ലേവ്യപുസ്തകം അദ്ധ്യായങ്ങൾ
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

സത്യവേദപുസ്തകം

പഴയനിയമം പുതിയനിയമം


പഴയനിയമഗ്രന്ഥങ്ങൾ


1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ:

2 ആരെങ്കിലും പിഴെച്ചു യഹോവയോടു അതിക്രമം ചെയ്തു തന്റെ പക്കൽ ഏല്പിച്ച വസ്തുവിനെയോ പണയം വെച്ചതിനെയോ മോഷണകാര്യത്തെയോ സംബന്ധിച്ചു കൂട്ടുകാരനോടു ഭോഷകു പറക എങ്കിലും കൂട്ടുകാരനോടു വഞ്ചന ചെയ്ക എങ്കിലും

3 കണാതെപോയ വസ്തു കണ്ടിട്ടു അതിനെക്കുറിച്ചു ഭോഷകു പറഞ്ഞു മനുഷ്യൻ പിഴെക്കുന്ന ഈ വക വല്ല കാര്യത്തിലും കള്ളസ്സത്യം ചെയ്കയെങ്കിലും ചെയ്തിട്ടു

4 അവൻ പിഴെച്ചു കുറ്റക്കാരനായാൽ താൻ മോഷ്ടിച്ചതോ വഞ്ചിച്ചെടുത്തതോ തന്റെ പക്കൽ ഏല്പിച്ചതോ കാണാതെ പോയിട്ടു താൻ കണ്ടാതോ

5 താൻ കള്ളസ്സത്യം ചെയ്തു എടുത്തതോ ആയതൊക്കെയും മുതലോടു അഞ്ചിലൊന്നു കൂട്ടി പകരം കൊടുക്കേണം; അകൃത്യയാഗം കഴിക്കുന്ന നാളിൽ അവൻ അതു ഉടമസ്ഥന്നു കൊടുക്കേണം.

6 അകൃത്യയാഗത്തിന്നായിട്ടു അവൻ നിന്റെ മതിപ്പുപോലെ ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ യഹോവേക്കു അകൃത്യയാഗമായി പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം.

7 പുരോഹിതൻ യഹോവയുടെ സന്നിധിയിൽ അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അവൻ അകൃത്യമായി ചെയ്തതൊക്കെയും അവനോടു ക്ഷമിക്കും.

8 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:

9 നീ അഹരോനോടും പുത്രന്മാരോടും കല്പിക്കേണ്ടതു എന്തെന്നാൽ: ഹോമ യാഗത്തിന്റെ പ്രമാണമാവിതു: ഹോമയാഗം രാത്രി മുഴുവനും ഉഷസ്സുവരെ യാഗപീഠത്തിന്മേലുള്ള വിറകിന്മേൽ ഇരിക്കയും യാഗപീഠത്തിലെ തീ അതിനാൽ കത്തിക്കൊണ്ടിരിക്കയും വേണം.

10 പുരോഹിതൻ പഞ്ഞിനൂൽകൊണ്ടുള്ള അങ്കി ധരിച്ചു പഞ്ഞിനൂൽകൊണ്ടുള്ള കാൽ ചട്ടയാൽ തന്റെ നഗ്നത മറെച്ചുകൊണ്ടു യാഗപീഠത്തിന്മേൽ ഹോമയാഗം ദഹിച്ചുണ്ടായ വെണ്ണീർ എടുത്തു യാഗപീഠത്തിന്റെ ഒരു വശത്തു ഇടേണം.

11 അവൻ വസ്ത്രം മാറി വേറെ വസ്ത്രം ധരിച്ചു പാളയത്തിന്നു പുറത്തു വെടിപ്പുള്ള ഒരു സ്ഥലത്തു വെണ്ണീർ കൊണ്ടുപോകേണം.

12 യാഗപീഠത്തിൽ തീ കെട്ടുപോകാതെ കത്തിക്കൊണ്ടിരിക്കേണം; പുരോഹിതൻ ഉഷസ്സുതോറും അതിന്മേൽ വിറകു കത്തിച്ചു ഹോമയാഗം അടുക്കി വെച്ചു അതിൻ മീതെ സാമാധാനയാഗങ്ങളുടെ മേദസ്സു ദഹിപ്പിക്കേണം.

13 യാഗപീഠത്തിന്മേൽ തീ കെട്ടുപോകാതെ എപ്പോഴും കത്തിക്കൊണ്ടിരിക്കേണം.

14 ഭോജനയാഗത്തിന്റെ പ്രമാണമാവിതു: അഹരോന്റെ പുത്രന്മാർ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിന്റെ മുമ്പിൽ അതു അർപ്പിക്കേണം.

15 ഭോജനയാഗത്തിന്റെ നേരിയ മാവിൽനിന്നും എണ്ണയിൽനിന്നും കൈനിറച്ചും ഭോജനയാഗത്തിന്മേലുള്ള കുന്തുരുക്കം മുഴുവനും എടുത്തു നിവേദ്യമായി യാഗ പീഠത്തിന്മേൽ യഹോവേക്കു സൌരഭ്യവാസനയായി ദഹിപ്പിക്കേണം.

16 അതിന്റെ ശേഷിപ്പു അഹരോനും പുത്രന്മാരും തിന്നേണം; ഒരു വിശുദ്ധസ്ഥലത്തു വെച്ചു അതു പുളിപ്പില്ലാത്തതായി തിന്നേണം; സമാഗമനക്കുടാരത്തിന്റെ പ്രാകാരത്തിൽവെച്ചു അതു തിന്നേണം.

17 അതു പുളിച്ച മാവു കൂട്ടി ചുടരുതു; എന്റെ ദഹനയാഗങ്ങളിൽനിന്നു അതു ഞാൻ അവരുടെ ഔഹരിയായി കൊടുത്തിരിക്കുന്നു; അതു പാപയാഗംപോലെയും അകൃത്യ യാഗംപോലെയും അതിവിശുദ്ധം.

18 അഹരോന്റെ മക്കളിൽ ആണുങ്ങൾക്കു ഒക്കെയും അതു തിന്നാം; യഹോവയുടെ ദഹനയാഗങ്ങളിൽ അതു നിങ്ങൾക്കു തലമുറതലമുറയായി ശാശ്വതാവകാശം ആകുന്നു; അതിനെ തൊടുന്നവൻ എല്ലാം വിശുദ്ധനായിരിക്കേണം.

19 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ:

20 അഹരോന്നു അഭിഷേകം കഴിയുന്ന ദിവസം അവനും പുത്രന്മാരും യഹോവേക്കു കഴിക്കേണ്ടുന്ന വഴിപാടാവിതു: ഒരു ഇടങ്ങഴി നേരിയ മാവിൽ പാതി രാവിലേയും പാതി വൈകുന്നേരവും നിരന്തരഭോജനയാഗമായി അർപ്പിക്കേണം.

21 അതു എണ്ണ ചേർത്തു ചട്ടിയിൽ ചുടേണം; അതു കുതിർത്തു കൊണ്ടുവരേണം; ചുട്ട കഷണങ്ങൾ ഭോജനയാഗമായി യഹോവേക്കു സൌരഭ്യവാസനയായി അർപ്പിക്കേണം.

22 അവന്റെ പുത്രന്മാരിൽ അവന്നു പകരം അഭിഷേകം പ്രാപിക്കുന്ന പുരോഹിതനും അതു അർപ്പിക്കേണം; എന്നേക്കുമുള്ള ചട്ടമായി അതു മുഴുവനും യഹോവേക്കു ദഹിപ്പിക്കേണം;

23 പുരോഹിതന്റെ ഭോജനയാഗം മുഴുവനും ദഹിപ്പിക്കേണം അതു തിന്നരുതു.

24 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:

25 നീ അഹരോനോടും പുത്രന്മാരോടും പറയേണ്ടതു എന്തെന്നാൽ: പാപയാഗത്തിന്റെ പ്രമാണമാവിതു: ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവെച്ചു പാപയാഗമൃഗത്തെയും യഹോവയുടെ സന്നിധിയിൽ അറുക്കേണം; അതു അതിവിശുദ്ധം.

26 പാപത്തിന്നുവേണ്ടി അതു അർപ്പിക്കുന്ന പുരോഹിതൻ അതു തിന്നേണം; സമാഗമനക്കുടാരത്തിന്റെ പ്രാകാരത്തിൽ ഒരു വിശുദ്ധസ്ഥലത്തുവെച്ചു അതു തിന്നേണം.

27 അതിന്റെ മാംസം തൊടുന്നവൻ എല്ലാം വിശുദ്ധനായിരിക്കേണം; അതിന്റെ രക്തം ഒരു വസ്ത്രത്തിൽ തെറിച്ചാൽ അതു വീണതു ഒരു വിശുദ്ധസ്ഥലത്തുവെച്ചു കഴുകേണം.

28 അതു വേവിച്ച മൺപാത്രം ഉടെച്ചുകളയേണം; ചെമ്പുകലത്തിൽ വേവിച്ചു എങ്കിൽ അതു തേച്ചു മഴക്കി വെള്ളംകൊണ്ടു കഴുകേണം.

29 പുരോഹിതകുലത്തിലെ ആണുങ്ങളൊക്കെയും അതു തിന്നേണം; അതു അതിവിശുദ്ധം.

30 എന്നാൽ വിശുദ്ധമന്ദിരത്തിൽ പ്രായശ്ചിത്തം കഴിപ്പാൻ സാമഗമനക്കുടാരത്തിന്നകത്തു രക്തം കൊണ്ടുവരുന്ന പാപയാഗത്തെ തിന്നരുതു; അതു തീയിൽ ഇട്ടു ചുട്ടുകളയേണം.

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>