വൃത്തമഞ്ജരി
രചന:എ.ആർ. രാജരാജവർമ്മ
മാത്രാവൃത്തപ്രകരണം

വൃത്തമഞ്ജരി
അദ്ധ്യായങ്ങൾ

അവതാരിക

ഒന്നാം പതിപ്പിന്റെ മുഖവുര

വിഷയാനുക്രമണി


ഇനി മാത്രാപ്രധാനങ്ങളായ വൃത്തങ്ങളെ വിവരിക്കുന്നു. മാത്രാവൃത്തങ്ങളിൽ നാലു മാത്ര ഒരു ഗണം എന്നാണ് നിയമമെന്നും സർവ്വഗുരു, ആദിഗുരു, മദ്ധ്യഗുരു, അന്ത്യഗുരു, സർവ്വലഘു എന്ന് അത് അഞ്ചുവിധമാണെന്നും പറഞ്ഞിട്ടുള്ളത് ഇവിടെ ഓർമ്മിക്കേണ്ടതാകുന്നു.*മാത്രാവൃത്തങ്ങളിൽ പ്രധാനമായ ‘ആര്യ’യ്ക്ക് ലക്ഷണം പറയുന്നു.


306.(എ) ഏഴു ഗണം ഗുരുവൊന്നും

വേണം ജഗണം വരാതെയൊറ്റകളിൽ

ഷഷ്ഠമിതോ ലഘുമയമോ

വരണമിതാര്യയ്ക്കു പൂർവ്വാർദ്ധം. 1 ഏഴു മാത്രാഗണവും ഒടുവിൽ ഒരു ഗുരുവും കൂടിയത് ആര്യയുടെ പൂർവ്വാർദ്ധം ആകും; ഏഴു ഗണമുള്ളതിൽ ഒറ്റകളായ 1, 3, 5, 7 ഈ ഗണങ്ങളിൽ മദ്ധ്യഗുരുവായ മാത്രാഗണം (വർണ്ണഗണങ്ങളിൽ ജഗണം) വരരുത്. ആറാമത്തെ ഗണം ഈ മദ്ധ്യഗുരുഗണമോ അല്ലെങ്കിൽ സർവ്വലഘുഗുണമോ ആകയും വേണം. ഏഴു ഗണത്തിന് 4*7 = 28 മാത്ര; ഒരു ഗുരുവിന് രണ്ടു മാത്ര; ഇങ്ങനെ വക രണ്ടിൽ 30 മാത്രയ്ക്ക് ഏഴര ഗണം. എന്നാൽ ഒടുവിലത്തെ രണ്ടു മാത്രയ്ക്ക് രണ്ടു ലഘു ചെയ്താൽ പോരാ; ഒറ്റ ഗുരുവായിത്തന്നെ ഇരിക്കണം. അതിനാലാണ് ഏഴരഗണം എന്നു പറയാതെ ‘ഏഴുഗണം ഗുരുവൊന്നും’ എന്ന് ലക്ഷണത്തിൽ വേർതിരിച്ചു പറഞ്ഞത്. ഇനി യതിനിയമവും ഉത്തരാർദ്ധ ലക്ഷണവും പറയുന്നു:


306. (ബി) ഷഷ്ഠം ലഘുമയമായാ-

ലതിൻ മുൻലഘുവിങ്കലിഹ യതി വരേണം

ഉത്തരമർദ്ധമതിൽ പി-

ന്നാറാം ഗണമൊറ്റ ലഘുമാത്രം. 2 ഏഴരഗണങ്ങളിൽ ആറാം ഗണം മദ്ധ്യഗുരുവോ സർവ്വലഘുവോ ആവാമെന്നു പറഞ്ഞല്ലോ. മദ്ധ്യഗുരുവാകുന്ന പക്ഷം യതിനിയമമൊന്നുമില്ല; സർവ്വലഘു ആണെങ്കിൽ ആ സർവ്വലഘുഗഗണത്തിന്റെ ഒന്നാമത്തെ ലഘുവിൽ പദം നിൽക്കണം. ഇത്രയും യതിയെക്കുറിച്ച്. പിന്നെ ഉത്തരാർദ്ധത്തിനു ലക്ഷണം പറയുന്നു: ഉത്തരാർദ്ധത്തിനും ഏഴരഗണം തന്നെ; എന്നാൽ അതിൽ ആറാം ഗണം സാധാരണ ചതുർമ്മാത്രാഗണമല്ല; ഒറ്റയായ ഒരു ലഘു മാത്രം മതി. അപ്പോൾ ഉത്തരാർദ്ധത്തിന് പൂർവ്വാർദ്ധത്തിലേക്കാൾ മൂന്നു മാത്ര കുറഞ്ഞ് 27 മാത്രകളേ ഉള്ളൂ. അർദ്ധങ്ങൾക്ക് ലക്ഷണം ചെയ്തതുകൊണ്ട് ആര്യയിൽ വർണ്ണവൃത്തങ്ങളെപ്പോലെ പാദങ്ങളെ മുറിക്കുന്നതിൽ തീവ്രമായ നിർബന്ധം ഇല്ലെന്നു ദ്യോതിപ്പിക്കുന്നു. എങ്കിലും ഒന്നാം പാദത്തിന് 12 മാത്ര; രണ്ടിന് 18; മൂന്നിന് 12; നാലിന് 15 എന്നാണ് മാത്രകളുടെ വ്യവസ്ഥ. ഗണങ്ങളെക്കൊണ്ട് വ്യവഹരിക്കകയാണെങ്കിൽ ഒന്നാം പാദത്തിന് 3 ഗണം; രണ്ടിനു നാലര; മൂന്നിന് 3; നാലിന് മൂനര. ഇവിടെയും ലക്ഷണശ്ലോകങ്ങൾ തന്നെ ഉദാഹരണങ്ങളുമാകുന്നു. അതിൽ ഒന്നാം ശ്ലോകം ആറാം ഗണം മദ്ധ്യഗുരുവാകുന്നതിനും രണ്ടാമത്തേത് സർവ്വലഘുവാകുന്നതിനും ഉദാഹരണം. അതിൽ ‘കലിഹയ’ എന്ന്ന സർവ്വലഘു ഗണത്തിൽ ‘കൽ’ എന്ന് ഒന്നാം ലഘുവിൽ പദം മുറിയുന്നതിനാൽ യതിയും ശരിയായിട്ടുണ്ടെന്നു കാൺക. ഉദാഹരണാംശം സ്പഷ്ടമാക്കുന്നതിനു വേണ്ടി ഈ ലക്ഷണശ്ലോകങ്ങളെ ഗണങ്ങളായി വിഭജിച്ച് താഴെ എഴുതുന്നു.

ഏഴുഗ / ണംഗുരു / വൊന്നും

വേണം / ജഗണം / വരാതെ / യൊറ്റക/ ളിൽ

ഷഷ്ഠമി / തോ ലഘു/ മയമോ

വരണമി /താര്യ / യ്ക്കു / പൂർവ്വാർ / ദ്ധം

ഷഷ്ഠം / ലഘുമയ / മായാ-

ലതിൻ മുൻ / ലഘുവിൽ / ക ലി ഹ യ / തിവരേ / ണം

ഉത്തര / മർദ്ധമ / തില്പി -

ന്നാറാം / ഗണമൊ /റ്റ / ലഘുമാ / ത്രം.

വേറെയും ഉദാഹരണം:

മഞ്ജുള / ബകുള / പ്പൂമലർ

മഞ്ജുള / യേന്തും / ക ര ത്തൊ / ടേ കൃ / ഷ്ണൻ

ചെല്ലു / മ്പൊൾ വാടി / ടുന്നൂ

വല്ലാ / തേ വ / ല്ല / വിക്കു മു / ഖം.

ഇതിൽ രണ്ടാം പാദത്തിൽ ‘കരത്തൊ’ എന്ന ഷഷ്ഠഗണം മദ്ധ്യഗുരുവാകുന്നു. ആ പാദം തന്നെ,

മഞ്ജരി / യേന്തും / കരമുട / യൊരുകൃ / ഷ്ണൻ

എന്നു മാറ്റിയാൽ ഷഷ്ഠഗണം സർവ്വലഘുവാകും; എന്നാൽ അവിടെ ‘ക’ എന്ന ഒന്നാമ്ലഘുവിൽ പദം മുറിയായ്കയാൽ യതിഭംഗം വരുന്നു.

മഞ്ജരി / യേന്തു / ന്ന കരമു / ടയ കൃ / ഷ്ണൻ

എന്നാണ് മാറ്റുന്നതെങ്കിൽ ‘ഏന്തുന്ന’ എന്നു പരിച്ഛേദമുള്ളതിനാൽ യതിഭംഗവുമില്ല.


307. ആര്യയുടെ യോജപാദം

മൂന്നു ഗണത്താൽ നിറുത്തികിൽ പത്ഥ്യാ,

ഇല്ലെങ്കിലോ വിപുലയെ- ന്നു പേരതിന്നോതിടുന്നു ബുധർ. 3

ആര്യയുടെ വിഷമപാദങ്ങൾ (1 -ം , 3 - ം)ക്ക് മുമ്മൂന്നു ഗണങ്ങളാണല്ലോ. ആ ഗണങ്ങളുടെ അവസാനത്തിൽ പദം മുറിഞ്ഞ് യതി വന്നാൽ അത് ‘ പത്ഥ്യാര്യാ;‘ യതി കൂടാതെ അടുത്ത പാദത്തോടു കലർന്നു വന്നാൽ അത് ‘വിപുലാര്യാ’. ലക്ഷണശ്ലോകത്തിൽ 1- ം 2- ം പാദങ്ങൾ യതികൊണ്ടു വേർതിരിഞ്ഞിട്ടുള്ളതിനാൽ പൂർവ്വാർദ്ധം പത്ഥ്യാര്യാ; 3- ം 4 - ം പാദങ്ങൾ കലർന്നിരിക്കുന്നതിനാൽ ഉത്തരാർദ്ധം വിപുലാര്യാ.


308. ഇഹ രണ്ടുമങ്ങു നാലും

ഗണങ്ങളർദ്ധങ്ങൾ രണ്ടിലും കേൾക്ക

ഗുരുവോടേ മുൻപു പിൻപും

ജകാരമായാലതോ ചപലാ. 4

ആര്യയ്ക്ക് ഓരോ അർദ്ധത്തിലും ഏഴു ഗണങ്ങളുള്ളതിൽ രണ്ടും നാലും ഗണങ്ങൾ ജഗണ - (മദ്ധ്യഗുരു) രൂപങ്ങളായും അപ്പുറവും ഇപ്പുറവും ഗുരുക്കളുളതായും വന്നാൽ അത് ‘ചപലാ’. ഇരുപുറവും ഗുരു വരുന്നതിന് 1- ം 3- ം ഗണങ്ങൾ അന്ത്യഗുരുക്കളും 3- ം 5- ം ഗണങ്ങൾ ആദിഗുരുക്കളും ആയിരിക്കണം. അപ്പോൾ മൂന്നാം ഗണം സർവ്വഗുരു തന്നെ വേണമെന്നു വരുന്നു. ഈ ലക്ഷണമെല്ലാം ലക്ഷണശ്ലോകത്തിലൊത്തിട്ടുണ്ടെന്നു കാൺക. എങ്ങനെയെന്നാൽ,

ഇഹ ര / ണ്ടു മ ങ്ങു / നാലും

ഗ ണ ങ്ങ / ളർദ്ധ / ങ്ങൾ രണ്ടി / ലും / കേൾ / ക്ക

ഗുരു വോ / ടെ മുൻപു / പിൻപും

ജ കാ ര / മാ യാ / ല / തോ ച പ / ലാ

പൂർവ്വാർദ്ധത്തിൽ മാത്രം ചപലാലക്ഷണമുള്ള ആര്യക്ക് ‘ മുഖചപലാ’ എന്നും ഉത്തരാർദ്ധത്തിൽ മാത്രം ചപലാലക്ഷണമുള്ള ആര്യക്ക് ‘ജഘനചപലാ’ എന്നും പേരുകൾ.


309.

ആര്യാപൂർവ്വാർദ്ധത്തി-

ന്നുരചെയ്തിട്ടുള്ള ലക്ഷണം തന്നെ

മാറ്റാതെയുത്തരാർദ്ധ-

ത്തിനുമുപയോഗിക്ക ഗീതിയാമെന്നാൽ. 5

ആര്യയുടെ ഉത്തരാർദ്ധം കൂടി പൂർവ്വാർദ്ധതുല്യമാക്കിയാൽ അത് ‘ഗീതി’. ലക്ഷണശ്ലോകത്തിൽ പൂർവ്വാർദ്ധത്തെ പത്ഥ്യയായിട്ടും ഉത്തരാർദ്ധത്തെ വിപുലയായിട്ടും കാണിച്ചിരിക്കുന്നത് രണ്ടുമാതിരി ആര്യയേയും ഗീതിയാക്കാമെന്നു സൂചിപ്പിക്കാനാകുന്നു. ആര്യയ്ക്ക് മുൻപു പറഞ്ഞ ‘മഞ്ജുളബകുള....’ എന്ന ശ്ലോകത്തിൽത്തന്നെ നാലാം പാദം,

‘വല്ലാതേ വാടിടുന്നു മുഖകമലം’

എന്നു ഭേദപ്പെടുത്തിയാൽ അത് ഗീതിക്ക് ഉദാഹരണമാകും.


310. ആര്യോത്തരാർദ്ധതുല്യം

പൂർവ്വാർദ്ധവുമെങ്കിലുമുപഗീതി

ആര്യാർദ്ധങ്ങൾ മറിഞ്ഞാ-

ലുദ്ഗീതി, ധരിക്ക, പേരതിന്. 6

മറിച്ച് പൂർവ്വാർദ്ധം കൂടി ഉത്തരാർദ്ധം പോലെ ആക്കിയാൽ അത് ‘ഉപഗീതി’. ലക്ഷണശ്ലോകം തന്നെ ഉദാഹരണം. ഇതിനു പുറമേ ആര്യയുടെ പൂർവ്വാർദ്ധത്തെ ഉത്തരാർദ്ധവും; ഉത്തരാർദ്ധത്തെ പൂർവ്വാർദ്ധവുമാക്കി മറിച്ചിട്ടാൽ അതിന് ‘ഉദ്ഗീതി’ എന്നു പേർ. ഉദാഹരണത്തിന് ആര്യക്ക് കൊടുത്ത ഉദാഹരണത്തെത്തന്നെ അർദ്ധങ്ങൾ മറിച്ചു വായിച്ചുകൊൾക.


311. ആര്യാപൂർവ്വാർദ്ധമതിൽ

ഗുരുവൊന്നൊടുവിൽ തുടർത്തു ചേർത്തിടുകിൽ കേൾ!

അർദ്ധം രണ്ടും തുല്യവു-

മെന്നു വരുന്നാകിലായതാര്യാഗീതി. 7

ഗീതിക്കു പറഞ്ഞതുപോലെ ആര്യയുടെ പൂർവ്വാർദ്ധതുല്യമായിട്ടുതന്നെ ഉത്തരാർദ്ധവും കല്പിച്ച് രണ്ടർദ്ധത്തിനും ഒടുവിൽ ഓരോ ഗുരു കൂടി ചേർത്താൽ അത് ‘ ആര്യാഗീതി’. അപ്പോൾ ആര്യാഗീതിയുടെ ഓരോ അർദ്ധത്തിനും എട്ടെട്ടു ഗണവും മുപ്പത്തിരണ്ടു മാത്രവീതവും വരുന്നു. ആര്യയുടെ രണ്ടർദ്ധത്തിലും ഒടുവിൽ ഒരു ഗുരുവുള്ളതോടുകൂടി വേറെ ഒരു ഗുരു കൂടി ചേർക്കേണ്ടതിനാൽ ആര്യാഗീതിയിൽ എട്ടാം ഗണം സർവ്വഗുരു തന്നെ വേണമെന്നു വരുന്നു. അങ്ങനെതന്നെയാണ് ലക്ഷണശ്ലോകത്തിൽ ചെയ്തിട്ടുള്ളതും. എന്നാൽ കവികൾ ഈ നിർബന്ധം വകവെച്ചിട്ടില്ല. എങ്ങനെയെന്നാൽ;

അരിവമ്പടയും പടയും

പരിചിനൊടിടിനാദമൊക്കെ വെടിയും വെടിയും

മുകിൽ നടുകൊടിയും കൊടിയും

പരിപശ്യ സുരേന്ദ്രദൃഷ്ടി പൊടിയും പൊടിയും. -പുനം ന.


ഇനി വേറെ ഒരുവിധം മാത്രാവൃത്തങ്ങളുള്ളവയെ സംഗ്രഹിച്ചു പറയുന്നു:


312. പാദത്തിൽ പലമട്ടായിപ്പതിനാറിഹ മാത്രകൾ

അടങ്ങിടും വൃത്തവർഗ്ഗം മാത്രാസമകസംജ്ഞമാം. 8

ഏതുവിധമായിട്ടെങ്കിലും ഒരു പാദത്തിന് പതിനാറു മാത്ര എന്നു നിയമം കല്പിച്ചു ചെയ്യുന്ന വൃത്തങ്ങൾക്ക് ‘മാത്രാസമക’ ങ്ങളെന്നു പേർ. ഇതിൽ (1) എല്ലാം ലഘുവായാൽ ‘അചലധൃതി’. (2) 9- ‌ാം അക്ഷരം ലഘുവും, അന്ത്യം ഗുരുവും ശേഷം ഇച്ഛപോലെയും ആയാൽ സാധാരണ ‘മാത്രാസമകം’;(3) നാലു മാത്ര കഴിഞ്ഞ് ജഗണമോ സർവ്വലഘുവോ ആയാൽ ‘വിശ്ലോകം’; (4) ജഗണമോ സർവ്വലഘുവോ 8 മാത്ര കഴിഞ്ഞായാൽ ‘വാനവാസികാ’ - ഇത്യാദി പല അവാന്തരവിഭാഗങ്ങളും ഉണ്ട്. എന്നാൽ അവയെല്ലാം അപ്രസിദ്ധങ്ങളാകയാൽ പ്രത്യേകം ലക്ഷണവും ലക്ഷ്യവും അവയ്ക്ക് ഇവിടെ ചെയ്യുന്നില്ല എന്നു മാത്രമല്ല, ഇവയ്ക്കെല്ലാം ഭംഗി വേണമെങ്കിൽ സമമാത്രകൾ അടുത്ത വിഷമമാത്രകളിൽ ഒട്ടാതിരിക്കണം. അതായത് ദ്വിമാത്രഗണങ്ങളെക്കൊണ്ട് മുറിക്കണമെന്നു വരുന്നു. അപ്പോൾ ഇവയെല്ലാം മേൽ ഭാഷാവൃത്തപ്രകരണത്തിൽ പറയാൻ പോകുന്ന തരംഗിണി മുതലായ തുള്ളൽ‌പ്പാട്ടുവൃത്തങ്ങളിൽ ഉൾപ്പെട്ടുപോകയും ചെയ്യും.