രാമചന്ദ്രവിലാസം/മൂലഗ്രന്ഥത്തിന്റെ അവതാരിക

രാമചന്ദ്രവിലാസം
രചന:അഴകത്ത് പത്മനാഭക്കുറുപ്പ്
മൂലഗ്രന്ഥത്തിന്റെ അവതാരിക


ശ്രീ

ഴകത്തു പത്മനാഭക്കുറുപ്പവർകളുടെ നാമധേയം ആധുനിക കവികളുടെ കൂട്ടത്തിൽ ഭാഷാഭിമാനികൾക്ക് അപരിചിതമായിരിപ്പിൻ ഇടയില്ല.ഇദ്ദേഹം ആദ്യ കാലത്ത് "മനോരമ” പംക്തികളിൽ കടന്നു കോലാഹലം ചെയ്തു കൊണ്ടിരുന്ന ബാലകവി കുഞ്ജരന്മാരിൽ അഗ്രരണ്യസ്ഥാനം വഹിച്ചിരുന്ന ഒരാളാകുന്നു.ദുർഭരമായ കുടുംബഭാരം ദുസ്ത്യജമാം വിധത്തിൽ ദൈവഗത്യാ ശിരസ്സിൽ വന്നു വീണതിൽ പിന്നെ ഇദ്ദേഹം പത്ര പംക്തികളിൽ ഏറെ പ്രവേശിച്ചു കാണാറില്ല. കുടിംബ പാരമ്പര്യത്തിനും കാവ്യാലാപകേളികൾക്കും തങ്ങളിൽ പൊരുത്തം പോരാ.കാര്യസ്ഥനായാൽ കളിച്ചു കൂടാ എന്നാണു പഴമക്കാർ പറക പതിവ്.എന്നാൽ ഈ മിഥ്യാ ബോഝം പ്രകൃതകവിയെ ബാധിച്ചിട്ടില്ലെന്നു കാണുന്നതിൽ സന്തോഷിക്കുന്നു.

അഴകത്തു വീട്ടുകാർ പല സ്ഥാനമാനങ്ങളുമുള്ള ഒരു പുരാതന കുടുംബക്കാർ ആകുന്നു.ഈ വീട്ടിലെ കാരണവർക്ക് അനന്തശയന ശ്രീപത്മന്ഭസ്വാമി ക്ഷേത്രത്തിന്റെ ഊരാണ്മക്കാരായ എട്ടര യോഗത്തിൽ പ്രവേശവും 'ശ്രീകരണം' എന്നൊരു സ്ഥാനവും ഉണ്ട്. 'അദ്വൈതാനന്ദം' എന്ന കിളിപ്പാട്ടിന്റെ കർത്താവായ ഒരു കുറുപ്പ് 22 -ൽ നാടു നീങ്ങിയ സ്വാതിതിരുനാൾ മഹാരാജാ തിരുമനസ്സിലേ സന്നിധിയിൽ നിന്നും ' വിദ്വാൻ കുറുപ്പ്' എന്ന വിരുതുപേർ ലഭിച്ചിട്ടുണ്ട്. ആ വിദ്വാൻകുറുപ്പിന്റെ അനന്തരവനും ഇപ്പോഴത്തെ കരണത്താക്കുറുപ്പിന്റെ അനുജനും ആണു നമ്മുടെ കവി. ജ്യേഷ്ഠൻ ക്ശേത്രാധികാരപാരതന്ത്ര്യത്താൽ തിരുവനന്തപുരത്ത് സ്ഥിര താമസം ആവശ്യപ്പെടുകയാൽ പത്മനാഭക്കുറുപ്പിന് തറവാട്ടുകാര്യാന്വേഷണം സ്വീകരിക്കേണ്ടി വന്നു. ഗൃഹഭരണക്ലേശങ്ങളുടെ മധ്യേ അപ്പോഴപ്പോൾ യദൃച്ഛയാ ലഭിക്കുന്ന ചില വിശ്രമക്ഷണങ്ങളുടെ സദ്വിനിയോഗ ഫലമാണ് രാമചന്ദ്രവിലാസം.

മഹാകാവ്യം എന്ന പേരിനെ അർഹിക്കുന്ന ഒരു കാവ്യം ഭാഷയിൽ ആദ്യമായി ഉണ്ടായത് ഈ 'രാമചന്ദ്രവിലാസം' തന്നെ എന്നും പറയേണ്ടിയിരിക്കുന്നു. ശ്രീകൃഷ്ണചരിതം ആണ് ഭാഷയിൽ ഇദംപ്രഥമമായ കാവ്യം. 'ശ്രീരാമചന്ദ്രവിലാസം' ആണ് ഇദംപ്രഥമമായ മഹാകാവ്യം. "നഗരാർണനശൈലത്തു ചന്ദ്രാർക്കോദയ വർണ്ണനൈഃ " എന്നിത്യാദി ദണ്ഡി ചെയ്തിട്ടുള്ള ലക്ഷണമെല്ലാം ഈ ഗ്രന്ഥത്തിന് തികഞ്ഞിട്ടുണ്ടെന്നുള്ളതിനാൽ രണ്ടു പക്ഷം വരുന്നതല്ല. മാഘന്റെ 'ശിശുപാലവധ'ത്തോട് ഈ ഗ്രന്ഥത്തെ സമം ചേർക്കാം. അർത്ഥപുഷ്ടി,ശബ്ദഭംഗി,സന്ദർഭശുദ്ധി,കൽപ്പനാവൈചിത്ര്യം,രസാദ്യൗചിത്യം,ബന്ധചാതുര്യം മുതലായവ വിശേഷങ്ങളിൽ പ്രകൃതമഹാകാവ്യത്തിനു സമമായി ഭാഷയിൽ ഒരു മൂലഗ്രന്ഥവും കാണുന്നില്ല.അർത്ഥാലങ്കാരങ്ങളെ മറ്റു പല ഭാഷാ കവികളും ധാരാളമായി ഉപയോഗിച്ചിട്ടുണ്ടെങ്കിലും ശബ്ദാലങ്കാരങ്ങളെ സരസമായി പ്രയോഗിക്കുന്നതിൽ പത്മനാഭക്കുറുപ്പ് അദ്വിതീയനാകുന്നു എന്നു പരിച്ഛേദിച്ചു പറയാം. സംസ്കൃതത്തിൽ പോലും നാനാർത്ഥകോശത്തിന്റെയും ഏകാക്ഷരനിഘണ്ടുവിന്റെയും മറ്റും സഹായം കൂടാതെ ദുഷ്ക്കരങ്ങളായ അനുലോമ പ്രതിലോമസമാനം, അർത്ഥഭ്രമകബന്ധം മുതലായ ശബ്ദ ചിത്രങ്ങളെ കുറുപ്പവകർകൾ സാധാരണ നാടോടി മലയാള പദങ്ങളെക്കൊണ്ട് അധിക ക്ലേശം ഒന്നും കൂടാതെ ചമയ്ക്കുന്നതു കണ്ടാൽ ആരുടെ മനസ്സാണ് ചമൽക്കരിക്കാത്തത്? രാമചന്ദ്രവിലാസം ഒരു നാലഞ്ചു കൊല്ലം മുമ്പു വെളിയിൽ വന്നിരുന്നെങ്കിൽ ശബ്ദാലങ്കാരങ്ങളെ ഉദാഹരിക്കുന്നതിൽ ഭാഷാഭൂഷണനിർമ്മാണ കാലത്തു എനിക്കുണ്ടായ ക്ലേശങ്ങളെ പരിഹരിക്കാമായിരുന്നു.ഭാഷയിൽ ചെയ്യാവുന്നവയും എന്നാൽ നാളിതു വരെ ആരും ചെയ്തു കണ്ടിട്ടില്ലാത്തവയും ആയ ചില ശബ്ഭചിത്രങ്ങളെ ഉദാഹരിക്കുന്നതു സുകരമല്ലാതെ വരികയാൽ ആ ഗ്രന്ഥത്തിൽ ഭാഷാ ശ്ലോകത്തിനു പകരം സംസ്കൃത ശ്ലോകം എനിക്കു ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട്.ശബ്ദങ്ങൾ ഇത്രത്തോളം സ്വാധീനപ്പെട്ടിട്ടുള്ള ഈ മഹാകവി ചില പദ്യങ്ങളിൽ ദ്വിതീയാക്ഷര പ്രാസത്തെ ഉപേക്ഷിച്ചിട്ടുണ്ടെങ്കിൽ അത് അതിന്റെ നേർക്കുളള അനാസ്ഥയെന്നല്ലാതെ അശക്തിയെന്ന് ഒരിക്കലും വരുന്നതല്ല.

വിരിയും മലർചൂടിയഗ്രഭാഗേ
തളിരും തണ്ടുമിടയ്ക്കിടയ്ക്കു വീശി
മുകുളങ്ങളുമേന്തിയിങ്ങുലഞ്ഞാ
ലതയെങ്ങോട്ടു ഗമിച്ചശോകമേ ചൊൽ
ഇത്യാദി പ്രൗഡലളിതങ്ങളായ ഇതിലെ പദ്യങ്ങളെ
'തൂണുനാലും കോണിലായിട്ടെങ്ങിലും നാട്ടി പന്തലിട്ടില്ലെ'
ന്നു പറഞ്ഞു പരിഹസിക്കുകയാണെങ്കിൽ അവരോട്
ക്രമേളകം നിന്ദതി കോമളേച്ശുഃ
ക്രമേളകഃ കണ്ടകലംപടസ്തം
പ്രീതൗ തയോരിഷ്ടഭുജൊഃ സമായം
മധ്യസ്ഥതാ നൈകതരോപഹാസഃ

എന്നല്ലാതെ ഒരുത്തരവും ഞാൻ പറവാൻ തയ്യാറില്ല.മറ്റെല്ലാവക ശബ്ദചിത്രവുമിരുന്നാലും ദ്വിതീയ പ്രാസം ഇല്ലാതെ പോയാൽ എല്ലാം പോയി എന്ന് ശഠിക്കുന്നവരെ നാനാവിഭവങ്ങളോടു കൂടിയുള്ള ഭക്ഷണത്തിലും ചീരക്കറിയില്ലെങ്കിൽ ഊണു സുഖമാവുകയില്ലെന്നു വിചാരിച്ചിരുന്ന "ശാകപാർഥിവന്റെ” ശേഖരത്തിൽ ചേർത്തു മിണ്ടാതെയിരുന്നേയ്ക്കാം. ശബ്ദാലങ്കാരം പോലെ തന്നെ ശ്ലേഷ പ്രയോഗവും ഇതിൽ വളരെ ധാരാളമായിരിക്കുന്നു.'അമാന്തം' മുതലായ പദങ്ങൾക്ക് സംസ്കൃതത്തിലും ഭാഷയിലുമുള്ള ഭിന്നാർത്ഥങ്ങളെ കവി വളരെ സമർത്ഥമായുപയോഗിച്ചിരിക്കുന്നു.പേരെച്ചത്തിലെ അകാരലോപം,ആഖ്യാതത്തിലെ ഉകാരലോപം അത്യാദി ചില അഭംഗികൾ ഇക്കാവ്യത്തിലും ചിലേടത്ത് വന്നുപോയിട്ടില്ലെന്നില്ല.എന്നാൽ അതുകൾ അർത്ഥ പ്രതീതിയെപ്രതിബന്ധിക്കാത്തതിനാൽ ദോഷകോടിയിൽ പ്രവേശിക്കുന്നില്ലെന്നുള്ളതിതേലേക്ക് മുൻ ഉദാഹരിച്ച പദ്യം തന്നെ ലക്ഷ്യമാകുന്നു.അഴകത്തു കുറുപ്പിന്റെ കൃതികൾക്ക് വിശേഷാൽ ഒരഴകുണ്ടെന്ന് എന്ക്കു പണ്ടേ തന്നെ അദ്ദേഹത്തിന്റെ ഒറ്റ ശ്ലോകങ്ങൾ കാണുമ്പോഴൊക്കെ തോന്നീട്ടുണ്ട്.ആ അഭിപ്രായത്തെ 'രാമചന്ദ്രവിലാസം' ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നു. കവിയുടെ ഈ അഭിനന്ദനീയമായ വ്യവസായത്തെ കേരളീയ മഹാജനം ഉചിതമായ വിധത്തിൽ അനുമോദിക്കുമെന്നു ആശംസിക്കുന്നു.

കവിയുടെ അഭ്യുദയാശംസി,
A.R.Rajaraja Varma(Sd.)