രാമചന്ദ്രവിലാസം
രചന:അഴകത്ത് പത്മനാഭക്കുറുപ്പ്
ഇരുപത്തിഒന്നാം സർഗം

ശ്രീരാമ ചന്ദ്രാദികളെബ്ഭരിച്ചി-
ട്ടാരാജരാജന്റെ വിമാന രത്നം
ആരാൽ ത്രികൂടാദ്രിനിരപ്പിൽ നിന്ന -
ത്താരാപഥം പാർത്തു കിളർന്നു വേഗം1

പ്രഭഞ്ജനാപത്യവിലങ്ഘനത്തിൽ
പ്രഭുത്വമാർന്നുള്ള മഹാസമുദ്രം
നഭസ്ഥമാമൃക്ഷകുലത്തിനപ്പോ-
ളഭംഗമാം പല്ലമെന്നു തോന്നീ.2

അദാന്തനാം രാവണനോടു കൂടെ
കൃതാന്തദിക്കിന്നു തിരിച്ച നേരം
നിതാന്തമധ്വാവിലുതച്ചു പാരാ
പ്രശാന്തവേഗത്തോടിരുന്ന യാനം3

സമഷ്ടിയായ് പണ്ടു ഹിരണ്യഗർഭൻ
ചമച്ച കാലത്തു വിധിച്ച പോലെ
സമർഥരാം പുണ്യജനേഡ്യരത്താൻ
സ്വമസ്തകത്തിങ്കൽ വഹിച്ചതെന്നും (യുഗ്മകം) 4

നരേന്ദ്രനാം രാഘവനെബ്​ഭരിപ്പാ -
നൊരന്തരം വന്നു ഭവിക്ക മൂലം
ധരിച്ചു തൽപ്പുഷ്പമകന്നുതൊട്ടേ
സ്വരാജ്യയോഗ്യം "നരവാഹനത്വം”5

തെരുക്കനെ ദ്യോവിലുയർന്നു തെക്കു-
ന്നരിക്കാനെപ്പോലെ വടക്കു മാറി
പരിഭ്രമിക്കാതതു യക്ഷരാട്ടിൻ
പുരിക്കുപോകുന്നതു പോലെ പാഞ്ഞു.6

ഗൂരത്തു കാണുന്ന വിശേഷമെല്ലാം
ദാരങ്ങളെച്ചൊല്ലി മനസ്സിലാക്കാൻ
ദൂരത്തു പിന്നിട്ടതു പോകയാലെ
പാരം പണിപ്പെട്ടു പയോജനേത്രൻ7

മനോജ്ഞമെല്ലാം പുഷ്പകമിപ്രകാരം
മനോജവത്തോടുഴറുന്ന നേരം
മനോജസൗന്ദര്യമിയന്ന രാമൻ
വിനോദമോരോന്നു പറഞ്ഞു മന്ദം.8

പ്രാണപ്രിയേ നമ്മുടെ സ്നേഹബന്ധം
കാണന്തികേ കല്ലുപടുത്ത ചന്തം
ഏണാങ്കചൂഡന്റെ വിശിഷ്ടബിംബം
താണൊന്നു കൂപ്പിടഖിലാവലംബം9

രാമേശ്വരം സംഭൃതപുണ്യതീർത്ഥം
വാമേക്ഷണേ! കാൺക ജഗൽപ്രസിദ്ധം
ആമജ്ജനം ചെയ്തീടുവോർക്കു സർവ-
ക്ഷേമാസ്പദം ലോകപവിത്രമല്ലോ.10

കണ്ടാലുമിപ്പവർതമൃശ്യമൂകം
കൊണ്ടാടുകെൻ കോകില വാണിയാളെ
പണ്ടാശു നീയാഭരണം കഴറ്റി
മുണ്ടാൽ പൊതിഞ്ഞിട്ടതിതിങ്കലത്രേ.11

ഉദ്ദിഷ്ട കാര്യത്തെ വഹിപ്പതിങ്ക-
ലുദ്യുക്തനാം മർക്കടരാട്ടുമായി
വിദ്വേഷിനാശത്തിലെനിക്കു സഖ്യം
നിർദിഷ്ടമായ് വന്നതുമിസ്ഥലത്തിൽ.12

കാഴ്ചയ്ക്കിണങ്ങുന്നൊരു പമ്പയാറി-
ത്താഴ്ചസ്ഥലത്തൻപൊടു കാൺ കാന്തേ!
വേഴ്ചയ്ക്കു വാതാത്മജനോടകൂടി
ക്കാഴ്ചയ്ക്കു ഞങ്ങൾക്കിഹ ബന്ധമുണ്ടായ്.13

ദശാനൻ തന്നുടെ വാളിനാൽ ദ്ദു-
ർദ്ദശാന്തരം പുക്കൊരു കങ്കരാജൻ
സുശാന്തനായ് സിദ്ധിയടഞ്ഞ ദേശ-
ത്തശാന്തവേഗത്തോടണഞ്ഞു നമ്മൾ.14

പഞ്ചദ്വയാസ്യന്റെ പകിട്ടിലുൾപ്പെ-
ട്ടെൻ ചഞ്ചലാപാങ്ഗി! മൃഗം പിടിപ്പാൻ
അഞ്ചാതെ ഞാൻ പോയളവക്കഠോരൻ
വഞ്ചിച്ച ദിക്കാണിതു വക്രകേശി!15

തപോവനം കാണിദമസ്മദീയം
വിപഞ്ചികാലാപിനി!തത്സമീപേ
സുപാവനി ഗൗതമിയിപ്രദേശ-
ത്തുപഗ്രവക്കാറരടുത്തു മുന്നം16

അനർഥമോരോന്നു നമുക്കിവണ്ണം
ജനിക്കുവാനുള്ളൊരു ബീജവാപം
നിനയ്ക്കിലശ്ശൂർപ്പണഖാപ്രസംഗേ
ന്നിക്കുളവായ്വന്നൊരു മന്ദഹാസം.17

പുത്തൻ പ്രവളാധാരി! താപസന്മാ-
ർക്കുത്തംസമാം കുംഭജമാമുനീന്ദ്രൻ
കൃത്യം പിഴയ്ക്കാത്തൊരു വൻതപസ്സം -
പത്തോടിരിക്കുന്നൊരു ദിക്കിതല്ലോ.18

വിരാധനന്നുള്ള നിശാചരേന്ദ്രൻ
നിരാദരന്നിന്നെയുപദ്രവിപ്പാൻ
പരാക്രമത്തോടടുത്ത നേരം
പരേതനായിദ്ദിശി പത്മനേത്ര!19

അഹാര്യ ശൃംഗസ്തനി! യാത്മകാന്താ-
സഹായവാനത്രി മഹർഷി വര്യൻ
മഹാ തപസ്സോടു വസിച്ചിടും നൽ-
ഗൃഹാന്തികസ്ഥാനമിതോർക്കെടോ! നീ.20
മുക്കണ്ണനും നാന്മുഖദേവനും പ-
ണ്ടക്കണ്ണനും തൽസുതരാകയാലേ
ചൊൽക്കൊണ്ട സപ്തർഷിഗണത്തിൽ വച്ചി-
ട്ടിക്കണ്ടൊരിദ്ദേഹമതീവ മാന്യൻ.21

നാളിക പുഷ്പച്ഛദചാരുനേത്രേ!
കേളീനഗം നല്ലൊരു ചിത്രകൂടം
കേളീവിലാസങ്ങൾ കലർന്നൊരൽപ്പം
നാളീവനത്തിങ്കൽ വസിച്ചു നമ്മൾ.22

രാകാശശാങ്ക പ്രതിമാനനേ! നാ-
മേകാന്തമുത്തോടിഹ വാണിരിക്കേ
നീ കാരണം ഞാനൊരു കീർത്തിമുദ്ര
പാകാരി പുത്രന്നു കൊടുത്തതില്ലേ ?23

ധന്യൻ ഭരദ്വാഗമഹാമുനീന്ദ്രൻ
തന്നാശഅരമം കാണുക കംബുകണ്ഠീ!
അന്ന്യോന്ന്യവൈരത്തെ വെടിഞ്ഞിതിങ്കൽ
സൈന്നിധ്യമാളുന്നിതു സത്വ ജാതം.24
അങ്ങേതു ഗംഗാ നദി തത്സമീപ -
ത്തങ്ങേക്കരക്കാണ്മതു ശൃങ്ഗിവേരം
മങ്ങാതയോധ്യാപുരിയൊട്ടു ദൂരെ-
പ്പൊങ്ങിപ്രശോഭിപ്പതു കാണുകാര്യേ!25

അറിഞ്ഞൂ ദേവന്റെ മനോഗതത്തെ-
പ്പറ‍ഞ്ഞിടാതങ്ങു കുബേര യാനം
കുറഞ്ഞു മുന്നോട്ടു ഗതിക്കു വേഗം
നിറഞ്ഞ മോദത്തോടു താണു ഭൂവിൽ.26

മന്ദിച്ചിടാതാശു തപോധനന്മാ-
ർക്കിന്ദ്രൻ ഭരദ്വാജനതിപ്രഗത്ഭൻ
കന്നിച്ച മാനത്തൊരു സൽക്കരിച്ചാൻ
വന്ദിച്ച രാമാദികളേവരെയും27
വിശേഷമപ്പോൾ ഭരതന്റെ ചീര-
ത്തശേഷമെത്തിപ്പറയുന്നതിന്നായ്
കുശേശയാക്ഷപ്രഹിതൻ ഹനൂമാൻ
സ്വശേഷികൊണ്ടെത്തിയയോധ്യയിങ്കൽ28

കാരുണ്യമേറും നിജപൂർവജൻത-
ന്നാരണ്യവാസാവധിയെണ്ണിയെണ്ണി
താരുണ്യഭോഗത്തെ വെടിഞ്ഞു നിത്യം
ഹൈരണ്യപാദക്കുരടാശ്രയിച്ചു.29

ക്ഷാമം മഹാവ്യാധികശളെന്നിവറ്റിൻ
നാമത്തിനും നാട്ടിലിടം കൊടാതെ
രാമാനുജൻ വാണരുളുന്ന നന്ദി-
ഗ്രാമത്തിലുൾപ്പുക്കു ദിനേശശിഷ്യൻ (യുഗ്മകം)30


നന്ദിച്ചു കൈകേയി മകന്റെ പാദം
വന്ദിച്ചു രാമന്റെ ചരിത്രമെല്ലാം
മന്ദിച്ചിടതോതിയകേട്ടുകൊണ്ടാ-
നന്ദിച്ചു ഭൂപാല കുമാരകന്മാർ.31

വെടിപ്പൊടിച്ചെയ്തികളെ പ്രസിദ്ധ-
പ്പെടുത്തി നാടൊക്കെയരക്ഷണത്തിൽ
അടിച്ചു തൂപ്പിച്ചു തെരുക്കളെല്ലാം
കുടഞ്ഞു നിൽക്കുമപങ്കമെങ്ങും32

ജലം തളിച്ചൻപൊടു വൃത്തിയാക്കി
നിലം വരച്ചിട്ടു പടിക്കലെല്ലാം
ഫലങ്ങളും പൂക്കുലവാഴയും ന-
ല്ലുലട്ടിയും കെട്ടിയലങ്കരിച്ചു.33

പുത്തൻ കൊടിക്കൂറകൾ തൂക്കി മേളി-
ച്ചത്തവ്വിലെല്ലാവരുമപ്പുരത്തിൽ
മത്തേഭകുംഭസ്തനിമാർ ചമഞ്ഞു
മെത്തുന്ന താലപ്പൊലിയേന്തി നിന്നു.34

ചെമ്മേ ഭരദ്വാജമുനീന്ദ്രനാലെ
സമ്മാനിതൻ രാമനയിഷ്ടരോടും
അമ്മാനവൗഘം നിജഭാഗധേയ-
ദ്യുമ്നങ്ങൾ പോൽ വാനിൽ വരുന്ന കണ്ടു.35

ഉൽക്കണ്ഠ മുന്തീടിന ലോകരപ്പോൾ
തിക്കിത്തിരക്കീട്ടു നുഴഞ്ഞു കേറീ
ദുഃഖാബ്ധി താണ്ടുന്നതുപോൽ കരങ്ങൾ
പൊക്കിസ്തുതിച്ചാർത്തു വിളിച്ചു നീളെ.36

അപ്പുഷ്പകം മെല്ലെയടുത്തിടുമ്പോ-
ളിബ്ഭൂമിതൻ പുത്രിയെയേറ്റു വാങ്ങാൻ
ഉൾപ്രേമമാർന്നേറെ, നഭസ്സിലേക്കായ്
മേൽപ്പെട്ടു പൊങ്ങുന്നതു പോലിരുന്നു.37

ഇളക്കമില്ലാത്തതിചെന്ന മൂല-
മിളയ്ക്കു സിദ്ധിച്ചചലാഭിധാനം
വെളിപ്പെടുന്നാഖ്യയിതന്നു തൊട്ടേ
നിളക്കമില്ലാത്ത വിധത്തിലിന്നും.38

വലിപ്പമേറുന്ന വിമാനരത്നം
നിലം തൊടാറായതു കണ്ടു പാരം
വിലക്ഷനാകും ഭരതൻ സമോദം
വിലക്കിനാൻ പൗരജനാവരത്തേ39

മുന്നിട്ടു കാറ്റിൻമകനെ ദ്രുതം പോ-
യിന്ദീവരാക്ഷന്റെ പദാരവിന്ദം
വന്ദിച്ചിതാ രാജകുമാരകന്മാർ;
നന്ദിച്ചുടൻ രാമനനുഗ്രഹിച്ചാൻ.40

വൈദേഹിയെച്ചെന്നഭിവാദനം ചെ-
യ്താ ദേവരദ്വന്ദ്വമതിന്റെ ശേഷം
മോദിച്ചു വേഗാൽ ഭരതന്റെ പാദം
നേദിഷ്ഠനായ് ലക്ഷ്മണനും പണിഞ്ഞു.41

ആത്താദരം കൈതൊഴുതഗ്രഗന്റേ
കാൽത്താരിനെപ്പറ്റലർ കാലനാമാ
ചിത്താനുമോദത്തൊടണച്ചു തമ്മിൽ
തീർത്താവിയോഗാർത്തി വിശാരദന്മാർ42

എല്ലാരും പുഷ്പകയാനമൂടെ-
സ്സല്ലാപമോരോന്നു പറഞ്ഞു പാടെ
കല്യാണശീലൻ ഭരതൻ വസിപ്പോ-
രില്ലത്തിലേക്കൻപൊടു ചെന്നു ചേർന്നു.43

ക്ഷേമാസ്പദം പാദുകയുഗ്മമപ്പോൾ
രാമന്റെ തൃക്കാലണച്ച വേഗം
സാമാന്യമല്ലാത്തൊരു രാജ്യഭാരം
രാമാനുജന്മാവഥ വച്ചൊഴിഞ്ഞാൻ 44

മാനിച്ച തൻ സോദരനെത്തലോടി
യാനത്തിൽനി നൻപൊടിറങ്ങി രാമൻ;
മാനസ്ഥനാം മർക്കടരാജനപ്പോൾ
മാനുഷ്യകശ്രേഷ്ഠനു കൈ കൊടുത്തു.45


രക്ഷാധിപൻ പിന്നെയടുത്തു നിന്നാ-
ലക്ഷ്മീശനേ നേർവഴി കാട്ടി മുൻപേ
അക്ഷീണപുണ്യൗഘമണഞ്ഞു ചാരേ
മോക്ഷേച്ശുവാം ദേഹിയെന്ന പോലെ46

മനഃപ്രസാദത്തൊടുമമ്മമാരേത
വിനീതരായ് കൈതൊഴുതേവരും പോയ്;
അനന്തരം ദേശികവര്യനാം മാ-
മുനീന്ദ്രനെക്കണ്ടു നമസ്കരിച്ചാർ.47

മോദം നിറഞ്ഞുള്ളിൽ വസിഷ്ഠനാശി-
ർവാദത്തെയെല്ലാർക്കുമുടൻ കൊടുത്തു;
പാദങ്ങൾ വന്ദിച്ചൊരമാത്യരോടും
ചോദിച്ചു സീതാപതി വർത്തമാനം.48

മനസ്സമാധാനമിയന്നു ചേർന്ന-
ജ്ജനങ്ങളെല്ലാരുമയോധ്യയിങ്കൽ
മനുഷ്യനാഥന്റെ മഹാഭിഷേക-
ദിനത്തിനെക്കാത്തു സുഖിച്ചിരുന്നു.49

രക്ഷോവരന്നും കപിനായകന്നും
ലക്ഷോപലക്ഷം സഹഗാമികൾക്കും
അക്ഷീകൗതൂഹലമാലയങ്ങ-
ളക്ഷോണിപാലാനുജനേകി നീളെ.50

സരോജിനീകാന്തകുലാനുകൂലം
സരോരുഹാക്ഷന്നഭിഷേകകാലം
പുരോഹിതൻ തന്നുടെ വാക്കുമൂലം
നരോല്ഡക്കരം കേട്ടു തെളിഞ്ഞുശീലം51

ക്ഷണപ്രകാരം ക്ഷിതിപാലരും ന-
ല്ലിണങ്ങരും മറ്റുമനേകവർഗ്ഗം
അണഞ്ഞയോധ്യാപുരിയിങ്കലേറ്റം
ഗുണജ്ഞരാം വിപ്രമഹർഷിമാരും.52

വേദാന്ത വിജ്ഞാനികള് തർക്കശാസ്ത്ര-
വാദത്തിലഗ്രേസരർ ശാബ്ദികന്മാർ
വേദജ്ഞരാം ദീക്ഷിതരും വിശേഷി-
ച്ചോതിക്കവന്മാരുമടുത്തുകൂടി53

ശീവേലിയും നൂതനമട്ടിലോരോ
നൈവേദ്യവും നേർച്ചകളും വിളക്കും
ദേവാലയം തോറുമുടൻ നടത്തിഃ
ച്ചാ വൻപെഴും കൈകയിതന്റെ പുത്രൻ54

ശിലീമുഖം പോലെ കുതിച്ചു പോയാ-
വലീമുഖന്മാർ പല തീർത്ഥതോയം
സലീലമാംസത്തിൽ വഹിച്ചപയം
കുലീനരേശാതിഹ വന്ന മായം.55

പുത്തൻ പണിത്തേരു തുടച്ചു നാനാ-
ചിത്രങ്ങൾ വെവ്വേറെ മിനുക്കി നന്നായ്
പത്തൻപതശ്വങ്ങളെയിട്ടിണക്കി
നിർത്തിപ്പുരദ്വാരനിരത്തിലപ്പോൾ56

വൻപിച്ച താപ്പാനകൾ കൂർത്തമൂർത്ത
കൊമ്പുന്തലയ്ക്കൽ ചില പൂണുമേന്തി
ജൃംഭിച്ചു പാപ്പാന്റെ കരാഞ്ചലത്തിൽ
തുമ്പിക്കരം ചേർത്തു നിരന്നു നിന്നു.57
ആയോധനച്ചട്ടയഴിച്ചു പുത്തൻ
ചായംപിടിപ്പിച്ചൊരുടുപ്പുമിട്ട്
ആയാസമില്ലാതെ തുറുപ്പുകാരു-
മായാതരായങ്ങണിയിട്ടു നിന്നു.58

കുപ്പായവും തൊപ്പിയുമിട്ട രാട്ടിൻ
തൃപ്പാദസേവയ്ക്കു പദാതിയെല്ലാം
മുൽപ്പാടു തമ്പേറുമുഴക്കി വന്നി-
ട്ടഭ്യാസമോരോന്നു നടിച്ചു നിന്നു.59

കൈക്കെട്ടുമക്കിന്നരിവച്ചുടുപ്പും
മെയ്ക്കൂറായിട്ടുള്ളൊരു തോലുവാറും
ഖഡ്ഗങ്ങളും തങ്ങളെ തോളിലേന്തി-
ക്കൈക്കാറരസ്സൈലന്യവകുപ്പിൽ വാണൂ.60

അടുത്തു നല്ലൊരു മുഹൂർലഗ്നം
തൊടുത്തു കോലാഹലമങ്ങുമിഹ്ങും,
അടുക്കിനദ്ദിക്കിൽ മഹാഭിഷേക-
ച്ചടങ്ങു സർവത്ര സമീകരിച്ചു.‌61

തപോധനൻ തന്നുടെ വേഷമെല്ലാ-
മപാകരിച്ചാശരവൈരി പിന്നേ
നൃപോത്തമന്മാർക്കു വിധിച്ച വണ്ണം
വപുസ്സിൽ നല്ലാഭരണങ്ങൾ ചാർത്തീ.62

ആ രാജവംശത്തിലം മന്ത്രിവൃദ്ധ-
ന്മാരും വസിഷ്ടാദി മഹർഷിമാരും
ശ്രീരാമനെജ്ജാനകിയോടുമൊന്നി-
ച്ചാരാജപീഠത്തിലിരുത്തി മോദാൽ.63

ഇഷ്ടാർഥദാനങ്ങൾ മുറയ്ക്കു നൾകി-
പ്പുഷാടാനമോദത്തൊടു പുഷ്കരാക്ഷൻ
മുട്ടാതെ ശാസ്ത്രോക്തവിധിപ്രകാരം
പട്ടാഭിഷേകക്രിയയാചരിച്ചു.64

ഞായത്തിനധ്യക്ഷത വന്നമൂലം
ഭീയെത്യജിച്ചംബരചാരിവർഗം
ആയത്തമാം പൂമഴകൊണ്ടു രാമ-
ന്നാ,യക്ഷണം ചെയ്തു മഹാഭിഷേകം.65

നരപ്രവീരന്നു വിധിപ്രകാരം
പുര പ്രവേശനത്തിനു വേണ്ട പോലെ
കരപ്രധാനത്വമിയന്ന ലോകം
ക്ഷുരപ്രവും പൂണ്ടു നടന്നു മുൻപേ.66

ധർമ്മിഷ്ഠനായുള്ള ധരാമണാളൻ
സമ്മാന്യമാം സ്വർണ്ണരഥത്തിലേറി
ഘർമാംശുദേവൻ ഘനശോഭ കൈക്കൗ-
ണ്മമ്മേരുശൃംഗത്തിലുയർന്നപോലെ.67

സമ്മോദമുൾക്കൊണ്ടു സുമന്ത്രനപ്പോൾ‌‌‌
ചമ്മട്ടിയും പൂണ്ടു രഥം തെളിച്ചു
ബ്രഹ്മാവുതാൻ പണ്ടു പുരത്രയാരി-
ക്കിമ്മേദിനീവാനമെന്നപോലെ.68

പടുത്വമേറും ഭരതൻ പ്രമോദി-
ച്ചെടുത്തു മുത്തുക്കുട ഭക്തിപൂർവ്വം;
അടുത്തു മറ്റുള്ള സഹോഹദരന്മാർ
വിടുർത്തു വെഞ്ചാമരമപ്രകാരം.69

എഴുന്ന കോലാഹലമോടു ചുറ്റും
ചുഴന്നു മറ്റുള്ള പരിച്ഛദങ്ങൾ;
മുഴക്കി വാദ്യങ്ങളെ നല്ല മേള-
ക്കൊഴുപ്പുമുണ്ടാക്കി മഹോത്സവത്തിൽ.70

നീലാരവിന്ദാക്ഷികളഅ‍ മാറിടത്തെ-
ച്ചേലാഞ്ചലംകൊണ്ടു മറച്ചു നന്നായ്
ആലോകശബ്ദത്തൊടു മേടതോരും
ജാലങ്ങളിൽദ്ദേവനെ ദേവനെ നോക്കിനിന്നു.71

മംഗലസൂത്രങ്ങൾ കഴുത്തിലഷ്ട-
മംഗലമക്കൈയിലുമേന്തി നീളെ
തിങ്ങിച്ചകോരാക്ഷികൾ രാജമാർഗ-
ത്തങ്ങൊട്ടു പേർ വായ്ക്കുരലിട്ടുനിന്നു.72

സമസ്തഭാഗ്യവു മൊത്തുചേർന്നി-
ട്ടമർത്യരാലാശ്രിതനായ രാമൻ
സുമഗ്രസന്നാഹസമേതനായി-
ഗ്ഗമിച്ചു സാകേതപുരാന്തരാളം73

മനുഷ്യലോകേന്ദ്രനതിന്റെ ശേഷം
തനിക്കു വേണ്ടുന്ന ജനത്തിനെല്ലാം
നിനച്ചതിൽക്കൂടുതലർഥഭാരം
മനഃപ്രസാദത്തൊടു നൾകി വിട്ടു.74

പ്രിയത്തൊടും വാശ്രവണന്റഎ ചാര-
ത്തയച്ചിതർപ്പുഷ്പകയാനമഗ്രേ
നയത്തലുൽക്കർഷമെഴും കനിഷ്ഠ-
ത്രയത്തൊടും ഭൂമിയടക്കി വാണു.75

രാമൻ മഹീമണ്ഡലരാജ്യഭാരം
സാമർഥ്യമോടേറ്റു നടത്തിടുമ്പോൾ
ആമന്നവാജ്ഞാവശവർത്തിമാരാം
ഭൂമീശ്വരന്മാർക്കു മനം കുളുർത്തു.76

ദുർഭിക്ഷമെന്നുള്ളൊരു നാമധേയ-
മുൾപ്പന്നമായില്ലൊരിടത്തു പോലും;
അബ്ഭാനുപുത്രന്റെ പുരത്തിലുള്ള
സിൽബന്തികൾക്കന്നു സുഖം ലഭിച്ചു.77

കള്ളത്തരം കൊണ്ടു കഴുത്തറുപ്പോർ
കൊള്ളയ്ക്കുപോയ് മുന്തിയറുക്കുവോരും
കള്ളിന്നടിപ്പെട്ടു കറങ്ങുവോരും
കൊള്ളാത്ത കൂട്ടങ്ങളിതൊന്നുമില്ല.78

നന്നായൊരാൾ തേറി വരുന്ന നേരം
സന്നാഹമുൾക്കൊണ്ടു കൊനഷ്ടെടുത്ത്
തന്നാലെ കൂടുന്ന തടങഅകൽ ചെയ്വാ-
നന്നാട്ടിലക്കാലമൊരുത്തരില്ല.79

ഒരുത്തനുണ്ടാക്കിയ വസ്തു തട്ടി-
പ്പറിക്കുവാനന്യനു മോഹമില്ലാ
കരുത്തനും കാര്യവിവേകിതാനും
ദരിദ്രനും ഭൂപനു ഭേദമില്ലാ.80

സത്യം പറഞ്ഞാലതസത്യമെന്നും
മിഥഅയാവിവദത്തെ യഥാർഥമെന്നും
തെറ്റിദ്ധരിച്ചിട്ടു വിധിച്ചു തള്ളും
മാറ്റിത്തമേറുന്നവരാരുമില്ലാ.81

കാലത്തെഴുന്നേറ്റു കുളിച്ചിടാത-
ക്കാലത്തൊരാൾ കാണുകയില്ല നാട്ടിൽ
നീലത്തഴക്കേശികൾ നെഞ്ചിലേന്തും
താലിക്കുമില്ലന്നു വിയോഗദുഃഖം82

വേണ്ടുമ്പോഴെല്ലാം മഴയുണ്ടു പാരിൽ
പണ്ടേതിലേറ്റം പയിരും വിളഞ്ഞു
ഉണ്ടായതില്ലാമയപീഡയാർക്കും
കൊണ്ടാടി മോദിച്ചു വസിച്ചു ലോകം 83

ശ്രീമാനാകിയരാമദേവനിതുപോൽ പാരിങ്കലെല്ലാടവും
സീമാതീതഗുണാന്വിതൻ ജനതിക്കോകീട്ടു നിത്യോത്സവം
ശ്രീമാർത്താണ്ഡപരംപരാ സമുദിതൻ സർവ‍ജ്ഞസംമാന്യനാം
ധീമാനാത്മപരിഗ്രഹാനുഗതനായ് പ്രീണ്ച്ചു വാണാൻ ചിരം 84

ഇത്ഥം ശ്രീരാമചന്ദ്രൻ തിരുവടിയവനീ ഭാരമെല്ലാമടക്കീ-
ട്ടത്യന്തം പ്രീതിയോടും ജനതതിയെ രമിപ്പിച്ചു സീതാസമേതൻ
കീർത്തിശ്രീവെണ്ണിലാവാലുലകിട മഖിലം ചാരുശുദ്ധീകരിച്ചീ-
ട്ടിത്രൈലോക്യം ഭരിച്ചാൻ കനിവോടനുദിനം "സന്മനോഹാരി ദിവൻ"85


ഇരുപത്തൊന്നാം സർഗം സമാപ്തം