കൃഷ്ണഗാഥ/ഒന്നാം ഭാഗം/ശരദ്വർണ്ണനം

(ശരദ്വർണ്ണനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൃഷ്ണഗാഥ
ഒന്നാം ഭാഗം

കൃഷ്ണഗാഥ
രണ്ടാം ഭാഗത്തിലേക്ക്


1 കാർമുകിൽമാലകൾ പോയൊരു നേരത്തു
2 തൂമകലർന്ന ശരത്തു വന്നു
3 "കണ്ണന്റെ കാന്തിയെ കൈതുടർന്നൂ നിങ്ങൾ
4 എന്നുടെ കാന്തിയോ വേണ്ടയല്ലോ"
5 രോഹിണീനന്ദനനിങ്ങനെ ചൊല്ലീട്ടു
6 രോഷിതനാകൊല്ലായെന്നപോലെ
7 നീലിമപൂണ്ടുള്ള മേഘങ്ങളെല്ലാമേ
8 ചാല വെളുത്തുചമഞ്ഞിതപ്പോൾ
9 ആതപം മേന്മേലേ ചൂടുതുടങ്ങിതേ
10 ആതുരർമാനസമെന്നപോലെ

11 വാരിയിൽനിന്നുള്ള മീനങ്ങളെല്ലാമേ
12 വാരികുറഞ്ഞതറിഞ്ഞുതില്ലേ
13 മായയിൽനിന്നുള്ള മന്ദന്മാരെല്ലാരും
14 ആയുസ്സു പോകുന്നതെന്നപോലെ.
15 കാലുഷ്യംപൂണ്ടുള്ള വാരികളെല്ലാമ
16 ക്കാലത്തു ചാലത്തെളിഞ്ഞു നിന്നൂ
17 ഗോവിന്ദൻതന്നുടെ ഭാവനം പൂണ്ടിട്ടു
18 മേവുന്ന മാനസമെന്നപോലെ
19 വാരിയിൽനിന്നുള്ള വാരിജമെല്ലാമേ
20 പാരം വിളങ്ങിത്തുടങ്ങീതെങ്ങും

21 വേണുന്ന കാന്തനെ കാണുന്നനേരത്തു
22 നാരിമാർനന്മുഖമെന്നപോലെ.
23 മുന്നമേ പോയുള്ളോരന്നങ്ങളെല്ലാമേ
24 പിന്നെയും പോന്നിങ്ങു വന്നുകൂടി
25 വീടരെപ്പേടിച്ചുപോയുള്ള ജാരന്മാർ
26 വീണ്ടിങ്ങു പിന്നെയും വന്നപോലെ
27 വേഗത്തിൽ പായുന്ന തോയങ്ങളെല്ലാമേ
28 വേഗം കുറഞ്ഞു ചമഞ്ഞൂതപ്പോൾ
29 പ്രേമം കുറഞ്ഞുള്ള കാമുകന്മാരെല്ലാം
30 കാമിനിമാർവീട്ടിൽ പോകുമ്പോലെ.

31 താരങ്ങൾ ചൂഴുന്ന തിങ്കൾ വിളങ്ങിനാൻ
32 പാരമങ്ങാകാശംതന്നിലപ്പോൾ
33 ആനായപ്പിള്ളരാൽ ചൂഴുറ്റ കാർവർണ്ണൻ
34 കാനനംതന്നിൽ വിളങ്ങുംപോലെ.
35 വെണ്ണിലാവാണ്ടുള്ള വെണ്മാടമോരോന്നിൽ
36 പെണ്ണുങ്ങളോടു കലർന്നുനിന്നു
37 ചൂതു തുടങ്ങിന ലീലകളോരോന്നിൽ
38 കൈതുടർന്നീടിനാർ കാമുകന്മാർ.
39 വണ്ടുകളെല്ലാമെ മണ്ടിത്തുടങ്ങീത
40 ങ്ങിണ്ടലും കൈവിട്ടു പൊയ്കതോറും

41 കണ്ണൻ വിളങ്ങിന കാനനംതന്നിലേ
42 വിണ്ണവരെല്ലാരും മണ്ടുംപോലെ
43 അംബുജകാമുകൻതന്നുടെ കാന്തികൊ
44 ണ്ടംബരമെങ്ങും വിളങ്ങിനിന്നു
45 കൗസ്തുഭകാന്തി കലർന്നു വിളങ്ങിന
46 കൈടഭവൈരിതൻ മാറുപോലെ.
47 തിങ്കളെക്കണ്ടു തൻ വെണ്ണിലാവുണ്ടുണ്ടു
48 തിണ്ണം തെളിഞ്ഞു ചകോരങ്ങളും
49 കാർമുകിൽവർണ്ണന്തന്നാനനകാന്തിക
50 ണ്ടാനായനാരിമാരെന്നപോലെ.

51 പൂരിച്ചുനിന്നൊരു ശീതത്തെ വേറിട്ടു
52 പൂമണംതന്നിൽ കലർന്നു നന്നായ്
53 പൂങ്കാവിൽനിന്നു വരുന്നൊരു തെന്നലെ
54 പ്പൂണ്ടു തുടങ്ങിനാരെല്ലാരുമെ.
55 മേളമെഴുന്ന ശരത്തിനെക്കണ്ടിട്ടു
56 നാളീകലോചനൻ ബാലരുമായ്
57 വേണുസ്വനംകൊണ്ടു മാനിനിമാരുടെ
58 മാനസമേറ്റം മയക്കിനിന്നാൻ.
59 മന്മഥന്തന്നുടെ ബാണങ്ങളേല്ക്കയാൽ
60 തന്മനമെല്ലാം മറന്നുനിന്നു

61 വേണുതൻ ഗാനത്തെ മാനിച്ചു പാടിനാർ
62 ആനായമാനിനിമാരെന്നപ്പോൾ.