മലയാളഭാഷയിലെ കഴിഞ്ഞകാലത്തെ അമൂല്യഗ്രന്ഥങ്ങളുടെ ശേഖരണത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന സന്നദ്ധകൂട്ടായ്മയായ വിക്കിഗ്രന്ഥശാലാ സമൂഹം നിരവധി സർക്കാർ സ്ഥാപനങ്ങളോടും സന്നദ്ധ സംഘടനകളോടും ഒപ്പം ഒരു ഡിജിറ്റൈസേഷൻ (ടൈപ്പിങ്ങും തെറ്റുതിരുത്തൽ വായനയും) മത്സരം ഈ പുതുവർഷത്തിൽ സംഘടിപ്പിക്കുകയാണ്. മലയാളത്തിലെ പകർപ്പാവകാശകാലാവധി കഴിഞ്ഞ ഗ്രന്ഥങ്ങളുടെ സംഭരണവും ഡിജിറ്റൽ രൂപത്തിൽ യൂണിക്കോഡിൽ ലഭ്യമാക്കലും കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ ,മത്സരം നടത്തുന്നത്. മലയാളഗ്രന്ഥങ്ങളുടെ ഡിജിറ്റൽ രംഗത്തെ ലഭ്യത വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ സംക്ഷേപവെദാർത്ഥം (1772), മലയാഴ്മയുടെ വ്യാകരണം (1863), ഹസ്തലക്ഷണദീപിക (1892) തുടങ്ങിയ ഗ്രന്ഥങ്ങളും സാഹിത്യഅക്കാദമിയിൽ നിന്ന് ലഭ്യമാക്കിയ രസികരഞ്ജിനി, മംഗളോദയം തുടങ്ങിയ മാസികകളും അടക്കം 55ലധികം കൃതികളാണ് ഈ പദ്ധതിയിലുൾപ്പെടുത്തിയിരിക്കുന്നത്.
വിക്കിമീഡിയാ ഫൌണ്ടേഷന്റെ വിക്കിസോഴ്സ് പ്രൊജക്റ്റിനു 10 വർഷം തികയുന്ന വേളയിലാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. മലയാളം വിക്കിസമൂഹത്തിന്റെ മുൻകൈയിൽ സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് സൊസെറ്റി (CIS-A2K), കേരള സാഹിത്യ അക്കാദമി, ഐറ്റി @ സ്കൂൾ പദ്ധതി, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് തുടങ്ങിയ സ്ഥാപനങ്ങളുടെയും സംഘടനകളുടേയും സംയുക്താഭിമുഖ്യത്തിലാണു് ഈ പദ്ധതി നടപ്പാക്കുന്നതു് . 2014 ജനുവരി ഒന്നിനു് തുടങ്ങി 31 വരെ, ഒരു മാസം നീണ്ടുനിൽക്കുന്നതായിരിക്കും മത്സരം.വ്യക്തികൾക്കും സ്കൂളുകൾക്കും പ്രത്യേകമായി നടത്തുന്ന ഈ മത്സരത്തിൽ ഏറ്റവും കൂടുതൽ ടൈപ്പിങ്ങും തെറ്റുതിരുത്തൽ വായനയും നടത്തുന്ന വ്യക്തികൾക്കും സ്കൂളുകൾക്കും പ്രോത്സാഹനമായി ഈ-ബുക്ക് റീഡറുകളും പുസ്തകങ്ങളും അടക്കം നിരവധി സമ്മാനങ്ങൾ ഉണ്ടാവും . കേരള സാഹിത്യ അക്കാദമി ഈയിടെ പുറത്തിറക്കിയ പൊതുസഞ്ചയത്തിലുള്ള പുസ്തകങ്ങളാണു് ഈ പദ്ധതിയുടെ ആദ്യപടിയായി ഡിജിറ്റൈസ് ചെയ്യപ്പെടുക. കൂടുതൽ വിവരങ്ങൾക്കായി ഇന്റർനെറ്റില മലയാളം വിക്കിഗ്രന്ഥശാല സന്ദർശിക്കുക. https://ml.wikisource.org/wiki/WS:DC2014
വിക്കിഗ്രന്ഥശാല പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിരവധി വിദ്യാർഥികൂട്ടായ്മകൾ ഇന്ന് സജീവമാണ്. ഇത് കൂടുതൽ തലങ്ങളിലേക്ക് ഐടി അറ്റ് സ്കൂളിന്റെ നേതൃത്വത്തിൽ വ്യാപിപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ ഉദ്ദ്യേശിക്കുന്നത്. മാതൃഭാഷാസ്നേഹവും കമ്പ്യൂട്ടർ പരിജ്ഞാനവും വർദ്ധിപ്പിച്ച് ഭാഷാകമ്പ്യൂട്ടിങ്ങിൽ കൂടുതൽ ധാരണയുണ്ടാക്കാനും, ഈ രംഗത്തെ സാമൂഹ്യകൂട്ടായ്മകളുടെ ഭാഗമാകാനും വിദ്യാർഥികളെ ഈ പദ്ധതി സഹായിക്കും.
വിക്കിഗ്രന്ഥശാല സമൂഹത്തിന് വേണ്ടി,
മനോജ്.കെ
9495576262
mlwikisource@gmail.com