സങ്കല്പകാന്തി
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
രണാങ്കണത്തിൽ
[ 35 ]

രണാങ്കണത്തിൽ

ഭൂതകാലത്തിന്റെ പർണ്ണാശ്രമത്തിൽനി-
ന്നേതിനെത്തേടിയിങ്ങേകയായെത്തി നീ?
നിൻകൈയിൽ മിന്നുമാ വാടാവിളക്കിന്റെ
തങ്കപ്രകാശത്തിൽ മുങ്ങിക്കുളിച്ചിതാ,
നീഹാരസാന്ദ്രമാമീറൻവനപ്പച്ച-
നീരാളസാരിയുലഞ്ഞുലഞ്ഞങ്ങനെ,
പൂഞ്ചോലകളാൽ,ച്ചുരുണ്ടുനീണ്ടുള്ളൊര-
പ്പൂഞ്ചായൽ കെട്ടഴിഞ്ഞൂർന്നുവീണങ്ങനെ,
കുന്നിനാൽക്കൈകൂപ്പി നിശ്ചലം നിൽപു നിൻ-
മുന്നിൽ വിമോഹനവിശ്വവിലാസിനി!
വാരിവിതയ്ക്കയോ നീളെ നി, നിർമ്മലേ,
വാരഞ്ചുമോരോ പുളകാങ്കുരങ്ങളെ?
നൊന്തുനീറിടും ഹൃദയശതങ്ങളി-
ലെന്തു പീയൂഷം തളിക്കുവാനെത്തി നീ?

ആരാണു ഞങ്ങളെന്നാണോ?- മനുഷ്യന്റെ
ഘോരദുർമ്മോഹത്തിനൂണായടിഞ്ഞവർ.
വീണുപോയ് ഞങ്ങൾ വികലാംഗരായ്, രണ-
ക്ഷോണിയിലോ,ർക്കുന്നതാരിനി ഞങ്ങളെ?
മുന്നോട്ടു പോയിതാ, നായകമാനികൾ
മിന്നിച്ചു മേന്മേൽ വിജയപതാകകൾ.
ഇത്രനാൾ ഞങ്ങളോടൊന്നിച്ചിരുന്നവ-
രത്രമേൽ പ്രാണനായ്ത്തമ്മിൽക്കഴിഞ്ഞവർ;
ഇന്നവരുന്നതസോപാനവർത്തികൾ;
ഞങ്ങളോ?-ജീർണ്ണിച്ചടിഞ്ഞ മൺഭിത്തികൾ!
ഇന്നവരന്യർ, പരസ്പരം കാണുകിൽ-
ത്തന്നെയും ഞങ്ങളാരെന്നറിയാത്തവർ!-
കഷ്ടമവർക്കു കയറാൻ നടപ്പടി
കെട്ടിയോർ ഞങ്ങളാണസ്ഥിഖണ്ഡങ്ങളാൽ!-
ജീവരക്തം വാർന്നൊലിക്കിലും ഞങ്ങൾതൻ
സേവനോൽക്കണ്ഠമാമസ്ഥിഖണ്ഡങ്ങളാൽ!

അന്നെത്രയെത്ര ശപഥങ്ങൾ ചെയ്ത,വർ
നിന്നില്ല പിന്നിൽ പരമവിനീതരായ്!
ശത്രുപ്രഘാതം സഹിക്കുവാൻ ഞങ്ങളും
ജൈത്രയാത്രയ്ക്കാ പ്രതാപപിണ്ഡങ്ങളും!
വാൾത്തലച്ചീറ്റലോരോന്നിലും, കുങ്കുമം
ചാർത്തി, മാത്സര്യം മദിച്ചുനിന്നാടവേ;
ആയുരാരോഗ്യങ്ങൾ ഞങ്ങൾ ബലികൊടു-
ത്താ യുദ്ധദേവയ്ക്കാശിസ്സു നേരവേ;

[ 36 ]

എത്ര ദൂരത്തിൽ സുഖിച്ചിരുന്നു,ജ്ജ്വല-
സ്വപ്നവും കണ്ടു കഴിച്ചവരാണവർ!
അന്നും സുഖമായ്ക്കഴിഞ്ഞവരാണവ-
രി,ന്നും സുഖമായ്ക്കഴിഞ്ഞവരാണവർ!
ക്ലേശം സഹിക്കുവാന,ന്നുമിന്നും ദേഹ-
നാശം ഭവിക്കുവാൻ,കഷ്ട,മീ ഞങ്ങളും!

പൂമണിമേടയിൽബ്ഭാഗ്യവാന്മാരവർ
കോൾമയിർക്കൊണ്ടു കഴിയുന്നിതിപ്പൊഴും!
ഇന്നവർതൻധീരകൃത്യങ്ങളോരോന്നു
വർണ്ണിച്ചു വർണ്ണിച്ചു പാടുന്നു ഗായകർ;
ആയവർതൻഗളത്തിങ്കലണിയുന്നു
മായാത്ത കീർത്തികൾ മന്ദാരമാലകൾ!
ചേലിലെഴുതും സുവർണ്ണലിപികളിൽ
നാളെച്ചരിത്രമവരുടെ പേരുകൾ!
ഞങ്ങളോ?- ഹാ, മഹാത്യാഗമനുഷ്ഠിച്ച
ഞങ്ങളോ?- കഷ്ടം, വെറും നിഴല്പാടുകൾ!
മർത്ത്യപ്പുഴുക്കൾ മറയണം ഞങ്ങളാ
വിസ്മൃതി തന്റെ തണുത്ത ഗർത്തങ്ങളിൽ!
ആരുണ്ടറിയാൻ ജഗത്തിലീ ഞങ്ങൾത-
ന്നാരാധനീയമാം പാവനാത്മാർപ്പണം?

രക്തക്കളത്തിലി,വിടെ,ക്കഴുകുകൾ
കൊത്തിവലിക്കുന്നു ഞങ്ങൾതന്നസ്ഥികൾ!
വട്ടമിട്ടാർത്തു പറക്കുന്നു,കൂർത്തൊര-
ക്കൊക്കും വിടർത്തിക്കൊടുംമലങ്കാക്കകൾ!
അട്ടഹസിപ്പൂ ഭയങ്കരമായി,ടി-
വെട്ടിടുംമട്ടിൽ,ച്ചുടലപ്പിശാചികൾ!
ഞെട്ടിത്തെറിക്കുമാറെ,പ്പൊഴും ഞങ്ങൾതൻ-
ചുറ്റും നടക്കുന്നു കങ്കാളകേളികൾ!-
സംഗ്രാമഭൂവിലോ,കഷ്ട,മണഞ്ഞു നീ
ഞങ്ങളെക്കാണാൻ, സമാധാനദേവതേ?

എല്ലാം കഴിഞ്ഞു;- നശിച്ചു സകലതും
കല്യാണദായിനി,യാതൊന്നുമില്ലിനി.
നീ വന്നു ഞങ്ങളെപ്പുൽകൂ,നിരുപമേ,
നീറാതെ വേഗം മരിക്കട്ടെ ഞങ്ങളും!
ഭൂതകാലത്തിന്റെ പർണ്ണാശ്രമത്തിൽനി-
ന്നേതുത്സവത്തെക്കൊതിച്ചു നീയെത്തിയോ;
ആ മഹാക്ഷേമമൊരേടവും കാണാതെ
നീ മടങ്ങാനാണിടവന്നതെങ്കിലും,

[ 37 ]

ഇത്രയ്ക്കു ലോകം ദുഷിച്ചതായങ്ങു ചെ-
ന്നെത്തി നീയാരോടുമോതരുതംബികേ!
വിശ്രമിക്കട്ടേ സമാധാനപൂർവ്വകം
വിശ്രുതന്മാരാം പിതാമഹന്മാരവർ!

നീതിതൻപേരിൽ നടത്തപ്പെടുന്നൊരീ
വേതാളനൃത്തം നിലയ്ക്കില്ലൊരിക്കലും--
രാഷ്ട്രങ്ങൾതമ്മിൽ നടത്തപ്പെടുന്നൊരീ-
ക്കൂട്ടക്കൊലകളൊടുങ്ങില്ലൊരിക്കലും-
'മുന്നോട്ടുനോക്കി'യാം ശാസ്ത്രം ചൊരിയുമീ-
ച്ചെന്നിണച്ചൊലകൾ വറ്റില്ലൊരിക്കലും.
ലോകത്തെയൊന്നാകെ മാറോടുചേർത്തണ-
ച്ചേകയോഗത്തിലിണക്കാൻ കൊതിപ്പു നീ,
ആ വേളയിൽത്തന്നെ രാഷ്ട്രങ്ങളോരോന്നു-
മാവോളമാർജ്ജിപ്പു യുദ്ധസാമഗ്രികൾ.
മർത്ത്യൻ, സമാധാനദേവതേ, നിന്റെ പേർ
യുദ്ധപ്പിശാചാക്കി മാറ്റിയെന്നേക്കുമായ്.
ഇങ്ങെഴും ഘോരവിഷവായുവേൽക്കാതെ,
മംഗളദർശനേ, വേഗം മടങ്ങു നീ!

ഏകാധിപത്യം ചിറകെട്ടിനിർത്തിലും
ലോകമഹാവിപ്ലവാബ്ധിയടങ്ങുമോ?
ക്ഷുദ്രനിയമച്ചിലന്തിനൂൽക്കെട്ടിനാൽ
മർത്ത്യഹൃദയം കുതിക്കാതിരിക്കുമോ ?
നിഷ്ഫലവിഭ്രമം, നിഷ്ഫലവ്യാമോഹ-
മിപ്രയത്നം!-ഹാ, നടക്കട്ടെ വിപ്ലവം!
എന്നാൽ, മനുഷ്യൻ മനുഷ്യനെത്തിന്നുമീ-
ദ്ദുർന്നയം-യുദ്ധം-മൃഗത്വം-പുലരിലോ!

ഇല്ല, ഫലമില്ല മർത്ത്യരെന്നാകിലും
തല്ലാതിരിക്കില്ല തങ്ങളിൽത്തങ്ങളിൽ
വെന്നിക്കൊടികൾക്കു വർണ്ണംപിടിക്കുവാൻ
ചെന്നിണമെന്നും കുറിക്കൂട്ടു കൂട്ടണം;
ശക്തികൾ മേന്മേൽ മുളയ്ക്കുവാൻ,മണ്ണിലീ
രക്തച്ചൊരിച്ചിൽ വളം കുറെച്ചേർക്കണം;
മേലോട്ടു പൊങ്ങാനൊരുത്തനപരന്റെ
തോളിലൊന്നൂന്നിച്ചവിട്ടിക്കുതിക്കണം!-
ഇന്നത്തെ ലോകഗതിയിതാണം,ബികേ,
നിന്നതുകൊണ്ടു ഫലമില്ലിവിടെ നീ!
ഭൂതകാലത്തിന്റെ പർണ്ണാശ്രമത്തിലേ-
ക്കേതും മടിക്കാതെ പോകു തിരിച്ചിനി.

--മെയ് 1938