പറ്റി എന്നവും തുൽപു കിടയ്ക്കും. പയകളെ എല്ലാം കൊല്ലറതാനാ, അതും താവിളെ-പാര്-ഇന്ത ആളുകൾ മുച്ചൂടും കിടുങ്കംപടിക്ക് എന്നതാവിത് ഇപ്പോസെയ്യ വേണ്ടിയത്. അതുക്കു നല്ല അവസരം, പോ. എൻ കഴുത്തിലെ പിടിച്ചതെ മനസ്സിലെ വച്ചുക്കോ.'

വേലുക്കുറുപ്പ് : 'കള്ളസ്വാമി !അയ്യ !കിടന്നു കോട്ടാൻ തൊറക്കുമ്പോലെ തൊറന്നല്ലോ. അതു കള്ളമല്ല ? അമ്പേ സാമീ, ഇത്ര കള്ളം എനിക്കുമില്ല. നൊന്തിട്ടാണോ ഈ വിളി എല്ലാം വിളിച്ചത് ? ഞാൻ അങ്ങുന്നു കാണാൻവേണ്ടി വച്ച് അമുക്കിപ്പിടിക്കുംപോലെ പിടിയെടാ പിടി...ഒരാളു കിടന്നു പുലയൻ വിളിക്കുമ്പോലെ വിളിയെടാ വിളി- ഹ! ഹ!'

സുന്ദരയ്യൻ: മൊള്ളേടാ പൈത്യാറാ. അവർ കേപ്പാർ-'

വേലുക്കുറുപ്പ്: 'കേട്ടാലെന്ത്? തരത്തിന് വല്ലതും പറയും. വായിൽ നാക്കല്ലയോ കിടക്കണത്?'

സുന്ദരയ്യൻ: 'പോ, ശീഘ്രം പോ. അവർ അതോ അ,ം പോടതെക്കേൾ അലമാറു താൻ. '

വേലുക്കുറുപ്പ് ചാന്നാന്മാരെ ആരാഞ്ഞും സുന്ദരയ്യൻ തമ്പിയെ സമാധാനപ്പെടുത്തുവാനും തിരിച്ചു. പത്തിരുനൂറു നായന്മാരും വേൽക്കാരും ആയി അണ് വേലുക്കുറുപ്പ് ചാന്നാന്മാരെ പിടികൂടുന്നതിനു തിരിച്ചത്. ഇങ്ങനെ വലുതായ സന്നാഹത്തോടുകൂടി തിരിച്ചത് വേലുക്കുറുപ്പിനു തന്നെ മനസ്സിലായിരുന്ന ഒരു ഉദ്ദേശ്യത്തോടുകൂടി ആയിരുന്നു. വേലുക്കുറുപ്പ് യാത്രയായതിന്റെ ശേഷം തമ്പി ദേഷ്യത്തോടുകൂടിത്തന്നെ കുളിയും ഊണും കഴിഞ്ഞു മാളികയിൽ കേറി ഇരിപ്പായി. സുന്ദരയ്യനോടും മിണ്ടാൻ ഭാവമില്ല. മദ്ധ്യഹ്നം ആയപ്പോൾ ചാന്നാനെയുംകൊണ്ട് ഒരു കൂട്ടെ വേൽക്കാർ എത്തി, ചടച്ചിമാർത്താണ്ഡപ്പിള്ളയെ ആകട്ടെ, മറ്റു വേണ്ട ആളുകളെ ആകട്ടെ കണ്ടിട്ടില്ലെന്നും പിടികൂടികൊണ്ടു വന്നിട്ടുള്ള ചാന്നാൻ യാതൊന്നും അറിഞ്ഞിട്ടില്ലെന്നു പറയുന്നു എന്നും ബോധിപ്പിച്ചു. വേലുക്കുറുപ്പ് 'ചാന്നാൻ ' എന്ന ഒരു വാക്ക് ഉച്ചരിച്ചതു കേട്ട് തനിക്കു ചില ആലോചനകൾ അപ്പോൾ ഉണ്ടായതല്ലാതെ, ചാന്നാന്മാരെ പിടികൂടി കൊണ്ടുവരാൻ ആജ്ഞാപിച്ചതിന്റെ ഉദ്ദേശ്യം എന്താണെന്നു കോപാന്ധനായിത്തന്നെ ഇരിക്കുന്ന അദ്ദേഹത്തിനു രൂപമില്ല. 'ചാന്നപ്പയൽ ഒരുത്തനെ കൊണ്ടന്താച്ച് ' എന്ന് വേൽക്കാരുടെ റിപ്പോർട്ടിനെ വ്യക്തമായി സുന്ദരയ്യൻ പറഞ്ഞു.

തമ്പി: 'വെട്ടിക്കളയട്ടെ കഴുത്ത്. അല്ലെങ്കിൽ സത്യം പറയട്ടെ.'

സത്യം പറയുന്നതിനു ചാന്നാന് യാതൊരറിവും ഇല്ലായിരുന്നു. അരനിമിഷംകൊണ്ട് തലയറ്റ് അവൻ നിലത്തു വീണു. ഇങ്ങനെ ഏകദോശം അമ്പതു ചാന്നാന്മാരുടെ കഥ കഴിഞ്ഞു. 'പൊന്നേമാന്മാരേ, ഒടയതമ്പുരാനെ, അടിയങ്കൾ ഒണ്ണും പിളച്ചില്ലേ. ' എന്ന മുറവിളികൾ കേട്ടും പ്രേതങ്ങൾ വർദ്ധിച്ചു വരുന്നതും രക്തം ഒഴുകിത്തുടങ്ങിയതും തമ്പിയുടെ നിർദ്ദയമായുള്ള കൃത്യത്തെ അറിഞ്ഞു വ്യാകുലപ്പെട്ടുതുടങ്ങിയ നഗരവാസികൾ ഓരോന്നു മന്ത്രിച്ചുതുടങ്ങിയതുകണ്ടും സംഗതിയുടെ ഗൗരവം കുറച്ചു മനസ്സിലായതിനാൽ തമ്പിക്കുതന്നെ ഒരു പരിഭ്രമം പിടിപെട്ടു. ഒടുവിൽ ഭ്രാന്തനായ ഒരു ചാന്നാനെ പത്തിരുപത് വേൽക്കാർക്കൂടി വലിച്ചിഴച്ചു കൊണ്ടുവന്ന് പ്രേതക്കുന്നിന്റെ മുന്നിലായ് നിറുത്തി. ശവക്കൂട്ടത്തെ കണ്ടപ്പോൾ ചാന്നാന്റെ നേത്രങ്ങൾ അടഞ്ഞു. ശരീരം ഒന്നു വിറയ്ക്കുകയും ചെയ്തു. “എടാ” എന്നു തമ്പി തന്നെ ദേഷ്യത്തോടെ വിളിച്ചതു കേട്ട് ഞെട്ടി ഉണർന്നതു പോലെ ചാന്നാൻ കണ്ണു തുറന്നു. ബീഭത്സനായ ചാന്നാന്റെ ദയനീയമായ വേഷം കണ്ട് തമ്പി ഇങ്ങനെ ചോദ്യം ചെയ്തു: “എടാ, നീ ഒരു വസ്തു കഴിച്ചില്ലയോടാ ഇന്ന്?”

ചാന്നാൻ: “പവിഴനല്ലൂർ നടുക്കാട്ടിലെ - തങ്കം പട്ട പടുകളത്തിൽ, ചണ്ടാളപ്പാവി പാപ്പാൻ - ചതിയാക കൊന്നാനെ.”

വ്യക്തമായും മധുരമായുമുള്ള സ്വരത്തിലും തമ്പിയുടെ ചോദ്യത്തിന് ഉത്തരമായും ചാന്നാൻ ഉച്ചത്തിൽ ഇങ്ങനെ പാടിയതു കേട്ടപ്പോൾ തമ്പിയും സുന്ദരയ്യനും വിവർണ്ണന്മാരായി. പരസ്പര വിചാരങ്ങളെ മനസ്സിലാക്കീട്ട് “എന്ന സൊറം” എന്ന് സുന്ദരയ്യനും , “”എടാ, നിന്നോട് ചോദിച്ചതിന് ഉത്തരം പറ; നിന്നെ ഒന്നും ചെയ്യില്ല” എന്ന് തമ്പിയും പറഞ്ഞു.

ചാന്നാൻ: “കൊല്ലവരം വെല്ലവരം - കുടിയഴിയ മുടിക്കവരം-പാലികളെ ചൂലികളെ-ഇമ്പമൂടൻ കൊല്ലവരം. ” സുന്ദരയ്യൻ: “ബലെ, ഇവൻ പൈത്യാറനെന്ന്.”

തമ്പി: “ഹേയ്, ഒരു കഥയുമില്ലാത്ത പിച്ചൻ. എങ്കിലും ഒന്നു ചോദിക്കട്ടെ. പിന്നെ, ശരി -ആ: ഇന്ന് നീ ഒരു ഏമാനെ കണ്ടോടാ? വില്ലും അമ്പുമായിട്ട് ഒരു തമ്പുരാനെ?”

ചാന്നാൻ:“നീലക്കറുപ്പ് ചാലിങ്കന വില്ലെത്തിനാ-കടകം വെട്ടിക്കുത്തിക്കൊണ്ട് കടത്തല- മുറയിൽ തടുക്കും വെടിക്കറരെത്തിന-ചതുരം പെരുത്ത-”

തമ്പി:“ഛേ ഛേ! കൊണ്ട് ആ കല്ലറയിൽ ഇട്ടേക്കയ്ക്കട്ടെ. ഇനി വരുന്നവരെയും അങ്ങനെ തന്നെ. കൊല്ലണ്ട.”

തമ്പിയുടെ ആജ്ഞാനുസരണം, കിങ്കരന്മാർ ഭ്രാന്തനെ പിടിച്ച് അന്ധകാരമയമായ ഒരു കല്ലറയിൽ കൊണ്ടാക്കി വാതിലും ബന്ധിച്ചു.ഭ്രാന്തനെ ഭാഗ്യം കൊണ്ട് വേലുക്കുറുപ്പും അയാളോട് അന്നു രാവിലത്തെ പുറപ്പാടിൽ ഉണ്ടായിരുന്ന വേൽക്കാരിൽ യാതൊരുത്തരും അവിടെ ഉണ്ടായിരുന്നില്ല. ഭ്രാന്തന്റെ വരവു കഴിഞ്ഞതിൽ പിന്നെ ചാന്നാന്മാരുടെ വരവുണ്ടായില്ല. തമ്പി രക്തധാര കണ്ട് തൃപ്തനായി, സുന്ദരയ്യനോട് ഉത്സാഹമായി സല്ലാപം തുടങ്ങി. ഏകദേശം മൂന്നുനാലു നാഴിക കഴിഞ്ഞപ്പോൾ വേലുക്കുറുപ്പ് തന്റെ ദന്തനിരകളെയും പുറത്തുകാട്ടി വിജയിയായ ഭാവത്തിൽ മാളികയിലേയ്ക്ക് കടന്നു ചെന്നു.

തമ്പി:“വന്നോ, ഒന്നിനും കൊള്ളാത്ത ഏഭ്യൻ? ചിരിക്കുന്നു! നിന്റെ ഭാര്യയോ മറ്റോ ഇരിക്കുന്നോ ഇവിടെ നിന്റെ സൌന്ദര്യം കണ്ട് രസിപ്പാൻ?“

വേലുക്കുറുപ്പ്: “ ഈ കൈക്ക് വള തരാനുള്ള പൊന്നങ്ങുന്നുണ്ട്. അങ്ങുന്നേ, വേലു പോയാൽ വെറുതേ വരുല്ല. സ്വാമി വിചാരിച്ചത് ഞാൻ ചാന്നാന്മാരെ പിടിയ്ക്കാൻ പോയെന്നാണ്. അതിനല്ല ഞാൻ പോയത്.”

തമ്പി: “പിന്നെ?”

വേലുക്കുറുപ്പ്:“സുന്ദരസ്വാമിയ്ക്കേ ബുദ്ധിയുള്ളെന്നാണ് ബാവം. നോക്കിക്കൊള്ളണം സ്വാമി. അങ്ങുന്നെ, കൈയ്യിൽകിട്ടിപ്പോയ്. ഒരമുക്ക്; ശാലം ഒക്കെ ദൂരെ. ഞാൻ ഇതാ പോണു. രാത്രി ഇരുട്ടി രണ്ട് നാഴിക ആകുമ്പോൾ ഇവിടെനിന്ന് ഒരു നൂറ്റമ്പത് വേൽക്കാരെയും നായന്മാരെയും അയച്ചേക്കണം. അവര് നേരെ മാങ്കോയിക്കൽ എത്തണം. അവിടെയോ അതിനടുത്തോ ഞാൻ കാണും. അങ്ങത്താണെ ഇന്നു തീട്ടിയേക്കാം. സംശയിക്കേണ്ട. നൂറ്റമ്പതു വേൽക്കാരെ ഞാൻ ഓരോ വഴിയിൽ നിറുത്തീട്ടുണ്ട്. ”

തമ്പി: “എന്തിനെടാ? മാങ്കോയിക്കൽ ഉണ്ടോ?”

വേലുക്കുറുപ്പ്: “ഒണ്ട്; രാത്രി കണിശമായ് വേൽക്കാർ അവിടെ എത്തണം. ഇരുളും വേലുവും ചേർന്നാൽ ശാലമൊക്കെ ഫൂ!”

ഭ്രാന്തൻ ചാന്നാൻ കല്ലറയ്ക്കകത്തായി വാതിലും അടഞ്ഞു കണ്ടപ്പോൾ ലേശമെങ്കിലും പരിഭ്രമമോ ഭീതിയോ കൂടാതെ ബന്ധിക്കപ്പെട്ട വാതിലിനു സമീപമെത്തി കുറച്ചുനേരം ചെവികൊടുത്തു നിന്നു. തന്ന് ബന്ധനത്തിലാക്കിയ ഭടന്മാർ അകലെ ആയെന്നു നിശ്ചയം വന്നപ്പോൾ മുറിയ്ക്കകത്ത് ചുറ്റിനടന്ന്, കൈകൊണ്ടും കാലുകൊണ്ടും മുറിയെ പരിശോധന ചെയ്തു. ഈ മുറി സമഭൂമിയിൽ നിന്നു പത്തിരുപതടി താണുള്ളതായിരുന്നു.സൂര്യരശ്മികൾക്കു കടക്കുന്നതിന് ഒരു മാർഗ്ഗവും ഇല്ലാതിരുന്നതിനാൽ ചാന്നാന്റെ പരിശോധന കഴിയുന്നതിനു വളരെ താമസമുണ്ടായി. ഒടുവിൽ തന്റെ പാദത്തിൽ ഒരു ഇരുമ്പു വളയം തടഞ്ഞതിനെ മേലൽപ്പോട്ടു വലിച്ചുനോക്കിയതിൽ ചെറുതായ ഒരു വാതിൽ നിലത്തു തുറന്നതായ് കണ്ടു. ഇപ്രകാരം തുറക്കപ്പെട്ട ദ്വാരത്തിന്റെ രണ്ടുവക്കിലും കൈപിടിച്ചു കൊണ്ട് ചാന്നാൻ കീഴ്പ്പോട്ട് തൂങ്ങിയിറങ്ങി നിലത്തുമുട്ടി. മുകളിലുള്ള വാതിൽ അടച്ചു. താൻ നിൽക്കുന്ന മുറി എത്രയും കുടുസ്സായുള്ളതും വായുസഞ്ചാരം മിക്കവാറും ഇല്ലാത്തതും ആണെന്നറിഞ്ഞ് നാലുവശവും ധൃതിയിൽ പരിശോധന കഴിച്ച് ഒരു വാതിലിനെ കണ്ടുപിടിച്ച്, അതിനെ പ്രയാസം കൂടാതെ തുറന്നു. കാൽ മുന്നോട്ട് വച്ചത് ഒരു കൽ‌പ്പടിയുടെ മുകളിലായിരുന്നു. എട്ടുപടി ഇറങ്ങിയപ്പോൾ നിരപ്പുള്ള ഭൂമിയായി.മുന്നോട്ട് നടന്ന്, ഏകദേശം അരയ്ക്കാൽ നാഴിക ചെന്നപ്പോൾ മാർഗ്ഗം അടഞ്ഞു കണ്ടു. പത്മനാഭപുരത്ത് നിന്ന് ചാരോട്ടേക്ക് ഒരു ഗുഹാമാർഗ്ഗം ഉള്ളതായി ചാന്നാൻ അറിഞ്ഞിട്ടുണ്ട്. മാർഗ്ഗം അടഞ്ഞുകണ്ടപ്പോൾ പിന്നോട്ട് തിരിച്ചു. നടന്നിട്ട് വഴി അവസാനിയ്ക്കുന്നില്ല. അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞും ചിലപ്പോൾ വഴിമുട്ടിയും, പിന്നോക്കം നടന്നും പാറ, ചരൽ, ചേറ്, മണൽ എന്നിങ്ങനെ പലമാതിരിയുള്ള നിലങ്ങളും അനേകം ജീവജന്തുക്കളേയും ചവിട്ടിയും ഓരോ സ്ഥലത്ത് കൈ, കാൽ, തല മുട്ടിയും ഏകദേശം പത്തു പന്ത്രണ്ടു നാഴിക നേരം നടന്നതിന്റെ ശേഷം ഒരു കൽ‌പ്പടിയിൽ കാലു തട്ടി. ഈ സ്ഥലത്തുണ്ടായിരുന്ന പടിക്കൂട്ടത്തെ കയറിയപ്പോൾ ഒരു വാതിലും അതിനെ തുറന്നപ്പോൾ മുമ്പിലത്തേതു പോലെ കുടുസ്സായുള്ള ഒരു മുറിയും കണ്ടു. ആ മുറിയുടെ മച്ചുള്ള വാതിൽ തുറന്നപ്പോൾ ചാരോട്ട് കൊട്ടാരത്തിന്റെ ഒരു മുറിയ്ക്കകത്തായി. ആ മുറിയുടെ വാതിൽ ബലംകൊണ്ടു തുറന്ന് പുറത്തിറങ്ങിയപ്പോൾ സന്ധ്യ കഴിഞ്ഞു രണ്ടു മൂന്നു നാഴിക രാത്രി ആയിരിയ്ക്കുന്നതായി കണ്ടു. വഴി അറിയുന്നതിന് അന്ധകാരം ഹേതുവാൽ വളരെ ബുദ്ധിമുട്ടി. കല്ലും മുള്ളുകളും കാലിൽ തറച്ചതും സഹിച്ചുകൊണ്ട് മാങ്കോയിക്കലിന് അരനാഴിക തെക്കുള്ള ഒരു കുറ്റിക്കാട്ടിലെത്തി. അവിടെ വലിയൊരു സംഘം കൂടിനിൽക്കുന്നുണ്ട്. തമ്പിയുടെ ക്രൂരകൃത്യത്തെ ഭയന്ന് ഓരോ ദിക്കിലായ് ഓടിപ്പോയിരുന്ന ചാന്നാന്മാർ കൂടി പ്രതിക്രിയക്കുള്ള മാർഗ്ഗം ആലോചിക്ക ആയിരുന്നു. പലരും പലവിധം അഭിപ്രായപ്പെടുന്ന സന്ദർഭത്തിലാണ് നമ്മുടെ ഭ്രാന്തൻ ആ സ്ഥലത്ത് എത്തിയത്. പലരും: “ആ--- പിച്ച വണ്ണൂട്ടല്ലൊ. പിച്ചയെ കൊണ്ണില്ലയോടാ?” ഒഴക്കനെന്നൊരു ചാന്നാൻ: “ഏത് പിച്ചയെടാ മച്ചമ്പി?” കൊപ്പിളൻ: “നോക്ക്, തെരിയാതെണ്ണോ?” ഒഴക്കൻ: “എക്കെ അപ്പിച്ചനാണ എക്കറിഞ്ചൂടെ.” പൊടിയൻ: “മാനത്തെ മളയിക്കൂടി വണ്ണൂട്ടാരോ” എന്ന് പറഞ്ഞുകൊണ്ട് തുറന്ന വായോടുകൂടി പിച്ചയെ നോക്കിക്കൊണ്ട് നിന്നു. നണ്ടൻ: “പിച്ചയെ അറിഞ്ച് എന്നവേണമോ? പിച്ച ശൊല്ലണതേ കേപ്പോം” ഭ്രാന്തൻ: “പയകളെ എല്ലാം ഒണ്ണൊണ്ണാ അരിഞ്ചല്ലാ മാവാവി പോട്ടിരിക്കറ്ത്. നമ്മ ആണുങ്ങളെങ്കി പൊറുക്കുമെണ്ണാ?” രാക്കിതൻ: “”എടേ ചുപ്പിറമണിയാ, ഏനോ നാൻ ചൊല്ലേല്ലേ?” പൊന്നൻ: “എന്ന ചെയ്യും പിച്ചേ? ഞങ്കക്കു തെരിയപ്പണി.” ഭ്രാന്തൻ: “കുടികളിപ്പോയി ചരിവിനെടാ--എക്ക പുത്തിയിലെ അങ്കനയാണല്ലൊ തോറ്റം.” പൂതത്താൻ: “ഏറെ ഒരു വെട്ടം--അതെന്തരെന്ന് പാപ്പിനെടാ?” പൊടിയൻ: “മാനത്തെ വാളെടുത്ത് വീയണത്” ഭ്രാന്തൻ: “അതല്ലെ, തീ പിടിച്ചണാ എങ്ങോ? മങ്കോയിക്ക ഏമാന്റെ വീട്ടി--വരുവിനെടാ. ഛീ, എടാ പൊടിയാ, ഇളിഞ്ചപ്പാത്തു നിന്നാലക്കൊണ്ടാ? നീ വറേല്ലെ?” ഇങ്ങനെ പൊടിയനെ ശാസിച്ചുകൊണ്ട് ഭ്രാന്തൻ വായുവേഗത്തോടെ പായുന്നതിനെക്കണ്ടു പുറകെ മറ്റുള്ളവരും എത്തി. വടി, വാച്ചി, അറുപ്പുകത്തി എന്നീവക ആയുധങ്ങൾ എല്ലാവരും ധരിച്ചിട്ടുണ്ട്. മങ്കോയിക്കൽ അടുക്കുന്തോറും പ്രകാശവും വർദ്ധിച്ചുകണ്ടു. ധൂമഗന്ധം നാസികകളിൽ തട്ടിത്തുടങ്ങി. ചില മുറവിളികൾ കേൾക്കുന്നുണ്ട്. ജ്വാല പൊങ്ങുന്നതും കാണാറായി. പ്രാണവേദനയോട് കൂടി നികൃത്താംഗന്മാരായി ഓരോ പ്രാകൃതവേഷങ്ങൾ പാഞ്ഞുപോകുന്നതും കാണുന്നു. ചാന്നാന്മാർക്കു മാങ്കോയിക്കൽ കുറുപ്പിന്റെ മേലുള്ള ഭക്തികൊണ്ടു വേഗം കൂടുന്നു. ഭ്രാന്തന്റെ പാദങ്ങൾ നിലത്ത് തൊടുന്നില്ല. മാങ്കോയിക്കൽ തെക്കേപ്പറമ്പിൽ എത്തി. പറയരുടെ പ്രേതങ്ങൾ തന്റെ കാലിൽ തടഞ്ഞപ്പോൾ അതിഭയങ്കരമായ സംഗരമാണ് നടക്കുന്നതെന്ന് ഭ്രാന്തനു നിശ്ചയമായി. വീണുകിടക്കുന്ന ഒരു വേൽക്കാരന്റെ ഖഡ്ഗത്തേയും വേലിനേയും ഭ്രാന്തൻ ക്ഷണം കൈയ്യിലാക്കി അകലെനിന്നു യുദ്ധഭൂമിയിൽ പരക്കെ നോക്കിത്തുടങ്ങി. പ്രാകൃതഭാവത്തെ ത്യജിച്ചിട്ട് ഏണത്തെകണ്ട കേസരിയെപ്പോലെ മുന്നോട്ട് കുതിയ്ക്കാൻ ഭാവിച്ചു. നാലുഭാഗവും ക്ഷണമാത്രം കൊണ്ടു നോക്കിത്തീർന്നപ്പോൾ എന്തോ സംശയഗ്രസ്തനായിട്ട് അതിവിവശനായി. മാങ്കോയിക്കൽ കുറുപ്പിനെ വേൽക്കാർ വളഞ്ഞു ഞെരുക്കുന്നതിനെക്കണ്ട് അദ്ദേഹത്തിന് തുണയായി ചെല്ലാൻ ഭാവിച്ചു. അപ്പോൾ കഴിഞ്ഞ അധ്യായത്തിൽ പ്രസ്താവിക്കപ്പെട്ടതുപോലെ ‘കിട്ടാ -- നാരയാണാ -എടാ - ചത്തെങ്കിലും ബ്രാഹമണനെ രക്ഷിപ്പാനെടാ -ആരൊണ്ട് എന്നെ സഹായിപ്പാൻ - ബ്രാഹമണനെ രക്ഷിപ്പാൻ -- അവർക്കെന്റെ വസ്തുവും വീടുവകകളുമെല്ലാം‘’ എന്ന് കുറുപ്പ് വിളിച്ചു പറകയാൽ ആ വാക്കുകൾക്കുത്തരമായി ‘അടിയൻ ലച്ചിപ്പോം’ എന്നു കണ്ഠക്ഷോഭത്തോടെ പറഞ്ഞുകൊണ്ട് ഭ്രാന്തൻ കുറുപ്പിന്റെ അടുക്കൽ എത്തുകയും ഭ്രാന്തന്റെ കൂടെയുള്ള ചാന്നാന്മാർ അധൈര്യന്മാരാകാതെ നിലയില്ലാത്ത ക്രോധത്തോടുകൂടി വേൽക്കാരെയും അവരോടുകൂടിയുള്ള നായന്മാരെയും വളയുകയും ചെയ്തതായിരുന്നു.