ആവൎത്തനപുസ്തകം അദ്ധ്യായങ്ങൾ
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

സത്യവേദപുസ്തകം

പഴയനിയമം പുതിയനിയമം


പഴയനിയമഗ്രന്ഥങ്ങൾ


1 നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തു നിങ്ങൾ ഭൂമിയിൽ ജീവിച്ചിരിക്കുന്ന നാളെല്ലാം പ്രമാണിച്ചു നടക്കേണ്ടുന്ന ചട്ടങ്ങളും വിധികളും ആവിതു:

2 നിങ്ങൾ ദേശം കൈവശമാക്കുവാൻ പോകുന്ന ജാതികൾ ഉയർന്ന പർവ്വതങ്ങളിൻ മേലും കുന്നുകളിൻ മേലും എല്ലാപച്ചമരത്തിൻ കീഴിലും തങ്ങളുടെ ദേവന്മാരെ സേവിച്ച സ്ഥലങ്ങളൊക്കെയും നിങ്ങൾ അശേഷം നശിപ്പിക്കേണം.

3 അവരുടെ ബലിപീഠങ്ങൾ ഇടിച്ചുകളയേണം; അവരുടെ ബിംബങ്ങളെ തകർക്കേണം; അവരുടെ അശേരപ്രതിഷ്ഠകളെ തീയിൽ ഇട്ടു ചുട്ടുകളയേണം; അവരുടെ ദേവപ്രതിമകളെ വെട്ടിക്കളഞ്ഞു അവയുടെ പേർ ആ സ്ഥലത്തുനിന്നു നശിപ്പിക്കേണം.

4 നിങ്ങളുടെ ദൈവമായ യഹോവയെ ആ വിധത്തിൽ സേവിക്കേണ്ടതല്ല.

5 നിങ്ങളുടെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കേണ്ടതിന്നു നിങ്ങളുടെ സകലഗോത്രങ്ങളിലുംവെച്ചു തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിങ്ങൾ തിരുനിവാസദർശനത്തിന്നായി ചെല്ലേണം.

6 അവിടെ തന്നേ നിങ്ങളുടെ ഹോമയാഗങ്ങൾ, ഹനന യാഗങ്ങൾ, ദശാംശങ്ങൾ, നിങ്ങളുടെ കയ്യിലെ ഉദർച്ചാർപ്പണങ്ങൾ, നിങ്ങളുടെ നേർച്ചകൾ, സ്വമേധാദാനങ്ങൾ, നിങ്ങളുടെ ആടുമാടുകളുടെ കടിഞ്ഞൂലുകൾ എന്നിവയെ നിങ്ങൾ കൊണ്ടുചെല്ലേണം.

7 അവിടെ നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ചു നിങ്ങൾ ഭക്ഷിക്കയും നിങ്ങളുടെ സകലപ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതിനെക്കുറിച്ചു നിങ്ങളും നിങ്ങളുടെ കടുംബങ്ങളും സന്തോഷിക്കയുംവേണം.

8 നാം ഇന്നു ഇവിടെ ഔരോരുത്തൻ താന്താന്നു ബോധിച്ചപ്രകാരം ഒക്കെയും ചെയ്യുന്നതുപോലെ നിങ്ങൾ ചെയ്യരുതു.

9 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന സ്വസ്ഥതെക്കും അവകാശത്തിന്നും നിങ്ങൾ ഇതുവരെ എത്തീട്ടില്ലല്ലോ.

10 എന്നാൽ നിങ്ങൾ യോർദ്ദാൻ കടന്നു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു അവകാശമായി തരുന്ന ദേശത്തു വസിക്കയും ചുറ്റുമുള്ള നിങ്ങളുടെ സകലശത്രുക്കളെയും അവൻ നീക്കി നിങ്ങൾക്കു സ്വസ്ഥത തരികയും നിങ്ങൾ നിർഭയമായി വസിക്കയും ചെയ്യുമ്പോൾ

11 നിങ്ങളുടെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിങ്ങളുടെ ഹോമയാഗങ്ങൾ, ഹനനയാഗങ്ങൾ, ദശാംശങ്ങൾ, നിങ്ങളുടെ കയ്യിലെ ഉദർച്ചാർപ്പണങ്ങൾ, നിങ്ങൾ യഹോവേക്കു നേരുന്ന വിശേഷമായ നേർച്ചകൾ എല്ലാം എന്നിങ്ങനെ ഞാൻ നിങ്ങളോടു ആജ്ഞാപിക്കുന്നതൊക്കെയും നിങ്ങൾ കൊണ്ടുവരേണം.

12 നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിങ്ങളും നിങ്ങളുടെ പുത്രന്മാരും പുത്രിമാരും നിങ്ങളുടെ ദാസന്മാരും ദാസിമാരും നിങ്ങളുടെ പട്ടണങ്ങളിൽ ഉള്ള ലേവ്യനും സന്തോഷിക്കേണം; അവന്നു നിങ്ങളോടുകൂടെ ഔഹരിയും അവകാശവും ഇല്ലല്ലോ.

13 നിനക്കു ബോധിക്കുന്നേടത്തൊക്കെയും നിന്റെ ഹോമയാഗങ്ങൾ കഴിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.

14 യഹോവ നിന്റെ ഗോത്രങ്ങളിൽ ഒന്നിൽ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നീ നിന്റെ ഹോമയാഗങ്ങൾ കഴിക്കേണം; ഞാൻ നിന്നോടു ആജ്ഞാപിക്കുന്നതൊക്കെയും നീ ചെയ്യേണം.

15 എന്നാൽ നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന അനുഗ്രഹത്തിന്നു തക്കവണ്ണം നിന്റെ ഏതു പട്ടണത്തിൽവെച്ചും നിന്റെ മനസ്സിലെ ആഗ്രഹപ്രകാരമൊക്കെയും അറുത്തു മാംസം തിന്നാം; അതു കലമാനിനെയും പുള്ളിമാനിനെയും പോലെ ശുദ്ധന്നും അശുദ്ധന്നും തിന്നാം; രക്തം മാത്രം നിങ്ങൾ തിന്നരുതു;

16 അതു വെള്ളംപോലെ നിറത്തു ഒഴിച്ചുകളയേണം.

17 എന്നാൽ നിന്റെ ധാന്യം, വീഞ്ഞു, എണ്ണ എന്നിവയുടെ ദശാംശം, നിന്റെ ആടുമാടുകളുടെ കടിഞ്ഞൂലുകൾ, നീ നേരുന്ന എല്ലാ നേർച്ചകൾ, നിന്റെ സ്വമേധാദാനങ്ങൾ നിന്റെ കയ്യിലെ ഉദർച്ചാർപ്പണങ്ങൾ എന്നിവയെ നിന്റെ പട്ടണങ്ങളിൽവെച്ചു തിന്നുകൂടാ.

18 അവയെ നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ചു നീയും നിന്റെ മകനും മകളും നിന്റെ ദാസനും ദാസിയും നിന്റെ പട്ടണങ്ങളിൽ ഉള്ള ലേവ്യനും തിന്നു, നിന്റെ സകലപ്രയത്നത്തെക്കുറിച്ചും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നീ സന്തോഷിക്കേണം.

19 നീ ഭൂമിയിൽ ഇരിക്കുന്നേടത്തോളം ലേവ്യനെ ഉപേക്ഷിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.

20 നിന്റെ ദൈവമായ യഹോവ നിനക്കു വാഗ്ദത്തം ചെയ്തതുപോലെ അവൻ നിന്റെ അതിർ വിശാലമാക്കുമ്പോൾ നീ മാംസം തിന്മാൻ ആഗ്രഹിച്ചിട്ടു: എനിക്കു മാംസം തിന്നേണം എന്നു പറഞ്ഞാൽ നിന്റെ ഇഷ്ടംപോലെ ഒക്കെയും നിനക്കു മാംസം തിന്നാം.

21 നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുത്ത സ്ഥലം ഏറെ ദൂരത്താകുന്നു എങ്കിൽ യഹോവ നിനക്കു തന്നിട്ടുള്ള നിന്റെ ആടുമാടുകളിൽ ഏതിനെ എങ്കിലും ഞാൻ നിന്നോടു കല്പിച്ചതുപോലെ അറുക്കുകയും നിന്റെ പട്ടണങ്ങളിൽവെച്ചു നിന്റെ ഇഷ്ടംപോലെ ഒക്കെയും തിന്നുകയും ചെയ്യാം.

22 കലമാനിനെയും പുള്ളിമാനിനെയും തിന്നുന്നതുപോലെ നിനക്കു അവയെ തിന്നാം; ശുദ്ധന്നും അശുദ്ധന്നും ഒരുപോലെ തിന്നാം.

23 രക്തം മാത്രം തിന്നാതിരിപ്പാൻ നിഷ്ഠയായിരിക്ക; രക്തം ജീവൻ ആകുന്നുവല്ലോ; മാംസത്തോടുകൂടെ ജീവനെ തിന്നരുതു.

24 അതിനെ നീ തിന്നാതെ വെള്ളംപോലെ നിലത്തു ഒഴിച്ചുകളയേണം.

25 യഹോവേക്കു ഹിതമായുള്ളതു ചെയ്തിട്ടു നിനക്കും മക്കൾക്കും നന്നായിരിക്കേണ്ടതിന്നു നീ അതിനെ തിന്നരുതു.

26 നിന്റെ പക്കലുള്ള വിശുദ്ധവസ്തുക്കളും നിന്റെ നേർച്ചകളും മാത്രം നീ എടുത്തുകൊണ്ടു യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു പോകേണം.

27 അവിടെ നിന്റെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്മേൽ നിന്റെ ഹോമയാഗങ്ങൾ മാംസത്തോടും രക്തത്തോടും കൂടെ അർപ്പിക്കേണം; നിന്റെ ഹനനയാഗങ്ങളുടെ രക്തം നിന്റെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്മേൽ ഒഴിക്കേണം; അതിന്റെ മാംസം നിനക്കു തിന്നാം.

28 നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ ഹിതവും ഉത്തമവുമാക്കുന്ന ഈ സകലവചനങ്ങളും കേട്ടു പ്രമാണിക്ക.

29 നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തുള്ള ജാതികളെ നിന്റെ ദൈവമായ യഹോവ നിന്റെ മുമ്പിൽനിന്നു ഛേദിച്ചുകളയുമ്പോഴും നീ അവരെ നീക്കിക്കളഞ്ഞു അവരുടെ ദേശത്തു പാർക്കുംമ്പോഴും

30 അവർ നിന്റെ മുമ്പിൽനിന്നു നശിച്ചശേഷം നീ അവരുടെ നടപടി അനുസരിച്ചു കണിയിൽ അകപ്പെടുകയും ഈ ജാതികൾ തങ്ങളുടെ ദേവന്മാരെ സേവിച്ചവിധം ഞാനും ചെയ്യുമെന്നു പറഞ്ഞു അവരുടെ ദേവന്മാരെക്കുറിച്ചു അന്വേഷിക്കയും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളേണം.

31 നിന്റെ ദൈവമായ യഹോവയെ അങ്ങനെ സേവിക്കേണ്ടതല്ല; യഹോവ വെറുക്കുന്ന സകലമ്ളേച്ഛതയും അവർ തങ്ങളുടെ ദേവപൂജയിൽ ചെയ്തു തങ്ങളുടെ പുത്രിപുത്രന്മാരെപ്പോലും അവർ തങ്ങളുടെ ദേവന്മാർക്കും അഗ്നിപ്രവേശം ചെയ്യിച്ചു വല്ലോ.

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>