സങ്കല്പകാന്തി
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
വൃന്ദാവനം

[ 27 ]

വൃന്ദാവനം
കാണുന്നതില്ലേ നിങ്ങൾ ഭാവനയി,ലാപ്പൂത്ത
കാനനങ്ങളെപ്പുൽകിയൊഴുകും കാളിന്ദിയെ ?
നിശ്ചയം സ്വപ്നംകണ്ടിട്ടുണ്ടാകും പലപ്പോഴും
നിത്യനിർവൃതിനല്കുമാ നദീരംഗം നിങ്ങൾ!
പുളകംകൊള്ളുന്നതുണ്ടവിടെക്കിടന്നി,ന്നും
പുതുമ നശിക്കാത്തൊരായിരം ശാകുന്തളം.
നേരിട്ടാ വേണുഗാനം നുകർന്നോരവിടത്തെ-
യോരോ മൺതരിപോലുമോരോരോ നാദബ്രഹ്മം!

ആരാലും തടുക്കുവാനായിടാ,തഹങ്കരി-
ച്ചായിരക്കണക്കായിപ്പോകട്ടെ ശതാബ്ദങ്ങൾ;
പരിവർത്തനക്കാറ്റിൽ പഞ്ഞിയായ് പാറിപ്പാറി-
പ്പരിചിൽ പറക്കട്ടേ, ഭൗതികം പരിഷ്കാരം;
വിപ്ലവ,മുണ്ടാക്കുന്ന ഭൂകമ്പം, ജനതയി-
ലെപ്പൊഴും വരുത്തീടട്ടായിരം നവീനത്വം;
മസ്തിഷകസിരകളിൽ തീച്ചൂള വഹിച്ചുകൊ-
ണ്ടെത്തട്ടേ, നൂറായിരം 'മിസ്മേയോ' മതാമ്മമാർ;
വരട്ടേ 'ബോൾഷേവിസം' വരട്ടേ 'സോഷ്യലിസം'
വരട്ടേ, വരുമെങ്കി 'ലിസ'ങ്ങളാമട്ടേറെ;-
ഒന്നെന്നാ,ലിവയ്ക്കെല്ലാമത്യതീതമായ്, മന്നി-
ലെന്നെന്നും നിലനില്ക്കും- പാവനം വൃന്ദാവനം!
ആയതിൻപുതുമയ്ക്കില്ലല്പവും വാട്ടം, മന്നി-
ലായതിൻസുഷമയ്ക്കില്ലൊരുകാലവും കോട്ടം.
പശ്ചിമം, ശാസ്ത്രം നോക്കിപ്പഠിച്ചൂ, മനുഷ്യന്റെ
രക്തത്തിൽ, മനസ്തോഭംകൂടാതെ നീന്താൻമാത്രം!-
തലച്ചോറിനാൽ ജോലിചെയ്ത,തിൻഫലംകൊണ്ടു
തലച്ചോറിനെത്തന്നെ ചിതറിച്ചിന്നാൻ മാത്രം!-
കേവലമൊരു കൊച്ചു മാടപ്രാവിനായ്പ്പോലും
ജീവനെദ്ദാനംചെയ്‌വാൻ ഭാരതം കാട്ടിത്തന്നു!-
പൊന്മണിക്കിരീടവും ചെങ്കോലും ദൂരത്തിട്ടു
ദണ്ഡുമായലയുവാൻ ഭാരതം കാട്ടിത്തന്നു!-
കാഞ്ചനപട്ടാംബരം കൈവിട്ടു, നിസ്സാരമാം
കാവിമുണ്ടുടുക്കുവാൻ ഭാരതം കാട്ടിത്തന്നു;-

[ 28 ]

ഭോഗലോലുപത്വത്തിൽനിന്നനശ്വരമാ,മ-
ത്യാഗശാന്തിയിലെത്താൻ ഭാരതം കാട്ടിത്തന്നു!-
പീരങ്കിയാൽ പശ്ചിമമലറാനാശിച്ചപ്പോൾ
ഭാരതമിരുന്നൊരു കൊച്ചോടക്കുഴലൂതി!
'മത'ത്തിൻപേരും പറഞ്ഞയ്യയ്യോ, പടിഞ്ഞാറു
മനുഷ്യൻ മനുഷ്യനെക്കൊന്നുകൊന്നൊടുക്കുമ്പോൾ,
ഭാരതത്തിലെ നീണ്ട താടിക്കാർ, കാട്ടാളന്മാർ,
പോരെങ്കിൽ പരിഷ്കാരശൂന്യന്മാർ, കറമ്പന്മാർ,
നേരിന്റെ നാടും തേടി, സ്നേഹത്തിൻ പാട്ടും പാടി,
ചാരുവാമൈക്യത്തിന്റെ പൂന്തോപ്പിലൂഞ്ഞാലാടി!
ഭൂതലമജ്ഞാനാന്ധകാരത്തിൽക്കിടന്നപ്പോൾ
'ഗീത'യാം വാടാവിളക്കീനാട്ടിലാളിക്കത്തി!
ഇന്നിപ്പോൾ വിമാനത്തിൽക്കയറി, ലോകം ചുറ്റി
വന്നിടും വെള്ളപ്പരിഷ്കാരത്തിൻമുത്തച്ഛൻമാർ
പച്ചമാംസവും കടിച്ചൂറ്റുവെള്ളവും കുടി-
ച്ചശ്രമം ഗുഹയ്ക്കുള്ളിലുറങ്ങിക്കിടന്നപ്പോൾ,
ഇക്കൊച്ചുരാജ്യത്തിന്റെയോരോരോ ഞരമ്പിലു-
മുൽക്കൃഷ്ടസംസ്ക്കാരത്തിൻ സ്പന്ദനമോളംവെട്ടി!

അത്രമേലനവദ്യമായ ഭാരതത്തിന്റെ
നിസ്തുലകലാപ്രേമം സങ്കല്പച്ചായംകൂട്ടി,
മാനവസംസ്കാരത്തിൻഭിത്തിമേലൊരിക്കലും
മായാത്ത ചിത്രമൊന്നു വരച്ചൂ - വൃന്ദാവനം!
പ്രണയപ്രശോഭനം, തത്ത്വസമ്പന്നം, ലസൽ-
പ്രതിഭാവിലാസത്താൽ പ്രസന്നം, പ്രഭാപൂർണ്ണം;
അത്രമേലവഗാഹ, മത്രമേലനവദ്യ,-
മത്രമേലാരാധനീയാദർശമയോജ്ജ്വലം;
അക്കലാപ്രേമത്തിന്റെ ദിവ്യമാമുപഹാര-
മക്കളിപ്പൂങ്കാവനം,ജയിപ്പൂ-വൃന്ദാവനം!

--ജനുവരി, 1937.