വനമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


        അവതാരിക

ശങ്കരാചാര്യരൊരുനാൾ
ശാശ്വതാനന്ദമേകിടും
വാരാണസിക്ഷേത്രമതിൽ
വരും വഴിയിൽ വേടനായ്,

പോന്നാൻ ശ്രീപാർവ്വതിജാനി
"പോ! പോ!"യെന്നാൻ ദ്വിജോത്തമൻ
ഉടനാചാര്യരോടേവം
സ്ഫുടമാ വേടനോതിനാൻ

ദേഹം ദേഹത്തെ വേർപെട്ടോ,
ദേഹി വേർപെട്ടു ദേഹിയോ
ആഹാ പോകേണ്ടു? ഹാ വിപ്രാ!
മോഹിക്കുന്നെന്തുരയ്ക്ക നീ?

വ്യത്യാസം ഗംഗയാട്ടേ, പറയനുടെ പഴ-
     ഞ്ചോലയാട്ടേ വരുന്നോ
മിത്രച്ഛായയ്ക്കു, മൺപൊൻകുടമിവയിലെഴും
    വിണ്ണിനുണ്ടോ വികല്പം
പ്രത്യക്കാം നിസ്തരംഗോദയനിഭൃതനിജാ-
     നന്ദബോധാർണ്ണവത്തിൽ
പ്രത്യേകം വിപ്രനാരാരിഹ പറയനഹോ-
     യെന്തു വൻഭ്രാന്തിയെല്ലാം!

            പഞ്ചകം

ജാഗ്രന്നിദ്രാസുഷുപ്തിത്രയമതിലൊരുപോൽ
     ജാഗരിക്കും വിളക്കായ്
വായ്ക്കുന്നല്ലോ വിധാതാവുടെയുടലിലൂറു-
    മ്പുള്ളിലും വിശ്വസാക്ഷി;
ആർക്കുണ്ടാബോധമേ ഞാൻ സുദൃഢമപരമ-
    ല്ലെന്ന ധീ വിപ്രനാവാ-
മോർക്കിൽച്ചണ്ഡാളനാവാമവനിഹ ഗുരുവാ-
    മമ്മതം സമ്മതം മേ.

ബ്രഹ്മം ഞാനിപ്രപഞ്ചം സകലവുമിഹ ചിൻ-
     മാത്രമത്രേ നിനച്ചാൽ
നിർമ്മിച്ചീടുന്നതും ഞാൻ ത്രിഗുണശബളയാം
     മായയാലായതെല്ലം
ഇമ്മട്ടാർക്കാണുറപ്പാസ്ഥിരപരമപദ-
     ത്തിൽ സ്വയം വിപ്രനാവാം
ചെമ്മേ ചണ്ഡാളനാവാ-മഹനിഹ ഗുരുവാ-
     മമ്മതം സമ്മതം മേ.

നേരേയീവിശ്വമെല്ലാം ഗുരുവചനബലാൽ
     നിത്യമല്ലെന്നുറച്ചും
പാരം ബ്രഹ്മത്തെയോർത്തും സ്ഥിരതയതിൽ മുതിർ-
     ന്നന്തരാ ശാന്തനായും
പാരാതാഗാമിഭൂതക്രിയകളെ നിജബോ-
    ധാഗ്നിയിൽ ചുട്ടുമംഗം
പ്രാരബ്ധത്തിന്നു വിട്ടും മരുവുമിഹ മഹാ-
    നിമ്മതം സമ്മതം മേ.

ഓർക്കുന്നേതുള്ളിലെന്നും പശുനരസുരവൃ-
     ന്ദങ്ങൾ ഞാൻ ഞാനതെന്നായ്
പാർക്കുന്നീ യക്ഷദേവാദികൾ ജഡത വെടി-
     ഞ്ഞേതിനാൽ ചേതനം‌പോൽ.
ഉൾക്കാമ്പിൽ ഭക്തിയാർന്നാനിജവിഷയഘനാ-
     ച്ഛന്നബോധാർക്കനേക്ക-
ണ്ടുൽക്കൂലാനന്ദമേലും യതിഗുരുവരനാ-
     ണമ്മതം സമ്മതം മേ.

ഏതാനന്ദാംശലേശം തടവിയിഹ സുഖി-
     ക്കുന്നു വൃന്ദാരകന്മാ-
രേതാശാന്താന്തരാത്മാവതിലിയലുകയാൽ
     യോഗിമാർ നിര്വൃതന്മാർ
ഏതാനന്ദാർണ്ണവത്തിൽ ഗളിതമതി പര-
     ബ്രഹ്മമാം ബ്രഹ്മവിത്ത-
ല്ലേതാളായാലുമിന്ദ്രാർച്ചിതപദനവനാ-
     മിമ്മതം സമ്മതം മേ.
                                              - 1906

വനമാല എന്ന സമാഹാരത്തിലെ മറ്റു കവിതകൾ

"https://ml.wikisource.org/w/index.php?title=വനമാല/ഭാഷാമനീഷാപഞ്ചകം&oldid=51853" എന്ന താളിൽനിന്ന് ശേഖരിച്ചത്