വൈരുധ്യാത്മക ഭൗതികവാദം/എന്തിന് ദർശനം
←ഉള്ളടക്കം | വൈരുധ്യാത്മക ഭൗതികവാദം (തത്ത്വശാസ്ത്രം) രചന: എന്തിന് ദർശനം |
എന്താണ് ദർശനം→ |
എന്തിന് ദർശനം
ഇത് ദർശനത്തെ അഥവാ തത്വശാസ്ത്രത്തെ സംബന്ധിച്ചുള്ള ഒരു പാഠപുസ്തകമാണ്. കാൾ മാർക്സ് വളർതിയെടുത്ത ദർശനമാണ് വൈരുധ്യാത്മക ഭൗതികവാദം. എന്താണ് അത്? എന്താണ് 'ഭൗതികവാദം' എന്നതുകൊണ്ട് അർഥമാക്കുന്നത്? എന്തിനെ 'വൈരുധ്യാത്മകം' എന്ന് വിശേഷിപ്പിക്കുന്നു? ഇതൊക്കെയാണ് നാം വഴിയെ വിശദമായി പരിശോധിക്കാൻ പോകുന്നത്. എന്നാൽ അതിനുമുമ്പെ, എന്തിനാണ് നാം ദർശനം പഠിക്കുന്നത് എന്ന് സ്വയം ചോദിക്കണം.
എന്തിന്
'പഠിക്കുക' എന്ന വാക്കിന്റെ സന്തതസഹചാരിയാണ് നമ്മുടെ നാട്ടിൽ 'പരീക്ഷ' എന്നത്. 'പരീക്ഷ' എന്നു പറഞ്ഞാൽ ചോദ്യങ്ങൾക് ഉത്തരം 'എഴുതു' കയാണ്. 'പരീക്ഷ എഴുതാൻ' അല്ല നാം ദർശനം പഠിക്കുന്നത്. പിന്നെയോ? 'പരീക്ഷ'കളെ നേരിടാനാണ്. നമ്മുടെ വ്യക്തിപരവും സാമൂഹ്യവും ആയ ജീവിതത്തിൽ ഒട്ടനവധി പരീക്ഷാഘട്ടങ്ങൾ ഉണ്ടാകാറുണ്ട്. അവയെ ഏറ്റവും ഫലപ്രദമായി നേരിടാൻ നമ്മെ സഹായിക്കുന്ന ആയുധമാണ് ദർശനം.
ഓരോ പ്രശ്നം വരുമ്പോഴും നാം അതിനെ നേരിടുന്നത് അതേവരെയുള്ള പ്രായോഗിക അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ്, ആ അനുഭവങ്ങളിൽ നിന്ന് പഠിച്ചിട്ടാണ്. അനുഭവങ്ങളിൽ നിന്ന് പഠിക്കുകയെന്നാൽ, ഒട്ടേറെ [ 8 ] അനുഭവങ്ങളെ ഒരുമിച്ചു കാണലാണ്. തന്റെ സ്വന്തം അനുഭവങ്ങളെ മാത്രമല്ല, മറ്റുള്ളവരുടെ അനുഭവങ്ങളെയും. ഇങ്ങനെ ഒരുമിച്ചു നോക്കുമ്പോൾ അതിലെ ഏറ്റവും കാതലായ വശങ്ങളേ നാം കാണു. അങ്ങനെ കണ്ട് അവയെ കൂട്ടിയോജിപ്പിക്കുന്ന പണിക്ക് 'സിദ്ധാന്തവൽകരണം' എന്നു പറയും. ഈ സിദ്ധാന്തങ്ങൾ നമ്മുടെ പ്രവർത്തനങ്ങൾക് ആവശ്യമാണ്.
നമുക്ക് മഹത്തായ ഒരു പ്രവർത്തി ചെയ്തുതീർകേണ്ടതുണ്ട്. നമുക്കുമാത്രം ചെയ്തുതീർകാവുന്ന ഒരു പ്രവർത്തി. എന്താണത്? ചൂഷണത്തെ, മനുഷ്യൻ മനുഷ്യന്റെ മേൽ നടത്തുന്ന ചൂഷണത്തെ ഈ ലോകത്തിൽ നിന്ന് ഇല്ലാതാക്കുക, ചൂഷണരഹിതമായ ഒരു ലോകം കെട്ടിപ്പടുക്കുക. പ്രകൃതിയെ മനസിലാക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും --ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും - മാനവരാശി ഇന്നേവരെ ആർജ്ജിച്ചിട്ടുള്ള ശേഷി ഉപയോഗിച്ച് ദാരിദ്രവും അജ്ഞതയും അനാരോഗ്യവും ഇല്ലാതാക്കുക, സഹകരണത്തിന്റേയും സാഹോദര്യത്തിന്റേയും സമാധാനത്തിന്റേയും സമൃദ്ധിയുടേയുമായ ഒരു പുതുലോകം കെട്ടിപ്പടുക്കുക, മനുഷ്യന്റെ കഴിവുകളെ പൂർണമായി വികസിപ്പിക്കുവാൻ സഹായിക്കുന്ന വിധത്തിൽ അജ്ഞാനത്തിന്റേതായ കെട്ടുപാടിൽ നിന്ന് അവനെ മോചിപ്പിക്കുക. ഇതിനൊക്കെ കഴിയുന്നതിനു മുൻപ് ഒരു അണുവായുധ യുദ്ധമുണ്ടായി ലോകമാകെ നശിക്കാതെ നോക്കുക-- ഇതാണ് നമ്മുടെ മുന്നിലുള്ള പ്രവൃത്തി.
അതിനിടക്ക് ഒരു കാര്യം. ഈ 'നാം', 'നാം', എന്നു പറയുന്നത് ആരാണ്? ഈ ലോകത്തുള്ള മനുഷ്യർ മുഴുവനുമാണോ? അതോ 'തെരഞ്ഞെടുക്കപ്പെട്ട' ഏതാനും അവതാര പുരുഷന്മാരോ? അതോ ഈ പുസ്തകത്തിലെ വായനക്കാരോ? അതു വ്യക്തമാക്കണം. 'തൊഴിലാളിവർഗ'ത്തെയാണിവിടെ നാം എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന്റെ വായനക്കാർ മുഴുവൻ തൊഴിലാളികളായിരിക്കണമെന്നില്ല. തൊഴിലാളികൾ തന്നെ ഒരു വർഗമായി രൂപപ്പെട്ടിരിക്കണമെന്നില്ല. വർഗമാണെങ്കിൽ പോലും 'വർഗബോധം' ഉണർനിരിക്കണമെന്നില്ല. പക്ഷേ അപ്പോൾ ആരാണ് തൊഴിലാളി? എന്താണ് വർഗബോധം എന്നൊക്കെ മനസിലാക്കേണ്ടതുണ്ട്.
തൊഴിലാളി
'തൊഴിലാളി' എന്ന വാക്കുകൊണ്ട് നാം എന്താണ് അർഥമാക്കുന്നത്? മുതലാളി, ബൂർഷ്വാ മുതലായ വാക്കുകൾക് വിപരീതം എന്ന നിലക്കാണ് പലപ്പോഴും ഈ വാക്ക് ഉപയോഗിക്കപ്പെടുന്നത്. 'തൊഴിലെടുക്കുന്നവൻ തൊഴിലാളി' എന്നു പറയാമോ? എന്താണ് തൊഴിൽ? കവികൾ, സിനിമാനടന്മാർ, വീട്ടമ്മമാർ, ഡോക്ടർമാർ, മന്ത്രിമാർ, വക്കീലന്മാർ... ഇവരെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിലുള്ള തൊഴിലെടുക്കുന്നുണ്ട്. ഇവരെയെല്ലാം തൊഴിലാളി എന്ന വാക്കുകൊണ്ട് കുറിക്കാമോ? ഇന്ന് നാം ധാരാളമായി ഉപയോഗിക്കുന്ന 'തൊഴിലാളിവർഗം' എന്ന ഗ്രൂപ്പിൽ ഇവരെയെല്ലാം പെടുത്താമോ? [ 9 ]
എല്ലാ മനുഷ്യർകും ജീവൻ നിലനിർതാനും വംശം നിലനിർതാനും ആവശ്യമായ ചില സാധനസാമഗ്രികൾ വേണം: ആഹാരം, വസ്ത്രം, പാർപിടം, ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങൾ, വിശ്രമവിനോദസൗകര്യങ്ങൾ തുടങ്ങിയവ. വ്യത്യസ്തരീതികളിലാണ് മനുഷ്യർ ഇവ നേടുന്നത്. എന്നാൽ ഈ വ്യത്യസ്ത രീതികളെല്ലാം പരിശോധിച്ചാൽ അവയെ പൊതുവിൽ രണ്ടുതരങ്ങൾ ആയി വേർതിരിക്കാം എന്നു കാണാം. ഒരുതരക്കാർ തങ്ങളുടെ ശരീരം കൊണ്ടോ, ബുദ്ധി കൊണ്ടോ പണിയെടുത്ത് അതിന്റെ പ്രതിഫലമായി ജീവിതോപാധികൾ നേടുന്നു. മറ്റൊരു കൂട്ടർ തങ്ങൾക്ക് പൈതൃകമായി കിട്ടിയതോ മറ്റേതെങ്കിലും വിധത്തിൽ സമ്പാദിച്ചതോ ആയ സ്വത്തുക്കളുടെ ഉടമസ്ഥാവകാശത്തിന്റെ അടിസ്ഥാനത്തിൽ, ഭൂമിക്ക് പാട്ടമായോ, വീടിന് വാടകയായോ, പണത്തിന് പലിശയായോ, യന്ത്രങ്ങൾക് ഉല്പന്നങ്ങളായോ മൂലധനത്തിന് ലാഭമായോ ജീവിതോപാധികൾ നേടുന്നു. ഇതിൽ ആദ്യത്തെ തരത്തിൽ ഉപജീവിത മാർഗം നേടുന്നവർ, അതായത്, സ്വന്തം ശാരീരികമോ മാനസികമോ ആയ അധ്വാനശേഷിയെ വിറ്റ് ജീവിതം കഴിക്കുന്നവർ, ആണ് തൊഴിലാളികൾ. അധ്വാനം ചെയ്യുന്നതിൽ, അധ്വാനിച്ച് ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിൽ, മൂന്ന് ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. പരമവും പ്രധാനവുമായത് അധ്വാനിക്കുന്ന മനുഷ്യന്റെ അധ്വാനം. പക്ഷേ എന്തിന്റെയെങ്കിലും മേലല്ലാതെ 'എന്തുകൊണ്ടെ'ങ്കിലും അല്ലാതെയും മനുഷ്യന് അധ്വാനിക്കുവാൻ പറ്റുന്നതല്ല. ഈ അധ്വാനത്തിന് വിധേയമാകുന്ന അസംസ്കൃത പദാർത്ഥങ്ങളോ, ഭൂമി മുതലായവയോ, അതുപോലെ അധ്വാനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളോ ആദ്യം പറഞ്ഞ കൂട്ടരുടെ കയ്യിൽ ഇല്ല. അതിനാൽ ഇവ രണ്ടിന്റേയും ഉടമസ്ഥരായ, രണ്ടാമതു പറഞ്ഞ തരക്കാരുടെ അനുവാദത്തോടെയല്ലാതെ അവർക് അധ്വാനിക്കാൻ പറ്റുന്നതല്ല. അതേപോലെ രണ്ടാമത്തെ കൂട്ടർക് തങ്ങളുടെ അസംസ്കൃത പദാർഥങ്ങളും യന്ത്രോപകരണങ്ങളും ഉപയോഗിച്ച് ഉല്പന്നങ്ങൾ ഉണ്ടാക്കി കിട്ടണമെങ്കിൽ ആദ്യത്തെ കൂട്ടർ, തൊഴിലാളികൾ, വേണം. ഈ രണ്ടാമത്തെ കൂട്ടരിൽ ചിലരെ നാം ഭൂപ്രഭുക്കളെന്ന് പറയാറുണ്ട്. മറ്റുചിലരെ മുതലാളിമാരെന്നും പറയാറുണ്ട്. പൊതുവിൽ തൊഴിലുടമകളെന്ന് വിളിക്കാം. അല്ലെങ്കിൽ സ്വത്തുടമകളെന്നു വിളിക്കാം. അങ്ങനെ തൊഴിലാളികളും തൊഴിലുടമകളും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ മാത്രമാണ്.
ഇന്ന് സമൂഹത്തിൽ കാണുന്ന പലരെയും ഇത്ര ലളിതമായി തൊഴിലാളി, തൊഴിലുടമ എന്ന് വ്യക്തമായി വേർതിരിക്കാൻ പറ്റുന്നതല്ലെന്ന് കാണാം. പലരും ഭാഗികമായി 'തൊഴിലാളി'കളും ഭാഗികമായി മറ്റുള്ളവരുടെ അധ്വാനത്തിന്റെ പങ്കു പറ്റുന്നവരുമാണ്. നാട്ടിൽ സ്വൽപം നിലമുള്ള അധ്യാപകൻ; കമ്പനിയിൽ കുറച്ച് ഷെയറുകളുള്ള ക്ലാർക്, അല്പസ്വൽപം പണം കടം കൊടുക്കുന്ന കമ്പനി ജീവനക്കാരൻ, സ്വന്തമായ ചെറിയ ബിസിനസുള്ള ഉദ്യോഗസ്ഥർ... ഇങ്ങനെ പലരും. ചില സന്ദർഭങ്ങളിലും മറ്റുചിലരും തൊഴിലാളികളുടെ നിലയിലായിരിക്കും; മറ്റുചില സന്ദർഭങ്ങളിലും മറ്റു ചിലരും തൊഴിലുടമയോടാണടുത്തിരിക്കുക. അതുപോലെ പലരേയും ഇതു രണ്ടിലും പെടുത്താൻ പറ്റാത്തവരായിക്കാണാം. ഇത്തരം കൃഷിക്കാർ 'സ്വന്തം' [ 10 ] ഭൂമിയിൽ സ്വന്തമായി അധ്വാനിക്കുന്നു. പല കൈവേലക്കാരും സ്വന്തം ചെറു ഉപകരണങ്ങൾകൊണ്ട് പ്രകൃതിയിൽ നിന്നുകിട്ടുന്ന അസംസ്കൃത പദാർത്ഥങ്ങൾ ഉപയോഗിച്ച് ചില്ലറ ഉല്പന്നങ്ങൾ ഉണ്ടാക്കുന്നു. ആ ഉല്പന്നങ്ങൾ അവരുടേത് തന്നെയാണ്. പണ്ടുകാലത്ത് ഇത്തരത്തിൽ പെട്ടവരായിരുന്നു അധികവും. നാലായിരം കൊല്ലം മുമ്പ് ഇത്തരത്തിൽ പെട്ടവർ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട്, അധ്വാനത്തിന്റെ പ്രധാന ഉപാധിയായിരുന്ന ഭൂമി സ്വകാര്യസ്വത്തായിത്തീർനപ്പോൾ, നല്ലൊരു ശതമാനം മനുഷ്യർ 'തൊഴിലാളി'കൾ- കർഷകതൊഴിലാളികൾ- ആയിത്തീർനു. പിന്നീട് വൻതോതിൽ യന്ത്രവൽകൃതമായ വ്യവസായങ്ങൾ ഉണ്ടാകാൻ തുടങ്ങിയപ്പോൾ, ഒറ്റപ്പെട്ട തൊഴിലാളികൾക് അത്തരം യന്ത്രങ്ങൾ സ്വന്തമായി ഉണ്ടാക്കുക സാധ്യമല്ലെന്നു വന്നപ്പോൾ, മുമ്പ് സ്വതന്ത്രരായിരുന്ന, അതായത് തൊഴിലാളികളോ, തൊഴിലുടമകളോ അല്ലാതിരുന്ന ഒട്ടേറെപേർ തൊഴിലാളികൾ, വ്യവസായതൊഴിലാളികൾ ആയിത്തീർനു. ഇന്ന് രണ്ടും കൂടിയതരത്തിൽ പെട്ടവരെ കുറേയേറെ കാണാമെങ്കിലും അവരും ക്രമത്തിൽ ശുദ്ധ തൊഴിലാളികൾ 'അല്ലെങ്കിൽ ശുദ്ധ തൊഴിലുടമകൾ എന്ന തരത്തിൽ വേർതിരിഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ പ്രക്രിയയെ മറ്റൊരു വിധത്തിലും നോക്കിക്കാണാം. ദാരിദ്രരേഖ എന്ന ഒരു പദത്തിനേറെ പ്രചാരമുള്ള ഒരു കാലമാണിത്. ഈ ദാരിദ്രരേഖക്ക് മുകളിൽ കിടക്കുന്നവരൊക്കെ ധനികരാണെന്ന ധാരണ ആർകും ഇല്ല. അവരെത്തന്നെ രണ്ടായി തരംതിരിക്കാം. തുടർചയായി ദാരിദ്രരേഖയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നവർ, ദാരിദ്ര്യവൽകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നവർ. ഇവരാണ് ബഹുഭൂരിഭാഗവും, 99 ശതമാനത്തിലധികവും. ഇതിന് വിപരീതമായി ബഹുഭൂരിപക്ഷത്തിനെ ദാരിദ്ര്യവൽകരണം നടത്തിക്കൊണ്ട് കൂടുതൽ കൂടുതൽ ധനികരായിക്കൊണ്ടിരിക്കുന്ന ഒരു ന്യൂനപക്ഷം.
'തൊഴിലാളി'കൾ മുതലാളിത്ത വ്യവസ്ഥയുടെ തനതുല്പന്നമല്ല. സ്വകാര്യസ്വത്തുണ്ടായപ്പോൾ മുതൽ തൊഴിലാളികളും ഉണ്ടായെന്ന് വ്യക്തമാണല്ലോ. എന്നാൽ മുതലാളിത്തഘട്ടത്തിലെ തൊഴിലാളികൾക് മുൻപുള്ള തൊഴിലാളികളിൽ നിന്നും കർഷകതൊഴിലാളികളിൽ നിന്നും ഒരു പ്രത്യേകതയുണ്ട്. ഏതെങ്കിലും ഒരു ആധുനിക വ്യവസായമെടുത്ത് അതിലെ തൊഴിലാളികളെ പരിശോധിച്ചാൽ ഇത് വ്യക്തമാകും. ഒരു ഹാളിൽ അഥവാ ഒരു 'ഷോപ്പിൽ'ഇരുപതോ മുപ്പതോ അതിൽകൂടുതലോ തൊഴിലാളികൾ ഉണ്ടായിരിക്കാം. ഉണർനിരിക്കുന്ന മണിക്കൂറുകളിൽ തങ്ങളുടെ കുടുംബാംഗങ്ങളോട് ഒത്തൊരുമിച്ച് കഴിയുന്നതിനേക്കാൾ എത്രയോ കൂടുതൽ സമയം ഇവർ പരസ്പരം ഒത്തൊരുമിച്ച് കഴിയുന്നു. ഒരേതരത്തിലുള്ള ഭൗതിക ചുറ്റുപാട്, ഒരേതരത്തിലുള്ള യന്ത്രങ്ങൾ, ഒരേ സൂപ്പർവൈസർ, ഒരേ മുതലാളി, ഒരേതരത്തിലുള്ള ചൂഷണം, ദിവസം 8 മണിക്കൂർ, ആഴ്ചയിൽ ആറുദിവസം. മാസങ്ങളും കൊല്ലങ്ങളും കടന്നുപോകുമ്പോൾ, തങ്ങളുടെ വ്യക്തികുടുംബത്തോടെന്നപോലെ ഈ തൊഴിൽ കുടുംബത്തോടും ഒരുതരം പ്രത്യേകമായ മമതാബോധം ഇവർകിടയിൽ ഉണ്ടായിവരുന്നു. ഒരേ തരത്തിലുള്ള വേദനകൾ, ഒരേ വികാരങ്ങൾ, ഒരേ വിചാരങ്ങൾ, ബോധപൂർവമല്ലെങ്കിലും അവർ ഒരേ [ 11 ] കുടുംബമായിത്തീരുന്നു. മാത്രമല്ല, കാലക്രമത്തിൽ ഇവരുടെ ഈ ഏകകുടുംബബോധം ഒരു ഫാക്ടറിയിലെ ഒരു ഷോപ്പിനുള്ളിൽ മാത്രമായി ഒതുങ്ങി നിൽകാനാവാതെ, ഫാക്ടറിയിലേക്ക് മുഴുവനും രാജ്യത്തിലെ ആ വ്യവസായത്തിലെ മറ്റു ഫാക്ടറികളിലേക്കും എല്ലാ രാജ്യങ്ങളിലേക്കും എല്ലാ വ്യവസായങ്ങളിലേക്കും വ്യാപിച്ചു തുടങ്ങുന്നു. കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തിനുള്ളിലെ ചരിത്രം ഇതിന് വേണ്ടുവോളം തെളിവ് തരുന്നുണ്ട്. ഈ ഏകതാ ബോധത്തിന് മറ്റൊരു വശം കൂടിയുണ്ട്.
അധ്വാനോപകരണങ്ങളോടുള്ള മനോഭാവമാണിത്. പണ്ടുകാലത്ത് അധ്വാനശേഷിയുടെ ഉടമസ്ഥനും അധ്വാനോപകരണങ്ങളുടെ ഉടമസ്ഥനും തമ്മിൽ വ്യത്യാസമുണ്ടായിരുന്നില്ല എന്ന് പറഞ്ഞല്ലോ. അധ്വാനോപകരണങ്ങളും അസംസ്കൃതപദാർഥങ്ങളും അന്ന് ഒറ്റപ്പെട്ട വ്യക്തികളുടെ കൈകൾകുള്ളിൽ ഒതുങ്ങുന്നതായിരുന്നു; അവർക് ഒറ്റക്ക് കൈകാര്യം ചെയ്യാനാവുന്നതായിരുന്നു. ഉല്പന്നങ്ങളും ഏറിയ കൂടും സ്വന്തം ഉപഭോഗത്തിനാകയാൽ, വിപുലമായ കച്ചവടച്ചരക്കുകളില്ലാതിരുന്നതിനാൽ, സ്വന്തം കൊക്കിൽ ഒതുങ്ങുമായിരുന്നു. എന്നാൽ ഇന്നത്തെ സ്ഥിതി അതല്ല. ഒരൊറ്റ ഫാക്ടറിയോ അതിലെ ഒരു യന്ത്രമോ സ്വന്തമായി കിട്ടിയിട്ട് കാര്യമില്ല; അത് ഉപയോഗിക്കാൻ അയാളെക്കൊണ്ടുതന്നെ ആവില്ല. ഉല്പാദനത്തിനുതന്നെ അയാളെപോലെ ഒട്ടേറെ തൊഴിലാളികൾ ആ ഫാക്ടറിയിലും പുറത്തുമായി പണിയെടുത്താലെ ഉല്പനം ഉണ്ടാകൂ. ആ ഉല്പന്നത്തിന്റെ വിപണനവും ഒറ്റപ്പെട്ട തൊഴിലാളിയുടെ നിയന്ത്രണത്തിലല്ല; ആവുകയുമില്ല. അങ്ങനെ ഒരു വശത്ത് തൊഴിലാളിയും മറുവശത്ത് ഉല്പാദന ഉപകരണങ്ങളും ഉല്പന്നങ്ങളും ഇവ തമ്മിലുള്ള ബന്ധം വളരെയധികം വ്യക്തിവ്യതിരിക്തം (ഇമ്പേഴ്സണൽ) ആണ്. തൊഴിലാളി ഉല്പാദന ഉപകരണങ്ങളിൽ നിന്നും ഉല്പന്നങ്ങളിൽ നിന്നും അന്യവൽകരിക്കപ്പെട്ടിരിക്കുന്നു. ഒരു കർഷകതൊഴിലാളിയുടെയോ ദരിദ്രകർഷകന്റെയോ കഥ ഇതല്ല. അയാളുടെ ഉപകരണങ്ങൾ അയാളുടെ കൊക്കിൽ ഒതുങ്ങുന്നു; അയാളുടെ അധ്വാനഫലം ഉല്പന്നരൂപത്തിൽ നേരിട്ട് പ്രകടമാകുന്നു; ആ ഉല്പന്നങ്ങൾ അയാൾക് വശംവദവുമാണ്. ഉല്പാദനോപകരണങ്ങൾ സ്വന്തമായി കിട്ടാൻ അയാൾ ആഗ്രഹിക്കുന്നു. അവ കൈവെടിയുവാൻ അയാൾകിഷ്ടമില്ല. അവയിൽനിന്ന് അന്യവൽകരിക്കപ്പെട്ടിരിക്കുകയല്ല, അവയിൽ ആസക്തനായിരിക്കുകയാണയാൾ. ഈ വ്യത്യാസമാണധ്വാനോപകരണങ്ങളോട് ആധുനിക ഫാക്ടറിതൊഴിലാളിക്കുള്ള ഭാവത്തിന്റെ സവിശേഷത. ഇതും നേരത്തെ പറഞ്ഞ ഏകകുടുംബബോധവും കൂടി ഒരു പ്രത്യേകതരത്തിലുള്ള ബോധം, വർഗബോധം, തൊഴിലാളിക്കുണ്ടാക്കുന്നു. ഈ 'തൊഴിലാളി വർഗബോധ'ത്തിന്റെ അടിസ്ഥാനത്തിലല്ലാതെ തൊഴിലാളീകളുടെ ശാസ്ത്രബോധത്തെപ്പറ്റി പറയുന്നതിൽ അർഥമില്ല.
ആധുനിക വ്യവസായങ്ങളിലെ ഈ തൊഴിലാളികളുടെ, തൊഴിലാളി വർഗത്തിന്റെ ഈ സവിശേഷബോധം മറ്റൊരു കാര്യത്തിലേക്കുകൂടി വിരൽചൂണ്ടുന്നു; ഉൽപാദന ഉപകരണങ്ങളുടെ സ്വകാര്യ ഉടമാവകാശം ഇല്ലാതാക്കി അവ ജനങ്ങളുടെ മുഴുവൻ ആയിട്ടുള്ള ഒരു സമ്പദ്‌വ്യവസ്ഥ രൂപം [ 12 ] ണമെങ്കിലും അത് നിലനിർതണമെങ്കിലും ഉല്പാദനോപകരണങ്ങളുടെ ഉടമസ്ഥാവകാശത്തിൽ ആസക്തിയില്ലാത്ത ഒരേ ഒരു ജനവിഭാഗമായ തൊഴിലാളികൾകേ, പ്രത്യേകിച്ച് ആധുനിക യന്ത്രവൽകൃത വ്യവസായങ്ങളിലെ തൊഴിലാളീകൾകേ, അതിന് നേതൃത്വം നൽകാൻ കഴിയൂ. എന്ന വസ്തുതയിലേക്ക് തുടർചയായി ദരിദ്രവൽകരിക്കപ്പെട്ടുവരുന്ന ഭൂരിപക്ഷത്തിന്, ആ പ്രക്രിയയുടെ ഗതി തിരിച്ചുവിടാനും അതിനുകാരണമായ ധനികവൽകരണത്തെ തടയുവാനും ഉള്ള അവരുടെ സമരത്തിൽ, നേതൃത്വം നൽകാൻ ഇവർകേ കഴിയൂ. എന്നാൽ ഈ നേതൃത്വം സ്വയമേവ അതിന്റെ കൈകളിൽ വന്നുചേരുന്നതല്ല. ആദ്യമായി പുതിയൊരു സാമൂഹ്യവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് പ്രതിബന്ധമായി നിൽകുന്ന ശക്തികളെ തകർകാൻ കഴിയുന്ന വിധത്തിൽ തൊഴിലാളികൾ സംഘടിക്കണം. പുതിയൊരു സാമൂഹ്യ വ്യവസ്ഥയുടെ പിറവിക്ക് നേതൃത്വം കൊടുക്കേണ്ടത് തങ്ങളുടെ ചരിത്രപരമായ കടമയാണെന്നും തങ്ങൾക്കതിനുള്ള കെല്പുണ്ടെന്നും ബോധ്യമായ, തൊഴിലാളിവർഗബോധമുൾക്കൊണ്ട, തൊഴിലാളികൾ ആ കടമ നിർവഹിക്കുന്നതിനായി സ്വയം സംഘടിക്കുമ്പോഴാണ് തൊഴിലാളിവർഗസംഘടനയുണ്ടാകുന്നത്. എന്നാൽ ഈ കെല്പുണ്ടാകണമെങ്കിൽ, സമൂഹത്തെ പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് നയിക്കണമെങ്കിൽ, സമൂഹത്തിന്റെ ജീവിതത്തിന് അടിസ്ഥാനമായ പ്രവർതനങ്ങളെപ്പറ്റി, പ്രകൃതിയെപ്പറ്റി അതിന്റെ നിയമങ്ങളെപ്പറ്റി പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളെപ്പറ്റി, മനുഷ്യർകിടയിലുള്ള ബന്ധങ്ങളെപ്പറ്റി എല്ലാം യാഥാർഥമായ അറിവുണ്ടാകണം. പ്രകൃതിയിലെ നിയമങ്ങൾ നമ്മുടെ ഇച്ഛക്കൊത്ത് മാറ്റാൻ പറ്റിയില്ലെങ്കിലും അവയെപ്പറ്റിയുള്ള അറിവ് പ്രകൃതി പ്രതിഭാസങ്ങളെ (അതുപോലെ സാമൂഹ്യ പ്രതിഭാസങ്ങളെയും) സമൂഹത്തിനുപകരിക്കുന്ന വിധത്തിൽ ഉപയോഗിക്കാൻ കഴിവു നൽകുന്നു.
എന്തുചെയ്യണം എന്ന പുസ്തകത്തിൽ ലെനിൻ പറയുകയുണ്ടായി: "വിപ്ലവ സിദ്ധാന്തം കൂടാതെ വിപ്ലവപ്രവർതനം സാധ്യമല്ല." സ്റ്റാലിൻ വിശദീകരിച്ചു: "സിദ്ധാന്തം കൂടാത്ത പ്രവർത്തനം അന്ധമായിരിക്കും. ഉദ്ദിഷ്ടഫലമല്ല തരിക. പ്രവർതനം ഇല്ലാത്ത സിദ്ധാന്തമാകട്ടെ വന്ധ്യമായിരിക്കും. ഒരു ഫലവും തരികയില്ല."
വിപ്ലവകാരിയായ തൊഴിലാളിക്ക്, അതിവേഗം മാറിമാറിവരുന്ന പരിതഃസ്ഥിതികളെ അപഗ്രഥിക്കാനും അനുയോജ്യമായ നടപടികൾ സ്വീകരിക്കാനും ഉള്ള കഴിവ് ഉണ്ടായിരിക്കണം. ആ കഴിവ് ഉണ്ടാക്കിയെടുക്കുക എന്നതാണ് ദർശനപഠനം കൊണ്ട് നാം ഉദ്ദേശിക്കുന്നത്.
ദർശനമെന്ന വാക്ക് സംസ്കൃതത്തിൽ നിന്നെടുത്തതാണ്. പച്ച മലയാളത്തിൽ അതിനൊരു വാക്കില്ലെന്നത്, ഉണ്ടായിരുന്നെങ്കിൽതന്നെ അതിപ്പോൾ പ്രചാരത്തിലില്ലെന്നത്, നമുക്കെല്ലാം തികച്ചും പുത്തനും കടിച്ചാൽ പൊട്ടാത്തതും ആയ എന്തോ ഒന്ന് ആണ് ദർശനം എന്നർഥമാക്കുന്നില്ല. നമ്മെ ആരും 'ദാർശനികർ' എന്നു വിളിക്കുന്നില്ലെങ്കിലും നമുക്കോരുത്തർകും 'ദർശന'മുണ്ട്. നാം സ്വയം അതേപ്പറ്റി അത്ര ബോധവാൻമാരല്ലെന്നുമാത്രം. [ 13 ] എന്താണ് ദർശനം എന്നു പരിശോധിക്കുമ്പോൾ ഇത് വ്യക്തമാകും. തുടക്കത്തിൽ തന്നെ ഒന്നുപറഞ്ഞുവെക്കട്ടെ; പണ്ഡിതന്മാരുടെ പഠനവിഷയമല്ലത്.
ചോദ്യങ്ങൾ
- എന്തിന് നാം ദർശനം പഠിക്കുന്നു?
- 'തൊഴിലാളി'എന്ന വാക്കിന്റെ ശാസ്ത്രീയമായ അർഥമെന്ത്?
- 'വർഗം', 'വർഗബോധം', 'വർഗസംഘടന' എന്നീ വാക്കുകളുടെ പൊരുളെന്ത്?
- തൊഴിലാളി വർഗത്തിന് മറ്റു വർഗങ്ങളിൽ നിന്നുള്ള മൗലികമായ വ്യത്യാസം എന്ത്?
- ഇന്നത്തെ തൊഴിലാളിവർഗത്തിന് മുന്നിലുള്ള സവിശേഷമായ കടമയെന്ത്?