കൃഷ്ണഗാഥ/ഒന്നാം ഭാഗം/വത്സസ്തേയം

(വത്സസ്തേയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൃഷ്ണഗാഥ
ഒന്നാം ഭാഗം

കൃഷ്ണഗാഥ
രണ്ടാം ഭാഗത്തിലേക്ക്



1 ഓമനപ്പൈതൽതാനോരോരോ ലീലകൾ
2 തൂമ കലർന്നങ്ങു കാട്ടിക്കാട്ടി
3 ആനായനാരിമാർമാനസംതന്നെയ
4 ങ്ങാകുലമാക്കിനാൻ മെല്ലെ മെല്ലെ.
5 അച്ഛനെപ്പോലെയുടുക്കുന്നേനെന്നിട്ടു
6 നൽച്ചേലകൊണ്ടങ്ങുടുക്കും നന്നായ്
7 മാനിച്ചുനിന്നച്ഛൻ കുമ്പിടുന്നേരത്ത
8 ങ്ങാനകളിക്കും മുതുകിലേറി,
9 തേവാരിക്കേണമിന്നച്ഛായെനിക്കു നീ
10 പൂവെല്ലാം കൊണ്ടെത്തായെന്നു ചൊല്ലും

11 അച്ഛനും താനുമായിച്ഛയിലങ്ങനെ
12 നിച്ചലും നിന്നു പടകളിക്കും
13 "എൻ കണി കാണണന്നിങ്ങളിന്നെല്ലാരും"
14 എന്നങ്ങു ചൊല്ലീട്ടു വീടുതോറും
15 കോഴികൾ കൂകുമ്പോൾ കോഴകൾ കൂടാതെ
16 ഗോവിന്ദൻ പാടിക്കൊണ്ടങ്ങുചെല്ലും.
17 മാരി ചൊരിയുന്ന നേരത്തു കോടിയിൽ
18 നേരേ പോയ് നീരെല്ലാമേല്ക്കും മെയ്യിൽ
19 കൈയേപ്പിടിപ്പാനാരായേലും ചെല്ലുമ്പോൾ
20 "അയ്യോ!" എന്നിങ്ങനെ കൂട്ടും തിണ്ണം.

21 അത്ഭുതമായുള്ള പാവകളുണ്ടോരോ
22 ശില്പികൾ കൊണ്ടക്കൊടുത്തപ്പൊഴും
23 വാഴപ്പഴങ്ങൾ താൻ തിന്നുന്ന നേരത്തു
24 വായിൽ കൊടുക്കുമപ്പാവകൾക്കും;
25 "അമ്മിഞ്ഞി നൽകമ്മേ" യെന്നങ്ങു ചൊല്ലിക്കൊ
26 ണ്ടമ്മേടെ കൈയിൽ കൊടുക്കും പിന്നെ;
27 ചാലക്കിടന്നങ്ങുറങ്ങുന്ന നേരത്തു
28 ചാരത്തുതന്നെ കിടത്തിക്കൊള്ളും
29 നന്മണികൊണ്ടു പടുത്ത നിലന്തന്നിൽ
30 ബിംബിതനായിട്ടു തന്നെക്കണ്ടാൽ

31 അഞ്ചിതമാകിയ പുഞ്ചിരിതൂകീട്ടു
32 ചെഞ്ചെമ്മേ പായും പിടിച്ചുകൊൾവാൻ.
33 രത്നങ്ങളായുള്ള കമ്പങ്ങൾ തന്നിലു
34 മാദ്യനായുള്ളൊരു തന്നെക്കണ്ടാൽ
35 "ഉണ്ണിയെപ്പൂണുന്നേ"നെന്നിട്ടു കമ്പത്തെ
36 ത്തിണ്ണം പിടിച്ചങ്ങു പൂണ്ടുകൊള്ളും
37 "കമ്പത്തിനുള്ളിലെക്കുട്ടിക്കെന്നമ്മേ! നീ
38 യമ്മിഞ്ഞി നൽകേണ"മെന്നു ചൊല്ലും:
39 വെണ്ണയും പാലും നൽവെല്ലവുമെല്ലാമേ
40 ഉണ്ണിക്കു നല്കേണമെന്നും പിന്നെ.

41 ഓടിക്കൊണ്ടാച്ചിമാരോരോരോ വേലയ്ക്കു
42 പേടിച്ചു വീടരെപ്പോകുന്നേരം
43 നെഞ്ചകമെല്ലാമെ വഞ്ചനഞ്ചെയ്യുന്ന
44 പുഞ്ചിരി കിഞ്ചന തൂകിത്തൂകി
45 ദൂരത്തുനിന്നവർ ഗേഹത്തിൽ ചെന്നവൻ
46 ചാരത്തു മെല്ലവേ നിന്നുകൊള്ളും;
47 ഓമനപ്പുഞ്ചിരി കാണുന്നനേരത്തു
48 കാമിനിമാരാരും പോകവല്ലാർ
49 തങ്ങൾ തുടങ്ങിന വേല മറന്നുടൻ
50 മംഗലനാകിയ പൈതൽതന്നെ

51 പൂണ്ടുപൂണ്ടങ്ങനെ നിന്നുപോമെല്ലാരും
52 വേണ്ടുവോന്നാകയുമുണ്ടു പാർത്താൽ
53 ബാലികമാരായ നാരിമാരോരോരോ
54 ലീലകൾ കണ്ടു മയങ്ങുന്നേരം
55 പൂവില്ലുകൊണ്ടവർ മേനിയിൽ മെല്ലവേ
56 പൂവില്ലവൻ ചെന്നു തൊട്ടു പോന്നാൻ
57 എന്നുപോലിന്നിവൻ യൗവനമാളുന്നു
58 തെന്നൊരു ചിന്ത തുടങ്ങീതപ്പോൾ
59 കണ്ണിനു നല്ലൊരു പീയൂഷമായിട്ട
60 ക്കണ്ണൻതാനിങ്ങനെ മേവും കാലം

61 വൃദ്ധൻമാരായുള്ള ഗോപന്മാർതങ്ങളിൽ
62 ഒത്തങ്ങു കൂടീട്ടു ചൊന്നാരപ്പോൾ:
63 "വാട്ടംകളഞ്ഞു നാം കൂട്ടമായ് കൂടീട്ടു
64 ഗോഷ്ഠത്തിൻ കാരിയം ചിന്തിക്കേണം."
65 നന്ദൻ തുടങ്ങിന ഗോപന്മാരെല്ലാരും
66 ഒന്നൊത്തുനിന്നു പറഞ്ഞാരപ്പോൾ:
67 "വാസത്തിനിന്നിലം നന്നല്ല പാർക്കുമ്പോൾ
68 ആപത്തെക്കാണുന്നു നാളിൽ നാളിൽ
69 പൂതനയെന്നൊരു ഭൈരവി വന്നിട്ടു
70 ചെയ്തതോയെല്ലാരും കണ്ടുതല്ലോ.

71 കാറ്റുതാൻ മേല്പെട്ടു നൂറ്റിക്കോലല്ലല്ലോ
72 തൂറ്റിക്കളഞ്ഞതിപ്പൈതൽതന്നെ.
73 പാറമേൽ വീണൊരു പൈതലെയോർക്കുമ്പോൾ
74 മാറുന്നൂതില്ലെന്നും കണ്ണുനീരോ.
75 ചാടുതാൻ വീണു തകർന്നൊരു നേരത്തു
76 ചാകാതെകൊണ്ടതോ നാമല്ലല്ലൊ.
77 നാരായണൻതൻറെ കാരുണ്യമില്ലായ്കിൽ
78 ആരിന്നിപ്പൈതലെക്കാപ്പോരയ്യോ!
79 പാരിച്ചുനിന്നൊരു പാഴ്മരം വീഴുമ്പോൾ
80 പൈതൽതന്മേനിയിൽ കൊണ്ടില്ലല്ലോ

81 നല്ലൊരു നേരത്തിപ്പൈതൽ പിറന്നുതെ
82 ന്നെല്ലാരും ചൊന്നതു പൊയ്യല്ലൊട്ടും.
83 എന്നുമേയിങ്ങനെ തണ്മ വരായ്‌വതി
84 ന്നെന്തിനി നല്ലതെന്നോർക്കണം നാം."
85 നന്ദന്തന്നാനനംതങ്കൽനിന്നിങ്ങനെ
86 തന്മൊഴി തൂകിന നേരത്തപ്പോൾ
87 ബന്ധുവായ് നിന്നൊരു ഗോപാലൻ ചൊല്ലിനാൻ
88 ചിന്തിച്ചു നിന്നു നുറുങ്ങുനേരം:
89 "കെല്പാർന്നു നിന്നുള്ളോരുല്പാതമോരോന്നി
90 ങ്ങിപ്പാടെ വന്നതിൻ മുപ്പാടെ നാം.

91 വൃന്ദാവനന്തന്നിൽ നന്നായിപ്പൂകേണ
92 മൊന്നിച്ചു നിന്നുടനിന്നുതന്നെ"
93 എന്നങ്ങു ചൊന്നപ്പോൾ നിന്നോരു ഗോപന്മാർ
94 നന്നെന്നു ചൊല്ലിനാരെല്ലാരുമേ
95 ചാടെല്ലാം കൊണ്ടന്നു ചാരത്തുടൻ പിന്നെ
96 ചാലെ മുറുക്കിച്ചമച്ചാരപ്പോൾ
97 നീടുറ്റ ബാലകന്മാരുമമ്മാതരും
98 ചാടിൽ കരേറീട്ടു പാഞ്ഞാർ ചെമ്മെ
99 കന്നും കിടാക്കളും കാലികളും തമ്മിൽ
100 ഒന്നിച്ചു കൂടി നടത്തംകൊണ്ടാർ.

101 ചാപംതുടങ്ങിയുള്ളായുധമോരോന്നേ
102 ഗോപന്മാരെല്ലാരും കൈയിലാക്കി
103 സന്നദ്ധരായിട്ടു നിന്നുടനന്നേരം
104 മുന്നിൽ നടന്നു തുടങ്ങിനാരേ.
105 നീടുറ്റ രോഹിണിതാനും യശോദയും
106 കേടറ്റ ചാടിൽ കരേറിച്ചെമ്മെ
107 ഓലക്കമാണ്ടുള്ള ബാലകന്മാരെയും
108 ചാലപ്പുണർന്നു വിളങ്ങി നിന്നാർ
109 ചൊല്പെറ്റു നിന്നുള്ള രത്നങ്ങൾ പൂണ്ടുള്ള
110 കല്പകവല്ലികളെന്നപോലെ.

111 "ചാടങ്ങു ചാടുമ്പോൾ പേടിച്ചു നിന്നേതും
112 ചാപലം കാട്ടൊല്ലൊ പൈതങ്ങളെ"
113 പൈതങ്ങളോടു പറഞ്ഞുനിന്നിങ്ങനെ
114 പൈതങ്ങളേതുമറിഞ്ഞീലൊട്ടും
115 ഇങ്ങനെ പോയങ്ങു വൃന്ദാവനന്തന്നിൽ
116 ഭംഗിയിലെല്ലാരും ചെന്നു പുക്കാർ
117 പുണ്യങ്ങൾ ചെയ്തുള്ള മാനവന്മാരെല്ലാം
118 വിണ്ണിലേ ചെന്നങ്ങു പൂകുമ്പോലെ
119 ദീനന്മാരായുള്ളോരാനായന്മാരെല്ലാം
120 അനന്ദംപൂണ്ടങ്ങു പുക്കനേരം

121 സുന്ദരമായുള്ള മന്ദിരമോരോന്നേ
122 നന്നായി നിർമ്മിച്ചാരന്നുതന്നെ.
123 നന്ദൻതുടങ്ങിന ഗോപന്മാരെല്ലാരും
124 മന്ദിരമോരോന്നിൽ ചെന്നു പുക്കാർ
125 സൂര്യൻ തുടങ്ങിന നൽ ഗ്രഹമോരോരോ
126 രാശിയിൽ ചെന്നങ്ങു പൂകുംപോലെ.
127 കാർവർണ്ണൻ താൻ ചെന്നു വിളങ്ങിന നേരത്ത
128 ക്കാനനമേറ്റം വിളങ്ങിനിന്നു
129 വാർതിങ്കൾ ചെന്നു വിളങ്ങിന നേരത്തു
130 കാർതങ്ങുമാകാശമെന്നപോലെ.

131 "അച്ഛാ,യെനിക്കൊരു നൽകുഴലൂതുവാൻ
132 ഇച്ഛയുണ്ടെ" ന്നങ്ങു ചൊല്ലിപ്പിന്നെ
133 അച്ഛൻ കൊടുത്തോരു നൽ കുഴലൂതിനി
134 ന്നിച്ഛയിൽ മേവിനാൻ മെല്ലെ മെല്ലെ.
135 പുഞ്ചിരി തൂകിയും കൊഞ്ചൽ തുടങ്ങിയു
136 മഞ്ചാറുമാസം കഴിഞ്ഞ കാലം
137 കന്നുകൾ മേച്ചു തുടങ്ങിൻ മെല്ലവേ
138 നന്ദതനൂജനും രാമനുമായ്
139 ദൂരത്തു പോകാതെ ചാരത്തു നിന്നിട്ടു
140 നേരൊത്ത പിള്ളരുമായിച്ചെമ്മേ.

141 വത്സങ്ങളോടു കലർന്നുടൻ കൊല്ലുവാൻ
142 വത്സനായ് വന്നൊരു ദാനവനെ
143 മത്സരമാണ്ടങ്ങു മൃത്യുപുരന്തന്നിൽ
144 ഉത്സവമാക്കിനാനൂക്കുകൊണ്ടേ.
145 കള്ളനായുള്ളൊരു മറ്റൊരു ദാനവൻ
146 പുള്ളായി വന്നിട്ടു നിന്നനേരം
147 തള്ളിയെഴുന്നൊരു കോപം കൊണ്ടങ്ങവൻ
148 തള്ളയ്ക്കു കണ്ണുനീർ നല്കിനാന്താൻ.
149 ഉഗ്രങ്ങളായുള്ള വ്യഗ്രങ്ങൾ തീർത്തു ത
150 ന്നഗ്രജനോടു കലർന്നു ചെമ്മേ

151 ചാരത്തു നിന്നുടൻ കന്നുകൾ മേയ്പാനായ്
152 ദൂരത്തു പോകത്തുടങ്ങി മെല്ലേ.
153 ആച്ചിമാരെല്ലാരും കാഴ്ചയായ് നൽകിന
154 പാച്ചോറുതന്നെയുമുണ്ടു പിന്നെ
155 ചേർച്ച തുടർന്നുള്ള പിള്ളരുമായിട്ടു
156 പാച്ചൽ തുടങ്ങിനാൻ കന്നിൻ പിമ്പെ
157 കന്നുമേച്ചിങ്ങനെ നിന്നു വിളങ്ങിന
158 നന്ദതനൂജന്താനന്നൊരുനാൾ
159 കാനനം തന്നിലേ പോയിട്ടു വേണമേ
160 ഭോജനമിന്നെനിക്കെന്നു നണ്ണി

161 കാലത്തുണർന്നുടൻ ബാലകന്മാരെയും
162 മേളത്തിൽനിന്നു വിളിച്ചുണർത്തി
163 "കാനനംതന്നിൽ ചെന്നാനന്ദമായ് നിന്നു
164 വേണമിന്നൂണെ"ല്ലാമെന്നു ചൊല്ലി
165 താനങ്ങു തന്നുടെ കന്നുകൾ പിന്നാലെ
166 കാനനം നോക്കി നടന്നാൻ പിന്നെ.
167 എന്നതു കേട്ടൊരു ചങ്ങാതിമാരെല്ലാ
168 മങ്ങനെ വേണുന്നൂതെന്നു ചൊല്ലി
169 ഭോജനത്തിന്നുള്ള സാധനമോരോരോ
170 ഭോജനന്തന്നിലങ്ങാക്കിക്കൊണ്ട്

171 തന്നുടെ തന്നുടെ കന്നും തെളിച്ചതിൻ
172 പിന്നലെ തങ്ങളും മെല്ലെ മെല്ലെ
173 ചെന്നങ്ങു കണ്ണൻറെ കന്നിനോടെല്ലാരും
174 ഒന്നിച്ചു കൂട്ടിനാർ തങ്ങൾകന്നും
175 ബാലകന്മാർക്കുള്ള ലീലകളെക്കൊണ്ടു
176 ചാലക്കളിച്ചു നടന്നാർ പിന്നെ
177 കേകികൾ കൂകുമ്പോൾ കൂകത്തുടങ്ങിനാർ
178 കോകിലം പാടുമ്പോൾ പാടുകയും
179 പക്ഷികൾ പാറുമ്പോൾ ഛായ പിടിപ്പാനാ
180 യാക്കമേയെല്ലാരുമോടിയോടി;

181 അന്നങ്ങൾപോലെ നടന്നതിൻ പിന്നാലെ
182 അന്നലെപ്പോലെ കരഞ്ഞു പിന്നെ
183 തൻ നിഴൽതന്നോടും മാറ്റൊലിതന്നോടും
184 നിന്നു കളിക്കയും പേശുകയും;
185 വാനരം പാഞ്ഞു മരങ്ങളിലേറുമ്പോൾ
186 വാലേപ്പിടിച്ചു വലിച്ചും പിന്നെ
187 പുണ്യങ്ങൾ ചെയ്തുള്ള പൈതങ്ങളിങ്ങനെ
188 കണ്ണനുമായിക്കളിക്കുന്നേരം
189 കംസന്റെ ചൊല്ലാലെ വന്നൊരു ദാനവൻ
190 ഹംസങ്ങൾ ചാരത്തു കാകൻപോലെ.

191 ക്ഷ്വേളം നിറഞ്ഞൊരു വ്യാളമായന്നേരം
192 നീളത്തിൽ മെല്ലെക്കിടന്നുകൊണ്ടാൻ
193 ആയർകുമാരന്മാർ പായുന്നതിൻ നേരേ
194 വായും പിളർന്നു വഴിക്കുതന്നെ
195 ചേണാർന്നു നിന്നൊരു പാതാളമേയെന്നു
196 കാണുന്നോരെല്ലാർക്കും തോന്നുംവണ്ണം.
197 ലീലകളോരോന്നേ ചാലത്തിരഞ്ഞുള്ള
198 ബാലകന്മാരതു കണ്ടനേരം
199 പാതാളമേയെന്നു നിർണ്ണയിച്ചെല്ലാരും
200 പാഞ്ഞവൻ വായിലേ ചെന്നു പുക്കാർ.

201 ആകാശംതന്നിലേ നിന്നുള്ള ദേവകൾ
202 ആകുലന്മാരായിച്ചൊന്നാരപ്പോൾ:
203 "കൈതവം പൂണ്ടൊരു ദൈതേയൻതാനെന്നി
204 പ്പൈതങ്ങളാരുമറിഞ്ഞതില്ലെ
205 കംസന്നു നല്ലൊരു കാലമായ് വന്നുതേ
206 സംശയമില്ലേതും ചൊല്ലാം ചെമ്മേ
207 മായയെന്നുള്ളതു നിർണ്ണയിച്ചല്ലല്ലീ
208 മാധവനെങ്ങോ പോയ് നിന്നുകൊണ്ടു."
209 വിണ്ണവരിങ്ങനെ ചൊന്നൊരു നേരത്തു
210 കണ്ണനും ചെന്നങ്ങു മെല്ലെ മെല്ലെ

211 പൂകത്തുടങ്ങിനാൻ ദാനവൻവായിലെ
212 മേഘത്തിനുള്ളിൽ നൽ തിങ്കൾപോലെ.
213 കണ്ണനും ചെന്നവൻ വായിലേ പൂകുമ്പോൾ
214 വിണ്ണവർ തിണ്ണം മെരിണ്ടു നിന്നൂ
215 "അയ്യോ!" എന്നിങ്ങനെ പിന്നെയും ചൊല്ലീട്ടു
216 കൈയും തിരുമ്മിയുഴന്നാർ ചെമ്മേ.
217 ബാലകന്മാരെല്ലാം വായിലേ വന്നപ്പോൾ
218 ദാനവന്തന്നിലെ നണ്ണിനാന്താൻ:
219 "ഇന്നു ഞാൻ കണ്ടൊരു നൽക്കണിതന്നയേ
220 യെന്നുമേയിന്നുമകപ്പെടേണം.

221 ആയർകുമാരന്മാരോടുംകൂടെന്നുടെ
222 വായിലേ വന്നിവൻ പുക്കാനല്ലൊ.
223 ആരെല്ലാമിന്നിവൻതന്നെയങ്ങേശുവാൻ
224 ആരാഞ്ഞു നില്ലാതെയുള്ളോരിപ്പോൾ
225 പൂതനമുമ്പായി വന്നുള്ളോരെല്ലാരും
226 ചേതന കൈവിട്ടു പോയാരത്രെ.
227 എന്നോളം ധന്യരില്ലാരുമിന്നോർക്കുമ്പോൾ
228 എൻ വായിലല്ലോതാൻ വന്നു പുക്കും
229 സ്വാമിക്കു വേണുന്നോരാരുമില്ലെന്നോളം
230 പാർമേലെന്നുള്ളതോ വന്നുകൂടി.

231 ഞാനിന്നിക്കാര്യത്തേ സാധിച്ചു ചെല്ലുമ്പോൾ
232 മാനിച്ചുചൊന്നതു നല്കും നാഥൻ
233 എന്തോന്നു നിന്നുള്ളിൽ വേണുന്നതെന്നുമ്പോൾ
234 എന്തോന്നു ഞാൻ മുമ്പേ ചൊല്ലിക്കൊൾവൂ?
235 ആനതുടങ്ങിന വാഹനമോരോന്നേ
236 വേണുന്നതില്ലേതും പാർത്തു കണ്ടാൽ
237 ശോഭനമായങ്ങു ശോഭിച്ചു നിന്നുള്ളൊ
238 രാഭരണങ്ങളെനിക്കുണ്ടല്ലോ
239 നാടങ്ങു വേണമെനിക്കെന്നു ചൊല്ലിനാൽ
240 നാശമേയുള്ളതേ നാളിൽ നാളിൽ.

241 ആയന്മാരെല്ലാർക്കും നായകനായ് നിന്നാൽ
242 പേയില്ലയെന്നുമേയെന്നു തോന്നു.
243 പാൽ വെണ്ണയുണ്ടു സുഖിച്ചുകൊള്ളാമല്ലോ
244 പാർക്കുന്നനേരമിതെന്നേ നല്ലൂ
245 എൻ വായിലായുള്ള കന്നുകിടാക്കളെ
246 കൊല്ലാതെകൊണ്ടാകിൽ നന്നായിതും
247 എന്നതിന്നേതുമുപായമില്ലോർക്കുമ്പോൾ
248 കന്നുകളിന്നും മറ്റുണ്ടല്ലോ താൻ
249 ഇന്നിവൻതന്നെ ഞാൻ തിന്നാതെയിങ്ങനെ
250 കൊന്നുകൊണ്ടെന്നുടെ നാഥന്മുമ്പിൽ

251 പ്രാഭൃതമായിട്ടു വച്ചു കൊടുക്കിലെൻ
252 പ്രാഭവമേറ്റവുമുണ്ടായിതും
253 കൂടെപ്പിറന്നൊരു പൂതനതന്നെയും
254 കൂടെപ്പിറന്ന ബകന്തന്നെയും
255 കൊന്നതിന്നോർക്കുമ്പോഴിന്നിവന്തന്നെ ഞാൻ
256 തിന്നു മുടിക്കിലേ കോപം തീരൂ."
257 ഇങ്ങനെ ചിന്തിച്ചു തന്നിലങ്ങേറ്റവും
258 പൊങ്ങുന്ന കോപത്തെപ്പൂണ്ടു ചെമ്മെ
259 വായങ്ങു നേരേ മുറുക്കിത്തുടങ്ങുമ്പോൾ
260 ആയർകുമാരകൻ മെല്ലെ മെല്ലെ

261 കണ്ടങ്ങിരിക്കവേ പൊങ്ങിത്തുടങ്ങിനാൻ
262 പണ്ടു താൻ വാമനനെന്നപോലെ.
263 എന്നതു കണ്ടൊരു ദാനവനന്നേരം
264 നന്ദതനൂജനോടൊന്നു ചൊന്നാൻ:
265 "മായ നീയിങ്ങനെയാവോളം കാട്ടിനാൽ
266 പോയിടാമെന്നു നിനയ്ക്ക വേണ്ടാ.
267 മായകൊണ്ടീയെന്നെ വെല്ലുവോരില്ലാരും
268 പേയെല്ലാമേതുമേ കാട്ട വോണ്ടാ.
269 എന്നുടെ ജീവനമിങ്ങനെയുള്ള നാൾ
270 എന്നുമേ നിന്നെയയയ്ക്കയില്ലേ.

271 മുന്നന്നീയെങ്ങളെക്കൊന്നു നശിപ്പിച്ച
272 തിന്നു നിനക്കുമകപ്പെട്ടുതേ.
273 എൻ വായിൽനിന്നു നീ ചാകയെന്നുള്ളൊരു
274 നിൻ പാപമോർക്കിലിന്നാർക്കൊഴിക്കാം."
275 പാപനായുള്ളൊരു ദാനവനിങ്ങനെ
276 കോപനനായിപ്പറഞ്ഞ നേരം
277 ശ്വാസങ്ങളെല്ലാമടങ്ങിത്തുടങ്ങിതേ
278 കാസങ്ങളും പോന്നു വന്നൂതപ്പോൾ
279 വാകൊണ്ടു മിണ്ടുവാൻ വല്ലാതെയായപ്പോൾ
280 വാൽകൊണ്ടു തല്ലിനാൻ ഭൂതലത്തിൽ.

281 കണ്ണനിലായിതു കോപിച്ചു മാനസം
282 കണ്ണിണ പാരം വിരിഞ്ഞു നിന്നു;
283 ആർത്തങ്ങളായിട്ടു പ്രാണങ്ങൾ വീങ്ങുമ്പോൾ
284 മൂർദ്ധാവു പെട്ടെന്നു പൊട്ടിച്ചെമ്മെ
285 കണ്ടൊരു വാതിൽ പുറപ്പെട്ടു ജീവനും
286 മണ്ടിനടന്നു പുറത്തങ്ങായി.
287 ആകാശം തന്നിലേ കാണായിതന്നേരം
288 നാകികൾക്കെല്ലാർക്കും ദീപം പോലെ.
289 കണ്ണൻതാനന്നേരം പീയൂഷമാണ്ടൊരു
290 കണ്ണിണകൊണ്ടു കുളിർക്ക നോക്കി.

291 ആലസ്യം തീർത്ത തൻ ബാലകന്മാരുമ
292 കാകലിക്കിടാക്കളുമായിച്ചെമ്മെ
293 വ്യാളത്തിൻ വായിൽനിന്നോടിപ്പുറപ്പെട്ടു
294 മേളത്തിൽ നിന്നു വിളങ്ങിക്കൊണ്ടാൻ
295 ആകാശം തന്നിലേ കാണായിനിന്നൊരു
296 നീകാശമന്നേരം താണുവന്നു
297 കണ്ണനോടൊന്നിച്ചു നന്നായി വന്നുതേ
298 വിണ്ണവരെല്ലാരും കണ്ടിരിക്കെ
299 എന്നതു കണ്ടൊരു വിണ്ണവരെല്ലാരും
300 നന്ദനംതന്നിലേപ്പൂക്കളെല്ലാം

301 നാരായണൻമെയ്യിൽ പാരാതെ തൂകിനാർ,
302 പാരം മുഴങ്ങിച്ചാർ ഭേരികളും.
303 ആമ്നായമോതിച്ചു നിന്നൊരു നാന്മുഖൻ
304 മേന്മേലെ ഭേരിയെക്കെട്ടനേരം
305 എന്തെന്നു ചിന്തിച്ചു തന്നിലേ നണ്ണിനാൻ
306 നന്ദതനൂജന്റെ ലീലയെന്നേ.
307 ഓത്തു മുടിഞ്ഞതു പാർക്കരുതാഞ്ഞുത
308 ന്നാസ്ഥാനംതന്നിൽനിന്നോടി വന്നാൻ;
309 വാനവരെല്ലാരും ചൊന്നതു കേട്ടപ്പോൾ
310 ആനന്ദലീലനായ് നിന്നു ചൊന്നാൻ:

311 "ഇന്നിതു കണ്ടിട്ടു വിസ്മയിച്ചീടേണ്ട
312 വൃന്ദാരകന്മാരേ കേൾപ്പിൻ നിങ്ങൾ
313 നന്ദകുമാരനായ് നിന്നോരിവന്തന്റെ
314 നല്ലൊരു പൂമേനിയെന്നപോലെ
315 പൊന്നുകൊണ്ടാകിലും മണ്ണുകൊണ്ടാകിലും
316 നന്നായി നിർമ്മിച്ച മെയ്യുണ്ടല്ലോ
317 എന്നതുതന്നെയുമുള്ളിലേ നണ്ണിനാ
318 ലന്നേ വരുത്താമേ മുക്തിതന്നെ.
319 ഇന്നിവൻതാനല്ലോ ദാനവനുള്ളിലേ
320 നിന്നു വിളങ്ങിനതെന്തു പിന്നെ."

321 വാരിജസംഭവനിങ്ങനെ ചൊന്നതു
322 വാനവരെല്ലാരും കേൾക്കുന്നേരം
323 വാരിജലോചനൻ കാളിന്ദിതന്നുടെ
324 തീരത്തു ചെന്നുടൻ ചൊന്നാനപ്പോൾ:
325 "ചങ്ങാതിമാരേയെൻ ചാരത്തു പോരുവിൻ
326 ചന്തത്തിലുണ്ണേണം നാമെല്ലാരും
327 ഇന്നിലം കൈവിട്ടുപോകിലിന്നാമെല്ലാം
328 നന്നായിട്ടെങ്ങുമേ വന്നുകൂടാ.
329 നല്ലോരു പുല്ലുള്ള ഭൂതലംതന്നിലേ
330 നന്നായി മേയട്ടെ കന്നുകളും."

331 എന്നതു കേട്ടൊരു ചങ്ങാതിമാരെല്ലാം
332 കന്നെല്ലാമൊന്നിച്ചുകൂട്ടിച്ചെമ്മേ
333 തണ്ണീരും നല്കി നൽപ്പുല്ലുള്ള ഭൂതലം
334 തന്നിലങ്ങാക്കിനാർ മേച്ചൽപൂവാൻ.
335 വാരെഴും തങ്ങളും നാരായണൻചൂഴും
336 പാരാതെ ചെന്നങ്ങിരുന്നാർ പിന്നെ
337 വാരിജംതന്നുടെ കർണ്ണികതൻ ചൂഴും
338 നേരേ വിളങ്ങും ദളങ്ങൾപോലെ
339 പാച്ചോറുതന്നെയുമെല്ലാരുമോരോരോ
340 പാത്രങ്ങൾതന്നിലുമാക്കിപ്പിന്നെ

341 തന്നുടെ തന്നുടെ കായ്കനിയോരോന്നേ
342 മുന്നിലെടുത്തങ്ങു വച്ചുകൊണ്ടാർ
343 കാർമുകിൽവർണ്ണനും ഭോജനംപെണ്ണുവാൻ
344 കാമിച്ചുനിന്നു മുതിർന്നാനപ്പോൾ.
345 നാഭിക്കലാമ്മാറു കോലക്കുഴൽതന്നെ
346 ചൂരക്കോൽക്കൊമ്പെല്ലാം കൈയുടെ കീഴ്;
347 പാച്ചോറുതന്നെയുരുട്ടിച്ചമച്ചുതൻ
348 പാണിതലംതന്നിലാക്കിക്കൊണ്ടു
349 ഉണ്ണിവിരൽകൾതന്നുള്ളിലങ്ങാക്കിനാ
350 നൂണിനു വേണുന്ന കായ്കളെല്ലാം

351 ബാലകന്മാരുടെ ലീലകളോരോന്നേ
352 ചാലപ്പറഞ്ഞു ചിരിച്ചു തമ്മിൽ
353 ചോറങ്ങു വായിലിടുന്നോരുനേരത്തു
354 പാരം ചിരിപ്പിച്ചു പൈതങ്ങളെ
355 കാർമുകിൽ വർണ്ണൻതാനാമോദംപൂണ്ടു നൽ
356 കാനനന്തന്നിൽനിന്നുണ്ണുന്നേരം
357 ആകാശംതന്നിലേ വാനവരെല്ലാരും
358 ആമോദംപൂണ്ടങ്ങു നോക്കിനിന്നാർ,
359 വൃന്ദാരകന്മാർക്കു സുന്ദരമായൊരു
360 വൃന്ദാവനന്തന്നിൽ വന്നുനിന്ന്

361 നന്ദകുമാരൻറെ ലീലകൾ കാണ്കയാൽ
362 നന്ദനലീലയും വേണ്ടീലപ്പോൾ.
363 നാളീകജന്മാവു നാരായണൻതൻറെ
364 കേളികൾ പിന്നെയും കാണ്മതിന്നായ്
365 കുത്സിതമായൊന്നു വഞ്ചനമെങ്കിലും
366 വത്സങ്ങളെല്ലാമൊളിച്ചുവച്ചാൻ
367 ബാലകന്മാരെല്ലാമുണ്ണുന്ന നേരത്തു
368 കാലിക്കിടാങ്ങളെക്കാണാഞ്ഞപ്പോൾ
369 പേടിപൂണ്ടെല്ലാരും തേടുവാനായിട്ട
370 ങ്ങോടിത്തുടങ്ങുവാനോങ്ങുന്നേരം,

371 നീടുറ്റ ബാലകന്മാരോടു ചൊല്ലിനാൻ
372 കേടറ്റ കേശവൻ പേടിപോവാൻ:
373 ഊണിന്നു വൈകല്യമേതുമേയാക്കൊല്ല
374 വേണുന്നതിന്നിന്നു ഞാനുണ്ടല്ലോ
375 കാട്ടിലകംപൂക്കു കന്നുകിടാക്കളെ
376 കൂട്ടമേ ഞാനോ മടക്കികൊൾവൻ."
377 കൊണ്ടൽനേർവർണ്ണൻതാനിങ്ങനെ ചൊന്നുടൻ
378 പിണ്ടവും കൈയിൽ പിടിച്ചുകൊണ്ട്
379 മണ്ടിനാൻ കാനനമണ്ടലംതന്നിലേ
380 തെണ്ടുവാൻ കന്നെല്ലാമിണ്ടൽ നീക്കി.

381 ഭദ്രനായുള്ളോരു നാന്മുഖനന്നേരം
382 ഛിദ്രമിയന്നുടൻ പോന്നുവന്നാൻ
383 ആയർകുമാരകന്മാരെയും തന്നുടെ
384 മായയെക്കൊണ്ടു മറച്ചുവച്ചാൻ.
385 നീലവലാഹകനേർനിറമാണ്ടുള്ളോൻ
386 നീളെ നടന്നാനക്കാടുതോറും.
387 കന്നുകളൊന്നുമേ കാണാഞ്ഞു പിന്നെയും
388 വന്നുടൻ നോക്കുമ്പോഴിങ്ങുതന്നെ
389 ബാലകന്മാരെയും കണ്ടുതോയില്ലല്ലൊ
390 "കാലിക്കിടാക്കളെ കാണാഞ്ഞിട്ട്

391 ആരാഞ്ഞുപോയോരേ"യെന്നങ്ങു നണ്ണീട്ടു
392 പാരം വിളിച്ചു നടന്നാനെങ്ങും.
393 എന്നിട്ടുമെങ്ങുമേ കാണാഞ്ഞു തന്നിലേ
394 എന്തിതെന്നിങ്ങനെ ചിന്തിച്ചുടൻ
395 ഉള്ളിലെക്കകൊണ്ടു നോക്കിനാനന്നേരം
396 ഉള്ളോരുവണ്ണമേ കാണായപ്പോൾ
397 പുഞ്ചിരി തൂകിനാൻ നന്മുഖന്തന്നുടെ
398 വഞ്ചനലീലയെക്കണ്ടു പിന്നെ.
399 "വഞ്ചിതമായതു വഞ്ചനം ചെയ്കിലോ
400 വഞ്ചകനാമല്ലൊ ഞാനുഞ്ചെമ്മെ"

401 നെഞ്ചകംതന്നിലേയിങ്ങനെ നണ്ണിനി
402 ന്നഞ്ചനവർണ്ണന്താനെന്നനേരം
403 അമ്മമാർക്കെല്ലാർക്കും മക്കളെക്കണ്ടിട്ടു
404 സമ്മോദമുള്ളിലങ്ങുണ്ടാവാനായ്
405 കാലിക്കിടാങ്ങളെ താനങ്ങു നിർമ്മിച്ചാൻ;
406 ബാലകന്മാരെയുമവ്വണ്ണമേ.
407 കാലിക്കിടാങ്ങളും പാലകന്മാരായ
408 ബാലകന്മാരുമായ് കാലത്തേതാൻ
409 അമ്പാടിതന്നിലകത്തങ്ങു പൂകുമ്പോൾ
410 അമ്മമാരെല്ലാരും തന്മക്കളേ

411 മാനിച്ചെടുത്തുതൻ നന്മുല നല്കിനാർ;
412 ധേനുക്കളും പിന്നെയവ്വണ്ണമേ.
413 സംശയമുണ്ടായീലാർക്കുമേ പാർക്കുമ്പോൾ
414 കൗശലമുള്ളവനല്ലോയിവൻ
415 വത്സങ്ങളായുള്ള തന്നെയുമിങ്ങനെ
416 വത്സന്മാരായുള്ള തന്നെക്കൊണ്ടേ
417 പാലിച്ചുനിന്നു വനത്തിലുമങ്ങുമായ്
418 കാലമങ്ങോരാണ്ടു ചെന്നുതായി.
419 ആണ്മതിരണ്ടോരു നാന്മുഖനന്നേരം
420 കാണ്മാനായ് വന്നാനക്കാനനത്തിൽ.

421 കാലിക്കിടാക്കളും ബാലകന്മാരുമായ്
422 ചാല വിളങ്ങുന്നോൻ മുന്നെപ്പോലേ
423 തന്നുടെ മായയാൽ വഞ്ചിതരായോരേ
424 അന്നിലംതന്നിലും നിന്നു കണ്ടാൻ.
425 പട്ടാങ്ങായുള്ളവരേവരെന്നിങ്ങനെ
426 ഒട്ടുപോൽ ചിന്തിച്ചു വട്ടം പോന്നാൻ.
427 ആയർകുലത്തിനു നായകനായോൻതൻ
428 മായയെ നോക്കിനിന്നെന്നനേരം
429 വില്ലിനെ വെല്ലുന്ന നല്ലൊരു ചില്ലിതൻ
430 തെല്ലൊന്നു മെല്ലെയിളക്കിനാൻ താൻ

431 എന്നതു കണ്ടൊരു മായതാനെന്നപ്പോൾ
432 തന്നുടെ ലീലയെക്കാട്ടുന്നേരം
433 ബാലകന്മാരുമക്കാലിക്കിടാങ്ങളും
434 നീലത്തെ വെന്ന നിറം ധരിച്ചു.
435 എന്തിതെന്നിങ്ങനെ ചിന്തിച്ചു നാന്മുഖൻ
436 അന്ധതപൂണ്ടു നോക്കുന്നേരം
437 നന്നാലു ബാഹുക്കളായിട്ടു കാണായി
438 നിന്നൊരു ബാലകന്മാരെയെല്ലാം
439 ശംഖു തുടങ്ങിയുള്ളായുധമോരോന്നേ
440 തങ്കരംതോറും ധരിച്ചു നന്നായ്

441 ശ്രീഭൂമിമാരായി മേവുന്ന ദേവിമാർ
442 ശോഭകലർന്നുണ്ടു രണ്ടുപാടും
443 മഞ്ഞൾ പിഴിഞ്ഞൊരു കൂറ ധരിച്ചുണ്ടു;
444 ശിഞ്ജിതമായുള്ള നൂപുരവും
445 അംഗദം കങ്കണം കാഞ്ചി തുടങ്ങിന
446 മംഗലഭൂഷണമുണ്ടു മയ്യിൽ:
447 കന്നുകിടാക്കളുമവ്വണ്ണയോയി
448 തൊന്നൊന്നേ നാന്മുഖൻ നോക്കുന്നേരം.
449 കാനനംതന്നിലെ ദാരുക്കളോരോന്നേ
450 കാണായിതന്നേരമവ്വണ്ണമേ.

451 കണ്ണനായ് നിന്നതങ്ങാരെന്നു ചിന്തിച്ചു
452 തിണ്ണമുഴന്നങ്ങു നോക്കുന്നേരം
453 വിണ്ണവരെല്ലാരും നിന്നതു കാണായി
454 കണ്ണന്റെ കീർത്തിയെപ്പാടിപ്പാടി.
455 ആഴികളേഴുമേ കാണായിതന്നേരം
456 ഏഴുരണ്ടായുള്ള ലോകങ്ങളും
457 പുണ്യങ്ങൾ ചെയ്തുള്ള ധന്യരെക്കാണായി
458 വിണ്ണിലേ നിന്നു കളിക്കുന്നതും
459 പാപങ്ങൾ ചെയ്തോരെത്താപത്തിൽ കാണായി
460 പാഥോജസംഭവനെന്നനേരം.

461 ധന്യമായുള്ളൊരു തന്നുടെ ലോകവും
462 തന്നെയും കാണായി മുന്നെപ്പോലെ
463 കണ്ടൊരുനേരത്തു തങ്ങളിലിങ്ങനെ
464 മിണ്ടുവാനേതുമേ വല്ലീലപ്പോൾ
465 സത്യമായുള്ളൊരു ഞാനായതേവനെ
466 ന്നിത്തരം ചിന്തിച്ചുനിന്നുഴന്നാൻ.
467 ക്ഷീരാംബുരാശിയിൽ നേരേ വിളങ്ങുന്ന
468 നാരായണൻതന്നെക്കാണായപ്പോൾ.
469 അന്നവൻതന്നുടെ നാഭിസരോജത്തിൽ
470 നിന്നൊരു തന്നെയും കണ്ടാൻ പിന്നെ.

471 "നീയാരെ"ന്നിങ്ങനെ ചോദിച്ചാനന്നേരം
472 "മായവ"നായുള്ള നാന്മുഖൻതാൻ
473 "സ്രഷ്ടാവു ഞാനെ"ന്നു ചൊല്ലിനാനന്നേരം
474 പട്ടാങ്ങായ് നിന്നുള്ള നാന്മുഖനും
475 സ്രഷ്ടാവെന്നിങ്ങനെ ചൊന്നതു കേട്ടപ്പോൾ
476 സൃഷ്ടനായ് നിന്നവൻ ചൊന്നാൻ പിന്നെ:
477 "സ്രഷ്ടാവായ് നിന്നതു ഞാനല്ലൊ നീയല്ല
478 പൊട്ടാ നീ "ഞാനെ"ന്നു ചൊന്നതെന്തേ?"
479 തങ്ങളിലിങ്ങനെ പേശുന്നനേരത്തു
480 തിങ്ങിന കോപമിയന്നു മുന്നിൽ.

481 കൈടഭൻ വന്നു കയർത്തതു കാണായി
482 പേടിപൂണ്ടെന്നപ്പോളോടിനാൻ താൻ
483 കൈയും തിരുമ്മിത്തിരുമ്മി വിറച്ചുനി
484 "ന്നയ്യോ!" എന്നിങ്ങനെ ചൊല്ലിച്ചൊല്ലി.
485 കൈഭടൻതാനുമന്നാന്മുഖൻപിന്നാലെ
486 ഓടിത്തുടങ്ങിനാൻ പിന്നെപ്പിന്നെ.
487 കൂരിരുട്ടായൊരു മന്ദിരംതന്നിലായ്
488 ആരുമൊരുത്തരം കൂടാതെതാൻ
489 വാതിലും കാണാതെ പാരമുഴന്നൊരു
490 ബാലകൻ ചെയ്യുന്ന വേലയെല്ലാം

491 കാട്ടിനാൻ നിന്നൊരു നാന്മുഖനന്നേരം
492 ഗോഷ്ഠിയെന്നെല്ലാരും ചൊല്ലുന്നതും
493 നാന്മുഖൻതന്നുടെ ദീനത്തെക്കണ്ടപ്പോൾ
494 ആമ്നായമന്ദിരനായവൻതാൻ
495 മാനമെഴുന്നതു പോയിതായെന്നിട്ടു
496 മായയേ മെല്ലെ മറച്ചുവച്ചാൻ.
497 ദുസ്ഥനായുള്ളൊരു നാന്മുഖനെന്നപ്പോൾ
498 സ്വസ്ഥനായ് നിന്നുടനൊന്നു വീർത്താൻ,
499 ഗർഭത്തിൽനിന്നു പുറത്തു പുറപ്പെട്ടൊ
500 രർഭദൻതാൻ നിന്നു വീർക്കുംപോലെ.

501 ഭീതി തഴച്ചുനിന്നാശകളോരോന്നേ
502 ആതുരനായിട്ടു നോക്കുന്നേരം
503 സുന്ദരനായൊരു നന്ദകുമാരനെ
504 വൃന്ദാവനംതന്നിൽനിന്നു കണ്ടാൻ
505 മേഘങ്ങൾ പോയാലങ്ങാകാശം തന്നിലേ
506 മേവുന്ന തിങ്കളേയെന്നപോലെ.
507 ചെമ്മേയണഞ്ഞുതുടങ്ങിനാനന്നേരം
508 അമ്മയെക്കണ്ടുള്ള മക്കൾപോലെ.
509 കൈകളെക്കൂമ്പിച്ചു ഭൂതലംതന്നിലേ
510 കൈതവം കൈവിട്ടു വീണാൻ പിന്നെ.

511 മൂർദ്ധാവു നാലുമപ്പാദങ്ങൾ രണ്ടിലും
512 ചേർത്തുനിന്നീടിനാനൊട്ടുനേരം
513 പാംസുക്കളേറ്റിട്ടു ധൂസരമായുള്ള
514 പാദങ്ങൾ രണ്ടുമങ്ങാദരവായ്
515 ആനന്ദലോചനവാരികൊണ്ടന്നേരം
516 ക്ഷാളനം ചെയ്താനെ മെല്ലെ മെല്ലെ
517 മെല്ലെന്നെഴുനീറ്റു കണ്ണും തിരുമ്മീട്ടു
518 വല്ലഭീവല്ലഭൻ മുന്നിൽതന്നെ
519 കോൾമയി്ർകൊണ്ടുടനാനന്ദംതന്നുടെ
520 കോമരമായിട്ടു നിന്നു പിന്നെ.

521 ഗൽഗദയായൊരു ഗീരുകൊണ്ടന്നേരം
522 ചിൽഘനനായോനേ വാഴ്ത്തിനിന്നാൻ:
523 "കാർമുകിൽനേരൊത്ത കീന്തിയുമായ് നിന്നു
524 തൂമിന്നൽ നേരൊത്ത കൂറയുമായ്
525 പീലികൾകൊണ്ടും നന്മാലകളെക്കൊണ്ടും
526 ചാല നിറന്നോനെ കൈ തൊഴുന്നേൻ.
527 ഇക്കണ്ട രൂപത്തിൻ വൈഭവം വാഴ്ത്തുവാൻ
528 ഇക്കണ്ടോരാരുമില്ലെന്നു ചൊല്ലാം.
529 നിർഗ്ഗുണനായിട്ടു നിത്യനായ് നിന്ന നിൻ
530 ചിദ്രൂപം പാർക്കിലിന്നാർക്കറിയാം.

531 ആദ്യന്തശൂന്യങ്ങളായുള്ള വേദങ്ങൾ
532 ആരാഞ്ഞുപോയെങ്ങും കണ്ടുതില്ലെ
533 മൂഢനായ് നിന്നൊരു ഞാനിന്നു തെണ്ടേണ്ട
534 ഗൂഢനായ് നിന്നൊരു നിന്നെക്കാണ്മാൻ.
535 നിന്മായമോർക്കിലിന്നാർക്കറിവാനാവൂ
536 ചിന്മയനായ് നിന്ന തമ്പുരാനേ.
537 പാരെല്ലാമീരേഴും നിങ്കലെഴുന്നതും
538 പാരാതെ നിങ്കലമങ്ങുന്നൂതും
539 പാവകജ്ജ്വാലകൾ പാരമെഴുന്നിട്ടു
540 പാവകന്തങ്കലടങ്ങുമ്പോലെ

541 സൃഷ്ടിക്കു ഞാനിന്നു കർത്താവെന്നുള്ളതും
542 പൊട്ടരായുള്ളവർ ചൊല്ലുന്നൂതും
543 എന്തു ഞാനിന്നിതിൻ കാരണമായ് നില്പാൻ
544 അന്ധനായ് നിന്നുള്ളോനങ്ങെങ്ങാനും
545 ശാസ്ത്രങ്ങളെല്ലാഞ്ഞാനോർത്തുടൻ മെല്ലെ നി
546 ന്നോർത്തെല്ലാം ചിന്തിച്ചു പാർത്തു കണ്ടേൻ;
547 നിയ്യായതിങ്ങനെയെന്നുള്ളതെങ്ങുമേ
548 മായം കളഞ്ഞൂ ഞാൻ കണ്ടുതില്ലേ.
549 ഇങ്ങനെയല്ലപോലങ്ങനെയല്ലപോൽ
550 എങ്ങുമേയെന്നതു കണ്ടു ഞാനോ

551 ഇങ്ങനെ നിന്നൊരു നിന്നെ ഞാൻ വെല്ലുവാൻ
552 ഇന്നു മുതിർന്നു തുനിഞ്ഞു ചെമ്മേ
553 ഉദ്യോതംകൊണ്ടു നൽ പ്രദ്യോതനന്തന്നെ
554 ഖദ്യോതം വെല്ലുവാനെന്നപോലെ
555 നീയായി നിന്നൊരു പീയൂഷവാരിയിൽ
556 നീളവേ മുങ്ങിനോരെങ്ങളാരും
557 വല്ലുന്നൂതില്ലൊരു തുള്ളിയെ വായ്ക്കൊൾവാൻ
558 വല്ലാതതല്ലെനിക്കത്ഭുതം താൻ
559 ദാഹത്തെപ്പോക്കുവാൻ താപത്തെത്തൂകുന്ന
560 മോഹമാം വാരിയിൽ ചാടുന്നൂതും

561 അങ്ങനെ പോകതു നിന്നുടെ വൈഭവ
562 മെങ്ങുമേ കാണാവല്ലെന്നേ വേണ്ടൂ
563 നാഥനായ് നിന്നതും താതനായ് നിന്നതും
564 മാതാവായ് നിന്നതും നീയല്ലൊതാൻ.
565 എങ്ങളിലുള്ളൊരു വമ്പിഴയെല്ലാം നീ
566 ഇങ്ങനെ നിന്നു പൊറുക്കേയുള്ളൂ;
567 ഗർഭസ്ഥനായുള്ള ബാലൻ ചവിട്ടിയാൽ
568 നിർഭർത്സിക്കുന്നതോ മാതാക്കന്മാർ.
569 വിശ്വങ്ങളെല്ലാമേ നിന്നുടെയുള്ളിലു
570 നിശ്ശങ്കമായ് നിന്നു ചൊല്ലാമിപ്പോൾ

571 വിശ്വത്തിൽ ഞാനുമൊന്നെന്നതു നിർണ്ണയം
572 നിശ്ചയമെൻ പിഴ നീ പൊറുപ്പൻ.
573 നാന്മുഖനായ് നിന്നു നാടുകളേഴിലും
574 മേന്മയെനിക്കേതും വേണ്ടീതില്ലേ.
575 ഉല്ലാസം പൂണ്ടൊരു വൃന്ദാവനംതന്നിൽ
576 പുല്ലായി മേവണമെല്ലാനാളും
577 പല്ലവംപോലെ പതുത്തുള്ള നിമ്പാദം
578 മെല്ലവേനിന്നു ധരിക്കാമല്ലോ."
579 ഇത്തരമോരോന്നേ ചൊല്ലിപ്പുകണ്ണിട്ടു
580 സത്വരം കുമ്പിട്ടു കൂപ്പിനിന്നാൻ.

581 ശങ്കിതനായൊരു പങ്കജജന്മാവു
582 തങ്കഴൽപ്പങ്കജം കൂപ്പുന്നേരം
583 നാലു മുഖങ്ങളുമമ്പോടു നോക്കീട്ടു
584 നീലക്കാർവർണ്ണൻ ചിരിച്ചു ചൊന്നാൻ:
585 "വൃദ്ധന്മാരായോർ കളിച്ചുതുടങ്ങിനാൽ
586 മുഗ്ദ്ധരാം ഞങ്ങളിന്നെന്തുവേണ്ടൂ?
587 ഇങ്ങനെ നിങ്ങൾ കളിച്ചുതുടങ്ങിനാൽ
588 എങ്ങൾക്കു സങ്കടമായിവരും
589 നാട്ടാരെ വീട്ടിലെപ്പൈതങ്ങളെക്കൊണ്ടെ
590 ക്കാട്ടിക്കൊടുപ്പു ചെല്ലെങ്ങനെ ഞാൻ?

591 കന്നുകളാലൊന്നുകണ്ടുതില്ലെങ്കിലോ
592 അന്നടേയുണ്ടല്ലൊ തല്ലെനിക്കോ;
593 തൽകൊണ്ടു ഞാൻ നിന്നു കേണതു കാണാമെ
594 ന്നല്ലല്ലീ ചിന്തിച്ചു വന്നതിപ്പോൾ.
595 ഈശ്വരനോടു പിഴച്ചുതില്ലേതും ഞാൻ
596 ആശ്രയമായതു മറ്റൊന്നല്ലേ."
597 ആസ്ഥനായുള്ള വിരിഞ്ചനോടിങ്ങനെ
598 ഹാസ്യങ്ങളായുള്ള വാക്യങ്ങളേ
599 ചാലപ്പറഞ്ഞവൻ മോദത്തെയുണ്ടാക്കി
600 ക്കാലത്തെ പോകെന്നു ചൊന്നാൻ പിന്നെ.

601 മേധാവിയായൊരു ധാതാവുതാനപ്പോൾ
602 മാധവന്തന്നുടെ പാദങ്ങളേ
603 മാനസംതന്നിലുറപ്പിച്ചുനിന്നുടൻ
604 ആനന്ദം പൂണ്ടു നടന്നാൻ പിന്നെ.
605 വാരിജജന്മാവു പോയൊരുനേരത്തു
606 വാരിജലോചനൻ കന്നുകളേ
607 ചാലെത്തെളിച്ചു നൽ കാളിന്ദീതീരത്തു
608 ബാലകന്മാരുടെ മുന്നിൽ ചെന്നാൻ.
609 മായയിൽ മുങ്ങിന ബാലന്മാരാരുമ
610 ക്കാലം കഴിഞ്ഞതറിഞ്ഞതില്ലേ.

611 "ദൂരത്തുപോയുള്ള കന്നും തെളിച്ചിങ്ങു
612 വേഗത്തിൽ വന്നതു നന്നെടോ നീ
613 നീയിങ്ങു കന്നുമായ് വന്നതു പാർത്തിട്ടു
614 പൈയും പൊറുത്തിതാ നിന്നു ഞങ്ങൾ."
615 ഇങ്ങനെ ചൊന്നുള്ള ബാലകന്മാരുമായ്
616 ഭംഗിയിൽനിന്നുടനുണ്ടു പിന്നെ
617 കന്നും തെളിച്ചു തൻ ചങ്ങാതിമാരുമായ്
618 മന്ദിരംതന്നിലേ ചെന്നു പുക്കാൻ.