യെശയ്യാവു - അദ്ധ്യായങ്ങൾ
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

സത്യവേദപുസ്തകം

പഴയനിയമം പുതിയനിയമം


പഴയനിയമഗ്രന്ഥങ്ങൾ


1 ദ്വീപുകളേ, എന്റെ വാക്കു കേൾപ്പിൻ ; ദൂരത്തുള്ള വംശങ്ങളേ, ശ്രദ്ധിപ്പിൻ ; യഹോവ എന്നെ ഗർഭംമുതൽ വിളിച്ചു; എന്റെ അമ്മയുടെ ഉദരത്തിൽ ഇരിക്കയിൽ തന്നേ എന്റെ പേർ പ്രസ്താവിച്ചിരിക്കുന്നു.

2 അവൻ എന്റെ വായെ മൂർച്ചയുള്ള വാൾപോലെയാക്കി തന്റെ കയ്യുടെ നിഴലിൽ എന്നെ ഒളിപ്പിച്ചു; അവൻ എന്നെ മിനുക്കിയ അമ്പാക്കി തന്റെ പൂണയിൽ മറെച്ചുവെച്ചു, എന്നോടു:

3 യിസ്രായേലേ, നീ എന്റെ ദാസൻ ; ഞാൻ നിന്നിൽ മഹത്വീകരിക്കപ്പെടും എന്നു അരുളിച്ചെയ്തു.

4 ഞാനോ; ഞാൻ വെറുതെ അദ്ധ്വാനിച്ചു; എന്റെ ശക്തിയെ വ്യർത്ഥമായും നിഷ്ഫലമായും ചെലവഴിച്ചിരിക്കുന്നു എന്നു പറഞ്ഞു; എങ്കിലും എന്റെ ന്യായം യഹോവയുടെ പക്കലും എന്റെ പ്രതിഫലം എന്റെ ദൈവത്തിന്റെ പക്കലും ഇരിക്കുന്നു.

5 ഇപ്പോഴോ, യാക്കോബിനെ തന്റെ അടുക്കൽ തിരിച്ചുവരുത്തുവാനും യിസ്രായേലിനെ തനിക്കുവേണ്ടി ശേഖരിപ്പാനും എന്നെ ഗർഭത്തിൽ തന്റെ ദാസനായി നിർമ്മിച്ചിട്ടുള്ള യഹോവ അരുളിച്ചെയ്യുന്നു--ഞാൻ യഹോവേക്കു മാന്യനും എന്റെ ദൈവം എന്റെ ബലവും ആകുന്നു--:

6 നീ യാക്കോബിന്റെ ഗോത്രങ്ങളെ എഴുന്നേല്പിക്കേണ്ടതിന്നും യിസ്രായേലിൽ സൂക്ഷിക്കപ്പെട്ടവരെ തിരിച്ചുവരുത്തേണ്ടതിന്നും എനിക്കു ദാസനായിരിക്കുന്നതു പോരാ; എന്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ഞാൻ നിന്നെ ജാതികൾക്കു പ്രകാശമാക്കിവെച്ചുമിരിക്കുന്നു എന്നു അവൻ അരുളിച്ചെയ്യുന്നു.

7 യിസ്രായേലിന്റെ വീണ്ടെടുപ്പുകാരനും അവന്റെ പരിശുദ്ധനുമായ യഹോവ, സർവ്വനിന്ദിതനും ജാതിക്കു വെറുപ്പുള്ളവനും അധിപതികളുടെ ദാസനുമായവനോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: വിശ്വസ്തനായ യഹോവനിമിത്തവും നിന്നെ തിരഞ്ഞെടുത്ത യിസ്രായേലിൻ പരിശുദ്ധൻ നിമിത്തവും രാജാക്കന്മാർ കണ്ടു എഴുന്നേൽക്കയും പ്രഭുക്കന്മാർ കണ്ടു നമസ്കരിക്കയും ചെയ്യും.

8 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: പ്രസാദകാലത്തു ഞാൻ നിനക്കു ഉത്തരം അരുളി; രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു; ദേശത്തെ ഉയർത്തുവാനും ശൂന്യമായി കിടക്കുന്ന അവകാശങ്ങളെ കൈവശമാക്കിക്കൊടുപ്പാനും ബന്ധിക്കപ്പെട്ടവരോടു: ഇറങ്ങിപെയ്ക്കൊൾവിൻ എന്നും അന്ധകാരത്തിൽ ഇരിക്കുന്നവരോടു: വെളിയിൽ വരുവിൻ എന്നും പറവാനും ഞാൻ നിന്നെ കാത്തു,

9 നിന്നെ ജനത്തിന്റെ നിയമമാക്കി വെച്ചിരിക്കുന്നു. അവർ വഴികളിൽ മേയും; എല്ലാപാഴകുന്നുകളിലും അവർക്കും മേച്ചലുണ്ടാകും.

10 അവർക്കും വിശക്കയില്ല, ദാഹിക്കയുമില്ല; മരീചികയും വെയിലും അവരെ ബാധിക്കയില്ല; അവരോടു കരുണയുള്ളവൻ അവരെ വഴിനടത്തുകയും നീരുറവുകൾക്കരികെ അവരെ കൊണ്ടുപോകയും ചെയ്യും.

11 ഞാൻ എന്റെ മലകളെയൊക്കെയും വഴിയാക്കും; എന്റെ പെരുവഴികൾ പൊങ്ങിയിരിക്കും.

12 ഇതാ, ഇവർ ദൂരത്തുനിന്നും ഇവർ വടക്കുനിന്നും പടിഞ്ഞാറുനിന്നും ഇവർ സീനീംദേശത്തുനിന്നും വരുന്നു.

13 ആകാശമേ, ഘോഷിച്ചുല്ലസിക്ക; ഭൂമിയേ, ആനന്ദിക്ക; പർവ്വതങ്ങളേ, പൊട്ടി ആർക്കുംവിൻ ; യഹോവ തന്റെ ജനത്തെ ആശ്വസിപ്പിക്കുന്നു; തന്റെ അരിഷ്ടന്മാരോടു കരുണ കാണിക്കുന്നു.

14 സീയോനോ: യഹോവ എന്നെ ഉപേക്ഷിച്ചു, കർത്താവു എന്നെ മറന്നുകളഞ്ഞു എന്നു പറയുന്നു.

15 ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ, തോന്നാതിരിക്കുമോ? അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കയില്ല.

16 ഇതാ ഞാൻ നിന്നെ എന്റെ ഉള്ളങ്കയ്യിൽ വരെച്ചിരിക്കുന്നു; നിന്റെ മതിലുകൾ എല്ലായ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു.

17 നിന്റെ മക്കൾ ബദ്ധപ്പെട്ടു വരുന്നു; നിന്നെ നശിപ്പിച്ചവരും ശൂന്യമാക്കിയവരും നിന്നെ വിട്ടുപോകുന്നു.

18 തലപൊക്കി ചുറ്റും നോക്കുക; ഇവർ എല്ലാവരും നിന്റെ അടുക്കൽ വന്നു കൂടുന്നു. എന്നാണ, നീ അവരെ ഒക്കെയും ആഭരണംപോലെ അണികയും ഒരു മണവാട്ടി എന്നപോലെ അവരെ അരെക്കു കെട്ടുകയും ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു.

19 നിന്റെ ശൂന്യസ്ഥലങ്ങളും പാഴിടങ്ങളും നാശം ഭവിച്ച ദേശവുമോ ഇപ്പോൾ നിവാസികൾക്കു പോരാതെവരും; നിന്നെ വിഴുങ്ങിക്കളഞ്ഞവർ ദൂരത്തു അകന്നിരിക്കും.

20 നിന്റെ പുത്രഹീനതയിലെ മക്കൾ: സ്ഥലം പോരാതിരിക്കുന്നു; പാർപ്പാൻ സ്ഥലം തരിക എന്നു നിന്നോടു പറയും.

21 അപ്പോൾ നീ നിന്റെ ഹൃദയത്തിൽ: ഞാൻ പുത്രഹീനയും വന്ധ്യയും പ്രവാസിനിയും അലഞ്ഞു നടക്കുന്നവളും ആയിരിക്കേ ആർ ഇവരെ പ്രസവിച്ചു വളർത്തിത്തന്നിരിക്കുന്നു? ഞാൻ ഏകാകിയായിരുന്നുവല്ലോ; ഇവർ എവിടെ ആയിരുന്നു എന്നു പറയും.

22 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ജാതികൾക്കു എന്റെ കൈ ഉയർത്തുകയും വംശങ്ങൾക്കു എന്റെ കൊടി കാണിക്കയും ചെയ്യും; അവർ നിന്റെ പുത്രന്മാരെ തങ്ങളുടെ മാർവ്വിൽ അണെച്ചും പുത്രിമാരെ തോളിൽ എടുത്തുംകൊണ്ടു വരും.

23 രാജാക്കന്മാർ നിന്റെ പോറ്റപ്പന്മാരും അവരുടെ രാജ്ഞികൾ നിന്റെ പോറ്റമ്മമാരും ആയിരിക്കും; അവർ നിന്നെ സാഷ്ടാംഗം വണങ്ങി, നിന്റെ കാലിലെ പൊടി നക്കും; ഞാൻ യഹോവ എന്നും എനിക്കായി കാത്തിരിക്കുന്നവർ ലജ്ജിച്ചുപോകയില്ല എന്നും നീ അറിയും.

24 ബലവാനോടു അവന്റെ കവർച്ച എടുത്തുകളയാമോ? അല്ല, നിഷ്കണ്ടകന്റെ ബദ്ധന്മാരെ വിടുവിക്കാമോ?

25 എന്നാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബലവാനോടു ബദ്ധന്മാരെ എടുത്തുകളയാം; നിഷ്കണ്ടകന്റെ കവർച്ചയെയും വിടുവിക്കാം; നിന്നോടു പോരാടുന്നവനോടു ഞാൻ പോരാടുകയും നിന്റെ മക്കളെ രക്ഷിക്കയും ചെയ്യും.

26 നിന്നെ ഞെരുക്കുന്നവരെ ഞാൻ അവരുടെ സ്വന്തമാംസം തീറ്റും; വീഞ്ഞുപോലെ സ്വന്തരക്തം കുടിച്ചു അവർക്കും ലഹരി പിടിക്കും; യഹോവയായ ഞാൻ നിന്റെ രക്ഷിതാവും യാക്കോബിന്റെ വീരൻ നിന്റെ വീണ്ടെടുപ്പുകാരനും ആകുന്നു എന്നു സകലജഡവും അറിയും.

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>