വൈരുധ്യാത്മക ഭൗതികവാദം (തത്ത്വശാസ്ത്രം)
രചന:എം.പി. പരമേശ്വരൻ
എന്താണ് ദർശനം


[ 14 ]


2

എന്താണ് ദർശനം


നുഷ്യൻ തനിക്കു ചുറ്റും നോക്കുമ്പോൾ ഊഹിക്കാൻപോലും സാധ്യമല്ലാത്ത വിധം വൈവിധ്യമാർനതും എണ്ണമറ്റതുമായ വസ്തുക്കൾ കാണുന്നു. അവയിൽ ചിലവ അചേതനങ്ങൾ, അതായത് ജീവനില്ലാത്തവയാണ്. അണുവിലെ അതിസൂക്ഷ്മമായ കണികകൾ മുതൽ അതിഭീമങ്ങളായ ബ്രഹ്മാണ്ഡ വസ്തുക്കൾ വരെ ഇതിൽപെടുന്നു. മറ്റു ചിലവ സചേതനങ്ങളാണ്. അവയ്ക്ക് ജീവൻ ഉണ്ട്. ഏറ്റവും ലളിതമായ ഏകകോശ ജീവികൾ മുതൽ അങ്ങേയറ്റം സങ്കീർണമായ മനുഷ്യൻ എന്ന ജീവി വരെ ഇക്കൂട്ടത്തിൽപെടും. ചിലവ നമുക്ക് വളരെ അടുത്താണ്. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ അവ തമ്മിൽ സ്വാധീനിച്ചിരിക്കുന്നു. മറ്റു ചിലവയാകട്ടെ ചിന്തിക്കാൻ കൂടി പറ്റാത്തത്ര ദൂരത്തിലാണ്. ചിലവ അതി വേഗത്തിൽ ചലിക്കുന്നതായി തോന്നുന്നു. മനുഷ്യനടക്കമുള്ള സകല ജന്തുക്കളും സസ്യങ്ങളും ജനിക്കുന്നതും വളരുന്നതും നശിക്കുന്നതും നാം കണ്ടിട്ടുണ്ട്. അചേതന വസ്തുക്കളെ സാത്മീകരിച്ച് സചേതന വസ്തുക്കൾ വളരുന്നു. സചേതന വസ്തുക്കൾ ദ്രവിച്ച് അചേതന വസ്തുക്കളായി മാറുന്നു. ഐസ് വെള്ളമാകുന്നു. വെള്ളം ആവിയാകുന്നു. സചേതനങ്ങളും അചേതനങ്ങളുമായ എല്ലാ വസ്തുക്കളിലും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ഇതെല്ലാം മനുഷ്യൻ കണുന്നുണ്ട്. മാത്രമല്ല, ഇനിയും മറ്റു പലതും കാണുന്നുണ്ട്. [ 15 ]

മനുഷ്യൻ തന്നത്താൻ കാണുന്നു, തന്നെപ്പോലെയുള്ള മറ്റു മനുഷ്യരെ കാണുന്നു. സ്വന്തം നിലനില്പിനാവശ്യമായ ഉല്പാദന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. മറ്റു മനുഷ്യരുമായി പലതരം ബന്ധങ്ങളിൽ ഏർപ്പെടുന്നു. പ്രഭാതം മുതൽ പ്രദോഷം വരെ എല്ലുമുറിയെ പണിതിട്ടും ചിലർ പട്ടിണികിടക്കുന്നു. ചിലർ പണിയൊന്നും ചെയ്യാനുള്ള സാഹചര്യമില്ലാതെ പട്ടിണികിടക്കുന്നു. മറ്റു ചിലർ കായികമായി യാതൊരു അധ്വാനവും ചെയ്യുന്നില്ല. ചിലർ മാനസികമായ അധ്വാനവും കൂടി അതായത് യാതൊരു ഉൽപാദന പ്രവർത്തനവും നടത്തുന്നില്ല. എങ്കിലും പണം കൊണ്ട് എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണവർ. തിന്നിട്ടും കുടിച്ചിട്ടും വ്യഭിചരിച്ചിട്ടും ചൂതാടിയിട്ടും പണം തീരാഞ്ഞ് അവർ വിഷമിക്കുന്നു. പൂട്ടിയിട്ട കൊട്ടാരങ്ങളേറെ; പെരുവഴിയിൽ അന്തിയുറങ്ങുന്നവർ നിറയെ. കള്ളപ്പണവും കരിഞ്ചന്തയും പൂഴ്ത്തിവയ്‌പ്പും തടയേണ്ട ഭരണകൂടം അതിനരുനിൽകുന്നു. അതിനെതിരായി ശബ്ദമുയർത്തുന്ന, അരവയർ ചോറിനു വേണ്ടി നിലവിളിക്കുന്ന പട്ടിണിക്കോലങ്ങളെ വെടി വച്ചു വീഴ്തുന്നു. ഇതെല്ലാം മനുഷ്യർ കണ്ടിട്ടുണ്ട്. കണ്ടൂകൊണ്ടിരിക്കുകയാണു താനും.

ചിന്തിക്കാൻ തുടങ്ങിയതു മുതൽ, അതായത് മനുഷ്യൻ എന്ന പേരിന് അവൻ അർഹനായി തീർനതു മുതൽ തനിക്കു ചുറ്റുമുള്ള പ്രകൃതിയിലെ വൈവിധ്യങ്ങളെ ലഘൂകരിക്കാനും അവയിൽ ഏകത്വം കാണാനും ലളീതങ്ങളായ നിയമങ്ങൾ കൊണ്ട് അവയുടെ പെരുമാറ്റങ്ങൾ വിശദീകരിക്കാനും മനുഷ്യർ ശ്രമം തുടങ്ങി.

നമുക്കു ചുറ്റുമുള്ള വസ്തുക്കളും ഈ ഭൂമിയും ആകാശവും സൂര്യനും നക്ഷത്രങ്ങളും ഒക്കെ എന്നും ഇങ്ങനെതന്നെ ആയിരുന്നുവോ? അതിന് വല്ല മാറ്റങ്ങളും വന്നിട്ടുണ്ടോ? വന്ന് കൊണ്ടിരിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ കാരണമെന്ത്? എന്നെങ്കിലും ഒരു ദിവസം സൃഷ്ടിക്കപ്പെട്ടതാണോ ഈ പ്രപഞ്ചം? എങ്കിൽ ആരാണ് സ്രഷ്ടാവ്? എന്നെങ്കിലും പ്രപഞ്ചം മുഴുവൻ നശിക്കുമോ? എങ്കിൽ അവശേഷിക്കുന്നതെന്ത്! മനുഷ്യൻ ചോദിക്കാത്ത ചോദ്യങ്ങൾ ഇല്ല.

തനിക്കു ചുറ്റുമുള്ള അചേതന വസ്തുക്കളും ബ്രഹ്മാണ്ഡവും മറ്റും മാത്രവുമല്ല മനുഷ്യന്റെ താൽപര്യത്തിന് വിഷയീഭവിച്ചത്. തന്നെപ്പറ്റി തന്നെ അവന് ഒരുപാടു ചോദ്യങ്ങൾ ഉണ്ട്. ചിലപ്പോൾ സന്തോഷിക്കുന്നു. ചിലപ്പോൾ വ്യസനിക്കുന്നു. എന്താണ് സുഖദുഃഖങ്ങൾ? എന്തുകൊണ്ട് മനുഷ്യൻ മറ്റു ജന്തുക്കളെയും മനുഷ്യനെ തന്നെയും കൊല്ലുന്നു? വിശ്വസ്നേഹത്തിൻ‌മേൽ പണിതുയർതിയിട്ടുള്ള മതങ്ങൾ തമ്മിൽ അടിക്കുമ്പോൾ അവയുടെ സ്രഷ്ടാവായ മനുഷയൻ മരിച്ചു വീഴുന്നു. എന്തൊരു വിരോധാഭാസം? മനുഷ്യനെയും മനുഷ്യനെയും തമ്മിൽ ഇണക്കുന്ന ശക്തികളേവ? മനുഷ്യരും മനുഷ്യരും തമ്മിലുള്ള ബന്ധത്തിന് ഇത്രയും വൈരുധ്യമുണ്ടായതെങ്ങനെ! വിവിധ രൂപത്തിലുള്ള സമൂഹങ്ങളുടേയും സമൂഹബന്ധങ്ങളുടെയും എല്ലാം അടിസ്ഥാനമെന്ത്? വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധമെന്ത്! മനുഷ്യനും ചുറ്റുമുള്ള പ്രകൃതിയും തമ്മിലുള്ള ബന്ധമെന്ത്? ഇങ്ങനെയും നൂറ് നൂറ് ചോദ്യങ്ങൾ. [ 16 ]

തന്റെ വർഗത്തിന്റെ ആവിർഭാവം മുതൽ മനുഷ്യൻ ഈ ചോദ്യങ്ങളെല്ലാം ചോദിച്ചുതുടങ്ങി എന്നു ധരിക്കരുത്. അറിവും അനുഭവവും കൂടുന്നതനുസരിച്ചാണ് ചോദ്യങ്ങൾ കൂടുന്നത്. ആദ്യകാലങ്ങളിൽ മനുഷ്യന്റെ അറിവ് പരിമിതമായിരുന്നു. രാത്രിയും പകലും എങ്ങനെയാണുണ്ടാകുന്നത് എന്നു കൂടി മനുഷ്യന് അറിഞ്ഞുകൂടായിരുന്നു. കാട്ടുതീ, ഇടിവെട്ട്, കാറ്റ്, മഴ തുടങ്ങി അനേകം പ്രതിഭാസങ്ങൾ പലപ്പോഴും അവന്റെ ജീവനെ ഹനിക്കുന്നവയാണ്; ഭയപ്പെടേണ്ടവയാണ്. ഇവയുടെ ഒന്നും കാരണം അറിഞ്ഞുകൂടാ. ആദ്യമൊന്നും ഇവയുടെ കാരണമെന്തെന്നു ചോദിക്കാൻകൂടി അവനറിഞ്ഞു കൂടായിരുന്നു. കാരണം ആരായുക എന്നു പറഞ്ഞാൽ വ്യക്തമായ ഒരു ശാസ്ത്രീയബോധത്തിന്റെ, ശാസ്ത്രീയ സമ്പ്രദായത്തിന്റെ ബീജാവാപം നടന്നു കഴിഞ്ഞു എന്നാണർഥം. കല്ലുകൊണ്ടും എല്ലുകൊണ്ടും പ്രാകൃതായുധങ്ങൾ നിർമ്മിച്ചു. മൺപാത്രങ്ങളും മറ്റുമുണ്ടായി. ഭാഷ വികസിച്ചു. പക്ഷേ, അന്നൊന്നും ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കാൻ അവൻ പഠിച്ചില്ല. പിന്നീട് വളരെ കാലത്തിനുശേഷം, കൃഷിയും കാലിവളർതലുമെല്ലാം നടപ്പിലായശേഷം മാത്രമാണ് ഇത്തരം സമഗ്രങ്ങളായ ചോദ്യങ്ങൾ ഉന്നയിക്കാൻ തുടങ്ങിയത്. ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകളുടെ പുരോഗതിയും പ്രകൃതിപ്രതിഭാസങ്ങളുടെ കാരണങ്ങൾ ആരായാനുള്ള ശ്രമവും അവസാനം മനുഷ്യനെ പ്രകൃതിശാസ്ത്രങ്ങളിലേക്കു നയിച്ചു. അതു പോലെതന്നെ മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളെപ്പറ്റിയും മനുഷ്യരുടെ പെരുമാറ്റങ്ങളെയും പറ്റിയുള്ള പഠനം അവസാനം സാമൂഹ്യശാസ്ത്രങ്ങളിലേക്കും നയിച്ചു. എല്ലാറ്റിനേയും കൂടി സമഗ്രമായി സമ്മേളിപ്പിക്കാനുള്ള ശ്രമം ദർശനങ്ങളിൽ ചെന്നെത്തി. ഇവയ്ക്കാകട്ടെ പ്രകൃതിശാസ്ത്രങ്ങളെക്കാളും സാമൂഹ്യശാസ്ത്രങ്ങളെക്കാളും പഴക്കമുണ്ട്.

പ്രകൃതിയിലെ ദ്രവ്യത്തെയും ഊർജത്തെയും പറ്റി പഠിക്കുന്ന ശാസ്ത്രശാഖയാണ് ഭൗതികം.

അണുക്കളുടെയും തന്മാത്രകളുടെയും പരസ്പര സംയോഗങ്ങളെപ്പറ്റി പഠിക്കുന്ന ശാസ്ത്രശാഖയാണ് ജീവശാസ്ത്രം.

സചേതനങ്ങളായ വസ്തുക്കളുടെയും അവയുടെ ഉൽപാദനബന്ധങ്ങളെപ്പറ്റിയും പഠിക്കുന്ന ശാസ്ത്രശാഖയാണ് സാമ്പത്തിക ശാസ്ത്രം.

അളവുകളെപ്പറ്റി പഠിക്കുന്ന ശാസ്ത്രശാഖയാണ് ഗണിതം

ദർശനം അഥവാ തത്വശാസ്ത്രം ആകട്ടെ ഇവയെ എല്ലാറ്റിനേയും പറ്റി മനസിലാക്കുവാൻ ശ്രമിക്കുന്നു. തനിക്കു ചുറ്റുമുള്ള വസ്തുക്കൾ, പ്രതിഭാസങ്ങൾ, സമൂഹങ്ങൾ, സമൂഹബന്ധങ്ങൾ തുടങ്ങി സകലതിനെയും പറ്റിയും അവയ്ക്കെല്ലാം തമ്മിലുള്ള പരസ്പരബന്ധങ്ങളെയും അതിൽ വരുന്ന [ 17 ] മാറ്റങ്ങളെപ്പറ്റിയും ഒക്കെയുള്ള മനുഷ്യന്റെ സമഗ്രമായ വീക്ഷണമാണ് ദർശനം. എല്ലാ ശാസ്ത്രങ്ങളുടെയും ശാസ്ത്രമാണത്, കൂടുതൽ പൂർണമായ അറിവുണ്ടാകാനുള്ള ഉപാധിയാണത്.

ദർശനം അഥവാ തത്വശാസ്ത്രം എന്ന വാക്ക് കേൾകുമ്പോൾ നമുക്കാദ്യം ഓർമവരുന്നത് മത സിദ്ധാന്തങ്ങളാണ്. 'ഇഹലോക'ത്തിലെ സുഖദുഃഖങ്ങളെയും ഇഹലോകത്തെത്തന്നെയും മിഥ്യയെന്ന് മനസിലാക്കി മറക്കാനും ശാശ്വതമായ പരലോകത്തിലേക്കുള്ള വഴി സുഗമമാക്കാനുമുള്ള മാർഗം ആരായലാണ് അത് എന്നൊരു തോന്നൽ പലരുടേയും ഉള്ളിൽ പൊന്തിവന്നേക്കാം. ഇത് ശരിയല്ല. മതങ്ങളിൽ ദർശനങ്ങൾ ഉണ്ട്. മതങ്ങളിലെയല്ലാത്ത ദർശനങ്ങളും ഉണ്ട്. പരബ്രഹ്മധ്യാനമാണ് ദർശനത്തിന് അടിസ്ഥാനമെന്ന ധാരണ ഹിന്ദുമതവുമായുള്ള നീണ്ട സമ്പർകത്തിൽ നിന്ന് ഉടലെടുക്കുന്നതാണ്. അന്തിമ വിശകലനത്തിൽ ചുറ്റുമുള്ള പ്രപഞ്ചത്തെയും താനും പ്രപഞ്ചവും തമ്മിലുള്ള ബന്ധത്തെയും പറ്റിയുള്ള പഠനം തന്നെയാണ് ദർശനം.

ഇവിടെ പഠിക്കുന്നത് മനുഷ്യനാണ്. മനുഷ്യനെ ഒഴിച്ചുനിർതിയുള്ള പഠനമില്ല. പഠനവിഷയം ചുറ്റുമുള്ള ഭൗതികപ്രപഞ്ചമാണ്. അറിവെന്ന് പറയുന്നതോ, തന്റെ പഞ്ചേന്ദ്രിയങ്ങൾ മുഖേനചുറ്റുമുള്ള പ്രപഞ്ചവുമായി പ്രതിവർതിക്കുന്നതിൽ നിന്ന് മനുഷ്യന്റെ തലച്ചോറിൽ ഉളവാകുന്ന പ്രതികരണങ്ങളാണ്. അമൂർതമായി, പ്രത്യേകമായ ഒരു വസ്തുവിനെപ്പറ്റിയല്ലാതെ, ചിന്തിക്കാനുള്ള കഴിവ് മനുഷ്യന് മാത്രമുള്ളതാണ്. ആയിരത്താണ്ടുകളായുണ്ടായ ഈ കഴിവിന്റെ വളർചയുടെ ഫലമായി, അതിന്റെ ഭൗതിക അടിസ്ഥാനം തന്നെ മനുഷ്യൻ മറന്നുപോയി. പലരും ഇതിനെ ഒരു സ്വതന്ത്രശക്തി, കേവലശക്തി ആയി പരിഗണിച്ചു. പ്രപഞ്ചസത്യം മുഴുവനും ഈ കഴിവിൽ അടങ്ങിയിരിക്കുന്നതായി ധരിച്ചു. അപ്പോൾ വസ്തുക്കളെയും പ്രതിഭാസങ്ങളെയും എല്ലാം സാമാന്യമായി രണ്ടു വകുപ്പിൽ പെടുത്താമെന്ന് വന്നു. മനുഷ്യന്റെ ചിന്തക്ക് പുറമെ, അതിൽനിന്ന് സ്വതന്ത്രമായി, അതായത് മനുഷ്യൻ അവയെപ്പറ്റി ചിന്തിക്കുന്നുണ്ടോ എന്നതിനെ ആശ്രയിക്കാതെ തന്നെ നിലനിൽകുന്ന പദാർഥാധിഷ്ഠിതമായ വസ്തുക്കൾ ആദ്യത്തെ വകുപ്പിൽപെടുന്നു. വാസ്തവത്തിൽ ചിന്ത എന്ന പ്രക്രിയക്കുതന്നെ ആധാരമായവയാണവ. വസ്തുനിഷ്ഠപ്രപഞ്ചം അല്ലെങ്കിൽ പദാർഥപ്രപഞ്ചം എന്ന പേരിൽ ഇവ അറിയപ്പെടുന്നു. രണ്ടാമത്തെ വകുപ്പിൽപെട്ടവയാകട്ടെ മനുഷ്യന്റെ മനസിൽ നടക്കുന്ന ചിന്തകൾ, അവന്റെ വികാരങ്ങൾ, വിചാരങ്ങൾ, കല, സംസ്കാരം, ഭാഷ, സൗന്ദര്യബോധം, ഇന്ദ്രിയങ്ങളിൽ നിന്ന് ലഭിക്കുന്ന അനുഭവങ്ങൾ എന്നിവയാണ്. ഇവയ്ക്ക് പൊതുവായി ആശയപ്രപഞ്ചം എന്ന് പേർ.

പദാർഥപ്രപഞ്ചവും ആശയപ്രപഞ്ചവും തമ്മിലുള്ള ബന്ധമെന്ത്? അതിപ്രധാനമായ ഒരു ചോദ്യമാണിത്. ലോകത്ത് ഇന്നോളമുണ്ടായിട്ടുള്ള എല്ലാ ദർശനങ്ങളുടെയും --വേദാന്തമായാലും ശരി, സാംഖ്യമായാലും ശരി, ന്യായമോ, വൈശേഷികമോ, താന്ത്രികമോ, ലോകായതമോ, ആയാലും ശരി, എപ്പിക്യൂറസിന്റെയോ അരിസ്‌തോത്‌ലിന്റെയോ പ്ളേറ്റോവിന്റെയോ കാന്റിന്റെയോ ഹെഗലിന്റെയോ മാർക്സിന്റെയോ ദർശനങ്ങളായാലും ശരി [ 18 ] എല്ലാറ്റിന്റെയും --കാതലായ ചോദ്യം ഇതാണ്; പദാർഥപ്രപഞ്ചവും ആശയപ്രപഞ്ചവും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

ഒന്നാമതായി, പദാർഥം, ആശയം എന്നിവകളിൽ ഒന്നിനെ പ്രാഥമികം എന്നും അതിൽനിന്ന് ജനിച്ചതാണ് മറ്റേത് എന്നും പറയാമോ?

രണ്ടാമതായി, തനിക്ക് ചുറ്റുമുള്ള പ്രപഞ്ചത്തെപ്പറ്റി മനുഷ്യന് അറിയാൻ പറ്റുമോ?

ഇതാണ് രണ്ട് ചോദ്യങ്ങൾ. ഒന്നാമത്തെ ചോദ്യത്തിന് മൂന്ന് ഉത്തരങ്ങളുണ്ട്.

(a) പദാർഥപ്രപഞ്ചമാണ് പ്രാഥമികമായുള്ളത്. ആശയപ്രപഞ്ചം പദാർഥപ്രപഞ്ചത്തിന്റെ ഗുണധർമം മാത്രമാണ്.
(b)സംഗതി നേരെ തിരിച്ചാകുന്നു; പദാർഥപ്രപഞ്ചം മനുഷ്യമനസിന്റെ ആശയപ്രപഞ്ചത്തിന്റെ സൃഷ്ടിയാണ്, മായയാണ്. മനുഷ്യന്റെ മനസില്ലെങ്കിൽ ആത്മാവില്ല, ജ്ഞാനമില്ല, ഒന്നുമില്ല.
(c)പദാർഥപ്രപഞ്ചം ആശയപ്രപഞ്ചത്തിന്റെ സൃഷ്ടിതന്നെയാണ്. പക്ഷേ മനുഷ്യമനസിന്റെ സൃഷ്ടിയല്ല, മറ്റേതോ, 'ദിവ്യമനസി'ന്റെ സൃഷ്ടിയാണ്. അത് മിഥ്യയുമല്ല. ആശയപ്രപഞ്ചത്തെപോലെതന്നെ യഥാർഥമാണ്. പക്ഷേ ആശയപ്രപഞ്ചം അതിൽ നിന്ന് ഉപരിയായി സ്വതന്ത്രമായി നിലകൊള്ളുന്നു.

ആദ്യത്തെ രണ്ടു തരക്കാരും അദ്വൈതവാദികൾ എന്ന പേരിലും മൂന്നാമത്തെ തരക്കാർ ദ്വൈതവാദികൾ എന്ന പേരിലും അറിയപ്പെടുന്നു. അദ്വൈതവാദികൾ ഒന്നിനെ മാത്രമേ --പദാർഥത്തെയോ ആശയത്തെയോ മാത്രമേ--അംഗീകരിക്കുന്നുള്ളു. ദ്വൈതവാദികൾ രണ്ടിനും--പദാർഥത്തിനും ആശയത്തിനും സ്വതന്ത്രമായ നിലനില്പുള്ളതായി അംഗീകരിക്കുന്നു; അതിൽ ആശയത്തിന്'കൂടുതൽ സ്വാതന്ത്ര്യം'ഉണ്ടേന്നും അവർ കരുതുന്നു.

ആദ്യത്തെ തരത്തില്പെട്ടവർ, അതായത് പദാർഥമാണ്പ്രാഥമികമായിട്ടുള്ളതെന്നും ആശയപ്രപഞ്ചം ഈ പദാർഥപ്രപഞ്ചത്തിന്റെ ഗുണധർമമാണെന്നും അംഗീകരിക്കുന്നവർ, ദാർശനിക ലോകത്തിൽ ഭൗതികവാദികൾ എന്ന പേരിൽ അറിയപ്പെടുന്നു. മനുഷ്യന് ചുറ്റുമുള്ള ഭൗതികപ്രപഞ്ചം--പദാർഥ പ്രപഞ്ചം ജ്ഞേയമാണ്, അതായത് മനുഷ്യമനസുകൊണ്ട്, ബുദ്ധിശക്തികൊണ്ട് അറിയാൻ പറ്റുന്നതാണ് എന്ന ഉത്തരമാണ് ഇക്കൂട്ടർ രണ്ടാമത്തെ ചോദ്യത്തിന് നൽകുന്നത്.

രണ്ടും മൂന്നും തരത്തില്പെട്ടവർ ആശയവാദികൾ എന്ന പേരിൽ അറിയപ്പെടുന്നു. അന്തിമമായി, അവർ ആശയത്തെ മാത്രമേ അംഗീകരിക്കുന്നുള്ളു; നിർഗുണബ്രഹ്മം, പരമാത്മാവ്, കേവലചിന്ത, പുരുഷൻ എന്നു തുടങ്ങി പല പേരുകളിലും ഈ 'ആശയം' അറിയപ്പെടുന്നു. അന്തിമമായി, പ്രപഞ്ചരഹസ്യങ്ങൾ മനുഷ്യന് അജ്ഞേയങ്ങളാണ് -- അറിയാൻ പറ്റാത്തവയാണ്-- എന്നും അവർ ശഠിക്കുന്നു. [ 19 ]

ഭാരതീയ ദർശനങ്ങളിൽ ചാർവാകം, ലോകായതം എന്നീ പേരുകളിൽ അറിയപ്പെടുന്ന ദർശനം ഭൗതിക പ്രപഞ്ചമാണ് പ്രാഥമികമായിട്ടുള്ളത് എന്ന വാദത്തെ അംഗീകരിക്കുന്നു. വേദാന്തമാകട്ടെ, ആശയവാദത്തിൽ അധിഷ്ഠിതമായ ദർശനമാണ്. സാംഖ്യം, ന്യായം, വൈശേഷികം, യോഗം എന്നീ ദർശനങ്ങളിലെല്ലാം രണ്ടു സിദ്ധാന്തങ്ങളുടെയും സ്വാധീനങ്ങൾ കാണാം. ആദ്യകാലങ്ങളിൽ ഇവയെല്ലാം ഭൗതികവാദത്തെ അംഗീകരിച്ചവയായിരുന്നു. ഭാരത്തിൽ പരമാണുവാദം ആദ്യമായി ഉന്നയിച്ച് കണാദനും മറ്റും ഇവരില്പെടും. പിന്നീട് വന്ന വ്യാഖ്യാതാക്കളുടെ കൈയിൽകൂടെ കടന്നുപോയപ്പോൾ ഈ ദർശനങ്ങൾ എല്ലാറ്റിനും വേദാന്തത്തിന്റെ ആവരണം നൽകപെട്ടു.

പാശ്ചാത്യദാർശനികരുടെ ഇടയിലും ഭൗതികവാദികളെന്നും ആശയവാദികളെന്നും ഉള്ള ചേരിതിരിവ് ആദ്യം മുതൽകേ ഉണ്ടായിരുന്നു. എപ്പിക്യൂറസ്, ലുക്രേഷ്യസ്, ദമോക്രിത്തസ് തുടങ്ങിയ പുരാതനചിന്തകർ മുതൽ മാർക്സ് വരെയുള്ള ഭൗതികവാദികളെയും അരിസ്തോതിൽ, സെന്റ് തോമസ് അക്വിനാസ്, ഇമ്മാനുവൽ കാന്റ്, ഹെഗൽ തുടങ്ങിയ ആശയവാദികളെയും നമുക്കവിടെ കാണാൻ സാധിക്കും.

ലോകത്തിന്നോളമുണ്ടായിട്ടുള്ള ദർശനങ്ങളുടെ ചരിത്രമെല്ലാം തന്നെ പരിശോധിച്ചാൽ ഒരു കാര്യം കാണാൻ പറ്റുന്നതാണ്; ഭൗതികവാദവും ആശയവാദവും തമ്മിലുള്ള സംഘട്ടനത്തിന്റെ ചരിത്രമാണതെന്ന്. മറ്റൊന്നുകൂടി കാണാൻ സാധിക്കും. ഏറ്റവും ആദ്യത്തിലുണ്ടായ ദർശനങ്ങൾ, ലോകത്തിന്റെ ഏതുഭാഗത്തായാലും വേൺറ്റില്ല എല്ലാം തന്നെ ഭൗതികവാദത്തിൽ അധിഷ്ഠിതമായിരുന്നു എന്ന്. ഇത് തികച്ചും സ്വാഭാവികമാണുതാനും. ചുറ്റുമുള്ള ഭൗതികവസ്തുക്കളും പ്രകൃതിശക്തികളും എല്ലാം മനുഷ്യന് നിരന്തരമായി അനുഭവപ്പെടുന്നു. അവയിൽ അവാസ്തവമായോ മിഥ്യയായോ യാതൊന്നും കാണാനില്ലായിരുന്നു. അധ്വാനിക്കുന്നവർ മാത്രമായിരുന്ന, വർഗരഹിതമായ, മനുഷ്യസമൂഹം അധ്വാനിക്കുന്നവരെന്നും അധ്വാനഫലമുണ്ണുന്നവരെന്നും രണ്ടു വർഗങ്ങളായി വേർതിരിഞ്ഞപ്പോൾ മാത്രമാണ്, ആശയവാദത്തിൽ അധിഷ്ഠിതങ്ങളായ ദർശനങ്ങൾ ഉണ്ടാകാൻ തുടങ്ങിയത്. മനുഷ്യസമൂഹത്തിന്റെയും ദർശനങ്ങളുടെയും ചരിത്രം ഒരുമിച്ചു പരിശോധിച്ചാൽ രസാവഹമായ മറ്റൊരു വസ്തുത കൂടി കാണാൻ സാധിക്കുന്നതാണ്. അധ്വാന ഫലമുണ്ണുന്ന വർഗമായിരുന്നു എല്ലാ കാലത്തും ആശയവാദത്തിന്റെ കൊടുക്കൂറ ഏന്തി നടന്നിരുന്നവർ. അതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ലെന്ന് വഴിയെ കാണാവുന്നതാണ്.

പ്രാകൃതമനുഷ്യൻ ദിവസത്തിന്റെ മുക്കാൽപങ്ക് ഭക്ഷണം സമ്പാദിക്കാനായി ചുറ്റി നടന്നു. ബാക്കിഭാഗം സ്വയം മറ്റു ഹിംസ്രജന്തുക്കൾക് ഭക്ഷണമായിത്തീരാതെ നോക്കുവാനും. അവിടെനിന്ന് ചന്ദ്രഗോളത്തെപ്പോലും കീഴടക്കിയ ഇന്നത്തെ മനുഷ്യനിലേക്കുള്ള പുരോഗതി ചെറുതൊന്നുമല്ല. ഭൗതികപ്രപഞ്ചം മിഥ്യയാണ് എന്ന അടിസ്ഥാനത്തിൽ നിശ്ചയമായും ഈ പുരോഗതി സാധ്യമാകുമായിരുന്നില്ല. സാങ്കേതികവിദ്യകളും ശാസ്ത്രവും വസ്തുനിഷ്ഠ പ്രപഞ്ചത്തെ യഥാർഥമെന്നു തന്നെ അംഗീകരിക്കുന്നു. എല്ലാ [ 20 ] മനുഷ്യരും തങ്ങളുടെ സഹജവാസനയനുസരിച്ച് ഭൗതികവാദികളാണ്. എല്ലാ ശാസ്ത്രജ്ഞരും തങ്ങളുടെ ഗവേഷണശാലകളിലെങ്കിലും ഭൗതികവാദികളാണ്--മറ്റു രംഗങ്ങളിൽ വരുമ്പോൾ ചിലർ നിറം മാറുന്നുണ്ടെങ്കിലും.

ഭൗതികവാദത്തിന്റെ ഏറ്റവും സമഗ്രമായ രൂപമാണ് മാർക്സിയൻ ദർശനം--വൈരുധ്യാത്മക ഭൗതികവാദം. കഴിഞ്ഞ നൂറ്റാണ്ടുകളിലുണ്ടായ ശാസ്ത്രങ്ങളുടെ പുരോഗതി കൂടാതെ ഇത്രയും സമഗ്രമായ, എല്ലാ ദർശനങ്ങളിലുംവച്ച് ശ്രേഷ്ഠവും ശക്തവും ആയ, ഒരു ദർശനത്തിന് രൂപം കൊടുക്കാൻ മാർക്സിന് കഴിയുമായിരുന്നില്ല. അതുകൊണ്ടു തന്നെയാണ്, പണ്ടും മാർക്സിനോട് കിടപിടിക്കാവുന്ന ധീഷണാശാലികൾ ഉണ്ടായിരുന്നെങ്കിലും, അവരിൽപലരും ഭൗതികവാദികൾ ആയിരുന്നെങ്കിലും ഇതുപോലെ കെട്ടുറപ്പുള്ള ഒരു ദർശനത്തിന് രൂപം കൊടുക്കുവാൻ കഴിയാഞ്ഞത്.

ആശയവാദത്തിൽ വിശ്വസിക്കുകയെന്നത് പ്രഥമദൃഷ്ടിയാൽ മനുഷ്യന് പ്രയാസമാണ്. ശക്തമായ മാർക്സിയൻ ദർശനം രൂപംകൊണ്ടിട്ട് ഒന്നേകാൽ നൂറ്റാണ്ടായി; ഇന്ന് ലോകത്തിന്റെ മൂന്നിലൊരു ഭാഗം വരുന്ന ജനങ്ങൾ തങ്ങളുടെ ജീവിതത്തെ അതിന്റെ അടിസ്ഥാനത്തിൽ ക്രമീകരിക്കുന്നു. ഇത്രയൊക്കെയായിട്ടും ആശയവാദം പൂർണമായി നിരാകരിക്കപ്പെട്ടിട്ടില്ല; നിരവധി ശാസ്ത്രജ്ഞർപോലും അതിനടിമപ്പെട്ടു കഴിയുകയാണ്. എന്താണിതിന് കാരണം? ദർശനങ്ങളുടെ ചരിത്രത്തിലേക്കുതന്നെ ഒന്നു നോക്കാം.

പ്രപഞ്ചവും, മനുഷ്യപ്രപഞ്ചബന്ധവും ആണല്ലൊ ദർശനത്തിന്റെ അന്വേഷണവിഷയം. ചോദ്യങ്ങൾ ചോദിക്കലും അവയ്ക്കുത്തരം കണ്ടെത്താൻ ശ്രമിക്കലും-- ഇതാണ് ദർശനങ്ങളുടെ തുടക്കം. ആദ്യകാലങ്ങളിൽ മിക്ക ചോദ്യങ്ങൾകും ഉത്തരം ലഭിച്ചില്ല. ഇടിയും മിന്നലും വെയിലും മഴയും രാത്രിയും പകലുമൊക്കെ ഉണ്ടാകുന്നതെന്തുകൊണ്ടെന്ന് അജ്ഞാതമായിരുന്നു. അടുത്തകാലത്ത് മാത്രമാണ് പല ചോദ്യങ്ങൾകും ഉത്തരം ലഭിച്ചത്. ഒരിക്കലും ഉത്തരം കാണാൻ പറ്റുകയില്ല എന്നുവെച്ചിരുന്ന പല ചോദ്യങ്ങൾകും പിന്നീട് ഉത്തരങ്ങൾ ലഭിച്ചിട്ടുണ്ട്. എങ്കിലും രണ്ട് അന്വേഷണമണ്ഡലങ്ങൾ ദർശനത്തിന്റെ വികാസത്തിൽ അതുല്യമായ പ്രാധാന്യം വഹിക്കുന്നു--മനുഷ്യനും പ്രപഞ്ചവും തന്നെയാണ്.

തനിക്ക് ചുറ്റും ഈ ഭൂമിയിലുലുള്ള പ്രകൃതി പ്രതിഭാസങ്ങളും സൂര്യനും നക്ഷത്രങ്ങളും ഇടയ്ക്ക് പാറിപോകുന്ന ഗ്രഹങ്ങളും മറ്റും മനുഷ്യനെ അത്ഭുതസ്തബ്ധനാക്കി. അവയെപ്പറ്റിയുള്ള മനുഷ്യന്റെ അറിവ് വർധിക്കുന്നിടത്തോളം അവയുടെ വലുപ്പത്തെപ്പറ്റി, അനന്തതയെപ്പറ്റി കൂടുതൽ ബോധമുണ്ടാകുന്തോറും ഈ അത്ഭുതം വർധിച്ചുവന്നു. അവയെപ്പറ്റി മനസിലാക്കാൻ ഒരിക്കലും തന്റെ കൊച്ചുതലച്ചോറിന് സാധ്യമാകില്ലെന്നും അവൻ ഭയപ്പെട്ടു. അതേസമയം അവയെപ്പറ്റി ചിന്തിക്കാനുള്ള തലച്ചോറിന്റെ സവിശേഷമായ കഴിവിലും അവൻ അത്ഭുതം പൂണ്ടു. ജീവൻ എന്ന പ്രതിഭാസമാകട്ടെ ഒരു പ്രഹേളികയായിത്തന്നെ തുടർനു. [ 21 ]

(i) പ്രപഞ്ചം എന്നുണ്ടായി? എങ്ങനെയുണ്ടായി? ആർ ഉണ്ടാക്കി?

(ii) എന്താണ് ജീവൻ? ആരത് ഉണ്ടാക്കി? എന്താണ് ചിന്ത, വികാരം മുതലായവ? എന്താണിതിന് അടിസ്ഥാനം?

ഈ രണ്ട്ചോദ്യങ്ങളും ദർശനത്തിന്റെ വികാസത്തിലും ആശയവാദത്തിന്റെ പിരിമുറുക്കത്തിലും വഹിച്ച പങ്ക് നിസീമമാണ്. ഈ പങ്കിനെ അപഗ്രഥിക്കാൻ ശ്രമിക്കുന്നതിനുമുമ്പേ ഭൗതിക പ്രപഞ്ചത്തെക്കുറിച്ചും ജീവനെക്കുറിച്ചും കുറച്ചുകൂടി വിശദമായി പഠിക്കാം.


ചോദ്യങ്ങൾ

  1. എന്താണ് ദർശനം?
  2. എന്താണ്ദർശനത്തിലെ കാതലായ ചോദ്യം?