സങ്കല്പകാന്തി
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
ചിന്തിയ ചിന്തകൾ
[ 65 ]

ചിതറിയ ചിന്തകൾ

ഞാനറിഞ്ഞീടാത,രഞൊടിക്കുള്ളിലെ-
ങ്ങാനന്ദദേവതേ നീ മറഞ്ഞു ?

ചൊല്ലുകെൻകാലമേ, നീയെന്നെക്കാണിച്ച-
തെല്ലാ,മൊരു വെറും സ്വപ്നമാണോ?
തെല്ലിടയെന്തിനെൻചുറ്റു,മാ നേരിയ
മല്ലികാസൌരഭം വാരിവീശി?
വാനിലപ്പൊന്മുകിൽത്തേരിലിരുന്നു ഞാൻ
വീണവായിക്കുകയായിരുന്നു;
താരാട്ടും പാടി ഞാൻ താരാമണികളെ-
ത്താലോലിച്ചീടുകയായിരുന്നു;
പ്രേമസുരഭിലചിന്തകൾകൊണ്ടു ഞാൻ
പൂമാലകെട്ടുകയായിരുന്നു;
കോമളസ്വപ്നങ്ങൾ കണ്ടുകണ്ടങ്ങനെ
കോൾമയിർക്കൊള്ളുകയായിരുന്നു!-
എന്നെ നീയെന്തിനു നിർദ്ദയം വീണ്ടുമീ
മണ്ണിലേക്കേവമടിച്ചു വീഴ്ത്തി?
ഹന്ത, നീയിത്ര കഠിനമായ് ശിക്ഷിക്കാ-
നെന്തപരാധം ഞാൻ ചെയ്തതാവോ !

ആനന്ദതേവതേ, പോയില്ല നീയെങ്കിൽ
ഞാനൊരു താരമായ് മിന്നിയേനെ!
അല്ലെങ്കിലെ,ന്തിനു നിന്നെപ്പഴിക്കുന്ന-
തല്ലലാണെന്റെ വിഹാരരംഗം.
എന്നുമിരുണ്ടോരതിന്റെ കാരാഗൃഹം-
തന്നിലി,രുമ്പഴിക്കെട്ടിനുള്ളിൽ ,
മുറ്റും ചിറകടിച്ചാർത്തു പിടയ്ക്കണം
മുക്തി കിട്ടാതെ മത്തപ്തചിത്തം !
എന്തിനു,കഷ്ടം, കൊതിക്കുന്നു പാഴില-
ത,ന്തിച്ചുകപ്പിനെയുമ്മവെയ്ക്കാൻ?

ഇല്ലില്ല,ലോകമേ, നിന്നോടൊരിക്കലും
ചൊല്ലില്ല ഞാനൊരു നന്ദിപോലും !

[ 66 ]

വേണെങ്കിലെന്നെ നീ മേലിലുമിങ്ങനെ
വേദനിപ്പിച്ചു രസിച്ചുകൊള്ളു !
ഹാ, നിന്റെ കൈയിലെക്കൂർത്ത മുള്ളൊക്കെയെൻ -
പ്രാണനിൽക്കുത്തിത്തറച്ചുകൊള്ളു !
എന്നിട്ടും പോരെങ്കിലെ,ൻജീവരക്തത്താൽ
നിന്നന്തർദ്ദാഹം കെടുത്തുകൊള്ളു !
എന്നാലു,മില്ല , ഞാൻ വന്നീടുകില്ല , നിൻ-
മുന്നിലൊരു വെറും ഭിക്ഷുവായി !-
നിന്നനുകമ്പയ്ക്കു കാണിക്കവയ്ക്കുവാൻ
നിർമ്മിച്ച കൂപ്പുകൈമൊട്ടുമായി !-

അല്പനാളെന്നെച്ചുഴന്നുനിന്നീടിനോ-
രപ്പരിവേഷ, മതെങ്ങു പോയി ?
മായാമയൂഖവലയമതെന്തൊരു
മാനസാകർഷകശ്രീവിലാസം !
ചിന്തിച്ചിരിക്കാത, രഞൊടിക്കുള്ളില-
തെന്തിനു വീണ്ടും പറന്നുപോയി ?
സ്വപ്ന,മതേതോ സുരഭിലസുന്ദര-
സ്വപ്നം-ചപലചലനചിത്രം !
ആ മഴവില്ലിനെ,യാ മണിനാദത്തെ ,
നീ മിഥ്യഭാവനേ, നിത്യമാക്കി
എന്നിട്ടി,രുട്ടിലിവിടെത്തനിച്ചു നീ-
യെന്നെ വിട്ടിട്ടു, നിൻതോണി നീക്കി !
പോകായ്ക, പോകായ്കെ,ന്നെത്ര ഞാൻ കേണിട്ടും
നീ കനിഞ്ഞീലെന്നിൽച്ചെറ്റുപോലും !
എല്ലാം കിനാവുകളെ,ല്ലാം മിഴലുക-
ളെല്ലാം മരീചികാവീചികകൾ !
ഇങ്ങിനെയാണെങ്കിലയ്യോ ജഗത്തിതി-
ലെങ്ങനെ,യെന്തിനെ, വിശ്വസിക്കാം ?

എന്തിനീ ലോകം വിഷാദകലുഷ,മെൻ-
ചിന്തേ, നിൻവാതിൽ തുറന്നുനല്കൂ !
ഒന്നു ഞാൻ പോകട്ടെ വീണ്ടുമസ്സങ്കല്പ-
നന്ദനത്തോപ്പിലെപ്പൂന്തണലിൽ !
മർത്ത്യന്റെ നീതിതന്നട്ടഹാസങ്ങളും
മർദ്ദിതന്മാരുടെ ഗദ്ഗദവും
എത്താത്തൊരാ നല്ല നാട്ടിൽ ഞാൻ സ്വൈരമാ-
യിത്തിരിനേരമിരുന്നിടട്ടേ !

[ 67 ]

എന്നെ നീ മാടിവിളിക്കൊല്ലേ , ലോകമേ ,
നിന്നുത്സവങ്ങളിൽ പങ്കുകൊള്ളാൻ !
എന്നെ നീ നിന്നു വിലക്കൊല്ലേ , കാലമേ ,
മുന്നോട്ടു പോട്ടെ ഞാൻ രാഗമൂകൻ !

നിസ്സീമശക്തമാണെന്നഭിമാനിപ്പൂ
നിസ്സഹായത്വമേ, നിഷ്ഫലം നീ !
ഹന്ത , കെല്പില്ലൊരു നേരിയ കാറ്റോടീ
മൺതരിക്കോട്ടെയ്ക്കെതിർത്തു നില്ക്കാൻ.

എല്ലാം മറയ്ക്കുന്ന ലോകമേ , നീയൊരു
വല്ലാത്ത നാടകശാലതന്നെ.
നിന്നകത്തുള്ള നടന്മാർ പുഴുക്കളാ-
ണെന്നാകിലെന്ത ,പ്പുഴുക്കൾപോലും
ഒന്നു മറ്റൊന്നിനെ വഞ്ചിച്ചു വഞ്ചിച്ചു
തന്നഭിലാഷങ്ങൾ നിർവ്വഹിപ്പൂ !
എന്നിട്ട,തോരോന്നും തൻജയപ്രാപ്തിയാ-
ണെന്നഭിമാനിച്ചഹങ്കരിപ്പൂ !

ശക്തൻപോൽ മാനവൻ, തൃപ്തൻപോൽ മാനവൻ ,
സത്യമാരാഞ്ഞുപോം ബുദ്ധിമാൻപോൽ !
സ്വന്തം സിരകൾ തുടുക്കാനവനന്യ-
ജന്തുവിൻചോര കുടിച്ചുവേണം
പോരേ ?- നികൃഷ്ടമാമിത്തരം ഹിംസതൻ-
പേരോ 'വിജയ' മെന്നാണുപോലും !
ആദർശ,മാദർശം !-ലോകത്തിലാ മണി-
നാദം , മുഴങ്ങിയിട്ടെന്തുകാര്യം ?

നിത്യം കപടമേ , നീയുല്ലസിപ്പു നിൻ-
നിസ്തുലരത്നസിംഹാസനത്തിൽ;
തെണ്ടിത്തിരിയുന്നു പാഴ്തെരുവീഥിയി-
ലിണ്ടലോടോരോരോ സദ്ഗുണങ്ങൾ !
ആത്മാർത്ഥതേ, നീയവന്ധ്യയല്ലൂഴിയി-
ലാർദ്രതേ , നീ വെറും ഭിക്ഷുമാത്രം !
കൈക്കുമ്പിൾ കാട്ടിച്ചെന്നോരോ പടിക്കലും
നില്ക്കണം മേലും നിരാശർ നിങ്ങൾ.
എന്നാലു, മയ്യോ , നിറയില്ലൊരിക്കലും
നിങ്ങൾതൻകൈയിലെബ്ഭിക്ഷാപാത്രം !

മായികമാകുമൊരാത്മാർത്ഥതയുടെ
മാരിവില്ലൊന്നു മുഖത്തു ചാർത്തി ,

[ 68 ]

കാകോളമുള്ളിൽത്തുളുമ്പിടും കർക്കശ-
കാളാംബുദങ്ങൾ നിറഞ്ഞ ദിക്കിൽ
മിന്നുന്നൊരേതേതു വിദ്യൂല്ലതികയു-
മങ്ങനെതന്നെ പൊലിഞ്ഞുപോണം !
മിന്നാമിനുങ്ങുകൾ മിന്നിയാൽ നീങ്ങുമോ ,
മന്നിൽ നിറഞ്ഞീടുമന്ധകാരം ?

ലോകപ്രശംസതൻമുൾച്ചെടിക്കാട്ടിൽ ന-
യേകനായെത്രയലഞ്ഞു ചുറ്റി ?
എന്നിട്ടും ദുർഗ്ഗമദുർഗ്ഗങ്ങളായിരം
വെന്നിട്ടും, നീ കഷ്ട, മെന്തു നേടി ?
സ്ഫീതപ്രതാപം വിരൽത്തുമ്പാൽ നിർമ്മിച്ചോ-
രേതോ ചില ജലരേഖമാത്രം !
നേരിട്ടതു നോക്കിപ്പുഞ്ചിരിക്കൊള്ളുന്നു
ചാരത്തു നില്ക്കും ശവകുടീരം !

അത്രയ്ക്കസഹ്യമാമായിരം ചിന്തക-
ളൊത്തുചേർന്നെന്മനം നീറിടുമ്പോൾ ,
എത്ര തുടയ്ക്കിലും തോരാതെ പിന്നെയും
തപ്താശ്രു കണ്ണിൽ തുളുമ്പിടുമ്പോൾ ,
കൂരിരുൾമൂടുമെൻജീവിതവീഥിയി-
ലാരൊരു സാന്ത്വനരശ്മി വീശും ?
ആലംബഹീനൻ ഞാന,യ്യോ,ജഗത്തിതി-
ലാരാൽ വന്നാരെന്നെയുദ്ധരിക്കും ?

തോടും പുഴകളും പിന്നിട്ടൊരായിരം
കാടും മലകൾക്കും ദൂരെയെങ്ങോ ,
ഉന്നതസൌഭാഗ്യശൃംഗത്തിൽ മിന്നുമ്പോ-
ളെന്നെയൊന്നോർക്കുമോ , നിർമ്മലേ, നീ ?
ഇല്ല, നീയോർക്കുകയില്ലെ,നിക്കെങ്കിലു-
മില്ലതിലേതും പരിഭവവും !
ഒന്നിച്ചു തോളിൽപ്പിടിച്ചു നടന്നവ-
രന്യനായ് മാറഉന്നതാണു ലോകം !-
ഒന്നിച്ചൊരാത്മാവിലൊട്ടിപ്പിടിച്ചവ-
രന്യോന്യം ഹിംസിപ്പതാണുലകം !-
കക്കയെക്കൺകക്കും മാണിക്യമാക്കുവാൻ
കക്കയായ് മാണിക് ക്കല്ലു മാറ്റാൻ ,
കെല്പെഴും കാലമേ , ചിന്തിക്കുന്തോറുമ-
ത്യത്ഭുതമാണു നിന്നിന്ദ്രജാലം !

[ 69 ]

ആനന്ദദേവതേ, നീ പോയനാൾമുതൽ
മാനസത്തോപ്പിലിരുട്ടു മൂടി.
അന്നു നീ കണ്ട സുരഭിലസൂനങ്ങ-
ളൊന്നൊന്നായൊക്കെക്കൊഴിഞ്ഞുപോയി.
മേലിലപ്പൂവനം പൂക്കണമെങ്കിൽ നിൻ-
കാലടിപ്പാടുകൾ ചൂടി വേണം !
നിന്നാഗമവും കൊതിച്ചു ഞാനിങ്ങനെ
നിന്നിടുമെന്നുമിക്കൂരിരുളിൽ !
വല്ലകാലത്തുമതിലൊരു നേരിയ
കൊള്ളിയാൻ വീശില്ലെന്നാർക്കറിയാം ?

ശീതോഗ്രവാതമേ, വർഷമണഞ്ഞെത്ര
വേതാളതാണ്ഡവമാടിയാലും
ഒട്ടേറെ ദൂരെപ്പുറകിലായീടുമോ
മൊട്ടിടും മുഗ്ദ്ധവസന്തമാസം ?
ശാശ്വതശാന്തി നിനക്കിതാ , നേരുന്നേ-
നാശ്വസിച്ചാ, നന്ദദേവതേ, ഞാൻ !

മാർച്ച് , 1938