വനമാല/മൂലൂരിനയച്ച കത്ത്
വനമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്
കാവ്യങ്ങൾ
വീണ പൂവ് · ഒരു സിംഹപ്രസവം |
കവിതാസമാഹാരം
|
വിവർത്തനം
|
സ്തോത്ര കൃതികൾ
|
മറ്റു രചനകൾ
|
|
സ്വാമിനി, സർവ്വജ്ഞപ്രിയ-
ഭാമിനി, പരചിത്രഭുവനവിന്യാസം
പ്രേമംചെയ്തു ഭവാനവൾ
കാമിതമരുളട്ടെ കമലപത്രാക്ഷി.
അത്യാനന്ദമഹോ തരുന്നയി ഭവാ-
നൻപോടയച്ചുള്ളൊര-
ക്കത്താകും കവിതാരസോർമ്മി കരളിൽ-
ച്ചേർക്കും സുധാമാധുരി
വ്യത്യാസം പറയുന്നതല്ലതു വശാൽ
വേഗാലയയ്ക്കുന്നിതി
പ്രത്യാവേദനപത്രവും പ്രകൃതിയാം
മാന്ദ്യം മറന്നിന്നു ഞാൻ.
ചിത്താഹ്ലാദമെനിക്കു തോഴരൊരഭി-
ജ്ഞാനോക്തി ചൊല്ലുന്നതിൽ
പ്രത്യേകം കലരുന്നു പോയ സുദിനം
പ്രത്യാഗമിക്കുന്നപോൽ
പ്രത്യക്ഷത്തിലുടൻ ഭവാനെയിഹ ഞാൻ
കാണുന്നു, വൻപ്രേമവും
എത്തീടു,ന്നഥവാ മനോമയമതാ-
നോർത്താൽ ജഗത്തും സഖേ.
ഓർക്കുന്നുണ്ടയി ഞാനുദൂഢകുതുകം
സല്ലാപമോരോന്നുര-
ച്ചാർക്കും നാമിരുപേരി,ലന്നതു സഖേ,
പോരാഞ്ഞുമാ രാത്രിയിൽ
വായ്ക്കും കാര്യവശാൽ വിഷാദമൊടുടൻ
വേർപെട്ടൊരേ പ്രാണനീ
മൂക്കിന്മൂലമണഞ്ഞു രണ്ടുവഴിപോം-
പോലന്നു പാലംവഴി
തുഷ്ട്യാ നിങ്ങളെയും പിരിഞ്ഞു തുണയി-
ല്ലാതായിരുട്ടത്ത് ഞാൻ
വ്യഷ്ട്യാ പിച്ഛിലമാം വഴിക്കു ബത ക-
ല്പാലത്തിലെത്തുംവരെ
കഷ്ടം! പോയിതു മുങ്ങിയും മുഴുകിയും
മിന്നാമിനുങ്ങങ്ങൾതൻ
പൃഷ്ഠംതന്നെയിടയ്ക്കു തെല്ലൊരു വെളി-
ച്ചത്തിന്നു പാർത്തുള്ളൊ ഞാൻ.
പൊട്ടിന്നായതു പിന്നെയും പ്രിയസഖേ
പിറ്റേദ്ദിനം രാത്രിയിൽ
പേട്ടയ്ക്കായുമടുത്തനാളവിടവും
വിട്ടും പുറപ്പെട്ടു ഞാൻ
ഡാക്ടർ ശ്രീയൂതനാകുമപ്പുരുഷര-
ത്നത്തോടുമിദ്ദിക്കിൽവ-
ന്നിട്ടഞ്ചാറുദിനം കഴിഞ്ഞുടനെയ-
ക്കാർഡും ഭവാനിട്ടു ഞാൻ.
പിന്നീടത്രയൊരാഴ്ച പോകുവതിനും-
മുൻപേറെയൻപേറുമെൻ
ധന്യോത്തംസമതാ ‘മരിപ്പുറ’മെഴും
സ്വാമിപ്രസാദത്തിനാൽ
വന്നെത്തീ വലുതായിടും കിമപി കാ-
ര്യാർത്ഥം മഠത്തിന്നു ഞാൻ
ചെന്നേതീരുവതെന്നു ശീഘ്രമിഹ വി-
ജ്ഞാപിക്കുമാജ്ഞാപനം
കണ്ടിട്ടായതു കേവലം ത്വരകൾകൂ-
ട്ടുമ്പോഴിടമ്പെട്ടുവ-
ന്നുണ്ടായി ജലദോഷവും ജ്വരവുമൊ-
ന്നല്പം മുഷിപ്പിച്ചു മാം;
ഉണ്ടിപ്പോൾ സുഖമായതിന്നു, മതിനാൽ
നാട്ടിന്നു പെട്ടെന്നു നി-
ഷ്കുണ്ഠം മൽ ഗുരുപാദഗൗരവവശാൽ
വേഗേന പോകുന്നു ഞാൻ.
പത്രങ്ങൾക്കെഴുതാൻ പ്രയാസമിനിമേൽ
പക്ഷേ, ഭവിക്കാം സഖേ
തത്രാനേകമെനിക്കു സമ്പ്രതി വരാം
കൃത്യം സ്വകർത്തവ്യമായ്;
ചിത്താശംസ തഥാപിയുണ്ടതിനുമേ-
യെന്നാൽ തദർത്ഥം പുനർ-
വൃത്താന്തം സുകവേ, നമുക്കെഴുതിടാം
പിന്നീടുമന്യോന്യമായ്.
മറ്റൊന്നും പറയുന്നതിന്നവസരം
തൽക്കാലമില്ലോർക്ക മേ
മറ്റേന്നാളിവിടം വിടുന്നതിനു ഞാ-
നോർക്കുന്നി നീക്കംവിനാ;
മറ്റെല്ലാർക്കുമെനിക്കുമത്ര കുശലം-
തന്നാണു ദൈവേച്ഛയാ,
ചുറ്റും നാടു നിറഞ്ഞുമിപ്പൊഴിവിടെ
പ്ലേഗുണ്ടു വേണ്ടുന്നപോൽ.
വിവേകാനന്ദാഭിധസ്വാമിതൻ വാക്-
പ്രവാഹത്തില്പെട്ടതാം കർമ്മയോഗം
കവേയിപ്പോൾ ഭാഷയാക്കുന്നതും ഞാൻ
തവേഷ്ടംപോൽ ‘ചന്ദ്രിക’യ്ക്കായയയ്ക്കാം.
- 1900