സാഹിത്യസാഹ്യം (ഗദ്യരചനാപാഠം)
രചന:എ.ആർ. രാജരാജവർമ്മ
വിവരണം

ഒരു വസ്തുവിന്റേയോ, സംഭവത്തിന്റേയോ, ഏർപ്പാടിന്റേയോ മറ്റോ സ്വരൂപം, സ്വഭാവം, പ്രയോജനം മുതലായതു വിശദപ്പെടുത്തിക്കാണിക്കയാകുന്നു വിവരണം. മുറുക്കിവെച്ചിരിക്കുന്ന ഉരുക്കുവെശ അഴിയുന്ന വേഗത്തെ, പല്ലുകൾകൊണ്ടു തമ്മിൽ ചേരുന്ന ചക്രങ്ങളുടെ ചലനത്താൽ ക്രമപ്പെടുത്തി നേരം കാണിക്കുന്നതിനു് ഒരു കൂട്ടിൽ അടച്ചിട്ടുള്ള യന്ത്രമാണു് നാഴികമണി. എന്നു പറഞ്ഞാൽ അതു് ഒരു വസ്തുവിന്റെ വിവരമാണു്. സൂര്യചന്ദ്രന്മാർ തങ്ങളുടെ സഞ്ചാരവൃത്തങ്ങൾക്കുള്ള സമ്പാതത്തിൽ വരുമ്പോൾ ഭൂസ്ഥന്മാരുടെ ദൃഷ്ട്യാ മൂന്നു ഗോളങ്ങളിൽ ഒന്നു മറ്റൊന്നുകൊണ്ടു മറഞ്ഞുപോകുന്ന സംഭവത്തിനു് ഗ്രഹണമെന്നു പേർ എന്നു് സംഭവത്തിനുദാഹരണം. ചതുരംഗക്കളി എന്നാൽ 64 ചതുരശ്രഖണ്ഡങ്ങളുള്ള ഒരു കളത്തിൽ ചതുരംഗസൈന്യങ്ങൾ നിരത്തി രഥാദിയായ ഓരോ അംഗത്തിനും കൽ‌പ്പിക്കപ്പെട്ടിട്ടുള്ള ഗതിക്രമമനുസരിച്ചു് ഇരുകക്ഷികൾ ചെയ്യുന്ന യുദ്ധഭാവനയാകുന്നു എന്നൊരു ഏർപ്പാടിനെ വിവരിക്കാം. ലാഘവത്തിനുവേണ്ടി ഉദാഹരണം മൂന്നും ഇവിടെ ഒറ്റവാക്യംകൊണ്ടു ചെയ്തു എന്നേയുള്ളു. ഇതു് ഒരു വകുപ്പുകൊണ്ടോ അദ്ധ്യായംകൊണ്ടോ ഗ്രന്ഥംകൊണ്ടോ ചെയ്യാവുന്നതാകുന്നു. ഒരു വസ്തുവിനെ (പ്രായേണ) ഒറ്റവാക്യംകൊണ്ടു വിവരിക്കുന്നതിനു് ‘ലക്ഷണം’ എന്നു പേർ. ക്ഷേത്രഗണിതത്തിൽ ബിന്ദു, രേഖ, ത്രികോണം മുതലായതിന്റെ വിവരണവാക്യങ്ങൾ ലക്ഷണങ്ങളാകുന്നു. നിഷ്കർഷിച്ചും വിസ്തരിച്ചും ചെയ്യുന്ന ലക്ഷണത്തെ ‘നിർവ്വചനം’ എന്നു വ്യവഹരിക്കാറുണ്ടു്. മുൻ പ്രസ്താവിച്ച ചതുരംഗക്കളിക്കു് ഒരു നിഘണ്ടുവിൽ കൊടുക്കുന്ന വിവരണം അതിന്റെ നിർവ്വചനമാണെന്നു പറയാം. ജ്യോതിശ്ശാസ്ത്രത്തിൽ ഗ്രഹണത്തെപ്പറ്റിയുള്ള അദ്ധ്യായത്തിനു് ‘ഗ്രഹണനിരൂപണം’ എന്നു നാമകരണം ചെയ്യുന്നതു് ഉചിതമായിരിക്കും. ഭൂമിയെപ്പറ്റി വിവരിക്കുന്ന ഗ്രന്ഥത്തിനു ഭൂവിവരണം എന്നു പേർ ധാരാളം കാണും.

മുമ്പു് രണ്ടാമിനത്തിൽ ശാസ്ത്രീയവർണ്ണനം അല്ലെങ്കിൽ നിരൂപണം എന്നുപറഞ്ഞ വിഭാഗത്തിനും വിവരണത്തിനും തമ്മിൽ വാസ്തവത്തിൽ വലിയ ഭേദമൊന്നുമില്ല. അതിനാലാണു് ‘ഗ്രഹണനിരൂപണം’ എന്നു നിരൂപണത്തെ ഈ മൂന്നാമിനത്തിലും എടുത്തതു്. ഗൌരവമേറിയ വിഷയത്തെപ്പറ്റിയേ നിരൂപണപദം പ്രയോഗിക്കാറുള്ളൊ. ‘ചതുരംഗനിരൂപണം’ എന്നു് ആരും പറയാറില്ല. വിവരണം എന സാമാന്യപദം ഏതു വിഷയത്തിലും ഉപയോഗിക്കാം. ചതുരംഗവിവരണം, ഭൂവിവരണം എന്നു രണ്ടും ചേരും. എന്നുമാത്രമല്ല, നിരൂപണത്തിൽ മേലിൽ നാലാം ഇനമായി പ്രസ്താവിക്കാൻ പോകുന്ന ഉപപാദനത്തിന്റെ അംശവും കലർന്നിരിക്കണം. ഇവിടെ കൃതികൾക്കു് ആഖ്യാനം, വർണ്ണനം, വിവരണം, ഉപപാദനം എന്നു നാലു പ്രധാനങ്ങളായ ഇനങ്ങൾ കല്പിച്ചതു് സൌകര്യത്തിനുവേണ്ടി ചെയ്തതല്ലാതെ തർക്കശാസ്ത്രസമ്മതമായ ഒരു വിഭാഗമല്ലെന്നു് ആദ്യമേ പ്രസ്താവിച്ചിട്ടുള്ളതു് ഒരിക്കൽക്കൂടി ശിഷ്യന്മാരെ ഓർമ്മിപ്പിച്ചുകൊള്ളുന്നു.

ഒരു സംഗതിക്കു സമാധാനം പറയുന്നതും വിവരണം തന്നെ. ആറുമാസം പകലേറുന്നതിനും ആറു മാസം രാവേറുന്നതിനും കാരണം എന്തു്? ഈ ചോദ്യത്തിന്റെ ഉത്തരം ഒരു വിവരണമായിരിക്കും. ഒരു ഗ്രന്ഥത്തിന്റെ ഗുണദോഷങ്ങളെ നിരൂപിക്കുന്ന വിവരണത്തിനു് വിമർശമെന്നുപേർ. ഗ്രന്ഥകാരനെ പിൻ‌താങ്ങി അനുകൂലമായി ചെയ്യുന്ന വിമർശനം മണ്ഡനം; ഗ്രന്ഥത്തെ ആക്ഷേപിച്ചു പ്രതികൂലമായി ചെയ്യുന്നതു ഖണ്ഡനം എന്നു വിമർശത്തിനു് രണ്ടു് ഉൾപ്പിരിവുകൾ. സംഗ്രഹരൂപമായ അർത്ഥത്തെ വിസ്തരിച്ചു വിശദപ്പെടുത്തുന്നതു് വ്യാഖ്യാനം; മറിച്ചു് വിസ്തൃതമായ അർത്ഥത്തെ ചുരുക്കുന്നതു് സംഗ്രഹം. വ്യാഖ്യാനം പലവിധമുണ്ടു്; മൂലത്തെ പദം‌പ്രതി വിവരിച്ചു് ഉപപത്തി കാണിക്കുന്നതു് അനുഗതവ്യാഖ്യാനം; സമഷ്ടിയായിട്ടു് അർത്ഥം വിവരിക്കുന്നതു് ടികാ; അങ്ങുമിങ്ങും ദുർഘടപദങ്ങളെ മാത്രം വ്യാഖ്യാനിക്കുന്നതു് ടിപ്പണം; ഖണ്ഡനവും മണ്ഡനവും ചേർത്തു സ്വാതന്ത്ര്യം പ്രകാശിപ്പിക്കുന്ന വ്യാഖ്യാനം ഭാഷ്യം. പദ്യത്തിന്റെ അർത്ഥം ഏറ്റക്കുറവുകൾ കൂടാതെ ഗദ്യത്തിലാക്കുന്ന സമ്പ്രദായത്തിനു് പരാവർത്തനം എന്നു പേർ ചെയ്യാം. ഇംഗ്ലീഷിൽ ഈ സമ്പ്രദായത്തിനു വളരെ പ്രചാരമുണ്ടു്. സാഹിത്യാഭ്യാസത്തിനു് ഇതു വളരെ ഉപകരിക്കുന്നതുമാണു്. ഭാഷയിൽ കുഞ്ചൻ‌നമ്പ്യാർ ഈ സമ്പ്രദായം ഉപയോഗിച്ചിട്ടുണ്ടു്. അദ്ദേഹം പല തുള്ളക്കഥകളിലും മൂലശ്ലോകമെഴുതി ഈരടികളെക്കൊണ്ടു പരാവർത്തനം ചെയ്തിട്ടുണ്ടു്.


ഉദാഹരണം :

തിരുത്തുക

മൂലം:


ചീയതേ ബാലിശസ്യാപി സൽക്ഷേത്രപതിതാ കൃഷിഃ
ന ശാലേ സ്തംബകരിതാവപ്തൃർഗുണമപേക്ഷതേ


പരാവർത്തനം:

“വളമേറിന കണ്ടത്തിൽ വിതച്ചാൽ

വിളവൊരു പത്തിനു സംശയമില്ല,

വളമില്ലാത്ത പറമ്പിൽ വിതച്ചാൽ

അളവേ വിത്തും കിട്ടുകയില്ല,

കണ്ടത്തിന്റെ ഗുണംകൊണ്ടേ വിള-

വുണ്ടാവുള്ളു വിതച്ചതിലധികം.

കൊണ്ടിഹ ചെന്നു വിതയ്ക്കുന്നവനെ-

ക്കൊണ്ടൊരു കാര്യം വരുവാനില്ല!

നല്ല കൃഷിക്കാരൻ താൻ വിത്തൊരു

കല്ലിൽ വിതച്ചാൽ കരികേയുള്ളു,

നല്ലൊരു വയലിലതുഴുതുവിതച്ചാൽ

നെല്ലൊരു നാഴിക്കൊരുപറ വിളയും.”

- സ്യമന്തകം


വിവരണം എന്ന ഇനത്തിൽ എന്തെല്ലാം ഉൾപ്പെടുത്തണമെന്നു് ഇത്രയും ‘വിവരണം’ കൊണ്ടു സ്പഷ്ടമാകുമല്ലോ. ഇനി പൊതുവെ ഇതിൽ എന്തെല്ലാം ഭാഗങ്ങളാണു് സൂക്ഷിക്കാനുള്ളതെന്നു പര്യാലോചിക്കാം. ഒരു വിഷയത്തെ വായനക്കാർക്കോ ശ്രോതാക്കൾക്കോ വിശദപ്പെടുത്തിക്കൊടുക്കുകയാണല്ലോ വിവരണംകൊണ്ടു ചെയ്യേണ്ടതു്. വിഷയത്തിന്റെ അങ്ങുമിങ്ങുമുള്ള ഓരോ അംശം തോന്നിയതുപോലെ എടുത്തു് വാലുംതലയുമില്ലാതെ പ്രസ്താവിച്ചാൽ ഉദ്ദേശ്യം ഫലിക്കയില്ല; പ്രസ്താവിക്കേണ്ട സംഗതി എല്ലാം പ്രസ്താവിച്ചില്ലെന്നും വരും; അതിനാൽ വിവരണത്തിനു് ആദ്യമായി ചെയ്യേണ്ടുന്നതു് ഒരു പ്ലാൻ അല്ലെങ്കിൽ ‘ആസൂത്രണം’ തയ്യാറാക്കുകയാകുന്നു. വിഷയത്തിൽ വിവരിക്കേണ്ട അംശങ്ങൾ ഏതെല്ലാമെന്നു് ആളൊചിച്ചു നിശ്ചയിച്ചു കുറിച്ചുവയ്ക്കുക. ഈ ക്രിയയ്ക്കു ‘വിഷയവിശകലനം’ എന്നു പേർ ചെയ്യാം. വിശകലനം ചെയ്തു സംഗ്രഹിച്ച കുറിപ്പു (നോട്ടു)കളെ തരം തിരിച്ചു് ക്രമപ്പെടുത്തി എഴുതിയാൽ അതു് ആസൂത്രണം (പ്ലാൻ) ആയി, കുറിപ്പുകളിൽ ഓരോന്നിലും അടങ്ങിയിരിക്കുന്ന സംഗതി ഓരോ വാക്യംകൊണ്ടു സംഗ്രഹിച്ചാൽ അതിനു് “സൂത്രവാക്യം” എന്നു പേരിടാം. പിന്നീടു് ഓരോ സൂത്രവാക്യത്തേയും ഓരോ വകുപ്പാക്കി നീട്ടേണ്ടതേ ഉള്ളു.

മുൻ കാണിച്ച ചതുരംഗക്കളിയെത്തന്നെ ഒരു ദൃഷ്ടാന്തത്തിനു് ഇവിടെ എടുത്തുവിവരിക്കാം: ആദ്യമായി വിഷയവിശകലനം - കളിക്കാരുടെ എണ്ണം, കളം, കരുക്കൾ, ഓരോന്നിറ്റേയും കാലുകൾ, നിരത്തുന്ന സമ്പ്രദായം, നിയമങ്ങൾ, വെട്ടുന്ന മട്ടു്, അവസാനം ഈ വ്യാഖ്യേയാംശങ്ങളെ ഇനി തരംതിരിക്കണം. വിഷയസ്വഭാവത്താൽ ഇതിനു് ഇവിടെ ഏറെ വകയില്ല. പിന്നെ ക്രമപ്പെടുത്തുകയാണു വേണ്ടതു്. ഏതു ക്രമം വായനക്കാർക്കു ഗ്രഹിപ്പാൻ എളുപ്പമെന്നു തോന്നുന്നുവോ ആ ക്രമം എടുക്കണം. എല്ലാ വിഷയങ്ങൾക്കും ആധാരഭൂതങ്ങളായ പ്രധാനാംശങ്ങൾ ഇന്നതിന്നതെന്നു നോക്കിയാലുടനെ തോന്നും. അതുകളെ ആദ്യം എടുക്കണം. മിക്ക വിഷയങ്ങളിലും വ്യാഖ്യേയാംശങ്ങൾക്കു് പ്രസ്പരാപേക്ഷ കാണും; ഒന്നിനെ വിവരിക്കുമ്പോൾ മറ്റൊന്നുകൂടി അറിഞ്ഞിരുന്നാലേ കാര്യം മനസ്സിലാകയുള്ളു എന്നുവരും. അതിനാൽ ഏതംശത്തിനു വേറെയുള്ള അംശങ്ങളുടെ അറിവു വേണമെന്നുള്ള നിർബ്ബന്ധം കുറഞ്ഞുകാണുന്നുവോ അതു മുമ്പിൽ എടുക്കണം. പരാപേക്ഷ കൂടുന്ന മുറയ്ക്കു് വ്യാഖ്യേയാംശങ്ങളെ അടുക്കുക; ഇങ്ങനെ ചെയ്യുമ്പോൾ, പ്രകൃതവിഷയത്തിൽ:


  1. കളിക്കാരുടെ എണ്ണം.
  2. കളം
  3. കരുക്കൾ
  4. നിരത്തുക
  5. കാലുകൾ
  6. വെട്ടുന്ന മട്ടു്
  7. നിയമങ്ങൾ
  8. അവസാനം

എന്നു ക്രമപ്പെടുത്തിയ പട്ടിക ആസൂത്രണമായി. ഇനി സൂത്രവാക്യങ്ങൾ ഉണ്ടാക്കുക തന്നെ.


  1. ചതുരംഗം രണ്ടുപേർ തങ്ങളിൽ ചെയ്യുന്ന കളിയാകുന്നു.
  2. ചതുരംഗക്കളത്തിനു് ഒരു വലിയ സമചതുരശ്രം വരച്ചു് അതിനെ സമാന്തരരേഖകൾകൊണ്ടു് 64 ഖണ്ഡങ്ങളാക്കി മുറിക്കണം.
  3. ആന, കുതിര, തേരു്, കാലാൾ എന്ന നാലു സേനാംഗങ്ങൾ; ദേവൻ, മന്ത്രി എന്നിവകളാണു് ചതുരംഗത്തിലെ കരുക്കൾ.
  4. മദ്ധ്യത്തിൽ നിൽക്കുന്ന ദേവന്റേയും മന്ത്രിയുടേയും വശങ്ങളിലായി മുറയ്ക്കു് ആന, കുതിര, തേരുകൾ; ഈ എട്ടിന്റേയും മുമ്പിൽ ഓരോ കലാൾ; ഇങ്ങനെ മുതൽക്കള്ളിയിൽ കുരുക്കളെ വിലങ്ങത്തിൽ (കുറുക്കെ) നിരത്തണം.
  5. നെടുകെയും കുറുകെയും രണ്ടും കലർന്നും പലവിധം കുരുക്കളെ നീക്കുന്നതിനു ചെയ്തിട്ടുള്ള വ്യവസ്ഥയെ ആണു് കുരുക്കളുടെ കാലുകൾ എന്നു പറയുന്നതു്.
  6. ഒരു പക്ഷത്തിലുള്ള കുരുവിനെ മറ്റു പക്ഷത്തിലെ കുരു കാലും‌പ്രകാരം അതിന്റെ സ്ഥാനം ആക്രമിച്ചു കളത്തിനു പുറത്തു തള്ളുമ്പോൾ തള്ളപ്പെട്ട കുരുവിനെ മറ്റെ കുരു വെട്ടി എന്നു പറയുന്നു.
  7. ദേവനെ വെട്ടിയാൽ കളി അവസാനിച്ചു എന്നുള്ള ഒരു തത്വമാണു് ചതുരംഗത്തിലെ നിയമങ്ങൾക്കെല്ലാം ആസ്പദം.
  8. ചതുരംഗത്തിൽ ഒരു കക്ഷിക്കു ജയവും മറ്റൊരു കക്ഷിക്കു പരാജയവും വേണമെന്നു നിർബ്ബന്ധമില്ല.

ഇനി ഈ എട്ടു സൂത്രവാക്യങ്ങളെയും വിസ്തരിച്ചു് എട്ടു വകുപ്പുകളാക്കാം. അതാതുകളിലുള്ള വ്യാഖ്യേയാംശത്തിന്റെ സ്വഭാവവും പ്രാധാന്യവും അനുസരിച്ചു കീഴ്വകുപ്പുകളും ചേർക്കാം. ഉദാഹരണത്തിനു് കാലുകൾ എന്ന അഞ്ചാം വകുപ്പിൽ ഇംഗ്ലീഷ്സമ്പ്രദായത്തിനു നാട്ടുസമ്പ്രദായത്തിൽനിന്നുള്ള ഭേദത്തെപ്പറ്റി ഒരു കീഴ്വകുപ്പും, അവസാനം എന്ന ഒടുവിലത്തെ വകുപ്പിൽ 1) അടിയറവു്, 2) ഈടറവു്, 3) സമം എന്നു മൂന്നു കീഴ്വകുപ്പുകളും കൂട്ടിച്ചേർക്കാം.

പ്രസംഗമെഴുതുമ്പോൾ ചില്ലറവിവരങ്ങളെ വകവയ്ക്കാതെ വിടുകയാണു നല്ലതു്. അതുകളെക്കൂടെ എഴുതുന്നപക്ഷം അതുകൾക്കു പ്രാധാന്യം കൊടുപ്പാതിരിപ്പാ‍ൻ സൂക്ഷിക്കേണ്ടിവരും. പ്രകൃതത്തിൽ കുരുക്കളെപ്പറ്റിയോ കാലുകളെപ്പറ്റിയോ ഉള്ള വകുപ്പിൽ കുരുക്കളുടെ ബലക്ഷയങ്ങളേയും മന്ത്രിക്കോപ്പു മുതലായ വ്യൂഹങ്ങളേയും വിവരിക്കാം.

മേല്പറഞ്ഞ ഉപദേശങ്ങളനുസരിച്ചു ചതുരംഗത്തിന്റെ വിവരണമായി ഒരു പ്രസംഗം താഴെ ചേർക്കുന്നു:

ചതുരംഗക്കളി

തിരുത്തുക
  1. ചതുരംഗം രണ്ടുപേർ തങ്ങളിൽ ചെയ്യുന്ന ഒരു കളിയാകുന്നു. സമബലന്മാരായ രണ്ടു രാജാക്കന്മാർ തങ്ങളിൽ ധർമ്മയുദ്ധം ചെയ്യുന്നു എന്നാണു് ഈ കളിയുടെ ഭാവന. അതിനാൽ കക്ഷികൾ രണ്ടേ വരാനിടയുള്ളു. എങ്കിലും ഇരുകക്ഷികൾക്കും പോരു പറഞ്ഞുകൊടുക്കുന്നതിലേക്കു് എത്രപേരും ചേരുന്നതിനു വിരോധമില്ല. ചതുരംഗംമൊരു ശാസ്ത്രീയവിനോദമാകയാൽ അതിൽ സാമർത്ഥ്യമുള്ള രണ്ടുപേർക്കു് ദൂരദേശത്തിലിരുന്നുകൊണ്ടും കളി നടത്താൻ കഴിയും. യൂറോപ്പിലും അമേരിക്കയിലും എന്നപോലെ അത്ര ദൂരദേശങ്ങളിൽ താമസിക്കുന്നവരും, തമ്മിൽ കാണുകപോലും ചെയ്തിട്ടില്ലാത്തവരുമായ ചതുരംഗവീരന്മാർ എഴുത്തുമുഖേന കളി നടത്തിയതായി കേട്ടിട്ടുണ്ടു്.
  2. ചതുരംഗത്തിനു് ഒരു വലിയ സമചതുരശ്രം വരച്ചു് അതിനെ സമാന്തരരേഖകൾകൊണ്ടു് 64 സമഖണ്ഡങ്ങളായി മുറിക്കണം. ഇതിലേക്കു് പലകയിലോ കടലാസിലോ തറയിലോ സൌകര്യം‌പോലെ 9 നെടിയ നേർവരകൾ ഇടുന്നതിനു വലത്തോട്ടു വരയ്ക്കുക. വരകൾക്കു തമ്മിൽ അകലം ഒന്നുപോലെ ഇരിക്കണം. പിന്നീടു് ഈ 9 വരകളുടേയും ഇടത്തെ അഗ്രങ്ങളെക്കൂട്ടി സമകോണം വരത്തക്കവണ്ണം കീഴുമേലായി ഒരു രേഖ വരയ്ക്കുക. അതിന്റെ വലതുഭാഗത്തായി മുമ്പിൽ ഇടം‌വലമായി വരച്ച വരകളുടെ അകലത്തിൽത്തന്നെ വേറെ ഒരു വര. ഇങ്ങനെ കീഴ്മേലായി 9 രേഖകൾ ഉണ്ടാക്കുക. ഇടംവലമുള്ള രേഖകൾക്കു നീളം അധികമെങ്കിൽ തുടച്ചുകളയുക. പോരെങ്കിൽ കൂട്ടുക. ഇങ്ങനെ ആകുമ്പോൾ 64 സമഖണ്ഡങ്ങൾ കിട്ടും. ആദ്യമേ ഒരു വലിയ ചതുരശ്രം വരച്ചു് അതിനെ അർദ്ധിച്ചു കൊണ്ടുവന്നും കളം വരയ്ക്കാം.
  3. ആന, കുതിര, തേരു്, കാലാൾ എന്നു നാലു സേനാംഗങ്ങൾ; ദേവൻ, മന്ത്രി എന്നിവകളാണു് ചതുരംഗത്തിലെ കരുക്കൾ. രാജാവിനെയാണു ദേവൻ എന്നു പറയുന്നതു്. രാജാവിനു് ഒരു മന്ത്രിയും ആന, കുതിര, ഇവ രണ്ടും കാലാൾ 8-ം ഉണ്ടു്. ഇതു രണ്ടു കക്ഷിക്കും ഒരുപോലെതന്നെ. തിരിച്ചറിയാൻ‌വേണ്ടി നിറമോ ആകൃതിയോ ഭേദിച്ചിരിക്കും. ഒരു കക്ഷി ചെറുകരു എന്നും മറ്റതു് വൻ‌കരു എന്നുമാണു് സാധാരണയിൽ വ്യവഹാരം.
  4. മദ്ധ്യത്തിൽ നിൽക്കുന്ന ദേവന്റേയും മന്ത്രിയുടേയും വശങ്ങളിലായി മുറയ്ക്കു് ഓരോ ആന, കുതിര, തേരുകൾ ഈ ഏഴിന്റേയും മുമ്പിൽ ഓരോ കാലാൾ; ഇങ്ങനെ മുതൽക്കള്ളിയിൽ കരുക്കളെ കുറുക്കെ നിരത്തണം. അപ്പോൾ ആദ്യത്തെ കളിയുടെ 4-‌ാം ഖണ്ഡത്തിൽ ദേവൻ, 5-‌ാം ഖണ്ഡത്തിൽ മന്ത്രി, 1- ലും 8- ലും തേരുകൾ, 2- ലും 7- ലും കുതിരകൾ, 3- ലും 6- ലും ആനകൾ എന്നു് ഒന്നാംകള്ളി മുഴുവനും നിറയും. രണ്ടാം കള്ളിയിൽ നിരപ്പെ കാലാളുകൾ. ഇതുപോലെ മറുവശത്തും. ഇവിടെ ഒന്നു് രണ്ടു് മുതലായ ലക്കങ്ങൾ ഇടത്തുനിന്നു് വലത്തോട്ടു് ആരംഭിക്കണം. ഭൂപടത്തിൽ എന്നപോലെ മുൻ‌വശം വടക്കു് എന്നുള്ള സങ്കേതത്തോടുകൂടിയാണു് സംഖ്യകൾ പറഞ്ഞതു്. കിഴക്കോട്ടോ തെക്കോട്ടോ നോക്കി ഇരുന്നു കളിക്കയാണെങ്കിൽ ദേവനും മന്ത്രിക്കും സ്ഥാനഭേദം വേണമെന്നൊരു പക്ഷമുണ്ടു്. ‘വടകിഴ അരശില്ല’ എന്നൊരു നിയമം ധരിച്ചിരുന്നാൽ ദേവനേയും മന്ത്രിയേയും നിറുത്തുന്നതിൽ സംശയത്തിനിടയാവുകയില്ല.
  5. നെടുകേയും കുറുകേയും രണ്ടും കലർന്നും പലവിധം കരുക്കളെ നീക്കുന്നതിനു ചെയ്തിട്ടുള്ള വ്യവസ്ഥയെ ആണു് കരുക്കളുടെ കാലുകൾ എന്നു പറയുന്നതു്. ദേവൻ, മന്ത്രി, ആന, കുതിര, തേരു്, കാലാൾ ഈ ആറെണ്ണത്തിനും നീങ്ങുന്ന കാൽ വെവ്വേറെ ആകുന്നു. ദേവൻ ഏണിച്ചോ കോണിച്ചോ അടുത്ത ഖണ്ഡത്തിൽ നീ‍ീങ്ങും; മന്ത്രി കോണിച്ചു് അടുത്ത ഖണ്ഡത്തിൽ മാത്രം; ആന കോണിച്ചു 3-‌ാം ഖണ്ഡത്തിൽ; കുതിരയും നീങ്ങുന്നതു 3-‌ാം ഖണ്ഡത്തിൽത്തന്നെ. എന്നാൽ അതിൽ ഒന്നു് ഏണിച്ചും രണ്ടു് കോണിച്ചും അല്ലെങ്കിൽ രണ്ടു് കോണിച്ചും ഒന്നു് ഏണിച്ചും ആയിരിക്കണം. തേരിനു നെടുനീളെ (ഏണിച്ചു്) ഏതു ഖണ്ഡത്തിലും സഞ്ചരിക്കാം. മദ്ധ്യേ വേറെ കരുക്കൾ ഇരുന്നാൽ അതിനെ കവച്ചു ചാടുക മാത്രം പാടില്ല. ആന, കുതിരകൾക്കു കവച്ചുചാടാനും വിരോധമില്ല. കാലാൾ അടുത്ത മുൻ‌ഖണ്ഡത്തിലേക്കു നീങ്ങും. ഇതിനുമാത്രം പുറകോട്ടു ഗതിയില്ല.
  6. ഒരു പക്ഷത്തിലുള്ള കരുവിനെ മറുപക്ഷത്തിലെ കരു തനിക്കുള്ള കാലും‌പ്രകാരം അതിന്റെ സ്ഥാനം ആക്രമിച്ചു കളത്തിനു പുറത്തു തള്ളുമ്പോൾ തള്ളപ്പെട്ട കരുവിനെ മറ്റേ കരു വെട്ടി എന്നു പറയുന്നു. കരുക്കൾ അതാതിനുള്ള കാലും‌പ്രകാരം നീങ്ങുന്നു. അപ്പോൾ ശത്രുപക്ഷത്തിലെ കരു ഇരിക്കുന്ന ഖണ്ഡത്തിൽ തനിക്കു കാലു വന്നാൽ അതിനെ വെട്ടി ആ ഖണ്ഡത്തിൽ തനിക്കു കയറി ഇരിക്കാം. ഒരു ഖണ്ഡത്തിൽ രണ്ടു കരുക്കൾ ഇരുന്നുകൂടാ. ഏതു കരുവിനും ശത്രുവിന്റെ കരുക്കളെ വെട്ടി അതിന്റെ സ്ഥാനം ആക്രമിക്കാം. സ്വപക്ഷത്തിലെ കരു ഇരിക്കുന്ന ഖണ്ഡത്തിൽ കാലു വന്നാലും കയറിക്കൂടാ.

    എല്ലാ കരുക്കളും തന്റെ കാലും‌പ്രകാരമാണു് വെട്ടുന്നതു്. എന്നാൽ ആൾക്കു മാത്രം ഭേദം ഉണ്ടു്. ഇതിനു് വെട്ടുന്നതിൽ മാത്രം മന്ത്രിക്കു പറഞ്ഞ കാലാണു്. ഇതിനു മുൻപോട്ടല്ലാതെ പുറകോട്ടു ഗതിയില്ലെന്നും ഒരു വിശേഷം പറഞ്ഞുവല്ലോ. കാലാൾ മുമ്പോട്ടു നീങ്ങി 8‌-‌ാം കള്ളിയിൽ ചെന്നാൽ അതു മന്തിരിയായി ചമയും. മന്ത്രിസ്ഥാനം കിട്ടിയാൽ പിന്നെ പുറകോട്ടു നീങ്ങാം. ശത്രുവിനെ കൂട്ടാക്കാതെ ശത്രുവിന്റെ സ്ഥാനം ആക്രമിച്ചു രക്ഷപ്പെട്ടു വരുന്ന വീരനു് മന്ത്രിസ്ഥാനം കൊടുക്കേണ്ടാത്തൂ ൺയ്യാആയ്യാമ്മാആണാള്ളോ. ഇങ്ങനെ ഏതു കാലാൾക്കും മന്ത്രിയാവാം.

  7. ‘ദേവനെ വെട്ടിയാൽ കളി അവസാനിച്ചു’ എന്നുള്ള ഒരു തത്വമാണു് ചതുരംഗത്തിലെ നിയമങ്ങൾക്കെല്ലാം ആസ്പദം. യുദ്ധം രാജാവിനു വേണ്ടീ ആആക്കായ്യാആൾ ഡേവനെ വെട്ടാൻ ഇടകൊടുക്കാതെ സൂക്ഷിക്കണം. ദേവൻ ഒരു ശത്രുവിന്റെ കാലിൽ അകപ്പെട്ടാൽ അതിനെ അവിടെനിന്നു മാറ്റിയതിനു മേലേ മറ്റൊരു കളി പാടുള്ളു. ഇരുകക്ഷികളും തവണ ഇട്ടാണു കളിക്കുന്നതു്. ഒരു കക്ഷി തന്റെ ഒരു കരു നീക്കിയാൽ അവന്നു പിന്നീടു് എതിർകക്ഷി കളിച്ചതിന്നുശേഷമേ കളിക്കു് അവകാശമുള്ളു. അപ്പോൾ വൻ‌കരുവിൽ ഒന്നിന്റെ കാൽ ദേവനിൽ തട്ടിയാൽ ചെറുകരുക്കാരനു് ദേവനെ നീക്കുക മാത്രമാണു് അടുത്ത കളി. ധർമ്മയുദ്ധമാകയാൽ ദേവനെ വെട്ടാൻ ഭാവിക്കുന്നു എന്നുള്ള വിവരം വിളിച്ചു പറകയും പതിവുണ്ടു്. ഇതിനു പൊതുവെ ‘അരശു പറക’ എന്നു പേർ. ഓരോ കരു ചെയ്യുന്ന അരശിനും പ്രത്യേകിച്ചു പേരുകൾ ഉണ്ടു്. തേരുകൊണ്ടുള്ളതു് വെച്ചരശു്; കുതിരയെക്കൊണ്ടുള്ളതു് ഇഷ്ടരശു്; ആനയെക്കൊണ്ടുള്ളതു് പോട്ടരശു്; മന്ത്രിയെക്കൊണ്ടുള്ളതു് കുത്തിയരശു്; ആളെക്കൊണ്ടു് ഉന്തിയരശു്; അപ്പോൾ വെച്ചരശു പറക എന്നുവെച്ചാൽ ‘നിങ്ങളുടെ ദേവൻ എന്റെ തേർക്കാലിൽ വന്നിരിക്കുന്നു, മാറിക്കൊള്ളണം’ എന്നു് അറിവുകൊടുക്കുക ആകുന്നു. ഇതുപോലെ മറ്റരശുകൾക്കും ഇങ്ങനെ ദേവനെ രക്ഷിച്ചുകൊണ്ടുവരുമ്പോൾ ഒരു കക്ഷിയിലെ ദേവനു് ശത്രുവിന്റെ കാലുകൾ ഇല്ലാത്ത ഒരു ഖണ്ഡത്തിൽ നീങ്ങാൻ സാധിക്കാതെവന്നാൽ ആ കക്ഷി തോറ്റു. ദേവനു നീങ്ങാൻ അടിയില്ലാതെ വരികയാൽ ഇതിനു് ‘അടിയറവു്’ എന്നു പേർ.
  8. എന്നാൽ ചതുരംഗത്തിൽ ഒരു കക്ഷിക്കു ജയവും, മറുകക്ഷിക്കു പരാജയവും വേണമെന്നു നിർബ്ബന്ധമില്ല. രണ്ടു ഭാഗത്തിലുള്ള കരുക്കൾ യുദ്ധം ചെയ്തു് ഓരോന്നായി ഒടുങ്ങി ദേവൻ മാത്രം ശേഷിച്ചു എന്നുവരാം; അല്ലെങ്കിൽ ഒരു കക്ഷിക്കു് ഏതാനും കരുക്കൾ കൂടി ശേഷിച്ചാലും അതുകളെക്കൊണ്ടു് ശത്രുദെവനെ അടിയറുക്കാൻ സാധിക്കയില്ല എന്നു വരാം. ഇങ്ങനെ അവസാനിക്കുന്ന കളി സമം. ഏതരശു പറയുമ്പോൾ ദേവനു നീങ്ങാൻ അടിയില്ലെന്നു വരുന്നുവോ ആ അരശിൽ അടിയറവു് എന്നു വ്യവഹാരം. ഒരു കക്ഷിയിലെ ദേവനു് തൽക്കാലം നേരെ അരശൊന്നും തട്ടീട്ടില്ല; എന്നാൽ ചുറ്റും ശത്രുക്കളുടെ കാലാകയാൽ നീങ്ങാൻ അടിയില്ല; മറ്റു കരുക്കളെല്ലാം വെട്ടിപ്പോകുകയും ചെയ്തു. കളി തുടരാൻ നിർവ്വാഹമില്ല. ഇങ്ങനേയും കളി അവസാനിക്കാറുണ്ടു്. ഇതിനു് ‘ഈടറവു്’ എന്നു പേർ. മറുകക്ഷിക്കു്, ഈടറവു വരുത്തുന്നതു് കളിക്കാരനു പിടിപ്പുകേടായി വിചാരിക്കപ്പെടുന്നു.

    കീഴ്വകുപ്പുകൾ അനേകം വേണ്ടിവരുന്ന പക്ഷം ഒരു വ്യാഖ്യേയാംശം കഴിഞ്ഞു് അടുത്തതിൽ പ്രവേശിക്കുമ്പോൾ വകുപ്പു മാറി എന്നു് ആ ഭാഗം വിളിച്ചുപറയുന്നതു കൊള്ളാം. അങ്ങനെ ചെയ്താൽ വായിക്കുന്നവർക്കു ഗ്രഹിപ്പാൻ സൌകര്യം അധികം കാണും. എന്നാൽ ഇതു ഗൌരവമേറിയതും കുഴപ്പങ്ങൾക്കു വകയുള്ളതുമായ വിഷയങ്ങളെ വിവരിക്കുന്ന ഗ്രന്ഥങ്ങളിലേ ആവശ്യപ്പെടുകയുള്ളു. ക്ഷുദ്രവിഷയങ്ങളെപ്പറ്റി എഴുതുന്ന പ്രസംഗങ്ങളിൽ ഈവക എല്ലാം വൃഥാഡംബരമായി തോന്നിപ്പോകും. ആർഭാടത്തോടുകൂടിയുള്ള ഉപക്രമോപസംഹാരങ്ങളും ഗ്രന്ഥങ്ങൾക്കു മതി. ഗഹനങ്ങളായ വിഷയങ്ങളെ വിവരിക്കുമ്പോൾ ദൃഷ്ടാന്തങ്ങളെ നിബന്ധിക്കുന്നതു നന്നായിരിക്കും; എന്നാൽ ദൃഷ്ടാന്തപരാമർശത്തിന്റെ പ്രയോജനം അനുഭവദാർഢ്യസമ്പാദനമാകയാൽ വായനക്കാർക്കു നിത്യപരിചിതമായ സംഗതി ആയിരിക്കണം ദൃഷ്ടാന്തം. ദാർഷ്ടാന്തികത്തെക്കാൾ ദൃഷ്ടാന്തം ദുരൂഹമായിരുന്നാൽ “ടീകാടൂകാമപേക്ഷതേ” ഏണ്ണൂ പ്പാറഞ്ഞ മട്ടിൽ പരിഹാസകാരണമായിരിക്കും. വിവരിക്കുന്ന വസ്തുവിന്റെ സ്വരൂപം കുറിച്ചുകാണിച്ചുകൊണ്ടു വിവരണം ചെയ്യുന്നതു് പലപ്പോഴും വലിയ ഉപകാരമായിരിക്കും. ഈ ആവശ്യങ്ങൾക്കായി കുറിക്കുന്ന സ്വരൂപങ്ങൾക്കു് ചിത്രം എന്നു പറയത്തക്ക യോഗ്യത ഇല്ലാത്തതിനാൽ പരിലേഖം എന്നു പേർ ചെയ്യാം. പത്തു വാക്യങ്ങൾ കൊണ്ടു വിവരിച്ചാലും വിശദമാകാത്ത സംഗതി ഒരു പരിലേഖംകൊണ്ടു പലപ്പോഴും സ്പഷ്ടമാകും. മുൻ‌ചെയ്ത ചതുരംഗവിവരണത്തിൽത്തന്നെ കരു നിരത്തുന്ന മട്ടു് അതിനെപ്പറ്റിയുള്ള വകുപ്പു് വായിച്ചു ഗ്രഹിക്കുന്നതിൽ എളുപ്പമായി താഴെ കാണിക്കുന്ന പരിലേഖം നോക്കിയാൽ മനസ്സിലാക്കാം:

ഉദാഹരണങ്ങൾ :

തിരുത്തുക

മാമാങ്കം

തിരുത്തുക

മലയാളത്തിൽ ടിപ്പുസുൽത്താന്റെ ആക്രമണത്തിനു മുമ്പുവരെ തിരുനാവാ മണൽ‌പ്പുറത്തുവെച്ചു് ചിങ്ങവ്യാഴകാലങ്ങളിൽ ആഘോഷിച്ചുവന്നിരുന്ന ഒരു മഹോത്സവമാണു് ‘മാമാങ്കം’ അല്ലെങ്കിൽ ‘മാമകം. മാഘമാസത്തിലെ മകം‌നക്ഷത്രം ഇതിലെ പ്രധാനദിവസമാകയാൽ ‘മാഘമകം’ എന്നതു ചുരുങ്ങി ‘മാമകം’ എന്നു പേർ സിദ്ധിച്ചു. മാഘമാസത്തിലെ മകം സാധാരണ വെളുത്തവാവു സംബന്ധിച്ചു മാത്രമേ വരികയുള്ളു.

വർഷകാലം കഴിഞ്ഞു് ഭാരതപ്പുഴയിലെ കലക്കമൊഴിഞ്ഞു് മണൽത്തിട്ടകൾ തെളിഞ്ഞു് മകരത്തിലെ മരംകോച്ചുന്ന മഞ്ഞിന്റെ ശക്തിക്ഷയിച്ചു് കൊയ്ത്തുകഴിഞ്ഞിട്ടു് അറകളും നിറഞ്ഞു് സ്വതേ തന്നെ പ്രകൃതിദേവി തെളിഞ്ഞിട്ടുള്ള മലയാളത്തിലെങ്ങും ചക്ക, മാങ്ങ മുതലായ ഫലസസ്യാദികൾ നിറഞ്ഞു് പകൽ അനതിതീവ്രങ്ങളായ സൂര്യകിരണങ്ങളാൽ പ്രകാശമാനങ്ങളായ ദിഗ്ഭാഗങ്ങളെക്കൂടിയും, ഭാരതപ്പുഴയിലെ സ്ഫടികനിർമ്മലങ്ങളായ തിരമാലകളിൽ തട്ടി സ്വച്ഛന്ദമായി വീശുന്ന മന്ദമാരുതനാൽ പരമാനന്ദപ്രദമായും, പ്രദോഷം മുതൽ പ്രഭാതം വരെ ക്രമേണ പ്രശോഭിതനായ ചന്ദ്രന്റെ ‘കൌമുദീ’ വിലാസങ്ങളാൽ പകലെന്നപോലെ തന്നെ ചുറ്റുമുള്ള പദാർത്ഥങ്ങളുടെ ‘തത്വബോധിനികളായി സകലജന ‘മനോരമ’ കളായ രാത്രികളോടുകൂടിയും ഇരിക്കുന്ന ഒരു കാലത്തിലാകയാൽ മലയാളത്തിൽ ഈവിധമുള്ള ഒരു മഹോത്സവം ആഘോഷിക്കുന്നതിനു് ഇതിലധികം നന്നായിട്ടൊരു കാലം തിരഞ്ഞെടുപ്പാനസാദ്ധ്യമാണെന്നു് ഇന്നുള്ളവർക്കു സമ്മതമായിരിക്കകൊണ്ടു് ഏതല്പ്രവർത്തകന്മാരായ പൂർവ്വന്മാർ ഈവക വിഷയങ്ങളിൽ ചെയ്തിരുന്ന ദീർഘാലോചനകളുടേയും, അവരുടെ ഔചിത്യത്തോടും രസികത്വത്തോടും കൂടിയുള്ള മനോധർമ്മത്തിന്റേയും വൈചിത്ര്യവും മഹത്വവും എത്രമാത്രമുണ്ടായിരുന്നു എന്നു നന്നായി അനുമാനിക്കാവുന്നതാകുന്നു. ഇങ്ങനെയുള്ള ഒരു മഹോത്സവാഘോഷത്തിന്റെ ഉത്ഭവവും ചടങ്ങുകളും എന്തെല്ലാമായിരുന്നു എന്നു പ്രസ്താവിക്കാം.

പണ്ടു് നമ്പൂരിമാർ ഗ്രാമാധിപത്യം മുഖേന ശിക്ഷരക്ഷാധികാരം വഹിച്ചുവന്നിരുന്ന കാലത്തു് ഭരണക്ലേശമൊഴിക്കാൻ‌വേണ്ടി എല്ലാവരും കൂടി ആലോചിച്ചു് പരദേശത്തുനിന്നു് രാജവംശ്യരിൽ ഒരാളെ ഇഷ്ടപ്രകാരം തിരഞ്ഞെടുത്തു കൊണ്ടുവന്നു് തങ്ങളുടെ സ്വാതന്ത്ര്യത്തിനും അധികാരത്തിനും ഭംഗം കൂടാത്തവിധം ഏർപ്പെടുത്തപ്പെട്ട നിശ്ചയങ്ങൾക്കു കീഴടക്കി രാജ്യഭാരം ചെയ്യത്തക്കവണ്ണം അവരോധിക്കുക പതിവായിരുന്നു. അങ്ങനെ അവരോധിക്കപ്പെട്ട ഒരാളെ പന്തീരാണ്ടുചെല്ലുമ്പോൾ സ്ഥാനത്തുനിന്നും മാറ്റി വേറെ ഒരാളെ തിരഞ്ഞെടുത്തു വാഴിക്കും. ഇങ്ങനെ അവരോധിക്കുന്നതിനു് നമ്പൂരിമാരും ഇതരജാതിക്കാരും ഒന്നിച്ചുചേരേണ്ടതിനു് പലപ്രകാരേണ സൌകര്യമുള്ള ഒരു സ്ഥലം തിരുനാവാ ആണെന്നു തീർച്ചപ്പെടുത്തി. മാമാങ്കത്തിന്റെ ഉത്ഭവം ഈവിധമാകുന്നു.

ഇതു് ഇരുപത്തെട്ടു ദിവസംകൊണ്ടു് അവസാനിക്കുന്ന ഒരു മഹോത്സവമാണു്. അതിനിടയ്ക്കു് വളരെ ക്ഷേത്രങ്ങളിലെ ദേവന്മാരെ അവരുടെ അവസ്ഥപോലെയുള്ള ആഘോഷങ്ങളോടുകൂടി അവിടെ എഴുന്നെള്ളിച്ചു കൊണ്ടുവരും. മാമാങ്കം തുടങ്ങിയാൽ അവസാനിക്കുന്നതിനുമുമ്പിൽ മലയാളത്തിൽ ഓരോ വിഷയത്തിൽ യോഗ്യന്മാരായിട്ടുള്ളവരെല്ലാം യഥാസൌകര്യം അവിടെ ചെന്നുചേരേണ്ടതാണെന്നും അന്നുള്ള മഹാന്മാർക്കു പ്രത്യേകനിർബ്ബന്ധമുണ്ടായിരുന്നു. അവരിൽ ചിലരുടെ ആഗമനം അവശ്യം ഒഴിച്ചുകൂടാത്തതായിരിക്കത്തക്കവണ്ണം ചിലർക്കു ചില പ്രത്യേകാധികാരങ്ങളും ചുമത്തിയിരുന്നു. ഈ കൂട്ടത്തിൽ കൊടുങ്ങല്ലൂർ തമ്പുരാക്കന്മാരുടേയും പൂഞ്ഞാറ്റിൽ തമ്പുരാക്കന്മാരുടെയും മറ്റും വംശമൂലമായ ‘ഐരൂർ ചാക്കര’ സ്വരൂപത്തിൽനിന്നു ‘മാടം കേറിയ’തിനു ശേഷമേ മാമാങ്കത്തിന്നായി മണൽ‌പ്പുറത്തു കെട്ടിയുണ്ടാക്കുന്ന ഭോജനശാലയിൽ ബ്രാഹ്മണർക്കു ഭക്ഷിക്കാൻ പാടുള്ളു. (മാടം എന്നാൽ രാജാക്കന്മാർക്കു് എഴുന്നള്ളിയിരിക്കാനുള്ള മഞ്ചം) എന്നൊരേർപ്പാടുണ്ടത്രെ. ഇതുകൊണ്ടു് അവർക്കു പണ്ടേ തന്നെ വംശശുദ്ധിയും സദാചാരനിഷ്ഠയും ഉണ്ടായിരുന്നു എന്നൂഹിക്കാം. എങ്കിലും കൊടുങ്ങല്ലൂർ രാജാക്കന്മാരെ തങ്ങളുടെ പിതൃസ്ഥാനം നിമിത്തം സവിശേഷം ആദരിച്ചുവരുന്ന കോഴിക്കോട്ടുരാജാക്കന്മാർക്കു മാമാങ്കത്തിൽ പ്രാധാന്യം ലഭിച്ചതിനുശേഷമല്ലയോ ഈ ഏർപ്പാടുണ്ടായതെന്നു ശങ്കിപ്പാനവകാശമില്ലെന്നില്ല.

മാമാങ്കത്തിൽ പെരുമാക്കന്മാർ സ്ഥാനാരോഹണംചെയ്തു നിൽക്കുന്നതിനു് ‘നിലപാടു നിൽക്കുക’ എന്നും ആ സ്ഥലത്തിനു് ‘നിലപാട്ടുതറ’ എന്നും ഇന്നും പറഞ്ഞുവരുന്നതും, അവിടം വളരെ വിശേഷമായ ഒരു സ്ഥലമാണെന്നു കാഴ്ചയിൽ പ്രത്യക്ഷമാകുന്നതുമാണു്. നിലപാടു നിൽക്കുന്നതിനു മുമ്പായി ആരെങ്കിലും വല്ല സങ്കടവുമുണ്ടെങ്കിൽ ആയതു് അപ്പോൾത്തന്നെ തീർക്കുകയോ അല്ലാത്തപക്ഷം ഇന്നസമയത്തിനകം തീർത്തുകൊള്ളാം എന്നു പ്രതിജ്ഞചെയ്കയോ ചെയ്തതിനുശേഷമേ നിലപാടേൽക്കാൻ പാടുള്ളു എന്നൊരു ദുഷ്കരമായ വീരവ്രതം കൂടിയുണ്ടു്. ഇതിന്നു് അഭീഷ്ടദാനം എന്നു പേരാകുന്നു.

- ഗദ്യമാലികയിൽനിന്നും സംഗ്രഹിച്ചതു്.



മനുഷ്യശരീരത്തിലുള്ള പലമാതിരി സ്നായുക്കളുടേയും മൂലസ്ഥാനം ജ്ഞാനത്തിന്റെ ഇരിപ്പിടമായ തലച്ചോറാകുന്നു. ഒരു വിരലിനോ മറ്റോ മുറിവേൽക്കുമ്പോൾ ജ്ഞാനപ്രവർത്തകങ്ങളായ ഞരമ്പുകൾ ഈ വിവരം തലച്ചോറിലെത്തിക്കുന്നു.

ഞരമ്പുകൾ ജ്ഞാനപ്രവർത്തകങ്ങളെന്നും കൃത്യനിർവ്വാഹങ്ങളെന്നും രണ്ടുവിധത്തിലുണ്ടു്. ഇവയിൽ ജ്ഞാനപ്രവർത്തകങ്ങളുടെ അധികാരം ഇന്ദ്രിയമുഖേന ഉള്ള വികാരത്തെ തലച്ചോറിൽ ബോധിപ്പിച്ചു് ജ്ഞാനത്തെ പ്രവർത്തിപ്പിക്കയാകുന്നു. കൃത്യനിർവ്വാഹങ്ങളുടെ പ്രവൃത്തി വികാരബോധാനന്തരം വേണ്ട കൃത്യം നിർവ്വഹിക്കുകയാകുന്നു.

ജ്ഞാനപ്രവർത്തകങ്ങളായ ഞരമ്പുകൾ അറുത്തുകളഞ്ഞാൽ വ്രണം എത്രതന്നെ സാരമുള്ളതായിരുന്നാലും ഒട്ടുംതന്നെ വേദന തോന്നുന്നതല്ല. ഞരമ്പുകൾ തലച്ചോറിനു് അറിവുകൊടുക്കുന്നതു് ചലനരൂപേണ ആണെന്നു വിശ്വസിക്കാൻ തക്ക തെളിവുണ്ടു്. എന്നാൽ ഈ ചലനം ഞരമ്പുകളുടെ ഒന്നയിട്ടുള്ള ഇളക്കമല്ല. അവയിലുള്ള അണുക്കളുടെ പ്രത്യേകം പ്രത്യേകമുള്ള ഒരു സ്പന്ദനം മാത്രമാകുന്നു.

ഇന്ദ്രിയങ്ങളോടു സംഘടിപ്പിച്ചിട്ടുള്ള സ്നായുക്കളുടെ സംബന്ധമുള്ള തലച്ചോറിന്റെ പല ഭാഗങ്ങളിലും ഈ സ്പന്ദനം നിമിത്തം ഇന്ദിര്യഭേദേന വിവിധങ്ങളായ വികാരങ്ങളുണ്ടാകുന്നു. രസനേദ്രിയത്തിൽനിന്നു പുറപ്പെടുന്ന ചലനം രസസ്വാദജ്ഞാനമുണ്ടാക്കുന്നു. ചക്ഷുരിന്ദ്രിയത്തിൽ നിന്നു പുറപ്പെടുന്നതു് രൂപജ്ഞാനത്തെ ഉണർത്തുന്നു.

നമ്മുടെ പ്രകൃതത്തിനു് പ്രത്യേകവിഷയമായ കർണ്ണേന്ദ്രിയസ്നായു ചലനം ശബ്ദബോധത്തെ ജനിപ്പിക്കുന്നു. ഇടിവെട്ടുമ്പോൾ ഉണ്ടാകുന്ന ശബ്ദം നമ്മുടെ ശ്രവണേന്ദ്രിയത്തിനു വിഷയമായി തീരുന്നതെങ്ങനെ? വെടിവെച്ചാൽ ഉണ്ട ലക്ഷ്യത്തിന്മേൽ ചെന്നു തറയ്ക്കും‌പോലെ മേഘത്തിന്റെ സമീപമുള്ള വായുവിന്റെ അംശങ്ങൾ നമ്മുടെ ചെവിയിൽ വന്നു തറയ്ക്കുന്നുണ്ടോ?

മേഘത്തിനടുത്തുള്ള വായുവിനിളക്കം തട്ടുന്നുണ്ടു് എന്നുള്ളതു തീർച്ച തന്നെ. പക്ഷേ, ആ വായു നമ്മുടെ ചെവിയിലെത്തുന്നില്ല. എന്നാൽ ശബ്ദത്തിന്റെ ഗതി ഇപ്രകാരമാകുന്നു.

ഭൂമണ്ഡലത്തിന്റേയും മേഘത്തിന്റേയും ഇടയിലുള്ള വായുവിനെ ഒരു പുസ്തകത്തിലുള്ള ഏടുകൾ എന്നപോലെ പല പടലങ്ങളായിട്ടു് സങ്കൽ‌പ്പിക്കുക. ഇടിവെട്ടുമ്പോൾ മേഘത്തിലുള്ള ചലനം അടുത്ത വായുപടലത്തെ ബോധിപ്പിക്കുന്നു. അതിന്റെ ചലനം അടുത്ത പടലത്തിനു കൊടുത്തു് അതു നിശ്ചലമായി നിൽക്കുന്നു. ഇങ്ങനെ ആ ചലനം പടലം പടലം തോറും സഞ്ചരിച്ചു് തിരമാലപോലെ കർണ്ണരന്ധ്രത്തിൽ വന്നടിക്കുന്നു. ആയതല്ലാതെ വായുവിനു് ആകപ്പാടെയുള്ള ക്ഷോഭമാണെന്നു തെറ്റിദ്ധരിച്ചുപോകരുതു്. തിരകൾ മാലാകാരേണ തീരത്തിൽ വന്നടിക്കുന്നുണ്ടെങ്കിലും അതാതു തിരകളിലുള്ള വെള്ളം അതാതു ദിക്കുകളിൽത്തന്നെ ഇളകി അമരുന്നതുപോലെ അതാതു പടലങ്ങളിലുള്ള വായു അതാതു സ്ഥാനങ്ങളിൽത്തന്നെ ഒതുങ്ങുന്നതേയുള്ളു. ഈ പടലങ്ങൾക്കെന്നപോലെ അവയിലുള്ള അണുക്കൾക്കും ഒരു ആട്ടമുണ്ടു്.

വായവ്യങ്ങളായ അണുക്കളുടെ ഈ വിധമുള്ള ചലനം കർണ്ണരന്ധ്രത്തിൽ ആദ്യത്തെ ആവരണചർമ്മത്തിന്മേൽ തട്ടി അതിൽനിന്നു് അസ്ഥിമാലയിൽക്കൂടി രണ്ടാമത്തെ ആവരണചർമ്മത്തിൽ വ്യാപിക്കയും അതിനപ്പുറമുള്ള ജലസഞ്ചയത്തിൽക്കൂടി കർണ്ണേന്ദ്രിയസ്നായുവിൽ ചെല്ലുകയും ചെയ്യുന്നു. പിന്നെ ഈ സ്നായുമാർഗ്ഗേണ അണുസ്പന്ദനം തലച്ചോറിലെത്തുമ്പോൾ ഇന്ദ്രിയഗോചരമായ ചലനം ജ്ഞാനഗോചരമായിത്തീർന്നിട്ടു് ശബ്ദത്തിന്റെ ബോധമുണ്ടാകുന്നു.

- ഗദ്യമാലിക



ഒരു കണ്ണാടിപ്പാത്രത്തിൽ കുറെ വെള്ളം തിളയ്ക്കുന്നു എന്നിരിക്കട്ടെ. ആ പാത്രത്തിന്റെ വായ് മറ്റൊരു പാത്രംകൊണ്ടു മൂടിയിരിക്കുന്നു എന്നും വിചാരിക്കുക. കണ്ണാടികൊണ്ടുള്ള ജലപാത്രത്തിന്റെ പാർശ്വങ്ങളിൽക്കൂടെ ഉള്ളിലേക്കു നോക്കിയാൽ മൂടിയിരിക്കുന്ന പാത്രത്തിന്റെ അകവശം കാണാമെന്നുള്ളതു നിർവിവാദമാണല്ലൊ. ഈ ഭാഗം സൂക്ഷിച്ചുനോക്കുക. അതിന്മേൽ ജലാംശം കാണ്മാൻ ഉണ്ടായിരിക്കുകയില്ല. എന്നാൽ ആ മൂടിപ്പാത്രം എടുത്തു കുറച്ചു ദൂരെ മാറ്റിക്കൊണ്ടുപോയി നോക്കിയാൽ അനേകം ജലബിന്ദുക്കൾ അതിന്മേൽ പൊടിച്ചിരിക്കുന്നതായി കാണാം. തപ്തമായ കണ്ണാടിപ്പാത്രത്തിന്മേൽ ഇരുന്നപ്പോൾ മൂടിപ്പാത്രത്തിൽ ജലബിന്ദുക്കൾ കാണ്മാനില്ലായിരുന്നു എന്നും, അതിനെ ദൂരത്തു കൊണ്ടുവന്നപ്പോൾ കാണത്തക്കവണ്ണം ജലാണുക്കൾ ഉണ്ടായിരുന്നു എന്നും രണ്ടു സംഗതി ഇവിടെ പ്രത്യേകം ഓർമ്മിക്കണം.

ഇങ്ങനെ സംഭവിക്കുന്നതിനുള്ള കാരണമാകുന്നു ഇനി ചിന്തിക്കുന്നതു്. പാത്രം ഉഷ്ണമായിരിക്കുന്നതിനാൽ നീരാവി മേല്പോട്ടേക്കു് ഉയരുന്നുണ്ടു്. നീരാവി അദൃശ്യവസ്തുവാകയാൽ മേല്പോട്ടുയരുന്നതായി യാതൊരു വസ്തുവിനേയും നാം പാത്രത്തിൽ കാണുന്നില്ലെന്നേയുള്ളു. ഇങ്ങനെ ഉയരുന്ന നീരാവി മൂടിപ്പാത്രത്തിന്റെ അകവശത്തു ധാരാളം പറ്റിയിരിക്കണം. തപ്തമായ വസ്തുവിന്റെ സമീപത്തുനിന്നു ദൂരെ മാറ്റുന്ന സന്ദർഭത്തിൽ മൂടിപ്പാത്രവും അതിനുള്ളിൽ പറ്റിയിരിക്കുന്ന നീരാവിയും തണുത്തുതുടങ്ങുകയായി. അപ്പോൾ നീരാവിക്കു സംഭവിക്കേണ്ട രൂപാന്തരം പ്രത്യക്ഷമാണു്. ദൃശ്യമായ ജലം അദൃശ്യമായ നീരാവിയായി ഭവിച്ചതു് ഉഷ്ണതയുടെ പ്രവൃത്തിയിലായിരിക്കുകയാൽ ഉഷ്ണത നശിച്ചു മൂടിപ്പാത്രം തണുത്തുതുടങ്ങുമ്പോൾ അതിന്മേൽ പറ്റിയിരിക്കുന്ന നീരാവി ദൃശ്യമായ ജലമായി രൂപാന്തരം സംഭവിക്കണമെന്നു സങ്കൽ‌പ്പിക്കുന്നതിൽ യുക്തിഭംഗം ഒന്നും ഇല്ല. മൂടിപ്പാത്രം തപ്തപാത്രത്തിൽനിന്നു ദൂരെ എടുത്തപ്പോൾ ജലാണുക്കളെ പൊടിപ്പിച്ചതിന്റെ കാരണം ഇതുമാത്രമാണു്.

ഇത്രയും മനസ്സിലായവരോടു് മഴയുണ്ടാകുന്നതു് എങ്ങനെയാണെന്നു പറഞ്ഞുകേൾപ്പിക്കാൻ പ്രയാസമില്ല. ഭൂമിയുടെ നാനാംശങ്ങളിലുള്ള എല്ലാ ജലാശയങ്ങളിൽനിന്നും (പ്രത്യേകം സമുദ്രങ്ങളിൽനിന്നു്) ആഡൃശ്യമായ നീരാവി വാനത്തിലേക്കു് ഉയരണമെന്നുള്ളതു തീർച്ച തന്നെ. കണ്ണാടിപ്പാത്രത്തിൽനിന്നും നീരാവി ഉയരുന്നതുപോലെ എന്നു സങ്കൽ‌പ്പിച്ചുകൊള്ളാം. ഇങ്ങനെ ഉയരുന്ന നീരാവിക്കൂട്ടത്തെ കാറ്റടിച്ചു നാനാഭാഗങ്ങളിലേക്കു കൊണ്ടുപോവുകയായി. ഈ ആവിക്കൂട്ടം കാറ്റിനാൽ നയിക്കപ്പെടുന്ന ചില മാർഗ്ഗങ്ങളിൽ വലിയ പർവ്വതങ്ങളോ ഉന്നതവൃക്ഷങ്ങളുള്ള വനാന്തരങ്ങളോ ഉള്ള പ്രദേശങ്ങൾ ഉണ്ടെന്നുവരാവുന്നതാണു്. കടൽനിരപ്പിൽനിന്നു മേല്പോട്ടു ചെല്ലുന്തോറും ശൈത്യം അധികമായി കാണുക സാധാരണയാകയാൽ പർവ്വതശൃംഗങ്ങളും മറ്റും വളരെ ശീതവസ്തുക്കളായിരിക്കുമെന്നു വിശേഷിച്ചു പറയാനില്ല. മൂടിപ്പാത്രത്തിന്റെ ചുവടു് ശീതമായ അവസരത്തിൽ അദൃശ്യമായ നീരാവി ദൃശ്യമായ ജലമായി ഭവിച്ചു എന്നുള്ള സംഗതി ഇപ്പോൾ ഓർക്കണം. പർവ്വതശൃംഗങ്ങളിന്മേലോ മറ്റു ശീതസ്ഥാനങ്ങളിലോ വന്നു സ്പർശിക്കുമ്പോൾ ആവിക്കൂട്ടം പിന്നെയും ജലമായി ഭവിക്കുന്നു. പിന്നെ ഭൂമിയുടെ ആകർഷണശതിയാൽ ഈ ജലം കീഴ്പോട്ടേക്കു വരികയായി. ഇങ്ങനെ ഉണ്ടാകുന്ന ജലപാതത്തെയാകുന്നു മഴ എന്നു പറഞ്ഞുവരുന്നതു്.

- ഭൂവിവരണസിദ്ധാന്തസംഗ്രഹം.


വ്യാഖ്യാനം

തിരുത്തുക
ആളയച്ചിട്ടുണ്ടെമ്മാനില്ല; ഇല്ലെമ്മാനില്ല,
നീളെ നിന്നു വന്നു, -കളിയല്ല

എമ്മാൻ = എന്നു പറവാൻ. ‘എൻ’ എന്ന ഖിലധാതുവിന്റെ പിൻ‌വിനയെച്ചമാണു് ‘എമ്മാൻ’. എന്നയാൾ = എന്നു പറഞ്ഞാൾ ഇത്യാദി രൂപങ്ങൾ നോക്കുക. ‘ഉണ്മാൻ’ എന്നതിനെ ‘ഉമ്മാൻ’ എന്നെഴുതാറുള്ളതുപോലെ ‘എന്മാൻ’ എന്നതും എഴുത്തിൽ ‘എമ്മാൻ’ എന്നായി. (ആളയച്ചിട്ടു) നളനെ അന്വേഷിപ്പാൻ ദൂതനെ അയച്ചതിൽ (ഉണ്ടെമ്മാനില്ല) അവൻ ഇന്നെടത്തുണ്ടെന്നു പറവാനില്ല. ‘ഇല്ലെമ്മാനില്ല’ മരിച്ചുപോയി എന്നും പറവാൻ പാടില്ല. നളനെപ്പറ്റി യാതൊരറിവും കിട്ടീട്ടില്ലെന്നർത്ഥം. ‘ന ച സ ജ്ഞായതേ വീരോ നളോ ജീവതി വാ ന വാ’ എന്ന മൂലത്തിന്റെ ശരിതർജ്ജമയാകുന്നു ഇതു്.

- നളചരിതം


കലയും കമലയുമെപ്പോലെ നിന്റെ
കലയ മാമപി നീയെപ്പോലെ

കല എന്നും കമല എന്നും ദമയന്തിയുടെ രണ്ടു സഖിമാരാകുന്നു. കല എന്നൊരു സഖിയെ നൈഷധകാവ്യത്തിൽ ശ്രീഹർഷനും പറയുന്നുണ്ടു്. കമല വാര്യരുടെ സൃഷ്ടി തന്നെ ആയിരിക്കണം. കലയ = വിചാരിച്ചാലും. നിന്റെ സഖികളായ കലാകമലകളെ നീ എങ്ങനെ വിചാരിക്കുമോ അതുപോലെ എന്നെയും വിചാരിച്ചാലും. ലജ്ജയും സങ്കോചവും വിട്ടു് എന്നോടുകൂടി രമിക്കൂ എന്നു താല്പര്യം. ഇവിടെ കലയേയും കമലയേയും എന്നായിത്തീർന്നു എന്നു സമാധാനപ്പെടണം. അല്ലെങ്കിൽ നിന്റെ കലയും കമലയും ഏതുപോലെ (നിന്റെ ദൃഷ്ടിയിൽ) ഭവിക്കുന്നുവോ അതുപോലെ (ഇരിക്കുന്നവനായിട്ടു്) നീയെന്നെയും വിചാരിച്ചാലും എന്നദ്ധ്യാഹാരം ചെയ്തു് അന്വയം ശരിപ്പെടുത്തണം.

- നളചരിതം


പരാവർത്തനത്തിനു് :

തിരുത്തുക
സാമ്യമകന്നോരുദ്യാനം, എത്രയുമാഭിരാമ്യമിതിന്നുണ്ടതു നൂനം,
ഗ്രാമ്യം നന്ദനവനരംയം ചൈത്രരഥവും
കാമ്യം നിനയ്ക്കെന്നാകിൽ സാമ്യമല്ലിതു രണ്ടും


ഇതു നിസ്തുലമായ ഉദ്യാനം ആകുന്നു. ഇതിനു നിശ്ചയമായിട്ടു് എത്രയും അഴകുണ്ടു്. ഈ ഉദ്യാനത്തിന്റെ സൌന്ദര്യം നോക്കുമ്പോൾ ഇന്ദ്രന്റെ നന്ദനോദ്യാനം, നാഗരികമല്ലാത്തതെന്നു തോന്നിപ്പോകും. അതുപോലെ കുബേരന്റെ ചൈത്രരഥോദ്യാനവും ഭംഗിയില്ലാത്തതെന്നു വരും. ഏതാണു് ഇവയിൽ ആഗ്രഹിക്കത്തക്കതു് എന്നു വിചാരിക്കുന്നതായാൽ ഈ നന്ദന ചൈത്രരഥങ്ങൾ രണ്ടും ഇതിനോടു സമപ്പെടുത്താവുന്നതല്ല.

സംഗ്രഹത്തിന്

തിരുത്തുക
നിഷ്ഫലൈശ്വര്യം
തിരുത്തുക
താൻ ഭുജിക്കാതെ വിത്തൌഘം വയ്പോൻ, വ്യർത്ഥൻ മൃതോപമൻ
ഫലം കണ്ടർത്ഥമാർജ്ജിച്ചുമേകാശ്ശൂന്യൻ പിശാചനാം
കൊതിച്ചതാർജ്ജിച്ചും, കീർത്തിനേടാത്തോൻ ഭൂമിഭാരമാം
ചത്താൽ ശേഷിക്കുവാൻ, എന്തു കരുതുന്നു ജനാപ്രിയൻ
ദാനഭോഗങ്ങളില്ലാഞ്ഞാൽ വ്യർത്ഥമാമർത്ഥകോടിയും
അഭോക്താവായ് ഗുണിക്കേകാദ്ധനി നോവാം ധനത്തിനു്
നിസ്സ്വർക്കേകാദ്ധനം, സുസ്ത്രീ വേൾക്കാതെ ജരപൂണ്ടപോൽ
ഊരിൽ ഫലാഢ്യ കിം‌പാകം‌ പോലെയാം ശ്രീ, ജനാപ്രിയേ
അധർമ്മാകരുണൻ, ക്ലേശിച്ചേറ്റം ദ്രവ്യം പരർക്കു പോം
കീർത്തിശ്രീമാനൊട്ടു നിസ്സ്വനായാൽ മേഘം മറഞ്ഞപോൽ
- തിരുക്കുറൾ.



മൂഢവിശ്വാസം
തിരുത്തുക

ഈശ്വരനു ചേരാത്തവയായ ലക്ഷണങ്ങൾ ഈശ്വരനുണ്ടെന്നു വിശ്വസിക്കുന്നതിനേക്കാൾ നല്ലതു് ഈശ്വരനെക്കുറിച്ചു് ഒരു വിശ്വാസവും ഇല്ലാതിരിക്കുന്നതാണു്. എന്തെന്നാൽ ഈശ്വരനു ചേരാത്ത ലക്ഷണങ്ങളുണ്ടെന്നു വിശ്വസിക്കുന്നതു് ഈശ്വരനിന്ദയായി വരുന്നതുകൊണ്ടു് അതിൽ ഭേദം ഈശ്വരനെ ഒരു വിധത്തിലും വിശ്വസിക്കാതെതന്നെ ഇരിക്കുന്നതാണല്ലോ. പ്രാചീനകാലത്തിലെ ദിവ്യന്മാരായ ഗ്രന്ഥകർത്താക്കന്മാരിൽ ഒരാളായ പ്ലൂട്ടാർക്കു് വേറൊരു സംഗതിയെക്കുറിച്ചു പ്രസ്താവിച്ചിട്ടുള്ള അഭിപ്രായത്തിന്റെ സാരതത്വവും ഇതുതന്നെയാണു്. “തനിക്കു കുട്ടികൾ ജനിച്ച ഉടനെ അവരെ പിടിച്ചു വിഴുങ്ങുക പതിവായിരുന്ന പ്ലൂട്ടാർക്കു് എന്നൊരാൾ ഉണ്ടായിരുന്നു എന്നു് എല്ലാവരും പറയുന്നതിനേക്കാൾ പ്ലൂട്ടാർക്കു് എന്നൊരാൾ ഉണ്ടായിരുന്നേ ഇല്ലാ എന്നു പറയുന്നതാണു് എനിക്കു സമ്മതമായിട്ടുള്ളതു്.” എന്നാണു് അയാൾ പറഞ്ഞിട്ടുള്ളതു്. അതുകൊണ്ടു് ഈശ്വരനെക്കുറിച്ചുള്ള മൂഢവിശ്വാസത്തേക്കാൾ ഉത്തമമായിട്ടുള്ളതു് കേവലം നാസ്തികത്വം തന്നെയാണു്. എന്നുമാത്രവുമല്ല, മൂഢവിശ്വാസം നിരീശ്വരമതത്തേക്കാൾ ആപൽക്കരവുമാണു്. കേവലം നാസ്തികനായ ഒരാളെ ഈശ്വരവിശ്വാസമില്ലാതതന്നെ സദാചാരമാർഗ്ഗത്തിൽക്കൂടി നടത്തുന്നതിനു് ഏറെക്കുറെ കഴിയുന്നവയായി വിവേകബുദ്ധി, ശാസ്ത്രീയജ്നാനം, സ്വകീയജ്ഞാനം, പൊതുജനാഭിപ്രായം എന്നിങ്ങനെ ഉള്ളവയ്ക്കു ശക്തിയുണ്ടായിരിക്കുന്നതാണു്. എന്നാൽ മൂഢവിശ്വാസിയായ ഒരുവന്റെ മേൽ ഈവക യാതൊന്നിന്റെയും ശക്തി ഫലിക്കുന്നതല്ല. അയാളുടെ മനസ്സിൽ കടന്നുകൂടി ദൃധമായി ഉറച്ചിരിക്കുന്ന മൂഢവിശ്വാസങ്ങൾക്കനുസരണമായി മാത്രമായിരിക്കും അയാളുടെ പ്രവൃത്തികൾ. അതുകൊണ്ടു് നിരീശ്വരമതത്തിന്റെ പ്രചാരം നിമിത്തം രാജ്യഭരണസംബന്ധമായ കാര്യങ്ങളിൽ വലിയ കുഴപ്പമൊന്നും ഉണ്ടായിട്ടുള്ളതായി അറിയുന്നില്ല. എന്തെന്നാൽ ഈശ്വരനിലോ, നിത്യജീവനിലോ വിശ്വസിച്ചു ഭക്തിഭരിതഹൃദയന്മാരായി ഇരുന്നുപോയതുകൊണ്ടു് മനുഷ്യായുസ്സിൽ വേണ്ടുന്ന ഐഹികങ്ങളായ സ്വകീയകാര്യങ്ങളിൽ വേണ്ടുവണ്ണം മനസ്സുവെച്ചു് അന്വേഷിക്കാൻ സാധിച്ചില്ലെന്നുള്ളതു് നാസ്തികന്മാർക്കു വരുന്നതല്ലല്ലോ. അതുകൊണ്ടു് അവരെക്കുറിച്ചു് അവർതന്നെ വേണ്ടതു പോലെ കരുതിക്കൊള്ളുന്നതാണു്. നിരീശ്വരമതത്തിനു് ഒരുവിധം പ്രചാരമുണ്ടായിരുന്ന കാലങ്ങളിൽ നാഗരികത്വവും പഠിപ്പും വർദ്ധിച്ചുകൊണ്ടുതന്നെ ഇരുന്നതായി കാണുന്നു. റോമാചക്രവർത്തിയായിരുന്ന അഗസ്റ്റസ് കെയിസറിന്റെ ഭരണകാലം തന്നെ ഇതിനൊരു ദൃഷ്ടാന്തമാകുന്നു. എന്നാൽ മൂഢവിശ്വാസങ്ങളുടെ പ്രാബല്യംകൊണ്ടു് അനേകം രാജ്യങ്ങൾ വലിയ കുഴപ്പത്തിലകപ്പെട്ട്‌ ക്ഷയിച്ചുപോയിട്ടുണ്ടു്. ലോകത്തിലുള്ള നാനാവിധങ്ങളായ മറ്റെല്ലാ ശക്തികളേയും ബലാൽ കീഴമർത്തി ഒരു സ്വതന്ത്രനായ രാജാവിനെപ്പോലെ യഥേഷ്ടം നടത്താനുള്ള ശക്തി മൂഢവിശ്വാസത്തിനുണ്ടു്. മൂഢവിശ്വാസങ്ങൾ ഉത്ഭവിക്കുന്നതു് മൂഢന്മാരിൽ നിന്നാണെങ്കിലും കാലക്രമേണ വിവേകബുദ്ധിയുള്ളവരും ഇതിലേക്കു ചാഞ്ഞുപോകുന്നു. സാധാരണയായി ഓരോ കാര്യങ്ങൾ നടപ്പിൽ വരുന്നതു് അവയുടെ ഗുണദോഷങ്ങളെക്കുറിച്ചു ധാരാളമായി വാദപ്രതിവാദങ്ങൾ കഴിഞ്ഞതിനുശേഷം മാത്രമാണല്ലോ. എന്നാൽ പ്രത്യുത മൂഢവിശ്വാസങ്ങൾ ആദ്യം നടപ്പിൽ വരികയും അവയെ സാധൂകരിക്കാനുള്ള കാരണങ്ങളേയും യുക്തികളേയും രണ്ടാമതായി ആലോചിച്ചുകൊണ്ടിരിക്കയുമാണു പതിവു്. മൂഢവിശ്വാസങ്ങളുടെ കാരണങ്ങൾ പലതുണ്ടു്. കാണാനും കേൾക്കാനും മറ്റും വളരെ കൌതുകമുള്ളവയായ കർമ്മാചാരങ്ങൾ പുറമേയുള്ള നാട്യത്തിൽ മാത്രം പ്രധാനമായി സ്ഥിതിചെയ്യുന്ന ഈശ്വരഭക്തി, പാരമ്പര്യവിശ്വാസങ്ങളെക്കുറിച്ചു് സീമാതീതമായ വിശ്വാസം, പുരോഹിതന്മാരുടെ ലാഭത്തിനും മാനത്തിനുമായി അവരുടെ ഇടയിൽത്തന്നെയുള്ള കപടോപായങ്ങൾക്കും പരസ്പരസ്പർദ്ധകൾക്കും താന്തോന്നിത്തങ്ങൾക്കും അനാവശ്യനവീകരണങ്ങൾക്കും സംഗതിയാകുന്ന സ്വഭാവം, ദൈവികസംഗതികളെ മാനുഷസംഗതികൾക്കനുസരണമായി വിധിച്ചു് അവാസ്തവങ്ങളായ അഭിപ്രായങ്ങൾക്കു മനസ്സിൽ അവകാശം കൊടുക്കുന്ന സ്വഭാവം, വിദ്യാഭ്യാസം അധോഗതിയെ പ്രാപിച്ചിരിക്കുന്നതോ രാജ്യത്തിനു പൊതുവെ ആപത്തു നേരിട്ടിരിക്കുന്നതോ ആയ കാലം എന്നിങ്ങനെയുള്ളവയെല്ലാം മൂഢവിശ്വാസം ഉണ്ടാവുകയോ വർദ്ധിപ്പിക്കുകയോ ചെയ്യുന്നതിനുള്ള കാരണങ്ങളാണു്. എന്നാൽ മൂഢവിശ്വാസങ്ങളുടെ മറ മാറ്റിയാൽ അവയ്ക്കു വാസ്തവത്തിലുള്ള വൈരൂപ്യം മുഴുവനും എല്ലാവർക്കും സ്പഷ്ടമായി കാണാവുന്നതാണു്. മുഖച്ഛായയാലും മറ്റും കുരങ്ങിനു് മനുഷ്യരോടും ചില സാമ്യമുള്ളതുകൊണ്ടു് അതിന്റെ വൈരൂപ്യം കുറച്ചുകൂടി അധികമാവുകയാണല്ലോ. അതുപോലെ മൂഢവിശ്വാസത്തിനു് വാസ്തവമായ ഈശ്വരവിശ്വാസത്തോടു ചില സംഗതികളിൽ സ്വല്പമായിട്ടുള്ള ഐകരൂപ്യമുള്ളതുകൊണ്ടാണു് മൂഢവിശ്വാസം ഇത്രമാത്രം വെറുക്കത്തക്കതായിത്തീർന്നിരിക്കുന്നതു്. നല്ല മാംസം ചീഞ്ഞു് അതിൽ നിന്നുണ്ടാകുന്ന കൃമികൾ എന്നപോലെ മൂഢവിശ്വാസങ്ങൾ ഏറ്റവും ശ്ലാഖ്യങ്ങളായ കർമ്മാചാരങ്ങൾ ദുഷിച്ചുണ്ടായവയായതുകൊണ്ടു് അവ കുറച്ചുകൂടി നിന്ദ്യങ്ങളായിരിക്കുന്നു. എന്നാൽ മൂഢവിശ്വാസങ്ങളെ പരിത്യജിക്കുന്നതിൽത്തന്നെ ചിലർ മറ്റു മൂഢവിശ്വാസങ്ങളെ പ്രദർശിപ്പിക്കുന്നു. ഇവർ മൂഢവിശ്വാസങ്ങളെ ഉപേക്ഷിക്കുക മാത്രമല്ല ചെയ്യുന്നതു്. അവയ്ക്കു നേറെ വിപരീതമായും അവയിൽനിന്നു കഴിയുന്നതും അകലേയും മേലാൽ നിൽക്കണമെന്നു വിചാരിക്കുക കൂടി ചെയ്യുന്നു. മരുന്നു സേവിച്ചു വയറിളക്കുമ്പോൾ ചില സമയങ്ങളിൽ ശരീരത്തിലെ ദുഷ്ടുകൾ മാത്രമല്ല; ശരീരപോഷണത്തിനു് അത്യാവശ്യകങ്ങളായ ചില സാധനങ്ങൾകൂടി ഇളകിപ്പോകുന്നതുപോലെ മൂഢവിശ്വാസങ്ങളെ പരിത്യജിക്കുന്നതിനോടുകൂടി ആവശ്യങ്ങളായ സദ്വിശ്വാസങ്ങളും പൊയ്പ്പോകാതെയിരിക്കാനായി പ്രത്യേകം കരുതലുണ്ടായിരിക്കേണ്ടതാണു് ; ഓരോ സഭകളിലോ സമുദായങ്ങളിലോ ഉള്ള സാധാരണന്മാരായ അംഗങ്ങൾ തന്നെ നവീകരണം ആരംഭിക്കുമ്പോൾ മേല്പറഞ്ഞ ദോഷം സംഭവിക്കാൻ വളരെ എളുപ്പമുള്ളതാകുന്നു.

----ബേക്കന്റെ പ്രസംഗം.



പാത്രനിരൂപണത്തിന്

തിരുത്തുക

(ശാകുന്തളത്തിലെ വിദൂഷകൻ)

ഈ മാഢവ്യൻ ഒരു തീറ്റിപ്പണ്ടം തന്നെ. എങ്കിലും ‘ഇനി അധ്വാനമില്ലാതെ ഒരു കാര്യത്തിൽ സഹായിക്കണം’ എന്ന സ്വാമിയുടെ കല്പനയ്ക്കു് ‘മോദകം തിന്നാനോ?’ എന്നുത്തരം ചോദിക്കുന്നതു് വാസ്തവത്തിൽ മുള്ളുപറയുക ആയിരിക്കും. രാജ്യകാര്യങ്ങളിൽ അയാൾക്കു പ്രവേശനമേയില്ല. അതുകൊണ്ടാണു് പറഞ്ഞൊത്തതിന്റെ ശേഷമെങ്കിലും സേനാപതി ധൈര്യമായിട്ടു് ‘ഈ വിഢ്യാൻ’ എന്നും, ‘അസംബന്ധം പുലമ്പുന്നു’ എന്നും മറ്റും മുഖത്തിനു നേരെ അധിക്ഷേപിക്കുന്നതു്. (സേനാപതിയുടെ ഗൌരവത്തിനു് ഈ തിരുമുമ്പിൽ‌സേവ സംസാരിച്ചതു് അത്ര ശരിയായുമില്ല) ഈ രസികൻ, രാജാവിന്റെ അന്തഃപുരമന്ത്രിയാണു്. ഈ വിടുവായനു് നേത്യാരോടു സാധാരണമായി എന്തും പറഞ്ഞു കേൾപ്പിക്കാം. അമ്മ തമ്പുരാനു് ഈ ബ്രാഹ്മണന്റെ പേരിൽ പുത്രനോടു തുല്യം വാത്സല്യമുണ്ടു്. എന്തിനു വളരെപ്പറയുന്നു? ഈ വിദ്വാന്റെ ഫലിതങ്ങൾക്കു് രണ്ടു് അരങ്ങുകളിലേ കവി ഇടം കൊടുത്തുള്ളുവല്ലോ എന്നു് സഭ്യന്മാർക്കു് ഇച്ഛാഭംഗമാണു് ഉളവാകുന്നതു്. ശകുന്തളയെ നിരാകരിക്കുന്ന അവസരത്തിൽ ഹംസപതികാഗൃഹത്തിലേക്കു് ഈ രസികനെ ശാസനയായി പറഞ്ഞയച്ചു കളഞ്ഞതു് കുറെ കഠിനമായോ എന്നു തോന്നിപ്പോകും. ഇയ്യാൾ ഇല്ലായിരുന്നുവെങ്കിൽ രാജ്യകാര്യവൈയഗ്ര്യത്താൽ ഉളവാകുന്ന മുഷിച്ചിൽ തീർത്തു് ആത്മാവിനെ നവീകരിക്കുന്നതു് ദുഷ്‌ഷന്തമഹാരാജാവിനു് ഇത്രയും സുഖകരമാകയില്ലായിരുന്നു. --- ശാകുന്തളം അവതാരിക


അഭ്യാസം

തിരുത്തുക
  1. താഴെ കൊടുത്തിരിക്കുന്ന വിഷയങ്ങളെ അതാതിന്റെ വിശകലനപ്രകാരം വിവരിച്ചു് ഓരോ പ്രസംഗം എഴുതുക.
    1. ക്ഷമ
      എ. ലക്ഷണം.
      ബി. ക്ഷമയാലുണ്ടാകുന്ന ഗുണങ്ങൾ.
      സി. അതില്ലാഞ്ഞാലുള്ള ദോഷങ്ങൾ.
      ഡി. അതിനെ വകവെയ്ക്കാതിരിപ്പാനുള്ള കാരണങ്ങൾ.
      ഇ. അതിനും സഹനശീലത്തിനുമുള്ള ഭേദം.
      എഫ്. ക്ഷമ മൂലം ശ്രേയസ്സു ലഭിച്ചതിനുദാഹരണമായിട്ടു് ചെറിയ ഒരു കഥ.
    2. അടക്കം
      എ. അടക്കമെന്നാലെന്തു്.
      ബി. അതിന്റെ ആവശ്യകത.
      സി. അതിന്റെ ഉപയോഗങ്ങൾ.
      ഡി. അതിനു് നമ്മുടെ വികാരങ്ങളോടും വിനോദങ്ങളോടുമുള്ള ബന്ധം.
      ഇ. അതിനു് വിരുദ്ധമായ ചിത്തവൃത്തി.
      എഫ്. അതിനെ പ്രശംസിച്ചിട്ടുള്ള ചില കവിവാക്യങ്ങളെ ഉദ്ധരിക്ക.
    3. ആത്മപരിശോധന
      എ. വ്യാഖ്യാനം.
      ബി. അതു ചെയ്യാനുള്ള മാർഗ്ഗങ്ങൾ.
      സി. ചെയ്താലുള്ള ശ്രേയസ്സുകൾ.
      ഡി. ചെയ്യാഞ്ഞാലുള്ള ആപത്തുകൾ.
      ഇ. ശീലിച്ചാലതു് എളുപ്പത്തിൽ സ്വാധീനപ്പെടുമെന്നു്.
    4. യോഗബലം
      എ. അവതാരിക - യോഗമെങ്ങനെ ബലമാകുമെന്നു് - യോഗബലം സർവകാര്യങ്ങളിലും ആവശ്യമാണെന്നു് - വ്യവസ്ഥയാണു് യോഗബലത്തിന്റെ ജീവനെന്നു്.
      ബി. ഉദാഹരണങ്ങൾ - സംഖ്യാബലം സാരമില്ലെന്നു്.
      സി. ഉപയോഗം - രാജ്യകാര്യങ്ങളിൽ - വ്യവസായത്തിൽ - സമുദായോൽക്കർഷത്തിൽ.
      ഡി യോഗബലം ജന്തുക്കളിലും കാണുന്നു എന്നു് - തേനീച്ച, ഉറുമ്പു്, ചെന്നായ് ഇതുകളെ ഉദാഹരണത്തിനു് എടുക്കുക.
      ഇ. ദുർവിനിയോഗങ്ങൾ - പ്രബലനായ രാജാവു് ദുർബലനായ രാജാവിനെ അടക്കുന്നു - കച്ചവടക്കാർ ചേർന്നു വില കൂട്ടുന്നു - വേലക്കാർ ചേർന്നു വേല മുടക്കം ചെയ്യുന്നു - കൂട്ടായ്മക്കവർച്ചകൾ.
      എഫ്. ഉപസംഹാരം.
    5. ചിട്ടി
      എ. ഒരു കരാർ,
      ബി. മുന്നാളിന്റെ കടമകൾ,
      സി. ചിറ്റാളരുടെ കടമകൾ,
      ഡി. കാലസംഖ്യ,
      ഇ. നിയമങ്ങൾ,
      എഫ്. വകഭേദങ്ങൾ,
      ജി. ഗുണദോഷങ്ങൾ.
  2. താരത‌മ്യപ്പെടുത്തി വിചാരണ ചെയ്ക.
    (1) മക്കത്തായവും മരുമക്കത്തായവും
    (2) വിദ്യാഭ്യാസത്തിൽ നവീനസമ്പ്രദായവും പ്രാചീനസമ്പ്രദായവും
    (3) പുഞ്ചകൃഷിയും നഞ്ചക്കൃഷിയും
    (5) ഗ്രാമവാസവും നഗരവാസവും
  3. സംഗ്രഹത്തിനുദാഹരിച്ചിട്ടുള്ള (1) നിഷ്ഫലൈശ്വര്യം, മൂഢവിശ്വാസം എന്നീ വിഷയങ്ങളെ വിസ്തരിച്ചു പ്രസംഗങ്ങളെഴുതുക.
  4. താഴെക്കാണുന്ന വിഷയങ്ങൾ ഓരോന്നിനും ആസൂത്രണം തയ്യാർ ചെയ്ക:
    (1) ദീപാളിപണ്ടിക
    (2) തീവണ്ടി
    (3) മഹാമനസ്കത
    (4) മടിയൻ മല ചുമക്കും.
"https://ml.wikisource.org/w/index.php?title=സാഹിത്യസാഹ്യം/വിവരണം&oldid=202307" എന്ന താളിൽനിന്ന് ശേഖരിച്ചത്