വീണ പൂവ്

(വീണപൂവ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വീണപൂവ്

രചന:എൻ. കുമാരനാശാൻ (1907)
1907 ഡിസംബറിൽ ആണ് കുമാരനാശാൻ വീണപൂവ് ‘മിതവാദി’ പത്രത്തിൽ പ്രസിദ്ധീകരിച്ചത്. മലയാള കാവ്യാന്തരീക്ഷത്തിൽ തികച്ചും നൂതനമായൊരു അനുഭവമായിരുന്നു വീണപൂവ് എന്ന ഖണ്ഡകാവ്യം.

Wikipedia logo കൂടുതലറിയാൻ മലയാളം വിക്കിപീഡിയയിലെ
വീണ പൂവ് എന്ന ലേഖനം കാണുക.

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


ഹാ! പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ-
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ?       1


ലാളിച്ചു പെറ്റ ലതയമ്പൊടു ശൈശവത്തിൽ
പാലിച്ചു പല്ലവപുടങ്ങളിൽ വെച്ചു നിന്നെ;
ആലോലവായു ചെറുതൊട്ടിലുമാട്ടി, താരാ-
ട്ടാലാപമാർന്നു മലരേ, ദലമർമ്മരങ്ങൾ       2


പാലൊത്തെഴും പുതുനിലാവിലലം കുളിച്ചും
ബാലാതപത്തിൽ വിളയാടിയുമാടലെന്യേ
നീ ലീലപൂണ്ടിളയ മൊട്ടുകളോടു ചേർന്നു
ബാലത്വമങ്ങനെ കഴിച്ചിതു നാളിൽ നാളിൽ       3


ശീലിച്ചു ഗാനമിടചേർന്നു ശിരസ്സുമാട്ടി-
ക്കാലത്തെഴും കിളികളോടഥ മൗനമായ്‌ നീ
ഈ ലോകതത്വവുമയേ, തെളിവാർന്ന താരാ-
ജാലത്തൊടുന്മുഖതയാർന്നു പഠിച്ചു രാവിൽ       4


ഈവണ്ണമമ്പൊടു വളർന്നഥ നിൻറെയംഗ-
മാവിഷ്ക്കരിച്ചു ചില ഭംഗികൾ മോഹനങ്ങൾ
ഭാവം പകർന്നു വദനം, കവിൾ കാന്തിയാർന്നു,
പൂവേ, അതിൽ പുതിയ പുഞ്ചിരി സഞ്ചരിച്ചു.       5


ആരോമലാമഴക്‌, ശുദ്ധി, മൃദുത്വ, മാഭ
സാരള്യമെന്ന, സുകുമാരഗുണത്തിനെല്ലാം
പാരിങ്കലേതുപമ; ആ മൃദുമെയ്യിൽ നവ്യ-
താരുണ്യമേന്തിയൊരു നിൻ നില കാണണം താൻ.       6


വൈരാഗ്യമേറിയൊരു വൈദികനാട്ടെ, യേറ്റ-
വൈരിയ്ക്കു മുൻപുഴറിയോടിയ ഭീരുവാട്ടെ,
നേരേ വിടർന്നു വിലസീടിന നിന്നെ നോക്കി-
യാരാകിലെന്തു, മിഴിയുള്ളവർ നിന്നിരിക്കാം.       7


മെല്ലെന്നു സൗരഭവുമൊട്ടു പരന്നു ലോക-
മെല്ലാം മയക്കി മരുവുന്നളവന്നു നിന്നെ
തെല്ലോ കൊതിച്ചനുഭവാർത്ഥികൾ; ചിത്രമല്ല-
തില്ലാർക്കുമീഗുണവു, മേവമകത്തു തേനും.       8


ചേതോഹരങ്ങൾ സമജാതികളാം സുമങ്ങ-
ളേതും സമാനമഴകുള്ളവയെങ്കിലും നീ
ജാതാനുരാഗമൊരുവന്നു മിഴിക്കു വേദ്യ-
മേതോ വിശേഷസുഭഗത്വവുമാർന്നിരിക്കാം.       9


"കാലം കുറഞ്ഞ ദിനമെങ്കിലുമർത്ഥദീർഘം,
മാലേറെയെങ്കിലുമതീവ മനോഭിരാമം
ചാലേ കഴിഞ്ഞരിയ യൗവന"മെന്നു നിന്റെ-
യീ ലോലമേനി പറയുന്നനുകമ്പനീയം.       10


അന്നൊപ്പമാണഴകു കണ്ടു വരിച്ചിടും നീ-
യെന്നോർത്തു ചിത്രശലഭങ്ങളണഞ്ഞിരിക്കാം;
എന്നല്ല, ദൂരമതിൽനിന്നനുരാഗമോതി
വന്നെന്നുമാം വിരുതനങ്ങൊരു ഭൃംഗരാജൻ.       11


കില്ലില്ലയേ ഭ്രമരവര്യനെ നീ വരിച്ചു
തെല്ലെങ്കിലും ശലഭമേനിയെ മാനിയാതെ
അല്ലെങ്കിൽ നിന്നരികിൽ വന്നിഹ വട്ടമിട്ടു
വല്ലാതിവൻ നിലവിളിക്കുകയില്ലിദാനീം.       12


“എന്നംഗമേകനിഹ തീറുകൊടുത്തുപോയ്‌ ഞാൻ
എന്നന്യകാമുകരെയൊക്കെ മടക്കിയില്ലേ?
ഇന്നോമലേ വിരവിലെന്നെ വെടിഞ്ഞിടല്ലേ”
എന്നൊക്കെയല്ലി ബത! വണ്ടു പുലമ്പിടുന്നു?       13


ഹാ! കഷ്ട,മാ വിബുധകാമിതമാം ഗുണത്താ-
ലാകൃഷ്ടനാ, യനുഭവിച്ചൊരു ധന്യനീയാൾ
പോകട്ടെ നിന്നൊടൊരുമിച്ചു മരിച്ചു; നിത്യ-
ശോകാർത്തനായിനിയിരിപ്പതു നിഷ്‌ഫലംതാൻ.       14


ചത്തീടുമിപ്പോഴിവനല്‌പവികല്‌പമില്ല
തത്താദൃശം വ്യസനകുണ്ഠിതമുണ്ടു കണ്ടാൽ
അത്യുഗ്രമാം തരുവിലും ബത! കല്ലിലും പോയ്‌
പ്രത്യക്ഷമാഞ്ഞു തല തല്ലുകയല്ലി ഖിന്നൻ?       15


ഒന്നോർക്കിലിങ്ങിവ വളർന്നു ദൃഢാനുരാഗ-
മന്യോന്യമാർന്നുപയമത്തിനു കാത്തിരുന്നു
വന്നീയപായമഥ കണ്ടളി ഭാഗ്യഹീനൻ
ക്രന്ദിക്കയാം; കഠിന താൻ ഭവിതവ്യതേ നീ!       16


ഇന്നല്ലയെങ്കിലയി, നീ ഹൃദയം തുറന്നു
നന്ദിച്ച വണ്ടു കുസുമാന്തരലോലനായി
“എന്നെച്ചതിച്ചു ശഠ”നെന്നതു കണ്ടു നീണ്ടു
വന്നേറുമാധിയഥ നിന്നെ ഹനിച്ചു പൂവേ!       17


ഹാ! പാർക്കിലീ നിഗമനം പരമാർത്ഥമെങ്കിൽ
പാപം നിനക്കു ഫലമായഴൽ പൂണ്ട വണ്ടേ!
ആപത്തെഴും തൊഴിലിലോർക്കുക മുമ്പു; പശ്ചാ-
ത്താപങ്ങൾ സാഹസികനിങ്ങനെയെങ്ങുമുണ്ടാം.       18


പോകട്ടതൊക്കെ,യഥവാ യുവലോകമേലു-
മേകാന്തമാം ചരിതമാരറിയുന്നു പാരിൽ
ഏകുന്നു വാൿപടുവിനാർത്തി വൃഥാപവാദം,
മൂകങ്ങൾ പിന്നിവ - പഴിക്കുകിൽ ദോഷമല്ലേ?       19


പോകുന്നിതാ വിരവിൽ വണ്ടിവിടം വെടിഞ്ഞു
സാകൂതമാംപടി പറന്നു നഭസ്ഥലത്തിൽ
ശോകാന്ധനായ്‌ കുസുമചേതന പോയ മാർഗ്ഗ-
മേകാന്തഗന്ധമിതു പിൻതുടരുന്നതല്ലീ?       20


ഹാ! പാപമോമൽമലരേ ബത! നിൻറെ മേലും
ക്ഷേപിച്ചിതോ കരുണയറ്റ കരം കൃതാന്തൻ
വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമായ്‌ കഴുകനെന്നു, കപോതമെന്നും?       21


തെറ്റെന്നു ദേഹസുഷമാപ്രസരം മറഞ്ഞു
ചെറ്റല്ലിരുണ്ടു മുഖകാന്തിയതും കുറഞ്ഞു
മറ്റെന്തുരപ്പു? ജവമീ നവദീപമെണ്ണ-
വറ്റിപ്പുകഞ്ഞഹഹ! വാടിയണഞ്ഞുപോയി.       22


ഞെട്ടറ്റു നീ മുകളിൽനിന്നു നിശാന്തവായു
തട്ടിപ്പതിപ്പളവുണർന്നവർ താരമെന്നോ
തിട്ടം നിനച്ചു മലരേ ബത! ദിവ്യഭോഗം
വിട്ടാശു ഭുവിലടിയുന്നൊരു ജീവനെന്നോ?       23


അത്യന്തകോമളതയാർന്നൊരു നിൻറെ മേനി-
യെത്തുന്ന കണ്ടവനിതന്നെയധീരയായി
സദ്യഃസ്ഫുടം പുളകിതാംഗമിയന്നു പൂണ്ടോ-
രുദ്വേഗമോതുമുപകണ്ഠതൃണാങ്കുരങ്ങൾ.       24


അന്യൂനമാം മഹിമ തിങ്ങിയൊരാത്മതത്വ-
മെന്യേ നിലത്തു ഗതമൗക്തികശുക്തിപോൽ നീ
സന്നാഭമിങ്ങനെ കിടക്കുകിലും ചുഴന്നു
മിന്നുന്നു നിൻ പരിധിയിപ്പൊഴുമെന്നു തോന്നും.       25


ആഹാ, രചിച്ചു ചെറു ലൂതകളാശു നിൻറെ
ദേഹത്തിനേകി ചരമാവരണം ദുകൂലം
സ്നേഹാർദ്രയായുടനുഷസ്സുമണിഞ്ഞു നിന്മേൽ
നീഹാരശീകരമനോഹരമന്ത്യഹാരം.       26


താരങ്ങൾ നിൻ പതനമോർത്തു തപിച്ചഹോ! ക-
ണ്ണീരായിതാ ഹിമകണങ്ങൾ പൊഴിഞ്ഞിടുന്നു;
നേരായി നീഡതരുവിട്ടു നിലത്തു നിൻറെ
ചാരത്തു വീണു ചടകങ്ങൾ പുലമ്പിടുന്നു.       27


ആരോമലാം ഗുണഗണങ്ങളിണങ്ങി ദോഷ-
മോരാതുപദ്രവവുമൊന്നിനു ചെയ്തിടാതെ,
പാരം പരാർത്ഥമിഹ വാണൊരു നിൻ ചരിത്ര-
മാരോർത്തു ഹൃത്തടമഴിഞ്ഞു കരഞ്ഞുപോകാ?       28


കണ്ടീ വിപത്തഹഹ! കല്ലലിയുന്നിതാടൽ-
കൊണ്ടാശു ദിങ്‌മുഖവുമിങ്ങനെ മങ്ങിടുന്നു
തണ്ടാർസഖൻ ഗിരിതടത്തിൽ വിവർണ്ണനായ്‌ നി-
ന്നിണ്ടൽപ്പെടുന്നു, പവനൻ നെടുവീർപ്പിടുന്നു.       29


എന്തിന്നലിഞ്ഞു ഗുണധോരണി വെച്ചു നിന്മേൽ?
എന്തിന്നതാശു വിധിയേവമപാകരിച്ചു?
ചിന്തിപ്പതാരരിയ സൃഷ്ടിരഹസ്യ, മാവ-
തെന്തുള്ളു? ഹാ! ഗുണികളൂഴിയിൽ നീണ്ടു വാഴാ!       30


സാധിച്ചു വേഗമഥവാ നിജ ജന്മകൃത്യം
സാധിഷ്‌ഠർ പോട്ടിഹ സദാ നിശി പാന്ഥപാദം
ബാധിച്ചു രൂക്ഷശില വാഴ്‌വതിൽനിന്നു മേഘ-
ജ്യോതിസ്സുതൻ ക്ഷണികജീവിതമല്ലി കാമ്യം?       31


എന്നാലുമുണ്ടഴലെനിക്കു വിയോഗമോർത്തും
ഇന്നത്ര നിൻ കരുണമായ കിടപ്പു കണ്ടും
ഒന്നല്ലി നാ,മയി സഹോദരരല്ലി, പൂവേ,
ഒന്നല്ലി കയ്യിഹ രചിച്ചതു നമ്മെയെല്ലാം?       32


ഇന്നീവിധം ഗതി നിനക്കയി പോക! പിന്നൊ-
ന്നൊന്നായ്‌ത്തുടർന്നു വരുമാ വഴി ഞങ്ങളെല്ലാം;
ഒന്നിന്നുമില്ല നില-ഉന്നതമായ കുന്നു-
മെന്നല്ലയാഴിയുമൊരിക്കൽ നശിക്കുമോർത്താൽ.       33


അംഭോജബന്ധുവിത നിന്നവശിഷ്ടകാന്തി
സമ്പത്തെടുപ്പതിനണഞ്ഞു കരങ്ങൾ നീട്ടി;
ജൃംഭിച്ച സൗരഭമിതാ കവരുന്നു വായു
സമ്പൂർണ്ണമാ,യഹഹ! നിന്നുടെ ദായഭാഗം.       34


‘ഉത്‌പന്നമായതു നശിക്കു,മണുക്കൾ നിൽക്കും
ഉത്‌പന്നമാമുടൽ വെടിഞ്ഞൊരു ദേഹി വീണ്ടും
ഉത്‌പത്തി കർമ്മഗതി പോലെ വരും ജഗത്തിൽ’
കൽപിച്ചിടുന്നിവിടെയിങ്ങനെ ആഗമങ്ങൾ.       35


ഖേദിക്കകൊണ്ടു ഫലമില്ല, നമുക്കതല്ല
മോദത്തിനും ഭുവി വിപത്തു വരാം ചിലപ്പോൾ;
ചൈതന്യവും ജഡവുമായ്‌ കലരാം ജഗത്തി-
ലേതെങ്കിലും വടിവിലീശ്വരവൈഭവത്താൽ.       36


ഇപ്പശ്ചിമാബ്ധിയിലണഞ്ഞൊരു താരമാരാ-
ലുത്‌പന്നശോഭമുദയാദ്രിയിലെത്തിടുമ്പോൽ
സത്‌പുഷ്പമേ! യിവിടെ മാഞ്ഞു സുമേരുവിന്മേൽ
കൽപദ്രുമത്തിനുടെ കൊമ്പിൽ വിടർന്നിടാം നീ.       37


സംഫുല്ലശോഭമതു കണ്ടു കുതൂഹലം പൂ-
ണ്ടമ്പോടടുക്കുമളിവേണികൾ ഭൂഷയായ്‌ നീ
ഇമ്പത്തെയും സുരയുവാക്കളിലേകി രാഗ-
സമ്പത്തെയും സമധികം സുകൃതം ലഭിക്കാം.       38


അല്ലെങ്കിലാ ദ്യുതിയെഴുന്നമരർഷിമാർക്കു
ഫുല്ലപ്രകാശമിയലും ബലിപുഷ്പമായി
സ്വർല്ലോകവും സകലസംഗമവും കടന്നു
ചെല്ലാം നിനക്കു തമസഃപരമാം പദത്തിൽ.       39


ഹാ! ശാന്തിയൗപനിഷദോക്തികൾതന്നെ നൽകും
ക്ലേശിപ്പതാത്മപരിപീഡനമജ്ഞയോഗ്യം;
ആശാഭരം ശ്രുതിയിൽ വയ്ക്കുക നമ്മൾ, പിന്നെ-
യീശാജ്ഞപോലെ വരുമൊക്കെയുമോർക്ക പൂവേ!       40


കണ്ണേ, മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു, വിസ്മൃതമാകുമിപ്പോൾ;
എണ്ണീടുകാർക്കുമിതുതാൻ ഗതി! സാദ്ധ്യമെന്തു
കണ്ണീരിനാൽ? അവനി വാഴ്‌വു കിനാവു, കഷ്ടം!       41


പുറം കണ്ണികൾ

തിരുത്തുക
"https://ml.wikisource.org/w/index.php?title=വീണ_പൂവ്&oldid=212219" എന്ന താളിൽനിന്ന് ശേഖരിച്ചത്