വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം/ഞാൻ കണ്ട നാടകം

വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം (ബാലസാഹിത്യം)
രചന:എസ്. ശിവദാസ്
ഞാൻ കണ്ട നാടകം
[ 25 ]
ഞാൻ കണ്ട നാടകം


"ഞങ്ങളുടെ പറമ്പിൽ ധാരാളം കരിയിലപ്പക്ഷികളുണ്ട് മാസ്റ്റർ" വർത്തമാനത്തിനിടക്ക് ലീല പറഞ്ഞു.

"ഉണ്ടോ? എന്താണാ പക്ഷികളുടെ നിറം?"

"കരിയിലയുടെ നിറമാണ് മാസ്റ്റർ."

"കരിയിലപ്പക്ഷികൾ ഞങ്ങളുടെ പറമ്പിലുമുണ്ട്."

"ഉണ്ടോ രജീ? എന്നിട്ടവയെ ശ്രദ്ധിക്കാറുണ്ടോ"

"ങാ ചിലപ്പോഴൊക്കെ."

"ഞാൻ ഒത്തിരി നേരം അവയെ നോക്കി നിൽക്കാറുണ്ട്." ലീല ഇടയ്ക്കു കയറി പറഞ്ഞു.

"ഓ അപ്പോൾ ലീല പക്ഷിനിരീക്ഷണം നേരത്തെതന്നെ നന്നായി നടത്തുന്നുണ്ടല്ലോ. ആട്ടെ എന്താണീ കരിയിലപ്പക്ഷികളുടെ പ്രത്യേകത?" [ 26 ]

"അവ കൂട്ടം കൂട്ടമായേ നടക്കൂ. ഒറ്റയ്ക്ക് കഴിയുകയേ ഇല്ല."

"ലീല പറഞ്ഞത് വളരെ ശരിയാണ്." മാസ്റ്റർ സമ്മതിച്ചു.

"അവ ഒന്നാം ക്ലാസ്സിലെ കുട്ടികളെപ്പോലെയാ മാസ്റ്റർ." രജി തന്റെ കണ്ടുപിടുത്തവും പറഞ്ഞു.

"എന്നുവച്ചാലെന്താ രജീ."

"അതോ? എപ്പോഴും അവ കലപിലാ കലപിലാ ബഹളം വയ്ക്കും. വർത്തമാനം പറയും. ഒച്ചയുണ്ടാക്കാതെ ഇരിക്കയേ ഇല്ല"

"ഹോ, രണ്ടാം ക്ലാസ്സുകാരൻ രജി ഒച്ചയുണ്ടാക്കാത്തതു പോലെ." ഒന്നാം ക്ലാസ്സുകാരി രൂപ കളിയാക്കി.

"രണ്ടാം ക്ലസ്സുകാരും കലപില ബഹളം വെയ്ക്കും. സമ്മതിച്ചു. പക്ഷേ, രജി പറഞ്ഞ കാര്യം ശരിയാ. കരിയിലപ്പക്ഷികൾ വലിയ ബഹളക്കാരാണ്."

"ശരിയാ മാസ്റ്റർ ഞാനും ശ്രദ്ധിച്ചിട്ടുണ്ട്." അപ്പുക്കുട്ടൻ, മാസ്റ്റർ പറഞ്ഞത് ശരി വെച്ചു.

"ആഹാ, നമ്മുടെ ബാലവേദിയിൽ പക്ഷിനിരീക്ഷകർ പലരുമുണ്ടല്ലോ. ആട്ടേ, എന്താ അപ്പുക്കുട്ടൻ കണ്ടത്."

"എല്ലാ കരിയിലപ്പക്ഷികളും കൂടി ഒന്നിച്ച് നിരന്നു നിൽക്കും. എല്ലാം കൂടി കലപിലാ എന്തോ പറയും. എന്നിട്ട് ഒന്നിച്ച് മുന്നോട്ടു ചാടും നിലത്ത് നിന്നാലുടൻ കരിയിലകൾക്കിടയ്ക്കു നിന്ന് എന്തൊക്കെയോ കൊത്തിത്തിന്നും. പിന്നെയും കലപില വർത്തമാനം. പിന്നെയും ഒന്നിച്ചുചാട്ടം. നല്ല രസമാ കാണാൻ."

"ശരിയാ അപ്പുക്കുട്ടാ. കണ്ണും കാതും തുറന്നു വെച്ചു കൊണ്ട് പ്രകൃതിയെ [ 27 ] നിരീക്ഷിച്ചാൽ ഇങ്ങനെ എന്തെല്ലാം കാഴ്ചകൾ കാണാൻ കഴിയുമെന്നോ. ഞാൻ ഒരു ദിവസം കരിയിലപ്പക്ഷികളെ നോക്കിനിന്നപ്പോൾ ഒരു നാടകം കണ്ടു." മാസ്റ്റർ ഒരു കഥ പറയാൻ തുടങ്ങി.

"നാടകമോ?" ദേവുവിന് അത്ഭുതം.

"അതേ. ഒരു ദിവസം പറമ്പിന്റെ മൂലയിൽ വലിയ ബഹളം. കരിയിലപ്പക്ഷികളായിരുന്നു ബഹളം കൂട്ടിയിരുന്നത്. ഞാൻ ഒളിച്ചു നിന്ന് ശ്രദ്ധിച്ചു." മാസ്റ്റർ ആ സംഭവകഥ പറയാൻ തുടങ്ങി.

"എന്നിട്ടോ?" നാരായണന് ബാക്കി കേൾക്കാൻ ധൃതിയായി.

"കരിയിലപ്പക്ഷികളെല്ലാം ഒരുസ്ഥലത്ത് വട്ടത്തിൽനിന്ന് വലിയ കരച്ചിൽ. ഞാൻ ശ്രദ്ധിച്ചു നോക്കി. അപ്പോഴാണ് ഞെട്ടിക്കുന്ന ആ കാഴ്ച!"

"എന്താ മാസ്റ്റർ!"

"ഒരു വലിയ ചേരപ്പാമ്പ്! അവന്റെ വായിൽ ഒരു വലിയ കരിയിലപ്പക്ഷിക്കുഞ്ഞ്!"

"ഹോ കഷ്ടം!"

"പാമ്പിനു ചുറ്റും നിന്നാണ് പാവങ്ങൾ കരയുന്നത്. ചില ധൈര്യവാൻമാർ പാമ്പിന്റെ പുറത്തു ചാടി നിന്നുവരെ കരയുന്നുണ്ട്. പക്ഷെ പാമ്പിന്റെ വായുടെ അടുത്തു ചെല്ലാനോ അതിനെ കൊത്താനോ അവർക്ക് ധൈര്യവുമില്ല."

"പാമ്പ് അനങ്ങാതെ കിടപ്പാണോ മാസ്റ്റർ?" [ 28 ] "അതെ, പാമ്പ് ഒരു ബഹളവും ശ്രദ്ധിക്കുന്നേയില്ല. പക്ഷിക്കുഞ്ഞിനെ വിഴുങ്ങുന്ന ജോലിയിൽ തന്നെ."

"പാവം പക്ഷിക്കുഞ്ഞ്!"

"പാമ്പ് ആ പക്ഷിക്കുഞ്ഞിനെ മുഴുവൻ വിഴുങ്ങിത്തീരും വരെ കരിയിലപ്പക്ഷികൾ പാമ്പിന് ചുറ്റും നിന്ന് കരഞ്ഞു. കണ്ടുനിന്ന എനിക്കും കരച്ചിൽ വന്നു."

"എന്നിട്ടോ മാസ്റ്റർ?"

"പാമ്പ് സാവധാനം ഇഴഞ്ഞ്, പറമ്പിലെ പാഴ്ചെടികൾക്കിടയിലേക്ക് മറഞ്ഞു. കുറെനേരം കൂടി അവിടെ നിന്ന് കരഞ്ഞിട്ടേ കരിയിലപ്പക്ഷികൾ പറന്നു പോയുള്ളൂ. സ്വന്തം കുഞ്ഞിനോട് അവർക്ക് എന്ത് സ്നേഹം! ഞാൻ അതിശയിച്ചു പോയി."

"ഹൊ, ഇത്തരം എന്തെല്ലാം നാടകങ്ങൾ അപ്പോൾ നമുക്ക് ചുറ്റും നടക്കുന്നുണ്ടാകണം.?" അപ്പുക്കുട്ടൻ അതോർത്ത് അതിശയിച്ചു.

"ശരിയാണ് അപ്പുക്കുട്ടാ."

"ഞാൻ ഇന്നു മുതൽ എല്ലാ പക്ഷികളെയും നിരീക്ഷിച്ചു പഠിക്കും."

"ഞാനും"

"ഞാനും"

മാസ്റ്ററുടെ കഥ കേട്ടതോടെ എല്ലാവർക്കും പക്ഷികളോടു വലിയ താത്പര്യമായിരിക്കുന്നു. മാസ്റ്റർ അതുകണ്ട് ചിരിച്ചു. പിന്നെ പറഞ്ഞു.

"ഞാനൊരു സൂത്രം പറഞ്ഞു തരാം. നിങ്ങളുടെയെല്ലാം വീടുകളിൽ ചട്ടികൾ ഇല്ലേ? ചെടിവയ്ക്കുന്ന ചട്ടിയല്ല. അരിയും കറിയും വയ്ക്കുന്ന ചട്ടി." [ 29 ]

"ഉണ്ട്."

"ഇല്ല"

"ഉള്ളവർ അവയിൽ നിന്നും രണ്ടു മൂന്നെണ്ണം എടുക്കണം. പഴയ ചട്ടികൾ മതി. വക്കു പൊട്ടിയതും മറ്റും അമ്മമാർ തരും. അധികം ആഴമില്ലാത്ത ചട്ടികൾ ആണ് വേണ്ടത്. ഒരു സാധാരണ പക്ഷിക്കു കയറിയിരിക്കാൻ മാത്രം വലുപ്പം വേണം. വീട്ടിൽ ചട്ടികൾ ഇല്ലാത്തവർ വിലക്കു വാങ്ങുക."

"എന്നിട്ടോ?"

"ആ ചട്ടികളിൽ നല്ല വെള്ളം നിറയ്ക്കുക. മുറ്റത്തിനരികിലോ പറമ്പിലോ പല ഭാഗങ്ങളിലായി വയ്ക്കുക. തണലുള്ള ഭാഗത്തേ വയ്ക്കാവൂ."

"എന്തിനാ മാസ്റ്റർ ഈ സൂത്രം?"

"പക്ഷികളെ ആകർഷിക്കാൻ. വെയിലുള്ള ദിവസങ്ങളിൽ നല്ല ചൂടുണ്ടായിരിക്കുമല്ലോ. ഉച്ചയാകുമ്പോഴേക്ക് പക്ഷികൾക്ക് കുളിക്കണമെന്നു തോന്നും. ചട്ടികളിലെ വെള്ളം അവ കണ്ടു പിടിക്കും. സാവധാനം ചുറ്റും ശ്രദ്ധിച്ച് അപകടമില്ല എന്ന് ഉറപ്പായാൽ പക്ഷികൾ ചട്ടികൾക്കടുത്തേക്കു പറന്നു വരും."

"അപ്പോൾ ഞങ്ങൾ ചട്ടിക്കടുത്ത് നിന്നാലോ?"

"നിന്നാൽ പക്ഷികൾ അടുത്തു വരികയില്ല. നിങ്ങൾ മാറി ഒളിച്ചു നിൽക്കണം. പക്ഷികൾ വന്നു വക്കിലിരുന്നു കുളി തുടങ്ങും. ചിലത് തല വെള്ളത്തിലിട്ട്‌ കുലുക്കി കുളിക്കും. ചിലത് വെള്ളത്തിലേക്ക്‌ ചാടിക്കുളിക്കും. ഓരോ തരം പക്ഷിയുടെയും കുളി ഓരോ തരത്തിലാണ്. അവയുടെ കുളിയും കളിയും കണ്ടു നില്ക്കാൻ എന്ത് രസമാണെന്നോ!"

"ഇന്നു വീട്ടിലെത്തിയാലുടൻ ഞാൻ പക്ഷികൾക്കു കുളിക്കാൻ വെള്ളം വച്ചു കൊടുക്കും."

"വെള്ളം ഇടയ്ക്കു മാറ്റണോ മാസ്റ്റർ?" [ 30 ]

"വേണം. പക്ഷികളുടെ കുളി കഴിയുമ്പോൾ വെള്ളം മുഴുവൻ അഴുക്കാകും. അതിനാൽ ദിവസവും ചട്ടി കഴുകി പുതിയ വെള്ളം നിറച്ചു വയ്ക്കണം."

"റെഡി"

"നമുക്ക് ഒരു ദിവസം ബാലവേദിയിൽ പക്ഷിനിരീക്ഷണത്തെപ്പറ്റി ഒരു ക്ലാസ് നടത്തിയാലോ മാസ്റ്റർ?"

"വെറും ക്ലാസുകൊണ്ടു കാര്യമില്ല. നമുക്ക് പുറത്തിറങ്ങി നടക്കാം. പാടത്തും പറമ്പിലും കാട്ടിലും കുളക്കരയിലുമൊക്കെ നടന്നു പക്ഷികളെ കാണാം; നിരീക്ഷിക്കാം; അതിനിടെ ഓരോ തരം പക്ഷിയുടെയും പ്രത്യേകതകൾ ഞാൻ പറഞ്ഞു തരാം."

"ഒരു തരം പഠനയാത്ര; അല്ലേ മാസ്റ്റർ?

"അതെ. പ്രകൃതിപഠനം ക്ലാസ് മുറിയിലല്ല നടത്തേണ്ടത്. പ്രകൃതിയിലേക്ക്‌ ഇറങ്ങണം. പ്രകൃതിയെ കാണണം; കണ്ടു രസിക്കണം. അതിനാണ് പ്രകൃതിപഠന യാത്ര."

"നാളെ ഒഴിവാണല്ലോ. നാളെത്തന്നെ നമുക്ക് പ്രകൃതി പഠനയാത്ര നടത്താം മാസ്റ്റർ."

"അങ്ങനെ തന്നെ. എല്ലാവരും അതിരാവിലെ തന്നെ എത്തണം; എന്താ?"

"ശരി മാസ്റ്റർ. വെട്ടം വീഴുമ്പോൾ ഞങ്ങൾ എത്തും." വിനു ഉറപ്പു നൽകി.

"കൊച്ചുമുഹമ്മദേ വെയിൽ മുഖത്തടിക്കുന്നതുവരെ കിടന്നുറങ്ങരുതെ. താമസിച്ചാൽ ഞങ്ങൾ നിന്നെ കൂടാതെ പഠനയാത്ര പോകും." മാസ്റ്റർ ഉറക്കഭ്രാന്തനായ കൊച്ചുമുഹമ്മദിനെ കളിയാക്കി. എല്ലാവരും ചിരിച്ചു.