സത്യവേദപുസ്തകം/യിരെമ്യാവു/അദ്ധ്യായം 33
യിരെമ്യാവു അദ്ധ്യായങ്ങൾ |
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 |
1 യിരെമ്യാവു കാവല്പുരമുറ്റത്തു അടെക്കപ്പെട്ടിരിക്കുമ്പോൾ യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം അവന്നുണ്ടായതെന്തെന്നാൽ:
2 അതിനെ അനുഷ്ഠിക്കുന്ന യഹോവ, അതിനെ നിവർത്തിപ്പാൻ നിർണ്ണയിക്കുന്ന യഹോവ, യഹോവ എന്നു നാമം ഉള്ളവൻ തന്നേ, ഇപ്രകാരം അരുളിച്ചെയ്യുന്നു;
3 എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിനക്കുത്തരം അരുളം; നീ അറിയാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യങ്ങളെ ഞാൻ നിന്നെ അറിയിക്കും.
4 വാടകൾക്കും വാളിന്നും എതിരെ തടുത്തു നിൽക്കേണ്ടതിന്നായി ഈ നഗരത്തിൽ പൊളിച്ചിട്ടിരിക്കുന്ന വീടുകളെയും യെഹൂദാരാജാക്കന്മാരുടെ അരമനകളെയും കുറിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു.
5 അവർ കല്ദയരോടു യുദ്ധം ചെയ്‍വാൻ ചെല്ലുന്നു; എന്നാൽ അതു, ഞാൻ എന്റെ കോപത്തിലും എന്റെ ക്രോധത്തിലും സംഹരിച്ചിരിക്കുന്ന മനുഷ്യരുടെ ശവങ്ങൾകൊണ്ടു അവയെ നിറെപ്പാനത്രേ; അവരുടെ സകലദോഷവും നിമിത്തം ഞാൻ എന്റെ മുഖത്തെ ഈ നഗരത്തിന്നു മറെച്ചിരിക്കുന്നു.
6 ഇതാ, ഞാൻ രോഗശാന്തിയും ആരോഗ്യവും വരുത്തി അവരെ സൌഖ്യമാക്കുകയും സമാധാനത്തിന്റെയും സത്യത്തിന്റെയും സമൃദ്ധി അവർക്കും വെളിപ്പെടുത്തുകയും ചെയ്യും.
7 ഞാൻ യെഹൂദയുടെ പ്രവാസികളെയും യിസ്രായേലിന്റെ പ്രവാസികളെയും മടക്കിവരുത്തി പണ്ടത്തെപ്പോലെ അവർക്കും അഭിവൃത്തി വരുത്തും.
8 അവർ എന്നോടു പിഴെച്ചതായ സകല അകൃത്യത്തെയും ഞാൻ നീക്കി അവരെ ശുദ്ധീകരിക്കയും അവർ പാപം ചെയ്തു എന്നോടു ദ്രോഹിച്ചതായ സകല അകൃത്യങ്ങളെയും മോചിക്കയും ചെയ്യും.
9 ഞാൻ അവർക്കും ചെയ്യുന്ന എല്ലാ നന്മയെയും കുറിച്ചു കേൾക്കുന്ന സകലഭൂജാതികളുടെയും മുമ്പാകെ അതു എനിക്കു ആനന്ദനാമവും പ്രശംസയും മഹത്വവും ആയിരിക്കും; ഞാൻ അതിന്നു വരുത്തുന്ന എല്ലാനന്മയും നിമിത്തവും സർവ്വ സമാധാനവും നിമിത്തവും അവർ പേടിച്ചു വിറെക്കും.
10 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മനുഷ്യരും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്നു എന്നു നിങ്ങൾ പറയുന്ന ഈ സ്ഥലത്തും യെഹൂദാപട്ടണങ്ങളിലും മനുഷ്യനോ, നിവാസികളോ, മൃഗമോ ഇല്ലാതെ ശൂന്യമായിരിക്കുന്ന യെരൂശലേംവീഥികളിലും
11 ഇനിയും ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും: സൈന്യങ്ങളുടെ യഹോവയെ സ്തുതിപ്പിൻ , യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു എന്നു പറയുന്നവരുടെ ശബ്ദവും യഹോവയുടെ ആലയത്തിൽ സ്തോത്രയാഗം കൊണ്ടുവരുന്നവരുടെ ശബ്ദവും കേൾക്കും; ഞാൻ ദേശത്തിന്റെ സ്ഥിതി മാറ്റി പണ്ടത്തെപ്പോലെ ആക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.
12 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മനുഷ്യനും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്ന ഈ സ്ഥലത്തും അതിന്റെ സകലപട്ടണങ്ങളിലും ആടുകളെ കിടത്തുന്ന ഇടയന്മാർക്കും ഇനിയും മേച്ചൽപുറം ഉണ്ടാകും;
13 മലനാട്ടിലെ പട്ടണങ്ങളിലും താഴ്വീതിയിലെ പട്ടണങ്ങളിലും തെക്കെ പട്ടണങ്ങളിലും ബെന്യാമീൻ ദേശത്തും യെരൂശലേമിന്റെ ചുറ്റുവട്ടത്തിലും യെഹൂദാപട്ടണങ്ങളിലും ആടുകൾ എണ്ണുന്നവന്റെ കൈകൂ കീഴെ ഇനിയും കടന്നുപോകും എന്നു യഹോവ അരുളിച്ചെയ്യുന്നു.
14 ഞാൻ യിസ്രായേൽ ഗൃഹത്തോടും യെഹൂദാഗൃഹത്തോടും അരുളിച്ചെയ്ത നല്ലവചനം നിവർത്തിക്കുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു.
15 ആ നാളുകളിലും ആ കാലത്തും ഞാൻ ദാവീദിന്നു നീതിയുള്ളോരു മുളയായവനെ മുളെപ്പിക്കും; അവൻ ദേശത്തു നീതിയും ന്യായവും നടത്തും.
16 അന്നാളിൽ യെഹൂദാ രക്ഷിക്കപ്പെടും; യെരൂശലേം നിർഭയമായ്‍വസിക്കും; അതിന്നു യഹോവ നമ്മുടെ നീതി എന്നു പേർ പറയും.
17 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ ഗൃഹത്തിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ ദാവീദിന്നു ഒരു പുരുഷൻ ഇല്ലാതെ വരികയില്ല.
18 ദിനംപ്രതി ഹോമയാഗം കഴിപ്പാനും ഭോജനയാഗം ദഹിപ്പിപ്പാനും ഹനനയാഗം അർപ്പിപ്പാനും എന്റെ മുമ്പാകെ ലേവ്യ പുരോഹിതന്മാർക്കും ഒരു പുരുഷൻ ഇല്ലാതെ വരികയുമില്ല.
19 യിരെമ്യാവിന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ:
20 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: തക്കസമയത്തു പകലും രാവും ഇല്ലാതിരിക്കത്തക്കവണ്ണം പകലിനോടുള്ള എന്റെ നിയമവും രാത്രിയോടുള്ള എന്റെ നിയമവും ദുർബ്ബലമാക്കുവാൻ നിങ്ങൾക്കു കഴിയുമെങ്കിൽ,
21 എന്റെ ദാസനായ ദാവീദിന്നു അവന്റെ സിംഹാസനത്തിൽ ഇരുന്നു വാഴുവാൻ ഒരു മകൻ ഇല്ലാതെ വരത്തക്കവണ്ണം അവനോടും എന്റെ ശുശ്രൂഷകന്മാരായ ലേവ്യപുരോഹിതന്മാരോടും ഉള്ള എന്റെ നിയമവും ദുർബ്ബലമായ്‍വരാം.
22 ആകാശത്തിലെ സൈന്യത്തെ എണ്ണുവാനും കടല്പുറത്തെ മണൽ അളക്കുവാനും കഴിയാത്തതുപോലെ ഞാൻ എന്റെ ദാസനായ ദാവീദിന്റെ സന്തതിയെയും എന്റെ ശുശ്രൂഷകന്മാരായ ലേവ്യരെയും വർദ്ധിപ്പിക്കും.
23 യഹോവയുടെ അരുളപ്പാടു യിരെമ്യാവിന്നുണ്ടായതെന്തെന്നാൽ:
24 യഹോവ തിരഞ്ഞെടുത്തിരിക്കുന്ന രണ്ടു വംശങ്ങളെയും അവൻ തള്ളിക്കളഞ്ഞു എന്നു ഈ ജനം പറയുന്നതു നീ ശ്രദ്ധിക്കുന്നില്ലയോ? ഇങ്ങനെ അവൻ എന്റെ ജനത്തെ അതു ഇനി ഒരു ജാതിയല്ല എന്നു ദുഷിച്ചു പറയുന്നു.
25 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; പകലിനോടും രാത്രിയോടും ഉള്ള എന്റെ നിയമം നിലനിലക്കുന്നില്ലെങ്കിൽ, ഞാൻ ആകാശത്തിന്റെയും ഭൂമിയുടെയും വ്യവസ്ഥ നിയമിച്ചിട്ടില്ലെങ്കിൽ,
26 ഞാൻ യാക്കോബിന്റെയും എന്റെ ദാസനായ ദാവീദിന്റെയും സന്തതിയെ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും സന്തതിക്കു അധിപതിമാരായിരിപ്പാൻ അവന്റെ സന്തതിയിൽ നിന്നു ഒരാളെ എടുക്കാതവണ്ണം തള്ളിക്കളയും. അവരുടെ പ്രവാസികളെ ഞാൻ മടക്കിവരുത്തുകയും അവർക്കും കരുണകാണിക്കയും ചെയ്യും.