ശ്രീബുദ്ധചരിതം
രചന:എൻ. കുമാരനാശാൻ
രണ്ടാം കാണ്ഡം

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


കാലങ്ങൾ പോയീ, വയസ്സു പതിനെട്ടു
ചാലേ തികഞ്ഞു ഭഗവാനനന്തരം


ചേലാർന്നു പാരം സുഖാവഹമായ മൂ-
ന്നാലയം നിർമ്മിപ്പതിന്നു മഹീപതി


കല്പിച്ചിതങ്ങതിലൊന്നു ഹേമന്തത്തി-
ലുൽപ്പന്നമാം ശീതഭാധയേൽക്കാത്തതായ്,


ശില്പത്തൊടും ശിലാദേവദാരുക്കളാൽ
കല്പിതമായുള്ള നല്ല കൊട്ടാരമാം


മറ്റൊന്നു-നേരേമറിച്ചിതതിശീതമായ്
മുറ്റുമേ വേനലിൽ ചൂടു ബാധിക്കാതെ


ഉള്ളിൽ ചുവന്ന സിരകൾ വിളങ്ങുന്ന
വെള്ളക്കുളിർ ശിലയാൽ തീർത്ത ഹർമ്മ്യമാം


ചട്ടറ്റ ചെമ്പകം പൂകാൻ തുടങ്ങുമാ-
വൃഷ്ടികാലത്തിൽ വിത തുടങ്ങീടുമ്പോൾ,


ഇഷ്ടമായ്‌വാഴുവാൻ നീലമാമോടുമേ-
ഞ്ഞിഷ്ടികയാൽ തീർത്ത സൗധമാം മറ്റതും


തുഷ്ടിയോടും നൃപൻ പേരുമിമ്മൂന്നിനു-
മിട്ടാൻ ശുഭം, സുരമ്യം, രമ്യമെന്നുമേ


ചന്തം കലർന്ന മലരാർന്നവയ്ക്കെഴു-
മന്തികം ചുറ്റും വിളങ്ങി പൂവാടികൾ


നല്ല നീരോടും സഹജമാം തോടുകൾ
മെല്ലേയൊഴുകിയവിടെയെള്ളാടവും


ചിത്രമാകും കളിത്തട്ടുകളും നല്ല
പുൽത്തറയും പൂണ്ടിടയ്ക്കിടെയെങ്ങുമേ


കസ്തൂരിതന്മണമാർന്ന മാൻ‌കൂട്ടങ്ങൾ
മെത്തും വനങ്ങൾ ശോഭിച്ചു ദൂരംവരെ


സിദ്ധാർത്ഥനോമൽകുമാരകനാ വന-
മദ്ധ്യത്തിലെന്നുമേ വാണു വിലാസിയായ്


ഊഴങ്ങളങ്ങനെ പോക്കിനാനിച്ഛപോൽ
നാഴികതോറും നവവിനോദങ്ങളാൽ


സൗഖ്യമായ്ത്തന്നെ കഴിഞ്ഞൂ ദിവസമ-
ശ്ശാക്യകുമാരനു നൂനം, തിരുമെയ്യിൽ


ശ്ലാഘ്യമാതേജസ്സോടു കൂടിയ യൗവന-
മുഖ്യദശ മുതിർന്നേരി വരികയാൽ


എങ്കിലും മുൻപാർന്ന ചിന്ത ചിലനേര-
മങ്കുരിച്ചിട്ടുടൻ മങ്ങുമേ തന്മനം


ഓടും മുകിലിൻ നിഴൽ വീണടിയ്ക്കടി
പാടെയിരുളും തടാകജലം പോലെ


മന്നവനായതു സൂക്ഷിച്ചുകണ്ടുടൻ
തന്നുടെ മന്ത്രിമാരോറ്റരുളിച്ചെയ്താൻ:


“ മാന്യമതികളേ, പണ്ടസിതാഖ്യനാം
ധന്യതപോധനനെന്നോടു ചൊന്നതും,


എന്നുടെ സ്വപ്നാർത്ഥവേദികൾ ചൊന്നതും
സന്നസന്ദേഹമറിഞ്ഞിതല്ലോ നിങ്ങൾ


എൻ പ്രാണനേക്കാൾ പ്രിയമെനിക്കേറുമീ
യെൻപൈതലെങ്ങും ബഹുമാന്യനാകണം


പറ്റലർ തൻ തലയൊക്കെ മിതിച്ചവ-
നൊറ്റവെൺ‌കൊറ്റക്കുട ധരിച്ചീടണം


മന്നവർമന്നനാകേണമെൻ‌നന്ദനൻ;
നെന്നകക്കാമ്പിലുണ്ടിച്ചൊന്നതൊക്കെയും


അല്ലെങ്കിൽ നിസ്സാരമായ് നിജസൗഖ്യവു
മില്ലവും വിട്ടവൻ ഭിക്ഷുവായ് പോകണം


വല്ലാത്ത കഷ്ടതപം ചെയ്യണ,മതിൽ
വല്ല ഫലം വരുമെന്നാരറിയുന്നു?


നല്ല കാമ്യാർത്ഥങ്ങൾ കൈയിലിരിപ്പവ-
യെല്ലാം കളഞ്ഞു പിന്നെന്തു ലഭിപ്പതും?


കേൾപ്പിനെന്നാലും കുമാരനതിൽ തന്നെ
താത്പര്യമേറിവരുന്നെന്നു തോന്നുന്നു;


സൗഖ്യമേറുന്നെന്റെ സൗധങ്ങൾക്കുള്ളിൽ വൈ-
മുഖ്യമാർന്നാണവൻ വാഴുവതിന്നുമേ


എങ്ങനെയായാലവന്റെ മനം തിരി-
ഞ്ഞിങ്ങു നൃപയോഗ്യമായ വഴിക്കുതാൻ


തുംഗാഭിമാനം പ്രവേശിച്ചു രാജ്യവു-
മിംഗിതമ്പോലെ ഭരിച്ചു ഭൂമിയ്ക്കെല്ലാം


രാജാധിരാജനായ് വാനവൻ നിത്യമ-
വ്യാജമാക്കീടുമദൈവജ്ഞഭാഷിതം


എന്നോടിതിന്നൊരുപായമോർത്തോതുവിൻ
ധന്യരേ, പണ്ഡിതവൃദ്ധരല്ലോ നിങ്ങൾ”


എന്നതുകേട്ടങ്ങവരിൽ വയോധികൻ
ചൊന്നാൻ :‌- “മഹീപതേ ! പുത്രനു ചിന്തയിൽ


തോന്നും ചെറിയൊരീ വൈരാഗ്യവൃത്തികൾ
തീർന്നുപോം സ്ത്രീകളിൽ പ്രേമമുദിക്കുകിൽ

എണ്ണമൊന്നില്ലാത്ത വത്സന്റെ ചിത്തമാ-
മുണ്ണിമത്സ്യത്തെയൊരായാസമെന്നിയ്,


പെണ്ണുങ്ങൾ തൻ മിരട്ടേലും കടമിഴി-
ക്കണ്ണികൾ വീശിപ്പിടിക്കാമറിക നീ.


ചന്തമേറും സ്ത്രീജനങ്ങൾ തൻ വൈഭവ-
മെന്തറിയുന്നിതിപ്പോഴും കിടാവിവൻ


സ്വർഗവും കൂടി മറക്കുമാ‍റാക്കിടു-
മക്കടാക്ഷത്തിൻ മഹിമയും ബാലകൻ


ആകയാൽ വേഗമതി സുകുമാരിക-
ളാകും കുമാരികമാരെ ദാരങ്ങളായ്


സുന്ദരിമാരാം പ്രിയതോഴിമാരൊടും
നന്ദനനേകുക നന്നു മഹീപതേ !


പിച്ചളച്ചങ്ങലകൊണ്ടൊരാൾ പൂട്ടാത്ത
മെച്ചമേറും മനമാം മദയാനയെ


പിച്ചയായ് പൂങ്കുഴൽനാരുകൊണ്ടിങ്ങൊരു
കൊച്ചു കരിമുകിൽ‌വേണിയാൾ കെട്ടുമേ.”


എല്ലാവരുമിതുനന്നെന്നോതിനാർ
ചൊല്ലിനാനിങ്ങനെ പിന്നെയും മന്നവൻ


“ വല്ലഭമാരെക്കുമാരനുവേണ്ടി നാം
വല്ലവരും തിരഞ്ഞാൽ പന്തിയാവുമോ?


നല്ലനുരാഗികൾ തങ്ങടെ കണ്ണുകൊ-
ണ്ടല്ലോ തിരവൂ പ്രണയിജനങ്ങളെ


ഇന്നിളമാന്മിഴിമാരായ പൂക്കളെ
യൊന്നായ് നിരത്തി മലവാ‍ടിയാക്കി നാം


‘ചെന്നിഷ്ടമാം പുഷ്പമുണ്ണീയെടു'ക്കെന്നു
ചൊന്നാലുമേതും രസമറിയായ്കയാൽ


മന്ദം ചിരിച്ചവൻ കന്യാസുമങ്ങളി-
ലൊന്നിനേയും തൊടാതങ്ങൊഴിഞ്ഞെന്നുമാം”


ശങ്കിച്ചു മന്നവൻ ചൊന്നതുകേട്ടു നി-
ശ്ശങ്കമായ് മറ്റൊരു മന്ത്രി ചൊല്ലീടിനാൻ


“വൻ‌കണയേല്പോളമേ മഹാസിംഹവും
തൻ കാട്ടിലോടി നടക്കൂ നരപതേ!


മറ്റു നല്ലോർ തൻ മനം പോലവേ തന്നെ
പറ്റും കുമാരന്റെയുള്ളുമൊരുത്തിയിൽ


ഉറ്റോരവൾക്കുള്ളൊരോമനയാം മുഖം
മുറ്റുമവന്നുടൽ സ്വർഗമായ് തോന്നുമേ,


ചാലേയതുമല്ല കാണുമവൻ നിജ
ലോലയാം പൂമേനിയാളുടെ മേനിയിൽ


ചേലിയലും കിഴക്കേ ദിക്കതിൽ പുലർ-
കാലത്തെഴും ഭംഗിയെക്കാളഴകുമേ.


ആകയാലിങ്ങനെ ചെയ്യുക ഭൂപതേ!
വൈകാതെയങ്ങിങ്ങൊരുത്സവം ഘോഷിക്ക;


നാട്ടിലെക്കന്യമാരെയെല്ലാമതിൽ
കൂട്ടുക, പന്തയം വച്ചു നൃപാത്മജൻ


ശ്ലാഘ്യമാമ്പ്രായം,മഴകു,ഗുണം നല്ല
ശാക്യവർഗ്ഗത്തിൻ വിനോദങ്ങളെന്നിതിൽ


ആർക്കുമെച്ചം കാണ്മതെന്നു പരീക്ഷിച്ചീടുമ-
ച്ചന്തമേറും ചെറുപെൺകൊടിമാരവർ


തന്തിരുമേനിയെഴുന്നള്ളി വാഴ്വതി-
ന്നന്തികത്തൂടെക്കടന്നുപൊയിടുമ്പോൾ


സ്വന്തമനോജ്ഞഭാവംകൊണ്ടവന്നെഴും
സ്വാന്തമിളക്കിയവരിലാരെങ്കിലും


ചിന്തയാൽ വാടുമച്ചാരുമുഖാംബ്ജത്തി-
ലെന്തെങ്കിലും ഭാവഭേദമുണ്ടാക്കുകിൽ,


പന്തിയായിങ്ങതു സൂക്ഷിച്ചുകണ്ടുപോ-
ന്നന്തരം കൂടാതുണർത്തിടട്ടേ ചിലർ


അങ്ങനെയായാൽ പ്രണയമവർക്കവർ
തങ്ങളിൽ കണ്ടുളവായെന്നതും വരും


ഇങ്ങനെ വഞ്ചിച്ചു തൻ തിരുമെനിയെ-
സ്സംഗമിപ്പിക്കാം വിഷയസുഖത്തിലും.”


അങ്ങതു ബോധിച്ചിതെല്ലാർക്കുമാകയാ-
ലങ്ങനെ തന്നൊരു തീയതി കൽപ്പിച്ചു;


കേളിയേറും കന്യകാജനമൊക്കെയ-
ന്നാളിൽ നരേന്ദ്രന്റെ നാലുകെട്ടിനുൾലിൽ,


മേലിക്കുവാൻ കല്പനയെന്നു ഘോഷകർ
നീളേ നടന്നു വിളിച്ചറിയിച്ചിതു:


“ ലീലാർത്ഥമായൊരു മേളനമുണ്ടതിൽ
ബാലികമാർക്കു കൈയാൽ കൊച്ചുതമ്പുരാൻ


നല്ല സമ്മാനങ്ങൾ നൽകുമതിലേറെ
നല്ലവൾക്കെത്രയും നല്ലതു നൽകീടും.”


എന്നുമറിവിച്ചു, കൊട്ടാരവാതുക്കൽ
വന്നു നിറഞ്ഞിതിളമാൻ മിഴിമാരും.


കാർമുകിൽക്കൂന്തൽ ചീകിക്കെട്ടിയും നല്ല
വാർമിഴിയിൽ പുത്തനായ് മയ്യെഴുതിയും


ബന്ധുരഗാത്രിമാർ വന്നു നീരാടിയും
ഗന്ധമണിഞ്ഞു പൂമാലകൾ ചൂടിയും


ചിത്രതരങ്ങളാം പൂഞ്ചേലകൾ നല്ലൊ-
രുത്തരീയങ്ങളും ചാർത്തിയും കന്യമാർ,


മൈലാഞ്ചിയാൽ ചുവപ്പിച്ചും കരമലർ
കോലരക്കിൻ ചാറണിഞ്ഞുമടികളിൽ


ബാലേന്ദുവൊക്കുന്ന ഫാലദേശത്തതി-
ലോലമാം പൊട്ടുകൾ പൂണ്ടും വിളങ്ങിനാർ


ശ്ലാഘ്യമാമ്മാറുടനിങ്ങനെ കൂടിയ-
ശ്ശാക്യനഗരിയിലെക്കൊച്ചുപെണ്ണുങ്ങൾ,


ചേണാർന്നൊരാസ്യം കുനിച്ചും മിഴികളാൽ
ക്ഷോണിയെ നോക്കിയുമക്കുമാരാന്തികം

നാണം കുണുങ്ങി നടന്നടുക്കുന്നതു
കാണേണ്ടകാഴ്ചതാനില്ലൊരു സംശയം


അഞ്ചിത്തിരുമുൻപണഞ്ഞനേരത്തേറെ
നെഞ്ചിടിയാർന്നു തേങ്ങീടിനാർ കന്യമാർ,


രാജപ്രഭാവത്തിലും വലുതായൊര-
വ്യാജമാഹാത്മ്യം കുമാരനിൽ കാൺകയാൽ.


എന്നാലകതാരിലങ്ങുവികാരങ്ങ-
ളൊന്നുമില്ലാതെയും ശാന്തനായും സ്വയം


മന്നവനന്ദനൻ വാണാൻ കുമാരിമാർ
മുന്നിലനവതുതാൻ ഗണിയാതെയും


പിന്നെയവരിലോരോരോ കൃശാംഗിയും
തന്നുടെ തന്നുടെസമ്മാനമേകവേ,


വെമ്പിക്കുമാരനെ നോക്കാതെയാനനം
കുമ്പിട്ടു നിന്നു കൈനീട്ടി വാങ്ങീടിനാൾ


മന്നവന്മാർ കൊതിക്കത്തക്ക സൗന്ദര്യ-
മന്യാദൃശം കണ്ടൊരുത്തിയിൽ കാ‍ണികൾ,


നന്നായവളെയഭിനന്ദനം ചെയ്കിൽ,
വന്നത്തരുണിയും രാജകുമാരന്റെ


അൻപാർന്ന തൃക്കൈ തൊടാൻ പേടിയായ് ഭയ-
കമ്പമിയന്നൊരു മാൻപേടപോലവേ,


മുൻപിൽ ഭ്രമിച്ചൊന്നു നിൽക്കുമെന്നിട്ടു പോയ്
മുമ്പേ ഗമിച്ചവരോടുതാൻ കൂടുമേ;


അത്ര ദിവ്യത്വവുമത്ര ഗാംഭീര്യവു-
മത്രതന്നെതാഴ്ത്തുമാത്മമാഹാത്മ്യവും


അത്തയ്യലാൾക്കു തന്നിൽ തോന്നീടുമ്പടി
ശുദ്ധൊദനസുതൻ ശാന്തൻ വിളങ്ങിനാൻ


ആരോമൽമേനിമാരപ്പുരമാകുന്നൊ-
രാരാമഭൂവിൽ വിലസുന്ന പുഷ്പങ്ങൾ,


ഓരോരുപെൺകൊടിമാരടുത്തിങ്ങനെ
ചെരുമാറായ് ചെന്നു കൂട്ടമായ് കൂട്ടമായ്


മേന്മേലതുപോലെ വന്നണഞ്ഞീടിനോ-
രമ്മോഹനാംഗിമാർ തൻ കൂട്ടമൊക്കവേ



ഇമ്മാതിരിയവസാനിച്ചു; തീർന്നിതു
സമ്മാനമായ വെലപെറും ദ്രവ്യവും


അപ്പൊഴുതാരാൽ നടന്നണഞ്ഞീടിനാ-
ലുത്പലലോചന, ബാല യശോധര;


അപ്പൂവൽമെനിയെക്കണ്ടു ഭഗവാനു
കെല്പുവിട്ടൊന്നു നടുങ്ങി തിരുവുടൽ


അന്തികവാസികൾ കണ്ടാരതുമഹോ
എന്തൊരു ദിവ്യവനിതാകൃതിയിവൾ !


ചർവ്വംഗി തൻ നടപ്പിൻ പ്രൗഢിയാൽ സ്വയം
പാർവതിതാനവളെന്നു തോന്നീടുമേ;


ക്രീഡ്യിൽ കാമിച്ചിണയെ നോക്കുന്ന മാൻ
പേടയ്ക്കവൾക്കും മിഴിയഴകൊന്നുതാൻ


ഓമലാൾ തൻ മുഖത്തിൻ മോഹനാഭയെ
ഹാ! മൊഴികൊണ്ടുവാഴ്ത്താവതല്ലൊരുവനും


നെഞ്ചത്തഴകിൽ പിണച്ചുകൈകെട്ടിയും
ചഞ്ചൊത്ത കണ്ഠനാളം കുനിയ്ക്കാതെയും


മഞ്ചമണഞ്ഞവൾ മാത്രം കുമാരന്റെ-
യഞ്ചിതമാം മുഖമഞ്ചാതെ നോക്കിനാൾ


കൊഞ്ചി “യെനിക്കു സമ്മാനമില്ലേ?” യെന്നു
തഞ്ചമായ് ചോദിച്ചു പുഞ്ചിരി തൂകിനാൾ


“ എല്ലാമൊടുങ്ങി സമ്മാനമെന്നാകിലും
വല്ലായ്മവേണ്ട നിനക്കതിലോമലേ !


നല്ലൊരു നമ്മുടെയിന്നഗരത്തിലെ
നല്ലാര്യശ്ശൈന്റെ നാമ്പേ ഭവതിയ്ക്കു


ഞാൻ തരാം വേറൊരുപായന’ മെന്നുടൻ
സ്വാന്തമോദത്തോടരുളി നൃപാത്മജൻ


സ്വന്തകണ്ഠത്തിൽ കറുകനാമ്പിങ്കാന്തി-
ചിന്തി വിളങ്ങും മരതകമാലയെ


താന്തന്നെയൂരിയെടുത്തു, തൃക്കൈകളാൽ
കാന്തികാളും മണിയൊക്കെ യോജിപ്പിച്ചു


കെട്ടിക്കൊടുത്താൻ കുമാരൻ കനിവോട-
പ്പട്ടൊത്ത മേനിയാൾതന്നരക്കച്ചമേൽ


നോട്ടങ്ങൾതമ്മിലിടഞ്ഞിതവർക്കുടൻ
പെട്ടെന്നതിൽ നിന്നുദിച്ചൂ പ്രണയവും


ഏറെ വർഷങ്ങൾ കഴിഞ്ഞു പിന്നെ ജ്ഞാന-
മേറിബ്‌ഭഗവനഖിലജ്ഞനായ നാൾ


കൂറിയലും ചിലർ ചോദിച്ചിതച്ചെറു-
കാറണിവേണി കറ്റക്കൺനയയ്ക്കവേ,


തന്തിരുവുള്ളത്തിലെന്തനുരാഗമാം
വന്തീഝടുതി പിടിച്ചതെന്നിങ്ങനെ.



ചിന്തിച്ചു ചൊന്നാൻ ഭഗവാനുമുത്തരം:
“ ചിന്തയിലന്നു സദസ്യരും ഞങ്ങളും


മോഹമാർന്നോർത്തപോലന്യോന്യമോരാത്ത
ദേഹികളയായിരുന്നു സ്വയം ഞങ്ങൾ“


എങ്ങനെയെന്നതും കേൾപ്പിന്നായുടൻ
മംഗലാത്മാവരുൾ ചെയ്തു പുരാവൃത്തം:


“പണ്ടുപണ്ടേറെ യുഗങ്ങൾക്കു മുൻപു പേർ-
കൊണ്ട കാളിന്ദി തന്നുത്ഭവഭൂമിയിൽ


ഉന്നതമായുള്ള നന്ദദേവാഖ്യമാം
കുന്നിന്റെ താഴ്വരതന്നിലടവിയിൽ


പ്രായമൊക്കും പെൺ‌കിടാങ്ങളുമൊത്തൊരു
നായാടി തന്മകൾ കേളിയാടീടിനാൻ


അന്തിയ്ക്കു വട്ടം ചുഴന്നു മുയലുകൾ
ചന്തത്തിൽ മണ്ടിക്കളിക്കുന്നതു പോലെ


ഉത്സാഹമുൾക്കൊണ്ടു ദേവദാരുക്കൾ തൻ
നത്സാന്ദ്രമാം നിഴലാർന്ന നിലങ്ങളിൽ


തത്സമീപത്തിൽ മെച്ചം നേടുവാൻ തമ്മിൽ
മത്സരിച്ചോടിനാർ കൊച്ചുവേടത്തികൾ


ഓട്ടത്തിനന്നു സമ്മാനമായേകയെ-
ക്കാട്ടുമലർ കൊയ്തലങ്കരിച്ചാനവൻ;


പൊട്ടിച്ചെടുത്തമയിൽപ്പീലിയും നല്ല-
ചട്ടറ്റ കാട്ടുപൂങ്കോഴിതൻ തൂവലും


ചേർത്തഴകോടും ചെറുപുരികൂന്തലിൽ
ചാർത്തിയവൻ രസിപ്പിച്ചിതൊരുത്തിയെ;


വേറൊരു കൊച്ചുചെറുമിക്കു വൃക്ഷത്തി-
ലേറിപ്പഴങ്ങൾ പറിച്ചേകി വത്സലൻ


എല്ലാറ്റിനുമൊടുവില്പൊന്നൊരു ചെറു-
മല്ലമിഴിക്കവൻ മുഖ്യത കൽപ്പിച്ചു


ചെല്ലമായ് താൻ വളർത്തും മാൻ‌കിടാവെയെ-
ന്നല്ലവൾക്കായ് തൻ ഹൃദയവുമേകിനാൻ


ഇങ്ങനെ വേട്ടു പിന്നേറിയകാലമ-
ബ്‌ഭംഗിയെഴും കാട്ടിലൊന്നിച്ചു വാണവർ


മംഗലമായ് നാൾകഴിച്ചിതവിടെത്തന്നെ
തങ്ങളിൽ വേർപിരിയാതെ മരിച്ചിതു


കേൾക്കുവിൻ മണ്ണിൽ മറഞ്ഞേറെ നാൾ, മഴ-
യേൾക്കാതെ കാഞ്ഞു കിടക്കിലും വിത്തുകൾ


ആക്കമോടും പിന്നൊരിക്കൽ മുളച്ചുടൻ
വായ്ക്കും ചെടിയായ് ; സ്വഭാവത്തിനൊത്തതിൽ


പൂക്കും ശുഭാശുഭഗന്ധമെഴും പൂക്കൾ
കായ്ക്കും മധുരവും കയ്പുമേലും ഫലം;


ആയതുപോലെ, യവനവൻ നല്ലതും
തീയതുമായ് പലനാളുമോരോവിധം


പോയോരു ജന്മങ്ങളിൽ ചെയ്ത കർമ്മങ്ങൾ
മായതെ രാഗവും ദ്വേഷവുമായ്ത്തീർന്നു


തക്കകാലത്തു താന്താങ്ങൾക്കരുളുന്നു
സൗഖ്യവും ദുഃഖവും ജന്മാന്തരങ്ങളിൽ


നിൽക്കാതിവണ്ണം തിരിയും ജനിമൃതി-
ചക്രത്തിൽ വീണു ചുഴലുന്നു ദേഹികൾ;


ആർക്കുമേ തങ്ങടെ കർമ്മഫലങ്ങളെ
നേർക്കാതൊഴിച്ചു വിടാവതല്ലായ്കയാൽ


ഞാനായിരുന്നു ചെറുമനന്നച്ചെറു-
മീനമിഴിയായിരുന്നു യശോധര


നൂനമതുകൊണ്ടു ഞങ്ങൾക്കു തങ്ങളിൽ
മാനസബന്ധമുണ്ടായതുമങ്ങനെ.”


പിന്നെ നൃപാത്മജൻ സമ്മാനമേകിയ-
തുന്നിനോക്കിക്കൊണ്ടിരുന്ന ജനം ചെന്നു


ധന്യഭാവത്തൊടും ചിന്താകുലനായ
മന്നവനോടുണർത്തിച്ചിതവസ്ഥകൾ


തത്പുത്രസന്നിധിയിൽ മഹാനായ
സുപ്രബുദ്ധന്റെ മകളാം യശോധര


കെൽപ്പോടണയും വരെക്കുമാരൻ തന്റെ-
യുൾപ്പൂവലയാതെ താൻ വാണിരുന്നതും,


പെട്ടെന്ന് കണ്ടവളെത്തൻ മുഖത്തിന്റെ
മട്ടിന്നു തെല്ലൊരു മാറ്റമുണ്ടായതും


കുട്ടിമാൻ‌കണ്ണി കടക്കണ്ണയച്ചതും
സ്പഷ്ടമവളെയവൻ കടാക്ഷിച്ചതും


നല്ല മരതകമാല കൊടുത്തതും
മെല്ലവേ പുഞ്ചിരിക്കൊഞ്ചൽ കലർന്നതും


എല്ലാം ശ്രവിച്ചു നൃപൻ പുത്രവത്സലൻ
തെല്ലു ചെറുചിരി തൂവിയരുൾചെയ്താൻ


“കിട്ടിയല്ലോ നമുക്കിന്നൊരിര, വിണ്ണിൽ
മുട്ടിപ്പറക്കുമപ്പക്ഷിയെ വീഴ്ത്തുവാൻ


വിട്ടിടാതായതിനിയോർക്ക യോഗ്യമാം-
മട്ടിൽ ഘടനയ്ക്കുപായം ചതുരരേ!


ദൂതജനത്തെയയച്ചെൻ കുമാരനാ-
യേതുമേ വൈകാതെയക്കന്യയാളുടെ


താതനാം സുപ്രബുദ്ധൻ തന്നൊടായ് ചെറു-
ശാതോദരിയെ വേളിക്കു ചോദിക്കനാം.”


എന്നാലൊരു കന്യയേറ്റം കുലീനയും
സുന്ദരിയും സർവകാമ്യയുമാകിലോ



വന്നാ വധുവെ വരിക്കും യുവാവു മുൻ
വെന്നീടണം അസ്ത്രവിദ്യയിലന്യരെ


അക്കാരണത്താൽ തരുണർക്കു തങ്ങളിൽ
വക്കാണമുണ്ടാം സ്വയംവരവേളയിൽ


ശാക്യജാതിയ്ക്കിതു ചട്ടമിതിനൊരു
നീക്കുപോക്കില്ല നൃപതികൾക്കാകിലും


ആകയാലെത്തിയ ദൂതരോടിങ്ങനെ
യാകുലനായ് സുപ്രബുദ്ധനരുൾ ചെയ്തു :


“ കന്യക തൻ കൈത്താർ പലദിക്കിലുമുള്ള
ധന്യരാം രാജപുത്രന്മാർ കൊതിയ്ക്കുന്നു;


ഇന്നവരെക്കാൾ തിറമോടു തന്തിരു
നന്ദനൻ ശാന്തശീലൻ വിൽക്കുലയ്ക്കയും


നന്നായി വാൾ വീശുകയും മരുങ്ങാതെ
നിന്നീടുമശ്വത്തെയേറിയോടിക്കയും


എന്നുവേണ്ടയെതിർപ്പോരെയേതും ചെയ്തു
വെന്നു വരികിൽ നമുക്കവൻ ശ്ലാഘ്യനാം


എന്നാൽ മുനിപോലെ ശാന്തനാമീ നൃപ-
നന്ദനനാലതു സാദ്ധ്യമാകുന്നതോ?


എന്നതു ചിന്തിക്കണമിതു പോയ് നിങ്ങൾ
മന്നവനോടുണർത്തീടുവിൻ മാന്യരേ!“


ദൂതരുമിങ്ങനെ ചെന്നറിയിച്ചിതു;
ചേതസ്സിലാധികലർന്നു നൃപേന്ദ്രനും :


“കഷ്ടമെന്നുണ്ണിയശോധരയെ സ്വയം
തുഷ്ടനായ് കാമിച്ചതൊക്കെ വിഫലമായ് !


വില്ലാളികളിൽ മുൻപൻ ദേവദത്തനും
കല്യൻ കുതിരയോടിപ്പാൻ വിരുതാർന്ന


ചൊല്ലേറുമർജ്ജുനനും വാൾപ്പയറ്റിങ്ക-
ലെല്ലാർക്കുമാദ്യനാം നന്ദനുമുള്ള നാൾ


എന്മകനെങ്ങനെയീ വീരവിദ്യയിൽ
മേന്മനേടിപ്പെൺകൊടിയെ ലഭിപ്പതും?”


ഇങ്ങനെ ഖേദിച്ച താതനോടായ് പുത്ര-
നിംഗിതജ്ഞൻ പുഞ്ചിരി പൂണ്ടു ചൊല്ലിനാൻ


“ അച്ഛൻ വിഷാദിച്ചിടേണ്ടയീ വിദ്യയും
മെച്ചമോടും ഞാൻ പഠിച്ചതാണൊക്കെയും;


ഇച്ഛപോലിന്നിതിലെതിലുമേവനും
കച്ചകെട്ടീടട്ടേ, യെന്നോടെതിർക്കുവാൻ


നിശ്ചയം ഞാനതിൽ പിൻ‌വാങ്ങിയാശിച്ചൊ-
രച്ചപലാക്ഷിയെ കൈവിടുകില്ല താൻ


ഇച്ചൊന്നപോൽ തന്നെ താതൻ വിളംബരം
സ്വച്ഛന്ദമായിന്നു ചെയ്കയേ വേണ്ടൂ.”



ഇത്തരം പുത്രന്റെ വാക്കു കേട്ടുത്സുകൻ
ശുദ്ധോദനനൃപൻ ഘോഷണം ചെയ്തിതു:


“ഇത്തീയതിതൊട്ടൊരേഴാം ദിനമുണ്ണി
സിദ്ധാർത്ഥനെന്റെ കുമാരൻ കളരിയിൽ,


ഉദ്ധതന്മാരാമെതിരാളികളോടായ്
പ്രത്യേകമാവീരവിദ്യയിലേതിലും


ബദ്ധസംരംഭമെതിർക്കും വിജയിക്കു-
സിദ്ധയാം കൈയിൽ യശോധര“ യെന്നുമേ


പിന്നതു പോലെയേഴാം ദിവസം ശാക്യ-
മന്നവന്മാർ പൗരജാനപദന്മാരും


ഒന്നൊഴിയാതെപ്പന്തയം കാണുവാൻ
ചെന്നു നിറഞ്ഞിതു മൈതാനഭൂമിയിൽ


പൊന്നുകെട്ടീടിന കൊമ്പും പലവിധം
മിന്നുന്ന പൂവിരിപ്പും പൂണ്ട കാളകൾ


അന്യൂനവാദ്യഘോഷങ്ങൾ തുടങ്ങിയ
സ്സന്നാഹമെല്ലാമിയന്നക്കളരിയിൽ


സ്വന്തമകമ്പടിക്കാർ നടുവേ നല്ല
ചന്തവും വർണ്ണവുമാർന്ന പല്ലക്കേറി


ബന്ധുരഗാത്രി യശോധരയും തന്റെ
ബന്ധുജനങ്ങളുമായണഞ്ഞീടിനാൾ


കണ്ടു മുൻപിൽക്കമനീയാംഗിയെ മന-
ത്തണ്ടാരലഞ്ഞ തരുണരിൽ മുഖ്യരാം


പൃഥ്വീശവംശജൻ ദേവദത്തൻ പ്രഭു-
പുത്രരാം നന്ദുനുമർജ്ജുനൻ താനുമേ


‘ഇത്തയ്യലാളെനിക്കുള്ളതെനിക്കുള്ള’-
തിത്തരം തങ്ങളിൽ വാതുകൂറീടിനാർ.


അപ്പൊഴുതാരാൽ നിജ ‘കാന്താക’മെന്നു
ചൊല്പൊങ്ങിടുന്നൊരു വെള്ളക്കുതിരയിൽ


അബ്‌ഭൂമിതന്നിലഖിമനോഹരൻ
കെല്പോടെഴുന്നിള്ളിനാൽ കൊച്ചുതമ്പുരാൻ


മുൻപു കണ്ടീടാത്തവണ്ണം വെളിയിലാ
വൻ‌പുരുഷാരങ്ങൾ പാർത്തദ്ഭുതത്തിനാൽ


ഉമ്പർ‌കോൻ വാജിയ്ക്കെതിരായ കാന്തക-
മമ്പോടുമാർന്നു ഹേഷാഘോഷമൊന്നുടൻ


മന്നവന്മാർക്കു കീഴ്പെട്ടുമവരിൽനി-
ന്നന്യമാമ്മാറൂണുടുപ്പുകൾ ഭേദിച്ചും


എന്നാൽ സ്വയം ദുഃഖാനുഭൂതിക-
ളൊന്നുപോലാർന്നും കഴിയും ജനാവലി


വന്നു തിളങ്ങുന്നതു വിസ്മയം പൂണ്ടുതാ-
നൊന്നു തൃക്കൺ പാർത്തു രാജകുമാരനും

സന്നിധിതന്നിലുടൻ മോഹനകാന്തി
ചിന്നി സ്വയംവരമോർത്തു നിന്നീടുന്ന


സുന്ദരിയാകും യശോധരയെക്കണ്ടു
മന്ദം മഹാത്മാവു പുഞ്ചിരിതൂകിനാൻ


എന്നല്ലൊരുകരത്തിൽ പട്ടുനൂൽകൊണ്ടു
നന്നായ് ചമച്ച കടിഞ്ഞാൺ പിടിച്ചുടൻ


ചാടിനാൻ കാന്തകത്തിന്റെ വിശാലത
തേടും മുതുകിൽനിന്നക്ഷണമൂഴിയിൽ


“പേടമാങ്കണ്ണിമാരൊക്കെ മൂടിയതിൽ
ചൂടുന്ന രത്നമാമിപ്പേശലാംഗിയെ


പാടില്ല തീണ്ടുവാനേറ്റവും യോഗ്യത
കൂടും പുമാന്റെ കരതാരെന്നിയേ,“


എന്നു വിളിച്ചു പറഞ്ഞെതിരാളികൾ
നിന്നദിക്കിന്നു നോക്കിത്തന്തിരുവടി,


“ഇന്നു ഞാനിക്കന്യയാളെ മോഹിക്കുവ-
തെന്നുമേ സാഹസമെന്നു കരുതുവോർ


വന്നു പരീക്ഷിച്ചു നോക്കാം വിരോധമി”
ല്ലെന്നുടൻ വാതുമുരചെയ്തരുളിനാൻ


വീറോടും വില്ലാളി നന്ദനുടൻ മുമ്പു
കേറി വാദിച്ചിതു കോൾ മുറിച്ചീടുവാൻ


മാറാതൊരു വെങ്കലപ്പറ ലക്ഷ്യമാ-
യാറു ഗവ്യൂതിയകലെവച്ചാനവൻ


ഒട്ടും കുറച്ചീലയർജ്ജുനനും ദൂര-
മെട്ടു ഗവ്യൂതിയാക്കീ ദേവദത്തനും;


സത്വരമായതു കണ്ടകതാരിങ്കൽ
മെത്തുമുത്സാഹം കലർന്നു കുമാരകൻ


സിദ്ധാർത്ഥനാജ്ഞാപനം ചെയ്തു തൻപറ
പത്തു ഗവ്യൂതിയകലെ വച്ചീടുവാൻ


അത്രദൂരത്തപ്പെരുമ്പറ കാണായി-
തെത്രയും സൂക്ഷ്മമായോരു കവടിപോൽ


മുൻപിട്ടുപിന്നെതിരാളികൾ കോൾ കുറി-
ച്ചമ്പുകളെയ്തു തുടങ്ങിനാർ മൂവരും


തമ്പറയെയ്തു മുറിച്ചിതു നന്ദനും;
തമ്പറയർജ്ജുനൻ‌താനും മുറിച്ചിതു;


തെറ്റെന്നുടൻ ദേവദത്തനും തൻ‌കുറി-
തെറ്റാതെ നോക്കിയയച്ചിതു സായകം;


മുറ്റുമതു കോൾ മുറിച്ചു ലക്ഷ്യത്തിന്റെ
മറ്റേപ്പുറവും കടന്നകലെപ്പോയി


കണ്ട മഹാജനമദ്ഭുതം കൈക്കൊണ്ടു
കൊണ്ടാടിയാർത്തു വിളിച്ചിതു തത്ക്ഷണം

“ഉണ്ടാം പ്രിയനിനിത്തോൽ‌വിയിനിക്കതു
കണ്ടുകൂടാ”യെന്നു കാതരയായുടൻ


ഇണ്ടൽകൈക്കൊണ്ടു യശൊധരയും മുഖ-
ത്തണ്ടാർ മറച്ചു പൊൻ‌മൂടുപടത്തിനാൽ


കല്യൻ കുമാരനപ്പോൾ മിനുത്തുള്ളതാം
നല്ല ചായം പൂണ്ടു തണ്ടിൽ ഞരമ്പുകൾ


എല്ലാടവും വരിഞ്ഞുള്ളതായ്, ശുഭ്രമാ-
യുള്ളസിക്കും വെള്ളിഞാണിയലുന്നതായ്,


വല്ലാത്ത കെൽപ്പെഴും കൈക്കെന്നി പൂട്ടിടാ
വല്ലാത്തതായി വിരുതേറിടുന്നൊരാ


വില്ലാളികളുപയോഗിച്ച കാർമുകം
മെല്ലവേ ചെന്നു കരതാരിലേന്തിനാൻ


തെല്ലുടൻ പുഞ്ചിരി തൂവിനാനംഗുലി-
പല്ലവത്താൽ ചെറു ഞാണൊലി കൂട്ടിനാൻ


പൂട്ടിനാൻ വില്ലുകുലച്ചു രണ്ടഗ്രവും
കൂട്ടിമുട്ടീടുമാറക്ഷണം കോമളൻ


ഒട്ടേറെ വണ്ണമിയന്നോരു വിൽക്കോലു
പൊട്ടിമുറിഞ്ഞുടൻ വീണു ധരണിയിൽ


ആലുകളാശ്ചര്യമഗ്നരായാരുടൻ
നാളീകമോഹനവക്ത്രനരുൾ ചെയ്താൻ


“കേളിയായ്ക്കാട്ടിനേനിത്തൊഴിൽ കേവലം
വേളിക്കുവേണ്ടി വിരുതിനല്ലോർക്കുവിൻ


കേളിയേറും ശാക്യമന്നവന്മാർക്കിതെ-
ക്കാളേറെ യോഗ്യമാം കാർമുകമില്ലയോ?


കൊണ്ടുവന്നീടുവിൻ നല്ല വില്ലെങ്ങാനു-
മുണ്ടെങ്കി”ലെന്നതു കേട്ടൊരാൾ ചൊല്ലിനാൻ :


“പണ്ടു പണ്ടേ നൃപൻ സിംഹഹനുവിന്റെ
കൊണ്ടാടിടേണ്ടൊരു വില്ലുണ്ടു കോവിലിൽ


പൂജിച്ചു വച്ചിരിക്കുന്നു ഞാണായതിൽ
യോജിക്കുമാറു പൂട്ടാവല്ലൊരാൾക്കുമേ


പൂട്ടിയാലും ഞാൺ വലിച്ചു ബാണം ചേർത്തു
കോട്ടം വെടിഞ്ഞു കുലയ്ക്കാവതുമല്ല.”


എന്നതുകേട്ടു കുമാരനരുൾ ചെയ്തു:
“നന്നതു പൂരുഷയൊഗ്യമാമായുധം


ഇന്നിനിക്കായതു തന്നെ വേണം കൊണ്ടു-
വന്നീടുവിൻ നിങ്ങളേതും മടിയാതെ.”


ചാരത്തുടനെയാനീതമായീ, സ്വർണ്ണ-
ചാരുലതാശില്പശോഭിശൃംഗാഞ്ചിതം,


ഭാരം കലർന്നൊരു കാരിരുമ്പാൽ തീർത്ത
പാരം പുരാതനമാമശ്ശരാസനം.



സിദ്ധാർത്ഥനാവില്ലു കണ്ടു കൈത്താരിനാൽ
ബദ്ധാദരം ചെന്നെടുത്തു തിരുമുട്ടിൽ


ചേർത്തു രണ്ടാവൃത്തി ശക്തി പരീക്ഷിച്ചു
പേർത്തുമീവണ്ണമരുൾ ചെയ്തു വീര്യവാൻ :


“ ഈ വില്ലിലമ്പു തൊടുത്തെയ്യുവിൻ വീര-
ഭാവം കലർന്ന സഹൊദരരേ ! നിങ്ങൾ”


ഈ വാക്കു കേട്ടണഞ്ഞദ്ധനുസ്സേന്തുവാ-
നാവതില്ലാഞ്ഞു മടങ്ങി വില്ലാളിമാർ


അപ്പോൾ കുമാരകൻ മുമ്പിൽ ചുവടുവ-
ച്ചല്പം കുനിഞ്ഞു തൃക്കൈയാൽ ശരാസനം


ക്ഷിപ്രമെടുത്തു കുലച്ചുടൻ ഞാൺ‌തല
കെല്പിൽ വലിച്ചതിൻ‌കോടിയിൽ പൂട്ടിനാൻ;


ഉച്ചത്തിൽ ഞാണൊലി കൂട്ടിനാൻ; പക്ഷീന്ദ്ര-
നുച്ചലിപ്പിക്കും ചിറകിൻ സ്വനം പോലെ


മെച്ചമോടദ്ധ്വനി കാറ്റിൽ മൂളി ദ്രുത-
മൊച്ച മുഴക്കിദ്ദിഗന്തങ്ങളെങ്ങുമേ


എന്തൊരു ശബ്ദമിതെന്നുടൻ പേടിച്ചു
ചിന്തയാൽ നാട്ടിൽ ജനങ്ങൾ കുഴങ്ങിനാർ


ചൊല്ലിനാരായതു സിംഹഹനുവിന്റെ
വില്ലിന്റെ ഞാണൊച്ചയെന്നുമറിഞ്ഞവർ,


കല്യാണരൂപൻ നൃപസുതൻ മൗർവ്വിയെ
മെല്ലേ വലിച്ചതിൽ പൂട്ടിനാനെന്നതും


അല്ലൽകൂടാതതിലമ്പു തൊടുത്തവൻ
കില്ലകന്നെയ്തീടുമെന്നതുമോതിനാർ

പിന്നെശ്ശരമതിൽ ചേർത്തു ചെമ്മേ യുവ-
മന്നവൻ ലാക്കു നോക്കി പ്രയോഗിച്ചിതു


മൂർച്ചയേറുന്നമ്പു വിണ്ണിനെ ‘ദ്ദാരുവെ-
യീർച്ചവാൾ പോലെ’ കീറിപ്പാഞ്ഞു ചെന്നുടൻ


ഏറ്റവും ദൂരത്തിരുന്നോരു ലക്ഷ്യത്തെ
മാറ്റമില്ലാതെ മുറിച്ചദ്ധരണിയിൽ,


ചെറ്റു നിൽക്കാതെ ചീലെന്നു മുകളൂടെ
മുറ്റുമകലത്തു പോയി മറഞ്ഞിതു


മാറാതെ പിന്നെയും ദേവദത്തൻ വാതു
കൂറി, വാൾ‌വിദ്യയ്ക്കെതിർത്തണഞ്ഞഞ്ജസാ


ആറംഗുലം വണ്ണമുള്ള കരുമ്പന
വീറോടു വെട്ടി രണ്ടായ് മുറിച്ചീടിനാൻ


ഏഴംഗുലം ഘനമുള്ള താലം ചെറു-
വാഴപോലർജ്ജുനനും വെട്ടി വീഴ്ത്തിനാൻ


ഒമ്പതു വണ്ണമേലും പന നന്ദനു-
മമ്പോടു വെട്ടി രണ്ടായ് മുറിച്ചാനുടൻ


ആയതുപോലെ താൻ വണ്ണമുള്ളോരു ര-
ണ്ടായതമായി വളർന്ന പനകളെ


ആയാസമെന്നിയനഞ്ഞൊരു വെട്ടിനാൽ
മായാസുതൻ മാഹാത്മാ മുറിച്ചീടിനാൻ


എന്നാൽ മുറികൾ വേർപ്പെട്ടു വീഴാതഹോ!
നിന്നൂ നെടുമ്പന രണ്ടും ക്ഷണനേരം


മിന്നിയമ്മൂർച്ചയേറും വാളകത്തൂടെ
മിന്നൽപ്പിണർപോലെ പാഞ്ഞു പോയീടിലും


“തെറ്റീ കുമാരന്റെ വെട്ടെ;ന്നു നന്ദനും
തെറ്റെന്നു ഹന്ത ! വിളിച്ചുഘോഷിച്ചിതു


ഉറ്റഭയത്താൽ യശൊധരതാനുമേ
മുറ്റും നടുങ്ങീ മരങ്ങൾ വീഴായ്കയാൽ


അപ്പോഴണഞ്ഞു ദേവാജ്ഞയാൽ തെക്കു നി-
ന്നുല്പന്നമോദമിളങ്കാറ്റു മെല്ലവേ


ശില്പമായ് മേൽമകുടങ്ങൾ പോൽ ചൂഴ്ന്നെഴും
നല്പത്രകങ്ങളിൽ മൂളിയടിച്ചുടൻ


ഒപ്പം മുറിഞ്ഞുള്ള സന്ധികൾ വേർപെടു-
ത്തപ്പന രണ്ടും മറിച്ചിട്ടു ഭൂമിയിൽ.


പിന്നെച്ചൊടിപ്പാർന്ന നല്ലഹയങ്ങളെ
സ്സന്നാഹമോടും വരുത്തി ദ്രുതമവർ


ചേർന്നുടൻ വാദിച്ചു കൊണ്ടക്കളരിയിൽ
മൂന്നുനാലാവൃത്തിയോടിച്ചു ചൂഴവും


ചീറ്റമിയന്നു പാഞ്ഞീടുമവറ്റയി-
ലേറ്റവും വേഗമേറും വാജി തന്നെയും


മാറ്റി മുമ്പേ പാഞ്ഞു മഞ്ഞിൻ നിറമാർന്നു
കാറ്റു പോലോടും കുമാരന്റെ ‘കാന്തകം’


അത്ഭുതമോർക്കുകിൽ സ്വന്തമുഖത്തു നി-
ന്നുത്ഭൂതഭേനം നിലത്തു വീഴും മുൻപേ


കെൽപ്പോടിരുപതു വേൽക്കോലകലമ-
ച്ചൊല്പൊങ്ങിടുന്ന കുതിര പാഞ്ഞെത്തുമേ


നന്ദനുടനോതി ‘ഞങ്ങളും പന്തയം
വെന്നീടുമീയശ്വവീരനെകിട്ടിയാൽ


ചെന്നാശു കൊണ്ടുവരുവിൻ മരുങ്ങാതെ
നിന്നിടും വാജിമല്ലന്മാരിലൊന്നിനെ


കേറിയതിനെയോടിക്കുവാൻ സാമർത്ഥ്യ
മേറുന്നതാർക്കെന്നു കണ്ടിടട്ടേ ജനം


ഗീരിതുകേട്ടശ്വപാലകർ ചെന്നൊരു
കൂരിരുൾ പോലെ കറുത്ത കുതിരയെ


നാലഞ്ചു ചങ്ങലകൊണ്ടു ബന്ധിച്ചതി-
വേലം പണിപ്പെട്ടു കൊണ്ടു വന്നീടിനാർ


ആരും ഭയപ്പെടും ദൃഷ്ടികളും മഹാ-
ഘോരമാം വിസ്തൃതനാസാപുടങ്ങളും


പാരം തിരപോലിളം കരിംചിട
പൂരിച്ച പീവരമാം കണ്ഠനാളവും


തേടുമാ വാജിവീരൻ വന്നു നിന്നിതേ
ലാടമില്ലാതെയും ജീനികൂടാതെയും


അന്നാൾവരയ്ക്കുമക്കൂറ്റൻ കുതിരയെ
ച്ചെന്നു തൊട്ടിട്ടില്ലൊരാളുമോടിക്കുവാൻ


എന്നാലിമശ്ശാക്യരാജകുമാരകർ
വന്നു തള്ളീടുന്ന വാശിയാലന്ധരായ്


മാറിമാറിച്ചെന്നവന്റെ മുതുകത്തു
കേറിനാർ മുമ്മൂന്നുരുവവരേവരും



ഏറുന്നവരെയുടനുടൻ താഴത്തു
താറുമാറായവൻ തള്ളിയിട്ടീടിനാൻ


വീണ്ടും കയറിയും വീണുമവർ പരം
പൂണ്ടാർ മുതുകിൽ പൊടി നെഞ്ചിൽ നാണവും


മണ്ടിയണഞ്ഞുടനർജ്ജുനൻ മേലേറി
യിണ്ടൽ കൂടാതൊന്നിരിപ്പുമുറപ്പിച്ചു


തിണ്ടാടി നിൽക്കും കുതിര തൻ ചങ്ങല
കുണ്ഠതവിട്ടഴിപ്പിച്ചു ചവുക്കിനാൽ


വീശിയടിച്ചാൻ വിരുതനജ്ജന്തുവിൻ-
പ്ലാശിലപോലെ കറുത്തുള്ള പള്ളയിൽ



പിന്നെ ലഗാൻ വലിച്ചിട്ടവൻ തന്നുടെ-
യുന്നതവൈഭവമാർന്ന കൈത്തണ്ടിനാൽ


ധാടിയേറുന്ന കുതിരത്തടിയന്റെ
താടിയെ മേൽപ്പോട്ടു തള്ളി നിവർത്തിനാൻ


ചാടിക്കുതിരയരിശവും ചീറ്റവും
പേടിയുമാർന്നു പാഞ്ഞു കൊടുങ്കാറ്റുപോൽ


തേടുമുൾഭള്ളോടുമൊട്ടുമരുങ്ങിയൊ-
ന്നോടി വട്ടം തിരിഞ്ഞു രംഗഭൂമിയിൽ


പെട്ടെന്നു പിന്നെയിടറിക്കഴുത്തൊന്നു
വെട്ടിത്തിരിച്ചു വികടമാക്കിക്കൊണ്ടു


വീറോടുപല്ലുമിളിച്ചു മേൽപ്പോട്ടവൻ
മോറുകാട്ടി ദ്രുതം മുറ്റും ഭയങ്കരൻ


കാലാലെറിഞ്ഞർജ്ജുനനെ മറിച്ചിട്ടു
മാലവന്നേകി കുളമ്പാൽ തൊഴിച്ചുടൻ


കാലാലയത്തിനയപ്പാനൊരുങ്ങുന്ന
കോലാഹലത്തിലഭ്രാന്തൻ കുതിരയെ


സ്ഥൂലതകോലും തുടലുകളാലശ്വ-
പാലകർ വീണ്ടുമണഞ്ഞു കെട്ടീടിനാർ



അത്തൊഴിൽ കണ്ടു നിന്നോരു മഹാജന-
മൊത്തൊരുമിച്ചു വിളിച്ചോതി സത്വരം


“സിദ്ധാർത്ഥനുണ്ണിയിടയരുതെത്തിയി-
ന്നിത്തടിമാടൻ പിശാചിനോടേതുമേ


ചീറ്റമേറുന്നോരിവന്റെ കരൾ കൊടു-
ങ്കാറ്റാണു നൂനം കരിംഭൂതമാണിവൻ


മാറ്റമില്ലീയുഗ്രമൂർത്തിയ്ക്കു പാർക്കുകി-
ലൂറ്റമാം തീജ്വാലയാണുയിരായതും”


മെല്ലെയതു കേട്ടുടൻ കുമാരൻ “തുട-
ലെല്ലാമഴിക്കുവി’നെന്നും ‘സവാരിക്കു


നല്ലമൃഗമാണിവൻ നെറ്റിവാർമുടി-
യല്ലാതിനിക്കൊന്നു വേണ്ട’ന്നുമോതിനാൻ


ആയതുപോലിടം കൈയാൽ കുതിരത-
ന്നായതകേസരം മെല്ലെപ്പിടിച്ചുടൻ


എന്തോ ചിലതു ചെവിയിലതിനോടു
മന്ത്രിച്ചു കൊണ്ടു മറ്റേക്കരതാരിനാൽ


അമ്പോടതിൻ മിഴി രണ്ടും തടകിനാൻ
വമ്പേലുമുഗ്രമുഖവുമതുപോലെ


മന്ദം കഴുത്തും തലോടിനാൻ വീർപ്പിനാൽ
സ്പന്ദിച്ചെഴും രണ്ടു പാർശ്വഭാഗങ്ങളും


കെൽപ്പേറിടുന്ന കരിംകുതിരക്കൂറ്റ-
നപ്പോളൊതുങ്ങിത്തലയും കുനിച്ചുടൻ


തൽപ്പാദമമ്പോടു കുമ്പിടുമ്മാതിരി
നിൽപ്പതു കണ്ടേറെ വിസ്മയിച്ചു ജനം


ഉല്ലാസമോടുമപ്പോൾ നൃപനന്ദന
നെല്ലാവരും കണ്ടു നിൽക്കവേ സത്വരം


വല്ലാത്ത വാജിവീരന്റെ മുതുകത്തു
സല്ലീലമാഞ്ഞു കരേറിയിരുന്നുടൻ


മെല്ലെ പ്രയോഗിച്ചു കാൽമുട്ടുകൾ, കര
വല്ലിയിലേന്തിയിളക്കി കടിഞ്ഞാണും


ആയതു കണ്ടു ജനങ്ങൾ ചൊന്നാ,“രിനി-
യായാസമെന്തിനു രാജന്യപുത്രരേ?


പോയടങ്ങിക്കൊൾക :മത്സരിച്ചീടേണ്ട;
മായാസുതൻ സർവമുഖ്യനാണോർക്കുവിൻ”


എന്നതു കേട്ടെതിരാളികളെവരു-
മൊന്നായി സ്വയമതു സമ്മതിച്ചോതിനാർ


ചൊന്നാനുടൻ സുപ്രബുദ്ധൻ കുമാരനോ-
ടുന്നതാനന്ദമടുത്തുചെന്നീവിധം


“മന്നവനന്ദനാ, വാഴുക നീ ചിരം
നിന്നെ വിജയിയായ് കാണ്മാൻ കൊതിച്ചു ഞാൻ



നിന്നിലല്ലോ കൂറുമേറെ ഞങ്ങൾക്കൊക്കെ-
യെന്നാലുമത്ഭുതമാകുന്നു നിൻ ജയം


ബാലൻ, സദാ പനിനീർമലർച്ചോലയിൽ
കാലം നെടുംചിന്തകളാൽ കുഴിച്ച നീ


പോരും പയറ്റും മുറയുമറിയുമീ
വീരരെ മായാമഹിമയാലോ വെന്നു?


ഏതാകിലും വാതിൽ നേടിയ രത്നത്തെ
ജാതസന്തോഷമണിഞ്ഞാലുമിന്നി നീ,“


ചേതസ്സലിഞ്ഞീവിധം ധന്യനാമവ-
നോതി, മകൾക്കുമനുജ്ഞ നൽകീടിനാൻ


അപ്പൊഴാമോഹനമേനിയാളോമന-
പ്പുഷ്പഹാരം കരതാരിലെടുത്തുടൻ


തല്പത്തിൽനിന്നെഴുന്നേറ്റു മുഖത്തുനി-
ന്നപ്പുരികക്കൊടിയോളമകറ്റിനാൾ


നൽപ്പൊൻ വരികൾ കലർന്നു നിറം തേടു-
മുല്പലശ്യാമമാം മൂടുപടം സ്വയം


എന്നിട്ടു സാഭിമാനം പദമൂന്നിയ
സ്സുന്ദരി മെല്ലെ നടന്നാൾ, യുവാക്കളെ


യൊന്നൊഴിയാതെയെല്ലാരെയും പിന്നിട്ടു
ചെന്നാളടുത്തുള്ള സിദ്ധാർത്ഥന്റെ മുമ്പിലായ്


അന്നേരമക്കരിംകൂറ്റങ്കുതിരയിൽ
നിന്നിറങ്ങീട്ടതു താഴ്ത്തും കഴുത്തിങ്കൽ


മന്ദമൊരു കരം ചേർത്തുകൊണ്ടങ്ങനെ
നിന്നു വിളങ്ങിയദിവ്യതേജോനിധി


മുമ്പിലണഞ്ഞുടൻ താണു വണങ്ങിനാൾ
കമ്പം വെടിഞ്ഞക്കുലാംഗനമാർമണി


ധന്യതകോലുമനുരാഗമുജ്ജ്വലി-
ച്ചന്യൂനദിവ്യപ്രഭപൂണ്ടെഴും മുഖം


തന്വിയുയർത്തിസ്സുരഭിയാം പൂമാല
പിന്നെ പ്രിയന്റെ കണ്ഠത്തിലർപ്പിച്ചാൾ


എന്നല്ല തന്തിരുമാറിൽ തലചേർത്തു
നിന്നാൾ ചെറുതവളങ്ങനെയെന്നിട്ടു


ലോകമനോഹരദൃഷ്ടി തിരിച്ചു തൃ-
ക്കാലിണ തൊട്ടു തൊഴുതുടൻ സാദരം


“മത്പ്രിയരാജകുമാരാ, തൃക്കണ്മുന
യർപ്പിക്കയെന്നിൽ നീ, നിന്റെ വകയിവൾ”


എന്നകക്കാമ്പലിഞ്ഞച്ചെറുതേൻ‌വാണി
ചൊന്നാൾ സദസ്സിലനന്തരം തങ്ങളിൽ


മെല്ലേ കരതാർ കരതാരിലേണ്ഠിയും
തുല്യമകക്കാമ്പകക്കാമ്പിൽ മുട്ടിയും



ചൊല്ലെഴുമീ നവദമ്പതിമാർ നില്പ-
തെല്ലാവരും കണ്ടു ഹർഷാബ്ധി നീന്തിനാർ


മൂടിനാളാനനം പിന്നെയും മുൻ‌ചൊന്ന
മോടികലർന്ന മുഖപടത്താൽ തന്വി


കോടക്കരിമുകിൽ കാന്തിയിൽ പൊൻ‌വരി
കൂടിക്കലർന്നൊരഴകാർന്ന പട്ടവൾ


മൂടിയിരുന്നതും മുറ്റുമഭിമാന
ധാടി കലർന്നടിവച്ചു നടന്നതും


ഓരോ വിശേഷവുമന്നുകണ്ടുള്ളതു
പാരം കുതൂഹലം നൽകുകയാൽ ചിലർ


സാരമറിവാൻ തൊഴുതു ചോദിച്ചിതു
നേരേ തിരുവടി ബുദ്ധനായ് തീർന്ന നാൾ


ഏകാന്തഭക്തരാമ്മജ്ജനത്തോടന്നു
ലോകൈകവന്ദ്യൻ ഭഗവാനരുളിനാൻ


‘ഞാനറിഞ്ഞീലവറ്റിൻ ഹേതുവെങ്കിലും
മാനസത്തിൽ ചിലതന്നു തോന്നീ സ്വയം


ജീവൻ ജനിമൃതിചക്രത്തിൽ വീണുഴ-
ന്നീവിധമെന്നും തിരിയുന്നതോർക്കുകിൽ


പോയപൊരുളും വിചാരവും ജന്മവും
മായാതെ വീണ്ടും മടങ്ങി വന്നെത്തുമേ


ഇപ്പൊഴോർപ്പൂ പണ്ടസംഖ്യം തലമുറ
യ്ക്കപ്പുറമുള്ളോരു ഭൂതകാലത്തിങ്കൽ


ചൊൽപ്പൊങ്ങിടുന്ന ഹിമവാന്റെ സാനുവിൽ
നൽഭൂരുഹങ്ങൾ തിങ്ങുന്ന കൊടുംകാട്ടിൽ


കൂറ്റൻ പുലിയായ് നറ്റന്നു ഞാൻ മേൽ‌വരി
യേറ്റമിയന്നിഅരതേടുമിനത്തോടും


ബുദ്ധനാം ഞാനന്നു കാട്ടിൽ കുശപ്പുല്ലു-
മെത്തമേൽ തങ്ങിക്കിടന്നൂ പകൽ കാലം


നോക്കും മിഴിച്ചെന്റെയും മൃത്യുവിന്റെയും
ലാക്കിനടുത്തുവന്നെത്തും പശുക്കളെ


അല്ലെങ്കിൽ നക്ഷത്ര വൃന്ദം വിളങ്ങുന്നൊ-
രല്ലിലിരതേടിയെന്നുംദയനായ്


കൊല്ലും തൊഴിലിലേർപ്പെട്ടതിലൊരു
തെല്ലും മതിവരാതങ്ങുമിങ്ങും കാട്ടിൽ


മാനും മനുഷ്യനും പോകും വഴികളെ
ത്താനോർത്തു ഗന്ധം പിടിച്ചു നടന്നിടും


വൻ‌കാടതിലന്നു വേമ്പുൽത്തടങ്ങളി-
ലെൻ കൂട്ടരേറെ നടപ്പതിൻ മദ്ധ്യത്തിൽ



തങ്കവരികൾ കാർമെയ്യിലേലും പുലി
പ്പെൺകൊടിയാളെയൊരുത്തിയെക്കാണായി


ഏറ്റവും സുന്ദരിയാമവൾ മൂലമായ്
ചീറ്റമിയന്നാൺ പുലിനിര പോരാടി


പല്ലും നഖങ്ങളും കൊണ്ടു കടിപിടി
വല്ലാതെ വർദ്ധിച്ചടൽക്കളമായ് വനം


മാനം കലർന്നെത്തിയശ്ശൂരരോടൊക്കെ
ഞാനും ഭയങ്കരമായ് പൊരുതീടിനേൻ


അങ്ങൊരു ദിക്കിൽ മരത്തിൻ തണല്പറ്റി-
യിംഗിതമാർക്കുമറിയിച്ചിടാതഹോ!


ഞങ്ങൾ മുറിവേറ്റു ചോരചിന്തുന്നതു
മങ്ങനെ നോക്കിക്കിടന്നിതവ്യാഘ്രിയാൾ


ആഹവമദ്ധ്യത്തിലന്നു പരസ്പരം
സ്നേഹമവൾക്കുമെനിക്കുമുളവായി


ഓർക്കുന്നതുണ്ടു ഞാനിന്നു മൊടുവില-
പ്പോർക്കളത്തിങ്കലെൻ കൈയാൽ മുറിവേറ്റു


ചാക്കുമടുത്തു കിടക്കുന്ന വീരരാം
വ്യാഘ്രവര്യന്മാരെ നോക്കി നോക്കി സ്വയം


വായ്ക്കുമഭിമാനമോടു പദം വച്ചു
ശീഘ്രം നടന്നു മനോഹരഗാത്രിയാൾ


ആക്കമെഴുമനുരാഗം കലർന്നെന്റെ
നേർക്കവൾ മന്ദം മുരണ്ടണയുന്നതും


പോരിൽ തളർന്നുകിടന്നു കിതയ്ക്കുമെൻ
വാരിയെല്ലിൻ നിരമേലിരു പാർശ്വവും


പാരവും താടിയിളകുമാറായ് സ്നേഹ
പാരവശ്യത്തിൽ നക്കുന്നതുമെന്നല്ല


കോട്ടം വെടിഞ്ഞു രമിപ്പതിനായൊരു
കാട്ടിലവൾ പിന്നെയെന്നെ നയിപ്പതും


ചേണാർന്നൊരപ്പെൺപുലിയുടെ തോലുപോ
ലാണു യശോധര പൂണ്ട മുഖപടം


കാണുവിനുദ്ധതമായ നടത്തവു-
മേണമിഴിയാർന്നതായതുപോലെതാൻ


പ്രാണികൾക്കിങ്ങനെ പാരിൽ പുറപ്പുകൾ
താണുമുയർന്നും വരുന്നിതറിയുവിൻ”


ഇങ്ങനെ തന്നിലനുരാഗമേറുമോ-
രംഗനാരത്നത്തെ വീണ്ടുകൊണ്ടീടിനാൻ


മംഗലാത്മാവായ സിദ്ധാർത്ഥനന്നുടൻ
മംഗല്യസന്നാഹവും തുടങ്ങീ നൃപൻ


മേടമാസത്തിൽ ശുഭമുഹൂർത്തത്തിങ്കൽ
മോടികലർന്നു വിവാഹമഹോത്സവം


ഘോഷിച്ചു മൃഷ്ടാന്നദാനാദി സത്ക്രിയ
തോഷമോടും ചെയ്തു ശാക്യകുലോചിതം.


സ്വർണ്ണസിംഹാസനം വയ്ക്കുക, നൽചിത്ര
വർണ്ണമേലും കംബളങ്ങൾ വിരിക്കുക


പുണ്യവിവാഹമാല്യം ചാർത്തുക, മണി
മണ്ഡിതഹസ്തങ്ങളിൽ കാപ്പുകെട്ടുക


ഖണ്ഡിക്കയപ്പത്തെ നല്ല സുഗന്ധാഢ്യ
തണ്ഡുലം വാരിയെറിയുക, യെന്നല്ല


കുങ്കുമത്താൽ പാൽ ചുവപ്പിച്ചു ശുഷ്കതൃ
ണാങ്കുരദ്വന്ദ്വമതിലൊഴുക്കീട്ടവ-


സംഗമിക്കുന്നതുനോക്കി സ്ഥിരരാഗ-
സംഗതി സങ്കേതമായ് പരീക്ഷിക്കുക


മന്നിലേഴേഴടിവച്ചു വധൂവരർ
വഹ്നിയ്ക്കു മൂന്നു വലത്തു വച്ചീടുക


ധന്യദ്വിജന്മാർക്കു സമ്മാനമേകുക
യന്യസാധുക്കൾക്കു ഭിക്ഷകൊടുക്കുക


അമ്പലത്തിൽ പോയ്തൊഴുതു കാണിക്കയി-
ട്ടമ്പിൽ സമന്ത്രമായ് പ്രാർത്ഥന ചെയ്യുക


ദമ്പതിമാരുടുത്തുള്ള വസ്ത്രങ്ങടെ
തുമ്പുകൾ തമ്മിൽ പിടിച്ചു കെട്ടീടുക


ഇത്യാദിയായ കർമ്മങ്ങളെല്ലാം പുന-
രത്യാദരത്തോടും ചെയ്തശേഷം സ്വയം


വൃദ്ധൻ വധുവിൻപിതാവെഴുന്നേറ്റുടൻ
ബദ്ധവാത്സല്യം വരനോടരുളിനാൻ


“വന്ദ്യനാകും നൃപനന്ദന, മൽകുല-
നന്ദിനിയാളിനി നിന്റെ വകയിവൾ


നിന്നിൽ സമർപ്പിതജീവിതയാകുമി
ക്കന്യകയാളിൽ കനിവേടെ വാഴ്കനീ”


അങ്ങനെ ബാല യശോധരയെക്കൂടി
യണഞ്ഞുള്ളോരവളുടെ ബന്ധുക്കൾ


മംഗലഗീതവാദ്യാദിഘോഷത്തോട
ത്തുംഗാനുഭാവന്റെ കൈയിൽ സമർപ്പിച്ചു


പിന്നെയദ്ദമ്പതിമാർക്കു വളർന്നേറു-
മന്യോന്യമാം പ്രേമമാരു വാഴ്ത്തീടുന്നു


എന്നാലുമാസ്നെഹമൊന്നിൽമാത്രം നൃപൻ
നന്നായി വിശ്വസിച്ചീലതു മൂലമായ്


സാരജ്ഞനോർത്തു കൽപ്പിച്ചിതു മോടിയാൽ
പാരിന്നധീശർക്കധിവാസയോഗ്യമായ്


പാരം മനം കവരും ഭംഗിയാൽ കാമ-
കാരാഗൃഹമായ സൗധമുണ്ടാക്കുവാൻ


അങ്ങനെ നിർമ്മിച്ചിതു ‘വിശ്രമവനം’
മംഗലനാമമെഴുന്ന മഹാരാമം

ഭംഗിയും പ്രൗഡിയുംകൊണ്ടദ്ഭുതസ്ഥല
മെങ്ങുമേ ഭൂമിയിലില്ലതു പോലവേ


ഉച്ചാവചശോഭതേടിപ്പരപ്പേറു-
മച്ചാരുവൃക്ഷവാടിക്കു നടുവിലായ്


പച്ചച്ചെടികളും പുല്ലുകളും പൂണ്ടു
മെച്ചമേറുന്നൊരു കുന്നു വിളങ്ങുന്നു


വിസ്തീർണ്ണമാം ഹിമവാന്റെ തടത്തിൽനി-
ന്നെത്തിയതുവഴി ഗംഗയെക്കാണുവാൻ


തത്തിക്കളിച്ചു പോകും രോഹിണീനദി
നിത്യമക്കുന്നിൻ ചുവടു കഴുകുന്നു


സാലദ്രുമങ്ങളും തിന്ത്രിണീജാലവും
ചേലൊത്തു വാച്ചു വളർന്നിട്ടതുകളിൽ


നീലനഭസ്സിൻ നിറമാർന്ന പൂക്കൾപൂ-
ണ്ടാലോലഭംഗി കലർന്നെഴും വള്ളികൾ


മേലേ പടർന്നവയാലതിൻ തെക്കുള്ള
ഭൂലോകമെല്ലാം മറഞ്ഞു കിടക്കുന്നു


അന്തികത്തുള്ള മഹാനഗരത്തിലെ
സ്സന്തതാരാവങ്ങളങ്ങു ദൂരെക്കാട്ടിൽ


മന്ദമായ് വണ്ടുകൾ മൂളുമൊലിയെന്നു
സന്ദേഹമേകിയിളങ്കാറ്റിലെത്തുന്നു


പാരമുയർന്നു വളർന്നു വിണ്ണോളമ-
ക്ഷീരധവളഹിമാദ്രിശിഖരങ്ങൾ


പാരിടം പിന്നിൽ മറച്ചു വിലസുന്നു
നേരേ വടക്കു നെടുങ്കോട്ടപോലവേ


അച്ഛമായ് മർത്ത്യന്റെ പാദം തൊടാത്തതാ-
യുച്ചമായന്തമില്ലാതെ വിപുലമായ്


സ്വച്ഛന്ദമായി നിരനിരയായ് പൊങ്ങി
മെച്ചമാർന്നത്ഭുതാകാരമായ് നിന്നിടും


അമ്മാമലതന്റെയംബരം വ്യാപിച്ചു
രമ്യമായുള്ള മുകൾപ്പരപ്പിങ്കലും


തുംഗശിഖരങ്ങളും ശിലാകൂടവും
തിങ്ങിയുള്ളോരു പരിപ്രപഞ്ചത്തിലും


പൊങ്ങും കടതടങ്ങളിലും വന-
ഭംഗിയാൽ ശ്യാമളമായ ചരിവിലും


തുമ്പുകൾ ചിന്നിപ്പിളർന്നു തൂക്കായുള്ള
വമ്പാറകളുറ്റെയഗ്രഭാഗത്തിലും


നോക്കുന്നവരുടെയുൾക്കാമ്പുയർന്നതി-
സോത്കണ്ഠമായ് സ്വയമേവ പൊങ്ങിപ്പൊങ്ങി

ദേവതമാരോടു സംഭാഷണത്തിനു
പോവതു പോലെ തോന്നീടും നിരൂപിച്ചാൽ


ധാവള്യമേറും ഹിമപടലങ്ങളാ
ലാവൃതമാം മേഘലകൾക്കു താഴെയായ്


ചാടുമരുവികളാം കസവേലുന്ന
ശാടികപോൽ ശ്യാമമായ മഹാടവി


ആടോപിയാം ഗിരീന്ദ്രന്റെ നിതംബഭൂ-
പാടേ മറച്ചു മൂടുന്നൂ മനോഹരം


ഓടാതെ തൂങ്ങി നിൽക്കുന്നിതു മേലെത്തി
മൂടുപടം പോലെ മേഘനിരകളും


താഴത്തു ദേവതാരം തൊട്ട വൃക്ഷങ്ങൾ
ചൂഴവും പൊങ്ങിവളർന്ന വനങ്ങളിൽ


അത്യുച്ചമായ് കാട്ടുകോഴികളും മറ്റു
സത്വങ്ങളും കൂവിയും വിളികൂട്ടിയും


വട്ടം ചുഴന്നു പരന്നു വിണ്ണിൽ ചെവി
പൊട്ടുമ്പടിയായ് രടിച്ചും കഴുകുകൾ


കോട്ടം വെടിഞ്ഞു വൻ‌പാറമേലോടുന്ന
കാട്ടാടുകളങ്ങുമിങ്ങും കരഞ്ഞുമേ


ഏറ്റവുമാകുലമായെങ്ങുമെപ്പോഴും
മാറ്റൊലി കൊണ്ടു മുഴങ്ങുന്നു ശബ്ദങ്ങൾ


എല്ലാറ്റിനും കീഴ് സമഭൂതലം ചെറു-
പുല്ലുകളാർന്നു വിളങ്ങുന്നു കംബളം


അമ്പിൽ ഹിമാലയമായ ദേവാലയം
മുമ്പിൽ ജപവിധിയ്ക്കായി വിരിച്ചപോൽ


ചഞ്ചേലുമസ്ഥലത്തിന്നെതിരായ് ഭംഗി
ചാഞ്ചാടുമച്ചെറുകുന്നിൽ മിഴികളെ


വഞ്ചിക്കുമാറ് വടക്കു മുഖമായി
മുഞ്ചൊന്ന സൗധം നടുവിൽ വിലസുന്നു


വമ്പിച്ച ഗോപുരം രണ്ടിരു പാർശ്വവും
തുമ്പുകളംബരത്തെ തുളയ്ക്കും പടി


ജൃംഭിച്ചു നിൽക്കുന്നു ചുറ്റുമത്യുന്നത
സ്തംഭമേലും മണ്ഡപമണ്ഡലത്തോടും


സ്ഥൗല്യമേലുന്നൊരതിന്റെ തുലാങ്ങളിൽ
തുല്യമില്ലാതുള്ള കൊത്തുപണികളാൽ


ചൊല്ലേറിടുമിതിഹാസകഥകളെ
യെല്ലാം സ്ഫുടമായ് പകർത്തിയിരിക്കുന്നു


രാധയും ശ്രീകൃഷ്ണനും രസമേലുന്ന
ഗാഥകളിൽപ്പെടും യക്ഷാംഗനകളും


സീതയും പാഞ്ചാലിയുമാഞ്ജനേയനും
ചേതോഹരമായ് വിളങ്ങുന്നു ചിത്രത്തിൽ !


മദ്ധ്യത്തെഴുന്ന പടിവാതിലിൽ സർവ്വ-
സിദ്ധിപ്രദായകനാം ഗണനാഥനും


ഹസ്തങ്ങളിൽ ചക്രവും സൃണിയും പൂണ്ടു
ബുദ്ധിയും വിത്തവും നൽകാൻ പ്രസന്നനായ്


തുമ്പിക്കരം തുമ്പു ച്ചാച്ചുയർത്തിപ്പിടി-
ച്ചമ്പോടും കൊത്തുപണിയിൽ വിളങ്ങുന്നു


അപ്പടിവാതിക്കൽ നിന്നു വളഞ്ഞുപോ-
മുൾപ്പാതയൂടെ ചെല്ലുമ്പോളിടയ്ക്കിടെ


നൽപ്പൂവനങ്ങളും മുറ്റങ്ങളും കാണു-
മത്ഭുതമമ്മാറകത്തെപ്പടിവരെ


നീലച്ചുവപ്പുനിറമാം നരമ്പാർന്ന
ചേലിയലും കുളിർ വെണ്ണശ്ശിലകളാൽ


സ്തൂലമാമാ വാതിലിങ്കട്ടിള ചിത്ര
വേലകളെന്യേ മിനുസമായ് മിന്നുന്നു


നീലസ്ഫടികപ്പലകയാലാണതിൻ
മേലേപ്പടി തീർത്തിരിപ്പതതിന്നു കീഴ്


ആലംബമാമ്മുമ്മരപ്പടി കാന്തിയാൽ
പാലൊത്ത വെൺപാറയിൽ പണിചെയ്തതാം


ആയതിലൂടെ കടന്നാലാവിടയു
ണ്ടായതഭംഗികലർന്ന സോപാനങ്ങൾ


നീളേ നിറമിട്ട മേൽപ്പുരയും ബഹു
നാളമാം തൂൺനിരയുമ്പൂണ്ടു രമ്യമായ്


ചിത്രമായീടുമഴികലറ്റത്തുള്ള
നൽത്തട്ടുകൾ വഴിയേറാമവറ്റയിൽ


പാദത്തിനു പരം മോദമേകീടുമാ-
മേദുരസോപാനമാർഗം കറ്റന്നുടൻ


എത്തുന്നതുതന്നെയേറ്റം മനോജ്ഞമാ
യുത്തുംഗമായെഴുമുള്ളിലെശ്ശാലകൾ


വിസ്താരമേറുമവയെച്ചുഴന്നുള്ള
ചത്വരഭൂമിയിൽ ഛായാശിശിരമായ്


പന്തിയായ് ഭംഗികലർന്നു കാണാകുന്നി-
തന്തഃപുരയോഗ്യമാം പുഷ്പവാടികൾ


മുറ്റത്തു മിന്നുന്നു മഞ്ജുളമാം ജലം
വറ്റാത്ത നീർച്ചാട്ടമേലുമുറവുകൾ


ചന്തം കലർന്നതിൻ ചുറ്റും വിലസുന്നു
ചെന്താമരകളുമിന്ദീവരങ്ങളും


നല്ലൊരു ചെമ്പരത്തിപ്പൂനിറത്തിലെ
ന്നല്ല പൊങ്കാന്തിയിൽ നീലവർണ്ണത്തിലും


കണ്ണാടിപോലെ വിമലമായ് കാണുമ
തണ്ണീരിൽ മിന്നിക്കളിക്കുന്നു മത്സ്യങ്ങൾ

ശാന്തമായ് സൂര്യപ്രഭയെഴും പൂവന-
പ്രാന്തങ്ങളിൽ ഭംഗിയിൽ തങ്ങി നിന്നുടൻ


പേടി വെടിഞ്ഞു തിന്നുന്ന വിടർന്നുള്ള
പാടലമാം പനിനീർകുസുമങ്ങളെ


കേടറ്റ സൗന്ദര്യമൊത്തു വിശാലത
കൂടും മിഴികളേലുന്ന മാൻ‌കൂട്ടങ്ങൾ


വർണ്ണമെഴും പക്ഷികൾ മഴവില്ലിന്റെ
ഖണ്ഡങ്ങൾപോൽ പറക്കുന്നു പനകൾമേൽ


വെണ്മയും നീലവും തേടും കപോതങ്ങൾ
ചെമ്മേയിണയിണയായ് ചേർന്നുകൊണ്ടുടൻ


നൽപ്പൂച്ചെഴും ഭിത്തിശൃംഗശില്പങ്ങളിൽ
നിർഭയമായ് കൂടുകെട്ടി മേവീടുന്നു


മിന്നും തളത്തിൽനിന്നോമനപ്പീലികൾ
പിന്നിൽ പരത്തിയ മയിലുകളാടുന്നു


ദൂരത്തു കണ്ഠമുയർത്തി വാഴും വെള്ള
നാരകളായതു സൂക്ഷിച്ചു നോക്കുന്നു


സ്വച്ഛന്ദമായങ്ങുമിങ്ങും പറന്നെത്തി
മെച്ചമെഴും തേൻ‌കനിവാർ കുലകളിൽ


തെച്ചിപ്പഴം പോൽ ചുവന്ന കഴുത്താർന്ന
പച്ചക്കിളിനിര ഞാന്നു കിടക്കുന്നു


മഞ്ജുപൂമഞ്ജരിതോറും ചിറകടി
ച്ചഞ്ജസാ മഞ്ഞക്കിളികൾ പറക്കുന്നു


പേടിയേറും പല്ലികൾ കൈയഴികൾമേ
ലാടലകന്നു വെയിൽ കാഞ്ഞിരിക്കുന്നു


ഓടിനടക്കുമണ്ണാൻ നിര തീറ്റികൾ
തേടിയെത്തുന്നു മനുഷ്യഹസ്തങ്ങളിൽ


സ്വാന്തഭയമറിഞ്ഞീല ജന്തുക്കളി-
ശ്ശാന്തമാം ഭൂമിയിൽ ഹിംസയില്ലായ്കയാൽ


ഇത്രയുമല്ലങ്ങടുത്തു പൂഞ്ചോലയിൽ
കസ്തൂരിമാൻ നിര കേളികളാടീടുന്നു


ഭംഗിയിൽ കാക്കകളോടു ചിലയ്ക്കുന്നു
പിംഗനേത്രങ്ങളെഴും മരഞ്ചാടികൾ


ഈവണ്ണമസ്നെഹലീലാഗൃഹമായ
പൂവനത്തിനുള്ളിലേ മന്ദിരങ്ങളിൽ


ഇംഗിതമ്പോലെയുപചരിപ്പാൻ ഭാവ
ഭംഗികലർന്ന മുഖാബ്ജങ്ങളാർന്നുടൻ


സുന്ദരമേനിമാരായ പരിജന
വൃന്ദങ്ങൾ വാണിതതാതുഭാഗങ്ങളിൽ


മാധുര്യമേറും മൃദുവാക്കുകളെന്നി
യോതാതെയുമുപചാരവിധികളിൽ

ചേതസ്സിലുത്സാഹമാർന്നും സുഖങ്ങളിൽ
മോദിച്ചുമന്യർക്കു മോദമുണ്ടാക്കിയും


എതാജ്ഞകൾക്കുമെപ്പോഴും വഴിപ്പെടാ-
നാദരവേലുമഹം പൂർവികപൂണ്ടും


അങ്ങാ മനോമോഹനമാമരമന
യെങ്ങും വിളങ്ങുമവരുടെ മദ്ധ്യത്തിൽ


തുംഗമഹിമകലർന്നയുവരാജ്ഞി
യംഗനാമൗലിമണിയാൾ യശോധര


മംഗലമേദുരമായ് നയിച്ചുസുഖ
ഭംഗമറിയാതെ ജീവിതമെന്നുമേ


മങ്ങാമലർകളാൽ തീർത്ത തടങ്ങളിൽ
തങ്ങിയൊഴുകിടും തേൻ പുഴയെന്നപോൽ


നല്ലാഭതേടുമമ്മന്ദിരവൃന്ദങ്ങ
ളെല്ലാറ്റിലും വച്ചു മെച്ചമായൊക്കെയ്ക്കു


മുള്ളിലായ് ഗൂഢമായുജ്ജ്വലമായൊരു
പള്ളിയറയും പരിസ്ഫുരിച്ചീടുന്നു


ശില്പകലതന്നെ തന്നുടെ ചാരുവാം
കലപനാവൈഭവം കോരിച്ചൊരിഞ്ഞുടൻ


കെല്പാടുൾക്കാമ്പു മയക്കുവാൻ തീർത്തതാ-
മപ്പൊന്മണിയരയെന്നു തോന്നും കണ്ടാൽ


നാലുപാടും നൽച്ചതുരശ്രമണ്ഡപ
ജാലമാർന്നും മേൽപ്പുരയെന്നി മദ്ധ്യത്ത്


നീലമാമംബരം തട്ടായുമങ്ങതിൽ
ചേലിയലും ദ്വാരദേശം വിളങ്ങുന്നു


ശുദ്ധധവളവെണ്ണക്കുളിർക്കല്ലുകൊ
ണ്ടെത്രയും രമ്യമായ് കെട്ടിയതിനുടെ


നേർത്തു മിനുസമാം പാളികൾകൊണ്ടുതാൻ
തീർത്തോരടിത്തളത്തോടും വിമലമായ്


നൽത്തോയമാർന്ന നീരാട്ടുകുളമതിൻ
മദ്ധ്യത്തു ഭംഗികലർന്നു വിലസുന്നു


നാലുകരകളിലും കൽപ്പടയിലും
മേലായതിൻ കടവിൻ കുട്ടിമത്തിലും


ലോലമാം വെള്ളസ്ഫടികങ്ങളാൽ ചിത്ര
വേലകൾ ചെയ്തിരിക്കുന്നൂ വിശിഷ്ടമായ്


മഞ്ഞനീർക്കട്ടകനക്കെ കുളിർത്തതി
മജ്ഞുളമാമസ്ഥലത്തു നടക്കുവാൻ


നെഞ്ചിൽ കുതൂഹലമാർക്കുമുണ്ടാം ജന
മഞ്ചുന്ന ചൂടാർന്ന വേനൽദിനങ്ങളിൽ


അമ്മുഖമണ്ഡപത്തൂടെയുമപ്പുറ
ത്തുമ്മരത്തിൽ ചിത്രപീഠത്തിലൂടെയും


അന്തർഗൃഹത്തിൽ കടക്കവേ, ശാന്തമായ്
സ്വന്തം നിറം വിട്ടു സൂര്യകിരണങ്ങൾ


പാരം വെളുത്തും വിളറിയും മങ്ങിയും
തീരെയനുഷ്ണമാം ഛായയായ് തീരുന്നു


അപ്പുറത്തത്യന്തശോഭാമനോജ്ഞമാ,-
യദ്ഭുതത്തെക്കാളുമദ്ഭുതരൂപമായ്


അപ്പൂവനമണിമന്ദിഅരം കാണ്മത-
ത്തൃപ്പടിത്തന്നിലണഞ്ഞു നോക്കീടവേ


അന്തഃകരണമലിഞ്ഞു പകച്ചൊരു
ചിന്തയും വാക്കുമെഴാതെ വിവശമായ്


ഹന്ത! ദിനം തന്നെ നിന്നങ്ങു വൈകിയോ
ട്ടന്തിയായ്പ്പോയെന്നു തോന്നും നിരൂപിച്ചാൽ


പ്രാന്തങ്ങളിൽ ഗന്ധയുക്തതൈലങ്ങളാൽ
കാന്തികലർന്നു കത്തുന്ന ദീപപ്രഭ


ശാന്തമനോഹരദീപ്തി കലർന്നതിൽ
സ്വാന്തം മയക്കുന്ന സൗരഭ്യമാർന്നുടൻ


നല്ലഴകേറും കിളിവാതിലുകളി-
ലുല്ലസിക്കും ശുക്തിവേലകളൂടെയും


ചാരുനക്ഷത്രശില്പം പൂണ്ടു സൂക്ഷ്മമായ്
പാരംസ്ഫുരിക്കും മൃദുവിരിയുടെയും


ഉള്ളിൽകടന്നൊരു ശില്പവിചിത്രമാം
പള്ളിമഞ്ചത്തിങ്കൽ വീണതു ചീഴവും


മൂടുന്ന പൊൻ‌നൂല്വലകളിലും ശോഭ
തേടുന്നപട്ടുക്കിടക്കകൾ മേലിലും


തട്ടി ദ്യുതി പകർന്നേറ്റം സുഖദമാം
മട്ടിൽ മണിയറയ്ക്കുള്ളിൽ പ്രകാശിപ്പൂ


ഭംഗിയെഴുമതിൻ വാതിലിൽ ചിത്രമാം
തൊങ്ങലിയന്നു തൂങ്ങും തിരശ്ശീലയെ


മാറ്റിയകത്തു കടക്കാ വിധേയരി
ലെറ്റവും സൗഭാഗ്യമാർന്നവരെന്നിയേ


ഓമല്പ്രഭാതത്തിലുമേറെ ദീപ്തമായ്
കോമളമായ് സന്ധ്യപോലങ്ങു സർവദാ


ചാരുവാമപ്രഭാപൂരം സ്ഫുരിക്കയാ-
ലാരുമറിവീല രാവും പകലുമേ


നൽ പുലർകാലത്തിലേക്കാ‍ൾ സുഖദമാ
യപ്പാതിരാവിലെപ്പോലെ ശിശിരമായ്


ഉൾപ്പൂ കുളിർക്കുന്ന മട്ടിൽ മധുരമാ-
യെപ്പൊഴുമങ്ങിളംകാറ്റു വീശീടുന്നു


ക്ഷീണതവിട്ടു രാവും പകലും ചാരു
വീണാമൃദുസ്വനമുള്ളിൽ മുഴങ്ങുന്നു

സ്വാദുതരങ്ങളാം ഭോജ്യങ്ങളുമങ്ങു
സാദരം വച്ചിരിക്കുന്നു ദിവാനിശം


മഞ്ഞുനീർ വാർന്നു മെത്തും സ്വാദിയലുന്ന
മഞ്ജുളമായ മധുരപക്വങ്ങളും


ആരാൽ ഹിമാദ്രിയിലുള്ള നീർക്കട്ടയാൽ
പാരം തണുപ്പിച്ച പാനകവർഗവും


മേദുരസ്നിഗ്ദ്ധമധുരങ്ങളാം പല
മോദകാദ്യങ്ങളും കാണുന്നിതെന്നല്ല,


ചാരുദന്തം പോൽ വെളുത്തോരിളം നാളി
കേരപാത്രത്തിലതിന്റെ രസങ്ങളും


പാനപാത്രങ്ങൾ വഹിച്ചും പലവിധ
ഗാനവാദ്യാദി വിനോദങ്ങളാർന്നുമേ


രാവും പകലും തിരുമുമ്പിലമ്പോടു
സേവ ചെയ്‌വാൻ ചില ദാസിമാർ നിൽക്കുന്നു


സന്മൃദുഗാത്രിമാർ സാരംഗനേത്രമാർ
മന്മഥരാജ്യമനോഹരദൂതിമാർ,


അമ്മുകിൽ വേണിമാർ നിന്നത്തിരുവടി
ചെമ്മേയുറങ്ങവേ മന്ദമായ് വീശുന്നു


പള്ളിയുണർന്നാൽ പ്രഭുവിനേറ്റം പ്രിയ
മുള്ളുതറിഞ്ഞുപചാരവിധികളാൽ


ഉള്ളത്തെ വീണ്ടും വിഷയരസാബ്ധിയിൽ
തള്ളിവിടുന്നു വിലാസിനിമാരവർ


ചേണാർന്ന വെള്ളിച്ചെറുകമ്പികൾ മീട്ടി
വീണവായിക്കുന്നു വിദ്യുല്ലതാംഗിമാർ


ഭംഗിയെഴും കാൽച്ചിലമ്പിന്റെ കിങ്കിണി
സംഗീതമേളത്തിനൊത്തു കിലുങ്ങവേ


അംഗങ്ങൾ വീശി മയങ്ങി നിന്നാടുന്നു
ശൃംഗാരമോഹനഗീതങ്ങൾ പാടുന്നു


അപ്പോൾ പരന്നു മൃഗമദം ചമ്പക
പുഷ്പമിവയുടെ സാരസൗരഭ്യങ്ങൾ


ചാലെ സുഗന്ധവസ്തുകളെരിച്ചെഴും
നീലനീരാവിപോൽ നേർത്ത ധൂപങ്ങളും


ലീലാവിനോദമാമുൾപ്പൂവിനെയതി
വേലം സുഖത്തിൽ സ്വയം ലയിപ്പിക്കയാൽ


ധന്യൻ സുമുഖി യശോധരയോടൊത്തു
പിന്നെയും പള്ളിക്കുറുപ്പുകൊണ്ടീടുന്നു


ഇങ്ങനെ സിദ്ധാർത്ഥനെല്ലാം മറന്നഹോ!
സംസുഖത്തിൽ മയങ്ങി മരുവിനാൻ


അത്രയല്ലാ വിശ്രമവനത്തിനുള്ളിൽ
മൃത്യു വാർദ്ധക്യം വ്യസനം വ്യഥ രോഗം

ഇത്യാദിയെപ്പറ്റി മിണ്ടരുതെന്നുമ-
ക്കൃത്യജ്ഞനായ നൃപതിയാജ്ഞാപിച്ചു


ലീലാഗൃഹത്തിൽ നൃത്തം വച്ചു നിൽക്കുന്ന
ലോലാംഗിമാരിലൊരുത്തിയ്ക്കു തത്ക്ഷണം


ആലസ്യമാർന്നു മിഴി മങ്ങിയാടുന്ന
കാലിണ തെല്ലു കുഴങ്ങിയെന്നാലുടൻ


തന്തിരുമേനിയ്ക്കതു കണ്ടു മാനസ
ചിന്ത ചെറുതുമുണ്ടാകാതിരിക്കുവാൻ


പ്രാന്തത്തിലെങ്ങുമേ നിൽക്കാതരമന
പൂന്തോപ്പു വിട്ടു പുറത്തു പൊയ്ക്കൊള്ളണം


സുന്ദരിയാമവൾ ശാപം പിണകയാൽ
നനദനോദ്യാനത്തിൽ നിന്നപ്സരസുപോൽ


വേദനയും വ്യാധിയും ജനങ്ങൾക്കെഴും
ഖേദങ്ങളുമവർ കണ്ണീർ പൊഴിപ്പതും


പേടിപ്പതും പ്രിയബന്ധുക്കളെപ്പിരി
ഞാടൽപ്പൊറാതെ നിലവിളിക്കുന്നതും


കട്ടമേൽ വച്ചു ചുടലകളിൽ ശവം
ചുട്ടു തീയും പുകയും പൊങ്ങിടുന്നതും


എന്നുവേണ്ടാ നാട്ടിലുള്ള ദുഃഖങ്ങളി-
ലൊന്നിനെപ്പറ്റിയെന്നാകിലുമങ്ങൊരാൾ


അക്ഷരം മിണ്ടിയാലായതു സൂക്ഷിച്ചു
ശിക്ഷ നടത്തുവാൻ നിന്നു നിയോജ്യരും


ആടിയും പാടിയുമങ്ങു വാണീടുന്ന
ചേടിമാർക്കാർക്കെങ്കിലും ചികുരങ്ങളിൽ


ഒറ്റത്തലനാർ വെളുത്തുകണ്ടാൽ കടും
കുറ്റമാണായാതും ചട്ടമീവണ്ണമായ്


തേടിപ്പറിച്ചകറ്റും രാവിലേ പുഷ്പ
വാടിയിൽ വാടിയ പൂക്കളെദ്ദാസിമാർ


പാടെ പഴുത്തു പൊഴിയുമിലകളെ
ക്കൂടെപ്പെറുക്കി ദൂരത്തു മരച്ചിടും


എന്നല്ല കണ്ണിനു കഷ്ടമായ് തോന്നുന്ന
തൊന്നുമവിടെയില്ലാതെ സൂക്ഷിച്ചിതു


മന്നവൻ ചിന്തിച്ചിതീവൺനമാകുകി
ലെന്നുടെ നന്ദനൻ ലോകദുഃഖങ്ങളെ


ചിന്തിക്കാതെയും വെറും വിചാരങ്ങളാൽ
വന്ധ്യമാക്കാതെയും പോക്കിടും യൗവനം


പിന്നെയവനൊരു ഭിക്ഷുവായ് പോകുമെ
ന്നെന്നുടെ മാനസത്തിൽപ്പെടും പേടിയും


ഛിന്നസന്ദേഹമൊഴിയും വിരക്തിയീ
മന്നിൽ മനുഷ്യർക്കു സാദ്ധ്യമാകുന്നതോ?


എന്നല്ല പിന്നെ വരേണ്ട വിഭവങ്ങൾ
ഒന്നൊഴിയാതെൻ കുമാരനു കൈവരും


കുറ്റമില്ലാതവൻ കാക്കും വിചാരിക്കി
ലൊറ്റ വെൺകൊറ്റക്കുട ധരിച്ചൂഴിയെ


മാറ്റലരറ്റു മഹാ സാർവഭൗമനാ
യേറ്റവും മാഹാത്മ്യമാർന്നീടുമെന്നുമേ


ഇങ്ങനെമന്നവനമ്മനൊമോഹന
ശൃംഗാരരംഗമാകും ജയിലിൽ സ്വയം


രാഗമാം കാരാധികാരിയ്ക്കു കീഴ് സുഖ
ഭോഗങ്ങളാകുമിരുമ്പഴികൾക്കുള്ളിൽ


ഇട്ടു മകനെയടച്ചൊരു വന്മതിൽ
കെട്ടുവാൻ കൽപ്പിച്ചു ദൂരത്തു ചൂഴവും


അഗ്രഭാഗത്തിങ്കൽ വെങ്കലത്താലങ്ങൊ
രുഗ്രമാം വാതിൽ നിർമ്മിപ്പിച്ചു മദ്ധ്യത്തിൽ


ഊറ്റമാമക്കവാടം തുറന്നാൽ തള്ളി
മാറ്റുവാൻ വേണമൂക്കുള്ള നൂറാളുകൾ


വായ്ക്കുമതിന്റെയുൽഫാടനശബ്ദവും
കേൾക്കായ് വരുമൊരു യോജന ദൂരത്തിൽ


ഇമ്മതിലിനുള്ളിൽ വേറൊരു സാലമു
ണ്ടമ്മതിൽക്കെട്ടിനകത്തുണ്ടു മറ്റൊന്നും


ഇമ്മൂന്നു സാലങ്ങളിലും പടിവാതിൽ
ചെമ്മേയടച്ചഴിയിട്ടിരിക്കും സദാ


ആ വഴിയല്ലാതരമന വിട്ടിട്ടു
പോവതിന്നില്ലൊരു മാർഗവുമാർക്കുമേ


ആ വാതിലുകളിന്മുൻപിലോരോന്നിലും
കാവലുമുണ്ടു വിശ്വസ്തഭടജനം


എന്നല്ലതു വഴി പോവാനൊരുവനും
ചെന്നാലയയ്ക്കരുതെന്നും സ്വയം തന്റെ


നന്ദനൻ പൊരുകിലും നിജ കല്പന
യെന്നി വിട്ടീടരുതെന്നും വിടുകിലോ


അന്നങ്ങനെ ചെയ്തവർക്കു വധശിക്ഷ
യെന്നുമാജ്ഞാപിച്ചു വാണൂ നൃപൻ സുഖം