മാർത്താണ്ഡവർമ്മ
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം ഏഴ്


"അങ്ങോട്ടു പോകിലനലിങ്ങോട്ടു പോകിലനൽ എങ്ങോട്ടു പോവ-
തിനിയെന്ന് അവനിപതി അന്ന്-അവശത കലർന്നു"

മാർത്താണ്ഡവർമ്മയുവരാജാവിനെ വൃക്ഷങ്ങളുടെ ഇടയിൽക്കൂടി കണ്ടപ്പോൾ ആളിന്റെ യാഥാർത്ഥ്യത്തെ സംബന്ധിച്ചു കുറുപ്പിനു സംശയമുണ്ടായി എന്നും തന്റെ ഭവനത്തിലേക്കുതന്നെ യാത്രയെന്നു സങ്കൽപിച്ചുകൊണ്ട് അദ്ദേഹത്തിനെ വഴിപോലെയും ഗൂഢമായും എന്നാൽ ആപത്തിനു പ്രതിവിധികൾ കരുതിക്കൊണ്ടും സൽക്കാരം ചെയ്തു എന്നും യുവരാജാവ് ആദ്യം അറപ്പുരയ്ക്കകത്തു കടന്നപ്പോൾ കുറുപ്പ് പുറത്തു നിന്നത് ഒരുക്കങ്ങൾ ചെയ്യുവാനും രണ്ടാമതു കടന്നപ്പോൾ അറപ്പുരയുടെ വാതിലിനെ അടച്ചത് യുവരാജാവിനെ അദ്ദേഹത്തിന്റെ സ്ഥാനത്തിന് അനുരൂപമായി താൻ ആദരിക്കുന്നതിനെ മറ്റുള്ളവർ കാണാതിരിക്കാനും ആയിരുന്നു എന്നും വായനക്കാർ ഗ്രഹിച്ചിരിക്കുമല്ലോ. കുറുപ്പിന്റെ ബുദ്ധിവൈഭവം അനൽപമായിട്ടുള്ളതായിരുന്നെങ്കിലും വേൽക്കാർക്ക് തന്റെ ഗൃഹത്തിനു തീ വയ്ക്കാൻ തോന്നിത്തക്കേടത്തോളം കണ്ടകത്വം ഉണ്ടെന്നേയുള്ളതു ഗണിക്കുന്നതിലേക്കു മതിയായിരുന്നില്ലെന്നുള്ളതു സമ്മതിക്കേണ്ടിയിരിക്കുന്നു. തന്റെ അനന്തരവൻ, വേൽക്കാരുടെ ആഗമനത്തെപ്പറ്റി അറിവു കൊടുത്തുകൂടിയപ്പോൽ തന്റെ ഭൃത്യരിൽ ഒരുത്തൻ കുറുപ്പിന്റെ മുഖത്തു നോക്കീട്ട് പുറത്തേക്കു വേഗത്തിൽ പോകുന്നതിനെ താൻ കണ്ടിരുന്നതിനാൽ വേൽക്കാരെ വല്ലവിധവും കുറച്ചുനേരം വാക്തർക്കംകൊണ്ടോ എതിർത്തോ നിൽക്കാൻ കഴിഞ്ഞെങ്കിൽ നേരിട്ടിരിക്കുന്ന അപത്തിനു നിവൃത്തി ഉണ്ടാകുമെന്നു കുറുപ്പിന് വിചാരമുണ്ടായിരുന്നു. വേലുക്കുറുപ്പിന്റെ മുൻകോപവും മാങ്കോയിക്കൽ ചെറിയകുറുപ്പിന്റെ അവിവേകവും ഇടചേർന്നപ്പോൾ 'ചക്രാസ്ത്രങ്ങളടുത്തിടചേർന്ന' സ്ഥിതിയായി.

വേലുക്കുറുപ്പു തമ്പിയോടു വ്യാജങ്ങൾ പറഞ്ഞുകേൾപ്പിക്ക പതിവായിരുന്നെങ്കിലും അയാൾക്കുള്ളിടത്തോളം തമ്പിയെക്കുറിച്ചു മനഃപാർവ്വമായ സ്‌നേഹം തമ്പിയുടെ അവരജനായ ശ്രീരാമൻതമ്പിക്കു മാത്രമേ ഉണ്ടായിരുന്നുള്ളു.തമ്പിയുടെ ശ്രേയസ്സിനായി തന്റെ ജീവനെത്തന്നെയും കൈവെടിയുന്നതിന് വേലുക്കുറുപ്പിന് തീരെ സംശയമില്ലെങ്കിലും തന്റെ പ്രയത്‌നങ്ങൾ നിഷ്ഫലമായിപ്പോകുന്ന സന്ദർഭങ്ങലിൽ തമ്പിയുടെ കോപത്തെ ശമിപ്പിക്കുന്നതിന് വ്യാജമായ സമാധാനങ്ങൾ പറകയെന്നുള്ള ഒരു നിവൃത്തിയേ ഉണ്ടായിരുന്നുള്ളു. എന്നാൽ രണ്ടാമതു തമ്പിയുടെ മുമ്പിൽ എത്തി യുവരാജാവിനെ പിടികൂടുന്നതിനു മാർഗ്ഗം ലഭിച്ചിരിക്കുന്നു എന്നു പറഞ്ഞത് വ്യജമല്ലായിരുന്നു. വേൽക്കാരമായി കാടുകളും പുരയിടങ്ങളും ചുറ്റി ചാന്നാന്മാരെ ആരായുന്നതിനിടയിൽ യുവരാജാവിന്റെ ഗതിയെക്കുറിച്ചുകൂടി വേലുക്കുറുപ്പ് അന്വേഷണങ്ങൾ ചെയ്തു. മാങ്കോയിക്കൽ ഗൃഹത്തിന് ഏകദേശം ഒരു നാഴിക തെക്ക് ഒരു കാട്ടിൽ വേലുക്കുറുപ്പ് ആരാഞ്ഞു നടക്കുന്ന സമയം, ഒരു രൂപം ചെടിയുടെ മറയുന്നതിനെ കണ്ടിട്ട് അതിന്റെ പുറകേ എത്തിയപ്പോൾ, ഒളിച്ചത് ഒരു പറയനാണെന്നു കണ്ട്, അവനെ പിടികൂടി ഹംസിച്ചപ്പോൾ, പ്രാണനെ ഭയന്ന്, താൻ മാങ്കോയിക്കൽ കാവലിനു പോകയാണെന്നും അവിടെ ഒരു 'പിരാമ്മണത്തമ്പുരാര്' ചെന്നിരിക്കുന്നു എന്നും പറഞ്ഞു. പറയനെ പിന്നീടു വിട്ടയച്ചില്ല. ഉടനെ തമ്പിയോടു പറഞ്ഞുകേൾപ്പിച്ചതുപോലുള്ള ഏർപ്പാടുകൾ ചെയ്തിട്ട് കുറുപ്പ് പത്മനാഭപുരത്തെത്തി. രാത്രി ആ സ്ഥലത്തുനിന്ന് അയയ്‌ക്കേണ്ട വേൽക്കാരുടെ കാര്യത്തെപ്പറ്റി സകലതും ചട്ടംകെട്ടി. അനന്തരം മാങ്കോയിക്കൽ ചുറ്റിയുള്ള കാവലിനു താനും ചെന്നെത്തി. വേൽക്കാരുടെ ഉദ്യമങ്ങളെ കണ്ടു ചോദ്യം ചെയ്തവരോടൊക്കെ മാങ്കോയിക്കൽകുറുപ്പിൻരെ ആജ്ഞാനുസരണം പ്രവർത്തിക്കുന്നതാണെന്നു വേൽക്കാർ വേലുക്കുറുപ്പിന്റെ സാസനപ്രകാരം പറഞ്ഞതിനാൽ ഈ കഥ ഒന്നും മാങ്കോയിക്കൽ എത്തിയില്ല. ആദത്യൻ അസ്തമിച്ചപ്പോൾ വേലുക്കുറുപ്പ് ഭടന്മാരുടെ നിലയെ മാങ്കോയിക്കലിനു പൂർവ്വസ്ഥിതിയിൽനിന്നു കുറച്ചുകൂടി അടുപ്പിച്ചാക്കുകയും ഒരു കാഹളശ്ബ്ദം കേൾക്കുമ്പോൾ അവർ മാങ്കോയിക്കൽ എത്തണമെന്നുംമറ്റും നിബന്ധനചെയ്കയും ചെയ്തിട്ട്, മാങ്കോയിക്കൽനിന്നു കാൽനാഴിക കിഴക്കുതെക്കായി പത്മനാഭപുരത്തുനിന്നുള്ള വഴിയിൽ പത്തിരുപതു വേൽക്കാരുമായി ചെന്നുനിന്നു.

മാങ്കോയിക്കൽകുറുപ്പിന്റെ അനന്തരവൻ കാരണവനോളം ബുദ്ധിമാനല്ലായിരുന്നു. തമ്പിയുടെ പ്രൗഢിയും വേൽക്കാരുടെ ലഹളകളും ചാന്നാന്മാരുടെ വരവും അവരുടെ മൃതിയും എല്ലാം കണ്ട് രസിച്ചുകൊണ്ടുനിന്നു. തൻരെ ഗൃഹത്തെ സംബന്ധിച്ചുള്ള കാര്യങ്ങളല്ലാതിരുന്നതിനാൽ ഇതുകളെ മാങ്കോയിക്കൽ അറിയിക്കേണ്ടത് ആവശ്യമില്ലെന്നു സ്വയമേ നിശ്ചയിച്ചുകൊണ്ടു. സന്ധ്യയാപ്പോൾ വേൽക്കാർ കൂട്ടംകൂടി ആയുധങ്ങളുംമറ്റും ശരിയാക്കുന്നതിനെ കണ്ടിട്ട് രാത്രിയും ഉത്സവമായി കഴിക്കാമെന്നു കൊച്ചുകുറുപ്പ് സങ്കൽപിച്ചു. രണ്ടുനാഴിക കഴിഞ്ഞപ്പോൾ വേൽക്കാർ യാത്ര ആരംഭിച്ചു. വരുണൻ പ്രസാദിക്കാൻ പോകുന്നതിൻരെ പൂർവ്വചടങ്ങുകളെ കണ്ടിട്ട് ആകപ്പാടെ താമസം വെടിപ്പല്ലെന്നു നിശ്ചയിച്ചുകൊണ്ട് വേൽക്കാരുടെ മുമ്പിലായി നടന്നുതുടങ്ങി. ഈയാൾ മാങ്കോയിക്കയിക്കലേക്കുള്ള വഴിക്ക് തിരിഞ്ഞപ്പോൾ വേൽക്കാരം ആ വഴിക്കു തന്നെ തിരിയുന്നതിനെ കണ്ടിട്ട്വല്ലാതെ അന്ധാളിച്ചുകൊണ്ടു പാച്ചിൽ തുടങ്ങി. വഴിയിൽ നിന്നിരുന്ന ചില ആളുകളേയും തള്ളി നിലത്തുവീഴിച്ച്, താനും ഏതാനും കുഴികളിലും മറ്റും വീണ്, ചില മുറിവുകളും സമ്പാദിച്ച്, ആകെപ്പാടെ സംഭ്രമത്തോടുകൂടി മാങ്കോയിക്കൽ എത്തി. യഥാർത്ഥത്തിൽ വേലുക്കുറുപ്പിനെ തന്റെ പുറകെ എത്തിയ വേൽക്കാരുടെ കൂട്ടത്തിൽ കണ്ടില്ലെങ്കിലും സ്വകല്‌പിതമായി അയാൾകൂടി ഉണ്ടെന്നും മറ്റും കാരണവനോട്പറഞ്ഞു കേൾപ്പിച്ചു.

ഭ്രാന്തൻ ചാന്നാൻ യുദ്ധഭൂമിയിൽ എത്തി, മാങ്കോയിക്കൽ കുറുപ്പിന്റെ സമീപത്തു ചെന്നപ്പോൾ അദ്ദേഹം എന്തോ രണ്ടു വാക്ക്ഉറക്കെ വിളിച്ചു പറഞ്ഞു. വേൽക്കാർക്കുംമറ്റും വല്ല മന്ത്രമായിരിക്കുമോ എന്നു തോന്നി. ഈ വാക്കുകൾ കേട്ടയുടനെ ചാന്നാൻ തന്റെ വഴിക്ക്നിന്നിരുന്ന വേൽക്കാരെ വെട്ടി നിലത്തു വീഴ്‍ത്തീട്ട് നേരെ പടിഞ്ഞാറോട്ട്ഓടി. അറപ്പുരയുടെ തെക്കേ അറ്റംമുതൽ പടിഞ്ഞാറോട്ടുള്ള കയ്യാലയിൽ കത്തിത്തുടങ്ങീട്ടുള്ള ഓലകളെ വലിച്ചും വേലിനാൽ തള്ളിയും നിലത്താക്കി വലത്തോട്ടു കടക്കുന്നതിനു വഴിയുണ്ടാക്കിയിട്ട്തെക്കോട്ട് മാറി ആയം പിടിച്ച്മുന്നോട്ട്ഓടി. കയ്യാലമേൽ ഒരു കൈ ഊന്നി, ഊന്നീല്ല എന്നു തോന്നത്തക്ക വേഗത്തിൽ കുതിച്ചുചാടി അറപ്പുരയുടെ പടിഞ്ഞാറേമുറ്റത്ത് എത്തി. അവിടെനിന്ന്മേല്‌പോട്ട്നോക്കിയതിൽ അറപ്പുരയുടെ വടക്കും തെക്കും ഭാഗങ്ങൾ ദഹിച്ചു തുടങ്ങീട്ടുള്ളതായും ക്ഷണത്തിൽ രണ്ടു ഭാഗങ്ങളിലും ഉള്ള തീ സന്ധിക്കുമെന്നും കാണുകയാൽ, വരുന്നതുവരട്ടെ എന്നുള്ള ധൈര്യത്തോടുകൂടി, അനലസംയോഗം അണഞ്ഞിട്ടില്ലാത്ത ഭാഗം പുരപ്പുറത്തു ചാടിക്കയറി വാരികൾ പൊളിക്കയും പട്ടിയലുകളെ കയ്യൂക്കുകൊണ്ട്വലിച്ചിളക്കുകയും ചെയ്‌തിട്ട് തട്ടിനുള്ളിൽ കടന്നു. അവിടെ നിന്നു കീഴ്‌പോട്ടിറങ്ങുന്നതിനുള്ള വാതിലിനെ വേലിന്റെ മുനകൊണ്ട്തെന്നിത്തുറക്കാൻ നോക്കിയതിൽ കഴിയായ്‌കകൊണ്ട് മറ്റനേകം സാമാനങ്ങളുടെ കൂട്ടത്തിൽ കിടന്നിരുന്ന ഒരു കോടാലി കൈക്കലാക്കി അതുകൊണ്ട്വാതിലിന്റെ 6മതിയനെ വെട്ടിപ്പൊളിച്ച്വാതിൽ തുറന്നു. കൈയിലുണ്ടായിരുന്ന കോടാലി മുതലായതിനെ മുറിക്കകത്തോട്ട്ഇട്ടിട്ട് “ഉടയവരേ, പയപ്പെടല്ലേ” എന്നു പറഞ്ഞ്അകത്തുള്ളവരെ താൻ ഒരു ബന്ധുവാണെന്നു ധരിപ്പിച്ചു കൊണ്ടു താഴത്തു ചാടി.

യുവരാജാവും പരമേശ്വരൻപിള്ളയും മുറിക്കകത്തായപ്പോൾ കുറുപ്പിന് എന്ത്ആപത്തുവരുമോ എന്നും അദ്ദേഹത്തിനെ സഹായിക്കുന്നതിന്താൻ നില്‌ക്കേണ്ടതായിരുന്നു എന്നും ഉള്ള വിചാരങ്ങൾകൊണ്ട്യുവരാജാവ് അതിവിവശനായി. സന്തോഷകാലങ്ങളിൽ ചപലനും ആപൽക്കാലങ്ങളിൽ സ്ഥിരധൈര്യവാനും ആയിരുന്ന പരമേശ്വരൻപിള്ള തന്റെ കൈക്കൽ ഉണ്ടായിരുന്നതിൽ ഒരു ഖഡ്‌ഗം യുവരാജാവിന്റെ കൈയിൽ കൊടുത്തിട്ട്തന്റെ വാളും പരിചയുമായി ആപത്തു വല്ലതും നേരിടുന്നെങ്കിൽ എതിരിടുന്നതിന്സന്നദ്ധനായി നിന്നു. ഓരോ ശബ്ദങ്ങൾ അവ്യക്തമായി മുഴങ്ങുന്നതു കേട്ടുതുടങ്ങി. എന്തു ശബ്ദമാണെന്ന്ഒന്നും തിരിച്ചറിയുന്നതിന്കഴിവുണ്ടായില്ല. ജനക്ഷേമതത്‌പരനും പരാജയങ്ങളെക്കൊണ്ട്സുസ്ഥിരധൈര്യശാലിയും ആയിരുന്ന യുവരാജാവ്,

കേൾക്കുന്ന ധ്വനി സംഗരധ്വനി ആണെന്നറിഞ്ഞ് കൂട്ടിലാക്കപ്പെട്ട മൃഗത്തെപ്പോലെ ഉഴന്നു തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ മുറിക്കകത്തെ വായുവിന് ഘനവും ഔഷ്ണ്യവും ഉണ്ടായിത്തീർന്നപോലെ തോന്നി. ഈ പീഡകൾ വർദ്ധിച്ചപ്പോൾ വാതിൽ തുറന്നു പുറത്തുചാടണമെന്നു നിശ്ചയിച്ച്, കഴിയുന്ന പരിശ്രമങ്ങൾ ചെയ്തു. അനല സാമീപ്യംകൊണ്ടുള്ള ചൂടാണെന്നു മനസ്സിലാക്കീട്ടു യുവരാജാവും പരമേശ്വരൻപിള്ളയും വാതിലിനെ പാദംകൊണ്ട് തകർത്തുതുടങ്ങി. അകത്തു നിന്നാകയാൽ ഒരു ഫലവും ഉണ്ടായില്ല. ദേഹത്തിൽ ഒഴുകിക്കൊണ്ടിരുന്ന വിയർപ്പ് വറ്റി രോമകൂപങ്ങളിൽ വല്ലാതുള്ള നീറ്റലും അധികമായ ദാഹവും ശ്വാസോച്ഛ്വാസം ചെയ്യുന്നതിന് വിഷമവും ഉണ്ടായിത്തുടങ്ങി. ചൂട് ദുസ്സഹമായിത്തീർന്നു. രക്ഷപ്പെടുന്നതിന് വഴിയും ഒന്നും കാണുന്നില്ല. നിരയുടെ ചേർപ്പുകൾ പഴക്കത്താൽ അങ്ങുമിങ്ങും കുറേസ്സെ ഭേദിച്ചിരിക്കുന്നതിനിടയിൽക്കൂടി പുക അകത്തോട്ട് കടന്നുവരുന്നതിനാൽ മരണം സന്ദിഗ്ദ്ധപക്ഷം അല്ലെന്നു നിശ്ചയമായിട്ടും യുവരാജാവിന് സ്വാർത്ഥത്തേക്കാൽ പരകാര്യത്തിലായിരുന്നു അധികം അനവേഷണം. 'കുറുപ്പിനെന്തു പറ്റി എന്നറിഞ്ഞുകൂടല്ല ാേപരമേശ്വരാ' എന്നു യുവരാജാവ് പറഞ്ഞതിന് പ്രത്യക്തി ഒന്നും ഉണ്ടായില്ല. ഇതിന്റെ കാരണം എന്തെന്നു പരിഭ്രമിച്ച് യുവരാജാവു തിരിഞ്ഞ് പരമേശ്വരൻപിള്ളയെ നോക്കിയപ്പോൾ അയാൾ മുറിയുടെ ഒരു കോണിൽ ഒതുങ്ങി നിൽക്കുന്നതു കണ്ടു. മിറിക്കകത്തു കുറേശ്ശെ പ്രകാശം ഇല്ലെന്നില്ല. എന്നാൽ യാതൊന്നും വ്യക്തമായി അറിയാൻ പാടില്ലായിരുന്നു. പരമേശ്വരൻപിള്ളയെ സ്പർശിച്ചുനോക്കിയതിൽ അയാൾ സം്തംഭാകാരമായി നിൽക്കുന്നു. 'ഇങ്ങനെയോ കലാശിക്കുന്നതു പത്മനാഭാ ?' എന്നു പറഞ്ഞുകൊണ്ട് ആശ്രിതവത്സലനായ യുവരാജാവ് തൻരെ രണ്ടാംമുണ്ടിനെ വ്യജനമാക്കി പരമേശ്വരൻപിള്ളയെ വീശിത്തുടങ്ങി. അതു തനിക്കും കുറച്ച് ആശ്വാഹേതുകമായി. യുവാരാജാവ് ശുശ്രൂഷാവ#ത്തിയെ അുഷ്ഠിച്ചു തുടങ്ങിയപ്പോൾ തട്ടിന്റെ മുകളിൽ ചില ശബ്ദങ്ങൾ കേട്ട് ശത്രുക്കളുടെ പ്രവേശനമാണെന്നു വിചാരിച്ച്, യുവരാജാവ് പരമേശ്വരൻപിള്ളയെ താങ്ങി സാവധാനത്തിൽ നിലത്തു കിടത്തി, തന്റെ ഉത്തരീയത്തെ മടക്കി അയാൾക്ക് ഉപധാനമായി വച്ചിട്ട്, വാളും കൈക്കലാക്കി മേല്‌പോട്ട് നോക്കിനിന്നു. അപ്പോൾ മുറിയിൽ നിന്ന് തട്ടിൻപുറത്തേക്കുള്ള വാതിലിന്മേൽ എന്തോ ബലം പ്രയോഗിക്കപ്പെടുന്നതായി തോന്നി. വാതിൽ തുറക്കപ്പെട്ടു. മുറിക്കുള്ളിൽ അധികമായ പ്രകാശവും വായുസഞ്ചാരവും ഉണ്ടായി. എന്തോ സാമാനങ്ങൾ മുറിക്കുള്ളിൽ വീണു. പുറകേ അന്നു രാവിലെ യുവരാജാവിനെ സഹായിച്ച ചാന്നാനും ആവിർഭവിച്ചു.

ചാന്നാൻ പുരപ്പുറത്തു കയറിയപ്പോൾത്തന്നെ ചില വേൽക്കാർ താഴത്തെത്തി, പടിഞ്ഞാറുവശത്തുള്ള വാരികൾക്കു നിരപ്പെ തീവച്ചു. ഇതിന്റെ പ്രകാശമാണ് മുറിക്കകത്തു കാണപ്പെട്ടത്. അനലപ്രഭാവം മുഴുത്തുവരികയാൽ ജ്വാലകൾ തട്ടിലും തട്ടിത്തുടങ്ങിയിക്കുന്നു. പുറത്തുനിന്ന് വേൽക്കാർ ആർത്തു ഘോഷിക്കുന്ന ശബ്ദവും കേൾപ്പാനുണ്ട്. ചാന്നാൻ ചാടി മുറിക്കകത്തായപ്പോൾ 'കുറുപ്പ് എവിടെ ? എന്തു ചെയ്യുന്നു? വിശേഷം വല്ലതും ഉണ്ടോ?' എന്നു യുവരാജാവ് ചോദിച്ചു. ചാന്നാന്റെ ഉത്തരം 'കല്ലും കാടും മലയും കിടുങ്കവേ-എല്ലാ ഇല്ലാക്കടലും കലങ്കവേ ' എന്നൊരു പാട്ടും കോടാലികൊണ്ട് വാതിലിന്മേൽ ഊക്കോടുകൂടി ചില വെട്ടുകളുമായിരുന്നു. യുവാരജാവ് ചോദ്യം നിറുത്തി. വാതിൽ പൊടിഞ്ഞപ്പോൾ ചാന്നാൻ അതിസാഹസമായുള്ള പരിശ്രമവും നിറുത്തി. കാറ്റ് ഏറ്റപ്പോൾ മൂർച്ഛയിൽ നിന്നുണർന്ന പരമേശ്വരൻപിള്ളയെ ഹസ്തത്താൽ താങ്ങിപ്പിടിച്ചുകൊണ്ട് യുവരാജാവും കുറുപ്പിന്റെ വകയായ ഒരു ഘഡ്ഗം കൈക്കലാക്കിക്കൊണ്ടു ചാന്നാനും പുറത്തിറങ്ങി. പടിഞ്ഞാറേ വശത്തു തീ വച്ചിട്ട് പത്തിരുപതു വേൽക്കാർ കാവലായി അവിടെ നിൽക്കുന്നുണ്ട്. കിഴക്ക്, തെക്ക്, വടക്ക് ഈ വശങ്ങളിലേക്കു പോകാൻ വഴിയില്ലാതെയും മുകളിൽ എരിയുന്ന തീ കുറച്ചുകൂടി വടക്കോട്ട് നീങ്ങുമ്പോൽ തങ്ങളുടെ തലകളിൽ ആകും എന്നുള്ള സ്ഥിതിയിൽ ഇരിക്കുന്നു എന്നും കണ്ടിട്ട് പടിഞ്ഞാറോട്ടുതന്നെ കടക്ക എന്നു നിശ്ചയിച്ച് ചാന്നാൻ വാതിലിന്റെ പടിമേൽ കയറി ദേഹത്തെ ഹ്രസ്വമാക്കി, താഴത്തിറങ്ങി മുന്നോട്ടു ചാടി വേൽക്കാരുടെ കടന്നു. യുവാരജാവും പരമേശ്വരൻപിള്ളയും ഭ്രാന്തൻ കാണിച്ചുകൊടുത്ത സമ്പ്രദായത്തെ അനുകരിച്ച് അവന്റെ പുറകേ എത്തി.

ആ വശത്തുണ്ടായിരുന്ന വേൽക്കാർ അരനിമിഷംകൊണ്ട് യുവരാജാവിന്റേയും ഭ്രാന്തന്റേയും ഘഡ്ഗങ്ങൾക്ക് ഭക്ഷണമായിത്തീർന്നു. അവിടെനിന്ന് യുവരാജാവുംമറ്റും ക്ഷണത്തിൽ തെക്കേചുവർ ചാടി കുറുപ്പിനെ സഹായിക്കാൻ പുറപ്പെട്ടു. യുവരാജാവിന്റെ തല അകലെയായിട്ട് കണ്ടപ്പോൾ വേലുക്കുറുപ്പ് 'കൈയിൽ കിട്ടിപ്പോയി-വിളിയെടാ,കൊമ്പുവിളി-വിടുന്നെങ്കിൽ നാം ആണുങ്ങൾക്ക് പിറന്നവരല്ല. ' എന്നിങ്ങനെ വിളിച്ചു പറഞ്ഞുകൊണ്ട്് മാങ്കോയിക്കൽകുറുപ്പിനെ ഉപേക്ഷിച്ചിട്ട് യുവരാജാവിന്റെ നേർക്ക് അണഞ്ഞു. വേലുക്കുറുപ്പിന്റെ ആജ്ഞപ്രകാരം ഒരു കാഹളശബ്ദം മുഴങ്ങി. വേലുക്കുറുപ്പ് കാവലായി അവിടവിടെ നിറുത്തീട്ടുള്ള വേൽക്കാർക്ക് അറിവു കൊടുക്കുന്നതിനായിട്ടാണ് കാഹളം മുഴക്കിയത്. അവർ തങ്ങളുടെ സ്ഥാനങ്ങളെ വെടിഞ്ഞിട്ട്, തീജ്വാല പൊങ്ങുന്നതുകണ്ടു രസിച്ച്, പടിഞ്ഞാറൊരു ദിക്കിൽ കൂട്ടംകൂടി നിൽക്കുകയായിരുന്നു.കാഹളശബ്ദം കേട്ട് അവർ മാങ്കോയിക്കലേക്ക് ത്വരിതമായി നടകൊണ്ടു. ഇതിനിടയ്ക്ക് വേലുക്കുറുപ്പ് അടുക്കുന്നതിനെ കണ്ട് യുവരാജാവ് സംരരുദ്രനെപ്പോലെ പാഞ്ഞടുത്തു. നിമിഷമാത്രംകൊണ്ട് വേൽക്കാരെല്ലാവരും യുവരാജാവിനെ വളഞ്ഞു. 'വിടരുതെടാ-തല കൊയ്യണം ' എന്നു വേലുക്കുറുപ്പും, 'ദ്രോഹികളേ, ചതിക്കരുതേ 'എന്ന് പരമേശ്വരൻപിള്ളയും വിളികൂട്ടിത്തുടങ്ങി. പത്മവ്യൂഹത്തിൽപ്പെട്ട പാർത്ഥാത്മജനെപ്പോലെ യുരാജാവ് ഒരേ നിലയിൽ നിന്ന്, അരികളെ അണയാൻ സമ്മതിക്കാതെ, അതിചതുരതയോടുകൂടി പൊരുതു. സർപ്പജിഹ്വ പോലെ തന്റെ കൈയിൽ ലസിക്കുന്ന ഖഡ്ഗത്തെ നാലു ചൂഴവും വീശുമ്പോൾ പുറപ്പെടുന്ന ചീറ്റം കേട്ടുതന്നെ വേൽക്കാർ നടുങ്ങി. യുവരാജാവിന്റെ പുറകിൽ ഒരാൾ സഹായത്തിനായെത്തിയെങ്കിൽ അദ്ദേഹം കുറച്ചുനേരം രക്ഷപ്പെട്ടു നിൽക്കുമെന്നുള്ള വിചാരത്തോടുകൂടി മാങ്കോയിക്കൽകുറുപ്പ് തിക്കിത്തിരക്കി മുന്നോട്ടടുത്തു. വേൽക്കാർ തടഞ്ഞു നിറുത്തി. അഭിമന്യുവിന്റെ അവസാനം യുവരാജാവിനും നേരിടും എന്നുള്ള സ്ഥിതിയിലായി. യുവരാജാവിന്റെ അപകടസ്ഥിതി കണ്ട് വ്യസനം സഹിക്കവയ്യാതെ 'അയ്യോ എന്റെ പൊന്നുതമ്പുരാനേ! വായിൽ മണ്ണടിക്കാതിനെടാ ' എന്നു പരമേശ്വരൻപിള്ള മുറവിളി തുടങ്ങി. ഇതിന്റെ തുടർച്ചയായി അതിവ്യക്തമായും സകല ആരവങ്ങൾക്കും മുകളിലായി ഉച്ചത്തിലും അതിമധുരമായും ഉള്ള ഒരു ഗാനം കേട്ടുതുടങ്ങി: 'പഞ്ചമാപതകി പഴികാറി വിനകാറി-അഞ്ചാമലവൾ കൈയിൽപ്പെട്ടയോ മകനേ നീ ?' ഈ പാ്ട്ടുകേട്ട് വേലുക്കുറുപ്പും പെട്ടെന്നു തിരിഞ്ഞുനോക്കി. ഓതിരം,കടകം എന്നു താങ്ങി വേൽക്കാരെ വീഴ്ത്തിക്കൊണ്ട് ഭ്രാന്തൻ അടുക്കയായിരുന്നു. വാളിളക്കി, പാട്ടുപാടി, ഇടത്തുകാൽ നിലത്തൂന്നി വട്ടംതിരിഞ്ഞ് വാൾ വീശി, കണ്ണിൽ ചൂണ്ടി കാലിൽ വെട്ടിയും തടകാട്ടി വയറ്റിൽ കുത്തി കുടൽ ചാലിച്ചും കടകം ഓങ്ങ് ഓതിരം കാച്ചിയും മാടുമാറി തലയ്ക്കു താങ്ങിയും വലതുകാൽകൊണ്ടു തൊഴുക്കുത്തി ചിലരെ വീഴ്ത്തിയും വെട്ടും കുത്തും ദൃഢമായി നോക്കി തടഞ്ഞും ഇടതുകൈയാൽ ചിലരുടെ കണ്ഠങ്ങൾ ഞെരിച്ചും ഇങ്ങനെ അസാമാന്യമായുള്ള സാമ്ര#ത്ഥ്യത്തോടുകൂടിസമരം ചെയ്തുകൊണ്ട് വേലുക്കുറുപ്പിന്റെ മുമ്പിൽ എത്തി. ആ കരിംകൂറ്റൻ ഖഡ്ഗം അരനിമിഷംകൊണ്ട് ആകാശവീഥിയിൽ അൽപനേരത്തെ സഞ്ചാരസുഖം അനുഭവിച്ചിട്ട്ഒരു വേൽക്കാരന്റെ ഉത്തമാംഗത്തിൽ ചെന്നു പതിച്ചു. മറ്റൊരു വാൾ വാങ്ങി കാളമേഘം പോലെ പിന്നെയും വേലുുറുപ്പു ചീറി അടുത്തു. രാവിലെ വേലുക്കുറുപ്പിന്റെ പാദസംയോഗം ഉണ്ടായത് ഓർത്തോ എന്തെന്നറിഞ്ഞില്ല, ചാന്നാന്റെ ശരീരം കോപം കൊണ്ടെന്നപോലെ ഒന്നു വിറച്ചു. എങ്കിലും കപടഭ്രാന്തനായ ആ വിശ്ിഷ്ടപുരുഷൻ(ചാന്നാനെ വിശിഷ്ടപുരുഷൻ എന്നു പറയുന്നത് 'കലികാലവിശേഷം' എന്നു പറയുന്നതിന് സന്നദ്ധരാവർ ക്ഷമിപ്പിൻ), തന്റെ ആത്മസംയമനശക്തികൊണ്ട് അവയവങ്ങളെ ദൃഢപ്രവൃത്തങ്ങളാക്കിത്തീർത്തു. പഠിച്ച വിദ്യകൾ പലതും പ്രയോഗിച്ചിട്ടും വേലുക്കുറുപ്പിന്റെ സാഹസങ്ങൾ ഒന്നും ചാന്നാനോടു ഫലിക്കുന്നില്ല. അയാൾ ശ്വാനനെപ്പോലെ കിതച്ചു തുടങ്ങി. അപ്പോൾ തന്റെ നൂതനസംഘം വേൽക്കാർ വന്നുചേർന്ന കോലാഹലം കേട്ടു. 'ഇനിയോടാ പയലേ ? ഫൂ!പോക്കിരി!പിടിയെടാ ഇവനെ ' എന്നു വേലുക്കുറുപ്പ് ഉൾമോദത്തോടുകൂടി പറഞ്ഞു. ഈ മുഷ്‌കിന് ജീവാവസാനം വരെ അയാൾ ഓർമ്മിക്കത്തക്കതായ ഒരു സമ്മാനമായിട്ട് വേലുക്കുറുപ്പിന്റെ കർണ്ണങ്ങളിൽ ഒന്നിനെ ചെത്തി ചാന്നാൻ നിലത്തു വീഴിച്ചു. വെടികൊണ്ട ഗജത്തെപ്പോലെ വേദനയോടുകൂടി വേലുക്കുറുപ്പ് ഒന്നലറിക്കൊണ്ട് പിന്നോക്കം ഓടി. രാവിലത്തെ പ്രഹരത്തിന് പ്രതിക്രിയ ആയി പാദംകൊണ്ട് ഒരു പ്രഹരവും ചാന്നാൻ കൊടുത്തു. വേൽക്കാരുടെ നായകൻ നിലത്തുവീണു. ഇതുകണ്ട് തമ്പിയുടെ പരിവാരങ്ങൾ വർദ്ധിച്ച കോപത്തോടുകൂടി പിന്നെയും യുരാജാവിന്റെ നേർക്കടുത്തു. അപ്പോൾ രണ്ടാമതും ഒരു കാഹളശബ്ദം കേട്ടുതുടങ്ങി. യുവരാജാവിന്റെ മുഖം വിളറി, പരമേശ്വരൻപിള്ള വയറ്റിൽ കൈവച്ച് പരക്കെ നോക്കിത്തുടങ്ങി. പടക്കളത്തിൽ നിൽക്കുന്ന വേൽക്കാരെത്തന്നെ ഒടുക്കുന്നത് അസാദ്ധ്യമാണ്. ചാന്നാന്റെ അതിസാഹസമായ കൃത്യങ്ങൾകൊണ്ട് അത്രനേരം നിലനിന്നു. ഇനിയും വേൽക്കാർക്കു തുണ നിൽപ്പാൻ ആളുകൾ വന്നുചേർന്നാൽ യുവരാജാവിന്റെ കഥ കഴിഞ്ഞു. ഇങ്ങനെയുള്ള വിചാരങ്ങൾകൊണ്ട് പരവശന്മാരായി യുവരാജാവും പോർചെയ്തു നിൽക്കുന്നതിനിടയിൽ മാങ്കോയിക്കൽ കുറുപ്പിന്റെ കളരിയിയിൽ കച്ചകെട്ടി അഭ്യസിപ്പിച്ചിട്ടുള്ളവരായ ഇരുനൂറു ഭടന്മാർ മാങ്കോയിക്കൽ എത്തി. ഇവരെ കൊണ്ടുവരുന്നതിനായിട്ടായിരുന്നു മാങ്കോയിക്കൽ കുറുപ്പിന്റെ ഒരു ഭൃത്യൻ അറപ്പുരയിൽനിന്ന് അദ്ദേഹത്തിന്റെ മുഖത്തു നോക്കീട്ട് വേഗത്തിൽ പുറത്തേക്കു കടന്നു പോയത്.

മാങ്കോയിക്കൽകുറുപ്പിന്റെ ഭടന്മാർ വന്നതിന്റെശേഷം ഉണ്ടായ പോര് അധികമായി വർണ്ണിക്കാനൊന്നുമില്ല. വേൽക്കാരൻ പറയർ എത്ര വേഗത്തിൽ അന്തകപുരത്തിലേക്കു യാത്രയാക്കപ്പെട്ടോ, അതുപോലെതന്നെ അപ്രയാസമായി വേൽക്കാർ കുറു്പ്പിന്റെ സാലതുല്യകാരന്മാരായ കിങ്കരന്മാരാൽ ആ ദേശത്തേക്കു നയിക്കപ്പെട്ടവരായി. വേൽക്കാർ നാഥനില്ലാത്ത സേന ആകയാൽ വിശേഷിച്ചും ക്ഷണത്തിൽ പരാജിതന്മാരായി. യുവരാജാവും ഭ്രാന്തനും കുറുപ്പും അനന്തരവരും പരമേശ്വരൻപിള്ളയും കുറുപ്പിന്റെ ഭടന്മാരുടെ നായകനും ഓരോ ദിക്കിലായി നിന്ന് വേൽക്കാരെ തടഞ്ഞുനിറുത്തി പൊരുതപ്പോൾ അവർ യുവരാജാവിനോട് 'പൊന്നുതമ്പുരാനേ, രക്ഷിക്കണേ എന്നു കരഞ്ഞു പറഞ്ഞു തുടങ്ങി .' ആയുധം വയ്ക്കുന്നവർക്ക് അഭയം കൊടുക്കുന്നതിന് യുവരാജാവ് ഉടനേ കൽപ്പന കൊടുത്തു. മാങ്കോയിക്കൽ ഗൃഹം ആസകലം എറിഞ്ഞ് നിലത്തായപ്പോൾ യുദ്ധവും അവസാനിച്ചു. പടക്കളത്തിൽനിന്നുതന്നെ യുവരാജാവ് മാങ്കോയിക്കൽകുറുപ്പിനെ സമീപത്തു വിളിച്ച് അദ്ദേഹത്തിന്റെ കരങ്ങൾ രണ്ടിനേയും തൃക്കൈകളാൽ പിടിച്ച് ഒന്നു ലഘുവായി അമർത്തീട്ട്, "എന്നെ രക്ഷിച്ച ചാന്നാൻ എവിടെ ?" എന്നു ചോദിച്ചുകൊണ്ട് തിരിഞ്ഞുനോക്കി. ഭ്രാന്തനെ കാണ്മാനില്ല.