വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം/നീർക്കോലി പിടുത്തം

വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം (ബാലസാഹിത്യം)
രചന:എസ്. ശിവദാസ്
നീർക്കോലി പിടുത്തം
[ 39 ]
നീർക്കോലി പിടുത്തം


ല്ലാവരും സാധനങ്ങളുമായെത്തി. എന്താ മാസ്റ്റർ ഭാവം? എല്ലാവരും ആകാംക്ഷയോടെ നോക്കി നിന്നു. മാസ്റ്റർ ഈർക്കിലിന്റെ അറ്റത്ത് ഒരു കൊച്ചു കെട്ടിട്ടു. എന്നിട്ട് അവിടെ ഒരു കൊച്ചു വളയം ഉണ്ടാക്കി. വലിച്ചാൽ ചെറുതാകാത്ത വളയം. എന്നിട്ടതിലൂടെ ഈർക്കിലിന്റെ മൂടുഭാഗം കോർത്തെടുത്തു. അപ്പോഴൊരു വലിയ വളയമുണ്ടായി. വലിച്ചാൽ ഉടൻ ചെറുതാകുന്ന ഒരു കുടുക്ക്!

ഈർക്കിലിന്റെ ചുവടുഭാഗം കമ്പിന്റെ അറ്റത്തു വച്ചു കെട്ടി.

റെഡി. നീർക്കോലിയെയോ മാക്രിയെയോ പിടിക്കാൻ പറ്റിയ കുടുക്കാണിത്. "പക്ഷെ, നമ്മൾ പ്രകൃതി സ്നേഹികൾ അവയെ പിടിക്കുന്നത്‌ കൊല്ലാനല്ല കേട്ടോ" മാസ്റ്റർ പറഞ്ഞു.

മാസ്റ്റർ കുളത്തിൽ ശ്രദ്ധിച്ചു നോക്കി. നീർക്കോലിച്ചേട്ടൻമാരെ വല്ലവരെയും കാണുന്നുണ്ടോ? പായലും പുല്ലും വളർന്നു നിൽക്കുന്നതിനാൽ നീർക്കോലിക്ക് ഒളിച്ചിരിക്കാൻ എളുപ്പമാണ്. കണ്ടു പിടിക്കുകയില്ല. കുറെ നേരം ശ്രദ്ധിച്ചു നോക്കി. ഹായ്, ദാ ഒരു വിദ്വാൻ എല്ലാവരും നിന്നതിനെതിർവശം ഒരു ആമ്പലിലയിൽ മറഞ്ഞ്, തല പുറത്തേക്കിട്ട് വിശ്രമിക്കുകയാണ്. മാസ്റ്റർ സാവധാനം കുറെ അടുത്തു ചെന്നു കമ്പിലെ ഈർക്കിലി അടുത്തേയ്ക്ക് പതുക്കെ കൊണ്ട് ചെന്നു. ശൂ! നീർക്കോലി അപ്പോഴേക്ക് വെള്ളത്തിൽ മുങ്ങി മാറി. കൂട്ടുകാർക്കൊക്കെ നിരാശ.

പക്ഷേ മാസ്റ്റർ ശ്രദ്ധിച്ചുനോക്കിയപ്പോൾ അതിനടുത്ത് വേറൊരു വിദ്വാൻ ഇതൊന്നും കാണാതെ [ 40 ] കിടക്കുന്നു. മാസ്റ്റർ വളരെ പതുക്കെ കടുക്ക് വെള്ളത്തിലൂടെ കൊണ്ടു ചെന്നു. കുടുക്കിലെ വളയം വലുതായിരുന്നു. അതിനാൽ എളുപ്പത്തിൽ നീർക്കോലിയുടെ തലയിലൂടെ അത് കഴുത്തിലേക്ക് മാറ്റി. ഒറ്റവലി! നീർക്കോലി കുടുക്കിലായി. കുടുക്കു മുറുകി. മാസ്റ്റർ വടി പൊക്കി. നീർക്കോലി ഈർക്കിൽ കുടുക്കിൽ കിടന്നു പിടക്കുന്നു.

കൊച്ചുറാണി അതു കണ്ട് നിന്ന് പിടച്ചു!

മീനയും രൂപയും വിനുവും പേടിച്ച് നിന്നു.

മാസ്റ്റർ ഈർക്കിൽ കൈയിലെടുത്തു. നീർക്കോലിയുടെ തലയിൽപിടിച്ചു. കുടുക്ക് അയച്ചു മാറ്റി. ഇപ്പോൾ നീർക്കോലി കൈയിൽക്കിടന്നു പിടച്ചു. മാസ്റ്റർ അതിനെയെടുത്ത്

[ 41 ] കൂട്ടുകാരുടെയടുത്തേക്ക് കൊണ്ടു ചെന്നു. "ഇവൻ ഇണങ്ങുകയില്ല. വിട്ടാൽ ഓടിപ്പോകും. ദാ എല്ലാവരും നീർക്കോലിയെ ശരിക്കു കാണൂ."

സാവധാനം എല്ലാവരും അടുത്തു വന്നു. മാസ്റ്റർ നീർക്കോലിയുടെ പുറവും അകവും കാണിച്ചു കൊടുത്തു. "നോക്കൂ എത്ര വൃത്തിയുള്ള ജീവി." മാസ്റ്റർ പുറത്തു തടവി. "തൊട്ടു നോക്കൂ."

ആർക്കും അതിന് ധൈര്യം വന്നില്ല. അവസാനം കൊച്ചുമുഹമ്മദ്‌ അതിനെ തൊട്ടു. പിന്നെ അപ്പുക്കുട്ടനും തൊട്ടു. "ഞാൻ അവനെ പിടിക്കട്ടെ?" ദീപു അതിന് ധൈര്യം കാണിച്ചു.

"ഓഹോ പിടിച്ചോളൂ." മാസ്റ്റർ ശ്രദ്ധിച്ച് ദീപുവിനെക്കൊണ്ട് തലയിൽ പിടിപ്പിച്ചു.

"അധികം ഞെക്കി പിടിക്കേണ്ടാ." മാസ്റ്റർ പറഞ്ഞു. പിന്നെ നീർക്കോലിയെ തിരിച്ചു വാങ്ങി അവന്റെ വാ പൊളിച്ച് പല്ലുകൾ കാണിച്ചു കൊടുത്തു.

"ദാ കണ്ടോ? ഇത്രയുമേ അവന്റെ പല്ലുകൾക്ക് വലുപ്പമുള്ളൂ... ഇനി അവനെ വിട്ടേക്കാം" മാസ്റ്റർ അവനെ വെള്ളത്തിലേക്കിട്ടു. അവൻ വെള്ളത്തിലൂടെ ഒറ്റ മുങ്ങ്!

"ഇനി ഒരു ദിവസം ഞാൻ ഒരു ചേരയെ പിടിച്ചു പരിചയപ്പെടുത്താം..." മാസ്റ്റർ പറഞ്ഞു തീരും മുൻപ് തോമസ് ഇടക്ക് കയറി ചോദിച്ചു.

"ഇതെന്താ മാസ്റ്റർ വെള്ളത്തിൽ പച്ച നിറത്തിൽ കിടക്കുന്നത്?" വെള്ളത്തിലിറങ്ങി നിൽക്കുകയായിരുന്നു തോമസ്‌.

"അത് ഒരിനം പായലാണ് തോമസേ, കുളത്തിൽ ശ്രദ്ധിച്ചു നോക്കൂ. ഇനിയെന്തെല്ലാം കാണുന്നുണ്ട് എന്ന് നോക്കൂ."

"ദാ ചെറിയ കടുക് പോലെന്തോ." അനു വെള്ളത്തിൽ ശ്രദ്ധിച്ചു നോക്കി പറഞ്ഞു.

"അതും ഒരു ജീവിയാണ്. ധാരാളമുണ്ട്, അല്ലേ"

"ഉവ്വ്, ഒരു ഞവണിക്കാ കണ്ടോ മാസ്റ്റർ?"

"കണ്ടു. ശ്രദ്ധിച്ചു നോക്കിയാൽ അങ്ങനെ എന്തെല്ലാം ഇവിടെ കാണാൻ കഴിയുമെന്നോ. കുളം [ 42 ] ഒരു കൊട്ടാരമാണ്."

"കൊട്ടാരമോ?" കൊച്ചുറാണിക്ക് ചിരിവന്നു.

മാളികയും രാജകുമാരിയുമില്ലാത്ത കൊട്ടാരമോ? കൊച്ചുറാണി ചോദിച്ചു.

"അതെ കൊച്ചുറാണി, കൊട്ടാരം തന്നെ. അനേകം ജീവികൾ ആഹ്ലാദത്തോടെ ജീവിക്കുന്ന കൊട്ടാരം. കുളത്തിലെ ചേറിൽ ആമ്പലുകൾ വേരുറപ്പിച്ചിരിക്കുന്നു. നെയ്യാമ്പലും മുള്ളൻപായലും മറ്റുമായി വലുതും ചെറുതുമായി അനേകം സസ്യങ്ങൾ, കൊച്ചും വലുതുമായി അനേകം മീനുകൾ, മറ്റു ജന്തുക്കൾ. എല്ലാവരും ആഹ്ലാദത്തോടെ ഈ കൊട്ടാരത്തിൽ കഴിയുന്നു."

"വാലുമാക്രിക്ക് ആഹ്ലാദമില്ല." മീനയ്ക്കു സങ്കടം.

"ങ്ങും, അതെന്താ മീനേ?"

"നീർക്കോലി പിടിച്ചു തിന്നുകയില്ലേ?"

"ഓ അതിൽ കാര്യമില്ല. നോക്കൂ. എത്ര ആയിരം വാലുമാക്രികൾ! അവ ആഹ്ലാദത്തോടെ കുളത്തിൽ നീന്തിക്കളിക്കുന്നു. വെള്ളത്തിൽ ഉള്ള കൊച്ചു സസ്യഭാഗങ്ങൾ തിന്ന് വലുതാകുന്നു. നീർക്കോലികൾ അഞ്ചെട്ടെണ്ണമേ കാണൂ. അവർ വയറ് നിറച്ചു തിന്നാലും തീരാത്തത്ര വാലുമാക്രികൾ ഉണ്ട്. കുറെ വാലുമാക്രികൾ നീർക്കോലിയുടെ വയറ്റിൽ പെടും. പക്ഷേ, കുറെ വളരും. വലുതാകും, വാലു കുറുകും. കാലുകൾ പുറത്തു വരും. അവ ചാടി കരയ്ക്കുമെത്തും. കുട്ടിമാക്രികളാവും. അവരിൽ ചിലരേയും നീർക്കോലികൾ ശാപ്പിടും. ചിലരെ ചേര പിടിക്കും. എന്നാൽ ബാക്കി വലുതാകും. വലിയ മാക്രികളാകും."

"ക്രോ ക്രോ ക്രോ ക്രോ." കൊച്ചുമുഹമ്മദ് കുളക്കരയിൽ കുത്തിയിരുന്ന് മാക്രി കരയുന്നതു പോലെ കരഞ്ഞു തവളച്ചാട്ടം നടത്തി. കൂട്ടുകാർ ചിരിച്ചു.

"ദാ കണ്ടോ ഈ മുഹമ്മദ്‌ മാക്രി ചാടും പോലെ ചാടി നടക്കും. കൊതുകിനേയും മുഞ്ഞയെയും മറ്റു കീടങ്ങളേയും പിടിച്ചു തിന്നും. വലുതാകും, മുട്ടയിടും. പിന്നെയും പുതിയ വാലു മാക്രികളുണ്ടാകും." [ 43 ]

"ഹോ ഇതൊരു കഥ പോലുണ്ടല്ലോ." ലില്ലിക്കുട്ടി അതിശയിച്ചു.

"അതെ ലില്ലിക്കുട്ടി. പകൃതിയെ കണ്ണ് തുറന്നു കാണൂ. എന്തെല്ലാം കഥകൾ, എത്രയെത്ര നാടകങ്ങൾ, എന്തെല്ലാം അത്ഭുതങ്ങൾ!" മാസ്റ്റർ സമ്മതിച്ചു.

"അപ്പോൾ മാക്രികൾ വളർന്നാലേ മുട്ടയിടൂ. എന്നാലേ വാലുമാക്രികൾ ഉണ്ടാകൂ. നീർക്കോലികൾക്കു തീറ്റ കിട്ടൂ." വിനു പഠിച്ചതൊക്കെ ബന്ധിപ്പിക്കുകയായിരുന്നു.

"അതെ വിനു. കുളം ഒരു 'ആവാസവ്യവസ്ഥ' യാണെന്ന് നിങ്ങൾ പിന്നെ പഠിക്കും. അതിലെ വെള്ളവും മണ്ണും ചെളിയും സസ്യങ്ങളും മറ്റും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. പ്രകൃതിയുടെ മനോഹരമായ ഒരു വലയാണത്. സസ്യജന്തുജാലങ്ങളെ പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്ന ഒരു കലാരൂപം. പ്രകൃതി നിരീക്ഷകർക്ക് ഒരു പറുദീസ." മാസ്റ്റർ വികാരഭരിതനായി.

"കുളം ഒരു പറുദീസ! നല്ല ആശയം തന്നെ." ദീപു തല കുലുക്കി ആ ആശയം ആസ്വദിച്ചു.

"ശരിയാ. മനോഹരമായ ഒരു സങ്കൽപം. എത്രയോ ജീവികൾ. ജന്തുക്കളും സസ്യങ്ങളും. പിന്നെ ജീവനില്ലാത്ത ഘടകങ്ങളും അനേകം. വെള്ളം, മണ്ണ്, വെളിച്ചം എന്നിങ്ങനെ. ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു; അല്ലേ മാസ്റ്റർ?"

"അതെ."

"ജീവികൾ തമ്മിലല്ലേ ബന്ധമുള്ളൂ? ജീവനില്ലാത്ത വെള്ളവും വെളിച്ചവും മണ്ണും കല്ലും ഒക്കെ ജീവികളുമായി ബന്ധപ്പെട്ടാണോ കിടക്കുന്നത്?" കൊച്ചുമുഹമ്മദിന് സംശയം.

"അതെ കൊച്ചുമുഹമ്മദേ. എല്ലാം പരസ്പരം ബന്ധപ്പെട്ടാണിരിക്കുന്നത്. വെള്ളമില്ലെങ്കിൽ കുളമുണ്ടോ? മീനുകൾക്കും മറ്റും നിലനിൽപ്പുണ്ടോ? അങ്ങനെയങ്ങനെ ചിന്തിച്ചാലേ ബന്ധം വ്യക്തമാകൂ."

"ഓ അതു ശരിയാണ്."

"ഒരു സ്ഥലത്തു ജീവിക്കുന്ന ജീവജാലങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ആ സ്ഥലത്ത് ആ ജീവജാലങ്ങളെ സ്വാധീനിക്കുന്ന മറ്റ് അനേകം ഘടകങ്ങളെയും കാണും. ഇവയെ എല്ലാം കൂടിയാണ് [ 44 ] ആവാസവ്യവസ്ഥ എന്നു പറയുന്നത്. ഇക്കോസിസ്റ്റം (Eco system) എന്നാണ് ഇംഗ്ലീഷിലുള്ള പേര്"

"കുളം അത്തരമൊരു ആവാസ വ്യവസ്ഥയാണ്‌ എന്ന്. ഓ അപ്പോൾ എന്താണ്ടൊക്കെ പിടികിട്ടി." കൊച്ചുമുഹമ്മദ് ഗമയിൽ തല ഉയർത്തി നിന്നു.

"എങ്കിൽ മീനുകളെപ്പറ്റി പഠിക്കുമ്പോൾ പായലുകളെപ്പറ്റിയും പഠിക്കണമല്ലോ!"

"വളരെ ശരിയാണ് അപ്പുക്കുട്ടാ. ഒരു ജീവിയേയും അതിന്റെ ചുറ്റുപാടിൽ നിന്ന് മാറ്റി നിർത്തി പഠിച്ചാൽ പഠനം പൂർണ്ണമാവുകയില്ല."

"നീർക്കോലിയെപ്പറ്റി പഠിക്കുമ്പോൾ വാലുമാക്രിയെപ്പറ്റിയും അറിയണമെന്ന്. ഹഹഹഹ. അതുകൊള്ളാമല്ലോ." കൊച്ചുറാണിക്ക് അതൊരു തമാശയായി തോന്നി.

"അതെ കൊച്ചുറാണി, വാലുമാക്രിയെപ്പറ്റിയും കുളത്തെപ്പറ്റിയും അതിലെ പായലിനെപ്പറ്റിയും ഒക്കെ അറിയണം. അവയൊക്കെയുമായി ശ്രീമാൻ നീർക്കോലിക്കുള്ള ബന്ധവും പഠിക്കണം."

"ശരി ശരി. സമ്മതിച്ചിരിക്കുന്നു." കൊച്ചുറാണി തല കുലുക്കി.

"ഇങ്ങനെ ജീവികളും അവയുടെ ചുറ്റുപാടും തമ്മിലുള്ള പരസ്പരബന്ധത്തെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖയാണ് പരിസ്ഥിതി വിജ്ഞാനം. ഇക്കോളജി (Ecology) എന്ന് ഇംഗ്ലീഷിൽ പറയും." മാസ്റ്റർ വിശദീകരിച്ചു.

"ഓ ഇതാണോ പരിസ്ഥിതി വിജ്ഞാനം? അതായത് ഇക്കോളജി?"

"ഞാനും ആ പേരു കേട്ടിട്ടുണ്ട്. എന്താണെന്ന് ഇപ്പോഴാണ് അറിയുന്നത്."

"അപ്പോൾ മാസ്റ്റർ ഞങ്ങളെ കുളം കാണിച്ചു രസിപ്പിച്ച്‌ ഇക്കോളജി എന്താണെന്ന് പഠിപ്പിച്ചു!" ലില്ലിക്കുട്ടിക്ക് മാസ്റ്ററുടെ വിദ്യ പിടികിട്ടി.

"ഇങ്ങനെ കുളത്തിലിറങ്ങി പഠിച്ചാൽ ഈ പഠനം എത്ര രസകരമാണ്!" കൊച്ചുമുഹമ്മദ്‌ കുളത്തിലെ പായൽ വാരി നോക്കുന്നതിനിടയിൽ പറഞ്ഞു.

"അതെ കൊച്ചുമുഹമ്മദേ പ്രകൃതിയെ ഇങ്ങനെ നിരീക്ഷിച്ചു പഠിച്ചാൽ പ്രകൃതി പഠനം [ 45 ] രസകരമാണ്. പരിസ്ഥിതി വിജ്ഞാനം ആവേശകരമാണ്."

"ഞാൻ അതല്ല ഓർത്തുപോകുന്നത്....." ദീപു എന്തോ പറയാൻ തുടങ്ങി.

"എന്താണാവോ ദീപുച്ചേട്ടൻ ഓർത്തുപോകുന്നത്?" അപ്പുക്കുട്ടൻ കളിയാക്കി.

"എന്താ ദീപു ഓർത്തുപോകുന്നത്?" മാസ്റ്റർ തിരക്കി.

"ഒരു കുളത്തിൽ പോലും എന്തെല്ലാം കാണാനും അറിയാനുമുണ്ട്!"

"അതെ ദീപൂ. എത്രയെത്ര രഹസ്യങ്ങൾ കുളത്തിൽ ഒളിച്ചിരിക്കുന്നുണ്ടെന്നോ. നിങ്ങൾക്ക് ഞാൻ രസകരമായ ഒരു പ്രോജക്ട് തരാം. സയൻസ് പ്രോജക്ട്."

"എന്താണാവോ, ഇത്ര രസകരമായ പരിപാടി!" കൊച്ചുമുഹമ്മദ് ആകാംക്ഷയോടേ ശ്രദ്ധിച്ചു നിന്നു.

"കുള നിരീക്ഷണം. ഒരു ദിവസം മുഴുവൻ കുളത്തെ നിരീക്ഷിക്കുക. കുളത്തിലേക്കു വരുന്ന ജീവികൾ, അവയിൽ നിന്നും പോകുന്ന ജീവികൾ, കുളത്തിലെ നാനാതരം സസ്യജന്തുജാലങ്ങൾ, കുളത്തിലെ വെള്ളം, ചെളി... "

"കുളത്തിൽ നടക്കുന്ന നാടകങ്ങൾ". "നീർക്കോലിയുടെ ഇരപിടുത്തം"

"തവളച്ചാരുടെ ചാട്ടവും പാട്ടും"

"ഓരോരുത്തരും ഇങ്ങനെ ഓരോന്നുപറഞ്ഞ് നേരം കളയേണ്ട. എല്ലാവരും ഒരു നോട്ടുബുക്കുമായി വേണം കുളനിരീക്ഷണത്തിനു വരാൻ. കാണുന്നതൊക്കെ അതിലെഴുതിവയ്ക്കുക."

"ഏറ്റവും നല്ല നിരീക്ഷണത്തിന് സമ്മാനം തരുമോ മാസ്റ്റർ? എങ്കിൽ എനിക്ക് അതു കിട്ടും." കൊച്ചുറാണിക്ക് അക്കാര്യത്തിൽ സംശയമേ ഇല്ല.

"കുളത്തെ നിരീക്ഷിക്കാൻ ഞാനാ മിടുക്കൻ." കൊച്ചുമുഹമ്മദ് തർക്കിച്ചു.

"നല്ല പരിപാടിയാണ്. നമുക്ക് നാളെത്തന്നെ കുള നിരീക്ഷണ മത്സരം നടത്തിയാലോ?" അപ്പുക്കുട്ടൻ ചോദിച്ചു.

"അങ്ങനെ തന്നെ." മാസ്റ്റർ സമ്മതിച്ചു.