വനമാല/ശിവമാഹാത്മ്യസ്തോത്രം
വനമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്
കാവ്യങ്ങൾ
വീണ പൂവ് · ഒരു സിംഹപ്രസവം |
കവിതാസമാഹാരം
|
വിവർത്തനം
|
സ്തോത്ര കൃതികൾ
|
മറ്റു രചനകൾ
|
|
നിന്മാഹാത്മ്യംബുധിക്കുള്ളൊരു മറുകരക-
ണ്ടോതണം സ്തോത്രമെങ്കിൽ
ബ്രഹ്മാദ്യന്മാർക്കുമാകില്ലവരുമതറിയാ-
തല്ലയോ ചൊല്ലിടുന്നു
ചെമ്മേ താന്താനറിഞ്ഞുള്ളളവഥ കഥനം-
ചെയ്യുമെല്ലാരുമെന്നാ-
ലെന്മേലും കുറ്റമില്ലി സ്തുതിയതിനു തുനി-
ഞ്ഞൻപൊടും ഞാൻ പുരാരേ!
ദൂരം! ദൂരം! നിനച്ചാൽ തവ മഹിമ വരി-
ല്ലങ്ങു വാക്കും മനസ്സും
നേരേ വ്യാവൃത്തിയെന്യേ നിഗമനിചയവും
ഭീതിയാർന്നോതുകല്ലേ?
ആരോരുന്നാരു വാഴ്ത്തുന്നതിനെയതിനെഴും
ധർമ്മമേ നോക്കിലെന്നാൽ
മാരാരേ! നിന്റെ ഗൗണാകൃതിയെ മതിയിലാ-
രേന്തുകില്ലാരുരയ്ക്കാ?
തേനോളം തല്ലിയോലുന്നമൃതമധുരശ-
ബ്ദങ്ങൾ നിർമ്മിച്ചവൻ നീ
വാനോർതൻ ദേശികൻ വാഴ്ത്തിയ മൊഴികളിലും
വിസ്മയിക്കില്ലയല്ലോ
ഞാനോ പിന്നെ സ്മരാരേ! തവ മഹിമയെ വർ-
ണ്ണിച്ചു പുണ്യം ലഭിച്ചെൻ
ഹീനോക്തിക്കും മഹത്ത്വമ്വരുവതിനധുനാ
ബുദ്ധിവച്ചത്രതന്നേ.
വേദം വാഴ്ത്തുന്നതാം നിൻ വിഭൂത വിവിധമാം
വിശ്വമുണ്ടാക്കിനിർത്തി
ക്ഷോഭിക്കുന്നായതല്ലോ ത്രിഗുണവിവൃതിയാൽ
മൂർത്തിമാർ മൂന്നുപേരും
ആ തത്ത്വം ധിക്കരിക്കുനതിനധമമനോ-
രമ്യമാമ്മാറു കഷ്ടം
വാദിച്ചീടുന്നു ദുർബുദ്ധികൾ വരദ! വെറും
ശുഷ്കവാദോൽക്കരങ്ങൾ
എന്തിച്ഛിച്ചെന്തുകൊണ്ടിത്രിഭുവനമഖിലം
സൃഷ്ടിചെയ്തീശനെന്ന-
ല്ലെന്താണാധാരമെന്താണവനു വടിവിതി-
ന്നെന്തുപാദാനമെന്നും
അന്ധത്വത്താൽ കുതർക്കം ചിലരെയിഹ ചതി-
ക്കുന്നഹോ നിന്മഹത്വം
ചിന്തിക്കാതീശ വായാടികളവർ വഷളാ-
ക്കുന്നു വിശ്വത്തെയെല്ലാം
ഉണ്ടാകാതുള്ളതാമോ സ്വയമവയവവ-
ത്താകുമീ ലോകമെല്ലാ-
മുണ്ടായെന്നാലധിഷ്ഠാപകനൊരുവനൊഴി-
ഞ്ഞേതുമുണ്ടാവതുണ്ടോ?
ഉണ്ടോയിന്നീശനല്ലാതൊരുവനഖിലസൃ-
ഷ്ടിക്കു സന്നദ്ധനാവാൻ?
കണ്ടാലും ദേവ, നിന്നിൽ ഖലജനമിഹ സ-
ന്ദേഹമേന്തുന്നുവല്ലോ!
വേദാന്തം, സാംഖ്യതത്ത്വം, വരദ, ഫണിമതം
വൈഷ്ണവം, ശൈവമേവം
ഭേദംതേടുന്ന പന്ഥാക്കളിലിഹ രുചിഭേ-
ദങ്ങളാൽത്തങ്ങിയൊന്നിൽ
മോദാൽപ്പോകും ജനം നിൻകഴലിണയിൽ വരും
നേരെയാഞ്ഞോ വളഞ്ഞോ,
നീതാനല്ലോ സ്മരാരേ, ശരണമിഹ നരർ-
ക്കപ്പുകൾക്കബ്ധിപോലെ
എല്ലും തോലും കപാലം മഴു ഗദയെരുതും
ചാമ്പലും പാമ്പുമല്ലാ-
തില്ലല്ലോ കേവലം നിൻകരമതിലൊരു വൻ-
പൊത്ത സമ്പത്തു ശംഭോ-,
ചില്ലീയുഗ്മം ചുളിച്ചെങ്കിലുമിഹ സുരരി-
ച്ഛിച്ചതേകുന്നഹോ! നീ
തെല്ലും സ്വാത്മാഭിരാമൻ വിഷയമരുജല-
ത്തിൽ ഭ്രമിക്കില്ലയല്ലോ!
നിത്യംതാനെന്നൊരുത്തൻ ഭുവനമഖിലവും
നിന്ദ്യമല്ലെന്നൊരുത്തൻ
നിത്യാനിത്യങ്ങളെന്നായ് നിയതമിഹ പദാർ-
ത്ഥങ്ങൾ രണ്ടെന്നൊരുത്തൻ
ഇത്ഥം ചൊല്ലിക്കുഴങ്ങുന്നജ, തവ പദപ-
ത്മത്തെയീ നിസ്ത്രപൻ ഞാൻ
വാഴ്ത്തീടുന്നെന്റെ വാചാടതയുടെ വലുതാം
ധൈര്യമാശ്ചര്യമല്ലേ?
ബ്രഹ്മാവും വിഷ്ണുവും നിന്നടിമുടികള്ള-
ന്നീടുവാൻ പാടവംപൂ-
ണ്ടമ്മേലും കീഴുമോടീട്ടവശതയിലഹോ
മഗ്നരായഗ്നിരൂപിൻ!
നിന്മാഹാത്മ്യത്തെ വാഴ്ത്തിപ്പുനരവർ നിതരാം
ഭക്തിയാൽ പിന്നെ നീതാൻ
നിൻമൂർത്ത്യാ നിന്നുപോൽ-നിൻ പരിചരണ ഫലി-
ക്കാതെപോകില്ലയല്ലോ.
മുപ്പാരും കീഴടക്കീ,യരികൾ മുതിരുവാ
നാരുമില്ലതെയായി,
കെല്പേറും കൈകളെല്ലാമടരിനഥ തരി-
പ്പെട്ടു, മുട്ടി ദശാസ്യൻ;
ത്വല്പാദബ്ജങ്ങളിൽതാൻ വരദ, തലകളാം
താമരപ്പൂക്കൾ മേന്മേ-
ലർപ്പിച്ചാബ്ബാഢഭക്തിക്കുടയ ഫലമതിൻ-
പ്രൗഢിയല്ലേയിതെല്ലാം
നിന്നെസ്സേവിച്ചു സിദ്ധിച്ചൊരു ബലഗരിമാ-
വാർന്ന ബാഹുവ്രജത്താ-
ലന്യൂനം മുഷ്കവൻ നിൻ തിരുവസതിയിലും
ധൃഷ്ടനായ് കാട്ടിയല്ലോ
ഒന്നംഗുഷ്ടം ചലിപ്പിച്ചവിടെയരുളിയെ-
ങ്കിൽക്കഴിഞ്ഞില്ലയോ പോയ്
നിന്നോ പാതാളമോളം ശിവ മഹിമവരിൽ-
ക്കെട്ടു മുഡ്ഢാളരെല്ലാം.
ജൃംഭിക്കും ഭൃത്യദൈത്യാവലിയുടെ വിളയാ-
ട്ടായി വിശ്വം ജയിച്ച-
ജ്ജംഭാരിക്കുള്ള ചൊല്ലുള്ളൊരു വലിയ വലു-
പ്പത്തെയും താഴ്ത്തി ബാണൻ
ശംഭോ! ചിന്തിക്കിലെന്തദ്ഭുതമവയിലവൻ
നിന്റെ സേവാർത്ഥിയല്ലോ
നിൻപാദാംഭോരുഹത്തിൽ സ്വയമവനതിയാർ-
ക്കുന്നതിക്കായ് ഭവിക്കാ?
പെട്ടെന്നെല്ലാ പ്രപഞ്ചങ്ങളുമുടനെ പരി-
ദ്ധ്വസ്തമാമെന്നു പേടി-
പ്പെട്ടീടും ദേവ, ദൈതേയരിലലിവൊടു നീ
കാളകൂടം കുടിച്ചു
കെട്ടിക്കണ്ഠത്തിലിപ്പോളതു വരദ! കറു-
ത്തെങ്കിലും കാന്തിയേന്തു-
ന്നൊട്ടല്ലോർത്താൽ ജഗത്തിൻഭയഹരനു വരും
ഭംഗവും ഭംഗിയല്ലോ.
ദേവൻ ദൈത്യൻ മനുഷ്യന്മുതലഖിലജഗ-
ത്തിങ്കലും കോൾതകർക്കും
തേവന്നിന്നെയ്ത ബാണം ശിവ! തിരിയെവരു-
ന്നില്ലയാ മുല്ലബാണൻ
ഭാവിച്ചു നിന്നെയന്യാമരനിരയിലൊരാ-
ളെന്നു, തീർന്നു ചരിത്രം
ഭൂവിൽ സ്മർത്തവ്യനാ;യീ യമികളൊടു പിണ-
ങ്ങീടുകിൽ കേടുതന്നെ.
പാദം തട്ടിപ്പരുങ്ങിപ്പൃഥിവി പൊടിയുമാ-
റായിടുന്നംബരത്തിൽ
ഖേദം തേടുന്നു വീശും ഭുജപരിഘമടി-
ച്ചർക്കചന്ദ്രാദിയെല്ലാം
മീതേ കേടറ്റ കറ്റജ്ജടയുടെയടിയാൽ
വെമ്പിടുന്നുമ്പർനാടും
നീതാൻ രക്ഷ്യ്ക്കുമാടുന്നനഘ! ബത! മിടു-
ക്കിന്റെ മട്ടേ മറിച്ചാം.
-: അപൂർണ്ണം :-