രാമചന്ദ്രവിലാസം
രചന:അഴകത്ത് പത്മനാഭക്കുറുപ്പ്
പതിമൂന്നാം സർഗം

കായാമ്പുപോൽ കായസൗഭാഗ്യമേറും
മാന്യനാം തമ്പിയോടും
ആയാസപ്പെട്ടദ്രിമേൽ മേവുമന്ന-
ളായാനംചെയ്തുഭ്രജാലം നഭസ്സിൽ. 1

ഉൾക്കാമ്പന്നാളാർദ്രമായേറെ വേഗാൽ
നിഷ്കാസിച്ചദ്ധാർത്തരാഷ‍്ട്രന്വയത്തേ
സൽക്കാരത്താലർജുനോല്ലാസമേകീ-
ട്ടക്കാലംശ്രീകൃഷ്ണസാദൃശ്യമാർന്നു. 2

സമ്പാദിച്ചജ്ജീവനത്തിൻ പെരുപ്പം
സന്മാർഗത്തിൽസ്സഞ്ചരിച്ചോരു മേഘം
സന്താപം തീർത്താശു രാജാക്കൾപോലേ
ക്ലേശിച്ചേറ്റം കുർബുരാഢ്യശുഗത്താൽ. 3

വാനോർനാഥൻപളളിവില്ലിങ്കലാളും
നാനവർണം വാനിലെല്ലാം നിറച്ച്
കൊണ്ടൽക്കൂട്ടം കൂടിയാർക്കും മുഴക്കം
കൊണ്ടെട്ടാശാന്തങ്ങൾ മൂളിച്ചിതേറ്റം. 4

ആഴിത്തണ്ണീരിന്റെ കൂട്ടത്തിലോരാ-
തുള്ളിൽക്കേറിപ്പോയൊരൗർവാഗ്നിയാലേ
ഉള്ളം മേഘങ്ങൾക്കു കാന്തിക്കഴന്നി-
ട്ടത്തീ പിന്നെക്കൊള്ളിയാനായ് വമിച്ചൂ 5

തട്ടിച്ചന്നങ്ങൾക്കു ഗർവം, കടമ്പിൽ
കാട്ടിൽക്കൂടെക്കാറ്റ് ചുറ്റിച്ചരിച്ചു;
മുന്നിട്ടാകാശത്തെ മേഘം മറച്ചു;
തന്നത്താനേ ഭുമിയിൽ കുൺ കുരുത്തു 6
                                                                                                                                                                                                                               
കാട്ടിൽ പുക്കും വത്സകപ്പൂങ്കുടത്തേ
കൂട്ടത്തോടങ്ങുല്ലസിപ്പിച്ചു നന്നായ്
ജാലം കാട്ടും വർഷകാലത്തെ രാമൻ
ചാലേ പാർത്തിട്ടോതിനാൻ തമ്പിയോടായ്? 7

ഇക്കാലം താൻ കാലാകാലൻ കഴുത്തോ-
ടൊക്കും പുത്തൻ കൊണ്ടലുണ്ടാക്കിയേറ്റം
കക്കുന്നല്ലോ മുഷ്കു കുടും യുവാക്കൾ-
ക്കുൾക്കൊണ്ടിടും ധൈര്യസമ്പത്തശേഷം. 8

അ‍ഞ്ചമ്പൻമാലേറ്റമേറ്റുന്ന കാറ്റും
തുള്ളിത്തുള്ളിച്ചാരു നീർത്തുള്ളിയേറ്റ്
ഊതുന്നിപ്പോൾ ശീതനായ്,ശതമാമി-
സ്സന്താപത്തിന്നന്തമെ,ന്തെന്തു മട്ടിൽ. 9

മേഘത്താന്മാരൊക്കെ മേന്മേൽ തികട്ടി-
ത്തൂകും തണ്ണിധരയോടേറ്റുവെട്ടി
ഊക്കേറും നൽക്കാറ്റിനാൽ ഗന്ധമോലും
ശക്രപ്പൂകൊണ്ടംബരാന്തം മറ‍ഞ്ഞു. 10

നീരാളും നന്മേഘമാം പച്ചിലത്തോൽ
ധാരാളം പൂണ്ടിള്ളൊരാകാശമാകും
പേരാൽവൃക്ഷത്തിന്റെ, നീർധാരയാമി
വേരാകെപ്പോന്നൂഴിയിൽ പറ്റിടുന്നോ? 11

പാർശ്വത്താളും വന്മരപ്പൂ വഹിച്ചും
തീരം ചിന്തുന്നരസമ്പൂർത്തിയാർന്നും
നൾതോറും നൽപ്പൗഢതയ്ക്കീഷലെന്ന്യേ
ശോഭിച്ചീടും ചോലയെക്കാൺകെടോ!നീ 12

മാരിക്കാലം വല്ല മട്ടും പരുങ്ങി-
ത്താരിൽത്തന്ന്വീവല്ലഭൻ താൻ കഴിച്ചാൻ
പയ്യെപ്പയ്യെപ്പിന്നെയസ്വാമിതൻ പൂ-
മെയ്യെന്നോണം മേഘവൃന്ദം വെളുത്തൂ. 13

ശ്രീരാമൻ തൻ പള്ളിവില്ലിന്റെ വേല-
യ്ക്കാരംഭിക്കുന്നേരമീയെന്റെ വിൽക്കോൽ
നേരേ നിൽക്കത്തക്കതല്ലെന്നു ചിന്തി-
ച്ചാരാലിന്ദ്രൻ തന്റെ ചാപം മറച്ചാൻ. 14

ഉണ്ടാകാറായ് വിഗ്രഹേ രാമരാജൻ
‍കൊണ്ടാടീടും സൽഗുണത്തിന്റെഘോഷം
മിണ്ടാൻ കോപ്പില്ലേതുമപ്പോൾ നമുക്കെ-
ന്നുണ്ടായ് നാണം വാർമുകില്ക്കൊച്ച തീർന്നു. 15

താന്തോന്നിത്തം തക്കതല്ലിന്നു;രാമൻ
നൊന്തിട്ടുള്ളം,നിശ്വസിക്കുന്ന നേരം
ചിന്തിച്ചിഥം വൻകൊടും കാറ്റടങ്ങീ,
പൊന്തും താഴമ്പൂമ്പൊടിപ്പാറ്റൽ നിർത്തി. 16

താപച്ഛേദം നാടകം വ്യോമരങ്ഗ-
ത്താടിക്കാഴ്ചക്കാർക്കു സന്തോഷമേകി
വർഷനാട്യക്കാരി പോയ് മേഘശബ്ദ-
ത്തമ്പേർ വച്ചമ്മിന്നൽവെട്ടം കെടുത്തീ. 17

മേലാ രാമന്നാശ പൂരിക്കുമാറായ്
കീശന്മാരെന്നാശ പൂരിക്കുമാറായ്
നന്നല്ലന്നീ വാഹിനീശബ്ദസാമ്യം
നമ്മെൾക്കെന്നോർത്തിട്ടു പൂഞ്ചോല വറ്റി. 18

ലങ്കാരാജ്യത്തിങ്കലീ രാജഹംസ-
ക്കെങ്കേമന്മാർ പോമ്പൊഴുഷ്ണം തടുപ്പാൻ
ശങ്കാഹീനം രാജഹംസങ്ങൾ പക്ഷ-
പ്പങ്കാ വീശിപ്പാരിൽ വന്നങ്ങിറങ്ങീ. 19

ഇഷ്ടപ്പെട്ടുള്ളോരെ വേർപെട്ടമൂലം
കഷ്ടപ്പാടുള്ളോർക്കെഴും ധൈര്യസാരം
മോഷ്ടീച്ചീടും വർഷകാലം സമൂലം
വിട്ടെന്നാലും,മന്മഥൻതന്റെ ബാണം. 20

മാറത്തുക്കോടേറ്റു ചിത്തം കിഴിഞ്ഞ-
ദ്വാരത്തൂടെ സ്നേഹസത്തൊക്കെ വാർന്ന്
വാഗ്ദാനത്തിന്നുള്ള മാറ്റൊക്കെ മങ്ങി-
ശ്ശക്തിക്കേടും സ്വന്തകൃത്യത്തിനെത്തി. 21

തന്നത്താനോർക്കാതെ വാഴുന്ന സുഗ്രീ-
വന്നക്കാമഭ്രാന്തു ഭസ്മീകരിപ്പാൻ
ചെന്നക്കിഷ്ക്കിന്ധയ്ക്കു രാമാജ്ഞ കൈക്കൊ-
ണ്ടന്നുൾക്കൊള്ളും കോപമോടുണ്ണിമന്നൻ. [വിശേഷകം‍] 22

ഒന്നോ,ടഗ്രേ കണ്ടു സംഹാരരുദ്രൻ
തന്നെക്കളും രൗദ്രഭാവം നടിച്ച്
ചെന്നിടുമ്പോൾ,കീശവൃന്ദം ചിലമ്പി-
ക്രന്ദിച്ചും കൊണ്ടാടലോടോടി വാങ്ങീ. 23


ദ്വേഷ്യപ്പെട്ടും കൊണ്ടെഴുന്നള്ളീടുന്നു
ദൂഷ്യത്തിനായിന്നു സൗമിത്രിയെന്ന്
പ്രേഷ്യത്വം പൂണ്ടാശു ചിറ്റപ്പനെക്കാ-
ലൂഷ്യം കൈവിട്ടങ്ഗദൻ ചെന്നുണർത്തീ. 24

പാരം സ്വൈരക്രീഡയാൽ കീശരാജൻ
ഭൂരിക്ളേശം പൂണ്ടുറങ്ങുന്ന നേരം
താരേയൻ ചെന്നിച്ചരിത്രം പറഞ്ഞാ-
ലാരാണാരാഞ്ഞീടുവാൻ ബോധമുള്ളോൻ. 25

നാട്ടിൽ പൊങ്ങുന്നോരു കോലാഹലത്തെ-
ക്കേട്ടിട്ടപ്പോൾ ഞെട്ടി വല്ലാതുണർന്ന
രാട്ടിൻമുൻപിൽ പ്ലക്ഷനാദിപ്ലവങ്ഗ-
ശ്രേഷ്ഠൻമാർ ചെന്നാശ്വസിപ്പിച്ചു നിന്നാർ. 26

ഇക്കോളിൽ ശ്രീരാമചന്ദ്രൻ വെറുപ്പാൻ
തക്കോണം നാം ചെയ്ത തെറ്റെന്തീവണ്ണം
അക്കൂട്ടക്കാർ കൂടി മന്ത്രിക്കവേയ-
ദ്ദിക്കിൽ കേൾക്കാറായി വില്ലിൻ മുഴക്കം. 27

ഞെട്ടിപ്പെട്ടെന്നാസനം വിട്ടെഴുന്നേ-
റ്റെട്ടാശാന്തം പൊട്ടുമീയൊച്ചകേട്ട്
ചൂടെല്ലാർക്കും തീർക്കുമഭ്രസ്വനത്താൽ
പേടിച്ചീടും പാമ്പു പോലായ് കപീന്ദ്രൻ. 28

സ്വാമിക്കിപ്പോൾ ദ്വേഷമുണ്ടാകുവാൻ നിൻ
സ്വാമിദോഹം തന്നെയെന്നാ ഹനൂമാൻ
ഓതുന്നേരം ലക്ഷ്മണൻതൻ വിരോധം
ഭേദിപ്പിപ്പാൻ താരയെച്ചൊല്ലി വിട്ടാൻ. 29

പെട്ടെന്നാദ്യം വാരുണീസേവമൂലം
വർജിച്ചിട്ടാ രാജതേജോവിശേഷം,
സന്മാർഗത്തുടാശു, പൂർവാശയിങ്കൽ
ചെമ്മേ മിത്രപ്രാപ്തിയുണ്ടായിടുമ്പോൾ. 30

മെല്ലെന്നോജസ്സാർന്നു, നിഷക്രാന്തതാരം,
തീരെത്തീർന്നാ വൻതമസ്സിൻ വികാരം,
സുഗ്രീവൻ താൻ വാണിരിക്കും നിശാന്തം
വ്യഗ്രത്വം വിട്ടർഥവത്തായ് ഭവിച്ചൂ. (യുഗ്മകം) 31

പ്രാപിച്ചിട്ടാ രാമ രാമാനുജൻ തൻ
ചാരത്താ ചാരത്തൊടേവം പറ‍ഞാൾ
ആദിക്കാധിപ്രാപ്തിയബ്ബാലിയാ,ലി-
ബഭല്ലുകാധിശന്നു വല്ലാതെ വന്നൂ. 32

കാട്ടിൽ പോയിപ്പെട്ട പാടൊക്കെയങേ-
ജ്യേഷ്ഠൻതീർത്തന്നൊറ്റയമ്പിൻ കരുത്താൽ
തെറ്റെന്നിപ്പോൾ പ‍‍‍‍‍ഞ്ചബാമൻ നിമിത്തം
മുറ്റും പീഡയ്ക്കിമ്മഹാൻ കീഴടങി. 33

എന്നാലിന്നമ്മാലു വിഷ്ഫാരമാത്രം
കൊണ്ടങ്ങെന്നും തീർത്തതും യുക്തമത്രേ
നീ തീർത്തോരിന്നോവുപേന്ദ്രാന്മജന്റെ
ജ്യേഷ്ഠൻ തീർത്തശ്ശമിന്ദ്രാത്മജന്റെ. 34

നന്മട്ടോലും വാണിയാൾ തന്റെ വാക്കാൽ
സമ്മാനിക്കപ്പെട്ട സൗമിത്രി പിന്നെ
അമ്മാറ്റം തീർന്നാശു, കീശർക്കധീശൻ
തന്മാടത്തിൽപ്പുക്കു ഗാംഭീര്യമോടും. 35

കണ്ടന്നേരം വാനരേന്ദ്രൻ നടുങ്ങീ-
പ്പണ്ടേക്കാളും ഭക്തി കൈക്കൊണ്ടു നിൽക്കെ
തിണ്ടാടീടും കീശജാതി സ്വഭാവം
കണ്ടുൾക്കോപം പൂണ്ട സൗമിത്രി ചൊന്നാൻ. 36

കാരുണ്യം പൂണ്ടിന്ദ്രിയൗഘത്തെ വെന്നുൾ-
സാരം ചേരും സ്വാത്ഥികൻമാരുമായി
നേരും പാരം നന്ദിയും പൂണ്ട ഭൂപ-
ന്മാരെ പാരിൽ പൂജ്യരായിബ്ഭവിക്കൂ. 37

സന്ധിപ്പോർക്കും തന്മതം പാർത്തിരിക്കും
ബന്ധുക്കൾക്കും നന്മ താൻ ചെയ്തിടാതെ
പാപം നേടിപ്പോഴുവാക്കോതിടുന്ന-
ബ്ഭൂപൻമാരെക്കാളുമേവൻ കഠോരൻ. 38

കാര്യം കണ്ടാൽ കൂട്ടുകാരന്നു വേണ്ടും
കാര്യം നേടാൻ വേല ചെയ്യാത്ത ദുഷ്ടൻ
ആര്യന്മാർ, “വധ്യനാണക്കൃതഘ്ന-
ക്രൂരൻ“ താനെന്നുച്ചെരിക്കപ്പെടുന്നു. 39

നീയും പാർത്താലത്തരക്കാർക്കു മുൻപൻ
ഞായക്കേടി ഞങ്ങളോടാചരിച്ചു;
ശൗര്യം കൂടും ബാലിയെക്കൊന്ന കൂര-
മ്പാര്യൻ വച്ചിട്ടുണ്ടതിന്നോർമ്മ വേണം. 40

നന്നാവില്ലാ രാമചന്ദ്രൻ ഗുണത്തോ-
ടൊന്നിച്ചീ നിൻനെഞ്ചിലമ്പൂന്നീടാഞ്ഞാൽ‌;
നിന്ദക്കാരൻ നിന്റെ നാശം ഭവിപ്പാ-
നിന്നോർക്കുമ്പോൾ മറ്റു മാർഗ്ഗങ്ങളുണ്ടോ? 41

എന്നീവണ്ണം വീര്യവാനാം കുമാരൻ
ഭിന്നാഭിപ്രായത്തെയോതുന്ന നേരം
കന്നൽക്കണ്ണാൾ താരയും പേടിയുള്ളിൽ
കുന്നിച്ചും കൊണ്ടാദരത്തോടുരച്ചാൾ. 42

തീയിൽച്ചാടാൻ സ്വാമി ചൊന്നാലതിന്നും
ഭീയില്ലേതും മർക്കടേന്ദ്രന്നു പാർക്കിൽ;
ആയുസ്സുണ്ടെന്നാകിലാ രാജകാര്യം
മായം കൂടാതൊക്കയും നിർവഹിക്കും. 43

ഭൂരിശ്രീമാൻ ലക്ഷ്മണൻ തന്റെ നേരെ
ചാരത്തപ്പോൾ കൂപ്പിനിന്നർക്കജന്മാ
പാരുഷ്യത്തെക്കൈവിടാൻ തക്കവണ്ണം
സാരസ്യത്തോടോതിനാനിപ്രകാരം. 44
 
നാനാദേശത്തിങ്കലും കത്തയച്ചെൻ
സേനാവൃന്ദം നേരു നിർത്താൻ വരുത്തി
ഞാനങ്ങോട്ടേക്കാഗമിപ്പാൻ നിരൂപി-
ച്ചാരംഭിക്കുന്നേരമങ്ങുന്നു വന്നൂ. 45

എന്നാലിന്നിത്താമസിക്കേണ്ട പാഴേ;
ചെന്നാ രാമസ്വമിയെക്കൈവണങ്ങീ
ഇന്നോ പക്ഷേ നാളെയോനാട്ടിലെല്ലാ-
മന്ന്വേഷിപ്പാൻ നിശ്ചയിച്ചാളയയ്ക്കാം. 46

എന്നീ വാക്യം കേട്ട നേരം കുമാരൻ
വന്നീടും വൻകോപമെല്ലാമടക്കീ;
പിന്നീടെല്ലാപേരുമായ് രാമനെക്ക-
ണ്ടൊന്നീ മട്ടിൽ കീശരാജാവുരച്ചാൻ. 47

അല്പന്മാരാം വാനരന്മർക്കു പണ്ടേ
കൽപ്പിക്കപ്പെട്ടുള്ള ചാപല്യമെല്ലാം
തിൽപ്പെന്നോർത്തിട്ടാശു ദൂരെ ത്യജച്ചേ;-
നപ്പേ വീണ്ടും വന്നു ബാധിച്ചീടുന്നൂ. 48

ചൊന്നാനന്നേരത്തു ‍രാമൻ,മനസ്സിൽ
തോന്നാനില്ലിക്കശ്മലത്വം നിനക്കും
നിന്നോർമയ്ക്കായ് മാത്രമീയുണ്ണിയെ‍ ഞാ-
നിന്നങ്ങേട്ടേക്കോതി വിട്ടേനിവണ്ണം. 49

നാലാശയ്ക്കും തേടുവാനളയ്ക്കു
ശീലായ്മക്കീ നീ വശപ്പെട്ടിടാതെ
മേലാൽ വേണ്ടും കാര്യമെന്തെന്നു പിന്നീ-
ടാലോചിയ്ക്കാം സാവധാനത്വമോടെ. 50

ശ്രീരാമൻ തന്നാജ്ഞ കേട്ടിപ്രകാരം
താരാനാഥൻ താഴ്മയുള്ളോർക്കു മുൻപൻ
ആരാഞ്ഞീടാൻ നാലുദിക്കും ക്രമത്താ-
ലോരോ ലക്ഷം വാനരന്മാരെ വിട്ടാൻ. 51

ചാട്ടക്കാരായ് നാലുനൂറായിരത്തേ
ശട്ടം കെട്ടിപ്പോവതിന്നായി നിർത്തി
പെട്ടന്നല്ലീവല്ലഭൻ തൻകിടാവ-
പ്പട്ടാളത്തെപ്പാർത്തു ചൊന്നാനിവണ്ണം. 52

കാടും മേടും കാശിമുൻപായ നാനാ
നാടും തോടും ചാലുമൊക്കെക്കടന്ന്
തേടിത്തേടിച്ചെന്നു പൂർവാശയിങ്കൽ
ചാടിപ്പേടിക്കാടെകണ്ടാഴിതാണ്ടിന്! 53

സാരം ചേരും കാഴ്ചയോരോന്നു കണ്ടും
താരാർമാതിൻ വാഴ്വയാരാഞ്ഞുകൊണ്ടും
ക്ഷീരാംഭോധിക്കക്കരെച്ചാടി വീണ-
ന്നീരോദാത്തെപ്പേടിയെന്ന്യേ കടപ്പിൻ. 54

പൊന്നും കുന്നിന്മോളിൽ മോദിച്ചിരിക്കും
ധന്ന്യത്മാവാം ശേഷനെക്കണ്ടു കൂപ്പി
പിന്നെപ്പോയിപ്പൂർവശൈലം വലം വ-
ച്ചന്വേഷിപ്പിൻ തൻപ്രദേശത്തിലെല്ലാം. 55

കണ്ടില്ലെങ്കിൽ പോകൊലാ പിന്നെയങ്ങോ-
ട്ടണ്ടർക്കെല്ലാം വാസഭൂവാകയലേ
പണ്ടെങ്ങാരും പോയവാറി,ല്ലിരുട്ടാൽ
കണ്ടീടുവാൻ ദുർഘടം പാരമുണ്ടാം. 56

ഓരോന്നേവം ചൊല്ലി വിട്ടാൻ കിഴക്കോ-
ട്ടാരായേണ്ടും വാനരന്മാ നോക്കി;
നേരേ തെക്കേദ്ദിക്കിലന്വേഷണാർഥം
താരേയാദ്യന്മാരൊടേവം പറഞ്ഞാൻ. 57

പോയാൽ കൊള്ളാം നിങ്ങളെക്കൊണ്ടു വേണം
മായാമർത്ത്യൻ തന്റെ കാര്യം വഹിപ്പാൻ
ആയോണം ഞാൻ വേണ്ട ലക്ഷ്യങ്ങൾ നിങ്ങൾ-
ക്കായിച്ചൊല്ലാമായതോർമിച്ചു കൊൾവിൻ! 58
 
നേരെ വിന്ധ്യൻ പർവതത്തെക്കടന്ന-
ങ്ങോരോ ദിക്കും ചെന്നു വെവ്വേറെ നോക്കി
ധീരന്മാരെ! കേരളം വിട്ടു പോമ്പോൾ
ചാരെ നിങ്ങൾക്കങ്ങു കാവേരി കാണാം. 59

ചെല്ലുള്ളോരത്തീർഥവും താണ്ടിയൽപ്പം
ചെല്ലുന്നേരം ചന്ദനാന്ദ്രിക്കടുക്കൽ
കല്യന്മാരെ! കുംഭജന്മാവിനെക്ക-
ണ്ടുല്ലംഘിപ്പിൻ താമ്രപർണീസരിത്തും 60

തേടിപ്പിന്നെപ്പാണ്ഡ്യരാജന്റെ നാട്ടിൽ-
ക്കൂടെ പ്രാപിച്ചമ്മഹേന്ദ്രജാലത്തെ
പേടിച്ചിടാതപ്പുറതെ സമുദ്രം
ചാടിച്ചെന്നാൽ വൻതുരുത്തൊന്നു കാണാം. 61

ജാലക്കാരൻ രാവണൻ വാണിരിക്കു-
ന്നാ ലങ്കാദ്വീപൊക്കെ നന്നായ് തിരിഞ്ഞ്
കണ്ടില്ലെന്നാൽ മുൻപുറത്തെസ്സമുദ്രം
ധൈര്യത്തോടും താണ്ടി മുന്നോട്ട് പോണം. 62

മെല്ലെത്തെക്കോട്ടേറ മാർഗം കടന്നാൽ
ചെല്ലും ചൊവ്വേ കുഞ്ചരാഖ്യാചലത്തിൽ
വെല്ലം നൽത്തേനെന്നിതെല്ലാം ഭുജിച്ച-
ങ്ങില്ലം പോയിക്കാണ്മിനാഗസ്ത്യമഗ്രേ. 63

പിന്നെക്കാണും വാസുകിക്കുള്ള സത്മാ-
വെന്നും സർപ്പം കാത്തുനിൽപ്പുണ്ടതിങ്കൽ
അന്നാടെല്ലാം പാർത്തു തെക്കോട്ടുഴന്നാൽ
മുന്നിൽ കാണും പൊൻനിറം പൂണ്ട ശൈലം. 64

അദ്ദേശത്തിന്നപ്പുറം താൻ പിതൃക്കൾ-
ക്കുദ്ദേശിക്കപ്പെട്ട വൈഷമ്യവാസം
പ്രത്യേകിച്ചും നിങ്ങളാൽ ശക്യമല്ലി-
ന്നുദ്യോഗിച്ചാൽ കൂരിരുട്ടത്തു പോവാൻ. 65

എന്നല്ലങ്ങോട്ടൊക്കെയും ധർമ്മരാജൻ-
തന്നാവാസം ദുർഘടസ്ഥാനമല്ലോ
പിന്നുള്ളേടത്തൊക്കെ നന്നായി നോക്കി-
പ്പോന്നാൽ പോരും നിങ്ങൾ കഷ്ടപ്പെടാതേ. 66

നേരാം മാർഗ്ഗം ദക്ഷിണാദിക്കു പൂകാ-
നാരംഭിക്കുന്നോർക്കു ചൊല്ലിട്ടീവണ്ണം
ശൂരാത്മാവാം സൂര്യപുത്രൻ, സുഷേണൻ-
ചാരത്തെത്തിച്ചാരുവാക്കേവമോതീ. 67

അമ്മാവൻ താൻ പോകവേണം പടിഞ്ഞാ-
ട്ടമ്മാൻകണ്ണാളുള്ള ദേശം തിരക്കാൻ
നമ്മാലാകും നന്മ ചെയ്യുന്നതിനായ്
ബ്രഹ്മാവിമ്മെയ്യോടു നിർമ്മിച്ചു നമ്മെ. 68

സൗരാഷ്ട്രം മുൻപായ നാടൊക്കെയാരാ-
ഞ്ഞോരോ കൈതക്കാട്ടിലും പോയ് തിരഞ്ഞ്
നേരെ ചെന്നാൽ മേക്കുപക്കത്തു പാരാ-
വാരം ദൂരത്തങ്ങു നിങ്ങൾക്കു കാണാം. 69

തെങ്ങും കൂട്ടത്തിങ്കലെല്ലാമുഴന്നൊ-
ട്ടങ്ങോട്ടായാലങ്ഗലോപാഖ്യദേശം
മങ്ഗല്യത്തിന്നാസ്പദം കണ്ടു ചെന്നാൽ
പൊങ്ങിക്കാണാം ചക്രവാനെന്ന ശൈലം. 70

പാരാവാരത്തിന്റെ നാലം പദത്തിൽ
പേരാളുന്നപർവ്വതത്തിങ്കൽ വച്ച്
പോരാടിത്തൻ ശങ്കചക്രങ്ങൾ വാങ്ങീ
ക്രൂരന്മാരാം ദൈത്യരോടംബുജാക്ഷൻ. 71

പിന്നെക്കാണും കാമരൂപം പുരം പു-
ക്കന്ന്വേഷിച്ചൊട്ടേറെ മേലോട്ട് ചെന്ന്
പൊന്നും കുന്നും മറ്റുമൊക്കെക്കടന്നാൽ
കണ്ണിൽ കാണാറാകുമസ്താചലത്തെ. 72

അക്കുന്നിന്മേലപ്പതിയ്കുള്ള വാസം
നോക്കിക്കണ്ടാ മേരുസാവർണിതന്റെ
തൃക്കാൽ കൂപ്പിപ്പോരണം പിന്നെയങ്ങോ-
ട്ടിക്കണ്ടോരാൽ പോവതിന്നില്ലെളുപ്പം. 73

എന്നീവണ്ണം ഭാനുപുത്രർ പടിഞ്ഞാ-
റന്ന്വേഷിപ്പാനുള്ളതൊക്കെപ്പറഞ്ഞ്
പിന്നെചൊന്നാനുദ്ദരാദിക്കൂ പൂകാ-
നുന്നിപ്പാർക്കും മർക്കടന്മാരെ നോക്കി. 74

വീരന്മാരേ! നിങ്ങൾ ചെല്ലിൻ വടക്കോ-
ട്ടാരും പോയാലങ്ങമാന്തിച്ചിടൊല്ലാ
ശ്രീരാമോദ്ദേശ്യങ്ങൾ സധിക്കുവോളം
ഭാരം നമ്മൾക്കുണ്ടതന്നേ ചുരുങ്ങൂ. 75

നമ്മൾക്കെല്ലാം നല്ലകാലം വരുത്താ-
നിമ്മാന്ന്യശ്രീരാമചന്ദ്രൻ ശ്രമിച്ചൂ;
അമ്മട്ടദ്ദേഹത്തിനും നാം തുണച്ചാൽ
ജന്മം നമ്മൾക്കിങ്ങു സാഫല്യമാർന്നൂ. 76

ഒന്നും ചെയ്യാതുള്ളൊർഥിക്കഭീഷ്ടം
തന്നത്താനോർത്തേകുവാൻ ധന്യനേറ്റം;
തന്നിഷ്ടത്തേ മുൻപനുഷ്ഠിച്ചവർക്കായ്
പിന്നെച്ചെയ്വോനമാത്രം വിശിഷ്ടൻ. 77

നന്നായോർത്തി,ട്ടാകയാൽ നിങ്ങളെല്ലാം
കന്നൽക്കണ്ണിക്കുള്ളൊരാവാസദേശം
കണ്ണിൽക്കാണുന്നോളമുത്സാഹപൂർവ്വം
ചെന്നന്ന്വേഷിച്ചിങ്ങു പോന്നീടവേണം. 78

നാനാനാടും കുന്നുമാരും കടന്ന-
ച്ചിനാദേശം താണ്ടിയൊട്ടങ്ങു ചെന്നാൽ
കാതം നാനൂറോളപ്പരപ്പായ്
കാണാം നേരത്തുള്ള മൈതാനഭൂമി. 79

വേഗം പിന്നിട്ടപ്രദേശം ഭവാന്മാർ
പോകുന്നേരം വെൺമലക്കാലു കാണാം
ആകെക്കൊണ്ടിന്നിത്തുഷാരാചലത്തിൻ
ശാഖാശൈലക്കൂട്ടമങ്ങെത്തിയോണം. 80

അക്കൈലാസം കണ്ടു വേഗന പോമ്പോ-
ളഗ്രേകാണ്മാനുണ്ടുറസ്വോകസാര
നോക്കിക്കണ്ടാ രാജരാജന്റെ രാജ്യം
പാർക്കാം പിന്നെക്രൗഞ്ചയസശൈലം വിദൂരേ. 81

അൽപ്പം പോയാൽ മുന്നിലാമ്മാറു കാണാം
പൊക്കം കൂടുന്നൊരു സോമാചലത്തെ
കെൽപ്പില്ലാർക്കും പിന്നെയങ്ങോട്ടടുപ്പാ-
നുൽപ്പേക്ഷിച്ചാൽ നിങ്ങളാലും പ്രയാസം. 82

അക്കൂട്ടത്തോടോതിയേവം കപീന്ദ്രൻ
നിഷ്കർഷിച്ചാൻ സ്വാമികാര്യത്തെ നന്നായ്
പ്രത്യേകിച്ചും നാലിനക്കാറരോടും
മൊത്തത്തിൽ പാർത്തോതിനാനിപ്രകാരം. 83

നേരം പാഴാക്കാതെകണ്ടങ്ങുമിങ്ങും
ശൂരന്മാരേ! നല്ല ശുഷ്കാന്തിയോടും
ആരാഞ്ഞുംകൊണ്ടാശു കാര്യം വഹിച്ചെൻ
ചാരത്തെത്തിൻ മുപ്പതാം പക്കമാകുമ്പോൾ. 84

പക്ഷം രണ്ടും ചേർന്നു വൈദേഹിയെയും
വീക്ഷിക്കാതെൻ മുന്നിലെത്തുന്ന ഭോഷൻ
പക്ഷം രണ്ടില്ലായവൻ വധ്യനത്രേ
ദാക്ഷിണ്യം ചെറ്റില്ല ബന്ധുക്കളോടും. 85

എന്നീ വണ്ണം യാത്ര കൽപ്പിച്ചു
സന്നാഹത്തിന്നുദ്യമിച്ചാൻ കപീന്ദ്രൻ;
സന്ദേശക്കാർ നാലു പങ്കായി നിന്നി-
ട്ടന്നേരത്താരാമപദം വണങ്ങീ. 86

കൂറോടപ്പോൾ വാത‍‍ജൻ തന്നെ രാമൻ
വേറെ കൽപ്പിച്ചന്തികത്തിങ്കൽ നിർത്തീ
തേറും നീയെൻ കാര്യമെന്നോതിയോജ-
സ്സേറീടും തൻമോതിരം കൈയ്യിൽ നൽകീ. 87

കാൽത്താർ കൈതൊഴുതാസ്ഥയോടു ഹനുമാൻ
രാമാങ്ഗുലീയത്തിനെ-
കൈത്താർ ചേർത്തുരരീകരിച്ചു ശകലം
പിന്മാറി നിന്നീടവേ
ബദ്ധപ്പെട്ടു മനോരഥം രഘുവരൻ
പാരൊക്കെയോടിച്ചപോൽ
മധ്യാഹ്നർക്കമരീചി പോൽ കപികുലം
വ്യാപിച്ചു ദിക്കൊക്കെയും. 88

മങ്ങാതെ ചീനവെടി പൊട്ടി, യതിങ്കൽ നിന്നും
പൊങ്ങിത്തിളങ്ങി വെടിയുണ്ട തകർന്നിടുമ്പോൾ
എങ്ങും പരക്കുമൊരു തീപ്പൊരിപോൽ പ്ലവങ്ഗ-
ച്ചങ്ങാതിമാർ പല വഴിക്കുഴറിത്തുടങ്ങീ. 89

വടക്കും മേക്കും പിന്നമരവരദിക്കും തിരയുവാൻ
മിടുക്കോടും പോയോരവിടവിടെയാരാഞ്ഞു മുഴുവൻ
തിടുക്കം കൈക്കൊണ്ടക്കപിവരകഠോരാജ്ഞയെ നിന-
ച്ചൊടുക്കം പോന്നോരിങ്ങവിധി കഴിയും മുൻപു വെറുതെ. 90

തെന്നാടു നോക്കി നടകൊണ്ടവരൂഴിമങ്ക-
തന്നാശ്രയസ്ഥലി തിരഞ്ഞു മനസ്സിലാക്കി
വന്നീടുമെന്നു ഹൃദയത്തിലുറച്ചു രാമ-
ചന്ദ്രൻ തുടങ്ങിയവർ മോദമുയർന്നു വാണാർ. 91


കപിസന്ദേശം എന്ന പതിമൂന്നാം സർഗം സമാപ്തം.