വനമാല/ലോകം
വനമാല (കവിതാസമാഹാരം) രചന: ലോകം |
വനമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്
കാവ്യങ്ങൾ
വീണ പൂവ് · ഒരു സിംഹപ്രസവം |
കവിതാസമാഹാരം
|
വിവർത്തനം
|
സ്തോത്ര കൃതികൾ
|
മറ്റു രചനകൾ
|
|
മതിതെളിയുമുഷസ്സോ മുഗ്ദ്ധമാമന്തിതാനോ
മതമധുരിമപൂവോ മഞ്ജുവാം പൂനിലാവോ
വിതതമിവയെയൊന്നും വിശ്വമേ, കണ്ടു നിന്നെ-
പ്പുതുമയൊടു പുകഴ്ത്താനല്ല പോകുന്നഹോ ഞാൻ
വികസിതമലർവാടീവായുപോതങ്ങൾ പൊങ്ങി-
സ്സുകലിതസുമഗന്ധാരമ്യമാമംബരത്തിൽ
സുഖമൊടിഹ പരന്നീടട്ടെ നിൻ കീർത്തി പാടി-
ക്ഖഗനിര-യറിവേലാതുള്ളവർക്കാകുമേതും.
മദവിവശനജസ്രം മദ്യഭേദത്തെ വാഴ്ത്തും,
മദനഹതവിവേകർ മൂർഖയാം വേശ്യയേയും,
കിതവനിഹ പുകഴ്ത്തും കേവലം ചൂതിനേയും,
ഹൃദയരഹിതനാം നായാടി നായാട്ടിനേയും
അതിസുഭഗമരണ്യം ദുഷ്ടസത്ത്വങ്ങൾ വാഴു-
ന്നതി,ലഴകെഴുമംഭോദത്തിലാഴുന്നിടിത്തീ
ഹ്രദമമലമനോജ്ഞം നക്രമുണ്ടുള്ളിലേവം
വിദിതഭുവനമേ നിൻവൃത്തി-ഹാ! പേടിയാകും!
പുതിയതളിരുദിക്കുന്നിന്നു നാളൊന്നുപോയാ-
ലതു ഹരിതപലാശം പാണ്ഡുപത്രം ക്രമത്താൽ
ഇതി ചപലമവസ്ഥാജാലമെന്നല്ല കാക്കു-
ന്നതിനെ ബഹുവിപത്തും ക്രൂദ്ധമാം മൃത്യുതാനും.
മുരളുവതിൽ മയങ്ങീടുള്ളുതന്നുള്ള പൂ നിൻ
പരസുമരതി കണ്ടാൽ വാടി വീഴുന്നു വണ്ടേ,
വിരവിലുഴറി നീയും നാളെ ഞാവൽപ്പഴംപോൽ
വിരസമിഹ ലയിക്കും വീണു ഹാ! മിഥ്യയെല്ലാം.
മധുമൃദുപവനന്മാർ വന്നു മന്നിൽ സുഖം ചേർ-
ത്ത്യതുവിരതിയിൽ നില്ക്കാതെത്രയോ യാത്രയായി
അധികമുപതപിപ്പിക്കും കൊടുങ്കാറ്റുമാർന്നു
ഹതിയൊടുമിഹ കാസക്ലേശിപോലേങ്ങിയേങ്ങി
മൃദുലതൃണദലത്തേ ഹന്ത മാൻ തിന്നിടുന്നി-
ങ്ങദയമതിനെ ദുഷ്ടൻ കൊന്നിടുന്നു മൃഗേന്ദ്രൻ
അഥ ഹരിയെ നരേശൻ വേട്ടയാടുന്നവന്നും
മൃതിയടരിൽ വരുന്നൂ-മൃത്യുവിൻ നൃത്തമെങ്ങും.
ജയമതിനു പകയ്ക്കുന്നിങ്ങു ജന്യത്തെ ജന്യം
സ്വയമനിലജലാദ്യം കാരണം കാരണത്തെ
ക്ഷയപദവിയുമോതുന്നാഗമത്തിങ്കലിത്ഥം
നിയതമഴിയുമെന്നെപ്പോലെ മാലാർന്നു നീയും.
രവിശശികൾ, വിളങ്ങും രമ്യതാരങ്ങളിക്ക-
ണ്ടവയുമിഹ വെടിക്കെട്ടെന്നപോൽ നിന്നുപോകാം
അവികലമിരുൾമൂടാം നാളെയയ്യോയുറങ്ങു-
ന്നിവിടെയായി കിനാവുംകണ്ടു കൊണ്ടാടി മർത്ത്യൻ.
പ്രഥിതമിഹ ചൂഴുന്നീടുന്നഹോ വിണ്ണിൽനിന്നി-
പ്‌പൃഥിവിയുമിഹ രശൈഭ്രാന്തമാം രേണുപോലെ
സ്ഥിതി മനുജനിതിങ്കൽ ഹന്ത! നീർത്തുള്ളിയോർത്താ-
ലതിലെഴുമണുജീവിക്കത്ര വാരാശിയത്രെ.
അഹഹ! ദുരഭിമാനഗ്രസ്തബുദ്ധേ, നരാ, നിൻ
സഹജലഘുതയോർക്കുന്നില്ല നീ തെല്ലുപോലും
ഗഹനഭുവനതത്ത്വം പാർക്കിലെങ്ങെങ്ങഹോ നി-
ന്നഹമഹമിക നിസ്സാരാഭ്യസൂയാഗ്രഹത്തിൽ!
(അപൂർണ്ണം)