സത്യവേദപുസ്തകം/ന്യായാധിപന്മാർ/അദ്ധ്യായം 7
ന്യായാധിപന്മാർ അദ്ധ്യായങ്ങൾ |
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 |
1 അനന്തരം ഗിദെയോൻ എന്ന യെരുബ്ബാലും അവനോടുകൂടെയുള്ള ജനം ഒക്കെയും അതികാലത്തു പുറപ്പെട്ടു ഹരോദ് ഉറവിന്നരികെ പാളയമിറങ്ങി; മിദ്യാന്യരുടെ പാളയമോ അവർക്കും വടക്കു മോരേകുന്നിന്നരികെ താഴ്വരയിൽ ആയിരുന്നു.
2 യഹോവ ഗിദെയോനോടു: നിന്നോടു കൂടെയുള്ള ജനം അധികമാകുന്നു; എന്റെ കൈ എന്നെ രക്ഷിച്ചു എന്നു യിസ്രായേൽ എന്റെ നേരെ വമ്പുപറയാതിരിക്കേണ്ടതിന്നു ഞാൻ മിദ്യാന്യരെ ഇവരുടെ കയ്യിൽ ഏല്പിക്കയില്ല.
3 ആകയാൽ നീ ചെന്നു ആർക്കെങ്കിലും ഭയവും ഭീരുതയുമുണ്ടെങ്കിൽ അവൻ ഗിലെയാദ് പർവ്വതത്തിൽനിന്നു മടങ്ങിപ്പെയ്ക്കൊള്ളട്ടെ എന്നു ജനത്തിൽ പ്രസിദ്ധപ്പെടുത്തുക എന്നു കല്പിച്ചു. എന്നാറെ ജനത്തിൽ ഇരുപത്തീരായിരം പേർ മടങ്ങിപ്പോയി; പതിനായിരംപേർ ശേഷിച്ചു.
4 യഹോവ പിന്നെയും ഗിദെയോനോടു: ജനം ഇനിയും അധികം ആകുന്നു; അവരെ വെള്ളത്തിങ്കലേക്കു കൊണ്ടുപോക; അവിടെ വെച്ചു ഞാൻ അവരെ പരിശോധിച്ചുതരാം; ഇവൻ നിന്നോടുകൂടെ പോരട്ടെ എന്നു ഞാൻ കല്പിക്കുന്നവൻ പോരട്ടെ; ഇവൻ നിന്നോടുകൂടെ പോരേണ്ടാ എന്നു ഞാൻ കല്പിക്കുന്നവൻ പോരേണ്ടാ എന്നു കല്പിച്ചു.
5 അങ്ങനെ അവൻ ജനത്തെ വെള്ളത്തിങ്കലേക്കു കൊണ്ടുപോയി; യഹോവ ഗിദെയോനോടു: പട്ടി നക്കിക്കുടിക്കുംപോലെ നാവുകൊണ്ടു വെള്ളം നിക്കിക്കുടിക്കുന്നവരെയൊക്കെ വേറെയും കുടിപ്പാൻ മുട്ടുകുത്തി കുനിയുന്നവരെയൊക്കെ വേറയും നിർത്തുക എന്നു കല്പിച്ചു.
6 കൈ വായക്കു വെച്ചു നക്കിക്കുടിച്ചവർ ആകെ മുന്നൂറുപേർ ആയിരുന്നു; ശേഷം ജനമൊക്കെയും വെള്ളം കുടിപ്പാൻ മുട്ടുകുത്തി കുനിഞ്ഞു.
7 യഹോവ ഗിദെയോനോടു: നക്കിക്കുടിച്ച മുന്നൂറു പേരെക്കൊണ്ടു ഞാൻ നിങ്ങളെ രക്ഷിച്ചു മിദ്യാന്യരെ നിന്റെ കയ്യിൽ ഏല്പിക്കും; ശേഷം ജനമൊക്കെയും താന്താങ്ങളുടെ സ്ഥലത്തേക്കു പോകട്ടെ എന്നു കല്പിച്ചു.
8 അങ്ങനെ അവർ ജനത്തിന്റെ ഭക്ഷണസാധനങ്ങളും കാഹളങ്ങളും വാങ്ങി; ശേഷം യിസ്രായേല്യരെയൊക്കെയും അവൻ വീട്ടിലേക്കു പറഞ്ഞയക്കയും ആ മുന്നൂറുപേരെ നിർത്തുകയും ചെയ്തു. എന്നാൽ മിദ്യാന്യരുടെ പാളയം താഴെ സമഭൂമിയിൽ ആയിരുന്നു.
9 അന്നു രാത്രി യഹോവ അവനോടു കല്പിച്ചതു: എഴുന്നേറ്റു പാളയത്തിന്റെ നേരെ ഇറങ്ങിച്ചെല്ലുക; ഞാൻ അതു നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു.
10 ഇറങ്ങിച്ചെല്ലുവാൻ നിനക്കു പേടിയുണ്ടെങ്കിൽ നീയും നിന്റെ ബാല്യക്കാരനായ പൂരയുംകൂടെ പാളയത്തിലേക്കു ഇറങ്ങിച്ചെല്ലുക.
11 എന്നാൽ അവർ സംസാരിക്കുന്നതു എന്തെന്നു നീ കേൾക്കും; അതിന്റെ ശേഷം പാളയത്തിന്റെ നേരെ ഇറങ്ങിച്ചെല്ലുവാൻ നിനക്കു ധൈര്യം വരും. അങ്ങനെ അവനും അവന്റെ ബാല്യക്കാരനായ പൂരയും പാളയത്തിൽ ആയുധപാണികളുടെ സമീപത്തോളം ഇറങ്ങിച്ചെന്നു.
12 എന്നാൽ മിദ്യാന്യരും അമാലേക്യരും കിഴക്കു ദേശക്കാരൊക്കെയും വെട്ടുക്കിളി എന്നപോലെ അസംഖ്യമായി താഴ്വരയിൽ കിടന്നിരുന്നു; അവരുടെ ഒട്ടകങ്ങളും കടൽക്കരയിലെ മണൽപോലെ അസംഖ്യം ആയിരുന്നു.
13 ഗിദെയോൻ ചെല്ലുമ്പോൾ ഒരുത്തൻ മറ്റൊരുത്തനോടു ഒരു സ്വപന്ം വിവരിക്കയായിരുന്നു: ഞാൻ ഒരു സ്വപ്നം കണ്ടു; ഒരു യവയപ്പം മിദ്യാന്യരുടെ പാളയത്തിലേക്കു ഉരുണ്ടു വന്നു കൂടാരംവരെ എത്തി അതിനെ തള്ളി മറിച്ചിട്ടു അങ്ങനെ കൂടാരം വീണുകിടന്നു എന്നു പറഞ്ഞു. അതിന്നു മറ്റവൻ :
14 ഇതു യോവാശിന്റെ മകനായ ഗിദെയോൻ എന്ന യിസ്രായേല്യന്റെ വാളല്ലാതെ മറ്റൊന്നുമല്ല; ദൈവം മിദ്യാനെയും ഈ പാളയത്തെ ഒക്കെയും അവന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
15 ഗിദെയോൻ സ്വപ്നവും പൊരുളും കേട്ടപ്പോൾ നമസ്കരിച്ചു; യിസ്രായേലിന്റെ പാളയത്തിൽ മടങ്ങിച്ചെന്നു: എഴുന്നേല്പിൻ , യഹോവ മിദ്യാന്റെ പാളയത്തെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.
16 അനന്തരം അവൻ ആ മുന്നൂറുപേരെ മൂന്നുകൂട്ടമായി വിഭാഗിച്ചു ഔരോരുത്തന്റെ കയ്യിൽ ഔരോ കാഹളവും വെറുംകുടവും കുടത്തിന്നകത്തു ഔരോ പന്തവും കൊടുത്തു, അവരോടു പറഞ്ഞതു.
17 ഞാൻ ചെയ്യുന്നതു നോക്കി അതുപോലെ ചെയ്‍വിൻ ; പാളയത്തിന്റെ അറ്റത്തു എത്തുമ്പോൾ ഞാൻ ചെയ്യുന്നതുപോലെ നിങ്ങളും ചെയ്‍വിൻ ,
18 ഞാനും എന്നോടുകൂടെയുള്ളവരും കാഹളം ഊതുമ്പോൾ നിങ്ങളും പാളയത്തിന്റെ ചുറ്റും നിന്നു കാഹളം ഊതി: യഹോവേക്കും ഗിദെയോന്നും വേണ്ടി എന്നു പറവിൻ .
19 മദ്ധ്യയാമത്തിന്റെ ആരംഭത്തിൽ അവർ കാവൽ മാറി നിർത്തിയ ഉടനെ ഗിദെയോനും കൂടെയുള്ള നൂറുപേരും പാളയത്തിന്റെ അറ്റത്തു എത്തി കാഹളം ഊതി കയ്യിൽ ഉണ്ടായിരുന്ന കുടങ്ങൾ ഉടെച്ചു.
20 മൂന്നു കൂട്ടവും കാഹളം ഊതി കുടങ്ങൾ ഉടെച്ചു; ഇടത്തു കയ്യിൽ പന്തവും വലത്തു കയ്യിൽ ഊതുവാൻ കാഹളവും പിടിച്ചു: യഹോവേക്കും ഗിദെയോന്നും വേണ്ടി വാൾ എന്നു ആർത്തു.
21 അവർ പാളയത്തിന്റെ ചുറ്റും ഔരോരുത്തൻ താന്താന്റെ നിലയിൽ തന്നേ നിന്നു; പാളയമെല്ലാം പാച്ചൽ തുടങ്ങി; അവർ നിലവിളിച്ചുകൊണ്ടു ഔടിപ്പോയി.
22 ആ മുന്നൂറുപേരും കാഹളം ഊതിയപ്പോൾ യഹോവ പാളയത്തിലൊക്കെയും ഔരോരുത്തന്റെ വാൾ താന്താന്റെ കൂട്ടുകാരന്റെ നേരെ തിരിപ്പിച്ചു; സൈന്യം സെരേരാവഴിയായി ബേത്ത്--ശിത്താവരെയും തബ്ബത്തിന്നരികെയുള്ള ആബേൽ-മെഹോലയുടെ അതിർവരെയും ഔടിപ്പോയി.
23 യിസ്രായേല്യർ നഫ്താലിയിൽനിന്നും ആശേരിൽനിന്നും മനശ്ശെയിൽനിന്നൊക്കെയും ഒരുമിച്ചുകൂടി മിദ്യാന്യരെ പിൻ തുടർന്നു.
24 ഗിദെയോൻ എഫ്രയീംമലനാട്ടിൽ എല്ലാടവും ദൂതന്മാരെ അയച്ചു: മിദ്യാന്യരുടെ നേരെ ഇറങ്ങിച്ചെന്നു ബേത്ത്--ബാരാവരെയുള്ള വെള്ളത്തെയും യോർദ്ദാനെയും അവർക്കും മുമ്പെ കൈവശമാക്കിക്കൊൾവിൻ എന്നു പറയിച്ചു. അങ്ങനെ തന്നേ എഫ്രയീമ്യർ ഒക്കെയും ഒരുമിച്ചുകൂടി ബേത്ത്--ബാരാവരെയുള്ള വെള്ളവും യോർദ്ദാനും കൈവശമാക്കി.
25 ഔരേബ്, ശേബ് എന്ന രണ്ടു മിദ്യാന്യപ്രഭുക്കന്മാരെ അവർ പിടിച്ചു, ഔരേബിനെ ഔരേബ് പാറമേലും സേബിനെ സേബ് മുന്തിരിച്ചക്കിന്നരികെയും വെച്ചു കൊന്നിട്ടു മിദ്യാന്യരെ പിന്തുടർന്നു, ഔരേബിന്റെയും സേബിന്റെയും തല യോർദ്ദാന്നക്കരെ ഗിദെയോന്റെ അടുക്കൽ കൊണ്ടുവന്നു.