വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം/മാൻ - സിംഹക്കളി

വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം (ബാലസാഹിത്യം)
രചന:എസ്. ശിവദാസ്
മാൻ - സിംഹക്കളി

[ 46 ]


മാൻ-സിംഹക്കളി


"മാസ്റ്റർ ഇവിടെയടുത്തല്ലേ മാസ്റ്ററുടെ വീട്? നമുക്കവിടെ വരെ നടന്നാലോ?" കൊച്ചു മുഹമ്മദിന് ഒരു ആഗ്രഹം.

"എന്താ കൊച്ചുമുഹമ്മദിന് മാസ്റ്ററുടെ വീട്ടിൽ പോകാനിത്ര മോഹം?" ദീപു തിരക്കി.

"മാസ്റ്ററുടെ അമ്മൂമ്മയുടെ സംഭാരം കുടിച്ചാൽ എല്ലാ ക്ഷീണവും മാറും!" കൊച്ചുമുഹമ്മദ് കാര്യം പറഞ്ഞു.

"അതിന് വെയിലിന്റെ ചൂടു കൂടി വരുന്നതല്ലേയുള്ളൂ. അതിനുമുമ്പ് ദാഹമായോ?" മാസ്റ്റർ ചിരിച്ചു.

"അമ്മൂമ്മയുടെ സംഭാരത്തിന്റെ രുചിയോർത്തിട്ട്‌ വല്ലാത്ത ദാഹം!" അനു കളിയാക്കി.

"ശരി. എന്നാൽ നടന്നോളൂ" മാസ്റ്റർ സമ്മതിച്ചു.

"ഓ നടന്നു പോയാൽ ക്ഷീണിക്കും." അപ്പുക്കുട്ടൻ അഭിപ്രായപ്പെട്ടു.

"പിന്നെയെന്താ പല്ലക്കുകൊണ്ടുവരണോ? ലില്ലിക്കുട്ടി കളിയാക്കി.

"നമുക്കൊരു കളി കളിക്കാം. ഓടിപ്പോകേണ്ട കളിയാണ്. വീട്ടിലെത്തുമ്പോൾ കളി നിർത്താം." മാസ്റ്റർ ഒരു വഴി പറഞ്ഞു.

"അങ്ങനെ തന്നെ മാസ്റ്റർ എന്തു കളിയാ? ഓടിപ്പിടുത്തമാണോ മാസ്റ്റർ?" [ 47 ]

"ഉണ്ടയിട്ടു കളിയാണോ മാസ്റ്റർ?"

"തോക്കിൽ കേറി വെടിവയ്ക്കാതെ. മാൻ-സിംഹക്കളിയാണിത്."

"അതെന്തു കളി?"

"പറയാം. കാട്ടിൽ നടക്കുന്ന ഒരു നാടകം ആണ് നമ്മളിവിടെ അഭിനയിക്കുന്നത്. കാട്ടിൽ മാനുകൾ ഉണ്ട് എന്നു കരുതുക. സിംഹങ്ങളും. അപ്പോൾ എന്തുണ്ടാകും?"

"ഓ അത് ഞങ്ങൾ ചിത്രകഥ വായിച്ചു പഠിച്ചിട്ടുണ്ട്."

"എന്താ ചിത്രകഥകളിൽ പറയുന്നത്?"

"സിംഹം എപ്പോഴും മാനിനെ പിടിക്കാൻ ഇട്ടോടിക്കും. ബുദ്ധിയുള്ള മാൻ സിംഹത്തെ കിണറ്റിൽ ചാടിക്കും. ബുദ്ധിയില്ലാത്ത മാനുകളെ മുഴുവൻ സിംഹം ഒറ്റ ദിവസം കൊണ്ട് ശാപ്പിടും." എല്ലാ ചിത്രകഥകളും വായിക്കുന്ന മീന പറഞ്ഞു.

"ഓ, അപ്പോൾ സിംഹം അതിക്രൂരൻ; മാനുകൾ വെറും സാധുക്കളും?"

"അതെ."

"ഈ ആശയങ്ങളെല്ലാം വിഡ്ഢിത്തങ്ങളാണ് മീനേ. സിംഹങ്ങൾ കഥയിലെപ്പോലെ ക്രൂരന്മാരല്ല. അവ എപ്പോഴും മാനുകളെ ഓടിച്ചിട്ട്‌ കൊന്നുതിന്ന് രസിക്കുന്നുമില്ല."

"ഓ അതൊന്നും പറഞ്ഞാൽ ഞങ്ങൾ സമ്മതിക്കുകയില്ല." അനു എതിർത്തു.

"ശരിയാ. സിംഹം മഹാതെമ്മാടി. എന്തിനെ കണ്ടാലും ഉടൻ കൊല്ലും." കൊച്ചുമുഹമ്മദും കൂടെ പറഞ്ഞു. ലില്ലിക്കുട്ടിയും കൊച്ചുറാണിയും രാജുവും രജിയും എല്ലാം ഒത്തുപറഞ്ഞു. "ശരിയാ ശരിയാ."

"ഹൊ ഈ കുട്ടികളിൽ എന്തെല്ലാം തെറ്റിദ്ധാരണകളാണ് കോമിക് പുസ്തകങ്ങൾ ഉണ്ടാക്കിവച്ചിരിക്കുന്നത്!" മാസ്റ്റർ അതും പറഞ്ഞ് തലയിൽ കൈവച്ചു.

"എന്നാൽ മാസ്റ്റർ തന്നെ ശരി പറയ്‌." കൊച്ചുമുഹമ്മദ്‌ നിർദ്ദേശിച്ചു. [ 48 ]

"പറയാം. ഒരു ജന്തുവിനും വേറൊരു ജന്തുവിനോടു ശത്രുതയില്ല. വെറുതെ കണ്ടാലുടനെ ഒരു സിംഹവും ഒന്നിന്റെ മേലും ചാടിവീഴുകയില്ല. വിശക്കുമ്പോൾ ആഹാരത്തിനുവേണ്ടി മാത്രമേ അതു കൊല്ലൂ." മാസ്റ്റർ തുടങ്ങി.

"എന്നാലും സിംഹം കണ്ടാലുടനെ കൊല്ലുമെന്നാ ഞങ്ങൾ കേട്ടിരിക്കുന്നത്." അനു പറഞ്ഞു.

"അത് തെറ്റാണ്. ഒരു കാട്ടിൽ ഒരു മാൻകൂട്ടം മേഞ്ഞു നടക്കുന്നു എന്നിരിക്കട്ടെ. സിംഹകുടുംബം വിശ്രമിക്കുന്നതിനടുത്തുപോലും അവ മേഞ്ഞുനടക്കും. സിംഹങ്ങൾ അവയെ കണ്ടാലും അനങ്ങുകയില്ല."

"പിന്നെ!"

"അവയ്ക്ക് വിശപ്പു തോന്നുമ്പോഴെ ഇരയെ പിടിക്കുന്ന കാര്യം ഓർക്കൂ."

"ഉടനെ സിംഹരാജൻ ഓടിച്ചെന്ന് മാനുകളെ പിടിച്ചുകൊല്ലും, അല്ലേ?"

"അതും തെറ്റിദ്ധാരണയാണ്. സിംഹരാജൻ എന്നൊക്കെ വെറുതെ പറയുന്നതാണ്. അവൻ മഹാമടിയനാണ്. വെറുതെ കിടക്കാറാണ് പതിവ്. എന്നിട്ട് പെൺസിംഹത്തെയാണ് ഇര തേടാൻ വിടാറ്!"

"നല്ല രാജാവു തന്നെ!" ലില്ലിക്കുട്ടി ചിരിച്ചു.

"മറ്റു മൃഗങ്ങൾ കൊന്നുതിന്നിട്ട് മിച്ചമിട്ടിരിക്കുന്ന എച്ചിൽതിന്നു വിശപ്പടക്കുന്നതും സിംഹരാജാക്കൻമാരുടെ സ്വഭാവമാണ്!"

"അമ്പട. ഇവനെ രാജാവെന്നു വിളിച്ചവരെ തല്ലണം!" കൊച്ചുമുഹമ്മദ് പറഞ്ഞു. "തനിയെ ഒന്നും ചെയ്യില്ല" മാസ്റ്റർ പറഞ്ഞു.

"എല്ലാ രാജാക്കൻമാരും അങ്ങനെയാണ്."

"ഇരതേടുന്ന രീതിയല്ലേ മാസ്റ്റർ പറഞ്ഞുവന്നത്? അപ്പോൾ പെൺസിംഹം പോയി എല്ലാ മാനുകളേയും കൊന്നിടും അല്ലേ?" വിനു ബാക്കി വിവരമറിയാൻ ചോദിച്ചു.

"അതെന്തിനാ എല്ലാറ്റിനേയും കൊല്ലുന്നത്? ഒരെണ്ണത്തിനെ പോരേ തിന്നാൻ" മാസ്റ്റർ ചോദിച്ചു. [ 49 ]

"അതേയ് മാസ്റ്റർ, ഒരെണ്ണത്തിനെ അപ്പോൾ തിന്നാം. ബാക്കി സൂക്ഷിച്ചുവച്ചാൽ പിന്നെ തിന്നാമല്ലോ!" കൊച്ചുമുഹമ്മദ് വിശദീകരിച്ചു.

"സൂക്ഷിച്ചു വെക്കുന്ന ശീലം മനുഷ്യർക്കേ ഉള്ളൂ. മിക്ക ജന്തുക്കൾക്കുമില്ല. സീംഹം എല്ലാ മാനുകളേയും ഒന്നിച്ച് ഒരിക്കലും കൊല്ലുകയില്ല. കൊല്ലാൻ പറ്റുകയുമില്ല. സിംഹം ഓടി വരുന്നത് കണ്ട് മാനുകൾ ഓടിപ്പോകും. അവർ നല്ല ഓട്ടക്കാരാണല്ലോ. സിംഹം പുറകെ ഓടും. ആരോഗ്യമുള്ള മാനുകൾ എല്ലാം ഓടി രക്ഷപ്പെടും. കൂട്ടത്തിലെ മോശക്കാരൻ പുറകിലാകും. ആരോഗ്യമില്ലാത്തവനോ ചട്ടനോ മുടന്തനോ ഒക്കെ. അവയിലൊരുത്തനെ സിംഹം പിടിച്ചു കടിച്ചുകൊല്ലും. അതിന്റെ കുറെഭാഗം സിംഹകുടുംബം തിന്നും. മിച്ചം വരുന്നത് അടുത്ത് ഒളിച്ചുനിൽക്കുന്ന കുറുക്കനും കഴുകനും കഴുതപ്പുലിയും മറ്റും തിന്നും. അങ്ങനെ പ്രകൃതിയിലെ പലതരം ജന്തുക്കൾ പല ഭാഗങ്ങൾ തിന്നുന്നതുമൂലം മാൻ വീണുകിടന്ന സ്ഥലം പോലും വൃത്തിയായി കിടക്കും. അതാണ് പ്രകൃതിയുടെ വിദ്യ. വിശപ്പുമാറിയതുകൊണ്ട് സിംഹം വേറെ മാനിനെ പിടിക്കുകയുമില്ല."

"ഓ, അപ്പോൾ മാനുകൾക്ക് പേടി കൂടാതെ കഴിയുകയും ചെയ്യാം അല്ലേ?"

സൂസിക്കുട്ടി ചോദിച്ചു.

"അതെ. വെറുതെ സൂക്ഷിച്ചുവയ്ക്കാനും വിൽക്കാനും ലാഭമുണ്ടാക്കാനും ഒരു കാട്ടുമൃഗവും ഒന്നിനെയും കൊല്ലുകയില്ല. നായാട്ടുകാരെപ്പോലെ രസത്തിനു കൊല്ലാനുമവ തയ്യാറാവുകയില്ല."

"കാട്ടിൽ മാനും സിംഹവും മാത്രമല്ല മറ്റൊട്ടേറെ മൃഗങ്ങളും സസ്യങ്ങളുമുണ്ട്. ചിലവ മറ്റു ചിലവയ്ക്ക് ഭക്ഷണമാണ്. അവ മറ്റു ചിലവയ്ക്കും.

"ഓ ഇതാണപ്പോൾ പ്രകൃതി നിയമം, അല്ലേ?"

"അതെ. ഇതു കാണിക്കുന്ന ഒരു കളി കളിക്കാം. ദാ നിങ്ങളെല്ലാം മാനുകൾ. കുനിഞ്ഞ് പുല്ലു തിന്ന് റോഡേ നടന്നോളൂ. കൊച്ചുമുഹമ്മദാണ് സിംഹം. ദാ അവിടെ ആ വളവിൽ പോയി കിടന്നോളൂ. ഇവർ അടുത്തുകൂടി പുല്ലുതിന്ന് നടന്നുപോകുമ്പോൾ അനങ്ങരുത്. കുറച്ചകലെ എത്തുമ്പോൾ ഒന്നലറി പുറകെ ചെല്ലണം. എല്ലാവരും പേടിച്ചോടണം. കൊച്ചുമുഹമ്മദ് പുറകെ ഓടും. [ 50 ] എന്റെ വീട്ടിലെത്തുന്നതിനു മുമ്പ് ഒരാളെയെങ്കിലും പിടിച്ചാൽ കൊച്ചുമുഹമ്മദിന് ഓട്ടം നിർത്താം. അയാളെ തിന്നുന്നതായി അഭിനയിച്ചാൽ മതി, ട്ടോ. മറ്റുള്ളവർ മാറി നിന്നു കണ്ടോളണം."

"മാസ്റ്ററോ? മാസ്റ്റർ മാനാകുന്നില്ലേ?" കൊച്ചുറാണിക്കൊരു സംശയം.

"പിന്നില്ലേ ? ഞാനൊരു വയസ്സൻ മാനാണല്ലോ. ഞാനും ഓടാം." മാസ്റ്റർ സമ്മതിച്ചു.

"ഏന്നാൽ ഇന്ന് മാസ്റ്ററെതന്നെ ഞാൻ തിന്നും." കൊച്ചുമുഹമ്മദ് പ്രഖ്യാപിച്ചു.

കൊച്ചു മുഹമ്മദ് ഓടി വളവിലെ മാവിനു ചുവട്ടിൽ പോയി കിടന്നു.

മാസ്റ്ററും കൂട്ടുകാരും പുല്ലുതിന്ന് വളവിലെത്തി. പിന്നെ കുറേക്കൂടി മുന്നോട്ടുപോയി. പെട്ടെന്ന് കൊച്ചുമുഹമ്മദ് ഒറ്റ അലറൽ. ശരിക്കും സിംഹം അലറുംപോലെ തന്നെ അലറി! കൊച്ചുറാണിയും മീനയും ശരിക്കും ഞെട്ടി. എല്ലാ മാനുകളും ഓടടാ ഓട്ടം. വയസ്സൻ മാൻ മുണ്ടും എടുത്തുകെട്ടി കൂടെ ഓടി! കൊച്ചുമുഹമ്മദ് അലറിക്കൊണ്ട് പുറകെ. "ഹൊ, ഈ മാസ്റ്ററെ പിടിക്കാൻ അത്ര എളുപ്പമല്ലല്ലോ." അലറുന്നതിനിടയിൽ കൊച്ചുമുഹമ്മദ് ഓർത്തു. കുടവയറുണ്ടായിട്ടും നന്നായി ഓടുന്നു! മാസ്റ്ററുടെ പറമ്പിനടുത്തെത്തിയപ്പോൾ കൊച്ചുമുഹമ്മദ് എല്ലാ ശക്തിയുമെടുത്തോടി. മാനുകൾ പറപറന്നു. അവസാനം കൊച്ചുമുഹമ്മദ് മറ്റു കൂട്ടുകാരുടെയെല്ലാം പിറകിൽ ഓടിയിരുന്ന കൊച്ചുറാണിയെ കയറി പിടിച്ചു. എന്നിട്ടൊരു അലറൽ. കൊച്ചുറാണി പേടിച്ച് നിലത്ത് കിടന്നു കളഞ്ഞു. ബഹളം കേട്ട് പുറത്തേക്കോടി വന്ന അമ്മൂമ്മ വടിയുമായി കൊച്ചുമുഹമ്മദിന്റെ നേരേ! "ഇതെന്താടാ നീ ആ പെങ്കൊച്ചിനെ കാണിക്കുന്നത്?"

അമ്മൂമ്മയുടെ വടിയിൽ നിന്നും അടി കിട്ടും മുമ്പ് കൊച്ചുമുഹമ്മദ് അമ്മൂമ്മയെ കയറിപ്പിടിച്ചു. "എന്നാലിനി അമ്മൂമ്മയെ തന്നെ തിന്നുകളയാം." ഒന്നലറി. കൂട്ടുകാരും മാസ്റ്ററും ചിരിച്ചു ചിരിച്ചു കുഴഞ്ഞു. ചിരിക്കാൻ കൊച്ചുറാണിയും കൂടിയപ്പോൾ അമ്മൂമ്മയ്ക്ക് ഇത് കളിയാണെന്ന് ബോധ്യമായി.

"ഇതെന്തു പ്രാന്തുകളിയാടാ നീ ഈ കുട്ട്യോളെ പഠിപ്പിച്ചത്?" കൊച്ചുമുഹമ്മദിന്റെ പിടിത്തത്തിൽ നിന്നും വിടാൻ ശ്രമിച്ചുകൊണ്ട് അമ്മൂമ്മ തിരക്കി. [ 52 ]

"അമ്മൂമ്മെ, സിംഹം കളിച്ച് അണയ്ക്കുന്നു. ഇടങ്ങഴി സംഭാരം എനിക്കുതന്നെ വേണം." കൊച്ചുമുഹമ്മദ് കിതക്കുന്നതിനിടയിൽ പറഞ്ഞു.

സംഭാരം കുടിക്കുന്നതിനിടയിൽ കൊച്ചുമുഹമ്മദ് പറഞ്ഞു.

"ഇത് സാക്ഷാൽ അമൃത് തന്നെയാ അമ്മൂമ്മേ." അമ്മൂമ്മ ചിരിച്ചു.

"കടകളിൽ കിട്ടുന്ന കൂൾഡ്രിങ്ക്സുകൾ ഒന്നും ആരോഗ്യത്തിന് നല്ലതല്ല കുട്ടികളെ. നമ്മുടെ സംഭാരവും കഞ്ഞി വെള്ളവും തന്നെ ഒന്നാംതരം" മാസ്റ്റർ പറഞ്ഞു.