രാജാക്കന്മാരുടെ ഒന്നാം പുസ്തകം - അദ്ധ്യായങ്ങൾ
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

സത്യവേദപുസ്തകം

പഴയനിയമം പുതിയനിയമം


പഴയനിയമഗ്രന്ഥങ്ങൾ


1 യൊരോബെയാം ധൂപം കാട്ടുവാൻ പീഠത്തിന്നരികെ നിലക്കുമ്പോൾ തന്നേ ഒരു ദൈവപുരുഷൻ യഹോവയുടെ കല്പനയാൽ യെഹൂദയിൽ നിന്നു ബേഥേലിലേക്കു വന്നു.

2 അവൻ യഹോവയുടെ കല്പനയാൽ യാഗപീഠത്തോടു: യാഗപീഠമേ, യാഗപീഠമേ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ദാവീദ്ഗൃഹത്തിന്നു യോശീയാവു എന്നു പേരുള്ള ഒരു മകൻ ജനിക്കും; അവൻ നിന്റെ മേൽ ധൂപം കാട്ടുന്ന പൂജാഗിരിപുരോഹിതന്മാരെ നിന്റെമേൽ വെച്ചു അറുക്കയും മനുഷ്യാസ്ഥികളെ നിന്റെമേൽ ചുട്ടുകളകയും ചെയ്യും എന്നു വിളിച്ചുപറഞ്ഞു.

3 അവൻ അന്നു ഒരു അടയാളവും കൊടുത്തു; ഇതാ, ഈ യാഗപീഠം പിളർന്നു അതിന്മേലുള്ള ചാരം തൂകിപ്പോകും; ഇതു യഹോവ കല്പിച്ച അടയാളം എന്നു പറഞ്ഞു.

4 ദൈവപുരുഷൻ ബേഥേലിലെ യാഗപീഠത്തിന്നു വിരോധമായി വിളിച്ചുപറഞ്ഞ വചനം യൊരോബെയാംരാജാവു കേട്ടപ്പോൾ അവൻ യാഗപീഠത്തിങ്കൽനിന്നു കൈ നീട്ടി: അവനെ പിടിപ്പിൻ എന്നു കല്പിച്ചു; എങ്കിലും അവന്റെ നേരെ നിട്ടിയ കൈ വരണ്ടുപോയിട്ടു തിരികെ മടക്കുവാൻ കഴിവില്ലാതെ ആയി.

5 ദൈവപുരുഷൻ യഹോവയുടെ കല്പനയാൽ കൊടുത്തിരുന്ന അടയാളപ്രകാരം യാഗപീഠം പിളർന്നു ചാരം യാഗപീഠത്തിൽനിന്നു തൂകിപ്പോയി.

6 രാജാവു ദൈവപുരുഷനോടു: നീ നിന്റെ ദൈവമായ യഹോവയോടു കൃപെക്കായി അപേക്ഷിച്ചു എന്റെ കൈമടങ്ങുവാൻ തക്കവണ്ണം എനിക്കുവേണ്ടി പ്രാർത്ഥിക്കേണം എന്നു പറഞ്ഞു. ദൈവപുരുഷൻ യഹോവയോടു അപേക്ഷിച്ചു; എന്നാറെ രാജാവിന്റെ കൈ മടങ്ങി മുമ്പിലത്തെപ്പോലെ ആയി.

7 രാജാവു ദൈവപുരുഷനോടു: നീ എന്നോടുകൂടെ അരമനയിൽ വന്നു അല്പം ആശ്വസിച്ചുകൊൾക; ഞാൻ നിനക്കു ഒരു സമ്മാനം തരും എന്നു പറഞ്ഞു.

8 ദൈവപുരുഷൻ രാജാവിനോടു: നിന്റെ അരമനയിൽ പകുതി തന്നാലും ഞാൻ നിന്നോടുകൂടെ വരികയില്ല; ഈ സ്ഥലത്തു വെച്ചു ഞാൻ അപ്പം തിന്നുകയില്ല, വെള്ളം കുടിക്കയും ഇല്ല.

9 നീ അപ്പം തിന്നരുതു, വെള്ളം കുടിക്കരുതു; പോയ വഴിയായി മടങ്ങിവരികയും അരുതു എന്നു യഹോവ അരുളപ്പാടായി എന്നോടു കല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.

10 അങ്ങനെ അവൻ ബേഥേലിലേക്കു വന്ന വഴിയായി മടങ്ങാതെ മറ്റൊരുവഴിയായി പോയി.

11 ബേഥേലിൽ വൃദ്ധനായൊരു പ്രവാചകൻ പാർത്തിരുന്നു; അവന്റെ പുത്രന്മാർ വന്നു ദൈവപുരുഷൻ ബേഥേലിൽ ചെയ്ത കാര്യമൊക്കെയും അവനോടു പറഞ്ഞു; അവൻ രാജാവിനോടു പറഞ്ഞ വാക്കുകളും അവർ തങ്ങളുടെ അപ്പനെ അറിയിച്ചു.

12 അവരുടെ അപ്പൻ അവരോടു: അവൻ ഏതു വഴിക്കു പോയി എന്നു ചോദിച്ചു; യെഹൂദയിൽനിന്നു വന്നു ദൈവപുരുഷൻ പോയ വഴി അവന്റെ പുത്രന്മാർ കണ്ടിരുന്നു.

13 അവൻ തന്റെ പുത്രന്മാരോടു: കഴുതെക്കു കോപ്പിട്ടുതരുവിൻ എന്നു പറഞ്ഞു, അവർ കഴുതെക്കു കോപ്പിട്ടുകൊടുത്തു; അവൻ അതിന്റെ പുറത്തു കയറി ദൈവപുരുഷന്റെ പിന്നാലെ ചെന്നു;

14 അവൻ ഒരു കരുവേലകത്തിൻ കീഴെ ഇരിക്കുന്നതു കണ്ടു: നീ യെഹൂദയിൽനിന്നു വന്ന ദൈവപുരുഷനോ എന്നു അവനോടു ചോദിച്ചു.

15 അവൻ അതേ എന്നു പറഞ്ഞു. അവൻ അവനോടു: നീ എന്നോടുകൂടെ വീട്ടിൽ വന്നു ഭക്ഷണം കഴിക്കേണം എന്നു പറഞ്ഞു.

16 അതിന്നു അവൻ : എനിക്കു നിന്നോടുകൂടെ പോരികയോ നിന്റെ വിട്ടിൽ കയറുകയോ ചെയ്തുകൂടാ; ഞാൻ ഈ സ്ഥലത്തുവെച്ചു നിന്നോടുകൂടെ അപ്പം തിന്നുകയില്ല വെള്ളം കുടിക്കയുമില്ല.

17 നീ അവിടെവെച്ചു അപ്പം തിന്നരുതു, വെള്ളം കുടിക്കരുതു, പോയ വഴിയായി മടങ്ങിവരികയും അരുതു എന്നു യഹോവ അരുളപ്പാടായി എന്നോടു കല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.

18 അതിന്നു അവൻ : ഞാനും നിന്നെപ്പോലെ ഒരു പ്രവാചകൻ ആകുന്നു; അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്യേണ്ടതിന്നു നീ അവനെ നിന്റെ വീട്ടിൽ കൂട്ടിക്കൊണ്ടു വരിക എന്നു ഒരു ദൂതൻ യഹോവയുടെ കല്പനയാൽ എന്നോടു പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. അവൻ പറഞ്ഞതോ ഭോഷ്കായിരുന്നു.

19 അങ്ങനെ അവൻ അവനോടുകൂടെ ചെന്നു, അവന്റെ വീട്ടിൽവെച്ചു അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്തു.

20 അവൻ ഭക്ഷണത്തിന്നിരിക്കുമ്പോൾ അവനെ കൂട്ടിക്കൊണ്ടുവന്ന പ്രവാചകന്നു യഹോവയുടെ അരുളപ്പാടുണ്ടായി.

21 അവർ യെഹൂദയിൽനിന്നു വന്ന ദൈവപുരുഷനോടു: നീ യഹോവയുടെ വചനം മറുത്തു നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചിരുന്ന

22 കല്പന പ്രമാണിക്കാതെ അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്യരുതെന്നു അവൻ നിന്നോടു കല്പിച്ച സ്ഥലത്തു നീ മടങ്ങിവന്നു അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്തതുകൊണ്ടു നിന്റെ ശവം നിന്റെ പിതാക്കന്മാരുടെ കല്ലറയിൽ വരികയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു വിളിച്ചുപറഞ്ഞു.

23 അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്തശേഷം അവൻ താൻ കൂട്ടിക്കൊണ്ടുവന്ന പ്രവാചകന്നുവേണ്ടി കഴുതെക്കു കോപ്പിട്ടുകൊടുത്തു;

24 അവൻ പോകുമ്പോൾ വഴിയിൽ ഒരു സിംഹം അവനെ കണ്ടു അവനെ കൊന്നു; അവന്റെ ശവം വഴിയിൽ കിടന്നു, കഴുത അതിന്റെ അരികെ നിന്നു; സിംഹവും ശവത്തിന്റെ അരികെ നിന്നു.

25 വഴിപോകുന്ന ആളുകൾ ശവം വഴിയിൽ കിടക്കുന്നതും ശവത്തിന്റെ അരികെ സിംഹം നിലക്കുന്നതും കണ്ടു; വൃദ്ധനായ പ്രവാചകൻ പാർക്കുംന്ന പട്ടണത്തിൽ ചെന്നു അറിയിച്ചു.

26 അവനെ വഴിയിൽ നിന്നു കൂട്ടിക്കൊണ്ടു വന്ന പ്രവാചകൻ അതു കേട്ടപ്പോൾ: അവൻ യഹോവയുടെ വചനം മറുത്ത ദൈവപുരുഷൻ തന്നേ; യഹോവ അവനോടു അരുളിച്ചെയ്ത വചനപ്രകാരം യഹോവ അവനെ സിംഹത്തിന്നു ഏല്പിച്ചു; അതു അവനെ കീറി കൊന്നുകളഞ്ഞു എന്നു പറഞ്ഞു.

27 പിന്നെ അവൻ തന്റെ പുത്രന്മാരോടു: കഴുതെക്കു കോപ്പിട്ടുതരുവിൻ എന്നു പറഞ്ഞു.

28 അവർ കോപ്പിട്ടുകൊടുത്തു. അവൻ ചെന്നപ്പോൾ ശവം വഴിയിൽ കിടക്കുന്നതും ശവത്തിന്റെ അരികെ കഴുതയും സിംഹവും നിലക്കുന്നതും കണ്ടു; സിംഹം ശവത്തെ തിന്നുകയോ കഴുതയെ കീറിക്കളകയോ ചെയ്തില്ല.

29 പ്രവാചകൻ ദൈവപുരുഷന്റെ ശവം എടുത്തു കഴുതപ്പുറത്തു വെച്ചു കൊണ്ടുവന്നു; വൃദ്ധനായ പ്രവാചകൻ തന്റെ പട്ടണത്തിൽ എത്തി അവനെക്കുറിച്ചു വിലപിച്ചു അവനെ അടക്കം ചെയ്തു.

30 അവന്റെ ശവം അവൻ തന്റെ സ്വന്ത കല്ലറയിൽ വെച്ചിട്ടു അവനെക്കുറിച്ചു: അയ്യോ എന്റെ സഹോദരാ, എന്നിങ്ങനെ പറഞ്ഞു അവർ വിലാപം കഴിച്ചു.

31 അവനെ അടക്കം ചെയ്തശേഷം അവൻ തന്റെ പുത്രന്മാരോടു: ഞാൻ മരിച്ചശേഷം നിങ്ങൾ എന്നെ ദൈവപുരുഷനെ അടക്കം ചെയ്തിരിക്കുന്ന കല്ലറയിൽ തന്നേ അടക്കം ചെയ്യേണം; അവന്റെ അസ്ഥികളുടെ അരികെ എന്റെ അസ്ഥികളും ഇടേണം.

32 അവൻ ബേഥേലിലെ യാഗപീഠത്തിന്നും ശമര്യപട്ടണങ്ങളിലെ സകലപൂജാഗിരിക്ഷേത്രങ്ങൾക്കും വിരോധമായി യഹോവയുടെ കല്പനപ്രകാരം വിളിച്ചുപറഞ്ഞ വചനം നിശ്ചയമായി സംഭവിക്കും എന്നു പറഞ്ഞു.

33 ഈ കാര്യം കഴിഞ്ഞിട്ടും യൊരോബെയാം തന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിയാതെ പിന്നെയും സർവ്വജനത്തിൽനിന്നും പൂജാഗിരിപുരോഹിതന്മാരെ നിയമിച്ചു; തനിക്കു ബോധിച്ചവരെ കരപൂരണം കഴിപ്പിച്ചു; അവർ പൂജാഗിരിപുരോഹിതന്മാരായ്തീർന്നു.

34 യൊരോബെയാംഗൃഹത്തെ ഭൂമിയിൽനിന്നു ഛേദിച്ചു മുടിച്ചുകളയത്തക്കവണ്ണം ഈ കാര്യം അവർക്കും പാപമായ്തീർന്നു.


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>